റെയിൽവേ സ്വകാര്യവത്ക്കരണത്തിനെതിരെ സമര രംഗത്തിറങ്ങുക - സി. ശ്രീകുമാർ

 റെയിൽവേ സ്വകാര്യവത്ക്കരണത്തിനെതിരെ സമര രംഗത്തിറങ്ങുക. 

സി. ശ്രീകുമാർ


 

രാജ്യത്തിന്റെ ആസ്തികൾ ഒന്നൊന്നായി വിറ്റഴിക്കുകയാണ്. മോഡി സർക്കാർ ഏറ്റവും അവസാനമേല്പിച്ച പ്രഹരം ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവത്ക്കരണമാണ്. 2020 ജൂലൈ 1-ാം തിയതി റെയിൽവേ മന്ത്രാലയം അറിയിച്ചത് 109 ജോഡി റൂട്ടുകളിൽ ഓടിക്കൊണ്ടിരിക്കുന്ന 151 ട്രെയിനുകൾ സ്വകാര്യ വ്യക്തികളോ കമ്പനികളോ ആണ് ഇനി പ്രവർത്തിപ്പിക്കുക എന്നാണ്. സ്വകാര്യ മേഖല റെയിൽവേയിൽ നിക്ഷേപിക്കാൻ പോകുന്നത് 30000 കോടി രൂപയാണ്. ഡ്രൈവറും ഗാർഡും മാത്രമേ റെയിൽവേയുടെ തൊഴിലാളികളായി ഇത്തരം സ്വകാര്യ ട്രെയിനുകളിൽ ഉണ്ടാവൂ. മറ്റെല്ലാ തൊഴിലാളികളും  സ്വകാര്യ കമ്പനിയുടെ ജീവനക്കാരായിരിക്കും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും സ്വകാര്യ മേഖലയിലായിരിക്കും. സ്വകാര്യ ട്രെയിനുകൾ 2023 ഏപ്രിലിൽ ഓടിത്തുടങ്ങും. ഈ അറിയിപ്പ് വന്നതിന്റെ തൊട്ടു പിന്നാലെ തന്നെ പതിവു പോലെ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യാനും അഭിനന്ദിക്കാനുമായി ''ഭക്തന്മാർ'' രംഗത്തു വന്നു. "സ്വകാര്യ ട്രെയിനുകളിലെ യാത്രാ നിരക്ക് മത്സരക്ഷമത (competitive) ഉള്ളതായിരിക്കു"മെന്നും "സ്വകാര്യക്കാരെ കൂടി കളിയിൽ ഉൾപ്പെടുത്തിയതോടെ ആവശ്യാനുസരണം ട്രെയിൻ കിട്ടുമെന്ന് ഉറപ്പായെ''ന്നും "സ്വകാര്യ മേഖല കൂടി കടന്നു വന്നതോടെ സമയനിഷ്ഠ ഉറപ്പാക്കപ്പെട്ടു"വെന്നുമൊക്കെ അവർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ മുഖ്യധാര മാധ്യമങ്ങൾ, സത്യം നിർഭയമായി വിളിച്ചു പറയുന്നതിനു പകരം സർക്കാരിന്റെ കുഴലൂത്തുകാർ മാത്രമായി അധ:പതിച്ചിരിക്കുന്നു. കോർപ്പറേറ്റ് മേഖലയുടെ താല്പര്യങ്ങളോട് തികഞ്ഞ വിധേയത്വവും വിശ്വസ്തതയും പുലർത്തുന്ന സർക്കാർ എപ്പോഴും കഴിച്ചു മൂടുന്നത് ജനങ്ങളുടെ താല്പര്യങ്ങളെയാണ്.


