Com. M.S Jayakumar:-സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച്

 മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) കേന്ദ്ര കമ്മിറ്റി   കൊച്ചി, 2021 മെയ്  7 

സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് 

കേരളം, തമിഴ്നാട്, ബംഗാൾ, ആസ്സാം, പുതുശ്ശേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ കാണിക്കുന്നത് ആസ്സാമൊഴികെ മറ്റൊരു സംസ്ഥാനത്തും വർഗ്ഗീയ കാർഡിറക്കിയും പണക്കൊഴുപ്പു കാട്ടിയും മെയ്ക്കരുത്തു കാണിച്ചും വിജയം നേടാൻ വർഗ്ഗീയ ഫാസിസ്റ്റുകൾക്കു സാധിച്ചില്ല എന്നാണ്. ആസ്സാമിൽ, തെരഞ്ഞെടുപ്പിൽ അവർക്കു വിജയം നേടാനായെങ്കിലും അംഗസംഖ്യയിൽ പ്രതിപക്ഷം അവരുടേതിന് അടുത്തു നില്ക്കുന്നതിനാൽ, തന്ത്രപരമായി അതു നില നിൽക്കാൻ സാധ്യതയില്ലെന്നാണ് അവിടത്തെ രാഷ്ട്രീയ ധ്രുവീകരണം എടുത്തുകാട്ടുന്നത്. പൊതുവിൽ പറഞ്ഞാൽ, മോഡി സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾക്കുള്ള അസംതൃപ്തി ജനവിധിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ കാണിക്കുന്നത്.


കേരളം


ഐക്യ ജനാധിപത്യ മുന്നണിയെ (UDF) പരാജയപ്പെടുത്തുകയും ദേശീയ ജനാധിപത്യ സഖ്യത്തെ (NDA) തുടച്ചു നീക്കുകയും ചെയ്തു കൊണ്ട് 140 ൽ 99 സീറ്റുകൾ നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) യുടെ തിളക്കമാർന്ന വിജയം LDF സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തിക്കൊണ്ട് ജനങ്ങൾ നടത്തിയ വിധിയെഴുത്തിന്റെ ഫലമായിരുന്നു.  അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങൾക്കും തൊഴിലെടുക്കുന്ന ബഹുജനങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും മുൻഗണന നൽകിക്കൊണ്ടു തന്നെ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകിക്കൊണ്ട്, 2018 ലേയും 2019 ലേയും പ്രളയങ്ങളും ഓഖി ചുഴലിക്കാറ്റും കോവിഡ് 19 മഹാമാരിയും സൃഷ്ടിച്ച ദുരന്ത സാഹചര്യങ്ങളെ അസാധാരണമായ നിശ്ചയദാർഢ്യവും സമാഹൃത നേതൃത്വ ശേഷിയും കൊണ്ട് എൽ ഡി എഫ് നേരിട്ടു. പൊതുവിതരണ സമ്പ്രദായവും (PDS) സാമൂഹ്യ ക്ഷേമ നടപടികളും ശക്തിപ്പെടുത്തിക്കൊണ്ട് അതിന്റെ വർദ്ധിത വിഹിതം ഭക്ഷ്യസാധനങ്ങളുടെ സൗജന്യ കിറ്റുകളിലൂടെയും വർദ്ധിപ്പിച്ച ക്ഷേമ പെൻഷനുകളിലൂടെയുമായി ജനങ്ങൾക്കു നൽകുകയും ചെയ്തു. എല്ലാറ്റിനുമുപരിയായി, ന്യൂനപക്ഷങ്ങളോട് തികച്ചും വർഗ്ഗീയ വിവേചനപരമായ CAA- NRC - NPR (പൗരത്വ ഭേദഗതി നിയമം - ദേശീയ പൗരത്വ റജിസ്റ്റർ - ദേശീയ ജനസംഖ്യ റജിസ്റ്റർ) നടപടികൾക്കെതിരെ എൽ ഡി എഫ് സർക്കാർ ഉറച്ചു നിന്നു. ഇടതു പക്ഷത്തിനെതിരെ എല്ലാ സാമൂഹ്യ പിന്തിരിപ്പൻ ശക്തികളേയും ഒരുമിപ്പിക്കാൻ ശ്രമിച്ച വർഗ്ഗീയ-ജാതീയ കൂട്ടുകെട്ടിനെ തെരഞ്ഞെടുപ്പു ഫലം തകർത്തു കളഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലിരിക്കുന്നവർക്ക് എതിരായ ജനവിധിയുണ്ടാവുക എന്ന, കഴിഞ്ഞ 40 വർഷമായി തുടരുന്ന പതിവു രീതിയെ ഈ വിധി തിരുത്തിയെഴുതി. കൂടുതൽ ഉയർന്ന സീറ്റു നിലയോടെ അധികാര സ്ഥാനത്തേക്ക് എൽ ഡി എഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ തലത്തിൽ കൂടി ഇടതുപക്ഷ ശക്തികൾക്ക് കൂടുതൽ കരുത്തു പകരുന്നു. ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും കെട്ടിപ്പടുക്കുന്നതിന് കുറേക്കൂടി അനുകൂലമായ സാഹചര്യമൊരുക്കാൻ അതു വഴി തുറക്കുന്നു.


