P K VENUGOPALAN-ചരിത്ര സ്മാരകങ്ങളെ വിൽക്കുന്നവർ രാഷ്ട്രത്തിന്റെ സ്വത്വബോധത്തേയും വ്യക്തിത്വത്തേയും തന്നെയാണ് വിറ്റഴിക്കുന്നത് '
ചരിത്ര സ്മാരകങ്ങളെ വിൽക്കുന്നവർ രാഷ്ട്രത്തിന്റെ സ്വത്വബോധത്തേയും വ്യക്തിത്വത്തേയും തന്നെയാണ് വിറ്റഴിക്കുന്നത് '
--- P K VENUGOPALAN
സംസ്ഥാന സെക്രട്ടറി
ജനകീയ കലാ സാഹിത്യ വേദി
ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്റു തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത് ദൽഹിയിൽ ചെങ്കോട്ടക്കു മുകളിൽ നിന്നുകൊണ്ടായിരുന്നു. "ചരിത്രവുമായി, ദീർഘ വർഷങ്ങൾക്കു മുമ്പ് നാം ഒരു സന്ധി ചെയ്തിരുന്നു''വെന്നു പറഞ്ഞുകൊണ്ടാരംഭിച്ച ആ പ്രസംഗം ( Tryst with Destiny) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗങ്ങളിൽ ഒന്നായാണു കണക്കാക്കപ്പെടുന്നത്. "ലോകം ഉറങ്ങിക്കിടക്കുന്ന ഈ പാതിരാവിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണെ''ന്ന് നെഹ്റു അന്നു പ്രഖ്യാപിച്ചു.
അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ 1639 ൽ പണികഴിപ്പിച്ച ചെങ്കോട്ട മുഗൾ ഭരണകൂടത്തിന്റെ അധികാര കേന്ദ്രമായിരുന്നു. ഷാജഹാന്റെ ഭരണകാലത്ത് ഉച്ചസ്ഥായിയിലെത്തിയ മുഗൾ സർഗ്ഗാത്മകതയുടെ പ്രതീകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്നു കൊണ്ടാണ് 1947 മുതലുള്ള എല്ലാ ആഗസ്റ്റ് 15 നും സ്വതന്ത്ര, പരമാധികാര, ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിമാർ രാഷ്ട്രത്തോട് സംസാരിച്ചത്. അടുത്ത സ്വാതന്ത്ര്യ ദിനത്തിന് ചുവപ്പു കോട്ടയുടെ മുകളിൽ നിന്നുകൊണ്ടു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്കു തോന്നിയാൽ 'ഡാൽമിയ ഭരത് ഗ്രൂപ്പ് 'എന്ന സ്വകാര്യ കമ്പനിയുടെ തൽക്കാലിക ഉടമസ്ഥതയിലുള്ള റെഡ് ഫോർട്ട് കോംപ്ലെക്സിന്റെ മറ്റൊരു ഭാഗത്തു നിന്നു കൊണ്ട് അതു നിർവ്വഹിക്കേണ്ടി വരും.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സർക്കാർ ചുവപ്പു കോട്ടയുടെ ഒരു ഭാഗവും താജ്മഹലും ഉൾപ്പെടെ ഒട്ടേറെ ചരിത്ര സ്മാരകങ്ങളുടെ കൈവശാവകാശവും പരിപാലന ചുമതലയും സ്വകാര്യ കമ്പനികൾക്കു കൈമാറാൻ തീരുമാനിച്ചപ്പോൾ, രാജ്യത്തിന്റെ ചരിത്ര, സാംസ്ക്കാരിക സഞ്ചയത്തെ അപ്പാടെ തന്നെ സ്വകാര്യ മൂലധനത്തിന്റെ അധീശത്വത്തിനു കീഴിൽ കൊണ്ടുവരാനുള്ള ഒരു പരിപാടിക്കാണു തുടക്കമിട്ടത്." ചരിത്ര സ്മാരകങ്ങളെ ദത്തെടുക്കാനുള്ള പദ്ധതി'' യുടെ (Adopt a Heritage Project) ഭാഗമായാണ് ചെങ്കോട്ടയുടെ ഒരു ഭാഗം ഡാൽമിയ ഭാരത് ഗ്രൂപ്പിന്റെ (വിശ്വഹിന്ദു പരിഷത്തിന്റെ ഇൻറർനാഷണൽ പ്രസിഡന്റായിരുന്ന, ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ അതേ വിഷ്ണു ഹരി ഡാൽമിയയുടെ സ്വന്തം കമ്പനി തന്നെ)-താൽക്കാലിക നിയന്ത്രണത്തിനു വിട്ടുകൊടുത്തിരിക്കുന്നത്.