റെയിൽവേയുടെ സ്വകാര്യവത്ക്കരണത്തോട് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണു പ്രതികരിച്ചതെന്നു നമുക്കൊന്നു നോക്കാം. സി.പി.ഐ. ജനറൽ സെക്രട്ടറി സ: ഡി. രാജ പറഞ്ഞു: "കോർപ്പറേറ്റ് മേഖലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർക്കാർ  കൈമാറുന്ന ഏകമാത്ര മേഖലയല്ല റെയിൽവേ. കൽക്കരി ഖനികളും ബാങ്കും പ്രതിരോധവും എണ്ണയും ഇൻഷ്വറൻസും വൈദ്യുതിയും ടെലക്കോമും ബഹിരാകാശ, ആണവോർജ്ജ മേഖലയുമെല്ലാം സ്വകാര്യ മേഖലയുടെ പ്രളയ പ്രവാഹത്തിന്റെ പിടിയിലാകുന്ന വിധത്തിൽ സർക്കാർ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. 30000 കോടി രൂപ മുതൽ മുടക്കുന്ന ഏതൊരു സ്വകാര്യ സ്വത്തുടമയും തന്റെ മൂലധന നിക്ഷേപത്തിൽ നിന്നും വലിയൊരു ലാഭം പ്രതീക്ഷിക്കും. അതിന്റെ ഫലമായി തന്നെ ട്രെയിൻ യാത്രാ നിരക്കിൽ വലിയ വർദ്ധനയുണ്ടാവും. സാധാരണക്കാരന്റെ വാഹനമായ തീവണ്ടി അയാൾക്ക് അപ്രാപ്യമായിത്തീരും." "സാധാരണ ജനങ്ങളുടെ ജീവിതത്തെ പറ്റി ബിജെപി സർക്കാരിന് യാതൊരു ഉത്ക്കണ്ഠയുമില്ലെന്ന് '' അദ്ദേഹം ആരോപിച്ചു. "സാമൂഹ്യമായും സാമ്പത്തികമായും ചവിട്ടിമെതിക്കപ്പെടുന്നവർ ഉൾപ്പെടെയുള്ള ഇന്ത്യൻ യുവജനങ്ങളുടെ, റെയിൽവേയിൽ ജോലി ലഭിച്ചേക്കുമെന്നുള്ള സ്വപ്നം സർക്കാരിന്റെ ഈ തീരുമാനത്തോടെ പൊലിഞ്ഞു കഴിഞ്ഞിരിക്കുന്നു".


സി.പി.ഐ. (എം) പൊളിറ്റ് ബ്യൂറോ പറഞ്ഞു. "റെയിൽവേ ഒരു പൊതു സേവന സംവിധാനമാണ്, അല്ലാതെ ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമല്ല. ഇത്തരം സ്വകാര്യവത്ക്കരണം സമ്പദ് വ്യവസ്ഥയുടെ സ്വാശ്രയത്വമെന്ന അടിസ്ഥാന നിലപാടിനെ തന്നെ തുരങ്കം വക്കുന്നതാണ്‌. ഇത് തൊഴിലവസരങ്ങൾ വർദ്ധിക്കാൻ അവസരമൊരുക്കുമെന്ന അവകാശവാദം തെറ്റാണ്. എന്നു മാത്രവുമല്ല, അനുഭവങ്ങൾ കാണിക്കുന്നത്, ഇത്തരം നടപടികളുടെ ഫലമായി വലിയ നഷ്ടം ഉണ്ടാവുമെന്നും റെയിൽവേ തൊഴിലാളികളിൽ വലിയ അരക്ഷിതത്വം സൃഷ്ടിക്കപ്പെടുമെന്നുമാണ്."


"റെയിൽവേ പാവപ്പെട്ടവരുടെ ജീവരേഖയാണെന്നും അത് അവരിൽ നിന്നും എടുത്തു മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നു"മാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.

