മഹാമാന്ദ്യവും മഹാമാരിയും സോഷ്യലിസ്റ്റ് ബദൽ പാതയും-ഫ്രെഡി.കെ. താഴത്ത്


മഹാമാന്ദ്യവും മഹാമാരിയും സോഷ്യലിസ്റ്റ് ബദൽ പാതയും

-ഫ്രെഡി.കെ. താഴത്ത്




മഹാമാന്ദ്യവും മഹാമാരിയും
സോഷ്യലിസ്റ്റ് ബദൽ പാതയും



                   Black death plague



കോവിഡ് 19 മഹാമാരി



ലോകത്തെയാകെ പിടിച്ചുലച്ച 21-ാം നൂറ്റാണ്ടിലെ മഹാമാരിയായാണ് കോവിഡ് 19 - പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ പ്രകടമായ ഈ മഹാമാരിക്ക് കാരണക്കാരൻ 'സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 ' (severe acute respiratory syndrome coronavirus 2 - SARS-CoV-2 ) എന്ന , പരിണാമ പ്രക്രിയയിലൂടെ ഉണ്ടായ, പുതിയ ഇനം വൈറസ് ആണ്.




ചൈനയാണ് മഹാമാരിയുടെ ആദ്യ ഇരയായ രാഷ്ട്രമെങ്കിലും ഈ രോഗാണുവിൻ്റെ ഉത്പത്തി ചൈനയിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടനയോ ശാസ്ത്രലോകമോ ഇനിയും ഉറപ്പിച്ചിട്ടില്ല. പുതിയ രോഗം തിരിച്ചറിയാൻ ഉണ്ടായ ചെറിയ കാലതാമസത്തിനുള്ളിൽ തന്നെ രോഗം മറ്റ് ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുമായി ചൈന കഴിഞ്ഞ വർഷം അവസാനം തന്നെ കോവിഡ് 19നെതിരെ പൊരുതാനാരംഭിക്കുകയും പുതിയ രോഗാണുവിൻ്റെ ജനിതകഘടന കണ്ടെത്തി ലോകത്തിന് നൽകുകയും രോഗാണുവിനെ തിരിച്ചറിയാനും മറ്റുമുള്ള സങ്കേതങ്ങൾ വികസിപ്പിച്ച് വുഹാൻ നഗരത്തെയും ഹുബെയ് പ്രവിശ്യയേയും ഉൾപ്പെടെ രാജ്യത്തെയും ജനതയെയും ആകെ ഈ മഹാമാരിയുടെ കരാളഹസ്തത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.




82679 പേർക്ക് ചൈനയിൽ രോഗം ബാധിക്കുകയും അതിൻ്റെ 94 % പേരും അതായത് 78046 പേരും രോഗത്തിൽ നിന്ന് മുക്തി നേടുകയും 6 % പേർ, അതായത് , 4633 പേർ മരണപ്പെടുകയും ചെയ്തു. മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സമാനമായ രീതിയിൽ ഈ മഹാമാരിയോട് വിജയകരമായി പൊരുതാനായി. വിയറ്റ്നാമിൽ 288 പേർക്ക് രോഗം പിടിപെട്ടപ്പോൾ ഇതിനോടകം 241 പേർ രോഗമുക്തരാകുകയും ഇതുവരെ ആരും മരണപ്പെടാതിരിക്കുകയും ചെയ്തു. ക്യൂബയിൽ, 1729 പേർക്ക് രോഗബാധയുണ്ടായി;1031 പേർ രോഗ മുക്തരായി; 73 പേർ മരണമടഞ്ഞു.




അതേസമയം യുഎസ്സിൽ 1,333,540 പേർക്ക് രോഗബാധയും 224,633 പേർക്ക്‌ രോഗമുക്തിയും 79,252 പേർക്ക് മരണവുമാണ് കോവിഡ് 19 മഹാമാരി സമ്മാനിച്ചിരിക്കുന്നത്. ഇന്നത്തെ കണക്കുകൾ കാണിക്കുന്നതു പ്രകാരം മരണസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ യു.എസ് നു പിന്നാലെ യു.കെ 31,587, ഇറ്റലി 30,395, സ്പെയിൻ 26,478, ഫ്രാൻസ് 25,987 എന്നിങ്ങനെ യൂറോപ്യൻ രാജ്യങ്ങൾ മുൻപന്തിയിലാണ്.




ഏഷ്യ, ലത്തീനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ മഹാമാരിയുടെ കണക്കുകൾ ഇതിന് പുറകെയുണ്ട്. നിരവധി രാജ്യങ്ങൾ പൂർണ്ണമായ ലോക്ഡൗണിൽ ആയിരിക്കുമ്പോഴും വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളും ലോക് ഡൗൺ ഒഴിവാക്കുകയാണ്. ലോക് ഡൗൺ/ക്വാറൻ്റൈൻ പോലുള്ള ശാരീരിക അകലം പാലിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ തന്നെ ടെസ്റ്റുകൾ പരമാവധി നടത്തിക്കൊണ്ടും ചികിത്സാ സംവിധാനങ്ങൾ പരമാവധി ലഭ്യമാക്കിക്കൊണ്ടും ഈ മഹാമാരിക്കെതിരെ പൊരുതാൻ ലോകാരോഗ്യ സംഘടന നൽകുന്ന ശാസ്ത്രീയ നിർദ്ദേശം മുഖ്യമായും മുതലാളിത്ത രാഷ്ട്രങ്ങൾ പാലിക്കുന്നില്ല. ആരോഗ്യ പരിപാലനത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശമായി കാണാത്ത, ചരക്കായി കാണുന്ന, ലാഭക്കൊതിയിലധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാന വീക്ഷണ, താത്പര്യ, വൈകല്യമാണ് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രീയ നിർദ്ദേശങ്ങളോട് മുഖം തിരിക്കുന്നതിലേക്ക് വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നയിക്കുന്നത് എന്നത് വ്യക്തമാണ്.




