ഇന്ത്യൻ സ്വാതന്ത്ര്യസമരവും തൊഴിലാളി വര്‍ഗ്ഗവും by എം.കെ. തങ്കപ്പൻ




ഇന്ത്യൻ  സ്വാതന്ത്ര്യസമരവും തൊഴിലാളി വര്‍ഗ്ഗവും

by എം.കെ. തങ്കപ്പൻ

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ തൊഴിലാളി വര്‍ഗ്ഗവും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും വഹിച്ച പങ്കും അനുഭവിച്ച ത്യാഗവും മറച്ചു വച്ചുകൊണ്ടാണ് ബൂര്‍ഷ്വാസിയും അവരുടെ ചരിത്രകാരന്മാരും സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ എഴുതിയിരിക്കുന്നത്. ഇത് രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിന് വിശദീകരിച്ചുകൊടുക്കേണ്ടത് തൊഴിലാളിവർഗ്ഗ നിലപാടുള്ള പാർട്ടികളുടേയും ട്രേഡ് യൂണിയനുകളുടേയും ചുമതലയാണ്. ദേശീയ പ്രസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഉണ്ടായിരുന്നെങ്കിലും നേതൃത്വം ബൂര്‍ഷ്വാസിയുടെ കയ്യിലായിരുന്നതുകൊണ്ട് സ്വാതന്ത്ര്യ സമര വിജയത്തിന്റെ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതില്‍ അവരാണു വിജയിച്ചത്.

ട്രേഡ് യൂണിയൻ രൂപം കൊള്ളുന്നു

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ രാജ്യത്തെ സംഘടിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനം രൂപം കൊണ്ടത്. ഇന്‍ഡ്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ, മുംബൈയിലെ തുണി മില്‍ തൊഴിലാളികളും പശ്ചിമ ബംഗാളിലെ ചണമില്‍ തൊഴിലാളികളും ആസ്സാമിലെ തേയിലത്തോട്ടം തൊഴിലാളികളുമൊക്കെ കടുത്ത സാമ്രാജ്യത്വ ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ സ്വമേധയാ നിരവധി സമര പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. സമരം നയിച്ച നേതാക്കളേയും തൊഴിലാളികളേയും  ബ്രിട്ടീഷ് മുതലാളിമാരുടെ ഗുണ്ടകള്‍ കൊന്നു തള്ളി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  കേരളത്തിലെ തോട്ടം തൊഴിലാളികളും നേതാക്കളും ഇതു പോലെ കൊലപ്പെടുത്തപ്പെട്ടിട്ടുണ്ട്.

വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ബ്രിട്ടനിലെ തൊഴിലാളികള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇന്‍ഡ്യയിലെ ആദ്യകാല തൊഴിലാളികളും അനുഭവിച്ചിട്ടുണ്ട്.

18-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ വാണിജ്യ മുതലാളിത്തത്തില്‍ നിന്നും വ്യവസായ മുതലാളിത്തത്തിലേക്കു മാറിയ ബ്രിട്ടീഷ് ബൂര്‍ഷ്വാസിയുടെ ആവശ്യ പ്രകാരം  ഈസ്റ്റ് ഇന്‍ഡ്യ കമ്പനിക്ക് ഉണ്ടായിരുന്ന വ്യാപാര കുത്തക ബ്രിട്ടീഷ് സര്‍ക്കാര്‍ 1813 ല്‍ അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വ്യാപാരികള്‍ അവരുടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഇന്‍ഡ്യയില്‍ കൊണ്ടുവന്ന് വലിയ വിലക്ക് വിറ്റഴിക്കാനും ഇന്ത്യയിൽ നിന്നും അസംസ്‌കൃത വസ്തുക്കള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി സ്വന്തം നാട്ടിലേക്ക് കയറ്റി അയ്ക്കാനും തുടങ്ങി. ഇതിനു വേണ്ടി ബ്രിട്ടീഷുകാര്‍ 1853 ല്‍ റെയില്‍വേ ഗതാഗതം ഇന്‍ഡ്യയില്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ടെക്‌സ്റ്റയില്‍സ്, ചണം എന്നിവ ഉൾപ്പെടെ പല വ്യവസായങ്ങളും  വളരുകയും അതോടൊപ്പം തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ഒന്നാം ലോകയുദ്ധം തുടങ്ങുമ്പോള്‍ പത്തിലധികം തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന 10 ലക്ഷം തൊഴിലാളികള്‍ ഇന്ത്യയിൽ ഉണ്ടായിരുന്നു.

ഇന്‍ഡ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തേയും രാജ്യത്തേയും കൊള്ളയടിച്ചുണ്ടാക്കിയ സമ്പത്തായിരുന്നു ബ്രിട്ടീഷ് ബൂര്‍ഷ്വാസിയുടെ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുവാനുള്ള മൂലധന സ്രോതസ്സ്. ഇതിനു വേണ്ടി അവര്‍ തൊഴില്‍ സമയം12 മണിക്കൂറിലധികമാക്കുകയും വ്യവസ്ഥകൾ ഒന്നുമില്ലാതെ പണിയെടുപ്പിക്കുകയും ചെയ്തു . തൊഴില്‍ സ്ഥിരത ഇല്ലായിരുന്നു. വേതനം തുച്ഛമായിരുന്നു. മലിനവും അനാരോഗ്യകരവുമായ അന്തരീക്ഷത്തിലാണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നത്.

തൊഴിലാളികൾ സമരരംഗത്ത് 


ദു:സഹമായ ഈ അവസ്ഥയില്‍ മാറ്റം വരുത്താനും തൊഴില്‍ സമയം ദിവസം 8 മണിക്കൂറായി നിജപ്പെടുത്താനും വേണ്ടി 1862 ല്‍ ഹൗറ റെയില്‍വേ സ്റ്റേഷനിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കാണ് ഇന്‍ഡ്യയിലെ തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം. 1873 ല്‍ നാഗ്പൂരിലെ എംപ്രസ്സ് മില്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് ശ്രദ്ധേയമായിരുന്നു. ബംഗാള്‍ വിഭജിച്ചുകൊണ്ട് ഗവണ്‍മെന്റ് ഇറക്കിയ നോട്ടിഫിക്കേഷന്‍ ഗസറ്റില്‍ അച്ചടിക്കാന്‍ കല്‍ക്കത്ത ഗവ. പ്രസ്സിലെ തൊഴിലാളികള്‍ വിസമ്മതിച്ചു.  

