കോവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം by അഡ്വ. ടി. ബി. മിനി


കോവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം

by അഡ്വ. ടി. ബി. മിനി


കോവിഡ്- 19 മഹാമാരിയെ തുടർന്ന് ലോകം അസാധാരണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. രോഗ ചികിത്സക്കുള്ള മരുന്നോ, വാക്സിനോ കണ്ടുപിടിക്കുവാൻ  കഴിഞ്ഞിട്ടില്ലാത്തതും മുൻ അനുഭവങ്ങളില്ലാത്തതും  ആരോഗ്യ സംരക്ഷണ മേഖലയിൽ നിന്നും ദീർഘകാലമായി സർക്കാരുകൾ പിൻമാറി നിൽക്കുന്നതുമായ അവസ്ഥ വൻകിട മുതലാളിത്ത രാജ്യങ്ങളിൽ പോലും ജനങ്ങളെ രക്ഷിക്കുവാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോഗ്യമേഖലയിൽ സർക്കാരിൻ്റെ നിയന്ത്രണവും ഉത്തരവാദിത്വവും സമൂഹത്തിൻ്റെ  അടിത്തട്ടിൽ വരെ നില നിൽക്കുന്ന ചൈനയും ക്യൂബയും പോലുള്ള രാജ്യങ്ങളിലും പ്രാഥമിക ആരോഗ്യരക്ഷക്ക്  ഗണ്യമായ പ്രാധാന്യം നൽകുന്ന കേരളം പോലുള്ള സ്ഥലങ്ങളിലുമാണ് ഈ രോഗം വലിയ സാമൂഹിക വ്യാപനത്തിലേക്ക് കടക്കാതെ തടഞ്ഞു നിർത്താനായിട്ടുള്ളത്. 
രാജ്യമാകെ അടച്ചിടലാണ് സാമൂഹിക വ്യാപനം തടയുന്നതിന് സഹായിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ കൂടെ വന്നതിനു തൊട്ടു പിന്നാലെ 2020 മാർച്ച് 24 മുതൽ ഇന്ത്യയിലും ലോക്ക് ഡൗൺ നടപ്പാക്കി. 2016 ൽ നോട്ടു നിരോധന സമയത്തു ചെയ്തതു പോലെ, ഒരു തരം മുൻകരുതലോ മുന്നറിയിപ്പോ ഇല്ലാതെ വെറും 4 മണിക്കൂർ മാത്രം സമയം നല്കിയാണ് രാജ്യത്തെ പ്രധാനമന്ത്രി 3 ആഴ്ചത്തേക്ക് അടച്ചിടൽ പ്രഖ്യാപിച്ചത്. ജനങ്ങൾ എവിടെ നിൽക്കുന്നോ അവിടെ നിൽക്കണം എന്നായിരുന്നു മാർച്ച് 23 ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ദുരന്ത നിവാരണ നിയമത്തിലെ 10 (1) വകുപ്പു പ്രകാരം 2020 മാർച്ച് 29 ന് കാഷ്വൽ തൊഴിലാളികളും കോൺട്രാക്ട് തൊഴിലാളികളും ഉൾപ്പെടെ ആർക്കും അവർ ജോലി ചെയ്യുന്നില്ല എന്ന കാരണം പറഞ്ഞ് ശമ്പളം നിഷേധിക്കരുത് എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.    പക്ഷെ, ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയി രുന്നെങ്കിലും നേരത്തെ തന്നെ  ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്ന കേരളം ഒഴികെ ഒരു സംസ്ഥാനത്തും ക്രിയാത്മകമായ ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടയിൽ തൊഴിലെടുക്കാത്ത കാലത്തെ ശമ്പളം നൽകുവാൻ കഴിയില്ല എന്നു പറഞ്ഞ് മുതലാളിമാരുടെ സംഘടന ബഹു. സുപ്രീം കോടതിയെ സമീപിക്കുകയാണു ചെയ്തത്.

തൊഴിൽ നിയമഭേദഗതികൾക്കെതിരെ
പ്രതിഷേധിക്കുന്ന തൊഴിലാളികൾ.(ബംഗളുരു 2019 ജനുവരി)


കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങൾ



അടച്ചു പൂട്ടൽ നിലവിൽ വന്നതോടെ തൊഴിലും കൂലിയും പാർപ്പിടവും ഭക്ഷണവും ഇല്ലാതെയായ  കുടിയേറ്റ തൊഴിലാളികൾ പട്ടിണിയിലായി. ഭക്ഷണവും വെള്ളവും കിട്ടാതെ  മരിക്കാതിരിക്കുവാൻ നൂറു കണക്കിനു കിലോമീറ്ററുകൾക്കകലെ സ്വന്തം നാട്ടിലേക്കു കിട്ടിയതും വാരിപ്പിടിച്ച് നടക്കാനാണ് അവരിൽ പലരും നിശ്ചയിച്ചത്.  രാവും പകലും കുഞ്ഞു കുട്ടികളേയും കൂട്ടി ഭാണ്ഡങ്ങളും ചുമന്ന് സ്ത്രീകളും പുരുഷന്മാരും വിഭജനകാലത്തു പലായനം ചെയ്തവരെപ്പോലെ സ്വന്തം നാട്ടിലേക്ക് നടന്നു. പലപ്പോഴും ജന്തുക്കളെ പോലെ ട്രക്കും ട്രെയിനും തട്ടി മരിച്ചു. ആരിലും പ്രതികരണമുണർത്താത്ത വെറും വാർത്തകൾ മാത്രമായി അവർ ഒടുങ്ങിപ്പോയി. ആരോഗ്യ പ്രവർത്തകരെ ആദരിക്കാനെന്ന പേരിൽ നഗരങ്ങൾക്ക് മീതെ യുദ്ധവിമാനങ്ങൾ പറത്താനും പുഷ്പവൃഷ്ടി നടത്താനും കോടികൾ ചെലവഴിച്ചവർക്ക് അതിന്റെ ഒരംശമെങ്കിലും ചെലവിട്ട്, വിശന്ന വയറുമായി ശതയോജനകൾ നടക്കുന്ന ഈ തൊഴിലാളികളെ സഹായിക്കാൻ തോന്നിയില്ല. സർക്കാരിനെ നയിക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും വീട്ടിലിരുന്നു 'രാമായണം' സീരിയൽ കണ്ടപ്പോൾ യഥാർത്ഥ ജനങ്ങളുടെ ജീവിതം അവരുടെ കണ്ണിൽ പെടാതെ പോയതിൽ അതിശയിക്കാൻ ഒന്നുമില്ലായിരിക്കാം. ആഗോളീകരണത്തെ തുടർന്ന് നഗരങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും കുടിയേറാൻ നിർബ്ബന്ധിതരായ പത്തോ, പതിമൂന്നോ കോടി വരുന്ന ഈ അന്യ സംസ്ഥാന തൊഴിലാളികളുടെ അദ്ധ്വാനമാണ് ഇന്ന് ഇന്ത്യയിലെ വികസന പ്രക്രിയയുടെ അടിസ്ഥാന ഇന്ധനമെന്ന് ആരും പരിഗണിച്ചില്ല. 

ഇക്കാര്യത്തിലും അല്പമെങ്കിലും വ്യത്യസ്തമായിരുന്നത്
കേരളം തന്നെയായിരുന്നു. ഒരു മനുഷ്യനും പട്ടിണി കൊണ്ട് മരിക്കരുത് എന്നാണു കേരള മുഖ്യമന്ത്രി പറഞ്ഞത്. അടച്ചിടുന്ന കാലത്തെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിന് ഇരുപതിനായിരം കോടി രൂപയുടെ സമാശ്വാസപദ്ധതി മുന്നോട്ട് വച്ചു കൊണ്ടാണ് കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എല്ലാ വീടുകളിലും അരിയും പലവ്യഞ്ജനവും സൗജന്യമായി എത്തിക്കാൻ സർക്കാരും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുകയെങ്കിലും ചെയ്തു. രോഗികളാകുന്നവർക്കും ആകാൻ സാധ്യതയുള്ളവർക്കും ആത്മവിശ്വാസം നല്കി. മരുന്നും ആരോഗ്യ സംരക്ഷണ ചെലവും സർക്കാർ ഏറ്റെടുത്തു. ജനങ്ങളോടുള്ള സർക്കാരിൻ്റെ ഉത്തരവാദിത്വം നിർവ്വഹിക്കുവാൻ ശ്രമിച്ചതുകൊണ്ടാണ് കേരളം ലോകത്താകെ ശ്രദ്ധിക്കപ്പെട്ടത്.

ആരോഗ്യമേഖലയുടെ സ്വകാര്യവത്ക്കരണമാണ്  ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ കഴിയാതിരുന്നതിന്റെ കാരണം എന്ന തിരിച്ചറിവ്, കോവിഡിൻ്റെ അനുഭവത്തിൽ ചില വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾക്കെങ്കിലും ഉണ്ടായിട്ടുണ്ട്. 2020 മാർച്ച് 17 ലെ ബിസിനസ്സ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്യുന്നത് സ്പെയിൻ സ്വകാര്യ ആശുപത്രികൾ അടക്കം തങ്ങളുടെ ആരോഗ്യമേഖല ദേശസാൽക്കരിച്ചു എന്നാണ്.

തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നു.


തൊഴിലും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികളോട് വീട്ടിൽ അടച്ചിരിക്കുവാൻ ആവശ്യപ്പെടുകയും കുടിയേറ്റ തൊഴിലാളികളടക്കം നിത്യക്കൂലിക്കാരായ തൊഴിലാളികളെ മുഴുവൻ പട്ടിണിയിലേക്കു തള്ളി വിടുകയും തൊഴിലാളി സംഘടനാ നേതാക്കൾ കയ്യും കാലും കെട്ടപ്പെട്ട പോലെ വീടുകളിൽ അടച്ചിരുത്തപ്പെടുകയും ചെയ്തതിനു ശേഷം  കോവിഡിന്റെ മറവിൽ, തൊഴിൽ നിയമങ്ങൾ വഴി പരിമിതമായെങ്കിലും തൊഴിലാളികൾക്ക് ലഭ്യമായിരുന്ന തൊഴിലവകാശങ്ങൾ എടുത്തുകളയുന്നതിന് ബി.ജെ.പി ഭരിക്കുന്ന  സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരിക്കുകയാണ്.
ഭരണഘടനാവിരുദ്ധമായി എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാണ് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഇത് ചെയ്തിരിക്കുന്നത്. തൊഴിൽ സമയത്തിൽ മാറ്റം വരുത്തുക എന്നതാണ് അവർ പ്രധാനമായും ചെയ്തിരിക്കുന്നത്. പാർലമെൻ്റ് പാസാക്കിയ തൊഴിൽ നിയമങ്ങളാണ് സംസ്ഥാനങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ റദ്ദാക്കുകയോ  മാറ്റുകയോ ചെയ്തിരിക്കുന്നത്.

