എം.എൽ. പ്രസ്ഥാനത്തിന്‍റെ വിഭാഗീയതയെക്കുറിച്ച് - എം.എസ്. ജയകുമാർ



എം.എൽ
പ്രസ്ഥാനത്തിലെ
വിഭാഗീയതയെക്കുറിച്ച്

-എം.എസ്. ജയകുമാർ




സാംസ്ക്കാരിക വിപ്ലവത്തിന്‍റെ നിഷേധാത്മക വശങ്ങൾ എം.എൽ പ്രസ്ഥാനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് 2005 ഫെബ്രുവരി 1 ന് ' കോമ്രേഡി'ൽ പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.


സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സാംസ്ക്കാരിക വിപ്ലവത്തിന്‍റെ യഥാർത്ഥ സന്ദേശമെന്തെന്നതിനെപ്പറ്റി അവ്യക്തതയും വസ്തുനിഷ്ഠ സാഹചര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും നില നിൽക്കുമ്പോഴാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 9-ാം കോൺഗ്രസ്സ് നടക്കുന്നത്. സ: മാവോ സേതുങ്ങിന് ശേഷം ആരെന്ന പ്രശ്നം.പരിഹരിക്കുക കൂടിയായിരുന്നു 1969 ലെ 9-ാം കോൺഗ്രസ്സിൽ ലിൻ പിയാവോവിനെ പിൻഗാമിയായി പ്രഖ്യാപിക്കുന്നതിലൂടെ സി പി സി (ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ) ചെയ്തത്. ഇതിലടക്കം 9-ാം കോൺഗ്രസ്സിലെ പല തീരുമാനങ്ങളിലും ഇടതുപക്ഷ വിഭാഗീയതയുടെ ആധിപത്യം പ്രകടമാണ്. ലോക തൊഴിലാളി വർഗ്ഗത്തിന്‍റെ നെടും കോട്ടകളായിരുന്ന സോവിയറ്റ് യൂണിയനും ചൈനക്കും ഇടയിൽ എല്ലാ മുന്നണികളിലും വർദ്ധമാനമായിക്കൊണ്ടിരുന്ന വൈരുദ്ധ്യങ്ങൾ തുറന്ന യുദ്ധമായി പരിണമിച്ചതും ആ വർഷം തന്നെയാണ്. മാനവരാശിയുടെ - ലോക ജനതയുടെ മുഖ്യ ശത്രു സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വമാണ് എന്ന ചൈനീസ് പാർട്ടിയുടെ പ്രഖ്യാപനത്തിന്‍റെ രാഷ്ട്രീയാന്തർഗതങ്ങൾ (സാംസ്ക്കാരിക വിപ്ലവത്തിന്‍റെ സന്ദേശം ഉൾക്കൊണ്ടു കൊണ്ട്) പുതുതായി രൂപം കൊണ്ട എം. എൽ. പാർട്ടികളേയും സ്വാധീനിച്ചിരുന്നു. പക്ഷേ, ഇന്നും ''ഈ കാലഘട്ടത്തിലെ മാർക്സിസം - ലെനിനിസമാണ് മാവോ ചിന്ത" എന്നു പറഞ്ഞുകൊണ്ട്, മുഖ്യമായും ആശയവാദത്തിലും ഭീകരവാദത്തിലും കാലൂന്നി നിൽക്കുന്ന പല എം. എൽ ഗ്രൂപ്പുകളും പഴയ തെറ്റുകളൊന്നും തിരുത്താൻ സന്നദ്ധരായിട്ടില്ല. ലോകത്തിന്‍റെയും രാജ്യത്തിന്‍റെയും സാഹചര്യങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന്‍റെ ഗതിവേഗം മനസ്സിലാക്കാതെ ഇവർ കൂടുതൽ തെറ്റുകളിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് യൂണിയന്‍റെയും പൂർവ്വ യൂറോപ്പിന്‍റെയും പൂർണ്ണമായ തകർച്ചക്കും സാമ്രാജ്യത്വവുമായുള്ള അവയുടെ ഉദ്ഗ്രഥനത്തിനും ശേഷം പോലും സാർവ്വദേശീയ തലത്തിലും ദേശീയ തലത്തിലും ‘മാവോ വാദി’കളെന്നറിയപ്പെടുന്ന (എന്നാൽ മുഖ്യമായും ലിൻ പിയാവോ വാദികളായ) ഇവർ മാവോ ചിന്ത മാർക്സിസവും ലെനിനിസവും പോലെ ഈ യുഗത്തിന്‍റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പോന്ന ഒരു 'ഇസ'മായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. 'മാവോയിസ'ത്തിൽ വിശ്വസിക്കുന്ന ഇത്തരം ഗ്രൂപ്പുകളെല്ലാം തന്നെ തങ്ങളുടെ ഗ്രൂപ്പ് നേതാക്കളുടെ സംഭാവനകൾ “ചിന്ത”കളായി വികസിച്ചു കഴിഞ്ഞിരിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. പെറൂവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (ഷൈനിംഗ് പാത്ത്) നേതാവായ ഗോൺസാലോയുടെ സംഭാവനകൾ “ഗോൺസാലോ” ചിന്തയായി പരിണമിച്ചിരിക്കുന്നു എന്ന് ദശകങ്ങൾക്ക് മുമ്പേ പെറുവിലെ പാർട്ടി പ്രഖ്യാപനം നടത്തിയിട്ടുണ്ട് . ഇന്ത്യയിലെ പി.ഡബ്ള്യു.ജി. (പീപ്പിൾസ് വാർ ഗ്രൂപ്പ്) മുതൽ അയ്യങ്കാളിപ്പടയുടെ നേതാക്കൾ വരെ ഈ ദിശയിലാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സാംസ്ക്കാരിക വിപ്ലവത്തെ സംബന്ധിച്ചും സോഷ്യലിസത്തിന്‍റെ നിയമങ്ങളെ സംബന്ധിച്ചും മറ്റും ഇന്നും നില നിൽക്കുന്ന എം. എൽ പ്രസ്ഥാനത്തിനകത്തെ വിഭാഗീയ നിലപാടുകളുടെ കാഠിന്യത്തെയാണ്.