എ.ഐ.ടി.യു.സി (AITUC) യും എച്ച് എം. എസും (HMS) സി.ഐ.ടി.യു (CITU) വും ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളും AIDEF (All India Defense Employees Federation), AIBEA (All India Bank Employees Association) തുടങ്ങിയ ഫെഡറേഷനുകളും സർക്കാരിന്റെ ഈ സ്വകാര്യവത്ക്കരണത്തെ എതിർക്കുകയും അതിനെതിരെ ശക്തമായ വിമർശനം ഉയർത്തുകയും ചെയ്തിട്ടുണ്ട്. AlRF (All India Railwaymen's Federation) വൈസ് പ്രസിഡൻറ് രാജ ശ്രീധർ പ്രതികരിച്ചത്, "ഇത് റെയിൽവേയുടെ സമ്പൂർണ്ണമായ സ്വകാര്യവത്കരണത്തിന്റെ തുടക്കമാണെ''ന്നാണ്. ഇന്നത്തെ പ്രധാനമന്ത്രി മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു മീറ്റിംഗിൽ വച്ച് ഇങ്ങനെ പറയുകയുണ്ടായി. "നാഷണൽ ഹൈവേകളിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നു. ആകാശത്ത് സ്വകാര്യ വിമാനങ്ങൾ പറക്കുന്നു. അങ്ങനെയാണെങ്കിൽ റെയിൽ പാളങ്ങളിൽ സ്വകാര്യ കമ്പനികൾക്ക് എന്തുകൊണ്ട് വണ്ടിയോടിച്ചുകൂടാ? പാളങ്ങൾക്കു മീതെ ഓടുന്ന എല്ലാ വാഹനങ്ങളും സർക്കാർ നിയന്ത്രണത്തിൽ ഉള്ളതായിരിക്കണം എന്നു പറയുന്നത് എന്തുകൊണ്ടാണ്?''