ദത്തെടുക്കുന്നതിന്റെ പേരിൽ, സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ഉള്ള സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ വ്യക്തികൾക്കോ ഒക്കെ ചരിത്രസ്മാരകങ്ങളെ വിട്ടുകൊടുക്കാനും അവിടങ്ങളിലെ ടൂറിസം വികസനത്തിന്റെ പേരിൽ
ഈ കമ്പനികൾക്ക് ലാഭം കൊയ്യാനും സൗകര്യം ചെയ്തു കൊടുക്കുന്ന പദ്ധതിയാണിത്. 'അഡോപ്റ്റ് എ ഹെറിറ്റേജ്' പദ്ധതിയുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് 93 ചരിത്ര സ്മാരകങ്ങളാണ് ആദ്യഘട്ടത്തിൽ ദത്തു നൽകാനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഈ പട്ടിക പിന്നെയും വലുതാവുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ വെളിപ്പെടുത്തുന്നത്.
ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന സ്മാരകങ്ങൾ ആർക്കൊക്കെയാണ് ഏല്പിച്ചു കൊടുക്കാൻ പോകുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചെങ്കോട്ടക്കും താജ് മഹലിനും പുറമെ ആഗ്രയിലെ ഫത്തേപുർ സിക്രിയും കൊണാറക്കിലെ (ഒഡീഷ) മനോഹരമായ സൂര്യ ക്ഷേത്രവും അജന്തയിലെ ബൗദ്ധഗുഹകളും ദൽഹിയിലെ ഇന്ത്യാ ഗേറ്റും കുത്തബ്ബ്മിനാർ സമുച്ചയവും ഇങ്ങനെ കൈമാറാനിരിക്കുന്നവയാണ്. സാരനാഥിലെ ബുദ്ധസ്മാരകങ്ങളും ഝാൻസിയിലെ റാണി ഝാൻസി കോട്ടയും ഗോവയിലെ ബോം ജീസസ് ബസിലിക്കയും കൊച്ചിയിലെ മട്ടാഞ്ചേരി പാലസ് മ്യൂസിയവും കണ്ടൽക്കാടുകളുടേയും ഡെൽറ്റയുടേയും പ്രദേശമായ സുന്ദർ ബൻസും (പശ്ചിമ ബംഗാൾ) ഇങ്ങനെ കൈമാറാനി രിക്കുന്നവയിൽ പെടുന്നു. ചുവപ്പു കോട്ട കൈ മാറുന്നതു സംബന്ധിച്ച് ഡാൽമിയ ഭാരത് ഗ്രൂപ്പും സാംസ്ക്കാരിക മന്ത്രാലയവും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും തമ്മിൽ കരാർ ഒപ്പു വച്ചു കഴിഞ്ഞു. ഡാൽമിയ കമ്പനി ഇതു പ്രകാരം 25 കോടി രൂപ നൽകണമെന്നാണത്രേ വ്യവസ്ഥ. താജ് മഹലിന്റെ താത്ക്കാലിക ഉടമസ്ഥതക്കു വേണ്ടിയുള്ള മത്സരത്തിൽ പുകയില വ്യവസായ രംഗത്തെ അതികായനായ ITC ( ഇന്ത്യൻ ടുബാക്കോ കമ്പനി)യും അടിസ്ഥാന സൗകര്യ വികസന രംഗത്തെ കുത്തകയായ GMR ഗ്രൂപ്പുമാണത്രേ അവസാനത്തെ വില പേശൽ നടത്തിക്കൊ ണ്ടിരിക്കുന്നത്.