സാംസ്ക്കാരിക വിപ്ലവത്തെ സംബന്ധിച്ച പരികല്പന സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മൂർത്തമായി മുന്നോട്ടു വക്കുന്നത് സഖാവ് ലെനിൻ തന്നെയാണ്. സോഷ്യലിസ്റ്റ് നിർമ്മാണത്തിന്‍റെ മുന്നനുഭവങ്ങളില്ലാത്തതുകൊണ്ട് സോവിയറ്റ് യൂണിയനിലെ ദശലക്ഷക്കണക്കായ തൊഴിലാളി കർഷക വിഭാഗങ്ങളുടെ അനുഭവങ്ങളെ സമാഹരിച്ചുകൊണ്ട് സോഷ്യലിസ്റ്റ് നിർമ്മാണത്തിന്‍റെ സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താനാണ് ലെനിൻ ശ്രമിച്ചത്. വ്യവസായത്തിന്‍റെ ദേശസാൽക്കരണവും ഭൂപ്രശ്നമടക്കം കാർഷിക പ്രശ്നത്തിന്‍റെ ശാസ്ത്രീയ പരിഹാരവും (അതായത് മുതലാളിത്തത്തിൽ നിന്നും വ്യത്യസ്തമായി ഉൽപ്പാദന ശക്തികളുടെ വികാസം മുൻനിർത്തി കൃഷിയെ സാമൂഹ്യവൽക്കരിക്കാനുള്ള വഴികൾ) ഉൾപ്പെടെ പുതിയ സാമ്പത്തികാസൂത്രണ പദ്ധതികൾ ലെനിന്‍റെ നേതൃത്വത്തിൽ സമർത്ഥമായി നടപ്പാക്കി. ഇത്തരം അനുഭവങ്ങൾ ഇന്ന് നമുക്ക് വിലപ്പെട്ട പാഠങ്ങളായി നില നിൽക്കുന്നു. ഈ സമൂർത്തമായ പ്രായോഗിക അനുഭവങ്ങൾക്കിടയിലാണ് സാംസ്ക്കാരിക വിപ്ലവത്തെ സംബന്ധിച്ച പരികൽപന രൂപം കൊള്ളുന്നത്.


വിപ്ലവാനന്തര ഘട്ടത്തിലെ അനുഭവങ്ങളെ സമാഹരിച്ചുകൊണ്ട് 1923 മെയ് 26, 27 തീയതികളിൽ സഖാവ് ലെനിൻ 'പ്രവ്ദ'യിൽ ഇപ്രകാരം എഴുതി. "ഈ കാലഘട്ടത്തിൽ രണ്ടു മുഖ്യ കടമകളാണ് നമ്മെ നേരിടുന്നത്. ഒന്ന്, മുൻകാലത്തിൽ നിന്ന് അതേ പടി നമുക്ക് കിട്ടിയതും തീരെ ഉപയോഗിക്കാൻ കഴിയാത്തതുമായ നമ്മുടെ ഭരണയന്ത്രം പുനഃസംഘടിപ്പിക്കുക ...... കർഷകർക്കിടയിൽ സാംസ്ക്കാരിക പ്രവർത്തനം നടത്തുക എന്നതാണ് രണ്ടാമത്തെ കടമ". കർഷകർക്കിടയിലുള്ള ഈ സാംസ്ക്കാരിക പ്രവർത്തനത്തിന്‍റെ സാമ്പത്തിക ഉദ്ദേശ്യം അവരെ സഹകരണ സംഘങ്ങളിൽ സംഘടിപ്പിക്കുക എന്നതാണ്. കർഷകരെ മുഴുവൻ സഹകരണ സംഘങ്ങളിൽ സംഘടിപ്പിച്ചിരുന്നെങ്കിൽ നാം ഇതിനകം രണ്ടു കാലും സോഷ്യലിസത്തിന്‍റെ മണ്ണിൽ ഉറപ്പിച്ച് നില കൊള്ളുമായിരുന്നു. എന്നാൽ, കർഷക ജനതയെ ഒന്നടങ്കം സഹകരണ സംഘങ്ങളിൽ സംഘടിപ്പിക്കണമെങ്കിൽ കർഷകർക്കിടയിൽ (ജനങ്ങളിൽ ബഹു ഭൂരിപക്ഷം വരുന്ന കർഷകർക്കിടയിൽ തന്നെ) ഒരു ചുരുങ്ങിയ സാംസ്ക്കാരിക നിലവാരം ആവശ്യമാണ്. അതാകട്ടെ, യഥാർത്ഥത്തിൽ ഒരു സാംസ്ക്കാരിക വിപ്ലവം കൂടാതെ നേടാൻ അസാദ്ധ്യവുമാണ്. എങ്കിലും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ വിപ്ലവത്തിനു തന്നെയാണ് മുൻഗണന നൽകേണ്ടതെന്ന് ലെനിൻ ഊന്നിപ്പറഞ്ഞു. 'അത് സാഹസിക പ്രവർത്തനമാണ് ' എന്നു പറഞ്ഞുകൊണ്ട് സാംസ്ക്കാരിക രംഗത്തെ വിപ്ലവമാണ് ആദ്യം നടക്കേണ്ടതെന്ന് അദ്ദേഹത്തിന്‍റെ എതിരാളികൾ വാദിച്ചു. അതിനെ എതിർത്ത ലെനിൻ വിപ്ലവ പൂർവ്വ റഷ്യയുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് രാഷ്ട്രീയ - സാമൂഹ്യ വിപ്ലവത്തിനു ശേഷമാണ് സാംസ്ക്കാരിക വിപ്ലവത്തിന്‍റെ പ്രശ്നം മുഖ്യമായും വരുന്നതെന്നും ഇപ്പോൾ റഷ്യയിൽ ഇതേ സാംസ്കാരിക വിപ്ലവമാണ് നമ്മെ അഭിമുഖീകരിക്കുന്നതെന്നും ലെനിൻ പറഞ്ഞു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു. “നമ്മുടെ രാജ്യത്തെ ഒരു തികഞ്ഞ സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റാൻ ഇന്ന് സാംസ്ക്കാരിക വിപ്ലവം മതിയാകും. പക്ഷെ, തികച്ചും സാംസ്ക്കാരികവും (കാരണം നാം നിരക്ഷരരാണ്) ഭൗതികവും (കാരണം സംസ്ക്കാരം സിദ്ധിക്കണമെങ്കിൽ ഉൽപാദനത്തിനുള്ള ഭൗതികോപാധികൾ കുറെ വളർന്നിരിക്കണം. ഭൗതികാടിത്തറ കുറെ ഉണ്ടായിരിക്കണം) ആയ വമ്പിച്ച വൈഷമ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്." സാംസ്ക്കാരിക വിപ്ലവത്തെ സംബന്ധിച്ച് ലെനിൻ മുന്നോട്ടു വച്ച നിലപാടുകൾക്ക് അനുസൃതമായിട്ടാണ് ചൈനീസ് പാർട്ടിയുടെ എട്ടാം കോൺഗ്രസ്സിന്‍റെ രണ്ടാം പ്ലീനറി യോഗത്തിൽ സാംസ്ക്കാരിക വിപ്ലവത്തിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. സോഷ്യലിസ്റ്റ് നിർമ്മാണത്തേയും ചൈനയുടെ എല്ലാ അർത്ഥത്തിലുമുള്ള പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളികളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നുള്ള പ്രശ്നങ്ങളേയും കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ഈ പദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടത്. അതിൽ മുഖ്യമായും മുന്നോട്ടു വക്കപ്പെട്ടത് സാക്ഷരതയുടെ പ്രശ്നം തന്നെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു നൽകേണ്ട ഊന്നൽ മുതൽ ഉയർന്ന തലത്തിലുള്ള ഗവേഷണ പഠനത്തിന്‍റെ വിഷയം വരെ വിവിധ തലങ്ങളിൽ ചിട്ടയോടെ നടത്തേണ്ട പ്രവർത്തനങ്ങളുടെ പ്രാധാന്യം ചൈനീസ് പാർട്ടിയുടെ എട്ടാം കോൺഗ്രസ്സിന്‍റെ രണ്ടാം പ്ലീനറി യോഗം കൃത്യമായും ചൂണ്ടിക്കാട്ടി. പിൽക്കാല സാംസ്ക്കാരിക വിപ്ലവത്തിനും “മഹത്തായ സംവാദ”ത്തിനും ചില വർഷങ്ങൾക്കു മുമ്പാണ് രണ്ടാം പ്ലീനറി യോഗം നടന്നതെന്നുള്ള വസ്തുത പരിഗണനാർഹമാണ്. അതു പോലെ തന്നെ, എട്ടാം കോൺഗ്രസ്സിന്റെ ഘട്ടത്തിൽ (1956) ക്രൂഷേവിയൻ സ്വാധീനം നില നിന്നിരുന്നുവെന്നും 9-ാം കോൺഗ്രസ്സിൽ “ലിൻ പിയാവോയിസം” ആധിപത്യത്തിലേറിയെന്നും വീണ്ടും പത്താം കോൺഗ്രസ്സായതോടെ (1973) സാംസ്ക്കാരിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട തിരുത്തൽ വാദികൾ ലിൻ പിയാവോവിന്‍റെയും മറ്റും ഇടതുപക്ഷ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ആധിപത്യത്തിലേക്ക് വന്നു എന്നും മറ്റുമുള്ള പഴയ എം. എൽ. ഗ്രൂപ്പുകളുടെ വലയിരുത്തലുകൾ ഏകപക്ഷീയതകൾക്ക് അടിപ്പെട്ടു കൊണ്ട് സമഗ്രത നഷ്ടപ്പെട്ടവയായി മാത്രമേ ഇന്നു കാണാൻ സാധ്യമാവുകയുള്ളൂ. ഇതെല്ലാം സമഗ്രമായി വിലയിരുത്തപ്പെടേണ്ടത് സാമ്രാജ്യത്വത്തിന്‍റെ വർത്തമാന വൈരുദ്ധ്യങ്ങളെ മനസ്സിലാക്കുന്നതിനും മുൻകാല തിരിച്ചടികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും വേണ്ടിയായിരിക്കണം.