തമിഴ് നാട്:


ഒരു ദശകമായി തുടർന്നു പോന്നിരുന്ന എ ഐ എ ഡി എം കെ (AlADMK) ഭരണം അതിൻ്റെ എല്ലാ സാമൂഹ്യ-രാഷ്ട്രീയ ഘടകങ്ങളിലും ജീർണ്ണിച്ചു കഴിഞ്ഞിരുന്നു. അതിനും പുറമെ, ചരക്കു സേവന നികുതി (GST) അടിച്ചേല്പിക്കുകയും തമിഴ്‌ നാട്ടിലെ കേന്ദ്ര ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്ത മോഡി സർക്കാരിനും വർഗ്ഗീയ ഫാസിസ്റ്റുകൾക്കും അവർ പിന്തുണ നൽകിയത് ജനഹൃദയങ്ങളിൽ അവർക്കെതിരായ വെറുപ്പ് വർദ്ധിപ്പിച്ചു. ഹിന്ദിയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ എ ഐ എ ഡി എം കെ സർക്കാർ നടത്തിയ നാണം കെട്ട ശ്രമം ദാസ്യവേല ചെയ്യുന്ന അവസരവാദത്തിന്റെ ദുർലക്ഷണത്തിന് ഉദാഹരണമായിരുന്നു. അതോടൊപ്പം തന്നെ, കർഷക സമരത്തിന് ഡി എം കെ നൽകിയ പിന്തുണയും ഇടതുപക്ഷവും ഫാസിസ്റ്റ് വിരുദ്ധ ശക്തികളുമായി ചേർന്നുകൊണ്ട് ഐക്യമുന്നണി കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമവും ഡി എം കെയുടെ ജനപിന്തുണ വർദ്ധിപ്പിച്ചു. GSTക്കെതിരെ അവർ പ്രകടിപ്പിച്ച ശക്തമായ എതിർപ്പും ഒരു ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കാൻ നടത്തിയ സ്ഥിരതയാർന്നതും നിദാനത്തോടെയുള്ളതുമായ ശ്രമങ്ങളും ജനകീയ പിന്തുണ സുസ്ഥിരമാക്കി നിലനിർത്താനും അനുകൂലമായ ജനവിധി നേടാനും അവരെ സഹായിച്ചു.


