സിലബസ് പരിഷ്ക്കരിച്ചപ്പോൾ വിലക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ രാഷ്ട്രീയത്തെ തന്നെ - ഡോ. എം. വി നാരായണൻ

 സിലബസ് പരിഷ്ക്കരിച്ചപ്പോൾ വിലക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ രാഷ്ട്രീയത്തെ തന്നെ. 

 ഡോ. എം. വി നാരായണൻ 

(ഡോ. ടി.കെ.രാമചന്ദ്രൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി 2020 ജൂലായ് 21ന് നടന്ന വെബിനാറിൽ ഡോ. എം. വി. നാരായണൻ നടത്തിയ പ്രസംഗം."കേന്ദ്ര സർക്കാരിന്റെ സ്ക്കൂൾ സിലബസ്  പരിഷ്ക്കാര നടപടി ഉയർത്തുന്ന വെല്ലുവിളികൾ" എന്നതായിരുന്നു വെബിനാറിന്റെ വിഷയം.) 


ടി. കെ. എഴുതിയിരിക്കുന്ന രണ്ട് ചെറിയ പ്രയോഗങ്ങൾ മാത്രം ഒന്ന് ഓർക്കുകയാണെങ്കിൽ, എഴുപതുകളുടെ  ഒടുവിലാണ് 'അൾട്രാ കൺസർവേറ്റീവ്  ബാക്ക്ലാഷ്' എന്നു പറയുന്ന ഒന്ന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു വരുന്നതിനെ കുറിച്ച് ടി കെ എഴുതിയത്. അതിയാഥാസ്ഥിതികതയുടെ ഒരു തിരിച്ചുവരവ് എന്നാണ് ടി കെ അതിനെക്കുറിച്ചു പറഞ്ഞത്. കുറച്ചുകൂടി കഴിഞ്ഞ് തൊണ്ണൂറുകളുടെ തുടക്കം ഒക്കെയാവുമ്പോൾ, ''കുടത്തിലടച്ച് കടലിലെറിഞ്ഞ ദുർഭൂതങ്ങൾ ഓരോന്നായി തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെ" ന്ന് ടി.കെ. എഴുതുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കവിയാകാനും എഴുത്തുകാരനാകാനും വിമർശകനാകാനും ശേഷിയുണ്ടായിട്ടും ടി.കെ. രാമചന്ദ്രൻ ജീവിച്ച ജീവിതം ഉടനീളം ഒരു രാഷ്ട്രീയജീവിയുടേത് ആയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യം, ഈ സമൂഹം, ഈ ജനത നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഹിന്ദുത്വ ഫാസിസത്തിന്റെ വിപത്ത് ആയിരുന്നു. കുടത്തിലടച്ച് കടലിലെറിഞ്ഞ ദുർഭൂതങ്ങൾ അധികാരത്തിന്റെ ഇടനാഴികളിലും സിംഹാസനങ്ങളിലും കയറിയിരുന്ന് ഭരിക്കുന്നു എന്ന വാസ്തവമാണ് ടി.കെ. രാമചന്ദ്രനെ ഓർമ്മിക്കുമ്പോൾ നാം ആദ്യമായി ഓർക്കേണ്ടത്. ടി. കെ. രാമചന്ദ്രൻ എന്റെ അധ്യാപകനാണ്, എന്റെ സുഹൃത്താണ്, എന്റെ സഹപ്രവർത്തകനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ഗുരുനാഥനുമായിരുന്നു, അദ്ദേഹം. ചിലപ്പോൾ തോന്നാറുണ്ട് ടി.കെ. നേരത്തെ പോയത് നന്നായി എന്ന്. കാരണം, ടി.കെ. ഭയപ്പെട്ടതെന്തോ അതു കാണാൻ അദ്ദേഹത്തിന് ബാക്കി നിൽക്കേണ്ടി വന്നില്ല. ഭീകരമായ ഈ നിശ്ശബ്ദതയുടെ നാളുകളിൽ, എല്ലാവരും വായ മൂടിക്കെട്ടി, നാമിന്ന് കോവിഡിന്റെ ഈ കാലത്ത്, വായ മൂടിക്കെട്ടിക്കൊണ്ടിരിക്കുമ്പോൾ, യഥാർത്ഥത്തിൽ അതിനു മുമ്പേ മൂടിക്കെട്ടിക്കഴിഞ്ഞ ഒരു വായയാണ് ഇന്ന് ഈ മാസ്ക് കൊണ്ട് മൂടിക്കെട്ടുന്നതെന്ന് ഓർക്കേണ്ടി വരും. കാരണം, മിണ്ടിയാൽ ജയിലിലടയ്ക്കപ്പെടുന്ന വരവരറാവുവിന്റെ അവസ്ഥ പോലെയോ, അല്ലെങ്കിൽ സുധ ഭരദ്വാജിന്റെ അവസ്ഥ പോലെയോ, അല്ലെങ്കിൽ തെൽടുംബ്ഡെയുടെ അവസ്ഥ പോലെയോ നാമെല്ലാവരും നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന അതിഭീഷണമായ ഒരു ഫാസിസ്റ്റ് വാഴ്ചയുടെ കാലമാണിത്. ഇതു ഫാസിസമണോ അല്ലയോ എന്ന തരത്തിലുള്ള സൈദ്ധാന്തിക, താത്വിക ചർച്ചകൾ മാറ്റിവക്കാം. യഥാർത്ഥത്തിൽ ജീവിതത്തിന്റെ സമസ്ത മേഖലകളേയും ഒരു പോലെ ആസുരമായ ഒരു കൈപ്പിടിയിലൊതുക്കി കഴിഞ്ഞിരിക്കുന്ന  ഒരവസ്ഥയിലാണ് നാമിന്നു നിൽക്കുന്നത്. അതു കൊണ്ട് ടി.കെ. രാമചന്ദ്രൻ നേരത്തെ പോയത് നന്നായി എന്നു ചിലപ്പോൾ തോന്നാറുണ്ട്.


ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. അതു തുടങ്ങുന്നതിനു മുൻപ് പ്രധാനമായി നാം പരിഗണിക്കേണ്ട ഒരു കാര്യമുണ്ട്. ടി കെക്കു തന്നെ വളരെ കരുതൽ ഉണ്ടായിരുന്ന ഒരു പ്രത്യേക സങ്കല്പനത്തെ പറ്റി പറഞ്ഞുകൊണ്ട് നമുക്ക് ആരംഭിക്കാമെന്നു തോന്നുന്നു. ജനാധിപത്യ സ്വഭാവമുള്ള ഒരു സമൂഹത്തിന് ഏറ്റവും അടിസ്ഥാനപരമായി ആവശ്യം ഉള്ളത് ജനാധിപത്യപരമായ ഒരു പൊതുമണ്ഡലം ആണ് എന്ന ഹേബർമാസിന്റേയും ടെറി ഈഗിൾടണിന്റേയും മറ്റും സങ്കല്പനങ്ങളെ ഉപജീവിച്ചുകൊണ്ട് ടി.കെ. രാമചന്ദ്രൻ പലയിടങ്ങളിലും എഴുതിയിരുന്നു. യൂറോപ്പിലേയും കേരളത്തിലേയും ഇന്ത്യയിലെ തന്നെയും ജനാധിപത്യ രൂപീകരണത്തിന്റെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി, അതിനുള്ള പ്രധാനപ്പെട്ട ഒരു ചവിട്ടുപടിയായി തീർന്നത് ഇത്തരം പൊതുമണ്ഡലങ്ങളായിരുന്നു. പ്രധാനമായും ആശയങ്ങളുടെ രൂപീകരണത്തിനും വിനിമയത്തിനും അറിവുകളുടെ കൈമാറ്റത്തിനും അതിലൂടെ അഭിപ്രായം രൂപീകരിക്കപ്പെടുന്നതിനും എല്ലാവരും ഒരേ പോലെ സമരസപ്പെട്ടുകൊണ്ട്, അല്ലെങ്കിൽ എല്ലാവരും സമന്മാരായി നിന്നുകൊണ്ടുള്ള ഒരു അഭിപ്രായ കൈമാറ്റം സാധ്യമാക്കുന്ന ഒരു ജനാധിപത്യ പൊതുമണ്ഡലമാണ്, ഒരു പക്ഷേ, വളരെ പ്രവർത്തനക്ഷമമായിട്ടുള്ള, functional ആയ ഒരു ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ആ പൊതുമണ്ഡലം ഒരു ജ്ഞാനമണ്ഡലം കൂടിയാണ്. കാരണം എന്താണ് പൗരൻ, എന്താണ് പൗരത്വം, എന്താണ് രാഷ്ട്രം, എന്താണ് രാഷ്ട്രത്തിന്റെ ചുമതലകൾ, എന്താണ് ജനാധിപത്യം, എന്താണ് ജനാധിപത്യപരമായ ചുമതലകൾ എന്നെല്ലാം തന്നെ അറിവിന്റെ തലത്തിലേക്ക് പരിവർത്തിപ്പിച്ച്, മനുഷ്യരുടെ ബോധത്തിന്റെ ഭാഗമാക്കി മാറ്റുന്ന, വളരെ വിപുലമായ ആശയാവലികളുടെ ഒരു ശൃംഖല തന്നെ ഇത്തരം പൊതു മണ്ഡലങ്ങളിൽ സൃഷ്ടിക്കപ്പെടാറുണ്ട്. ഇത് സാധാരണ സംഭാഷണങ്ങളിലൂടെ ആയിരിക്കാം, എഴുത്തുകളിലൂടെ ആയിരിക്കാം, ചർച്ചകളിലൂടെ ആയിരിക്കാം; ചില അവസരങ്ങളിൽ അത് ക്ലാസ് മുറികളിലൂടെയും ആയിരിക്കാം. അധികവും ഇതു നടക്കുന്നത് പുറമെ ആയിരിക്കാമെങ്കിലും ചില അവസരങ്ങളിൽ, അത് pedagogical ആയിട്ടുള്ള, അദ്ധ്യയനശാസ്ത്രപരമായ ചില ഇടങ്ങളിൽ കൂടി തന്നെ ആയിരിക്കാം. ഇത്തരം ഒരു പൊതുമണ്ഡലത്തെ കുറിച്ചുള്ള സങ്കല്പത്തിൽ നിന്ന് നാം ആരംഭിക്കുകയാണെങ്കിൽ ഒരു കാര്യം വളരെ കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത്തരമൊരു പൊതുമണ്ഡലമാണ് ഒരു പക്ഷേ, ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് ഏറ്റവും വലിയ ഭീഷണി. അത്തരമൊരു പൊതുമണ്ഡലം ഇല്ലാതാക്കുകയും തകർക്കുകയും ചെയ്യുക എന്നത്, ആശയപരമായ, വിമർശനപരമായ, വിശകലനപരമായ ഒരു പൊതുബോധത്തിന്റെ സാധ്യത ജനങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യുക എന്നത് എപ്പോഴും ഒരു ഫാഷിസ്റ്റ് ഭരണത്തിന്റെ  പ്രധാനപ്പെട്ട ലക്ഷ്യമായിരിക്കും.


ഒരു വശത്ത് അത്തരം ഒരു ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഏറ്റവും കാതലായ  പ്രവൃത്തി എന്നത്, ഇന്നു നാം നമ്മുടെ ചുറ്റും നിരന്തരമായി കാണുന്ന ഫെയ്ക്ക് ന്യൂസുകൾ (fake news) നിരന്തരമായി ഗീബൽസിയൻ തന്ത്രം ഉപയോഗിച്ചുകൊണ്ട് പ്രചരിപ്പിക്കുന്നതാണ്. ഒരേ നുണ തന്നെ നിരന്തരം പറഞ്ഞു പറഞ്ഞു സത്യം ആക്കി മാറ്റുന്ന ഗീബൽസിന്റെ രീതി. Fake information എന്നു പറയുന്നതിന്റെ misinformation എന്നു പറയുന്നതിന്റെ ഭീകരമായ ഒരു അതിപ്രസരം. മറ്റൊരു വഴി ജനങ്ങൾക്ക് അവകാശപ്പെട്ട, ഒരു ജനതക്ക് ജനാധിപത്യപരമായി അവകാശപ്പെട്ടതും അനിവാര്യവുമായ അറിവുകളെ അവരിലേക്ക് എത്തുന്നതിൽ നിന്നും  തടസ്സപ്പെടുത്തുക എന്നതാണ്. അറിവിന്റെ സുഗമമായ കൈമാറ്റം അസാധ്യമാക്കുക എന്നതാണ്. അതു തടസ്സപ്പെടുത്തുവാൻ പോന്ന പദ്ധതികൾ കൊണ്ടുവന്നു നടപ്പാക്കുക എന്നതാണ്. നമുക്കിതിനെ വിദ്യാഭ്യാസത്തിൽ മാത്രമായി പരിഗണിക്കാൻ കഴിയില്ല. സെൻസർഷിപ്പിന്റെ രീതിയിലാണെങ്കിലും പത്രങ്ങളുടേയോ, പുസ്തകങ്ങളുടേയോ, പ്രയോഗങ്ങളുടേയോ,  അല്ലെങ്കിൽ സിനിമകളുടേയോ, മറ്റ് ആവിഷ്ക്കാരങ്ങളുടേയോ സെൻസർഷിപ്പ്  ആയിട്ടാണെങ്കിലും ഒരു സംസ്കാരത്തിന്റെ നിർമ്മിതിയെ തന്നെ, ഒരു പൊതു മണ്ഡലത്തിലെ നിർമ്മിതിയെ തന്നെ തടുത്തു നിർത്താനുള്ള ശ്രമങ്ങൾ എപ്പോഴും ഫാഷിസത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്.