മൂന്നാം മഹാ മാന്ദ്യം


മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ട് മുതൽക്ക് തന്നെ ലോകരാഷ്ട്രങ്ങൾക്കു മേൽ പിടിമുറുക്കി ക്കൊണ്ടിരുന്ന മൂന്നാം മഹാമാന്ദ്യത്തിൻ്റെ തീവ്രത വർദ്ധിച്ചുവന്നുകൊണ്ടിരിക്കുന്നതും മേൽപ്പറഞ്ഞ രീതിയിൽ ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിക്കാനും സാർവത്രിക ആരോഗ്യപരിപാലനം എന്ന ഉത്തരവാദിത്വം കയ്യൊഴിയാനും കാരണമായി. രാഷ്ട്രങ്ങളിലെ പൗരസമൂഹത്തിൻറെ നിലനിൽപ്പുതന്നെ അവഗണിക്കുന്ന തരത്തിലേക്ക് മുതലാളിത്തവ്യവസ്ഥ മുച്ചൂടും പരാജയപ്പെടുന്ന ചിത്രമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. പാർപ്പിടത്തിനും തൊഴിലിനും ഭക്ഷണത്തിനുമുള്ള അവകാശം മാത്രമല്ല ആരോഗ്യ പരിപാലനത്തിനും ജീവനുമുള്ള അവകാശംപോലും പരിപാലിക്കാൻ മുതലാളിത്ത വ്യവസ്ഥ തീർത്തും അപര്യാപ്തമാണെന്ന് കോവിഡ് 19 മഹാമാരിയുടെ അനുഭവം തെളിയിക്കുകയാണിന്ന്.
Bank Panic 1873 Nrun On The Union Trust Company In New York City During The Panic Of 1873 Wood Engraving From A Contemporary American Newspaper Poster Print by (24 x 36)


പതിനാലാം നൂറ്റാണ്ടിൽ (1347 - 1351) 20 കോടിയോളം മനുഷ്യ ജീവനപഹരിച്ച ബ്ലാക്ക് ഡെത്ത് എന്ന പ്ലേഗ് മഹാമാരി പ്രതിസന്ധിഗ്രസ്തമായിരുന്ന ഫ്യൂഡലിസത്തിൻ്റെ മരണമണി മുഴക്കിത്തുടങ്ങിയതിനോട് ഏറെ സാമ്യമുള്ള വ്യവസ്ഥാ പ്രതിസന്ധിയിലേക്കാണ് 2008 ലെ സമ്പദ് വീഴ്ച്ചയിലൂടെ മൂന്നാം മഹാമാന്ദ്യത്തിൻ്റെ ചുഴിയിലേക്ക് വലിച്ചിടപ്പെട്ട ലോക മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയുടെ ഇന്നത്തെ നില. അതായത്, അനുഭവതലത്തിൽ, കോവിഡ് 19 മഹാമാരി മൂന്നാം മഹാമാന്ദ്യത്തെ മൂർച്ഛിപ്പിച്ച ഉൽപ്രേരകമാണ്.

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുതന്നെ ലോകം മൂന്നാം മഹാമാന്ദ്യത്തിൻ്റെ തീവ്രതരമായ ഘട്ടത്തിലേക്ക് കടക്കാൻ പോവുകയായിരുന്നു എന്നുള്ളത് വ്യക്തമായിരുന്നു. ഇതിൻ്റെ നാൾവഴി തേടിയാൽ അത് രണ്ടാം ലോകയുദ്ധാനന്തരം കെയ്നീഷ്യൻ സമ്പദ്ശാസ്ത്ര നയത്തിൻ്റെയും ബ്രട്ടൻവുഡ്സ് സ്ഥാപനങ്ങളായ ഐ.എം.എഫ് - ലോകബാങ്ക് - ഗാട്ട് ( General Agreement on Tariffs and Trade - GATT) എന്നിവയുടേയും മാർഷൽ പ്ലാനിൻ്റേയുമെല്ലാം സന്നാഹ പിന്തുണകളോടെ സൃഷ്ടിക്കപ്പെട്ട ഉണർവ്വും ' മുതലാളിത്തത്തിൻ്റെ സുവർണ്ണ കാലവും' അവസാനിച്ച്, 1973 ലെ ഓയിൽ ഷോക്ക് മുതൽ തന്നെ, ലോക മുതലാളിത്ത-സാമ്രാജ്യത്വവ്യവസ്ഥ (Global Capitalist Imperialist System) പ്രകടമായി പ്രതിസന്ധിയിലാവാനാരംഭിച്ച കാലത്തേ തുടങ്ങിയതായി കാണാം. 1979 ലെ രണ്ടാം ഓയിൽ സപ്ലെ ഷോക്കിലൂടെ 1982-83 വരെ സ്റ്റാഗ്ഫ്ലേഷൻ എന്ന വിപണിമാന്ദ്യവും പണപ്പെരുപ്പവും ഒന്നിച്ച പ്രതിഭാസമായി ഇത് മാറി. 1983 മുതൽ ഇംഗ്ലണ്ടിൽ താച്ചറിസവും യു.എസിൽ റീഗണോമിക്സും ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നിയോ ക്ലാസ്സിക്കലിസത്തിൻ്റെ വന്യമായ വിപണിനിർണ്ണയ വാദത്തിലേക്കും തുടർന്ന് 1990ലെ സോവ്യറ്റ് യൂണിയൻ്റെ പതനത്തോടെ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിലേക്കുമാണ് ഈ പ്രതിസന്ധിയുടെ പകർച്ചവ്യാധി രൂപഭേദം കൊണ്ടത്.
Worker and Kolkhoz Woman




സാമ്രാജ്യത്വ ആഗോളവൽക്കരണത്തിൻ്റെ ആദ്യ പതിറ്റാണ്ട് താണ്ടി 21-ാം നൂറ്റാണ്ടിലെത്തിയപ്പോൾ മേൽപ്പറഞ്ഞ പ്രതിസന്ധി ഗുരുതരമായി. ഇതാണ് 2005 ലെ ഡോട്ട് കോം പ്രതിസന്ധിയിലാരംഭിച്ച് 2008 ലെ സാമ്പത്തിക-തകർച്ച - വിളറിയ വീണ്ടെടുപ്പ് എന്നിവയിലൂടെ വളർന്ന് 2018ൽ അടുത്ത തീവ്രതരമായ പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടിയ അവസ്ഥയിലെത്തിച്ചത്. 2020-21 ൽ ഇത് മാന്ദ്യത്തിൻ്റെ ദുരിതവർഷമായി പെയ്തിറങ്ങിയേക്കുമെന്ന് സമ്പദ് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്ന സാഹചര്യത്തിലാണ് 2019 അവസാനത്തിൽ തന്നെ, കോവിഡ് 19 മഹാമാരിയിലൂടെ, മേൽപ്പറഞ്ഞ പ്രതിസന്ധി ത്വരിതഗതി പ്രാപിച്ച് ഉരുൾപൊട്ടുന്ന അവസ്ഥയിലെത്തിയത്. ഇന്ന് അനുഭവതലത്തിൽ തന്നെ ഇതിനെ 1929ൽ ആരംഭിച്ച ഗ്രെയ്റ്റ് ഡിപ്രഷനേക്കാൾ ഗുരുതര രൂപം പ്രാപിക്കാവുന്ന ഡിപ്രഷൻ അഥവാ മഹാമാന്ദ്യമായി പ്രഖ്യാപിക്കാൻ ഐ.എം.എഫ് അടക്കമുള്ള സ്ഥാപനങ്ങളും മുതലാളിത്ത സമ്പദ് ശാസത്രജ്ഞരും തയ്യാറായിരിക്കുകയാണ്. ആഗോള ജി.ഡി.പി മൈനസ് 3 ശതമാനത്തിലേക്ക് വീഴുമെന്നും 2021 ൽ ഭാഗിക വീണ്ടെടുപ്പിനു മാത്രമേ സാധ്യതയുള്ളൂ എന്നുമാണ് ഐ എം എഫ് പറയുന്നത്.