പാർലമെൻ്റ് പാസാക്കിയ 38 കേന്ദ്ര തൊഴിൽ നിയമങ്ങളിൽ  35 എണ്ണത്തെയാണ് 2020 മെയ് 6 ന് ഉത്തർപ്രദേശ് സർക്കാർ മൂന്നു വർഷത്തേക്ക് സസ്പെൻ്റ് ചെയ്തു കൊണ്ട് ഓർഡിനൻസ് ഇറക്കിയത്. ഉത്തർ പ്രദേശ് തൊഴിൽ വകുപ്പു മന്ത്രി തന്നെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. കാര്യങ്ങൾ വിവാദമാവുകയും ട്രേഡ് യൂണിയനുകൾ ഇതിനെതിരായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ഈ ഓർഡിനൻസ് റദ്ദ് ചെയ്തതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ മധ്യപ്രദേശ് വ്യവസായ ബന്ധനിയമം 1961, ടെക്സ്റ്റയിൽ, ലെതർ, സിമൻ്റ്, ഇരുമ്പ്, സ്റ്റീൽ, ഇലക്ട്രിക്കൽ ഗുഡ്സ് ,ഷുഗർ, ഇലക്ട്രിസിറ്റി ,പൊതുവാഹന ഗതാഗതം എന്നീ മേഖലകൾ ഒഴിവാക്കി. 1973 ലെ കരാർ തൊഴിൽ നിർത്തലാക്കൽ നിയമം (മധ്യപ്രദേശ് റൂൾസ്)  ഭേദഗതി ചെയ്ത് കോൺട്രാക്ടർമാരുടെ ലൈസൻസ് ഓരോ വർഷവും പുതുക്കുന്നത് ഒഴിവാക്കി. ഇനി ലൈസൻസ് പത്തു വർഷത്തേക്ക് പുതുക്കേണ്ടതില്ല. പുതിയ വ്യവസായങ്ങൾക്ക് ആയിരം ദിവസക്കാലത്തേക്ക് വ്യവസായ തർക്ക നിയമത്തിലെ വകുപ്പുകൾ  ബാധകമല്ല എന്നും ഒരു വ്യവസായത്തിലേയും തൊഴിലാളികളെ സസ്പെൻ്റ് ചെയ്യുന്നതിന് സർക്കാർ അനുവാദം വേണ്ട എന്നും പിരിച്ചുവിടുന്നതിനു മാത്രം സർക്കാരിൻ്റെ അനുവാദം മതി എന്നുമുള്ള നിലയിൽ മാറ്റി. അൻപതിൽ താഴെ തൊഴിലാളികളുള്ള അപകടകരമല്ലാത്ത സ്ഥാപനങ്ങളിൽ ഇൻസ്പെക് ഷൻ വേണ്ട എന്നും പകരം സർക്കാർ നിശ്ചയിക്കുന്ന ഏജൻസിയുടെ സർട്ടിഫിക്കറ്റ് മതിയെന്നും തീരുമാനിച്ചു. ഫാക്ടറികൾക്കും ഷോപ്പുകൾക്കും രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാം.  തൊഴിൽ സമയം ദിവസം 12 മണിക്കൂറും ആഴ്ചയിൽ 72 മണിക്കൂറും ആക്കാം. എന്നാൽ കൂടുതലായി ചെയ്യിക്കുന്ന 4 മണിക്കൂറിന് ഇരട്ടി വേതനം നൽകണം; ഫാക്ടറീസ് ആക്ടിലെ സുരക്ഷയുമായി  ബന്ധപ്പെട്ട വകുപ്പുകൾ ഒഴികെ എല്ലാം 1000 ദിവസത്തേക്ക് പുതിയ വ്യവസായങ്ങൾക്ക് ഒഴിവാക്കി.
100 ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ വ്യവസായിക തൊഴിൽ സ്ഥിരം നിയമനത്തിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കിയും (ഇപ്പോൾ അത് 50 ആണ് ) 10 ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യേണ്ട എന്നു വ്യവസ്ഥ ചെയ്തും 2020 മെയ് 8 ന് വിജ്ഞാപനം വഴി ഉത്തരവിറക്കി.
ഗുജറാത്ത് സർക്കാറാകട്ടെ തൊഴിൽ സമയം പ്രതിദിനം 12 മണിക്കൂറും ആഴ്ചയിൽ 72 മണിക്കൂറും സ്പ്രെഡോവർ 13 മണിക്കൂറും ആക്കിക്കൊണ്ടും ഓവർടൈം ജോലിക്ക് ഇരട്ടി വേതനം വേണ്ട എന്തെങ്കിലും വേതനം കൂട്ടിക്കൊടുത്താൽ മതി എന്ന് വ്യവസ്ഥ ചെയ്തു കൊണ്ടും 2020 ഏപ്രിൽ 13 ന് വിജ്ഞാപനം ഇറക്കി. 2020 ഏപ്രിൽ 20ന്  പഞ്ചാബിലും ഇതേ നിലയിൽ തൊഴിൽ സമയം 3 മാസത്തേക്ക് മാറ്റി ഉത്തരവായി. ഒഡീഷയിലും മേൽ സൂചിപ്പിച്ച പോലെ തൊഴിൽ സമയം ദിവസം 12 മണിക്കൂറും ആഴ്ചയിൽ 72 മണിക്കൂറും സ്പ്രെഡോവർ 13 മണിക്കൂറും ആക്കിക്കൊണ്ട് ഫാക്ടറീസ് ആക്ടിൻ്റെ ബന്ധപ്പെട്ട വകുപ്പുകൾ 3 മാസത്തേക്ക് സസ്പെൻ്റ് ചെയ്ത് ഉത്തരവിറക്കി.
ഇത്തരത്തിൽ തൊഴിൽ നിയമങ്ങൾ മാറ്റുന്നതിന് സംസ്ഥാന സർക്കാരുകൾ പറയുന്ന ന്യായീകരണങ്ങൾ വിചിത്രമാണ്. കോവിഡിൻ്റെ അടച്ചു പൂട്ടൽ കാലത്ത് തൊഴിലാളികൾ ജോലിക്കു വരാത്ത സാഹചര്യത്തിൽ കമ്പനികളുടെ പ്രവർത്തനം നില നിർത്തുവാനും വ്യവസായികളെ സഹായിക്കുവാനും ലോക് ഡൗണിനു ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്ന തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഫലമായി ചൈനയിൽ നിന്നും ഇന്ത്യയിലേക്കു വരാനിരിക്കുന്ന കമ്പനികൾക്ക് ബിസിനസ്സിന് അനുകൂലമായ അന്തരീക്ഷമൊരുക്കാൻ (ഈസ് ഓഫ് ബിസിനസ്) വേണ്ടിയുമാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് അവരുടെ ന്യായീകരണം.