ഇന്നത്തെ നമ്മുടെ ചർച്ചാ വിഷയത്തിലേക്കു വന്നാൽ, സിബിഎസ്ഇ സിലബസിൽ വെട്ടിച്ചുരുക്കിയ ഭാഗങ്ങൾ ഏതൊക്കെ എന്ന് ഒന്ന് ഓടിച്ചു നോക്കിയാൽ തന്നെ, ഒരു പക്ഷേ, ആ പാഠഭാഗങ്ങൾ ഏതു വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പറയുമ്പോൾ തന്നെ ആ നടപടിയുടെ രാഷ്ട്രീയം എന്താണ് എന്നത് വ്യക്തമാവും. 9-ാം ക്ലാസ്സിലെ 'സോഷ്യൽ സയിൻസസ്' പാഠഭാഗങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുന്ന വിഷയങ്ങളിൽ പോപ്പുലേഷൻ (population - ജനസംഖ്യ), ഡെമോക്രാറ്റിക് റൈറ്റ്സ് (Democratic Rights - ജനാധിപത്യ അവകാശങ്ങൾ), ഫുഡ് സെക്യൂരിറ്റി (Food Security - ഭക്ഷ്യ സുരക്ഷിതത്വം) എന്നിവ ഉൾപ്പെടുന്നു. ക്ലാസ് 10 ൽ നിന്നും മാറ്റം ചെയ്യപ്പെട്ടിരിക്കുന്നവ ഫോറസ്റ്റ് ആന്റ് വൈൽഡ് ലൈഫ് (Forest and wild life - വനവും വന്യജീവിതവും), ഡെമോക്രസി ആൻറ് ഡൈവേഴ്സിറ്റി (Democracy and Diversity - ജനാധിപത്യവും വൈവിദ്ധ്യവും), ജെന്റർ (Gender - ലിംഗ പരിഗണനകൾ), റിലീജ്യൻ ആന്റ് കാസ്റ്റ് (Religion and Caste - മതവും ജാതിയും) തുടങ്ങിയവയാണ്. 11-ാംക്ലാസിലെ പാഠങ്ങളിൽ നിന്നും ഫെഡറലിസം (Federalism, സിറ്റിസൺഷിപ് (citizenship - പൗരത്വം), റാഷണലിസം (rationalism - യുക്തിവാദം) സെക്യുലറിസം (Secularism - മതനിരപേക്ഷത) ഇക്കണോമിക്സിൽ നിന്നും മൊണോപോളി ക്യാപ്പിറ്റലിസം (monopoly capitalim - കുത്തക മുതലാളിത്തം), മൊണോപോളി കോമ്പെറ്റീഷൻ (Monopoly competition - കുത്തക മത്സരം), എൻവയൺമെന്റിൽ നിന്നും ക്ലൈമറ്റ് (climate - കാലാവസ്ഥ) തുടങ്ങിയവ എടുത്തു മാറ്റിയിട്ടുണ്ട്. ക്ലാസ്സ് 12 ലെ പാഠഭാഗങ്ങളിൽ നിന്നും നീക്കം ചെയ്തവയിൽ സോഷ്യൽ ആന്റ് ന്യൂ സോഷ്യൽ മൂവ്മെന്റ്സ് ഇൻ ഇന്ത്യ (Social and New Social Movements in India - ഇന്ത്യയിലെ സാമൂഹ്യ, നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ), പ്ലാനിംഗ്‌ കമ്മീഷൻ (Planning Commission), ഫൈവ് ഇയർ പ്ലാൻസ് (Five year Plans - പഞ്ചവത്സര പദ്ധതികൾ), ഇന്ത്യാസ് റിലേഷൻസ് വിത്ത് നെയ്ബേഴ്സ് (India's Relations with neighbours - അയൽ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം), കൊളോണിയലിസം (Colonialism), അണ്ടർസ്റ്റാന്റിംഗ് പാർട്ടീഷൻ (understanding partition - വിഭജനത്തെ മനസ്സിലാക്കൽ) തുടങ്ങിയവ ഉൾപ്പെടുന്നു.  നീക്കം ചെയ്യപ്പെട്ട ഈ ടോപ്പിക്കുകൾ അഥവാ വിഷയങ്ങൾ തന്നെ ഈ നടപടിയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്.