ഈ ചരിത്ര സ്മാരകങ്ങളുടെ ഉടമാവകാശം പൂർണ്ണമായും കൈമാറ്റം ചെയ്യുന്നില്ലെങ്കിലും ഒരു നിശ്ചിത കാലയളവിൽ സ്മാരകത്തിന്റെ കൈവശാവകാശവും അതിന്റെ പരിപാലന ചുമതലയും കൈയിലെത്തുന്നതോടെ ഫലത്തിൽ സ്മാരകത്തിന്റെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കാനുള്ള അധികാരമാണ് ബന്ധപ്പെട്ട കുത്തകക്കു ലഭിക്കുന്നത്. സന്ദർശകരിൽ നിന്നും യഥേഷ്ടം ഫീസു പിരിക്കാനും ആദായ മുണ്ടാക്കാൻ ഉതകുന്ന പരിപാടികൾ നടത്താനും അവർക്കാവും. സ്മാരകത്തിന്റെ ചരിത്രപരമായ പ്രാധാന്യമോ സാംസ്കാരികമായ സാംഗത്യമോ ഒന്നും അവരുടെ പരിഗണനാ വിഷയങ്ങളാവണമെന്നില്ല. കമ്പനിയുടെ പരസ്യ ബാനറുകളോ ബ്രാൻറ് ചിഹ്നങ്ങളോ ആയി ചരിത്ര സ്മാരകം മാറും. ചുവപ്പു കോട്ട 'ഡാൽമിയ റെഡ് ഫോർട്ടാ' യും താജ് മഹൽ ' ഐ ടി സി താജ്മഹലാ' യും മാറിയേക്കാം.
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള വേദിയായി ചെങ്കോട്ട തെരഞ്ഞെടുക്കപ്പെടുന്നത് ഉയരമുള്ള ഒരു നിർമ്മിതിയാണത് എന്നുള്ളതുകൊണ്ടല്ല എന്നും മറിച്ച്, ഇന്ത്യ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റേയും സുപ്രധാന കേന്ദ്രമെന്ന നിലയിൽ ചരിത്ര ഗതിയിൽ അതിനു കൈവന്ന സവിശേഷ പദവികളുടെ കൂടി അടിസ്ഥാനത്തിലാണെന്നതും സ്വകാര്യ മൂലധനശക്തികൾക്ക് ഈ സ്മാരകങ്ങളെ അടിയറ വക്കുന്നതിന് തീരുമാനമെടുത്ത ബി.ജെ.പി. സർക്കാരിനെ തെല്ലും ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. അജന്ത ഗുഹകളും കൊ ണാറക്കിലെ സൂര്യ ക്ഷേത്രവും ആഗ്രയിലെ താജ് മഹലും സാരനാഥിലെ ബൗദ്ധസ്മാരകങ്ങളുമൊ ക്കെ രാജ്യത്തേയും അതിന്റെ സംസ്ക്കാരങ്ങളേയും ചരിത്രത്തേയും കാലത്തെ അതിജീവിച്ചു നിലനിന്ന അതിന്റെ സർഗ്ഗാത്മകതയേയും പ്രതിനിധീകരിക്കുന്നവയാണ്. അവയെ നിലനിർത്താനും സംരക്ഷിക്കാനും സന്നദ്ധരാവാത്ത ഒരു ജനതക്ക് അവയുടെ പാരമ്പര്യം അവകാശപ്പെടാൻ അർഹതയില്ലാത്തതുപോലെ അവയെ സംരക്ഷിക്കാൻ തയ്യാറല്ലാത്ത ഭരണകൂടത്തിന് ജനതയെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടാനും അർഹതയില്ല. ചരിത്ര സ്മാരകങ്ങൾ ദേശ രാഷ്ട്രത്തിന്റെ പ്രതിനിധാനവും ദേശസംസ്ക്കാരത്തിന്റെ പ്രഭവകേന്ദ്രങ്ങളുമാണ്. ദേശീയതയെ നിർണ്ണയിക്കുന്നതിൽ അവക്കും പങ്കുണ്ട്. ലാഭ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ കുത്തകകൾക്ക് തീറെഴുതേണ്ടവയല്ല ഈ സ്മാരകങ്ങൾ.