പുതുശ്ശേരി:


കോൺഗ്രസ്സ് പാർട്ടിയുടെ സംസ്ഥാന ഘടകത്തെ അപ്പാടെ പിളർപ്പുകൾ വഴി ഹൈജാക്ക് ചെയ്തുകൊണ്ട്, കുതിരക്കച്ചവടത്തിന്റെ മിന്നലാക്രമണം പോലുള്ള നികൃഷ്ട പ്രയോഗത്തിന് തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ബി ജെ പി തുടക്കം കുറിച്ചിരുന്നു. ബി ജെ പി ക്ക് എന്തെങ്കിലും ഉറച്ച അടിത്തറ അവിടെയില്ലാത്തതു കൊണ്ട് കോൺഗ്രസ്സിൽ നിന്നും പിളർത്തിയ ഒരു വിഭാഗത്തെ മുന്നിൽ നിർത്തിക്കൊണ്ടുള്ള ഒരു നിഴൽ - രാഷ്ടീയമാണ് അവർ അവിടെ കളിച്ചത്. ആ സംസ്ഥാനത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും അതു പ്രതിഫലിച്ചു. എന്നിരിക്കിലും, ബി ജെ പിയുടെ ഏതെങ്കിലും വളർച്ചയല്ല അതു പ്രകടമാക്കുന്നത്, മറിച്ച്, അവരുടെ ജീർണ്ണതയെയാണ് അത് എടുത്തുകാട്ടുന്നത്.


ആസ്സാം:


ആസ്സാമിൽ ഫാസിസ്റ്റുകൾ വർഗ്ഗീയ ധ്രുവീകരണം തീവ്രമാക്കുകയും ആ ഹീന ശ്രമത്തിലൂടെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കരസ്ഥമാക്കുകയും ചെയ്തു. എങ്കിലും അവിടെ പ്രതിപക്ഷം തറപറ്റിയ ശക്തിയല്ല. അവർ നന്നായിത്തന്നെ പോരാടുകയും എണ്ണപ്പെടാവുന്ന ഒരു പ്രതിപക്ഷത്തിനു വേണ്ട വോട്ടും സീറ്റും നേടുകയും ചെയ്തിട്ടുണ്ട്. തന്ത്രപരമായി, വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തിന് തിരികെ ശക്തി പ്രാപിക്കാനാവുമെന്ന് ഇത് കാണിക്കുന്നു.  പശ്ചിമ ബംഗാൾ:സർക്കാർ സംവിധാനങ്ങളും പ്രധാനമന്ത്രിയും ആഭ്യന്തരകാര്യ മന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും അവർക്കൊക്കെ സമാഹരിക്കാനാവുന്നത്ര പണവും മെയ്ക്കരുത്തും ഉൾപ്പെടെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ചൊല്പടിയിലുള്ള സകലമാന ശക്തികളും ചേർന്ന് സംസ്ഥാന ഭരണം പിടിച്ചെടുക്കാൻ കൊണ്ടു പിടിച്ച ശ്രമം നടത്തിയിരുന്നതുകൊണ്ട് പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് എല്ലാവരുടേയും പ്രത്യേക ശ്രദ്ധയെ ആകർഷിച്ചിരുന്നു. ഈ പേ പിടിച്ച ഉദ്യമങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷനും ഒരു ഉപകരണമായിരുന്നു. കൂറുമാറിയെത്തുന്നവർക്കു വേണ്ടി ബി ജെ പി പാടിക്കൊണ്ടിരുന്ന പാട്ടിനൊപ്പം സംസ്ഥാന ഭരണകക്ഷിയിൽ നിന്നു വന്ന നിരവധി നേതാക്കൾ കസേരകൾക്കു ചുറ്റും ഓടുകയായിരുന്നു. തികച്ചും അസാധാരണമായി നിശ്ചയിക്കപ്പെട്ട എട്ടു ഘട്ടങ്ങളായുള്ള വോട്ടെടുപ്പിലെ തീവ്രമായ ക്യാമ്പെയ്നും കേന്ദ്ര സേനകളുടെ വൻതോതിലുള്ള വിന്യാസവുമെല്ലാം വർഗ്ഗീയ ഫാസിസ്റ്റുകൾ അഭിലഷിച്ച തെരഞ്ഞെടുപ്പു ഫലം നിർമ്മിച്ചെടുക്കാനായുള്ള മുൻകൂർ ആസൂത്രണം ചെയ്ത പദ്ധതിയുടെ വെളിപ്പെട്ട ഘടകങ്ങളായിരുന്നു.  RSS - BJP ശക്തികളുടെ ഭ്രാന്തമായ ഈ ശ്രമങ്ങൾ വോട്ടർമാരെ രണ്ടായി വിഭജിക്കുകയും വിരുദ്ധ ധ്രുവങ്ങളിലേക്കു നയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചരണം വർഗ്ഗീയ വെല്ലുവിളികളും  ദേശീയ സങ്കുചിതത്വത്തിൻ്റെ  തീവ്രതയാർന്ന വാചാടോപങ്ങളും കൊണ്ട് മുഖരിതമായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിലൊന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കോ, തൊഴിലും രാഷ്ട്രീയത്തിന്റെ ജനാധിപത്യവത്ക്കരണവും പോലുള്ള മറ്റു സുപ്രധാന ഘടകങ്ങൾക്കോ ഇടം കണ്ടെത്താനായില്ല. അവസാനം, ഒരു രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരെപ്പോലെ ഭൂരിപക്ഷം വോട്ടർമാരും വർഗ്ഗീയ ഫാസിസ്റ്റുകളുടെ അധാർമ്മിക പദ്ധതികളെ പരാജയപ്പെടുത്താനായി വോട്ടു ചെയ്തു. ഈ പ്രവണത തൃണമൂൽ കോൺഗ്രസ്സിന്റെ വിജയവും ബി ജെ പി നേതൃത്വത്തിലുള്ള NDA യുടെ പരാജയവും ഉറപ്പു വരുത്തുന്ന ദിശയിലേക്ക് തെരഞ്ഞെടുപ്പിനെ നയിച്ചു.

