P K Venugopalan :- നക്ഷത്രങ്ങളെപ്പറ്റി പാടിയിരുന്ന കുട്ടികൾ വെടിയുണ്ടകളിൽ നിന്നും ഓടിയൊളിക്കേണ്ടതിനെ പറ്റി പാടേണ്ടി വന്നത് എന്തുകൊണ്ട്?




ഏതു നിമിഷവും ഒരു സഹപാഠിയോ, പൂർവ്വ വിദ്യാർത്ഥിയോ, മനോവൈകല്യം ബാധിച്ച ഒരു ജീവനക്കാരനോ, വഴിപോക്കനോ ഒക്കെ സ്കൂളിലോ ക്ലാസ്സുമുറിയിലോ അപ്രതീക്ഷിതമായി കടന്നു കയറി വെടിയുതിർക്കുകയും ആളുകളെ കൊന്നൊടുക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യാനിടയുള്ള, അത്ര മേൽ അരക്ഷിതമായ അമേരിക്കൻ സ്കൂളുകളിലെ സംഭീത അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതു കൊണ്ടാവണം ഒരു അഞ്ചു വയസ്സുകാരിയുടെ അമ്മയായ ജ്യോർജ്ജി കോഹെൻ ട്വിറ്ററിൽ പങ്കു വച്ച ഒരു കുട്ടിപ്പാട്ട് അമേരിക്കയിൽ അതിവേഗം പ്രചാരം നേടിയത്. "വാതിലടക്കാനും ഒളിച്ചിരിക്കാനും" ആവർത്തിച്ച് ആവശ്യപ്പെടുന്ന ഈ പാട്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂർ കഴിയും മുമ്പ് 18000ത്തിലധികം പ്രാവശ്യം റീട്വീറ്റ് ചെയ്യപ്പെട്ടുവെന്നാണ് 'ദി ഹിന്ദു' പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത്.

"ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ'' എന്ന പ്രസിദ്ധമായ നഴ്സറി പാട്ടിന്റെ അതേ ഈണത്തിൽ പാടാവുന്ന "ലോക്ക് ഡൗൺ ലോക്ക് ഡൗൺ ലോക്ക് ദ ഡോർ" എന്ന ഈ പാട്ട് സ്കൂളുകളിൽ അപ്രതീക്ഷിതമായ ആക്രമണങ്ങളും വെടി വയ്പ്പുമുണ്ടാകുമ്പോൾ എന്താണു ചെയ്യേണ്ടതെന്നു കഞ്ഞുങ്ങളെ ഉപദേശിക്കുകയാണ്. വാതിലടക്കാനും വിളക്കുകൾ കെടുത്താനും ഡെസ്ക്കുകൾക്കു പിന്നിൽ ഒളിക്കാനും ശബ്ദമുണ്ടാക്കാതെ എല്ലാം സുരക്ഷിതമാവും വരെ കാത്തിരിക്കാനും അതു വരെ വാതിൽ തുറക്കാതിരിക്കാനും പാട്ട് കുഞ്ഞുങ്ങളോട് നിർദ്ദേശിക്കുന്നു.
"Lockdown Lockdown, Lock the Door/ Shut the lights off, say no more/
Go behind the desk and hide/ Wait until it's safe inside/ Lockdown, lockdown it's all done/ Now it's time to have some fun"

ഈ പാട്ടിനോട് യോജിച്ചു കൊണ്ടും വിയോജിച്ചു കൊണ്ടും വലിയ ചർച്ചകൾ നടക്കുമ്പോഴും "നിർഭാഗ്യവശാൽ നാം ജീവിക്കുന്ന ഇന്നത്തെ ലോകത്തിന്റെ സ്ഥിതി" ഇതിൽ പ്രതിഫലിക്കുന്നുണ്ടെന്ന് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്കു പോലും സമ്മതിക്കേണ്ടി വരുന്നുണ്ട്.