ചെങ്കോട്ടയെ 'സ്വന്ത'മാക്കിയ ഡാൽമിയ ഭാരത് ഗ്രൂപ്പിന്റെ സി.ഇ.ഒ (CEO) പറയുന്നത്: "തുടക്കത്തിൽ അഞ്ചു വർഷക്കാലത്തേക്ക് ഞങ്ങളാണ് അതിന്റെ ഉടമകൾ " എന്നും "പിന്നീട് പരസ്പര സമ്മതപ്രകാരം ഈ കരാർ ദീർഘിപ്പിക്കാവുന്നതേ ഉള്ളു" എന്നുമാണ്. "ഡാൽമിയ ബ്രാന്റിനെ ഇന്ത്യൻ വിപണിയുമായി ഉദ്ഗ്രഥിക്കാൻ അതു ഞങ്ങൾക്കു സഹായകമാവും" എന്നും അയാൾ പറയുന്നു. (The Telegraph May 2)
ഇന്ത്യൻ ജനതയുടെ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ സുപ്രധാന രംഗഭൂമികളിലൊന്നാണ് നരേന്ദ്ര മോദി സർക്കാർ സ്വകാര്യ കുത്തകക്കു കൈമാറുന്ന ചുവപ്പു കോട്ട. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ 1940 കളിലെ ഐ.എൻ.എ. വിചാരണ വരെ സ്വാതന്ത്ര്യ സമരത്തിലെ വീറുറ്റ എത്രയെത്ര സംഭവങ്ങൾക്കു പശ്ചാത്തലമായതാണ് ലാൽ കില എന്ന ചെങ്കോട്ട !
സ്വകാര്യ കുത്തകകൾക്കു കൈമാറ്റം ചെയ്യപ്പെടുന്ന ചരിത്ര സ്മാരകങ്ങൾ എങ്ങനെയായിരിക്കും പരിപാലിക്കപ്പെടുക എന്നു കണ്ടു തന്നെ അറിയണം. മുതൽ മുടക്കുന്ന കോർപ്പറേറ്റുകൾ, അവരുടെ പേരുകൾ കൂടി ചേർത്ത് സ്മാരകങ്ങൾക്ക് പുതിയ പേരുകളുണ്ടാക്കും. വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റേയോ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയോ, ടൂറിസം വികസനത്തിന്റേയോ ഒക്കെ പേരിൽ ഈ ചരിത്ര സ്മാരകങ്ങളിൽ കുത്തകകൾ വരുത്താനിരിക്കുന്ന പരിവർത്തനങ്ങളിൽ ആർക്കിയോളജിക്കൽ സർവ്വേ പോലുള്ള സ്ഥാപനങ്ങൾക്ക് എന്തു സ്വാധീനം ചെലുത്താനാവുമെന്നതും വ്യക്തമല്ല. ചെങ്കോട്ടയിൽ തന്നെ ആയിരം ചതുരശ്ര അടി വിസ്തൃതിയിൽ ടൂറിസ്റ്റുകൾക്കു സൗകര്യങ്ങളൊരുക്കാൻ ഡാൽമിയ ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. ആവശ്യമായ ഗവേഷണങ്ങളോ പഠനങ്ങളോ കൂടാതെ നടത്തുന്ന അത്തരം വികസന പ്രവർത്തനങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര സ്മാരകങ്ങളുടെ കാര്യത്തിൽ നശീകരണ പ്രവർത്തനങ്ങൾ (vandalism) തന്നെയാകാമെന്ന ആശങ്ക ചരിത്രകാരന്മാർ പ്രകടിപ്പിച്ചു കഴിഞ്ഞു.