വോട്ടർമാരെ വൻതോതിൽ ധ്രുവീകരിച്ച ഈ പ്രവാഹ, പ്രതിപ്രവാഹങ്ങൾക്കിടയിൽ, ജനകീയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു പുതുജീവൻ നൽകാൻ ഇടതുപക്ഷ ശക്തികളും സംയുക്ത മോർച്ചയും നടത്തിയ ശ്രമം പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു.


കണക്കിലെടുക്കേണ്ട പാഠങ്ങൾ: 


മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പശ്ചിമ ബംഗാളിന്റെ ഭരണം പിടിച്ചെടുക്കുകയും അതിനെ കേന്ദ്ര സ്തംഭമാക്കിക്കൊണ്ട് കിഴക്കൻ ഇന്ത്യയിലെ അധികാരത്തെ ദൃഢീകരിക്കുകയും ചെയ്യാനുള്ള അവരുടെ പദ്ധതി പരാജയപ്പെട്ടു. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദ്വന്ദ്വധാരയിലേക്കു പ്രവേശിക്കാനുള്ള ശ്രമത്തിലും അവർക്കു വിജയിക്കാനായില്ല. മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട LDF ന്റെ വമ്പിച്ച വിജയത്തോടെ നിയമസഭയിൽ തങ്ങൾക്കുണ്ടായിരുന്ന ഒരേയൊരു സീറ്റിന്റെ അക്കൗണ്ടു കൂടി അടച്ചു പൂട്ടിയ കേരളത്തിൽ ബി ജെ പിയുടെ നിയമസഭയിലെ സാന്നിദ്ധ്യം വട്ടപ്പൂജ്യമായി.