ഇത്തരം അവകാശവാദങ്ങൾക്കും ന്യായീകരണങ്ങൾക്കും യാതൊരു അടിസ്ഥാനവും ഇല്ല എന്ന് കാര്യങ്ങൾ  പരിശോധിച്ചാൽ മനസ്സിലാകും.
ഷിഫ്റ്റ് സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറാക്കി വർദ്ധിപ്പിച്ചാൽ നിലവിലുള്ള തൊഴിലാളികൾക്കു കൂടി തൊഴിൽ നഷ്ടപ്പെടുകയാണു ചെയ്യുക എന്നത് 
വളരെ വ്യക്തമാണ്. കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആരംഭിച്ച വ്യവസായങ്ങളിൽ തൊഴിലാളികളെ 12 മുതൽ 16 മണിക്കൂറും അതിൽ കൂടുതലും പണിയെടുപ്പിച്ചിരുന്നു., സംഘടിക്കുവാൻ അനുവാദമില്ലാതിരുന്ന കാലത്ത് സംഘടിച്ചും പ്രക്ഷോഭം നടത്തിയും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയും നിരവധി പേരുടെ രക്തസാക്ഷിത്വങ്ങളിലൂടെയുമാണ് തൊഴിൽ സമയം 8 മണിക്കൂർ എന്നു നിജപ്പെടുത്തുക എന്നതുൾപ്പെടെയുള്ള അവകാശങ്ങൾ തൊഴിലാളികൾ നേടിയെടുത്തത്. സ്വാതന്ത്ര്യ സമരത്തിൻ്റെ ഒരു ഭാഗം തന്നെയായിരുന്നു തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളും. അതു കൊണ്ടു തന്നെ തൊഴിൽ നിയമങ്ങൾ സ്വാതന്ത്ര്യ സമരത്തിലൂടെ ജനങ്ങൾ ആർജ്ജിച്ച അവകാശബോധത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു. 1942 നവം 27 ന് ചേർന്ന ഏഴാമത് തൊഴിൽ കോൺഫറൻസിൽ 8 മണിക്കൂർ തൊഴിൽ 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദം എന്ന തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ ഡോ. അംബേദ്കർ പറഞ്ഞത് ഇങ്ങനെയായിരുന്നു. "നമ്മുടെ ഫാക്ടറി തൊഴിലാളികൾക്ക് ഒരു ആശ്വാസം നൽകേണ്ടതുണ്ട്. 8 മണിക്കൂർ തൊഴിൽ വരുമ്പോൾ ഒരു ഷിഫ്റ്റ് കൂടുതൽ ഉണ്ടാകും. അത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വിലകൾ കുറയാത്തിടത്തോളം കാലം അടിസ്ഥാന ശമ്പളമോ അലവൻസോ കുറക്കാൻ പാടില്ല". ഷിഫ്റ്റ് കുറയ്ക്കുമ്പോൾ തൊഴിൽ കൂടും എന്ന വാദം അസംബന്ധവും യുക്തിരഹിതവുമാണ്. സ്വകാര്യവത്ക്കരണ നയങ്ങൾ പിന്തുടർന്ന മുതലാളിത്ത ധനമൂലധനം കോവിഡിനു മുന്നേ തന്നെ പ്രതിസന്ധിയിലായിരുന്നു. കോവിഡിനു ശേഷം അവർ നേരിടാനിരിക്കുന്ന കൂടുതൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും യുവത്വമാർന്ന ഇന്ത്യൻ തൊഴിൽശക്തിയെ കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം തൊഴിൽ ചെയ്യിച്ച് അധികലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം നിയമ ഭേദഗതികൾ കൊണ്ടുവരുന്നത് എന്നു വ്യക്തമാണ്.
2020 മെയ് 9 ലെ 'ടൈംസ് ഓഫ് ഇന്ത്യ'യിൽ എഴുതിയിരിക്കുന്നത്,  "സംസ്ഥാനങ്ങളുടെ ഈ നീക്കം ജംഗിൾ രാജ് ആണ്" എന്ന് മോദി സർക്കാരിനെ പിന്തുണക്കുന്ന ബി.എം.എസ്. അഖിലേന്ത്യാ പ്രസിഡൻ്റ് പറഞ്ഞു എന്നാണ്.