മേൽപ്പറഞ്ഞ സംഭവവികാസങ്ങൾ അവയുടെ ചരിത്രപരമായ വികാസഗതിയുടെ പശ്ചാത്തലത്തിൽ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ മൂന്ന് കാര്യങ്ങൾ വ്യക്തമാകം.

1) ഇത് കോവിഡ് 19 മഹാമാരിയോടുകൂടി ആരംഭിച്ച ഒരു കേവല ദു:സ്ഥിതിയല്ല;

2) മുതലാളിത്തത്തിൻ്റെ ഡിമാൻ്റ്-സപ്ലേ സിസ്റ്റത്തിൻ്റെ ആന്തോളനത്തിൽ ഉണ്ടാകുന്ന ആവർത്തന പ്രക്രിയയായി പ്രതിസന്ധികളെയും ഉയർത്തെഴുന്നേൽപ്പുകളെയും ചിത്രീകരിക്കുന്ന 'ചാക്രികപതന-ചാക്രികഉന്നതി സിദ്ധാന്തത്തിലൊതുങ്ങുന്നതല്ല ഇത്;

3) 'നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന പതനം' എന്ന തരത്തിൽ വിധിവാദപരമായി കാണുകയും സമ്പദ്ഘടനാ ചക്രം പതിയെ തിരിഞ്ഞ് അത് ശരിയാകുമെന്നും കാണുന്നത് ഒരു പൊള്ളയായ തിയറിയാണ്.

Delegates to the seventh congress of the Second International in Stuttgart, Germany



ഇതിൽ 1) മത്തെ 'ദുഃസ്ഥിതി സിദ്ധാന്ത'ത്തിന് അരക്ഷണം നിലനിൽപ്പില്ലാത്ത തരത്തിൽ 2018-19 വർഷത്തിലെ സമ്പദ് സൂചകങ്ങൾ തന്നെ പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായ തെളിവു നൽകുന്നു. 2018 ൻ്റെ രണ്ടാം പകുതിമുതൽ 2019 ആദ്യ പാദത്തിലുടനീളം യു.എസ്സിലെയും യൂറോപ്പിലെയും വൻ സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ വീണു കൊണ്ടിരിക്കുകയായിരുന്നു. അവയുടെ തകർച്ച തടയാനായി അതത് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അവയെ താങ്ങി നിർത്തുകയായിരുന്നു. യു.എസ് ഫെഡറൽ റിസർവ് (2008-09 കാലത്ത് വാങ്ങി കൂട്ടിയ) മോഡ്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റീസ് അഥവാ സ്വകാര്യ ബാങ്കുകൾ നൽകിയ ലോണുകൾ അടിസ്ഥാനപ്പെടുത്തിയ സെക്യൂരിറ്റീസ് വിൽക്കാമെന്ന വാഗ്ദാനം പാലിക്കാൻ തയ്യാറായില്ല. 1600 ബില്യൺ ഡോളറിൻ്റെ സെക്യൂരിറ്റീസ് ആയീരുന്നു യു.എസ് ഫെഡ് കൈവശം വച്ചിരുന്നത്. ഇവ വിൽക്കാൻ തുനിഞ്ഞാൽ അവയുടെ വില ഭയാനകമായി ഇടിയുമെന്നും തത്ഫലമായി മാർക്കറ്റ് ക്രാഷ് ചെയ്യുമെന്നും ഫെഡറൽ റിസർവ് നന്നായി അറിയാമായിരുന്നു. അതേസമയം പലിശനിരക്ക് 2.5 ശതമാനത്തിനു മേൽ വർദ്ധിപ്പിച്ചാൽ കമ്പനികൾക്ക് തിരിച്ചടവ് സാധ്യമല്ലാത്ത അവസ്ഥ വരുമെന്നും ഫെഡറൽ റിസർവ്വിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്ക് ആകട്ടെ ബാങ്കുകൾക്ക് പൂജ്യം ശതമാനം പലിശ നിരക്കിൽ ലോൺ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. 2020 വരെ ഈ പരിപാടി തുടരുമെന്ന് ഇ.സി.ബി ഉറപ്പുനൽകി കൊണ്ടിരിക്കുകയായിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചാൽ കോവിഡ് 19 മഹാമാരി എന്ന എന്ന ദുഃസ്ഥിതിയിൽ നിന്നല്ല പ്രതിസന്ധി ഉടലെടുക്കുന്നത് എന്ന് മനസ്സിലാക്കാനാവും.




2)-ാം വാദഗതി പൂർണ്ണമായും പൊള്ളയാണെന്ന് 2008 ലെ വീഴ്ചയ്ക്ക് ശേഷം വീണ്ടെടുപ്പ് മരീചികയായി മാറിയതോടെ ലോകം തിരിച്ചറിഞ്ഞതാണ്. വിളറിയ വീണ്ടെടുപ്പ് എന്നത് സത്യത്തിൽ ഇല്ലാത്ത വീണ്ടെടുപ്പാണ് ! ('Pale recovery' is 'No recovery')!! മാത്രമല്ല ഇല്ല 2008 മുതൽ ഇങ്ങോട്ടുള്ള ഉള്ള ബാങ്ക് പ്രതിസന്ധിയുടെ വളർച്ച ചൂണ്ടിക്കാട്ടുന്നത് ചാക്രികഉന്നതി - ചാക്രിക പതനസിദ്ധാന്തത്തിൻറെ അന്തഃസാര ശൂന്യതയാണ്. ഫിനാൻസ് മൂലധനത്തിൻ്റെ സഞ്ചിത പ്രതിസന്ധി (accumulated crisis of finance capital) പൊതുക്കുഴപ്പത്തിൻ്റെ രൂപം പ്രാപിച്ചത് ഗ്രഹിക്കാൻ വിസമ്മതിക്കുകയും മുതലാളിത്തം ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ കുത്തകപൂർവ്വ യവ്വനകാലത്താണെന്ന് മനോരാജ്യം കാണുകയും ചെയ്യുന്നവരാണ് ചാക്രിക പതനത്തിനുശേഷം ചാക്രിക ഉന്നതി തേടി മേലോട്ട് നോക്കുന്നത്. ഇന്നത്തെ അവസ്ഥയിൽ അവരുടെ ദൃഷ്ടി ഉന്മാദാവസ്ഥയിൽ ശൂന്യതയിൽ തറഞ്ഞു നിൽക്കുകയേ ഉള്ളൂ !