1885 ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചുവെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ ബോധം വളര്‍ത്താന്‍ സഹായമായ നടപടികളൊന്നും അത് സ്വീകരിച്ചിരുന്നില്ല. 1905 ല്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും സമര രൂപത്തിലും സമര രീതിയിലും വലിയ മാറ്റങ്ങളുണ്ടായി. ഹര്‍ജികള്‍ക്കും പ്രമേയങ്ങള്‍ക്കും പകരം പ്രസ്ഥാനം ഉശിരന്‍ സമരങ്ങളിലേക്ക് കടന്നു. ബാലഗംഗാധര തിലകന്‍, ലാല ലജ്പത് റോയ്, അരവിന്ദഘോഷ് തുടങ്ങിയവര്‍ ഉശിരന്‍ ദേശീയതയുടെ വക്താക്കളായി മാറിയ കാലഘട്ടമാണ് അത്. 'ഭീകരപ്രസ്ഥാന'ങ്ങളുടേതായി അറിയപ്പെട്ട ഇക്കാലത്താണ് സമര പ്രക്ഷോഭങ്ങളില്‍ മുന്നേറ്റമുണ്ടായതും നഗരങ്ങളിലെ പെറ്റി ബൂര്‍ഷ്വാസി സമരങ്ങളില്‍ ആകൃഷ്ടരായതും.

ഈ ബഹുജന സമരങ്ങളെ  തകര്‍ക്കാന്‍ വൈസ്രോയി കഴ്‌സണ്‍ പ്രഭു ആസൂത്രണം ചെയ്തതാണ് 1905 ലെ ബംഗാള്‍ വിഭജനം. മൊത്തം ജനങ്ങള്‍ ബംഗാള്‍ വിഭജനത്തെ എതിർക്കുകയും ജനകീയ പ്രക്ഷോഭത്തിൽ ബംഗാൾ ഇളകി മറിയുകയും ചെയ്തു. തൊഴിലാളികളില്‍ കുറേ പേര്‍ ഈ സമരത്തില്‍ പങ്കെടുത്തു.

ഇന്‍ഡ്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ രാഷ്ട്രീയ പണിമുടക്കു സമരം നടന്നത് 1908 ലാണ്. ദേശീയ നേതാവായ ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചപ്പോള്‍ മുംബൈയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ കൊടികള്‍ ഉയര്‍ത്തി. ശിക്ഷയുടെ ഓരോ വര്‍ഷത്തിനും ഓരോ ദിവസം എന്ന കണക്കില്‍ മുംബൈയിലെ രണ്ടു ലക്ഷത്തിലധികം വരുന്ന ടെക്‌സ്റ്റൈയില്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി 6 ദിവസം പണിമുടക്കി. ഐതിഹാസികമായ ഈ സമരത്തെ സഖാവ് ലെനിന്‍  ഇങ്ങനെ പ്രകീര്‍ത്തിച്ചു. ''വര്‍ഗ്ഗബോധത്തോടെ ഒരു രാഷ്ട്രീയ ബഹുജന സമരം നടത്താന്‍ ആവശ്യമായ അത്ര പക്വത ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ആര്‍ജ്ജിച്ചിരിക്കുന്നു''.  

ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ  ഇതേ കാലത്ത് തമിഴ് നാട്ടില്‍ ചിദംബരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തൊഴിലാളി സമരങ്ങളെ സര്‍ക്കാര്‍ ഭീകര സായുധ മര്‍ദ്ദനമുറകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തി. ചൂഷണത്തിനെതിരെ സംഘടിക്കുന്നതും സമരം ചെയ്യുന്നതും രാജ്യദ്രോഹമായി പ്രഖ്യാപിച്ച് തൊഴിലാളികളേയും നേതാക്കളേയും മര്‍ദ്ദിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നതു പതിവായി മാറി. ഇതിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നു വന്ന പ്രതിഷേധവും അസംതൃപ്തിയും കൂട്ടായി പ്രകടിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ സമര രംഗത്തിറങ്ങി.

കൊളോണിയൽ വാഴ്ചക്കെതിരെ  ട്രേഡ് യൂണിയനുകൾ


1914 ല്‍ ഒന്നാം ലോകയുദ്ധക്കാലത്ത് ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വേതന വര്‍ദ്ധന ഉണ്ടായില്ല. ഇതിനെതിരെ വ്യവസായ കേന്ദ്രങ്ങളില്‍ പണിമുടക്കുകളുടെ വേലിയേറ്റം തന്നെ ഉണ്ടായി. റൗലറ്റ് ആക്ടിനെതിരേയും ജാലിയന്‍വാലബാഗ് കൂട്ടക്കൊലക്കെതിരേയും രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭ സമരങ്ങളില്‍ തൊഴിലാളികളും പങ്കു ചേര്‍ന്നു.

1905 ആഗസ്റ്റില്‍ ആരംഭിച്ച, ദേശീയ ചരക്കു ബഹിഷ്‌ക്കരണ പരിപാടിക്ക് ഇന്‍ഡ്യന്‍ ബൂര്‍ഷ്വാസിയില്‍ നിന്ന് നല്ല പിന്തുണ കിട്ടി. ഇതിന്റെ നേട്ടം കൊയ്തത് അവരായിരുന്നു.. നാടന്‍ ചരക്കുകളുടെ വില 8% കൂട്ടി. വിദേശ ചരക്കുകള്‍ക്ക് 35% വില കുറച്ചു. ഈ ബഹിഷ്‌ക്കരണ പരിപാടിയുടെ കാലത്താണ് 'സ്വരാജ്' എന്ന ആശയം മുന്നോട്ടു വന്നത്.

ഒന്നാം ലോകയുദ്ധത്തിനു ശേഷമാണ് ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ നേതാവാകുന്നത്.1919 - 22 കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനം ബഹുജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. അതോടൊപ്പം 1917 ല്‍ റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവവും സോവിയറ്റ് യൂണിയന്റെ രൂപീകരണവും ലോക വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉത്തേജനം ഇന്‍ഡ്യയിലെ തൊഴിലാളി പ്രസ്ഥാനത്തിനും ട്രേഡ് യൂണിയനുകള്‍ക്കും പുതിയ ശക്തി നല്‍കി.