ചൈനയിലെ "സാംസ്കാരിക വിപ്ലവ വാദി”കളെന്ന് വിളിക്കപ്പെടുന്ന വിഭാഗക്കാരുടെ ലേഖനങ്ങളേയും ലഘു പുസ്തകങ്ങളേയും മാവോ സേതുങ്ങിന്റെതെന്ന് പറയപ്പെടുന്ന ‘സോവിയറ്റ് സാമ്പത്തിക ശാസ്ത്രത്തിന്‍റെ വിമർശനക്കുറിപ്പ്’ തുടങ്ങിയവയേയും ഉപജീവിച്ച് കെ. വേണു സാംസ്ക്കാരിക വിപ്ലവത്തെ സംബന്ധിച്ച് ചില മാർക്സിസ്റ്റേതര നിലപാടുകൾ മുൻപ് മുന്നോട്ടു വക്കുകയുണ്ടായി. "മുതലാളിത്തവും കമ്മ്യൂണിസവും പോലെ സോഷ്യലിസം ഒരു വ്യവസ്ഥയല്ലെന്നും അതിൽ നില നിൽക്കുന്നത് മുതലാളിത്ത നിയമങ്ങൾ തന്നെയാണെന്നും അവയെ അടിയന്തിരമായി പരിമിതപ്പെടുത്തേണ്ടതുണ്ട്" എന്നും അതിൽ ഖണ്ഡിതമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിൽ വർഗ്ഗസമരം തുടരേണ്ടതെങ്ങനെ എന്നുള്ളതിന്‍റെ കാഴ്ചപ്പാട് ഇതിലൂടെയാണ് സാംസ്ക്കാരിക വിപ്ലവ വാദികൾ മുതൽ കെ. വേണു വരെ മുന്നോട്ടു വച്ചത്. ഇതിൽ അങ്ങേയറ്റം അപകടകരമായ ഒരു ലോകവീക്ഷണമാണ് ഉള്ളടങ്ങിയിരിക്കുന്നത് എന്ന വസ്തുത, മുഖ്യമായും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം കൈയ്യൊഴിയുകയും ആശയവാദത്തിലും ഭീകരവാദത്തിലും കാലൂന്നി നിൽക്കുകയും ചെയ്ത എം.എൽ. പ്രസ്ഥാനത്തിന് തിരിച്ചറിയാനായില്ല. ഇത് ഫലത്തിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തേയും ബൂർഷ്വാ ഏകാധിപത്യത്തേയും വേർ തിരിച്ച് മനസ്സിലാക്കുന്നതിനും രണ്ടു വ്യവസ്ഥകളും തമ്മിലുള്ള അതിർ വരമ്പ് സൂക്ഷിക്കുന്നതിനും പൂർണ്ണമായും പരാജയപ്പെടുകയാണുണ്ടായത്. ഇത് ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങളെ എല്ലാ തലങ്ങളിലും ശത്രുതാപരമാക്കുകയും സാമ്പത്തിക അടിത്തറയിലും ഉപരിഘടനയിലും സാമൂഹിക ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അരാജകത്വത്തിന്‍റെ വിത്തു പാകുകയും ചെയ്തു. ഇത്തരം തെറ്റുകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനു വേണ്ടി ലെനിനിസ്റ്റ് പാഠങ്ങളുടെ പരിശോധന ഒഴിച്ചുകൂടാനാവാത്തതാണ്.


സാംസ്ക്കാരിക വിപ്ലവ കാലത്ത് ലെനിന്‍റെ നിലപാടുകളെ പരസ്യമായി തള്ളിപ്പറയുകയോ സോവിയറ്റ് യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം വച്ച അടിസ്ഥാന നിലപാടുകളെ പരസ്യമായി നിഷേധിക്കുകയോ ചെയ്തിരുന്നില്ല. എങ്കിൽ പോലും ലെനിന്‍റെ പുത്തൻ സാമ്പത്തിക നയം (എൻ.ഇ.പി) അനിവാര്യമായൊരു തെറ്റായിട്ടാണ് പൊതുവിൽ ചർച്ച ചെയ്യപ്പെട്ടത്. സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ലെനിൻ മുന്നോട്ടു വച്ച സർഗ്ഗാത്മക സംഭാവനകളായി അവയെ കാണാതിരിക്കുക എന്ന സമീപനം അതിൽ ഉള്ളടങ്ങിയിരുന്നു. പുത്തൻ സാമ്പത്തിക നയത്തിന്‍റെ കാഴ്ചപ്പാട് പ്രത്യേക സാഹചര്യത്തിൽ താൽക്കാലികമായി മുന്നോട്ടു വച്ചതാണെന്നും അതു മനസ്സിലാക്കാതെ പിന്നീട് അത് പുതിയ രൂപത്തിൽ തുടർന്നതാണ് ക്രൂഷേവിയൻ തിരുത്തൽ വാദത്തിലെത്തിയതെന്നും ഉള്ള നിലപാട് ഈ കാലഘട്ടത്തിൽ ശക്തമായിരുന്നു. ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ മേൽച്ചൊന്ന നിലപാടുകളും സോഷ്യലിസത്തിന്‍റെ എതിർ ശക്തികളുടെ പ്രചാരവേലകളും തമ്മിലുള്ള അതിർ വരമ്പ് പലപ്പോഴും ഇത്തരം വാദഗതികളിൽ നഷ്ടപ്പെട്ടിരുന്നു.