ഭരണഘടനാവിരുദ്ധം


കേന്ദ്ര തൊഴിൽ നിയമങ്ങളെ സംസ്ഥാന സർക്കാരുകൾ സസ്പെൻ്റ് ചെയ്യുന്നത് ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്.
തൊഴിൽ, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പാർട്ട് 111യിൽ കൺകറൻ്റ് ലിസ്റ്റിൽ വരുന്നതിനാൽ ഭരണഘടനയുടെ അനുച്ഛേദം 246 ( 2 ) പ്രകാരം പാർലമെൻ്റിനും സംസ്ഥാന നിയമസഭകൾക്കും ഈ കാര്യത്തിൽ നിയമ നിർമ്മാണം നടത്താവുന്നതാണ്. ഇത്തരം നിയമ നിർമ്മാണത്തിൽ കേന്ദ്ര സംസ്ഥാന നിയമ നിർമ്മാണ സഭകൾ തമ്മിൽ തർക്കം വന്നാൽ ഭരണഘടനയുടെ അനുച്ഛേദം 254 പ്രകാരം തർക്കം പരിഹരിക്കാം. അനുച്ഛേദം 254 (1) പ്രകാരം കൺകറൻ്റ് ലിസ്റ്റിൽപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെടുന്ന നിയമങ്ങളിൽ കേന്ദ്ര സംസ്ഥാന സഭകൾ തമ്മിൽ തർക്കമുണ്ടായാൽ സംസ്ഥാന നിയമ നിർമ്മാണത്തിന് മുമ്പോ ശേഷമോ ഉണ്ടായ കേന്ദ്ര നിയമമാണ് നില നിൽക്കുക. അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാന നിയമ നിർമ്മാണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയാൽ ആ സംസ്ഥാനത്ത് ആ നിയമം പ്രാബല്യത്തിൽ വരും. പക്ഷെ, പാർലമെൻ്റ് പാസ്സാക്കിയ നിയമങ്ങളെ വിജ്ഞാപനം, ഓർഡിനൻസ് എന്നീ എക്സിക്യൂട്ടീവ് നടപടികളിലൂടെ മറി കടക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല എന്ന് നിരവധി വിധിന്യായങ്ങളിലൂടെ ബഹു. സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയിൽ തൊഴിലും തൊഴിലവകാശങ്ങളും മൗലികാവകാശങ്ങളാണ്. ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഏതൊക്കെ തൊഴിലവകാശങ്ങളാണോ സംരക്ഷിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അവയാണ് നിയമം മൂലം സംരക്ഷിക്കപ്പെട്ട തൊഴിലവകാശങ്ങളായി രൂപപ്പെട്ടത്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ സവിശേഷ സംഭാവനയല്ല; മറിച്ച്, സ്വാതന്ത്ര്യ സമര കാലത്ത് ജനങ്ങൾ നടത്തിയ സമരങ്ങളിൽ ഉയർത്തപ്പെട്ട മുദ്രാവാക്യങ്ങളുടേയും ആവശ്യങ്ങളുടേയും പൂർത്തീകരണമായിരുന്നു. അല്ലെങ്കിൽ ജനങ്ങൾ ബ്രിട്ടീഷുകാരോട് പൊരുതി നേടിയ അവകാശങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ പല തൊഴിൽ നിയമങ്ങളും ഇന്ത്യയിൽ നടപ്പിലാവുന്നുണ്ട്. ഫാക്ടറീസ് ആക്ട് 1887, വേതനം നൽകൽ നിയമം 1936, ബാലവേല നിരോധന നിയമം, ട്രേഡ് യൂണിയൻ നിയമം 1926 മുതലായവ ഉദാഹരണങ്ങളാണ്. ഇന്ത്യൻ ഭരണഘടനയിൽ തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അനുച്ഛേദങ്ങളാണ് 14 ( നിയമത്തിനു മുന്നിലെ സമത്വവും തുല്യമായ നിയമ സംരക്ഷണവും),16 (പൊതു തൊഴിലവസരങ്ങളിലെ സമത്വം), 19 (1) C (സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്ക്കരിക്കുവാനുള്ള സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം), 23 (നിർബ്ബന്ധിത വേല നിരോധനം), 24 (ബാലവേല നിരോധനം) തുടങ്ങിയ മൗലികാവകാശങ്ങളും ഡയറക്ടീവ് പ്രിൻസിപ്പിൾസിലെ അനുച്ഛേദം 35, 38 (ജനങ്ങളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് സർക്കാർ സാമൂഹിക വ്യവസ്ഥിതി ഉറപ്പ് വരുത്തണം), 39 (നയരൂപീകരണത്തിന് രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന തത്വങ്ങൾ), 39 A (തുല്യനീതിയും സൗജന്യ നിയമ സഹായവും), 41 (പ്രത്യേക സാഹചര്യങ്ങളിലെ പൊതു സഹായത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം), 43 ( തൊഴിലാളികൾക്കുള്ള ജീവിത വരുമാനം തുടങ്ങിയവ), 43 A (വ്യവസായ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം) തുടങ്ങിയവ. ഇത്തരം ഭരണഘടനാ ഉത്തരവാദിത്വം തൊഴിൽ നിയമങ്ങൾക്കുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഡയറക്ടീവ് പ്രിൻസിപ്പിൾസിൽ  നിർദ്ദേശിക്കുന്ന തൊഴിൽ നിയമങ്ങളിൽ പ്രധാനമായും തൊഴിൽ ബന്ധങ്ങളെ സംബന്ധിച്ച യൂണിയൻ റെജിസ്ട്രേഷനും അംഗീകാരവും തൊഴിലാളി - മുതലാളി ബന്ധങ്ങൾ, കൂട്ടായ വില പേശൽ, അന്യായമായ തൊഴിൽ രീതി, തൊഴിൽ സ്ഥലത്തെ ആരോഗ്യം, സുരക്ഷ, തൊഴിൽ നിലവാരങ്ങൾ, അടച്ചു പൂട്ടൽ, പിരിച്ചുവിടൽ, മിനിമം വേതനം, തുല്യ ജോലിക്ക് തുല്യ വേതനം, പിരിച്ചുവിടലുകൾ, പ്രസവ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടും. ഇത്തരം കാര്യങ്ങൾ നിർണ്ണയിക്കുന്ന കേന്ദ്ര തൊഴിൽ നിയമങ്ങൾ സസ്പെൻഡ് ചെയ്യുവാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമാണ് .അതുകൊണ്ടാണ് ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട ഉടനെ തന്നെ, താൽക്കാലികമായി പിൻവലിച്ചതായി മെയ് 15 ന് സർക്കാർ കോടതിയെ അറിയിച്ചത്. മെയ് 16 ലെ 'ഇക്കണോമിക്‌ ടൈംസ്' ഇതു റിപ്പോർട്ട്  ചെയ്തിരുന്നു.
തൊഴിൽ സമയവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങൾ ഫാക്ടറീസ് ആക്ട് സസ്പെൻഡ് ചെയ്തത് പിൻവലിച്ചിട്ടില്ല. 1919 ഒക്ടോബർ 29 ന് വാഷിംഗ്ടൺ ഡി സി യിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഒന്നാമത്തെ കൺവെൻഷൻ അംഗീകരിച്ചതാണ് ലോകമാകെ തൊഴിൽ സമയം ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും എന്നത് .അംഗരാജ്യം എന്ന നിലയിൽ ഇത് അംഗീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ഇന്ത്യക്ക് ബാധ്യതയുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾക്ക് അത് മാറ്റുന്നതിന് കഴിയില്ല എന്നു മാത്രമല്ല, അതു നിയമ വിരുദ്ധവുമാണ്.