ഇതേ കാലഘട്ടത്തില്‍ തന്നെയാണ് വലതു പക്ഷ പിന്തിരിപ്പന്‍ സംഘടനകളായ ഹിന്ദു മഹാസഭയും മുസ്ലീം ലീഗും രൂപീകരിക്കപ്പെട്ടത്. ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധാരയില്‍ നിന്നും ഹിന്ദു മതമൗലിക വാദികളും ആര്‍ എസ് എസ്സും മാറി നിന്നു. മുസ്ലീങ്ങളില്‍ വലിയ വിഭാഗം പൊതു പ്രസ്ഥാനത്തില്‍ നിന്നകന്നു പോകുകയും മുസ്ലീം ലീഗിന്റെ പിന്നില്‍ അണി നിരക്കുകയും ചെയ്തു.

സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹിക മാറ്റം എന്ന കാഴ്ചപ്പാട് ജനങ്ങള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും വേരോടിയത് ഇക്കാലത്താണ്. തങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ് ഈ വിഭാഗമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം  കമ്മ്യൂണിസ്റ്റുകാരെ മൃഗീയമായി വേട്ടയാടി. ബോംബെയിലെ തൊഴിലാളികള്‍ ബാലഗംഗാധര തിലകന്റെ ചരമ വാര്‍ഷികം ആചരിച്ചത്  പണിമുടക്കിയിട്ടായിരുന്നു. അതേ തൊഴിലാളികള്‍ വെയില്‍സ് രാജകുമാരന്റെ ഇന്‍ഡ്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും പണിമുടക്കി പ്രകടനം നടത്തി.

കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നു


ദക്ഷിണ സോവിയറ്റ് നഗരമായ താഷ്‌ക്കന്റില്‍ വെച്ച് 1920 ഒക്‌ടോബര്‍ 17 ന് എം. എന്‍. റോയ് വിളിച്ചു കൂട്ടിയ യോഗം ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ/ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് പുതിയ ഒരു ഉണർവ്വ് നൽകി.

ഇക്കാലത്താണ് തൊഴിലാളികള്‍ക്ക് ഒരു കേന്ദ്ര സംഘടന ഉണ്ടാകേണ്ടതിന്റെ ആവശ്യകത ദേശീയ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടത്. 1920 ഒക്‌ടോബര്‍ 31 ന് മുംബൈയില്‍ വിളിച്ചു കൂട്ടിയ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ  യോഗം എ.ഐ.ടി.യു. സി രൂപീകരിച്ചു.  സാമ്പത്തിക ആവശ്യങ്ങള്‍ക്കു വേണ്ടി പോരാടുന്നതിനു മാത്രമല്ല  ഈ സംഘടന രൂപീകരിച്ചതെന്ന് അതിന്റെ നയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. തൊഴിലാളികൾ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ സംഘടിക്കുന്നതോടൊപ്പം വിദേശ ഭരണത്തെ ഇന്‍ഡ്യയില്‍ നിന്ന് കെട്ടു കെട്ടിക്കുക എന്നത് എ.ഐ.ടി.യു സിയുടെ ലക്ഷ്യമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. അതിനു വേണ്ടി രംഗത്തിറങ്ങാന്‍ തൊഴിലാളികളോട് സമ്മേളനം ആഹ്വാനം ചെയ്തു.

1917 ലെ ഒക്‌ടോബര്‍ വിപ്ലവവും ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവും സ്വാതന്ത്ര്യസമര ചരിത്രത്തെ സ്വാധീനിച്ച രണ്ടു സുപ്രധാന സംഭവ വികാസങ്ങളാണ്. ഇന്‍ഡ്യയില്‍ സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിക്കലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം എന്നത് അതിന്റെ രൂപീകരണ വേളയില്‍ തന്നെ പ്രഖ്യാപിച്ചതാണ്. അത് സ്ഥാപിക്കാന്‍ ആദ്യം വേണ്ടത് വിദേശ ഭരണം തൂത്തെറിയലാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കടമ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായ സമരമാണ്. ഈ രാഷ്ട്രീയ ബോദ്ധ്യവുമായി താഷ്‌ക്കെന്റില്‍ നിന്നും ഇന്‍ഡ്യയിലേക്കു മടങ്ങിയ കമ്മ്യൂണിസ്റ്റ്കാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് കെട്ടിച്ചമച്ച കേസായിരുന്നു പെഷവാര്‍ ഗൂഢാലോചന കേസ്. ബ്രീട്ടീഷ്  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു അവരുടെ പേരിൽ ചുമത്തിയ ആരോപണം. അറസ്റ്റിലായവരെ പുറത്തു വച്ചും ജയിലില്‍ വെച്ചും ഭീകരമായി മര്‍ദ്ദിക്കുകയും വിവിധ കാലയളവുകളിലേക്ക് ശിക്ഷിക്കുകയും ചെയ്തു. ഇതാണ് ഇന്‍ഡ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന കേസ്. കേസിനോടൊപ്പം കമ്മ്യൂണിസ്റ്റുകാരെ ഭീകര മര്‍ദ്ദനങ്ങൾക്ക് ഇരകളാക്കുകയും അവരുടെ മേൽ നിരവധിയായ കള്ളക്കേസുകൾ ചുമത്തുകയും ചെയ്തു.

ഇന്‍ഡ്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് ശരിയായ ദിശ ചൂണ്ടിക്കാണിച്ചു കൊടുത്തത് കമ്മ്യൂണിസ്റ്റുകാർ ആണെന്നതും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ അവർക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നതും ബൂര്‍ഷ്വാ ചരിത്രത്തില്‍ ഇല്ല. 