3)-ാം വാദക്കാർ, 'നൂറ്റാണ്ടിലൊരിക്കലെ വിധി'യിൽ വിശ്വസിച്ച് വിധിയുടെ കൃപ കാക്കുന്നവർ കഴിഞ്ഞ നൂറ്റാണ്ടിലെ സംഭവ വികാസങ്ങളെ, സാമ്രാജ്യത്വ പ്രതിസന്ധിയെ, അതിനെ മറികടന്നുകൊണ്ട് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിലും ഉൾപ്പെടെ സോഷ്യലിസ്റ്റ് വ്യവസ്ഥ പടുത്തുയർത്തിക്കൊണ്ട് ലോകയുദ്ധങ്ങൾക്കിടയ്ക്കുള്ള കാലത്തും രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള കാലത്തും ലോകസമ്പദ്ഘടനയിലും രാഷ്ട്ര സമൂഹങ്ങളുടെയും റിപ്പബ്ലിക്കുകളുടേയും പിറവിയിലും വികാസത്തിലും ശാസ്ത്രീയ സോഷ്യലിസത്തിൻ്റെ ബോധപൂർവ്വ പ്രയോഗത്തെ, എല്ലാം വിസ്മരിച്ചവരാണ് അക്കൂട്ടരെയും, അവരെപ്പോലെത്തന്നെ, 'പരികല്പനകളുടെ പുതുമ' പിറന്നതിൻ്റെ (emergence of new paradigms) പേരിൽ അത്തരത്തിൽ കാലിഡോസ്കോപ്പ് പരി(ഭ്രമ)കല്പനയിൽ ലയിക്കാൻ ശ്രമിക്കുന്നവരെയും സ്വതന്ത്രമായി അവരവരുടെ ലാവണങ്ങളിൽ ഉപേക്ഷിച്ച് ചരിത്ര പാഠങ്ങളുടെ വസ്തുനിഷ്ഠ പൊരുത്തത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുക എന്നതേ വസ്തുതകളിൽ നിന്നും അവയുടെ ചലനനിയമങ്ങളിൽ നിന്നും വാസ്തവം ഗ്രഹിക്കാൻ താത്പര്യപ്പെടുന്നവർക്ക് കരണീയമായിട്ടുള്ളൂ.

Second Depression or Great Depression USA



ഇത് മൂന്നാം മഹാമാന്ദ്യം അഥവാ തേഡ് ഡിപ്രഷൻ ആണെന്ന് തിരിച്ചറിയുമ്പോൾ ഒന്നും രണ്ടും മഹാമാന്ദ്യങ്ങളെപ്പറ്റിയും അവയുടെ ആവിർഭാവ പാശ്ചാത്തലത്തെപ്പറ്റിയും ലോക ചരിത്രഗതിയിൽ അവ സൃഷ്ടിച്ച ഗുരുതരമായ വെല്ലുവിളികളെപ്പറ്റിയും മാനവരാശി അവയെ എങ്ങിനെ മറികടന്നു പോയി എന്നതിനെപ്പറ്റിയുമെല്ലാം പ്രാഥമികമായെങ്കിലും പരിശോധിക്കാൻ നാം ബാദ്ധ്യസ്ഥരാകുന്നു.







ഒന്നാം മഹാ മാന്ദ്യം അഥവാ ലോങ്ങ് ഡിപ്രഷൻ (1873-1896)

ആയതിനാൽ 1873 മുതൽ 1896 വരെ നീണ്ടു നിന്ന ലോങ്ങ് ഡിപ്രഷൻ അഥവാ ഒന്നാം മഹാ മാന്ദ്യത്തെപ്പറ്റിയും ലോകം എങ്ങിനെയാണ് അതിൽ നിന്ന് കരേറിയതെന്നതിനെപ്പറ്റിയും അന്നത്തെ 'റിക്കവറി' എന്തിലേക്കൊക്കെയാണ് ലോകത്തെ നയിച്ചത് എന്നതിനെപ്പറ്റിയും വിലയിരുത്താൻ നാം ഒന്നാമതായി ബാദ്ധ്യസ്ഥരാകുന്നു.


സാങ്കേതികമായി 1873 ൽ യു എസ് എ വെള്ളിനാണയങ്ങൾ നിരോധിച്ച് ഡോളർ ഗോൾഡ് സ്റ്റാൻ്റാർഡ് പ്രഖ്യാപിച്ചതിലൂടെ വെള്ളിയുടെ മാർക്കറ്റ് ഇടിയുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ബാങ്കുകളും തരുകയും ചെയ്തതാണ് ലോങ്ങ് ഡിപ്രഷന് തിരികൊളുത്തിയതെങ്കിലും, മുതലാളിത്തം മത്സരത്തിലൂടെ പരസ്പരം വിഴുങ്ങി കുത്തകകൾ ഉണ്ടാവുന്നതും കുത്തകകൾ ക്രെഡിറ്റ് വ്യവസ്ഥയിൽ ഊന്നിയുള്ള (നാണയ ദുർലഭ്യത പ്രകടമായ കാരണമായി) ഉത്പാദന വിനിമയ സംവിധാനത്തിലേക്ക് മാറുകയും ചെയ്ത കാലമാണ് ഒന്നാം മഹാമാന്ദ്യകാലം. പഴയ വ്യവസായങ്ങളും പഴയ തൊഴിലുകളും പോയ് മറഞ്ഞു. പുതിയ വ്യവസായങ്ങൾ ഉയർന്നു; റെയിൽവേ ഗണ്യമായി വളർന്നു. പക്ഷെ, പുതിയ തൊഴിലുകൾക്ക് കൂലി ഉയർന്നതായിരുന്നെങ്കിലും ഭൂരിപക്ഷം പഴയ തൊഴിലുകളും ഇല്ലാതായി. തൊഴിലില്ലായ്മ വ്യാപകമായി. 1848 മുതൽ 1875 വരെയുള്ള കാലത്തെ ഏജ് ഒഫ് ക്യാപ്പിറ്റലിസം എന്ന് ചരിത്രകാരനായ എറിക് ഹോബ്സ്ബോം വിളിക്കുന്നത് 1873 ലെവിയന്ന മാർക്കറ്റ് തകർച്ചയും തുടർന്ന് 1879 വരെ യു.എസിലും 1896 വരെ യു.കെയിലും നീണ്ടു നിന്ന ലോങ്ങ് ഡിപ്രഷൻ അതിനു പിന്നാലെ വന്നതിനാലാണ്.