ഇത് കേവലം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ മാത്രം വേല എന്ന് കാണുവാൻ കഴിയില്ല.1991 മുതൽ തുടരുന്ന ആഗോളീകരണ നയത്തിൻ്റെ ഭാഗമാണത്.
2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം അവതരിപ്പിച്ച ആദ്യത്തെ ബജറ്റിൽ തന്നെ പ്രതിരോധ മേഖലയടക്കമുള്ള പൊതുമേഖലയുടെ സ്വകാര്യവത്ക്കരണവും തൊഴിൽ നിയമ ഭേദഗതിയും പ്രഖ്യാപിച്ചിരുന്നു. ഷിപ്പ് യാഡുകളും ബെമൽ (Bharat Earth Movers Limited - BEML) അടക്കമുള്ള പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റു കിട്ടുന്ന തുകയാണ് ചെലവിനുള്ള പണം കണ്ടെത്തുന്നതിന് ഒരു മാർഗ്ഗമായി ബജറ്റിൽ കാണിച്ചിരുന്നത്.
പ്രധാന മന്ത്രി വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുകയും വിദേശ നിക്ഷേപം ക്ഷണിക്കുകയും ചെയ്തു. അങ്ങനെ വരുന്ന നിക്ഷേപകർക്ക്, കുറഞ്ഞ കൂലി വാങ്ങി കൂടുതൽ സമയം തൊഴിൽ ചെയ്യാൻ അദ്ധ്വാനശേഷിയുള്ള ജനങ്ങളെ കൊടുക്കുവാൻ ഏതു നിയമവും മാറ്റിയെഴുതുവാൻ സർക്കാർ തയ്യാറായി. തൊഴിലാളികളുടെ സംരക്ഷണത്തിനുതകുന്നഎല്ലാ തൊഴിൽ നിയമങ്ങളും മാറ്റിയെഴുതുവാൻ 2017ൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവന്നു. ഇതിനിടയിൽ ബി.ജെ.പി ഭരിച്ചിരുന്ന രാജസ്ഥാനിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു. തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പുകളെ തുടർന്ന് ബി ജെ പി സർക്കാരിന്റെ ആ ഉദ്യമം അന്ന് വിജയിക്കുകയുണ്ടായില്ല. എന്നാൽ ആ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുൻപ്  ഇന്ത്യയിലെ തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് 2018 മെയ് 18ന് ഫിക്സഡ് ടേം എംപ്ലോയ്മെൻ്റ് നോട്ടിഫിക്കേഷൻ പുറത്തു വന്നു. തൊഴിൽ സമയം 12 മണിക്കൂർ ആക്കി ഷോപ്പ്സ് ആൻറ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പാസാക്കി. കുത്തക മുതലാളിത്തത്തിൻ്റെ താല്പര്യം സംരക്ഷിക്കാനായിരുന്നു ഇത്. കോർപ്പറേറ്റുകളും ഭരണകൂടവും ഒന്നായിത്തീരുന്ന, ഫിനാൻസ് മൂലധനത്തിന്റെ  താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. ഇക്കാര്യങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യാതെ ഓർഡിനൻസ് ആയോ നോട്ടിഫിക്കേഷനായോ  ചെയ്യുന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്. അതു തന്നെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും പിന്തുടരുന്നത്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യം ചെയ്തത് 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ 4 'കോഡുകളാ'ക്കി ലഘൂകരിക്കുകയായിരുന്നു. ആദ്യ ബജറ്റിൽ തന്നെ റെയിൽവേ, ബി.എസ്. എൻ.എൽ, എയർ ഇന്ത്യ, ബി.പി.സി.എൽ എന്നിവയുടെ സ്വകാര്യവത്ക്കരണവും തൊഴിൽ നിയമങ്ങളുടെ ഭേദഗതിയും ലക്ഷ്യമാണ് എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അതിനു ശേഷം തൊഴിൽ മന്ത്രാലയം, തൊഴിൽ നിയമങ്ങൾ 4 കോഡുകളായി പാർലമെൻ്റിൽ അവതരിപ്പിച്ചു. വേജ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഒക്യുപ്പേഷണൽ സേഫ്റ്റി ആൻ്റ് ഹെൽത്ത് കോഡ് എന്നിവയാണ് അവ. ഈ 4 കോഡുകളിലും പൊതുവായിട്ടുള്ളത് കോൺട്രാക്ട് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക, തൊഴിൽ സമയം നിശ്ചയിക്കുവാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക എന്നിവയാണ്.  തൊഴിൽ സമയം കൂട്ടിയും വേതനം കുറച്ചും തൊഴിലാളികളുടെ