ചരിത്ര സ്മാരകങ്ങളേയം സാംസ്കാരിക കേന്ദ്രങ്ങളേയും പൈതൃക സ്ഥാനങ്ങളേയുമൊക്കെ ദത്തെടുക്കുന്നുവെന്നോ, പരിപാലന ചുമതല കൈമാറുന്നുവെന്നോ, ടൂറിസം വികസിപ്പിക്കുന്നുവെന്നോ ഒക്കെ വിശേഷിപ്പിച്ചു കൊണ്ട് കുത്തക കമ്പനികൾക്കു കൈമാറുമ്പോൾ സാമ്രാജ്യത്വ ഉദാരീകരണത്തിന്റെ സാമ്പത്തിക നയങ്ങൾ പുതിയൊരു മേഖലയിലേക്കു പ്രവേശിക്കുകയാണ്. 1980 കളുടെ രണ്ടാം പകുതിയിൽ ആരംഭിക്കുകയും 1990 കളിൽ ശക്തിയാർജ്ജിച്ച് വിനാശകരമായ രീതിയിൽ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ഉല്പാദന മേഖലകളിലെല്ലാം കോർപ്പറേറ്റ് ആധിപത്യം മുമ്പേ തന്നെ സ്ഥാപിച്ചു കഴിഞ്ഞു. കാർഷിക മേഖലയും വ്യവസായ രംഗവും ബാങ്കിംഗും ഇൻഷ്വറൻസും ഉൾപ്പെടെയുള്ള ധനകാര്യ മേഖലയും വാർത്താവിതരണ രംഗവും പെട്രോളിയം ഉൽപാദന, വിതരണ രംഗങ്ങളുമെല്ലാം കഴിഞ്ഞ് ചെറുകിട കച്ചവടത്തിന്റേയും ഇതര സേവനങ്ങളുടേയും മേഖലകളും റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ മേഖലകളുമെല്ലാം സ്വകാര്യ, കോർപ്പറേറ്റ് മൂലധനത്തിന്റെ നിർണ്ണായകമായ നിയന്ത്രണത്തിലായിക്കഴിഞ്ഞു. പുഴകളും കുടിവെള്ള സ്രോതസ്സുകളും വി റ്റഴിക്കാമെന്ന് മുമ്പേ തന്നെ ഇന്ത്യൻ ഭരണാധികാരികൾ തെളിയിച്ചതാണ്. ഇപ്പോഴിതാ ചരിത്ര സ്മാരകങ്ങളുടേയും സാംസ്കാരിക കേന്ദ്രങ്ങളുടേയും വില്ലന ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, ഇനി വരാനിരിക്കുന്നത് സർവ്വകലാശാലകളുടേയും നീതിന്യായ സ്ഥാപനങ്ങളുടേയും കച്ചവടമാകാം.
സമൂഹങ്ങളുടേയും രാജ്യങ്ങളുടേയും ചരിത്രപരവും സാംസ്കാരികവുമായ വ്യക്തിത്വത്തെ, അല്ലെങ്കിൽ സ്വത്വബോധത്തെ നിർണ്ണയിക്കുന്ന ചരിത്ര സ്മാരകങ്ങളേയും പൈതൃക സ്ഥാനങ്ങളേയും കോർപ്പറേറ്റ് താല്പര്യങ്ങൾക്കു വേണ്ടി തീറെഴുതുന്നവരുടെ പ്രതിജ്ഞാബദ്ധത മറ്റെന്തിനോടായാലും രാഷ്ട്രത്തോടും ജനങ്ങളോടുമല്ലെന്നത് നിസ്തർക്കമാണ്.