കുട്ടിപ്പാട്ടുകളിലെ നിഷ്ക്കളങ്കതയേക്കാൾ എപ്പോഴും ഭയത്തിന്റെ നിഴലിൽ കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരു സമൂഹത്തിന്റെ നിസ്സഹായതയും ആശങ്കയുമാണ് ഈ പാട്ടിൽ പ്രതിബിംബിക്കുന്നത്. നൃശംസമായ ഒരു അധികാരഘടനയും ഭരണവ്യവസ്ഥയും അവ സൃഷ്ടിക്കുന്ന സാമൂഹികമായ അരക്ഷിതാവസ്ഥയും കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ലെന്ന അമേരിക്കൻ യാഥാർത്ഥ്യം തന്നെയാണ് ഈ പാട്ടിനെ ഇത്രത്തോളം വ്യാപകമായി ചർച്ച ചെയ്യാൻ പ്രേരകമായത്.

2001 സെപ്തംബറിൽ ലോക വാണിജ്യകേന്ദ്രത്തിനു നേരെ ഭീകരാക്രമണം (9/11) നടന്നതിനെ തുടർന്നുള്ള നാളുകളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും സൈനിക ശക്തിയും സാമ്രാജ്യത്വ നേതൃശക്തിയുമായ അമേരിക്ക എത്രമാത്രം ഭയചകിതമായിപ്പോയെന്നു ലോകം കണ്ടതാണ്. അന്നത്തെ യു.എസ് പ്രസിഡൻറ് ജോർജ്ജ് ബുഷിനു പോലും എല്ലാ വാർത്താവിനിമയ ബന്ധങ്ങളും വിച്ഛേദിച്ച് ഒളിവിൽ പോകേണ്ടി വന്നു. തൊഴിലിടങ്ങളിലേക്കു പോകാൻ പോലും ഭയപ്പെട്ട അമേരിക്കക്കാർ ദിവസങ്ങളോളം അടച്ചു പൂട്ടിയിരുന്നു. വിദേശത്തു നിന്നു വരുന്ന ഏതൊരു സാധാരണക്കാരനെ പോലും മറച്ചുവച്ച ആയുധങ്ങളുമായി കടന്നാക്രമണത്തിനു വരുന്ന ഭീകരനാണെന്നു സംശയിക്കുകയും ഭയപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്നും അമേരിക്കയിലേക്കു പോയ മിമിക്രി സംഘത്തിലെ അംഗങ്ങളെപ്പോലും അക്രമികളാണെന്നു സംശയിച്ചു തടവിലാക്കുകയുണ്ടായി. അത്രത്തോളം ഭയന്നു പോയിരുന്നു അന്ന് അമേരിക്ക.

ഈ ഭയം അമേരിക്കൻ ജീവിതത്തിന്റെ സഹജഭാവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ലഘുവായ ഒരു പ്രകോപനത്തെ തുടർന്നു പോലും കീശയിൽ നിന്നും തോക്കു വലിച്ചെടുത്ത് ചുറ്റുമുള്ളവരെ വെടിവച്ചു കൊല്ലാൻ പ്രേരിതരായ വിധം ചകിതരും ദുർബ്ബലചിത്തരും മനോവൈകല്യം ബാധിച്ചവരുമായ ആളുകളുടെ സംഖ്യ അമേരിക്കയിൽ കൂടിവരികയാണ്. സാമ്രാജ്യത്വ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച നിർമ്മാനുഷികതയും സാമ്പത്തിക കുഴപ്പത്തിന്റെ ഫലമായുണ്ടായ അനിശ്ചിതത്വവുമൊക്കെയാണു് ഈ ഭയത്തിന്റെ ഉറവിടമെന്ന യാഥാർത്ഥ്യം പലരും മനസ്സിലാക്കിയിട്ടില്ലെന്നും തുറന്നു പറഞ്ഞിട്ടില്ലെന്നും മാത്രമേയുള്ളു. വീട്ടിലും ഉടുപ്പിന്റെ കീശയിലുമൊക്കെ എപ്പോഴും ഒരു നിറതോക്കു കരുതാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ഈ ഭയം തന്നെയാണ്‌. സ്ക്കൂളുകളിൽ യാതൊരു പ്രതിരോധവുമില്ലാതെ കഴിയുന്ന കുഞ്ഞുങ്ങൾക്കു നേരെ എപ്പോൾ വേണമെങ്കിലും ഒരു നിറതോക്കു നീട്ടപ്പെട്ടേക്കാമെന്ന ഭയം അമേരിക്കയിലെ രക്ഷിതാക്കളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. തോക്കു കൈവശം വക്കാനുള്ള അനുമതി നൽകുന്നതു നിയന്ത്രിക്കണമെന്നും കുട്ടികൾക്കു തോക്കു ലഭിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഇതിനുതകുന്ന നിയമനിർമ്മാണം നടത്തണമെന്നുമുള്ള ആവശ്യം അമേരിക്കയിൽ ശക്തിപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.