എന്താണ് ഈ നടപടിക്കു പുറകിലുള്ള രാഷ്ട്രീയ സമീപനം എന്നു ചോദിച്ചാൽ പൗരത്വത്തേയും പൗരബോധത്തേയും പൗരാവകാശങ്ങളേയും സംബന്ധിക്കുന്ന എല്ലാ അറിവുകളേയും സ്കൂൾ തലത്തിൽ നിന്ന് നീക്കം ചെയ്യുക എന്നതു തന്നെയാണ് ഇതിന്റെ ഉദ്ദേശം എന്നു മറുപടി പറയേണ്ടി വരും. ഇതു പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്നു പറയുന്ന ഒരു രീതിയാണ്. കാരണം, കോവിഡ് പടർന്നു പിടിക്കുന്ന ഒരു യാഥാർത്ഥ്യത്തിന്റെ മറവിൽ നിന്നുകൊണ്ട്, ക്ലാസ്സുകളുടെ എണ്ണം കുറയുന്നു എന്ന സാഹചര്യം എടുത്തുകാട്ടിക്കൊണ്ട്, പാഠഭാഗങ്ങൾ കുറക്കേണ്ട ആവശ്യം ഉണ്ട് എന്നിങ്ങനെ ന്യായീകരിക്കാവുന്ന കാര്യങ്ങളുടെ മറവിൽ നിന്നുകൊണ്ടാണ് ഇതു ചെയ്യുന്നത്. എന്നിരിക്കെ തന്നെ അങ്ങനെ ചെയ്യുന്നതിന്റെ പിന്നിൽ ഒരു രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ട്.  പൗരത്വത്തേയും പൗരബോധത്തേയും പൗരാവകാശങ്ങളേയും കുറിച്ചുള്ള എല്ലാ സങ്കല്പനങ്ങളും എല്ലാ അറിവുകളും ധാരണകളും മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ ജനാധിപത്യപരമായ ഒരു വ്യവസ്ഥക്ക് അനിവാര്യമായിട്ടുള്ള ഒരു മൂല്യസംഹിതയെ തന്നെ, അറിവുകളെ തന്നെ നീക്കം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു സർക്കാർ എന്ന നിലയ്ക്ക്, ഒരു രാഷ്ട്രം, ഒരു സ്റ്റേറ്റ് എന്ന നിലയ്ക്ക് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലാ മണ്ഡലങ്ങളിൽ വരുന്ന ഫെഡറലിസത്തിന്റെ കാര്യം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു ഫെഡറൽ വ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യയിലെ, സംസ്ഥാനങ്ങളുടേത് എന്നു പറയാവുന്ന അറിവുകളെ എല്ലാം കേന്ദ്രത്തിലേക്ക് ചുരുക്കി എടുക്കുന്ന, സംസ്ഥാനങ്ങളുടെ അധികാരങ്ങളേയും അവകാശങ്ങളേയും മാറ്റിനിർത്തുന്ന തരത്തിലുള്ള ഒരു നീക്കം ഇതിനു പിന്നിലുണ്ട്. ഫെഡറലിസത്തിന് എതിരാണിത്. ഇതോടൊപ്പം തന്നെയാണ് മതേതരത്വത്തിന്റേയും സാമൂഹിക അല്ലെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടേയും മറ്റും ചരിത്രവും ഇല്ലാതാക്കുന്നതിനുള്ള നടപടിയും കാണുന്നത്. ഒരു നിലക്ക് ആകത്തുകയായി പറയുകയാണെങ്കിൽ ഒരു ജനാധിപത്യ രാജ്യത്തിന്റെ അല്ലെങ്കിൽ ഒരു ജനാധിപത്യ സംസ്കാരത്തിന്റ അടിത്തറയായി തീരേണ്ട അറിവുകളുടെ ഒരു സഞ്ചയം, അല്ലെങ്കിൽ അതിന്റെ അടിത്തറയായിത്തീരേണ്ടഒരു മൂല്യസംഹിത ഉണ്ടെങ്കിൽ, ഒരു മൂല്യവ്യവസ്ഥ ഉണ്ടെങ്കിൽ, വിമർശനത്തിലും വിശകലനത്തിലും ഊന്നുന്ന രീതിയിലുള്ള ഒരു പൗരബോധത്തിന്റെ കരുപ്പിടിപ്പിക്കലാണ്, ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അംശം എന്നുണ്ടെങ്കിൽ, അത്തരം ഒരു പൗരബോധത്തെ ഇല്ലാതാക്കാനായി അല്ലെങ്കിൽ അതിനെ നിഷ്ക്കാസനം ചെയ്യുവാനായി, അല്ലെങ്കിൽ ദമനം ചെയ്യുവാനായി നടത്തുന്ന ശ്രമം തന്നെയാണ് ഇതിന്റെ പിന്നിൽ യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ളത്.  