സമുദ്രമത്സ്യകൃഷി നയം മത്സ്യത്തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാകണം -TUCI



കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI)

രജി.നമ്പര്‍ : 07-7-88
സംസ്ഥാന കമ്മിറ്റി
മാരുതി വിലാസ്, സി.എസ്.റോഡ്,കൊച്ചി -11 മൊബൈല്‍ : 9447168852

സമുദ്രമത്സ്യകൃഷി നയം മത്സ്യത്തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാകണം

കൊച്ചി - ഇന്ത്യയിലെ മത്സ്യത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം വച്ച് ദേശീയജലകൃഷി നയം 2018 (നാഷണല്‍ മാരികള്‍ച്ചര്‍ പോളിസി) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനു വേണ്ടി കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) തയ്യാറാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 19 ന് പ്രസിദ്ധീകരിച്ച ഈ നയത്തെ സംബന്ധിച്ച് സസ്ഥാന സര്‍ക്കാരുകളും, ബന്ധപ്പെട്ടവരും അഭിപ്രായം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സിഎംഎഫ്ആര്‍ഐ യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നയത്തെ സംബന്ധിച്ച് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സംഘടനകള്‍ക്ക് ഇനിയും വിവരം ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല. ഇന്ത്യയുടെ കടലിനെ നാടന്‍-വിദേശ- കുത്തകകള്‍ക്ക് തീറെഴുതുകയും മത്സ്യത്തൊഴിലാളികളെ തൊഴിലിടത്തില്‍ നിന്ന് പറിച്ചെറിയുകയും ചെയ്യുന്ന ഈ നയത്തിനെതിരെ പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) തീരുമാനിച്ചിട്ടുണ്ട്.
മാരികള്‍ച്ചറിലൂടെ മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, രാജ്യത്തിന് കൂടുതല്‍ പോഷകാഹാരം  ലഭ്യമാക്കുക, തീരവാസികളുടെ ഉപജീവന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യം വെച്ചാണ് പുതിയ നയം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഇന്നു നടത്തുന്ന സമുദ്രമത്സ്യബന്ധനത്തിലൂടെയും, ഉള്‍നാടന്‍ അക്വാകള്‍ച്ചറിലൂടെയും രാജ്യത്തിനും കയറ്റുമതിക്കും ആവശ്യമായ മത്സ്യങ്ങള്‍ ലഭ്യമല്ലാത്തിനാലാണ് പുതിയ സാധ്യതകള്‍ തേടുന്നതെന്നും നയം പറയുന്നു.  ഇപ്പോള്‍ ഇതിലൂടെ ലഭ്യമാകുന്ന 10 ദശലക്ഷം ടണ്‍ മത്സ്യത്തിന്‍റെ സ്ഥാനത്ത്  2030 ആകുമ്പോഴേക്കും 18 ദശലക്ഷം ടണ്‍ മത്സ്യം ഉല്‍പ്പാദിപ്പിക്കാനാണ് മാരികള്‍ച്ചറിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഏതാനും ദശകമായി ലോകത്തും ഇന്ത്യയിലും അക്വാകള്‍ച്ചറിലൂടെ ഉല്‍പ്പാദനം വര്‍ദ്ധിച്ചു വരികയാണ്. 1950 ല്‍ ലോകത്തൊട്ടാകെ കേവലം ഒരു ദശലക്ഷം ടണ്‍ മത്സ്യം വളര്‍ത്തിയെങ്കില്‍ 2020 ആയപ്പോഴേക്കും അത് 80 ദശലക്ഷം ടണ്ണായി വികസിച്ചിട്ടുണ്ട്. ഇന്ത്യയിലിപ്പോള്‍ 4.9 ദശലക്ഷം ടണ്ണാണ് അക്വാകള്‍ച്ചറിലൂടെ ഉല്‍പ്പാദിപ്പിക്കുന്നത്. അത് 12 ദശലക്ഷം ടണ്ണായി ഉയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അക്വാകള്‍ച്ചറിന്‍റെ ഉപവിഭാഗമായ മാരികള്‍ച്ചറിലൂടെ 6 ദശലക്ഷം ടണ്‍ മത്സ്യം അധികമായി ഉല്‍പ്പാദിപ്പിക്കാനും നാം ലക്ഷ്യമിടുന്നുണ്ട്. ശരിയായ അളവില്‍ മുന്നേറിയാല്‍ 16 ദശലക്ഷം ടണ്‍വരെ മാരികള്‍ച്ചറിലൂടെ ലഭ്യമക്കാനാവും എന്നും നയം പറയുന്നു.