ലോങ്ങ് ഡിപ്രഷൻ്റെ അവസാനം വൻ കോളനിവൽക്കരണത്തിലേക്കും ആയുധനിർമ്മാണക്കമ്പനികളുടെ പിറവിയിലേക്കും അതിൻ്റെ തുടർച്ചയായി ഒന്നാം ലോകയുദ്ധത്തിലേക്കും നയിക്കുന്ന ചരിത്ര പ്രക്രിയയിലാണ് എത്തിയത്. 1876 ൽ ആഫ്രിക്കയുടെ 10% മാത്രമേ കോളനിയാക്കപ്പെട്ടിരുന്നുള്ളൂ എങ്കിൽ 1900 അത് 90% ആയിത്തീർന്നിരുന്നു. 1886 ലെ 8 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്താൻ വേണ്ടി നടത്തിയ ഐതിഹാസികമായ ചിക്കാഗോ സമരവും 1889 ജൂലൈ 14ന് രണ്ടാം ഇൻ്റർനാഷണലിൻ്റെ സ്ഥാപനവും നടന്നത് ലോങ്ങ് ഡിപ്രഷൻ്റെ വർഷങ്ങളിലാണ്. മുതലാളിത്ത പ്രതിസന്ധിയിൽ നിന്നുള്ള വീണ്ടെടുപ്പ് ദുരിതങ്ങൾ അകറ്റി സമൃദ്ധി കൊണ്ടുവരുമെന്ന റിക്കവറി വാദികളുടെ മുതലാളിത്ത ശുഭോതർക്കവാദത്തിൻ്റെ പൊള്ളത്തരം വിളിച്ചോതുന്ന ഒന്നായിരുന്നു ലോങ്ങ് ഡിപ്രഷനിൽ നിന്നുള്ള വീണ്ടെടുപ്പ്. സമൃദ്ധിയും സമാധാനവും കൊണ്ടുവരുന്നതിനു പകരം ലോങ്ങ് ഡിപ്രഷനിൽ നിന്നുള്ള വീണ്ടെടുപ്പ് കോളനികൾക്ക് വേണ്ടിയുളള കിടമത്സരത്തിലേക്കും കടുത്ത സൈനിക വൽക്കരണത്തിലേക്കും ആയുധ നിർമ്മാണത്തിൻ്റെ മത്സരത്തിലേക്കും ഒന്നാം ലോകയുദ്ധത്തിലേക്കുമാണ് നയിച്ചത്. യഥാർത്ഥത്തിൽ, ഒന്നാം മഹാമാന്ദ്യത്തിൻറെ കാലത്തുടനീളം പൊരുതി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളർന്നുവന്ന യൂറോപ്പിലെയും യു.എസ്സിലെയും തൊഴിലാളിവർഗ്ഗപ്രസ്ഥാനവും രണ്ടാം ഇൻ്റർനാഷണലും അതിൽ നിന്ന് പൊരുതി ഉയർന്നുവന്ന ബോൾഷെവിക് പാർട്ടിയുമാണ് പ്രോലിറ്റേറിയറ്റിൻ്റെ ബോധപൂർവ്വ സോഷ്യലിസ്റ്റ് പ്രയോഗത്തിലൂടെ യുദ്ധത്തിൻ്റെ നിഷേധാത്മകതയ്ക്കെതിരെ മഹത്തായ ഒക്ടോബർവിപ്ലവ വിജയത്തിലൂടെ ലോങ്ങ് ഡിപ്രഷൻ്റെ തിക്തഫലങ്ങളെ അടിസ്ഥാനപരമായി ഇല്ലായ്മ ചെയ്യാൻ തുടങ്ങിയത്.

                                   Second Depression USA



മുതലാളിത്ത യുഗം അന്തിമഘട്ടമായ സാമ്രാജ്യത്വമായി വികസിച്ചതിലെ പ്രാതിഭാസിക ജനിതക സ്വഭാവമാറ്റം, പലിശോപജീവിയായ ക്രെഡിറ്റ് വ്യവസ്ഥയിൽ മുഴുകിയ ഫിനാൻസ് ഒലിഗാർക്കി അഥവാ ഫിനാൻസ് ദുഷ്പ്രഭുത്വത്തിൻ്റെ ആവിർഭാവം, തത്ഫലമായി, ഊഹമൂലധനത്തിൻ്റെ ഭീമമായ വളർച്ച, എന്നിങ്ങനെ, മാർക്സ് മൂലധനം മൂന്നാം വാല്യത്തിൽ ചൂണ്ടിക്കാട്ടിയ മൂലധനത്തിൻ്റെ ജനിതകമാറ്റം അതിൻ്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തിലേക്ക് വളർന്ന് ലോകവ്യവസ്ഥയായി പരിണമിച്ചത് ലോങ്ങ് ഡിപ്രഷൻ്റെ ഫലമാണ്. ലെനിൻചൂണ്ടിക്കാട്ടിയ യുദ്ധക്കൊതിയനായ സാമ്രാജ്യത്വം എന്നത് യുദ്ധവും മഹാമാന്ദ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വിളിച്ചോതിയ ലോങ്ങ് ഡിപ്രഷൻ്റെ വിളയായിരുന്നു. ഒന്നാം മഹാമാന്ദ്യത്തിൻ്റെ അഥവാ ലോങ് ഡിപ്രഷൻ്റെ ഇരുണ്ട ഇടനാഴികൾ താണ്ടിയപ്പോൾ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം ആഗോള പ്രധാനവൈരുദ്ധ്യങ്ങളെ പരിഹാരത്തിലേക്ക് നയിക്കുന്ന കേന്ദ്ര വൈരുദ്ധ്യമായി മാറിക്കഴിഞ്ഞിരുന്നു.