സാമൂഹികക്ഷേമ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും മുതലാളിത്തത്തിൻ്റെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനാണ് ഭരണകൂടം ശ്രമിക്കുന്നത്. കോവിഡ്- 19 നെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പരിഹാരത്തിനെന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട പാക്കേജിൻ്റെ കാര്യത്തിലും അത് കാണുവാൻ കഴിയും. പൊതു മേഖല വിറ്റഴിക്കുന്നതും തൊഴിൽ നിയമ ഭേദഗതിയും കർഷകരെ കൊള്ളയടിക്കുവാൻ കോർപ്പറേറ്റുകളെ സഹായിക്കുന്ന കോൺട്രാക്ട് വത്ക്കരണവുമാണ് കോവിഡ് 19 വിതച്ച പ്രതിസന്ധിയുടെ പരിഹാരമായി സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനായി അവശ്യസാധന നിയമം ഭേദഗതി ചെയ്യുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. അവധി വ്യാപാരവും പൂഴ്ത്തിവെപ്പും കോർപ്പറേറ്റുകൾക്ക് അനുവദിച്ച് കൊടുക്കുകയാണ് ഇതു വഴി ചെയ്യുന്നത്. രാജ്യത്ത് കൃത്രിമമായി ഭക്ഷ്യക്ഷാമം ഉണ്ടാക്കി വില വർദ്ധിപ്പിച്ചു നൽകുവാൻ കോർപ്പറേറ്റുകൾക്ക് കഴിയും. ദുരന്ത നിവാരണ നിയമം വകുപ്പ് 10 (1) പ്രകാരം രാജ്യത്ത് അടച്ചിടൽ കാലത്ത് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണമെന്നു ഉത്തരവിട്ടത് നോട്ടിഫിക്കേഷൻ വഴി സർക്കാർ പിൻവലിച്ചു. ഇതെല്ലാം മുതലാളിമാരുടെ താല്പര്യത്തിനാണ് ചെയ്യുന്നത്. ഇനി ലേ ഓഫുകളും പിരിച്ചുവിടലും വ്യാപകമകും.1991 ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചക്കു ശേഷം മുതലാളിത്തം ക്ഷേമ പ്രവർത്തനങ്ങൾ പൂർണ്ണമായും നിറുത്തലാക്കിയതാണ്.1991 മുതൽ ഇന്ത്യയിൽ നടപ്പാക്കിത്തുടങ്ങിയ 'പുത്തൻ  സാമ്പത്തിക നയങ്ങൾ' മുഖേന ആഗോളവത്ക്കരണ - സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുകയും സബ്സിഡികൾ എല്ലാം എടുത്തുകളയുകയും ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരുകൾ പിൻമാറുകയുമാണ് ചെയ്തത്. അതിൻ്റെ ഫലം കർഷകരുടെ ആത്മഹത്യകളും കാർഷിക മേഖലയിലടക്കം വളർന്ന തൊഴിലില്ലായ്മയും ആയിരുന്നു. 2020 മെയ് 5 ലെ 'ദി ഹിന്ദു' പത്രം റിപ്പോർട്ട് ചെയ്യുന്നത് 'സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി'യുടെ മെയ് 3 ലെ കണക്കു പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ 27.11 % ആയി വർദ്ധിച്ചു എന്നാണ്. ഗ്രാമീണ മേഖലയിൽ  തൊഴിലില്ലായ്മ 29.22 % ആണ്. 2019 ലെ കണക്കു പ്രകാരം 73% വരുന്ന ഇന്ത്യയുടെ സമ്പത്ത് 1% വരുന്ന സമ്പന്നരുടെ കയ്യിലാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കോവിഡിനു മുൻപു തന്നെ മുരടിപ്പിൽ എത്തിയിരുന്നു. "മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ' പ്രകാരം ഇന്ത്യയുടെ മെയ് മാസത്തിലെ സാമ്പത്തിക വളർച്ച 2.5% ആണ് . ഇതെല്ലാം ഇന്ത്യൻ സർക്കാർ പിന്തുടരുന്ന മുതലാളിത്ത സാമ്പത്തിക നയത്തിൻ്റെ അനന്തര ഫലമാണ്. ഇന്ത്യ പിന്തുടർന്നിരുന്ന, പൊതുമേഖലക്കു പ്രാമുഖ്യം നൽകുകയും വാക്കിലെങ്കിലും സോഷ്യലിസ്റ്റ് സങ്കല്പങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നതുമായസാമ്പത്തിക നിലപാട് കയ്യൊഴിഞ്ഞതിൻ്റെ  പരിണതഫലമായിരുന്നു അത്. ആഗോളവത്ക്കരണ സ്വകാര്യവത്ക്കരണ നയത്തിൻ്റെ ഭാഗമായി
ആരോഗ്യമേഖലയിലേത് അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻമാറിയതിൻ്റെ ദുരന്തമാണ് ലോകം മുഴുവൻ ഇന്ന് അനുഭവിക്കുന്നത്. ലോകം ഒറ്റ മാർക്കറ്റ് ആവണം എന്ന് വാദിച്ചവർ ഇന്ന് സ്വന്തം ആഭ്യന്തര മാർക്കറ്റ് നിലനിറുത്തുവാൻ പെടാപ്പാട് പെടുകയാണ്.