സ്വകാര്യവത്ക്കരണത്തെ ന്യായീകരിക്കാനായി സർക്കാർ മുന്നോട്ടു വക്കുന്ന വാദങ്ങളിൽ ഒന്ന് ഇതാണ്. ''2018 - 19 വർഷത്തിൽ 8.85 കോടി യാത്രക്കാർക്കാണ് യാത്രാസൗകര്യം ലഭിക്കാതെ വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വന്നത്. ഈ പട്ടികയിൽ നിന്നും 16% ആളുകൾക്കു മാത്രം റിസർവ്വേഷൻ നൽകാനേ ഇന്ത്യൻ റെയിൽവേക്കു സാധിച്ചുള്ളൂ. അതുകൊണ്ട് പ്രവർത്തനശേഷി വർദ്ധിപ്പിക്കാൻ (capacity augumentation) വേണ്ടിയാണ് റെയിൽവേയിൽ സ്വകാര്യ ശക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത്.'' എന്നാൽ എന്താണ് വസ്തുത? റെയിൽവേ തീവണ്ടികളിൽ 5.35 കോടി സീറ്റുകൾ വർദ്ധിപ്പിച്ചു. അതിൽ 70% AC (എയർ കണ്ടീഷൻഡ് ) കോച്ചുകളിലാണ്. 30% മാത്രമാണ് സ്ലീപ്പർ കോച്ചുകൾക്കു ലഭിച്ചത്. സാധാരണക്കാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നതു പോലുമില്ല. കൂടുതൽ ലാഭം സമ്പാദിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. 2019 ജൂലൈ 17 ന് റെയിൽവേ കോച്ച് നിർമ്മാതാക്കളുടെ ഒരു യോഗത്തിൽ പങ്കെടുത്തു കൊണ്ട് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത്, റെയിൽവേക്ക് 2150 ട്രെയിൻ സെറ്റുകൾ ആവശ്യമുണ്ടെന്നാണ്. പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്റ്ററി 170 കി.മീ വേഗതയിൽ ഓടുന്ന ട്രെയിൻ - 18 കോച്ചുകൾ ഉണ്ടാക്കുന്നത് 98 കോടി രൂപ നിരക്കിലാണ്. അതിന് ആവശ്യമായ എല്ലാ അളവുകളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാനാവുന്നുണ്ട്. ട്രെയിൻ - 18 ന്റെ പേര് പ്രധാനമന്ത്രി തന്നെയാണ് "വന്ദേ മാതരം'' എന്നാക്കി മാറ്റിയത്. ഇതാണ് യഥാർത്ഥ ''മെയ്ക്ക് ഇൻ ഇന്ത്യ" (Make in India - ഇന്ത്യയിൽ നിർമ്മിക്കുക). എന്നാൽ ICF ന് നിർമ്മാണ ഉത്തരവ് നൽകിയ ട്രെയിൻ - 18 ന്റെ (45 എണ്ണം) ഓർഡർ ഇപ്പോൾ റെയിൽവേ ബോർഡ് നിർത്തിവച്ചിരിക്കുകയാണ്. IRCTC യുടെ ഉടമസ്ഥതയിൽ ദൽഹി - ലക്നോ റൂട്ടിൽ ഓടുന്ന സ്വകാര്യ ട്രെയിൻ ''തേജസ് എക്സ്പ്രസ്സി"ന്റെ ടിക്കറ്റ് നിരക്കിൽ 700 രൂപ മുതൽ 900 രൂപ വരെ വർദ്ധനവുണ്ട്. യാത്രാ സമയത്തിൽ 10 മിനിറ്റു മാത്രമേ കുറവുള്ളു. ഒരിടത്തു മാത്രം അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതേ ട്രെയിനിൽ തന്നെ ഡൈനമിക് ഫെയർ (യാത്രക്കാർ കൂടുന്തോറും ടിക്കറ്റ് വില വർദ്ധിക്കുന്ന വ്യവസ്ഥ - വിവ.) 4700 രൂപ വരെ ഉയരാറുണ്ട്. ഇപ്പോഴത്തെ നിരക്കിൽ 1000 കി.മീ യാത്ര ചെയ്യാൻ റെയിൽവേ ഈടാക്കുന്നത് 700 രൂപക്കും 900 രൂപക്കും ഇടക്കുള്ള നിരക്കാണ്. സ്വകാര്യ തീവണ്ടികളിൽ ഇതേ ദൂരം സഞ്ചരിക്കാൻ 2200 രൂപ വരെയാണ് ചാർജ്ജ്. യാത്രക്കാരൻ ഈ അമിതഭാരം ചുമലിലേറ്റണം. സ്വകാര്യ ട്രെയിനായ "തേജസ്  എക്സ്പ്രസ്സ്'' ഏതു തരം തൊഴിലാണ് അധികമായി സൃഷ്ടിച്ചിട്ടുള്ളത്? ഫേഷ്യൽ മേക്ക് അപ്പ് വേണ്ടത്ര നന്നായിട്ടില്ല എന്ന നിസ്സാര കാരണത്തിന്റെ പേരിൽ വനിതാ ജീവനക്കാർ ശിക്ഷിക്കപ്പെടുന്നുണ്ട്. 15000 രൂപ ശമ്പളത്തിനു വേണ്ടി ഈ ജീവനക്കാർ 18 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവത്ക്കരണം നമുക്കു സ്വീകരിക്കാനാവില്ല.