ഉത്പാദന ബന്ധങ്ങളും ഉത്പാദന ശക്തികളും തമ്മിലുള്ള വൈരുദ്ധ്യത്തെ നോക്കിക്കാണുന്നതിനും ഉത്പാദന ശക്തികളുടെ വികാസം എങ്ങിനെയെന്നു മനസ്സിലാക്കുന്നതിലും സാംസ്ക്കാരിക വിപ്ലവത്തിന്‍റെ കാലഘട്ടത്തിൽ ഗുരുതരമായ പാളിച്ച സംഭവിച്ചു. ലെനിനിസ്റ്റ് നയങ്ങൾ സോവിയറ്റ് റിപ്പബ്ലിക്കിനെ സ്റ്റേറ്റ് മുതലാളിത്തത്തിലേക്ക് കൊണ്ടുപോവുകയാണെന്നുള്ള വിമർശനം വിപ്ലവാനന്തര റഷ്യയിലെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടു വച്ചു. ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ വിമർശനത്തെ തുറന്നു കാട്ടിക്കൊണ്ട് "സോവിയറ്റ് റിപ്പബ്ലിക്കിലെ ഇപ്പോളത്തെ സ്ഥിതിഗതികളുമായി തട്ടിച്ചു നോക്കുമ്പോൾ സ്റ്റേറ്റു മുതലാളിത്തം മുന്നോട്ടുള്ള കാൽവയ്പായിരിക്കുമെന്ന് അവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല" എന്ന് ലെനിൻ പറഞ്ഞു. ഏതാണ്ട് ആറു മാസക്കാലം കൊണ്ട് സ്റ്റേറ്റ് മുതലാളിത്തം നമ്മുടെ റിപ്പബ്ലിക്കിൽ സ്ഥാപിതമാവുന്ന പക്ഷം അതൊരു വമ്പിച്ച നേട്ടമാകും. ഒരു കൊല്ലത്തിനകം സോഷ്യലിസം നമ്മുടെ രാജ്യത്ത് ശശ്വതമായി വേരുറക്കുകയും അജയ്യമായി തീരുകയും ചെയ്യുമെന്നുള്ളത് ഉറപ്പാണെന്ന് ലെനിൻ പറഞ്ഞു. ലെനിന്‍റെ വാക്കുകളെ അവർ പുച്ഛിച്ചു തള്ളുകയും ലെനിന്‍ സോഷ്യലിസത്തെ വഞ്ചിച്ചുകൊണ്ട് യു. എസ്.എസ്. ആറിനെ മുതലാളിത്തത്തിലേക്ക് നയിക്കുകയാണെന്ന് പ്രചാരവേല നടത്തുകയും ചെയ്തു. ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകാരുടെ ഈ തെറ്റായ രാഷ്ട്രീയ നിലപാടിന്‍റെ മൂലകാരണം ലെനിൻ ചുണ്ടിക്കാട്ടി. ഒന്നാമതായി മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള ഏതു തരത്തിലുള്ള പരിവർത്തനമാണ് നമ്മുടെ രാജ്യത്തെ സോവിയറ്റുകളുടെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നു വിളിക്കാൻ നമുക്ക് അർഹതയും അവകാശവും തരുന്നതെന്ന് ഇവർ മനസ്സിലാക്കുന്നില്ല. രണ്ടാമതായി നമ്മുടെ രാജ്യത്ത് സോഷ്യലിസത്തിന്‍റെ മുഖ്യ ശത്രുവായി പെറ്റിബൂർഷ്വാ ഘടകത്തെ അംഗീകരിക്കുന്നതിൽ കൂടി തന്നെയാണ് അവർ അവരുടെ പെറ്റിബൂർഷ്വാ നിലപാട് പ്രകടിപ്പിക്കുന്നത്. മൂന്നാമതായി സ്റ്റേറ്റ് മുതലാളിത്തത്തെ ഒരു ഭീഷണിയായി ഉയർത്തിക്കാണിക്കുന്നതു വഴി സോവിയറ്റ് സ്റ്റേറ്റ് സാമ്പത്തികമായി ബൂർഷ്വാ സ്റ്റേറ്റിൽ നിന്നും വിഭിന്നമാണെന്നുള്ള വസ്തുത ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകൾ മനസ്സിലാക്കിയിട്ടില്ല. ലെനിൻ തുടർന്നു. "റഷ്യൻ സമ്പദ്ഘടനയെക്കുറിച്ച് പഠിക്കുന്ന ആരും അതിന്‍റെ പരിവർത്തന സ്വഭാവത്തെ നിഷേധിച്ചിട്ടില്ല. അതായത് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം ഉറപ്പിക്കുന്നത്, തൊഴിലാളി വർഗ്ഗത്തിന്‍റെ അധികാരമാണ്. അതല്ലാതെ പുതിയ സമ്പദ് വ്യവസ്ഥ സോഷ്യലിസ്റ്റ് സമ്പ്രദായം അംഗീകരിക്കുന്നു എന്നതല്ല. ആത്യന്തികമായി തൊഴിലാളിവർഗ്ഗ അധികാരമാണ്, സോവിയറ്റ് അധികാരമാണ് സോഷ്യലിസത്തിന്‍റെ ഭാവി