മോത, കാളാഞ്ചി, വറ്റ, കലവ, ചെമ്പല്ലി, കിളിമീന്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയും, കല്ലുമ്മക്കാ.  മുരിങ്ങ, ചിപ്പി, കക്ക, കൊഞ്ച്, കാര, ഞണ്ട്, കടല്‍പ്പായല്‍, കടല്‍ വെള്ളരി തുടങ്ങിയവയുമാണ്. സമുദ്രകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൂടു കൃഷി, പെന്‍കള്‍ച്ചര്‍, മുരിങ്ങപ്പാടങ്ങള്‍, ഹാച്ചറികള്‍, കടല്‍പ്പായല്‍ കേന്ദ്രങ്ങള്‍, നഴ്സറികള്‍ തുടങ്ങിയവ കടലിലും കടല്‍ത്തീരത്തും സ്ഥാപിക്കും.  12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍ ഭാഗത്ത് സംസ്ഥാന സര്‍ക്കാരിനും തീരത്തോട് ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യകൃഷി നടത്തുന്നവര്‍ക്ക് ലൈസന്‍സ് നല്‍കാം.  12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ വരുന്ന ഭാഗത്തെ അവകാശം തേടേണ്ടത് കേന്ദ്രസര്‍ക്കാരില്‍ നിന്നുമാണ്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാരികള്‍ച്ചര്‍ ടെക്നോളജി പാര്‍ക്കുകളും സ്ഥാപിക്കും. മത്സ്യത്തൊഴിലാളികളും കപ്പല്‍ സമൂഹവും കടല്‍കൃഷി നടത്തുന്നിടത്ത് അതിക്രമിച്ച് കയറാതിരിക്കാനുള്ള സംവിധാനവും ഒരുക്കും. മാരി കള്‍ച്ചറിനാവശ്യമായ വിത്ത്, കുഞ്ഞുങ്ങള്‍, ഉപകരണങ്ങള്‍, ഔഷധങ്ങള്‍, സാങ്കേതികവിദ്യ വിപണി സൗകര്യം തുടങ്ങിയവ സര്‍ക്കാരുകളും ഗവേഷണ സ്ഥാപനങ്ങളും ലഭ്യമാക്കുമെന്ന് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2014 ജൂണ്‍ 29 ന് കേന്ദ്ര-കാര്‍ഷിക-ഗവേഷണ സ്ഥാപനത്തിന്‍റെ (കഇഅഞ)  വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് രണ്ടാം നീല വിപ്ലവത്തെ സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയുണ്ടായി. മത്സ്യഉല്‍പ്പാദന വര്‍ദ്ധനവ് ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികളാണ് നീലവിപ്ലവം കൊണ്ട് അര്‍ത്ഥമാക്കിയത്.  ഈ ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നിയമിച്ച  മീനാകുമാരി കമ്മിറ്റി ഇന്ത്യയുടെ ആഴക്കടലില്‍ വിദേശക്കപ്പലുകളടക്കം 1178 യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്നു ശുപാര്‍ശ നല്‍കുകയുണ്ടായി. ഇന്ത്യയുടെ കടല്‍ വൈദേശിക ശക്തികള്‍ക്ക് തീറെഴുതുന്നതിനെതിരെ കേരളത്തില്‍ ഞങ്ങളാരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം പടരുകയും കേന്ദ്രസര്‍ക്കാര്‍ വിദേശക്കപ്പലുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയുമുണ്ടായി. തദ്ദേശീയ മത്സ്യബന്ധന ഗ്രൂപ്പുകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും മാത്രമായി ആഴക്കടലില്‍ മത്സ്യബന്ധന അവകാശം നിജപ്പെടുത്തുന്ന തീരുമാനം തുടര്‍ന്നുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച 74 കോടി രൂപയുടെ പദ്ധതി കേന്ദ്രം തള്ളിക്കളഞ്ഞു. ഓഖിക്കു ശേഷം ആഴക്കടല്‍ മേഖലയിലേക്ക് 500 യാനങ്ങള്‍ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 600 കോടി രൂപയുടെ നിര്‍ദ്ദേശം കേരളം സമര്‍പ്പിച്ചതും ഇനിയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് ആഴക്കടല്‍ മേഖലയില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍, വളഞ്ഞ വഴിയിലൂടെ കുത്തകകള്‍ക്ക് കടല്‍ തീറെഴുതാന്‍ വീണ്ടും ശ്രമിക്കുകയാണ്. കടലില്‍ കൂടകൃഷി നടത്തുന്നവരെ സംരംഭകര്‍ എന്നാണ് നയം വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക-സാങ്കേതിക പിന്‍ബലത്തോടെ നാടന്‍ വിദേശ കുത്തകകളായിരിക്കും കടല്‍ മേഖലയില്‍ നിക്ഷേപകരായി വരിക എന്നത് ഉറപ്പാണ്.  കരയിലെ  അക്വാകള്‍ച്ചര്‍ മേഖലയിലെയും അനുഭവം തെളിയിക്കുന്നത് അതാണ്. കടലിലെ ഇവരുടെ സംരംഭങ്ങല്‍ക്ക സുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. ചുരുക്കത്തില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കടല്‍ മേഖല മാരി കള്‍ച്ചറിന്‍റെ പേരില്‍ കുത്തക കമ്പനികളുടെ കൈകളിലകപ്പെടുകയും മത്സ്യത്തൊഴിലാളികള്‍ അവരുടെ തൊഴിലിടത്തില്‍ നിന്നും പറിച്ചെറിയപ്പെടുകയും ചെയ്യപ്പെടും.
ഉല്‍പ്പാദന വര്‍ദ്ധനവിന്‍റെ പേരില്‍ യഥാര്‍ത്ഥ ഉല്‍പ്പാദകനെ പുറംതള്ളുന്ന കേന്ദ്രനയം തിരുത്തണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു. മാരി കള്‍ച്ചറിനുള്ള അവകാശം മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കും അവരുടെ സഹകരണ സംഘങ്ങള്‍ക്കുമായി നിജപ്പെടുത്തണം എന്ന സമീപനം സംസ്ഥാന ഫിഷറീസ് വകുപ്പിനുണ്ട്. തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കി ഈ നിലപാട് കേന്ദ്രത്തെ അറിയിക്കുകയും അതിനനുസരിച്ചുള്ള സമ്മര്‍ദ്ദം ചെലുത്തുകയും വേണം. നവംബര്‍ 10, 11 തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും ഇതുസംബന്ധമായ അഭിപ്രായ രൂപീകരണം നടത്തണം.
കേരളത്തിലെ മത്സ്യബന്ധനം കുറഞ്ഞ് വരികയും, തീരക്കടലിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ യാനങ്ങളുടെയും, ഉപകരണങ്ങളുടെയും ആധിക്യത്താല്‍ ഞെരുങ്ങുകയുമാണ്. പല വിധത്തിലുള്ള നിയന്ത്രണങ്ങളും, ക്രമീകരണവും കൊണ്ടുവന്ന് സംസ്ഥാനത്തെ നിയമം തന്നെ പരിഷ്ക്കരിക്കുന്ന സാഹചര്യവുമാണ്. പ്രതിസന്ധി നേരിടുന്ന പരമ്പരാഗത സമൂഹത്തിന്‍റെ മത്സ്യബന്ധനം വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനുള്ള ഉപാധിയായി വേണം മാരി കള്‍ച്ചര്‍ നയം മാറേണ്ടതെന്നാണ് ഞങ്ങളുടെ അഭിപ്രായം. പകരം കടലിനെ സ്വകാര്യ സംരംഭകര്‍ക്കും, കുത്തകകള്‍ക്കും തീറെഴുതുന്ന നടപടി വന്നാല്‍ ശക്തമായ ചെറുത്തു നില്‍പ്പിന് കേരള മത്സ്യവേദി രൂപം നല്‍കുമെന്ന് ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു.

ചാള്‍സ് ജോര്‍ജ്ജ്
സംസ്ഥാന പ്രസിഡന്‍റ്
കേരള മത്സ്യത്തൊഴിലളി ഐക്യവേദി
   (ടി.യു.സി.ഐ)
കൊച്ചി
01.11.2018