ഈ കാലത്താണ് തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ സോഷ്യലിസ്റ്റ് ബോധം വളരാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മകമായ സമരത്തിനു പകരം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ബഹുജന സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി സോഷ്യലിസ്റ്റ് ശക്തികള്‍ നടത്തിയ ശ്രമങ്ങൾ സ്വാതന്ത്ര്യകാംക്ഷികളായ ജനങ്ങളെ ആകര്‍ഷിച്ചു. ബ്രിട്ടന്റെ ''പുത്രികാ രാജ്യ പദവി'' എന്ന നിര്‍ദ്ദേശം കമ്മൂണിസ്റ്റുകാര്‍ തള്ളിക്കളയുകയും പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തൊഴിലാളികള്‍ക്കിടയില്‍ സോഷ്യലിസ്റ്റ് ബോധം ശക്തിപ്പെട്ടുവന്നത്.

പെഷവാര്‍ ഗൂഢാലോചന കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ ഇന്‍ഡ്യയിലെ ചെറു നഗരങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു.  ഇതിലെ അംഗങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകരായിരുന്നു കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സ് അംഗീകരിച്ച കോളോണിയല്‍ തിസീസ് അവര്‍ക്ക് വഴികാട്ടിയായി. കോളനികളിലും അര്‍ദ്ധ കോളനികളിലും സാമ്രാജ്യ വിരുദ്ധ സമരത്തില്‍ ദേശീയ ബൂര്‍ഷ്വാസിയെ കൂടി ഉള്‍പ്പെടുത്തി സാമ്രാജ്യത്വ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കണമെന്നും മുന്നണിയിലേക്ക് കര്‍ഷകരെ കൂടി കൊണ്ടുവരാന്‍ കാര്‍ഷിക വിപ്ലവത്തിന്റെ മുദ്രാവാക്യം മുന്നോട്ടു വയ്ക്കണമെന്നും ഈ തിസീസില്‍ പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശ പ്രകാരമാണ്  തൊഴിലാളികളുടേയും മറ്റു ജനവിഭാഗങ്ങളുടേയും ഒപ്പം കൃഷിക്കാരേയും സംഘടിപ്പിച്ചത്. 

1919 - 22 കാലത്ത് ദേശീയ പ്രസ്ഥാനം രാജ്യത്തെ ആകെ ഇളക്കി മറിച്ചു. എന്നാല്‍ ബഹുജന സമരം കെട്ടഴിച്ചു വിടാന്‍ ബൂര്‍ഷ്വാ നേതൃത്വം തയ്യാറായിരുന്നില്ല. തട്ടിയുണര്‍ത്തപ്പെട്ട കര്‍ഷകര്‍ സ്വാതന്ത്ര്യ സമരത്തെ കണ്ടത് ഒരു അമൂര്‍ത്തപ്രശ്‌നമായിട്ടായിരുന്നില്ല. തങ്ങൾ അനുഭവിക്കുന്ന യാതനകളിലും ഫ്യൂഡല്‍ മര്‍ദ്ദനങ്ങളിലും ബ്രിട്ടീഷ് പോലീസിന്റെ അടിച്ചമര്‍ത്തലുകളിലും നിന്നു മോചിതരാവാനുള്ള പോംവഴി കാണാനാണ് കര്‍ഷകര്‍ ദേശീയ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്.

ഇക്കാലത്താണ് വടക്കൻ കേരളത്തിൽ 'മാപ്പിള ലഹള' എന്ന പേരില്‍ അറിയപ്പെടുന്ന 1921 ലെ മലബാര്‍ കലാപവും ആന്ധ്രയിലും മറ്റു നിരവധി പ്രദേശങ്ങളിലും കാര്‍ഷിക കലാപങ്ങളുമുണ്ടായത്. വിദേശഭരണത്തില്‍ നിന്നുള്ള മോചനത്തൊടൊപ്പം കാര്‍ഷിക പ്രശ്‌നത്തിനു പരിഹാരം കാണുക (കൃഷിഭൂമി കര്‍ഷകര്‍ക്ക് ലഭിക്കുക) എന്ന കാഴ്ചപ്പാടും കര്‍ഷകര്‍ക്കിടയില്‍ രൂപം കൊണ്ടു. അതിന്റെ പ്രകടിത രൂപമായിട്ടാണ് യു.പിയിലെ ഗൊരഖ്പൂര്‍ ജില്ലയില്‍ ഏതാനും പോലീസുകാര്‍ വധിക്കപ്പെട്ടതും ചൗരി ചൗരാ സംഭവമുണ്ടായതും. ആ സംഭത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സ് സമരം നിര്‍ത്തിവച്ചത് ജനങ്ങളെ ആകെ നിരാശരാക്കി. സമരം മുന്നോട്ടു കൊണ്ടുപോകുവാന്‍ ആഗ്രഹിച്ച ചിലര്‍, വിശേഷിച്ചും യുവാക്കളും തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടരായി. ദേശീയ വിപ്ലവകാരികള്‍ മാര്‍ക്‌സിസം - ലെനിനിസത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തങ്ങള്‍ ധീരോദാത്തമായി നിരവധി സമരപോരാട്ടങ്ങള്‍ നടത്തുകയും ത്യാഗം അനുഷ്ഠിക്കുകയും ചെയ്തിട്ടും ബ്രിട്ടീഷ് ഭരണത്തിനെതിരെ ബഹുജനങ്ങളെ തട്ടിയുണര്‍ത്താന്‍ അവ പര്യാപ്തമായില്ല എന്നതു മനസ്സിലാക്കിയ ദേശീയ വിപ്ലവകാരികളാണ്  സിപിഐ ക്ക് രൂപം കൊടുത്തത്.
പണിമുടക്കു സമരങ്ങളുടേയും ജന്മിത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടേയും ഹര്‍ത്താലുകളുടേയും വേലിയേറ്റത്തിലൂടെ പ്രകടമായ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും കര്‍ഷകരുടേയും വിദ്യാര്‍ത്ഥികളുടേയും ഉണര്‍വ്വിന്റെ തീച്ചൂളയിലൂടെയാണ് സി പി ഐ പിറവിയെടുത്തത്.  ഇതാണ്  എ ഐ ടി യു സി  രൂപീകരണത്തിന്റെ ചരിത്ര പശ്ചാത്തലം. സ്വാതന്ത്ര്യ സമരത്തിന്റെ വികാസത്തില്‍  തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് ബോധവാന്മാരായ കമ്മ്യൂണിസ്റ്റുകാരാണ് അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചത്. അവരാണ് ഇന്‍ഡ്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും കര്‍ഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന്റെ കേന്ദ്രമായും കുന്തമുനയായും പ്രവര്‍ത്തിച്ചത്. അവര്‍ വിപുലമായി സ്വാതന്ത്ര്യസമരത്തിലേക്ക് കര്‍ഷകരേയും തൊഴിലാളികളേയും കൊണ്ടുവരികയും അവരെ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിയ്ക്കുകയും ചെയ്തു. സിപിഐ രൂപീകരണത്തെ തുടര്‍ന്ന് വിപ്ലവപ്രസ്ഥാനങ്ങളിലുള്ള സജീവ പ്രവര്‍ത്തകരുടെ മിക്ക ധാരകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒഴുകിച്ചേരുകയുണ്ടായി.

