Fredy K Thazhath:-സാമ്പത്തിക സർവ്വേ 2020




സാമ്പത്തിക സർവ്വേ ഒരു കാര്യം തെളിയിക്കുന്നു: 

യഥാർത്ഥത്തിൽ, CAA യേക്കാൾ വലിയ പ്രശ്നമായി വളരുന്നത് ഇന്ത്യൻ സമ്പദ്ഘടന തകരുന്നു എന്നതാണ്. 

ഒരൊറ്റ ദിവസം കൊണ്ട് 78000 BSNL തൊഴിലാളികൾ നിർബ്ബന്ധിത വിരമിക്കലിന് വിധേയമായി പുറത്താക്കപ്പെട്ടു.ലക്ഷക്കണക്കിന് തൊഴിലാളികൾ തെരുവിലെറിയപ്പെടുന്ന പ്രക്രിയയ്ക്കാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്. പെട്രോളിയം കോർപ്പറേഷനുകളിലും റെയിൽവേയിലും ഉരുക്കുവ്യവസായത്തിലും BHEL തുടങ്ങിയ കോർ മഹാരത്ന വ്യവസായങ്ങളിലും ബാങ്കുകളിലും ഓഹരി വിറ്റഴിക്കലും 

തൊഴിലാളികളെ വെട്ടിക്കുറയ്ക്കലും തീമഴ പോലെ വരും. 

സർക്കാരിന്റെ സാമ്പത്തിക സർവ്വേ പറയുന്നത് ഇതാണ്: 

"2018-19 വർഷത്തിൽ വ്യവസായ വളർച്ച 5 ശതമാനമായിരുന്നത് 2019-20 ൽ 0.6 ശതമാനമായി." 

അതായത്, ഒരൊറ്റ വർഷം കൊണ്ട് വ്യാവസായിക വളർച്ച 8.33 മടങ്ങ് തകർന്നടിഞ്ഞു! 

കാർഷിക മേഖലയോ? അത് മെച്ചപ്പെട്ടോ? ഇല്ല. 

സാമ്പത്തിക സർവേ കാർഷിക മേഖലയെപ്പറ്റി ഇതാണ് പറയുന്നത്. 

"മറ്റ് സെക്റ്ററുകളെ അപേക്ഷിച്ച് ആനുപാതികമായി ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പേരും നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നത് കൃഷിയെ ആണ്. 

വികസന പ്രക്രിയയുടെ സ്വാഭാവിക ഫലമായി കാർഷികേതര മേഖലകളിലെ വളർച്ച ആപേക്ഷികമായി ഉയരുന്നതിനാൽ, രാജ്യത്തെ GVA യിൽ (Gross Value Added/ ഗ്രോസ് വാല്യു ആഡഡ്) കൃഷിയുടേയും അനുബന്ധ സെക്ടറുകളുടേയും പങ്ക് തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. 

2019-20 ൽ കാർഷിക, വനവിഭവ, മത്സ്യ ബന്ധന സെക്ടറിൽ GVA 2.8% വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൃഷിയിലെ താഴ്ന്ന യന്ത്രവൽക്കരണം മൂലം കാർഷിക ഉത്പാദനക്ഷമത ഞെരുക്കത്തിലാണ്. ചൈനയുടേതിനേക്കാളും (59.5%) ബ്രസീലിനേക്കാളും (75%) വളരെ താഴെയാണ് ഇന്ത്യയിലെ കാർഷിക ഉത്പാദനക്ഷമത (40%). " 

(നമ്മളെ അപേക്ഷിച്ച് ശൈത്യകാലം മൂലം മഞ്ഞ് പെയ്ത് മൂടുന്ന ഭൂപ്രദേശം ചൈനയിൽ കൂടുതലാണ് എന്നതു കൂടി കണക്കിലെടുക്കണം.) 



എന്താണ് ഇത് തെളിയിക്കുന്നത്? 

നമ്മുടെ രാജ്യത്തെ മുഖ്യ ഉത്പാദന മേഖലകളായ കൃഷിയും വ്യവസായവും തകർച്ചയിലാണ് എന്നാണ് സാമ്പത്തിക സർവ്വേ ഫലങ്ങൾ തെളിയിക്കുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മ പരിഹരിക്കാനായി 

തൊഴിൽ സൃഷ്ടിക്കേണ്ടുന്ന കൃഷി, വ്യവസായം എന്നീ 

രണ്ട് വലിയ ഉത്പാദന മേഖലകളിൽ തൊഴിൽ വളരുകയില്ല എന്നും 

വൻ വ്യവസായങ്ങളിൽ സർക്കാർ തന്നെ ഓഹരി വിൽപ്പനയിലൂടെയും 

അടച്ചു പൂട്ടലിലൂടെയും തൊഴിൽ ഇല്ലാതാക്കുമെന്നും ആണ് 

സാമ്പത്തിക സർവ്വേയിൽ നിന്ന് മനസ്സിലാവുന്നത്. 

അതായത്,'6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു ' എന്നത് തൊഴിലില്ലായ്മാ പരിഹാരത്തെ സംബന്ധിച്ച് തീർത്തും അപ്രസക്തമാണ്. 

വളരുന്ന സമ്പദ്ഘടനയുടെ 'ലക്ഷണ'മായാണ് തൊഴിലില്ലായ്മ ചിത്രീകരിക്കപ്പെടുക. 

ലോക സമ്പദ് പ്രതിസന്ധി ഗ്രെയ്റ്റ് ഡിപ്രഷൻ പോലെ മൂന്നാം മഹാമാന്ദ്യത്തിലേക്ക് വീഴുന്ന സ്ഥിതിയിൽ ഇന്ത്യയിലെ സേവനരംഗത്തെ (സർവ്വീസ് സെക്ടർ ) വളർച്ചയുടെ ഭാവിയും ഇരുളടഞ്ഞതാവുകയാവും ഫലം. 

കൃഷി, വ്യവസായം എന്നിവയിൽ ഊന്നുന്നില്ലെങ്കിൽ ഇന്ത്യയിലെ സർവ്വീസ് സെക്ടർ ബൂം പൊട്ടിപ്പോവുകയായിരിക്കും അധികം വിദൂരമല്ലാതെ സംഭവിക്കുന്ന ദുരന്തം.