ഒന്നു നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു വന്നതിന്റെ തൊട്ടു പിന്നാലെ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ഇതു സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ്, Misinformation ആണ് പ്രചരിപ്പിക്കുന്നത് എന്നാണ്. കേവലം ഒരു കൊല്ലത്തേക്ക് മാത്രമാണ് ഇത് നടപ്പാക്കുന്നതെന്നും ഇതിന് ടെസ്റ്റ് ഇല്ലെന്നും പഠിപ്പിക്കൽ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതൊന്നും വിശ്വാസയോഗ്യമല്ലെന്നതാണു വാസ്തവം. നാം ഇതിൽ ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്.  എന്തൊക്കെയാണ് നീക്കം ചെയ്യപ്പെടാതെ അവിടെ നില നിർത്തപ്പെട്ടിട്ടുള്ളത് എന്നത് വളരെ പ്രധാനമാണ്. ശ്രദ്ധയോടെ നോക്കുകയാണെങ്കിൽ, നീക്കം ചെയ്യാതെ നില നിർത്തപ്പെട്ടിട്ടുള്ളവയിൽ അധിക പങ്കും പ്രത്യേകിച്ച്, പൊളിറ്റിക്കൽ സയൻസിൽ,  ഗവൺമെൻറിന്റെ  അധികാരങ്ങളെ സംബന്ധിച്ച, അതു പോലെ തന്നെ ഗവൺമെൻറ് ഓഫീസുകളുടെ, ഉദാഹരണത്തിന്, പ്രൈം മിനിസ്റ്റർ അല്ലെങ്കിൽ  കേന്ദ്രമന്ത്രിമാർ ആയിട്ടുള്ളവരുടെ മന്ത്രാലയങ്ങളുടെ അധികാരം സംബന്ധിച്ച പാഠഭാഗങ്ങൾ നില നിർത്തപ്പെടുന്നത് കാണാം. ഇതിന്റെ യുക്തിയെപ്പറ്റി നാം നോക്കുകയാണെങ്കിൽ നില നിർത്തപ്പെടുന്നവ ഏത് എന്നും വേണ്ടെന്നു വക്കുന്നത് ഏത് എന്നുമുള്ള കാര്യങ്ങളിൽ രാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പ് ഒരു പൊളിറ്റിക്കൽ ചോയ്സ് കൃത്യമായി വന്നു എന്നു കാണാം. വിമർശനത്തിന്റെ, വിശകലനത്തിന്റെ സാധ്യതകൾ ഇല്ലാതാക്കുക എന്നതു തന്നെയാണ് ഇതിന്റെ പിന്നിലെ യുക്തി. ഇതിനോടു ബന്ധപ്പെട്ട ഒരു ചെറിയ കാര്യം കൂടി പറയേണ്ടി വരും. അത് കേവലം ഇന്ത്യയെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. നേരത്തെ മോഹൻദാസ് അല്ലെങ്കിൽ സ്വാഗത പ്രസംഗകൻ സൂചിപ്പിച്ചതു പോലെ ആഗോള തലത്തിൽ തന്നെ അതിശക്തമായ ഒരു വലതുപക്ഷവത്ക്കരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്.  അതിന്റെ ഭാഗമായിത്തന്നെ ഒരു റൈറ്റിസ്റ്റ് സിസ്റ്റം അഥവാ വലതുപക്ഷ പ്രസ്ഥാനം വളർന്നു വരുന്നുണ്ട്. അതിന്റെ ഭാഗമായി  വിദ്യാഭ്യാസത്തിന്റെ മേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ഒരു വ്യതിയാനം സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കു മുള്ള പ്രാധാന്യം കുറച്ചു കുറച്ചു കൊണ്ടുവരിക എന്നതാണ്. മറിച്ച്  ടെക്നോളജിയുടെ പ്രാധാന്യം കൂടി വരികയാണ്. ശുദ്ധമായ ശാസ്ത്രമല്ല പലപ്പോഴും പഠിപ്പിക്കുന്നത് എന്നു ശ്രദ്ധിക്കണം. ടെക്നീഷ്യൻമാരുടെ ഒരു  തൊഴിൽ പട്ടാളത്തെ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ ടെക്നോളജിയുടെ പഠനത്തിനാണ് പ്രാധാന്യം നൽകുന്നത്. ശുദ്ധ ശാസ്ത്രം പിന്നോട്ടു മാറ്റപ്പെടുകയും ഹ്യുമാനിറ്റീസും സോഷ്യൽ സയൻസും ഏതാണ്ട് അനാവശ്യമാണെന്നു ചിത്രീകരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി പഠന മണ്ഡലങ്ങളും സ്കൂൾ പഠന മണ്ഡലങ്ങളും മാറ്റിയെടുക്കുന്നതിനുള്ള ഒരു ശ്രമം ആഗോളതലത്തിൽ തന്നെ നടക്കുന്നുണ്ടെന്നു നമുക്കു കാണാൻ കഴിയും. തീർച്ചയായും അത് ധാരാളം