നിർണ്ണയിക്കുന്നത്." ഇന്ന് സോവിയറ്റ് യൂണിയനിലെ ഉത്പാദനവുമായി ബന്ധപ്പെട്ടു കൊണ്ട് സാമൂഹിക സാമ്പത്തിക ഘടകങ്ങളിൽ അഞ്ച് ഘടകങ്ങൾ നില നിൽക്കുന്നുണ്ടെന്ന് ലെനിൻ ചൂണ്ടിക്കാട്ടി. ഒന്ന്, ഗോത്രാധിപത്യ രീതിയിലുള്ളത്. രണ്ട്, ചെറുകിട ചരക്കുൽപ്പാദനം (ധാന്യം വിൽക്കുന്ന കർഷകരിൽ ഭൂരിപക്ഷവും) മൂന്ന്, സ്വകാര്യ മുതലാളിത്തം. നാല്, സ്റ്റേറ്റ് മുതലാളിത്തം. അഞ്ച്, സോഷ്യലിസം. വൈവിദ്ധ്യങ്ങൾ നിറഞ്ഞ അതിവിശാലമായ സോവിയറ്റ് യൂണിയനിൽ ഈ രീതികളെല്ലാം കെട്ടു പിണഞ്ഞ് സങ്കീർണ്ണമായിട്ടാണ് നില നിന്നിരുന്നത്. മേൽ സൂചിപ്പിച്ചവയിൽ മുഖ്യമായും ഉയർന്നു നിൽക്കുന്ന ഘടകം ഒരു കാർഷിക രാജ്യമായതു കൊണ്ടു തന്നെ പെറ്റിബൂർഷ്വാ ഘടകമാണ്. അതായത്, ചെറുകിട ചരക്കുൽപ്പാദനമാണ്. ബഹു ഭൂരിപക്ഷവും ചെറുകിട കർഷകരാണെന്നു ചുരുക്കം. ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകൾ പറയുന്ന രീതിയിൽ സ്റ്റേറ്റ് മുതലാളിത്തമല്ല സോവിയറ്റ് യൂണിയനിൽ മുഖ്യ ഭീഷണിയെന്ന് അദ്ദേഹം വ്യക്തമായി തെളിയിക്കുകയും ചെയ്തു. വാസ്തവത്തിൽ സോവിയറ്റ് യൂണിയനിൽ സ്റ്റേറ്റ് മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം കേന്ദ്ര വിഷയമായി നില നിൽക്കുന്നില്ല എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ പെറ്റി ബൂർഷ്വാസിയും സ്വകാര്യ മുതലാളിത്തവും കൂടി ചേർന്നുകൊണ്ട് സ്റ്റേറ്റ് മുതലാളിത്തത്തിനും സോഷ്യലിസത്തിനുമെതിരായി സമരം ചെയ്യുകയാണ് ചെയ്യുന്നത്. എല്ലാ തരത്തിലുമുള്ള സ്റ്റേറ്റ് ഇടപെടലിനേയും കണക്കു വെക്കലിനേയും നിയന്ത്രണത്തേയും സ്റ്റേറ്റ് മുതലാളിത്തപരമായാലും സ്റ്റേറ്റ് സോഷ്യലിസമായാലും പെറ്റി ബൂർഷ്വാസി എതിർക്കുന്നു. ഇത് മനസ്സിലാക്കിയിട്ടില്ല എന്നുള്ളതാണ് ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ മുഖ്യ പാളിച്ച എന്ന് സഖാവ് ലെനിൻ പറഞ്ഞു. 'ഇടതുപക്ഷ ബാലിശത്വവും പെറ്റിബൂർഷ്വാ മനോഭാവവു'മെന്ന ലഘുലേഖയിൽ ലെനിൻ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടി. സോവിയറ്റ് യൂണിയനിൽ സോഷ്യലിസം സ്ഥാപിക്കുന്നതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ അല്ലെങ്കിൽ ഇടതുപക്ഷ വിഭാഗീയരുടെ നിലപാടുകളിൽ കണ്ട പാളിച്ചകൾ വ്യത്യസ്ത രൂപത്തിൽ ചൈനീസ് പാർട്ടിയിലും ഉയർന്നു വരികയുണ്ടായി. തിരുത്തൽ വാദം മുഖ്യ അപകടമെന്നും സോഷ്യൽ സാമ്രാജ്യത്വം ലോക ജനതയുടെ മുഖ്യശത്രു എന്നും മറ്റുമുള്ള മുൻ സി.പി.സി. നിലപാടുകളിൽ മേൽ ചൊന്നവരുടെ (ഇടതുപക്ഷ കമ്മ്യണിസ്റ്റുകളുടെ) സ്വാധീനം ദർശിക്കാവുന്നതാണ്. സോഷ്യലിസ്റ്റ് നിർമ്മാണത്തെക്കുറിച്ചും അതായത്, തൊഴിലാളി വർഗ്ഗസർവാധിപത്യത്തിൻ കീഴിലെ വർഗ്ഗ സമരത്തെക്കുറിച്ചും സോവിയറ്റ് യൂണിയനിലെ അനുഭവങ്ങളെ നിഷേധിക്കുകയും സോഷ്യലിസ്റ്റ് നിർമ്മാണത്തെക്കുറിച്ചുള്ള അജ്ഞതയും എം.എൽ. പ്രസ്ഥാനത്തിനകത്ത് ശക്തമായി നില നിന്നിരുന്നു. ഇന്നും ഇത്തരം സ്വാധീനങ്ങൾ വിഭാഗീയ വരട്ടു തത്വവാദങ്ങൾക്ക് അടിത്തറയായി മാറുന്നുണ്ട്.