രണ്ടാം മഹാ മാന്ദ്യം അഥവാ ഗ്രെയ്റ്റ് ഡിപ്രഷൻ (1929-1945)

ഒന്നാം മഹാമാന്ദ്യം അഥവാ ലോങ് ഡിപ്രഷനും രണ്ടാം മഹാമാന്ദ്യം അഥവാ ഗ്രെയ്റ്റ് ഡിപ്രഷനും തമ്മിലുള്ള ഗുണപരമായ വ്യത്യാസം- ഒന്നാം മഹാമാന്ദ്യം അഥവാ ലോങ്ഡിപ്രഷൻ്റെ കാലത്ത് നടന്ന രണ്ടാം വ്യവസായവിപ്ലവവും (1870-1914) മുതലാളിത്തത്തിൽ വന്ന കുത്തകവൽക്കരണ പ്രക്രിയയും മൂലം , മാന്ദ്യകാലത്തിനുള്ളിലൂടെയും , തൊഴിലാളി വർഗ്ഗത്തെ തീവ്രതരമായ ചൂഷണത്തിലൂടെ ഊറ്റിപ്പിഴിഞ്ഞുകൊണ്ടും ഖനിജങ്ങളും പ്രകൃതിസമ്പത്തും വിപണിയും വിപുലമായി കൊള്ളയും അധിനിവേശവും മൂലം നേടിയെടുത്തു കൊണ്ടും , മുതലാളിത്ത യുഗത്തിനള്ളിൽ തന്നെ , സാമ്രാജ്യത്വ ഘട്ടത്തിലേക്ക് (മുതലാളിത്തത്തിൻ്റെ വികസിതവും പരമോന്നതവുമായ ഘട്ടത്തിലേക്ക് ) വളരാൻ കഴിഞ്ഞു. ഉടനടി യുദ്ധപ്രതിസന്ധിയിലേക്കും ഒക്ടോബർ വിപ്ലവത്തിലേക്കുമാണ് അത് വഴി തുറന്നതെങ്കിലും അത് മുതലാളിത്തത്തിൻ്റെ വളർച്ചയായിരുന്നു.




എന്നാൽ, ഫിനാൻസ് മൂലധനത്തിൻ്റെ തീവ്രമായ ലാഭക്കൊതിയും തന്മൂലമുണ്ടായ അമിതോത്പാദനവും മൂലം ഉത്ഭവിച്ച രണ്ടാം മഹാമാന്ദ്യത്തിൽ / ഗ്രെയ്റ്റ് ഡിപ്രഷനിൽ (1929-45) മേൽപ്പറഞ്ഞ തരത്തിൽ മുതലാളിത്തത്തിന് സാരാംശത്തിലും ഘടനയിലും അടിസ്ഥാനപരമായ വളർച്ചയ്ക്ക് ഒരു സാദ്ധ്യതയും ഇല്ലായിരുന്നു. ഫിനാൻസ് ഒലിഗാർക്കിയായി (ഫിനാൻസ് ദുഷ്പ്രഭുത്വമായി) , സാമ്രാജ്യത്വമായി മാറിയ, പരമോന്നത ഘട്ടത്തിലെത്തിയ, മുതലാളിത്തത്തിന് ഗ്രെയ്റ്റ്ഡിപ്രഷനെ മറികടക്കാൻ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ:




(1) ലോകത്തെ പുനർവിഭജിക്കുന്നതിന്നായി യുദ്ധത്തിലേക്ക് നയിക്കുക,




(2) തദ്വാരാ, ഉത്പാദനശക്തികളുടെയും (ഉത്പാദക വർഗ്ഗങ്ങളുടെയും ) ഒരു ഭാഗത്തെ നശിപ്പിക്കുക.




ഫിനാൻസ് മൂലധനത്തിൻ്റെ ഈ പേ പിടിച്ച പ്രവണതയാണ് ഫാഷിസത്തിൻ്റെ പിറവിക്ക് അടിസ്ഥാന കാരണമായത്.







പഞ്ചവത്സര പദ്ധതിയും സോഷ്യലിസ്റ്റ് ബദലും

മറിച്ച്, സോഷ്യലിസം ഗ്രെയ്റ്റ് ഡിപ്രഷനിൽ നിന്നുള്ള വിമോചനത്തിനായി തുറന്ന പാത തൊഴിലാളി വർഗ്ഗസർവ്വാധിപത്യത്തിൻ കീഴിൽ ആസൂത്രിത വികസന പാത എന്നതായിരുന്നു. അമിതോത്പാദനത്തേയും തൊഴിലില്ലായ്മയേയും ഫിനാൻസ് മൂലധനം കുന്നുകൂടി സാക്ഷാത്കാര പ്രതിസന്ധി ഉണ്ടാകുന്നതിനേയും കാർഷിക- വ്യാവസായിക മേഖലകളുടെ വികാസത്തിലെ അവതാളത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും മറികടക്കാനായി സോഷ്യലിസം മുട്ടിത്തുറന്ന ആസൂത്രിത വികസന പാത ലെനിൻ്റെ കാലത്ത് ഗോസ് പ്ലാനിൻ്റെയും പുത്തൻ സാമ്പത്തിക നയത്തിൻ്റെയും അന്തരാള ഘട്ടങ്ങളിലൂടെ കടന്ന് 1928ൽ സഖാവ് സ്റ്റാലിൻ്റെ നേതൃത്വത്തിൽ 'പ്യാറ്റിലെറ്റ്ക' അഥവാ 'പഞ്ചവത്സര പദ്ധതി'യിലേക്ക് വളർന്നിരുന്നു.




ഉരുക്കുത്പാദനം, ആധുനിക യന്ത്രസങ്കേത വ്യവസായങ്ങൾ, റെയിൽവേ, ഇലക്ടിക് സിസ്റ്റംസ് ഇൻറസ്ട്രി, പവർ ജനറേഷൻ, പെട്രോ കെമിക്കൽസ്, ആധുനിക ഫാമിങ്ങ് എന്നിങ്ങനെ വ്യവസായത്തിൻ്റെയും കൃഷിയുടേയും എല്ലാ മേഖലകളെയും സമഗ്രമായി താളാത്മകമായി ഇണക്കിക്കൊണ്ട് ഏറ്റവും മുകളിൽ സോഷ്യലിസ്റ്റ് ഉത്പാദനം രണ്ടാമതായി സ്റ്റേറ്റ് ക്യാപ്പിറ്റൽ അതിനു താഴെ സ്റ്റേറ്റ് ഫാമുകൾ (അഥവാ സോവ്ഖോസ്കൾ), കളക്റ്റീവ് കോ ഓപ്പറേറ്റിവ് ഫാമുകൾ ( അഥവാ കോൾഖോസ്കൾ ) എന്നിങ്ങനെ സോഷ്യലിസ്റ്റ് ഉത്പാദന പ്രക്രിയയെ ജൈവ പാരസ്പര്യത്തോടെ അതിവേഗതയിൽ മുന്നോട്ടു നയിക്കുന്ന പ്രക്രിയയായിരുന്നു പ്യാറ്റിലെറ്റ്ക അഥവാ പഞ്ചവത്സര പദ്ധതി.