109 റെയിൽവേ റൂട്ടുകൾ സ്വകാര്യ മേഖലക്കു കൈമാറാനുള്ള റെയിൽവേയുടെ അറിയിപ്പ് പുറത്തു വന്നതിനു തൊട്ടു പിന്നാലെ, 2020 ജൂലായ് 2 ന് റെയിൽവേ മന്ത്രാലയം മറ്റൊരു ഉത്തരവ് പുറത്തു വിട്ടു. ചെലവുകൾ യുക്ത്യനുസൃതമാക്കുന്നതിന്റെ പേരിൽ, സുരക്ഷാ സംവിധാനങ്ങളിലല്ലാതെ മറ്റൊരിടത്തും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ലെന്നും പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടില്ലെങ്കിൽ അത്തരം തസ്തികകൾ ഉപേക്ഷിക്കണമെന്നും നിലവിലുള്ള ഒഴിവുകളിൽ 50% (നിയമനം നടത്താതെ ) ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ഉത്തരവായിരുന്നു അത്. സ്വകാര്യവത്ക്കരണത്തിന്റെ മഴു റെയിൽവേക്കു മേൽ പതിച്ചു കഴിഞ്ഞിരിക്കുന്നു. റെയിൽവേ ദേശീയ സമ്പത്താണ്. രാജ്യത്തെ നികുതിദായകരായ ജനങ്ങളുടെ സ്വത്താണത്. ഇതു സംബന്ധിച്ച സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.ക്കാരനായ രാജ്യസഭാംഗം ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. തന്റെ കത്തിൽ അദ്ദേഹം എഴുതി: "ഇന്ത്യൻ റെയിൽവേയിൽ കൂടുതൽ നിക്ഷേപം വേണമെന്നും നവീകരണം ഉണ്ടാവണമെന്നുമുള്ള കാര്യങ്ങൾക്ക് തർക്കമില്ല. എന്നാൽ, രാജ്യത്തെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പൊതു സേവന സംവിധാനമെന്ന നിലയിൽ അതിന്റെ സ്വകാര്യവത്കരണം ഒന്നിനും പരിഹാരമല്ല. റെയിൽവേ മേഖലയിൽ സർക്കാർ ചെലവിടുന്ന തുകയിൽ വർദ്ധന ഉണ്ടാവണം; ദേശീയ സമ്പത്ത് വിറ്റു കിട്ടുന്ന പണത്തെ ആശ്രയിക്കേണ്ടതില്ലാത്ത വിധത്തിലുള്ള ഫലപ്രദമായ പരിഹാരങ്ങൾ നടപ്പാക്കണം. റെയിൽവേ ജീവനക്കാരായ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും ഉപജീവനവുമെല്ലാം താങ്കളുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചാണു നില നിൽക്കുന്നത്. അതുകൊണ്ട് ഈ തീരുമാനം പിൻവലിക്കാനും സ്വകാര്യവത്ക്കരണം കൂടാതെ തന്നെ റെയിൽവേയുടെ പുരോഗതിക്കു വേണ്ടി കൂടുതൽ പണം മുടക്കാനും ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.''


ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന റെയിൽവേ വിദഗ്ദ്ധനായ ഇ. ശ്രീധരൻ 'ഔട്ട്ലുക്ക് ' മാസികക്കു നൽകിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: ''IRCTC യല്ലാതെ മറ്റാരെങ്കിലും തീവണ്ടി ഓടിക്കാൻ മുന്നോട്ടു വരുന്നതായി ഞാൻ കാണുന്നില്ല. അക്കാര്യത്തിൽ ഒട്ടേറെ അനിശ്ചിതത്വങ്ങളുണ്ട്. രണ്ടു തരം ടിക്കറ്റു നിരക്കുകളും രണ്ടു തരം ട്രെയിനുകളും വലിയ ആശയക്കുഴപ്പമുണ്ടാക്കും. റെയിൽവേയോടൊപ്പം പ്രവർത്തിക്കുന്നത് സ്വകാര്യ കമ്പനികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുകയും അവർ കാര്യങ്ങൾ ഇടക്ക് ഉപേക്ഷിച്ചു പോവുകയും ചെയ്യും. പരാജയം ഉറപ്പായ ഒരു മണ്ടൻ ആശയമാണിത്." 