ഉൽപാദനശക്തിയുടെ വികാസം സാമൂഹിക വികാസത്തിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നുള്ള മാർക്സിയൻ നിലപാടിന്‍റെ പ്രാധാന്യത്തെ മനസ്സിലാക്കുന്നതിൽ വരുത്തുന്ന അപക്വമായ സമീപനമാണ് ഇത്തരം പാളിച്ചകളുടെ മുഖ്യ കാരണം. എന്നാൽ മൗലിക പ്രാധാന്യമുള്ള ഒരു വിഷയം കൂടിയുണ്ട്. മാർക്സിയൻ ഭാതികവാദം വികസിക്കുന്നതിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഉൽപാദന ശക്തികൾക്ക് കൈ വന്ന വമ്പിച്ച വികാസം നിർണ്ണായക ഘടകങ്ങളിൽ ഒന്നായിരുന്നു എന്ന് വിസ്മരിച്ചു കൂടാ. ഒരു പുതിയ ലോകവും ഒരു പുതിയ മനുഷ്യനെയും സൃഷ്ടിക്കുന്നതിന് ഉൽപാദന ശക്തികളുടെ വികാസത്തിൽ ഊന്നേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സോഷ്യലിസ്റ്റ് നിർമ്മാണത്തിന്‍റെ ചരിത്രം നമുക്ക് വ്യക്തത നൽകുന്നുണ്ട്.


സോവിയറ്റ് യൂണിയന്‍റെ അനുഭവങ്ങളെ മുൻ നിർത്തി ലെനിൻ പറഞ്ഞു. "വിജയം നേടുന്നതിന്, സോഷ്യലിസം കെട്ടിപ്പടുക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നതിന് തൊഴിലാളിവർഗ്ഗം ദ്വിമുഖ കടമകൾ നിർവ്വഹിക്കേണ്ടതുണ്ട്. ഇതിൽ ഒന്നാമത്തേത് മൂലധനത്തിനെതിരായ വിപ്ലവ സമരത്തിൽ അദ്ധ്വാനിക്കുന്നവരും ചൂഷിതരുമായ മുഴുവൻ വിഭാഗങ്ങളേയും തൊഴിലാളി വർഗ്ഗം സ്വപക്ഷത്തേക്ക് നേടിയെടുക്കേണ്ടതുണ്ട്. ബൂർഷ്വാസിയെ മറിച്ചിടാനും അവന്‍റെ ചെറുത്തു നിൽപ്പിനെ അടിച്ചമർത്താനുമുള്ള സമരത്തിൽ മുഴുവൻ ജനങ്ങളേയും സംഘടിപ്പിച്ച് തൊഴിലാളി വർഗ്ഗം സ്വന്തം ഭാഗത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഇത് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ഉല്പാദനശക്തിയുടെ വികാസത്തിൽ ഊന്നേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ടാണ് അദ്ദേഹം മുന്നോട്ടു വക്കുന്നത്. അദ്ധ്വാനിക്കുന്നവരും ചൂഷിതരുമായ ജനവിഭാഗങ്ങളെയാകെ പുതിയ സാമ്പത്തിക വികാസത്തിന്റെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പുതിയൊരു തൊഴിൽ ശിക്ഷണവും പുതിയൊരു അദ്ധ്വാന സംവിധാനവും ആവിഷ്ക്കരിക്കുന്നതിലേക്ക് ഇവരെ ആനയിക്കണം. ഈ അദ്ധ്വാന സംവിധാനമാ കട്ടെ, ശാസ്ത്രത്തിന്റേയും മുതലാളിത്ത സാങ്കേതിക വിജ്ഞാനത്തിന്റേയും തുറയിലുണ്ടായിട്ടുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ വൻകിട സോഷ്യലിസ്റ്റ് വ്യവസായ നിർമ്മാണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വർഗ്ഗ ബോധമുള്ള തൊഴിലാളികളുടെ വിപുലമായ പങ്കാളിത്തവുമായി കൂട്ടിയോജിപ്പിക്കുന്ന ഒന്നായിരിക്കും''. കമ്യൂണിസ്റ്റ് സുബോത് നിക്കുകളെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ചു കൊണ്ടാണ് മൗലികമായ ഈ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇത് മാർക്സിന്റെ കാഴ്ചപ്പാടിനോട് അനുരോധവുമാണ്.


സോവിയറ്റ് യൂണിയന്റെ മേൽ സൂചിപ്പിച്ച അനുഭവങ്ങളെല്ലാം പുത്തൻ സാമ്പത്തിക നയങ്ങളെ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് താൽക്കാലികമായി മുന്നോട്ടു വക്കപ്പെട്ട നിഷേധാത്മകമായ അനുഭവങ്ങളാണെന്നുള്ള, സാംസ്ക്കാരിക വിപ്ലവത്തിന്‍റെ പ്രത്യേക ഘട്ടത്തിൽ ശക്തമായി ഉയർന്നുവന്ന, തെറ്റായ നിലപാടുകൾ വിട്ടുവീഴചയില്ലാതെ എതിർക്കപ്പെടേണ്ടതുണ്ട്. ഒക്ടോബർ വിപ്ലവത്തിന്‍റെ നാലാം വാർഷികത്തിൽ എഴുതിയ ലേഖനത്തിൽ പുതിയ സാമ്പത്തിക നയത്തെക്കുറിച്ച് ലെനിൻ ഇപ്രകാരം പറയുന്നു. "തൊഴിലാളി വർഗ്ഗ ഭരണകൂടം ജാഗ്രതയും ശുഷ്കാന്തിയും കൗശലവുമുള്ള ഒരു ബിസിനസ്സുകാരനാകണം. ഒരു കണിശക്കാരനായ മൊത്തവ്യാപാരിയാകണം. അല്ലാത്ത പക്ഷം ഈ ചെറുകിട രാജ്യത്തെ സാമ്പത്തികമായി സ്വന്തം കാലിൽ നിർത്താൻ അതിനെക്കൊണ്ടൊരിക്കലും കഴിയുകയില്ല. നിലവിലുള്ള സാഹചര്യങ്ങളിൽ, മുതലാളിത്തപരമായ പടിഞ്ഞാറൻ രാജ്യങ്ങളോടൊപ്പം നാം കഴിയുന്ന സ്ഥിതിക്ക് കമ്മ്യൂണിസത്തിലേക്ക് മുന്നേറാൻ മറ്റു മാർഗ്ഗമില്ല.