ഇന്‍ഡ്യയില്‍ സാമ്രജ്യത്വ ഭരണത്തിനെതിരായി പ്രവര്‍ത്തിച്ച ദേശീയ വിപ്ലവ പ്രസ്ഥാനത്തേയും ഭഗത് സിങ്ങ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികൾ നടത്തിയ സായുധ സമര പോരാട്ടങ്ങളേയും ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ 'ഭീകരപ്രസ്ഥാനം' എന്നാണ് വിളിച്ചിരുന്നത്.

 ഗൂഢാലോചനക്കേസുകൾ


1924 ലെ പെഷവാര്‍ ഗൂഢാലോചന കേസിലും 1929 ലെ കാണ്‍പൂര്‍ ഗൂഢാലോചന കേസിലും പ്രതികളാക്കപ്പെട്ടത് എ ഐ ടി യു സിയുടെ പ്രധാന നേതാക്കളായിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി പ്രക്ഷോഭങ്ങളുണ്ടായി.  മേല്‍പ്പറഞ്ഞ രണ്ടു കേസുകളിലേയും പ്രതികളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമര പ്രക്ഷോഭങ്ങള്‍ നടത്തിയതാണ് മീററ്റ് ഗൂഢാലോചന കേസിന്റെ അടിസ്ഥാനം. നിരവധി നേതാക്കള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ചു. മീററ്റ് കേസിന് സാര്‍വ്വദേശീയ തലത്തില്‍ തന്നെ ശ്രദ്ധയും പിന്തുണയും ലഭിച്ചു. 1930 ലെ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി പെഷവാറില്‍ സമാധാനപരമായി പ്രകടനം നടത്തിയ ജനങ്ങള്‍ക്കു നേരെ വെടി വയ്ക്കാനുള്ള സര്‍ക്കാരിന്റെ കല്‍പ്പന ചന്ദ്രസിങ്ങ് ഗെഡ്‌വാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പട്ടാളക്കാര്‍ നടപ്പിലാക്കാന്‍ കൂട്ടാക്കിയില്ല.  ഇതു ജനങ്ങള്‍ക്കിടയില്‍ സാമ്രാജ്യവിരുദ്ധ വികാരം ഇളക്കിവിടാന്‍ സഹായിച്ചു. ഭഗത് സിങ്ങിന്റെ  സഹപ്രവര്‍ത്തകരും ചിറ്റഗോങ്ങ് ആയുധപ്പുര ആക്രമണത്തില്‍ പങ്കെടുത്തവരുമായ സഖാക്കൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് രജനി പാമിദത്ത്  ഇന്‍ഡ്യയിലെ തൊഴിലാളി പ്രസ്ഥാനത്തേയും നേതാക്കളേയും പ്രവര്‍ത്തകരേയും തന്റെ ലേഖനങ്ങളിലൂടെ ആവേശം കൊള്ളിച്ചു.

ഷോലാപ്പൂർ കമ്യൂണും തൊഴിലാളികളും


1930 ന്റെ തുടക്കത്തില്‍ ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലും ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പുകൾ ഉണ്ടായി. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ മഹാരാഷ്ട്രയുടെ ഭാഗമായ ഷോലാപ്പൂരില്‍ സമരം ചെയ്ത തൊഴിലാളികള്‍ കലാപത്തിലൂടെ നഗരം പിടിച്ചെടുത്തത്. പോലീസിനേയും പട്ടാളത്തേയും നഗരത്തില്‍ നിന്ന് പുറത്താക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉയര്‍ത്തിയിരുന്ന ബ്രിട്ടന്റെ യൂണിയന്‍ ജാക്കിനു പകരം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. മൂന്നു ദിവസം നഗരത്തിന്റെ ഭരണം തൊഴിലാളികള്‍ നടത്തി. നഗരത്തില്‍ പട്ടാള ഭരണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒട്ടേറെ തൊഴിലാളികളേയും ദേശാഭിമാനികളേയും വെടി വച്ചു കൊന്നു. നിരവധി പേരെ തടവിലാക്കുകയും 4 ട്രേഡ് യൂണിയന്‍ നേതാക്കളെ തൂക്കിക്കൊല്ലുകയും ചെയ്തു.

ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ഇന്‍ഡ്യന്‍ ജനതയെ അണിനിരത്തിയ പ്രമുഖ നേതാക്കളായ ലോകമാന്യതിലകനും ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസുമൊക്കെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിലും സ്വാധീനം ചെലുത്തി. നെഹ്രുവും സുഭാഷ് ചന്ദ്രബോസും എഐടിയുസിയുടെ പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തില്‍ ട്രേഡ് യൂണിയന് എത്ര പ്രാധാന്യമാണ് ഉണ്ടായിരുന്നതെന്ന് ഇതു വെളിവാക്കുന്നുണ്ട്. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃതലത്തിലേക്കു വരാവുന്ന നിലയില്‍ വളരാന്‍ ബൂര്‍ഷ്വാ നേതാക്കള്‍ അനുവദിച്ചില്ല.

1936 ല്‍ രൂപീകരിച്ച അഖിലേന്ത്യാ കിസാന്‍ സഭ ഉശിരന്‍ കര്‍ഷക പ്രസ്ഥാനമായി വളര്‍ന്നത് കമ്മ്യൂണിസ്റ്റുകാരുടെ നിര്‍ണ്ണായകമായ സ്വാധീനഫലമായിട്ടാണ്. സ്വാതന്ത്ര്യസമര കാലത്തെ ഫ്യൂഡല്‍ അടിച്ചമര്‍ത്തലിനെതിരെ നടന്ന പല പോരാട്ടങ്ങളും നടത്തിയതിൽ പ്രധാന പങ്കു വഹിച്ചത് കിസാന്‍ സഭയാണ്.