ലോകത്ത് സമ്പത്തുണ്ടാക്കുന്നവർ തൊഴിലാളികളാണ്. മാന്യമായ തൊഴിൽ ചെയ്ത് അന്തസ്സായി ജീവിക്കുവാൻ ഉള്ള തൊഴിലാളികളുടെ അവകാശങ്ങളാണ് 8 മണിക്കൂർ തൊഴിൽ സമയവും മറ്റ് തൊഴിലവകാശങ്ങളും  മാറ്റുന്നതു വഴി സർക്കാരുകൾ ഇല്ലായ്മ ചെയ്യുന്നത്.
തൊഴിലാളി ഇന്നനുഭവിക്കുന്ന 8 മണിക്കൂർ തൊഴിലവകാശം, 1886 ൽ നടന്ന ചിക്കാഗോ സമരം അടക്കം നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയതാണ്.
ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ തൊഴിൽ സമയം വർദ്ധിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാരുകളുടെ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതോടൊപ്പം
സുപ്രീം കോടതിയെ സമീപിക്കുവാനും അവർ തീരുമാനിച്ചിരിക്കുകയാണ്. ലോക തൊഴിലാളി സംഘടന (ILO - International Labour Organisation) യിൽ ഇതിനോടകം 10തൊഴിലാളി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി
ഇക്കാര്യം ചർച്ച ചെയ്യും എന്ന് ഐ എൽ ഒ പ്രതിനിധികൾ ഇന്ത്യയിലെ മാധ്യമങ്ങളോട് പറഞ്ഞതായി മെയ് 24 ലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുതലാളിത്ത പ്രതിസന്ധി കോവിഡ്  പാന്റമിക്കിനെ കുടുതൽ രൂക്ഷമാക്കും എന്നും ഇന്ത്യയിലടക്കം വലിയ തോതിൽ പട്ടിണി മരണങ്ങൾക്ക് സാധ്യതയുണ്ട് എന്നും  2020 ലെ ഐ.എൽ.ഒ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ തുടരുന്ന നയങ്ങൾ കേന്ദ്ര സർക്കാർ തിരുത്തണം. തൊഴിലും കൂലിയും വർദ്ധിപ്പിച്ച് ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിച്ചില്ലെങ്കിൽ
രാജ്യം വലിയ പ്രതിസന്ധിയിലേക്ക് പോകും. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ മാത്രമല്ല ജീവിതം കൂടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിൻ്റേതാണ്. എന്നാൽ ഇത്തരമൊരു കാഴ്ചപ്പാട് ഇന്ത്യൻ സർക്കാരിനില്ലെന്നത് ഏവർക്കുമറിയാവുന്നതാണ്.

ഫിനാൻസ് മൂലധനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത നരേന്ദ്ര മോദി സർക്കാർ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളേയും ജനാധിപത്യത്തിന്റെ മൂല്യങ്ങളേയും നിരാകരിച്ചു കൊണ്ടാണ് തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബി ജെ പി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് ഈ തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പാക്കാൻ ആരംഭിച്ചിട്ടുള്ളതെങ്കിലും അഖിലേന്ത്യാ വ്യാപകമായിത്തന്നെ അതു നടപ്പാക്കാനായിരിക്കും കേന്ദ്ര സർക്കാരിന്റെ ശ്രമം. ഭരണഘടനാ വിരുദ്ധമായ ഈ നിയമലംഘനങ്ങളെ ചെറുക്കാൻ ട്രേഡ് യൂണിയനുകൾ മാത്രമല്ല ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ബഹുജന വിഭാഗങ്ങളും മുന്നോട്ടു വരേണ്ടതുണ്ട്.