INTERNATIONAL WOMEN'S DAY- അന്താരാഷ്ട്ര വനിതാ ദിനം -ലേഖനം ------Dr Mythri P U



         അന്താരാഷ്ട്ര വനിതാ ദിനം -ലേഖനം

                             
------Dr Mythri P U









അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രം 1908 ല്‍ നോര്‍ത്ത് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകരില്‍ നിന്നാണാരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ മാറ്റിമറിച്ച രാഷ്ട്രീയ സംഭവങ്ങളുടെ അന്തസത്ത ഈ ദിനത്തില്‍ ദര്‍ശിക്കാനാകും. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, യൂറോപ്പിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലു മുണ്ടായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച തുടങ്ങി റഷ്യന്‍ വിപ്ലവം വരെ നീണ്ടുകിടക്കുന്ന ചരിത്രം ഈ ദിവസത്തിനുണ്ട്.


സ്ത്രീ സ്വാതന്ത്ര്യം രാഷ്ട്രീയ അജണ്ടയായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇച്ഛാശക്തി കാണിച്ച ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം അതുകൊണ്ടു തന്നെ എല്ലാകാലത്തും പ്രസക്തമാണ്.


സ്ത്രീ വിമോചനവും സമത്വവുമായ ബന്ധപ്പെട്ട ഏറ്റവും ശക്തമായ ആശയങ്ങള്‍ മുന്നോട്ടുവച്ച രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം. സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഒരു സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത് എന്ന കാറല്‍ മാര്‍ക്‌സിന്റെ നിരീക്ഷണം ലോകമെമ്പാടുമുള്ള കമ്മ്യുണിസറ്റ് പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക കാഴ്ചപ്പാടായാണ് കണക്കാക്കപ്പെടുന്നത്.

1864 ലെ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസ്സോസിയേഷന്റെ ആരംഭം മുതല്‍ രണ്ടാം ഇന്റര്‍നാഷണല്‍ വരെയുള്ള കാലയളവില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളും വ്യാപകമായ രീതിയില്‍ മാര്‍ക്‌സിസ്റ്റുകള്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചിരുന്നു. ഏംഗല്‍സിന്റെ പ്രസിദ്ധമായ ”കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടത്തിന്റെ ആവിര്‍ഭാവം” എന്ന കൃതി 1884ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതോടൊപ്പം റോസാ ലക്സംബര്‍ഗും എലനോര്‍ മാര്‍ക്സും ക്ലാര സെറ്റ്ക്കിനും, ആഗസ്ത് ബേബലും അലക്സാന്ദ്ര കൊല്ലന്തോയിയും അടക്കമുള്ളവര്‍ നടത്തിയ ഉറച്ച വര്‍ഗ്ഗ രാഷ്ട്രീയത്തിലധിഷ്ഠിതമായ സൈദ്ധാന്തിക ഇടപെടലുകളുമാണ് സ്ത്രീ പ്രശ്‌നത്തിലുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കു ശക്തമായ ആശയ അടിത്തറ നല്‍കിയത്.


ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം വ്യക്തമാക്കുന്നത് വര്‍ണ-വംശീയ- വര്‍ഗ വ്യത്യാസങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്തുകൊണ്ടാണ് വനിതസഖാക്കള്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയത് എന്നാണ്. സ്ത്രീകളും പുരുഷന്മാരും തൊഴിലാളി വര്‍ഗ്ഗമെന്ന നിലയില്‍ പോരാടേണ്ടത് മൂലധനം സൃഷ്ട്ടിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെയാണ് എന്ന ധാരണയും ഈ കാലയളവില്‍ ശക്തമായിരുന്നു.


അതു കൊണ്ട് തന്നെയാണ് ശാക്തീകരണം എന്ന വാക്കിനു പകരം പ്രാപ്തരാക്കുക എന്ന വാക്ക് ലെനിന്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്കു വോട്ടവകാശം എന്നതു ആത്യന്തികമായി കണ്ടിരുന്ന ഒരുവിഭാഗത്തിനെതിരെ തൊഴിലവകാശം എന്ന മറ്റൊരു ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ക്ലാര സെറ്റ്ക്കിനെ പോലെയുള്ളവര്‍ ആശയ സമരം നടത്തിയത്.

ലൈംഗിക അടിമത്തം സാമ്പത്തിക അടിമത്തം തുടങ്ങി എല്ലാവിധ പ്രശ്‌നങ്ങളില്‍ നിന്നുമുള്ള മോചനമാണ് മാര്‍ക്‌സിസ്റ്റുകള്‍ വിഭാവനം ചെയ്തത്. സ്ത്രീകളുടെ തൊഴിലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അമേരിക്കന്‍ ഐക്യനാടുകളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്ത്രീസഖാക്കള്‍ നടത്തിയ പോരാട്ടങ്ങള്‍ സാമ്പത്തികരംഗത്തും ഉല്‍പ്പാദനമേഖലയിലും വനിതകളുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.