പൂർണ്ണ സ്വാതന്ത്ര്യം: കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം 


1921 ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദാബാദ് സമ്മേളനത്തില്‍ ഹസ്‌റത്ത് മൊഹാനി (സി പി ഐ യുടെ സ്ഥാപക സമ്മേളനത്തില്‍ അധ്യക്ഷന്‍) പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. നിരുത്തവാദപരവും അപ്രായോഗികവും എന്നു പറഞ്ഞ് ഗാന്ധിജി അതു തള്ളിക്കളഞ്ഞു. 1922 ല്‍ ശിങ്കാര വേലു ചെട്ടിയാര്‍ (അദ്ദേഹം കാണ്‍പൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ അദ്ധ്യക്ഷന്‍) പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം ആവര്‍ത്തിച്ചു. മാത്രവുമല്ല, സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മാനിഫെസ്റ്റോ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ക്കു വിതരണം ചെയ്തു. അതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടൊപ്പം വിദേശ മൂലധനം കണ്ടു കെട്ടുക, വന്‍കിട വ്യവസായങ്ങള്‍ ദേശസാത്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുണ്ടായിരുന്നു. ഇത്തരം ആവശ്യങ്ങള്‍ ഇന്‍ഡ്യയില്‍ ആദ്യമായി ഉന്നയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഈ ആവശ്യങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ എ ഐ ടി യു സി യില്‍ ചേര്‍ന്ന് സജീവമായി പ്രവര്‍ത്തനമാരംഭിക്കുകയും എ ഐ ടി യു സി ശക്തിപ്പെടുകയും ട്രേഡ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വര്‍ദ്ധിക്കുകയും ഉണ്ടായി. കമ്മ്യൂണിസ്റ്റുകാരുടെ വളര്‍ച്ച തടയുവാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ കാണ്‍പൂര്‍ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചു.

1926 ല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്ത സമ്മേളനം നടക്കുന്ന പന്തലിലേയ്ക്ക്  പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് 50,000 തൊഴിലാളികൾ മാര്‍ച്ച് നടത്തി. സമ്മേളനത്തില്‍ പ്രതിനിധിയായിരുന്ന മഹാകവി വള്ളത്തോള്‍ സമരത്തെക്കുറിച്ച് എഴുതിയ കവിതയാണ് ''പ്രയാഗസ്‌നാനം''.  

കല്‍ക്കത്ത സമ്മേളനത്തെ തുടര്‍ന്ന് രാജ്യത്തെങ്ങും നിരവധി പണിമുടക്കു സമരങ്ങൾ നടന്നു. 1928 ല്‍ ബോംബെയിലെ ടെക്‌സ്റ്റൈയില്‍ തൊഴിലാളികള്‍ ചരിത്രപരമായ മറ്റൊരു പണിമുടക്ക് നടത്തി. അതു ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ നടന്ന ഏറ്റവും വലിയ പണിമുടക്കായിരുന്നു. സമരം ആറു മാസക്കാലം നീണ്ടുനിന്നു. പണിമുടക്കു സമരത്തിന്റെ ഗൗരവം മനസ്സിലാക്കിയ ബ്രിട്ടീഷ് കുത്തക മൂലധന ശക്തികളുടെ പ്രതിനിധി അസ്സോസിയറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റ് ജെംയിസ്, ചേമ്പറിന്റെ വാര്‍ഷിക സമ്മേളനത്തില്‍, ഈ സമരത്തിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ബോള്‍ഷെവിക് വിപത്തിനെപ്പറ്റി മുന്നറിയിപ്പു നൽകുകയുണ്ടായി. അതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്കാരേയും കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച് മീററ്റ് ഗൂഢാലോചന കേസ് ചുമത്തി.

ഈ കേസിന്റെ വിചാരണ പത്രത്തില്‍ വായിച്ചറിഞ്ഞ നിരവധി ആളുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളായിട്ടുള്ള വക്കീലന്മാരാണ് കേസ് വാദിച്ചത്. അവര്‍ക്കു വേണ്ടി നെഹ്രുവിന്റെ നേതൃത്വത്തില്‍ ഡിഫന്‍സ് കമ്മറ്റിയുണ്ടാക്കി. ഗാന്ധിജി ജയിലില്‍ കമ്മ്യൂണിസ്റ്റുകാരെ സന്ദര്‍ശിച്ചു. ഇതു കൂടാതെ എ ഐ ടി യു സി യെ പിളര്‍ത്തി മിതവാദികളുടെ ബദല്‍ സംഘടന രൂപീകരിച്ചു. 1934 ലാണ് മീററ്റു തടവുകാര്‍ മോചിതരായത്.

പണിമുടക്കു സമരങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച  ഇന്‍ഡ്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനം സൈമൺ കമ്മീഷനെതിരെ നടത്തിയ സമരത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പാക്കേണ്ട ഭരണഘടനാ പരിഷ്ക്കാരങ്ങളെ പറ്റി പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ വേണ്ടിയാണ് സൈമൺ കമ്മീഷനെ നിയോഗിച്ചിരുന്നത്. കോളണി വാഴ്ച നില നിർത്തിക്കൊണ്ടുള്ള ഭരണ പരിഷ്ക്കാരങ്ങളല്ല, പൂർണ്ണ സ്വാതന്ത്ര്യമാണു വേണ്ടതെന്ന മുദ്രാവാക്യമുയർത്തി സൈമണ്‍ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യത്തിന്മേല്‍ ചൂടുപിടിച്ച വാദപ്രതിവാദം നടത്തിയതിനു ശേഷമാണു എ ഐ ടി യു സി യോഗം ആ തീരുമാനം അംഗീകരിച്ചത്. 1928 ഫെബ്രുവരി 3 ന് സൈമണ്‍ കമ്മീഷൻ ബോംബെയില്‍ കപ്പലിറങ്ങിയപ്പോള്‍ ''സൈമണ്‍ കമ്മീഷന്‍ ഗോ ബാക്ക്, ഞങ്ങള്‍ക്കു വേണ്ടത് പൂര്‍ണ്ണ സ്വാതന്ത്ര്യം, ഞങ്ങള്‍ക്കു വേണ്ടത് എട്ടു മണിക്കൂര്‍ തൊഴില്‍'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് മുപ്പതിനായിരം തൊഴിലാളികളാണ് ഗേറ്റ് വേ ഓഫ് ഇന്‍ഡ്യയുടെ കവാടത്തിലേക്ക് മാര്‍ച്ച് ചെയ്തത്. മദ്രാസ്, ലാഹോര്‍, കല്‍ക്കത്ത തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും അന്നേ ദിവസം തൊഴിലാളികളുടെ വന്‍ പ്രകടനങ്ങളുണ്ടായി.