പഞ്ചവത്സര പദ്ധതിയും അതുൾക്കൊണ്ടിരുന്ന ഘനവ്യവസായങ്ങളും സ്റ്റേറ്റ് ഫാമുകളും കളക്റ്റീവ് കോ-ഓപ്പറേറ്റിവ് ഫാമുകളും എന്ന പരസ്പരബന്ധിത ആസൂത്രണം രണ്ടാം മഹാമാന്ദ്യത്തെ അഥവാ ഗ്രെയ്റ്റ് ഡിപ്രഷനെ മുറിച്ചുകടക്കാൻ അവശ്യമായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാറാം കോൺഗ്രസ്സ് റിപ്പോർട്ടിൽ ഗ്രെയ്റ്റ് ഡിപ്രഷൻ്റെ സവിശേഷ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ വിശദമാക്കിക്കൊണ്ട് സഖാവ് സ്റ്റാലിൻ ഇങ്ങിനെ ചൂണ്ടിക്കാട്ടി: "ഇന്നത്തെ പ്രതിസന്ധി പഴയ പ്രതിസന്ധികളുടെ കേവലം ആവർത്തനമായി പരിഗണിക്കാനാവില്ല. ഇത് ചില പുതിയ സാഹചര്യങ്ങളിലാണ് ഉടലെടുത്ത് വളരുന്നത്. അവയെ പരിശോധിച്ചാലാണ് പ്രതിസന്ധിയുടെ പൂർണ്ണരൂപം നമുക്ക് ലഭിക്കുക. ചില സവിശേഷ സാഹചര്യങ്ങളാണ് ഈ പ്രതിസന്ധിയെ സങ്കീർണ്ണവും ആഴമേറിയതുമാക്കിയിരിക്കുന്നത്. അവയെ മനസ്സിലാക്കിക്കൊണ്ടു മാത്രമേ ഈ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വ്യക്തമായ രൂപം നമുക്ക് ലഭിക്കൂ. " (The present crisis cannot be regarded as a mere recurrence of the old crises. It is occurring and developing under certain new conditions, which must be brought out if we are to obtain a complete picture of the crisis. It is complicated and deepened by a number of special circumstances which must be understood if we are to obtain a clear idea of the present economic crisis.)




രണ്ടാം മഹാമാന്ദ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉയർന്നു വന്ന ഫാഷിസ്റ്റ് അപായത്തെ തടയാനും അതേ സമയം രണ്ടാം മഹാമാന്ദ്യത്തെ മറികടന്ന് പോകാനാവുമായിരുന്നുവോ? ഫാഷിസ്റ്റ് ഭീഷണി വളരുന്ന ഘട്ടത്തിൽ തന്നെ തടയാനാവുമായിരുന്നുവോ? സാമ്രാജ്യത്വത്തിൻ്റെ ജനറൽ ക്രൈസിസിനെ മറികടക്കാനാവുന്ന വിധത്തിൽ സോഷ്യലിസ്റ്റ് വിപ്ലവപാതയുടെ വികാസം, മുകളിൽ ചൂണ്ടിക്കാട്ടിയ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിൽ ആസൂത്രിത സമ്പദ്ഘടനാ മുന്നേറ്റം സൃഷ്ടിക്കുന്ന തരത്തിൽ സോവിയറ്റ് യൂണിയനിൽ മുന്നോട്ടുകൊണ്ടു പോകുന്ന അതേ സന്ദർഭത്തിൽ തന്നെ വികസിത മുതലാളിത്ത രാഷ്ട്രങ്ങളിൽ തൊഴിലാളി വർഗ്ഗ വിപ്ലവ പ്രയോഗം വികസിക്കുകയും അതേ സമയം, കോളനികളിലെ വിമോചനസമര പ്രസ്ഥാനങ്ങൾ വിജയം വരിക്കുകയും ചെയ്യുക എന്നതായിരുന്നു ഗ്രെയ്റ്റ് ഡിപ്രഷനിൽ നിന്നും ഫാഷിസ്റ്റ് അപായത്തിൽ നിന്നും മുക്തി നേടാനാകുന്ന വിജയപാത.




ഇതിന് തടസ്സം നിന്ന ഘടകങ്ങൾ, ഒരു വശത്ത് രണ്ടാം ഇൻ്റർനാഷണലിൻ്റെയും രണ്ടര ഇൻ്റർനാഷണലിൻ്റെയും പിന്തുടർച്ചക്കാരായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും ട്രേഡ് യൂണിയനുകളും കോളനികളിൽ ചാഞ്ചാടിക്കളിക്കുന്ന ബൂർഷ്വാ പ്രസ്ഥാനങ്ങളായിരുന്നു. മറുവശത്ത്, കൊമിൻ്റണിനകത്തും സോവിയറ്റ് പാർട്ടിയിൽ തന്നെയും നിലനിന്ന ബൂർഷ്വാ പെറ്റി ബൂർഷ്വാ പ്രവണതകൾ പേറുന്ന പ്രതിപക്ഷ ധാരകളായിരുന്നു. ട്രോട്സ്കിയും ബുഖാറിനും എല്ലാം ഇതിൻ്റെ ഉദാഹരണങ്ങളായിരുന്നു. ഇവയ്ക്കെതിരെ പൊരുതിക്കൊണ്ടും സോവിയറ്റ് യൂണിയനിൽ പഞ്ചവത്സര പദ്ധതി മുന്നോട്ടു നയിച്ച് സോഷ്യലിസം കെട്ടിപ്പടുത്തുകൊണ്ടും അതേസമയം ഫാഷിസ്റ്റുവിരുദ്ധ ഐക്യമുന്നണി കെട്ടിപ്പടുത്തുകൊണ്ടുമാണ് ഫാഷിസത്തിനെതിരായ യുദ്ധവും സാമ്രാജ്യത്വ ക്യാമ്പിൻ്റെ വെല്ലുവിളിയും ഒരേ സമയം നേരിട്ടത്.