സർക്കാരിന്റെ തീരുമാനത്തോടു പ്രതികരിച്ചുകൊണ്ട് AIRF ജനറൽ സെക്രട്ടറി ശിവഗോപാൽ മിശ്ര പറഞ്ഞത്, "റെയിൽവേ പ്രവർത്തനങ്ങളെ ഭാഗികമായി സ്വകാര്യവത്ക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ AIRFപ്രതിഷേധിക്കും" എന്നാണ്. "സ്വകാര്യ കമ്പനികൾ തീവണ്ടി ഓടിക്കുമ്പോൾ അത് ഏറ്റവുമധികം ബാധിക്കുക ട്രെയിൻ യാത്രക്കാരെ ആയിരിക്കുമെന്നും അതിനെതിരായ പ്രതിഷേധത്തെ പിന്തുണക്കു"മെന്നും AIRF പ്രസ്താവിച്ചു. "സ്വകാര്യവത്ക്കരണത്തെ ന്യായീകരിക്കാൻ പറയുന്ന വാദങ്ങളൊക്കെ ആഗ്രഹചിന്തകൾ മാത്രമാണ്. 'തേജസ് ' ട്രെയിൻ പോലും ലാഭകരമായി ഓടിക്കാൻ റെയിൽവേക്ക് ആവില്ല. ഈ ട്രെയിനുകളുടെ ബ്രേക്ക് ഈവൻ ഒക്യുപ്പൻസി ( Breakeven occupancy - പ്രവർത്തന ചെലവും കടം തിരിച്ചടവും മൊത്തം വരുമാനവും തമ്മിലുള്ള അനുപാതം) അനുപാതം 70% ആണ്. എന്നാൽ അത് ശരാശരി 40-50 ശതമാനത്തിൽ കൂടാറില്ല. അപ്പോൾ നഷ്ടം ഉറപ്പായ ഒരു ബിസിനസ്സിൽ ഏതു സ്വകാര്യ കമ്പനിയാണു പണം മുടക്കുക? പൊതുജനങ്ങൾക്കു കൂടി പങ്കാളികളാവാനും അടിസ്ഥാന തലത്തിൽ നിന്നും വമ്പിച്ച പ്രതിഷേധത്തെ കെട്ടഴിച്ചുവിടാനും പറ്റിയ ഒരു പൊതു വേദി രൂപപ്പെടുത്താൻ തങ്ങൾ ശ്രമിക്കു"മെന്ന് അദ്ദേഹം പറഞ്ഞു.


"സ്വകാര്യവത്ക്കരണത്തിനു മുതിരുമ്പോൾ സർക്കാർ റെയിൽവേയെ തകർക്കുകയും യാത്ര ചെലവേറിയതാക്കുകയുമാണ് ചെയ്യുന്നതെന്ന് NFIR (National Federation of Indian Railwaymen) പ്രസിഡന്റ് ഗൂമാൻ സിംഗ് പറഞ്ഞു. " സർക്കാരിന്റെ ഈ നീക്കത്തെ ഞങ്ങൾ അർത്ഥശങ്കയില്ലാതെ അപലപിക്കുന്നു. കേന്ദ്ര സമിതി അംഗങ്ങളുമായി വിഷയം ചർച്ച ചെയ്ത ശേഷം ഞങ്ങൾ ഇതിനെതിരായ പ്രതിഷേധം സംഘടിപ്പിക്കും."