തോക്കുകളും അതുപയോഗിച്ചു നടത്തുന്ന അക്രമങ്ങളും സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളേയും കൗമാരക്കാരേയും എങ്ങനെയൊക്കെ സ്വാധീനിക്കുന്നുണ്ടെന്നു പഠിക്കാൻ ഗൗരവപൂർവ്വം ശ്രമിക്കുന്നുണ്ട് അമേരിക്കയിലെ മനുഷ്യ സ്നേഹികൾ. 'എവരി ടൗൺ ഫോർ ഗൺ സേഫ്റ്റി' എന്ന സംഘടന പറയുന്നത് തോക്കു പയോഗിച്ചുകൊണ്ട് സ്കൂളുകളിൽ നടക്കുന്ന അതിക്രമങ്ങൾ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നുണ്ടെന്നാണ്. ഉപയോഗിക്കുന്നില്ലെങ്കിൽ പോലും ദിവസവും തോക്കുകൾ സ്കൂളിൽ കൊണ്ടുവരുന്ന കുട്ടികളുണ്ടത്രേ! അമേരിക്കൻ പൊതുസമൂഹത്തിലെ അക്രമവും ഹിംസയും തന്നെയാണ് സ്ക്കൂളുകളിലെ വെടിവയ്പു സംഭവങ്ങളിലും പ്രതിഫലിക്കുന്നതെന്ന് അവർ പറയുന്നു. കറുത്ത വംശക്കാരും വെളുത്ത വംശക്കാരുമായ കുട്ടികളെ ഈ ഹിംസ വ്യത്യസ്ത അനുപാതങ്ങളിലാണു സ്വാധീനിക്കുന്നതെന്നു കൂടി, അമേരിക്കയിലെ വർണ്ണ, വംശീയ വിവേചനങ്ങളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് അവർ പറയുന്നുണ്ട്.

2018ൽ തന്നെ സ്ക്കൂൾ കാംപസുകളിൽ ചുരുങ്ങിയത് 46 വെടിവയ്പു സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് 'എവരി ടൗൺ ഫോർ ഗൺ സേഫ്റ്റി' പറയുന്നു. അമേരിക്കൻ സമൂഹത്തെ മൊത്തത്തിലെടുത്താൽ സ്ക്കൂളുകളിലെ ഈ അതിക്രമങ്ങൾ മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. ഓരോ വർഷവും കുട്ടികളും കൗമാരക്കാരുമായി 2700 ലധികം പേരാണ് അമേരിക്കയിൽ വെടിയേറ്റു കൊല്ലപ്പെടുന്നത്. 14500 പേർക്കെങ്കിലും മുറിവേൽക്കുന്നുണ്ട്. 30 ലക്ഷം കുട്ടികളെങ്കിലും വെടിവയ്പു സംഭവങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. അത് സ്ക്കൂളുകളിൽ മാത്രമായിട്ടല്ല. വീടുകളിലും തെരുവുകളിലും മറ്റു ചുറ്റുവട്ടങ്ങളിലൊക്കെയും ഇതു സംഭവിക്കുന്നുണ്ട്.