വിമർശനങ്ങൾക്ക് വിധേയമായിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും മാനവിക വിഷയങ്ങൾ എന്നറിയപ്പെടുന്ന ഹ്യുമാനിറ്റീസ് പഠിച്ചിട്ട് എന്തു കാര്യം എന്നാണു ചോദിക്കുന്നത്. അത് ലാഭകരമായ ഒരു ഏർപ്പാടല്ല എന്നാണു പറയുന്നത്. ഇന്നു നിലനിൽക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അകത്തുള്ള, വളരെ ശക്തമായ, കൃത്യമായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഒരു സഖ്യത്തെ കുറിച്ച് നമുക്കു മനസ്സിലാക്കേണ്ടി വരും. അതോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. ഡീമോണിട്ടൈസേഷനെ കുറിച്ചും മരങ്ങളെക്കുറിച്ചും വനനശീകരണത്തെ കുറിച്ചും പരിസ്ഥിതി ബോധത്തെ കുറിച്ചും പഠിപ്പിക്കേണ്ടതില്ല എന്ന തീരുമാനം കൂടി കൂട്ടി വായിക്കുമ്പോൾ നാം വ്യക്തമായി ഇവിടെ കാണുന്നത് ഈ വ്യവസ്ഥയുടെ കോർപ്പറേറ്റ് ബന്ധങ്ങളാണ്. ആഗോള കോർപ്പറേറ്റ് താല്പര്യങ്ങളുമായുള്ള ഈ സർക്കാരിന്റെ, അല്ലെങ്കിൽ ഈ വ്യവസ്ഥയുടെ, ഹിന്ദുത്വ ദേശീയതയുടെ കൃത്യമായ ബന്ധങ്ങളെ പുറത്തു കൊണ്ടുവരുന്ന ഒരു യാഥാർത്ഥ്യമാണിത്. നമുക്കിതിനെ വളരെ വിപുലമായ അർത്ഥത്തിൽ തന്നെ കാണേണ്ടി വരും. ഒരു വശത്ത്, മാനവിക സാമൂഹികശാസ്ത്ര വിഷങ്ങളുടെ പ്രാധാന്യത്തെ ലളിതവത്ക്കരിച്ച് ഇല്ലാതാക്കി കൊണ്ടു വരികയും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിമർശന യുക്തിയെ, ഒരു വിമർശനസംസ്കാരത്തെ, ചോദ്യങ്ങൾ ചോദിക്കുവാനുള്ള കെല്പ് ഉണ്ടാക്കലിനെ ഇല്ലാതാക്കുകയും മറുവശത്ത് കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് അഥവാ ആഗോള മുതലാളിത്ത താൽപര്യങ്ങൾക്ക്, അതുമല്ലെങ്കിൽ ഇവരുടെ ക്രോണി കാപ്പിറ്റലിസ്റ്റ് താൽപര്യങ്ങൾക്ക് അനുസൃതമായ ചില കാര്യങ്ങൾ മാത്രം പഠിപ്പിക്കുകയും അത്തരത്തിൽ അനുസരണയുള്ള ഒരു ജനാവലിയെ, ഇവർ പറയുന്ന കാര്യങ്ങൾ മാത്രം അനുസരിക്കുകയും ഇവർ പ്രസരണം ചെയ്യുന്ന ആശയങ്ങളാണ് യഥാർത്ഥ സത്യം എന്ന് അംഗീകരിക്കുകയും ഇവരുടെ കുഞ്ഞാടുകളായി മാറുകയും ഫാസിസ്റ്റ് അധികാരത്തിനു വഴങ്ങിക്കൊടുക്കുകയും ചെയ്യുന്ന, ഒരു സ്വീകൃത ജനാവലിയെ നിർമ്മിച്ചെടുക്കാനുള്ള ഒരു ശ്രമം ഇതിൽ നമുക്ക് കൃത്യമായി കാണാൻ കഴിയും. 


എന്താണ് ഇതിന്റെ ഒരു larger perspective എന്നു ചോദിക്കുമ്പോൾ കൃത്യമായി നോക്കിയാൽ നമുക്കു ചില കാര്യങ്ങൾ കാണാനാവും. ജുഡീഷ്യറിയാണെങ്കിലും വിദ്യാഭ്യാസ വ്യവസ്ഥയാണെങ്കിലും പത്രമാദ്ധ്യമങ്ങളുടെ മേഖലയാണെങ്കിലും  ഓരോന്നോരോന്നായി എല്ലാ തരത്തിലുമുള്ള എതിർ ശബ്ദങ്ങളുടേയും വിവിധങ്ങളായ ശബ്ദവ്യത്യസ്തതകളുടേയും സ്വരങ്ങളുടേയും സാധ്യത ഇല്ലാതാക്കുകയും അവയെയെല്ലാം  ദേശവിരുദ്ധമെന്നോ രാഷ്ട്ര വിരുദ്ധമെന്നോ മുദ്ര കുത്തുകയും ചെയ്യുന്ന വളരെ വിപുലമായ ഒരു പ്രത്യയശാസ്ത്രമണ്ഡലത്തിനകത്ത്, കൃത്യമായി ഇവർക്ക് അനുസൃതമായ ആശയങ്ങളിൽ മാത്രം  വിശ്വസിക്കുന്ന, അതിൽ മാത്രം നിൽക്കുന്ന, അത് പൂർണ്ണമായി സത്യം എന്ന് അംഗീകരിക്കുന്ന, വാട്ട്സാപ്പ് യൂണിവേഴ്സിറ്റി എന്ന് നാം തമാശയായി പറയുന്ന തരത്തിലുള്ള