തൊഴിലാളി വർഗ്ഗം സാമ്രാജ്യത്വ യുദ്ധത്തിനെതിരെ 


1939 ല്‍ ദേശീയ തലത്തില്‍ നടന്ന ഉശിരന്‍ യുദ്ധവിരുദ്ധ പണിമുടക്ക് ഇന്ത്യൻ തൊഴിലാളി വര്‍ഗ്ഗം നടത്തിയ ശ്രദ്ധേയമായ കൊളോണിയൽ വിരുദ്ധ സമരമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തില്‍ യുദ്ധത്തിനെതിരായ നിലപാടു സ്വീകരിച്ച കോണ്‍ഗ്രസ്സുകാർ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര നേതാക്കളൊടൊപ്പം നിരവധി ട്രേഡ് യൂണിയന്‍ നേതാക്കളും കാരാഗൃഹത്തിലായി. ജര്‍മ്മനിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് അച്ചുതണ്ട് ശക്തികള്‍ക്കെതിരെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ നേടിയ  ഐതിഹാസികമായ വിജയം ലോകത്തിന്റെ സ്ഥിതിഗതികളെ മാറ്റി മറിച്ചു. യുദ്ധാനന്തരം ഇന്ത്യയിൽ പണിമുടക്കു സമരങ്ങളുടെ വേലിയേറ്റം തന്നെയാണുണ്ടായത്. ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു.  സമരങ്ങളില്‍ പലതും സാമ്പത്തിക ആവശ്യങ്ങള്‍ക്കു വേണ്ടി നടത്തപ്പെട്ടതായിരുന്നു. എങ്കിലും എല്ലാ പണിമുടക്കുകളിലും തൊഴിലാളികളുടെ കൊളോണിയൽ വിരുദ്ധ വികാരം ശക്തമായ വിധം പ്രകടിപ്പിക്കപ്പെട്ടിരുന്നു.

INA തടവുകാർക്കും നാവികകലാപത്തിനും 

തൊഴിലാളികളുടെ പിന്തുണ


1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാളികൾ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത് ഭരണ സിരാകേന്ദ്രമായ ഡൽഹിയിലെ ചെങ്കോട്ട (red fort) പിടിച്ചെടുത്തു കൊണ്ടായിരുന്നു. അതിനോടുള്ള പ്രതികാരവും തിരിച്ചടിയുമായിട്ടാണ് തടവിൽ പിടിച്ച ഐ എൻ എ (INA) പോരാളികളെ യുദ്ധത്തടവുകാരാക്കി ചെങ്കോട്ടയിൽ വച്ച് വിചാരണ ചെയ്തത്. INA തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനങ്ങളും തൊഴിലാളികളും  സമര പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും സായുധ സേനയിലെ ഇന്ത്യക്കാർ ആ മുദ്രാവാക്യത്തോട് ഐക്യപ്പെടുകയും ചെയ്തത് ബ്രിട്ടനു വലിയ തലവേദനയായി. ബ്രിട്ടനു വേണ്ടി രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടീഷ് സേനയിൽ ചാവേറുകളായി പ്രവർത്തിച്ചു തിരിച്ചെത്തിയ 25 ലക്ഷം ഇന്ത്യൻ പട്ടാളക്കാരെ ബ്രിട്ടീഷ് ഗവണ്മെന്റ് പിരിച്ചു വിട്ടിരുന്നു. അവരും നാടിന്റെ നാനാ ഭാഗത്തു നിന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിരിച്ചു വിടപ്പെട്ട പട്ടാളക്കാർ സംഘടിച്ചു സമരരംഗത്ത് ഇറങ്ങിയേക്കുമെന്നും ബ്രിട്ടീഷുകാർ ഭയപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസിനേയും INA യേയും ശത്രുവായി കണ്ടിരുന്ന കോൺഗ്രസ്സും തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജവഹർലാൽ നെഹ്‌റു ചെയർമാനായി ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചു. നാവികർ ബോംബെ തുറമുഖത്തു കപ്പൽ നങ്കൂരമിടുകയും INA ക്ക്‌ പിന്തുണ പ്രഖ്യപിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്റെ പതാകയായ യൂണിയൻ ജാക്കിനു പകരം ഇന്ത്യയുടെ ദേശീയ പതാകയായ മൂവർണ്ണക്കൊടിയും മുസ്ലിം ലീഗിന്റെ പതാകയും കമ്മ്യൂണിസ്റ്റ്‌ പതാകയും ഉയർത്തികൊണ്ടായിരുന്നു നാവികരുടെ സമരം. ബ്രിട്ടീഷ് കരസേനയും വ്യോമസേനയും നാവിക സേനയും ബ്രിട്ടന് എതിരാണെന്നും സർക്കാരിന് ബോധ്യപ്പെട്ടു.