‘മൊത്ത വ്യാപാരി’ എന്ന സാമ്പത്തിക ജാതിയും കമ്യൂണിസവും തമ്മിൽ സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അകലമുണ്ട്. പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഒരു ചെറുകിട കർഷക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സ്റ്റേറ്റ് മുതലാളിത്തം വഴി സോഷ്യലിസത്തിലേക്ക് ആനയിക്കുന്നതിന്‍റെ വൈരുദ്ധ്യങ്ങളിൽ ഒന്നാണിത്. വ്യക്തിപരമായ ഉത്തേജനം ഉൽപാദനത്തെ വികസിപ്പിക്കും. നമ്മുടെ പ്രാഥമിക ചുമതലയാകട്ടെ ഏതു വിധേനയും ഉൽപാദനം വർദ്ധിപ്പിക്കുക എന്നതാണു താനും മൊത്തവ്യാപാരം സാമ്പത്തികമായി ലക്ഷക്കണക്കിനുള്ള ചെറുകിട കർഷകരെ യോജിപ്പിക്കുന്നു. അതവർക്ക് വ്യക്തിപരമായ ഉത്തേജനം നൽകുകയും അവരെ കൂട്ടിയിണക്കുകയും അടുത്ത പടിയിലേക്ക് – അതായത് ഉൽപ്പാദന പ്രക്രിയയിൽ തന്നെ വിവിധ രൂപത്തിലുള്ള ബന്ധങ്ങളും സഖ്യങ്ങളും സ്ഥാപിക്കുന്നതിലേക്ക്- അവരെ നയിക്കുകയും ചെയ്യുന്നു.


സോഷ്യലിസ്റ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൗതിക പ്രചോദനത്തെ പാടെ നിഷേധിക്കുന്ന ഒരു പ്രവണത ചൈനയിൽ ഉയർന്നു വന്നു. അത് മാർക്സിസത്തിന് അന്യവും റിവഷനിസത്തിന്‍റെ ദൃഷ്ടാന്തവുമായി സാംസ്ക്കാരിക വിപ്ലവത്തിന്‍റെ ഘട്ടത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭൗതിക പ്രചോദനം നൽകുക എന്നുള്ളത് മുതലാളിത്ത രീതിയായി നോക്കിക്കാണുന്നതു വഴി വർഗ്ഗസമരത്തേയും ഉൽപാദനശക്തികളുടെ വികാസത്തേയും മറ്റും നിഷേധിക്കുന്നതിലേക്കാണ് ചെന്നെത്തിയത്. കെ. വേണുവിന്‍റെ ‘വിപ്ലവത്തിന്‍റെ ദാർശിനിക പ്രശ്നങ്ങളി’ ലും ‘മുതലാളിത്ത പാതയും സോഷ്യലിസ്റ്റ് പാത’യും എന്ന അദ്ദേഹത്തിന്‍റെ മറ്റൊരു കൃതിയിലും മറ്റും ഇത്തരം മാർക്സിസ്റ്റേതര ആശയങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. സാർവ്വ ദേശീയ തലത്തിലും ഇന്ത്യയിലും ഈ ആശയങ്ങളുടെ ദുഃസ്വാധീനം എം. എൽ ഗ്രൂപ്പുകൾക്കകത്ത് ഇന്നും നില നിൽക്കുന്നുണ്ട്. മാവോയിസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ഉയർത്തിപ്പിടിക്കുന്ന എം എൽ ഗ്രൂപ്പുകളിൽ പലതും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വർത്തമാന പ്രയോഗങ്ങളിലും ദൈനംദിന വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളിലും പോലും ഇത്തരം സമീപനങ്ങളുടെ സ്വാധീനം പ്രകടമാണ്.


ഈ പശ്ചാത്തലത്തിൽ മാവോയിസത്തിന്‍റെ പേരിൽ പ്രചരിപ്പിക്കപ്പടുന്ന ഇത്തരം ആശയങ്ങളെ എതിർത്തു പരാജയപ്പെടുത്തേണ്ടത് അടിയന്തിരാവശ്യമാണ്. മാവോയിസത്തിന്‍റെയും മറ്റും പേരിൽ ഇന്ന് സംഘടിത തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ ദുർബ്ബലപ്പെടുത്താനും വിപ്ലവ പ്രസ്ഥാനത്തിന് അവമതി ഉണ്ടാക്കാനും ചില ചെറുസംഘങ്ങൾ നടത്തുന്ന ശ്രമങ്ങളെ നാം ഗൗരവപൂർവ്വം നോക്കിക്കാണേണ്ടതുണ്ട്. ആഗോളവത്ക്കരണത്തിന്റേയും വർഗ്ഗീയ ഫാസിസത്തിന്റേയും ശക്തികൾ ഇത്തരം പ്രസ്ഥാനങ്ങളെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ശക്തികളെ അടിക്കുവാനുള്ള വടിയായി ഉപയോഗിക്കുമെന്നുള്ളതുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ ഇവക്കെതിരെ ആശയസമരം നടത്തുകയും അവയിലുള്ളടങ്ങിയ പ്രതിലോമപരതയെ തുറന്നുകാട്ടുകയും ചെയ്യേണ്ടതുണ്ട്.
                                              -------------