ഒന്നിന്റെ ഭാഗമാകുന്ന, ബുദ്ധിശൂന്യതയിൽ അഭിരമിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുക എന്നതു തന്നെയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. ഇതിനെ നമുക്ക് ചെറുതായി കാണാൻ കഴിയില്ല എന്നതാണു് പ്രധാനപ്പെട്ട കാര്യം. കാരണം 9, 10, 11, 12 എന്നീ ക്ലാസ്സുകളുടെ കാലം വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരു പക്ഷേ, ഒരു രാഷ്ട്രീയ ജീവിയായി ഒരു വ്യക്തി രൂപപ്പെടുന്ന ഒരു കാലമാണത്.  എനിക്ക് നല്ല ഓർമ്മയുണ്ട്. വ്യക്തിപരമായ ഒരു കാര്യം പറയുകയാണെങ്കിൽ, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അടിയന്തിരാവസ്ഥ കഴിഞ്ഞതിനു ശേഷമുള്ള തെരഞ്ഞെടുപ്പ്. എന്റെ രാഷ്ട്രീയവത്ക്കരണം നടക്കുന്നത് ആ ഇലക്ഷനിലൂടെയാണ്. സ്കൂളിലെ അനുഭവങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി പത്താം ക്ലാസിലെ ആ പരീക്ഷക്കാലത്തു നടന്ന ആ തെരഞ്ഞെടുപ്പാണ് എന്നെ രാഷ്ട്രീയം എന്താണെന്നു പഠിപ്പിച്ചത്. എന്താണ് രാഷ്ട്രീയ വ്യത്യസ്തതകൾ? എന്താണ് ഇടതുപക്ഷം? ഇത്തരം കാര്യങ്ങളിൽ ഒരു പൊളിറ്റിക്കൽ എജ്യൂക്കേഷൻ നടക്കുന്നത് അപ്പോളാണ്. ആ നിലക്കു നോക്കുമ്പോൾ 9-12 ക്ലാസ്സുകളിലെ പഠനകാലം ഒരു വ്യക്തിയുടെ ജീവിതത്തിലെ രാഷ്ട്രീയമായി ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടമാണ്. ആ ഘട്ടത്തിലെ ഏറ്റവും അനിവാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ഇന്ത്യൻ ജനതക്ക്, ഇന്ത്യൻ യുവതക്ക് നിഷേധിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഈ സിലബസ്സ് വെട്ടിച്ചുരുക്കലിനു പിന്നിലുള്ളത്. മറ്റു പലതും പോലെ തന്നെ ശക്തമായി എതിർക്കപ്പെടേണ്ടതാണിത്. എങ്കിലും എതിർക്കപ്പെടേണ്ട മറ്റു പലതിനേക്കാളും ഇത് കൂടുതൽ പ്രധാനപ്പെട്ടതാകുന്നതിന്റെ കാരണം ഇതിന്റെ ഫലം നാം അനുഭവിക്കാൻ പോകുന്നത് ഇപ്പോൾ മാത്രമല്ല എന്നതുകൊണ്ടു കൂടിയാണ്. വിദ്യാർത്ഥികളായിരിക്കുന്ന കാലവും കഴിഞ്ഞ് വരാനിരിക്കുന്ന തലമുറ മുതിർന്നവരാവുമ്പോൾ തികച്ചും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ട, നിരാഷ്ട്രീയതയിൽ എരിഞ്ഞു തീർന്നു കഴിഞ്ഞ ഒരു ജനതയായി മാറുമെന്നും ആ പ്രയാണത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഈ സിലബസ് വെട്ടിച്ചുരുക്കലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ ടി.കെ. രാമചന്ദ്രൻ കൃത്യമായി പറയുകയുണ്ടായി, Being apolitical is another form of being political; and probably much more dangerous than being politically otherwise. അരാഷ്ട്രീയ പരത എന്നത് രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം മാത്രമാണ്. മാത്രമല്ല, മറ്റുള്ള രാഷ്ട്രീയങ്ങളേക്കാളൊക്കെ ആപത്ക്കരമായ, ഭീകരമായ രാഷ്ട്രീയമാണ് അരാഷ്ട്രീയതയിൽ ഉണ്ടാവുക എന്ന ടി.കെയുടെ വാക്കുകളോടെ ഞാൻ ഇതവസാനിപ്പിക്കട്ടെ. ഇതായിരിക്കാം ഒരു പക്ഷേ, നാം മനസ്സിൽ കാത്തു സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ആശയം.