പൊതു ഗതാഗത സംവിധാനങ്ങളായ സംസ്ഥാനതല റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ഇന്ത്യൻ റെയിൽവേയും രാജ്യത്തെ സാധാരണ ജനങ്ങൾക്കു വേണ്ടി ഉണ്ടാക്കപ്പെട്ടതാണ്. പൊതു സമൂഹത്തിന്റെ സേവനത്തിനായി നില കൊള്ളേണ്ട ഈ സ്ഥാപനങ്ങളെ തകർക്കാൻ നാമെങ്ങനെയാണ് അനുമതി നൽകുക? യു കെ (United Kingdom) പോലുള്ള രാജ്യങ്ങളിൽ 1990 ൽ തന്നെ റെയിൽവേ സ്വകാര്യവത്ക്കരിച്ചിരുന്നു.എന്നാൽ അതിൽ പൊറുതി മുട്ടിയ ജനങ്ങൾ ഇപ്പോൾ റെയിൽവേയുടെ ദേശസാത്ക്കരണത്തിനു വേണ്ടി മുറവിളി കൂട്ടുകയാണ്. ഇന്നത്തെ സർക്കാരാവട്ടെ അത്തരമൊരു മുഖ്യ തീരുമാനത്തെപ്പറ്റി സ്വന്തം പ്രവർത്തകർക്കിടയിലോ, പാർലമെൻറിലോ ചർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. പൊതു സമൂഹത്തിലും ചർച്ച നടന്നിട്ടില്ല. ഇപ്പോൾ സർക്കാർ പറയുന്നത് റെയിൽവേയുടെ 5 % മാത്രമേ സ്വകാര്യവത്ക്കരിച്ചിട്ടുള്ളു എന്നാണ്. കൂടാരത്തിനകത്തേക്ക് തല മാത്രം കടത്താനേ ഒട്ടകത്തെ അനുവദിച്ചിട്ടുള്ളു എന്നാണതിന്റെ അർത്ഥം.  "ഇന്ത്യൻ റെയിൽവേയസ്'' എന്ന കൂടാരത്തെ, അത് പതിയെ, പൂർണ്ണമായി കൈവശപ്പെടുത്തിക്കൊള്ളും.13 ലക്ഷം വരുന്ന റെയിൽവേ ജീവനക്കാരുടെ ഭാവി അപ്പോൾ എന്താവും? ഒഴിവുള്ള തസ്തികകളിൽ 50% റദ്ദാക്കിക്കഴിഞ്ഞു. ഇതോടൊപ്പം സാമൂഹ്യവും സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ട വിവിധ സാമുദായിക വിഭാഗങ്ങളിൽ പെട്ടവർക്ക് റെയിൽവേ ജോലികളിൽ ലഭ്യമായിരുന്ന സംവരണവും നഷ്ടമായി. സ്വകാര്യവത്ക്കരണത്തിന്റെ ഫലമായുണ്ടാവുന്ന ഏറ്റവും വലിയ ദുരന്തം തൊഴിലവസരങ്ങളും തൊഴിൽ സുരക്ഷയും തൊഴിൽ സംവരണവും നഷ്ടപ്പെടുന്നു എന്നതാണ്. അതോടൊപ്പം റെയിൽവേ സാധാരണ മനുഷ്യർക്ക് അപ്രാപ്യമാവുകയും ചെയ്യും. സർക്കാരിന്റെ ഈ ദുഷ്ട പദ്ധതിക്കെതിരെ റെയിൽവേയിലെ ട്രേഡ് യൂണിയനുകൾ തെരുവിലിറങ്ങി പോരാടണം. സാധാരണക്കാരുടെ ഗതാഗത സംവിധാനമായ 'ഇന്ത്യൻ റെയിൽവേ'യെ സ്വകാര്യവത്ക്കരണത്തിന്റെ മഴു മുനയിൽ നിന്നു രക്ഷിക്കാൻ, രാജ്യത്തെ മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനവും സാധാരണ ജനങ്ങളും റെയിൽവേ തൊഴിലാളികൾക്കൊപ്പം തോളോടു തോൾ ചേർന്ന് പോരാടണം.


 പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ വരുന്ന ആയുധ നിർമ്മാണശാലകളിലേയും (ordnance factories) മറ്റു സ്ഥാപനങ്ങളിലേയും സിവിലിയൻ, തൊഴിലാളികളുടെ സംഘടനയായ AIDEF (All India Defence Employees Federation) ന്റെ ജനറൽ സെക്രട്ടറിയാണ് ലേഖകൻ.