എങ്കിലും, എല്ലാ കോണുകളിലും താവളങ്ങളിലും നിന്നു ഫാസിസ്റ്റുകളെ തുരത്തുന്നതിനും പൊരുതിത്തോല്പിക്കുന്നതിനും വേണ്ടി ഇനിയും തന്ത്രപരമായ മുന്നേറ്റം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. എല്ലാ വിഭാഗങ്ങളിലും പെട്ട ഗുണകരമായ ജനാധിപത്യ ശക്തികളേയും ഉൾക്കൊള്ളുന്ന, വിശാലവും സുദൃഢവുമായ, ഫാസിസ്റ്റു വിരുദ്ധ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആവർത്തിക്കുന്നത്. അതിന്റെ കാതൽ ശക്തിയായി പ്രവർത്തിക്കാൻ ഇടതുപക്ഷ ഐക്യത്തിനും ഇടതുപക്ഷ ബദലിനും മാത്രമേ കഴിയൂ. എന്തായാലും, വ്യാപകവും പൂർണ്ണമായതുമായ പരിശ്രമത്തിലൂടെ നേടേണ്ടതായ, ഉള്ളടക്കത്തിലും രൂപത്തിലും ദേശീയ രാഷ്ട്രീയ വിഷയമായ, ഒന്നാണിത്. അല്ലാതെ, സംസ്ഥാന തലങ്ങളിൽ, ഭാഗങ്ങളായി, നേടിയെടുക്കാവുന്ന ഒന്നല്ല. അതങ്ങനെയായിരിക്കാനുള്ള കാരണം, ഒരു വശത്ത്, ഇടതുപക്ഷ ഐക്യം - ഇടതുപക്ഷ ബദൽ എന്നതിന്റെ ഭൗതിക അടിത്തറയായി വർത്തിക്കുന്ന വർഗ്ഗ ശക്തികളായ തൊഴിലാളി വർഗ്ഗത്തിൻ്റെയും കർഷകരുടേയും മൗലിക - ദേശീയ ഗുണവിശേഷവും, മറുവശത്ത്, തൊഴിലാളി - കർഷക വർഗ്ഗഐക്യത്തിൻ്റെ   തന്ത്രപരവും പരിപാടിപരവുമായ സ്വഭാവവുമാണ്. അതുകൊണ്ട്, ബഹുജന അടിത്തറയുടേയും വർഗ്ഗ പ്രവർത്തനങ്ങളുടേയും മുൻകാല സ്വാധീന മണ്ഡലങ്ങൾ വീണ്ടെടുക്കാനും ദേശീയ രാഷ്ട്രീയ ഘടനയിൽ വർഗ്ഗീയ ഫാസിസ്റ്റുകളോടും സാമ്രാജ്യത്വ ആഗോളീകരണത്തോടുമുള്ള പോരാട്ടത്തിന്റെ മുൻകൈ നേടിയെടുക്കുന്നതിനും വേണ്ടി ഇടതുപക്ഷം തന്ത്രപരമായ പരിപാടിയുടെ വികസിത ഘടകങ്ങളോടെ  ദേശീയ തലത്തിലാണ് പ്രവർത്തിക്കേണ്ടത്; അല്ലാതെ, തന്ത്രപരമായ പരിപാടിയുടെ മുഴുമയിൽ നിന്ന് വിച്ഛേദിതമായി, മേഖലാ തലത്തിലോ സംസ്ഥാന തലങ്ങളിലോ ബദൽ ആഖ്യാനങ്ങൾ മുന്നോട്ടു വച്ചുകൊണ്ടും മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് അടവുകൾ തേടിക്കൊണ്ടുമല്ല. സാരാംശത്തിൽ, കൂടുതൽ വിശാലമായ ദേശീയ ഐക്യവും, വികസിച്ച തന്ത്രപരമായ പരിപാടി കരുപ്പിടിപ്പിക്കുകയും തൊഴിലാളി കർഷക ഐക്യത്തെ  ഇടതുപക്ഷ മിനിമം പരിപാടിയോടൊപ്പം ഊട്ടിയുറപ്പിക്കുകയും  ചെയ്യുന്നതു മാണ് ഇടതുപക്ഷ ശക്തികൾക്ക് ഭാവിദായകമായ മാർഗ്ഗം തുറന്നു തരിക.  ബംഗാളിനെ തിരിച്ചു പിടിക്കാൻ ഇടതുപക്ഷം ഡൽഹിയെ ലക്ഷ്യം വയ്ക്കണം. ബംഗാൾ വീണ്ടെടുക്കുന്നതിൽ മാത്രമായി ആ പരിശ്രമത്തിൻ്റെ മുന്നേറ്റം അവസാനിക്കില്ലെന്നത് തീർച്ചയാണ്.

എം. എസ്. ജയകുമാർ 

ജനറൽ സെക്രട്ടറി.