Executive committee of second international



ചരക്കുത്പാദനത്തിൻ്റെയും ചരക്കുപഭോഗത്തിൻ്റെയും പെറ്റിബൂർഷ്വാ ത്വരയെ മുൻനിർത്തി കൊണ്ട് 'ഗൗലാഷ് കമ്മ്യൂണിസം' എന്ന പേരിൽ സഹകരണ ഉത്പാദന സാരത്തെ കൂട്ടുകൃഷിക്കളങ്ങളിൽ നിന്നും ഇതര സഹകരണ ഉത്പാദന മേഖലകളിൽ നിന്നും ഉന്മൂലനം ചെയ്യുന്ന നയമാണ് ക്രൂഷ്ചേവിയൻ റിവിഷനിസം നടപ്പാക്കിയത്. സമൂഹത്തിൽ സോഷ്യലിസ്റ്റ് ഉത്പാദനത്തിൻ്റെ സ്വാഭാവിക കോശവും ഭാവിയുടെ നാമ്പുമായി മാർക്സ് മൂലധനം എന്ന കൃതിയിൽ തന്നെ ചൂണ്ടിക്കാട്ടിയ സഹകരണോത്പാദനത്തെ, പ്രത്യേകിച്ചും ഫിനാൻസ് ക്യാപ്പിറ്റൽ രാഷ്ട്ര സമ്പദ്ഘടനകളിലേക്ക് തുളച്ചുകയറുന്ന കാലത്ത്, കയ്യൊഴിയുന്ന നയം സോഷ്യലിസത്തിൻ്റെ ജീവനായ തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ ആഴത്തിൽ ഒന്നിക്കേണ്ടതായ ചലനാത്മക വർഗ്ഗസഖ്യത്തെ, തൊഴിലാളി കർഷക സഖ്യത്തെ ഉദാസീനമാക്കുകയും പുറകോട്ടടിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ്റെ പതനത്തിലേക്കും സോഷ്യലിസത്തിൻ്റെ താത്ക്കാലിക തിരിച്ചടിയിലേക്കും വഴി തുറന്ന റിവിഷനിസ്റ്റ് സമ്പദ് നയത്തിൻ്റെ മൗലിക സ്വഭാവങ്ങളിലൊന്നായിരുന്നു അത്.




മൂന്നാം മഹാമാന്ദ്യം രണ്ടാം മഹാമാന്ദ്യത്തിൻ്റെ അടിസ്ഥാന സ്വഭാവങ്ങളാണ് വഹിക്കുന്നത് എങ്കിലും ആഴത്തിലും പരപ്പിലും അത് രണ്ടാം മഹാമാന്ദ്യത്തേക്കാൾ വലുതും ദീർഘ സ്വഭാവം ഉള്ളതുമായാണ് അനുഭവപ്പെടുന്നത്. ഫിനാൻസ് മൂലധനത്തിൻ്റെ വ്യാപ്തി വളരെ കൂടിയതുകൊണ്ട് അത് നേരിടുന്ന സാക്ഷാത്കാര പ്രതിസന്ധിയും വളരെ വലുതാണ്. ആയതിനാൽ എന്നാൽ മഹാമാരിയുടെ താണ്ഡവം മടങ്ങിയാൽ പോലും ലും സാമ്രാജ്യത്വ പ്രതിസന്ധിയുടെ ആഘാതം കൂടുകയാണ് ഉണ്ടാവുക. ഇപ്പോൾതന്നെ തൊഴിലാളിവർഗ്ഗത്തിന് നേരെ ജോലിസമയം വർദ്ധിപ്പിക്കാനും കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനും കുത്തക മുതലാളിമാരും ഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാരുകളും ദുഷ്ടലാക്കോടെയുള്ള നീക്കങ്ങൾ നടത്തുകയാണ്. തൊഴിലാളികളുടെ വേതനവും ജീവന സാഹചര്യങ്ങളും മെച്ചപ്പെട്ട നിലയിൽ സംരക്ഷിക്കാൻ കഴിയുന്നത് സോഷ്യലിസ്റ്റ് ഉത്പാദന ക്രമം പിൻ പറ്റുന്ന രാജ്യങ്ങളിൽ മാത്രമായിരിക്കും.




മാത്രവുമല്ല, ഖനിജങ്ങളും ധാതുക്കളും കൊള്ളയടിക്കുന്നതിനുവേണ്ടിയും വിപണി പിടിച്ചടക്കുന്നതിനുവേണ്ടിയും സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന പതിന്മടങ്ങായ അധിനിവേശങ്ങളും വർദ്ധിത ചൂഷണവും മഹാമാരിക്കു പിന്നാലെ ജനകോടികളുടെ ജീവനെടുക്കുന്ന സ്ഥിതിയാണ് ഉണ്ടാവുക. അത്തരം സാഹചര്യത്തിൽ, സാമ്പത്തിക സാമൂഹ്യക്രമം 'പഴയ അവസ്ഥയിലേക്ക് പരിക്കുകളില്ലാതെ പുന:സ്ഥാപിക്കുക ' എന്നത് അസംബന്ധ മുദ്രാവാക്യമായി മാറും. ലാഭത്തോത് വൻതോതിൽ ഇടിഞ്ഞുപോയ അവസ്ഥയിൽ കേവലം മൂലധന നിക്ഷേപം സാമൂഹ്യക്ഷേമവും വികാസവും കൊണ്ടുവരും എന്ന നവക്ലാസ്സിക്കൽ മന്ത്രം അപഹാസ്യമാം വിധം പൊള്ളയാണെന്ന് തുറന്നു കാട്ടപ്പെടും. സോഷ്യലിസ്റ്റ് ദിശയിലുള്ള സാമൂഹ്യമാറ്റത്തെ ലാക്കാക്കി കൊണ്ടുള്ള വിപ്ലവപ്രയോഗത്തിൻ്റെ സാരാംശം ഒരോ ചുവടിലും ഉണ്ടെങ്കിൽ മാത്രമേ പ്രോലിറ്റേറിയറ്റിൻ്റെ നേതൃത്വത്തിൽ കർഷകവർഗ്ഗ ജനവിഭാഗങ്ങളെ ഉറ്റ സഖ്യശക്തിയായി ഇണക്കിക്കൊണ്ട് ബദൽ പടുത്തുയർത്താനാവൂ. ഇന്ത്യയിലത് സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാഷിസത്തിനുമെതിരായ ഇടതുപക്ഷ ബദൽ പടുത്തുയർത്തുന്ന സക്രിയ ലക്ഷ്യം കൈവരിക്കാൻ തക്കതായിത്തീരൂ ; ലോകത്താകെ സാമ്രാജ്യത്വ ക്യാമ്പിനെതിരെ സോഷ്യലിസ്റ്റ് മുൻകൈ ബോധപൂർവ്വം വളർത്താനും ശക്തികബലാബലത്തിൽ സോഷ്യലിസത്തിനേറ്റിരുന്ന താത്കാലിക തിരിച്ചടി പരിഹരിക്കുന്നതിനായി ലഭിച്ച അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനും തക്കതായിത്തീരൂ.