കൊളോണിയൽ ഭരണത്തിനെതിരായ ജനവികാരം ശക്തിപ്പെടുകയായിരുന്നു. കൽക്കത്ത, ബോംബെ, മദ്രാസ്, ഡൽഹി, കറാച്ചി തുടങ്ങിയ നഗരങ്ങളിലും നാടിന്റെ മുക്കിലും മൂലയിലുമെല്ലാം തൊഴിലാളികളും വിദ്യാർഥികളും ദേശസ്നേഹികളും കൂട്ടത്തോടെ തെരുവിൽ ഇറങ്ങി. ഈ മുന്നേറ്റത്തിൽ CPI കേഡർമാർ ആവേശ പൂർവ്വം പങ്കെടുത്തു. റാണി റെജിമെന്റിലെ ക്യാപ്റ്റൻ ലക്ഷ്മി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ ചേർന്നു. ഈ വേലിയേറ്റങ്ങൾ സായുധ സേനയെ സ്വാധീനിച്ചു. 1946 ൽ റോയൽ ഇന്ത്യൻ നാവിക സേന (RIN) യിലെ ഭടന്മാരും ഓഫീസർമാരും കലാപത്തിന് തയ്യാറായി. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സായുധ സേന തന്നെ നാവികർക്കെതിരെ  തിരിഞ്ഞു. കപ്പലുകൾ മുക്കുമെന്നു ബ്രിട്ടീഷ് വൈസ് അഡ്മിറൽ ഭീഷണിപ്പെടുത്തിയപ്പോൾസേന നാട്ടുകാരുടേയും നേതാക്കളുടേയും പിന്തുണ അഭ്യർഥിച്ചു. കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും നേതാക്കൾ ഈ അഭ്യർഥന നിരസിച്ചു. ഈ അഭ്യർത്ഥന അംഗീകരിച്ചു കൊണ്ട് CPI ഇതിന് പിന്തുണ പ്രഖ്യാപിച്ചു. ബോംബെയിലെ നാവിക സൈനികർക്ക് പിന്തുണ നൽകിക്കൊണ്ട് രണ്ടു ലക്ഷം തൊഴിലാളികൾ പണിമുടക്കി. ബ്രിട്ടീഷ് ഇന്ത്യയിലെ പോലീസിനേയും പട്ടാളത്തേയും വിശ്വസിക്കാൻ കഴിയാത്ത സ്ഥിതിയിലായി സർക്കാർ. വെള്ളക്കാരായ പട്ടാളക്കാരും ജനങ്ങളും ബോംബെ തെരുവിൽ ഏറ്റുമുട്ടി. ഇരുന്നൂറിലധികം പേർ രക്ത സാക്ഷികളായി .

ഐ എന്‍ എ (INA - Indian National Army - ബ്രിട്ടനെതിരെ യുദ്ധം ചെയ്യാനായി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സൈന്യം) നേതാക്കളുടെ ജയിൽ മോചനം ആവശ്യപ്പെട്ടു കൊണ്ട് മറ്റു ജനവിഭാഗങ്ങളൊടൊപ്പം തൊഴിലാളി വര്‍ഗ്ഗവും കൃഷിക്കാരും വിപുലമായ തോതിൽ തന്നെ  സമരത്തില്‍ പങ്കെടുത്തു. 1946 ലെ നാവിക കലാപത്തിന് (Naval Mutiny) ഇന്ത്യയിലെ തൊഴിലാളികള്‍ സമ്പൂര്‍ണ്ണ പിന്തുണ നല്‍കി. വിദേശ ഭരണത്തെ വെല്ലുവിളിച്ച നാവിക സേനയിലെ കലാപകാരികള്‍ ഉജ്ജ്വലമായ ദേശാഭിമാന ബോധമാണ് പ്രകടിപ്പിച്ചത്. മുംബൈയിലെ തൊഴിലാളികള്‍ കലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് 3 ദിവസം പണി മുടക്കി. ഒട്ടേറെ പേര്‍ രക്തസാക്ഷികളാവുകയുംരാജ്യവ്യാപകമായി കൊളോണിയൽ വിരുദ്ധ വികാരം പതഞ്ഞു പൊങ്ങുകയും ചെയ്തു. കൊളോണിയൽ ഭരണം ഇന്‍ഡ്യയില്‍ സുഗമമായി തുടരാന്‍ കഴിയില്ലെന്നു ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്തിയ ഏറ്റവും ഗൗരവതരമായ സംഭവങ്ങളിലൊന്നായിരുന്നു നാവിക കലാപം.  അധികാര കൈമാറ്റത്തെക്കുറിച്ച് ഇന്ത്യയിലെ ബൂര്‍ഷ്വാ നേതാക്കളുമായി കൂടിയാലോചന നടത്താന്‍ ഒരു ദൗത്യസംഘത്തെ ഇന്‍ഡ്യയിലേക്ക് അയ്ക്കുന്നുവെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, കലാപം കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സന്ദർഭങ്ങളിലൊക്കെ, കൊളോണിയൽ ഭരണകൂടത്തിനു വലിയ തലവേദന സൃഷ്ടിച്ചു കൊണ്ട് ഒരു വർഗ്ഗമെന്ന നിലയിൽ തൊഴിലാളികളും ട്രേഡ് യൂണിയനുകളും സമര രംഗത്തു വന്നിട്ടുണ്ട്. തൊഴിലാളികൾ കൂടി സമരം ചെയ്തു നേടിയ സ്വാതന്ത്ര്യമാണ് ഇന്ത്യയുടേത്. ഈ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളാണ് തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന നിരവധിയായ തൊഴിൽ നിയമങ്ങളിൽ പ്രതിഫലിക്കുന്നതും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും സ്വാതന്ത്ര്യ സമരത്തേയും അവഹേളനയോടെ സമീപിക്കുന്ന ഇന്നത്തെ കേന്ദ്ര ഭരണ കർത്താക്കൾക്ക് ഈ തൊഴിൽ നിയമങ്ങളുടെ മൂല്യം മനസ്സിലാവില്ല. അതു കൊണ്ടു തന്നെ നവ കൊളോണിയൽ ശക്തികൾക്കു വേണ്ടി ഈ തൊഴിൽ നിയമങ്ങൾ റദ്ദാക്കാൻ അവർക്കൊരു മടിയുമുണ്ടാവില്ല. എന്നാൽ ആധുനിക ഇന്ത്യയുടെ നിർമ്മിതിയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള തൊഴിലാളി വർഗ്ഗത്തിന് ഈ തൊഴിൽ നിയമങ്ങളുടെ സംരക്ഷണത്തിനു വേണ്ടി സമരം ചെയ്യാതിരിക്കാൻ ആവില്ല തന്നെ.