അക്രമങ്ങൾക്ക് ഇരകളാവുകയോ അവക്ക് സാക്ഷികളാവുകയോ ഒക്കെ ചെയ്യുന്ന കുട്ടികളിൽ അതു സൃഷ്ടിക്കുന്ന വൈകാരികവും മന:ശാസ്ത്രപരവുമായ ആഘാതം വളരെ ഗുരുതരവും അഗാധവുമാണ്. മയക്കുമരുന്നുകളുടേയും മദ്യത്തിന്റേയും സ്വാധീനവും മനോവൈകല്യങ്ങളുമൊക്കെ അവർക്കിടയിൽ പെരുകന്നതിന് ഇതൊരു പ്രേരക ഘടകമാവുന്നു. പലരും വിഷാദ രോഗികളും മറ്റു മനോവൈകല്യങ്ങൾക്ക് ഇരകളുമാവുന്നു. മറ്റു ചിലർ ക്രിമിനലുകളും സമൂഹവിരുദ്ധരുമാവുന്നു.

ലാഭവും വ്യത്യസ്ത സമൂഹങ്ങൾക്കു മേലുള്ള അധീശത്വവും രാഷ്ടീയ ആധിപത്യവും പ്രകൃതി വിഭവങ്ങൾക്കു മേലുള്ള നിയന്ത്രണാധികാരവും ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടു പോകുന്ന മുതലാളിത്ത, സാമ്രാജ്യത്വ വ്യവസ്ഥ സ്വന്തം സമൂഹത്തിൽ സൃഷ്ടിക്കുന്ന മനുഷ്യത്വരഹിത്യത്തിന്റെ ഒരു വശം മാത്രമാണ് വിദ്യാലയങ്ങളിലെ ശിശുമനസ്സുകളിലും തെരുവുകളിലും രക്ഷകർത്താക്കളിലുമൊക്കെ പടർന്നു പിടിക്കുന്ന ഈ ഭയം.

പാലസ്തീനിലും ഇറാക്കിലും സിറിയയിലും പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശങ്ങൾക്കു വിധേയമാക്കപ്പെടുന്ന മറ്റെല്ലായിടങ്ങളിലും കടന്നാക്രമണ സേനകളെ ഉപയോഗിച്ചു കൊണ്ട് അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും കെട്ടഴിച്ചുവിടുന്ന ഭയത്തിന്റെ ആഭ്യന്തര പ്രകാശനം തന്നെയാണ് സ്വന്തം കുഞ്ഞുങ്ങളിൽ അമേരിക്കക്കാർ കാണുന്ന ഭയം. തങ്ങൾ സൃഷ്ടിക്കുന്ന ഹിംസയും രാക്ഷസീയതയും തങ്ങളുടെ തന്നെ കുഞ്ഞുങ്ങൾക്കും സമൂഹങ്ങൾക്കും നേരെ ഏതൊരു തരം വിധ്വംസക പ്രഹരമായാണ് നിപതിക്കാൻ പോകുന്നതെന്ന് അവർ തെല്ലും ഉത്ക്കണ്ഠപ്പെടുന്നില്ല. അതുകൊണ്ടാണ് കൺ ചിമ്മുന്ന നക്ഷത്രങ്ങളെപ്പറ്റി പ്രസാദാത്മകമായി പാടിപ്പോന്നിരുന്ന കുഞ്ഞുങ്ങൾക്ക് മരണസന്ദേശവുമായി പാഞ്ഞെത്തുന്ന അപ്രതീക്ഷിത വെടിയുണ്ടകളിൽ നിന്നു രക്ഷപ്പെടാൻ വാതിലുകളടച്ച്, വെളിച്ചമണച്ച്, ഡെസ്കുകൾക്കിടയിൽ ഒച്ചയും ശ്വാസവുമടക്കി ഒളിച്ചിരിക്കേണ്ടി വരുന്ന സംഭീതസ്ഥിതിയെപ്പറ്റി പാടേണ്ടി വരുന്നത്.