മുതലാളിത്ത സമൂഹത്തില്‍ കുടുംബവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന പിന്തിരിപ്പന്‍ ആശയങ്ങളെ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിനു എങ്ങനെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാന്‍ സാധിക്കും എന്നത് അലക്‌സാന്ദ്ര കൊല്ലന്തോയി വ്യക്തമാക്കുന്നുണ്ട്. സ്ത്രീകള്‍ ഗാര്‍ഹിക അടിമത്തത്തില്‍ നിന്നും, മാതാവ് നിലയില്‍ അനുഭവിക്കേണ്ടി വരുന്ന ആശങ്കകളില്‍ നിന്നും മോചിതരാകുകയും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം സാമൂഹം ഏറ്റെടുക്കുകയും തൊഴില്‍ചെയ്യാനുള്ള കഴിവില്‍ സ്ത്രീകള്‍ ആത്മവിശ്വാസം കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമത്വധിഷ്ഠിത സമൂഹം എങ്ങനെ ഒരു പുതിയ സാമൂഹ്യക്രമത്തിന്റെ നിര്‍മ്മിതിക്ക് വഴിയൊരുക്കുന്നു എന്നും അവര്‍ വ്യക്തമാക്കുന്നു.


ഓള്‍ റഷ്യ വുമണ്‍സ് കോണ്‍ഗ്രസ്സിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവച്ച വിശാലമായ നാലിന പരിപാടിയിലൂടെ കൊല്ലന്തോയ് ഇതു കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യഘട്ട പരിപാടിയില്‍ വ്യത്യസ്തമായ തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കില്‍ രണ്ടാമത്തെ ഘട്ടം സ്ത്രീകളുടെ സാമ്പത്തിക അവസ്ഥയുടെ വിലയിരുത്തല്‍, വാണിജ്യ വ്യവസായ മേഖലയിലെയും ആഭ്യന്തര രംഗത്തെയും കുറിച്ചുള്ള അന്വേഷണങ്ങള്‍, സ്ത്രീ തൊഴിലാളികളുടെ സംരക്ഷണം, കുടുംബം, വിവാഹം, വേശ്യാവൃത്തി മുതലായവയെക്കുള്ള വിശദമായ പരിപാടികള്‍ ഉള്‍ക്കൊണ്ടിരുന്നു. മൂന്നാം ഘട്ടത്തില്‍ സമകാലിക സിവില്‍ രാഷ്ട്രീയ രംഗത്തെ സ്ത്രീ പ്രാതിനിത്യത്തെ കുറിച്ചും ഈ മേഖലകളില്‍ സ്ത്രീ സമത്വത്തിനുവേണ്ടി നടത്തേണ്ട പോരാട്ടങ്ങളെ ക്കുറിച്ചും വ്യക്തമാക്കിയിരുന്നു. സ്ത്രീ വിദ്യാഭ്യാസസവുമായി ബന്ധപ്പെട്ടായിരുന്നു അവസാനഘട്ടം പ്രതിപാദിച്ചിരുന്നത്.

1896 മുതല്‍ 1899 വരെയുള്ള കാലയളവില്‍ റഷ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവസ്ഥയെപറ്റിയും ഇതില്‍ സ്ത്രീകള്‍ ചുമക്കേണ്ടിവരുന്ന ഇരട്ട ഭാരത്തെ പറ്റിയും ലെനിന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1905 സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളെ ആദ്യമായി രൂപീകരിച്ച സോവിയറ്റിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ അതില്‍ 25% സ്ത്രീകളായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിന്റെ ചരിത്രമില്ലാത്ത റഷ്യ പോലൊരു പുരുഷമേധാവിത്വ രാജ്യത്തു ഇത്രയും സ്ത്രീകളുടെ പ്രാധിനിത്യം സോവിയറ്റില്‍ ഉണ്ടായത് സ്തുത്യര്‍ഹമായ ഒരു നേട്ടമാണെന്ന് കണക്കാക്കപ്പെടുകയുണ്ടായി.


ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടി ബോധപൂര്‍വമായ ഇടപെടലുകള്‍ ബോള്‍ഷെവിക്കുകള്‍ നടത്തിയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനു തടസം നിന്നിരുന്ന എല്ലാ നിയമങ്ങളും റദ്ദാക്കപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യ ത്തിനുമേലുള്ള മുഴുവന്‍ നിയമങ്ങളും എടുത്തു കളഞ്ഞു. സ്വത്താവാകാശത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കുടുംബത്തെ ഒരു സാമ്പത്തിക യൂണിറ്റ് എന്ന അവസ്ഥയില്‍ നിന്ന് മാറ്റുകയും പിതാവിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുകയും ചെയ്തു.


ഭൂമിക്കു മേല്‍ സ്ത്രീകള്‍ക്ക് ഉടമസ്ഥാവകാശം ലഭിച്ചു. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമായി പരിഗണിക്കപ്പെട്ടു (അമേരിക്കയിലും ഡെന്മാര്‍ക്കിലും അബോര്‍ഷന്‍ നിയമ വിധേയമാക്കിയത് ഇതിനും അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ്). വിവാഹം ജനനം മുതലായവയെല്ലാം പള്ളിയുടെ നിയന്ത്രണത്തില്‍ നിന്നും മുക്തമാക്കി. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കിയ സാറിസ്റ്റു നിയമം എടുത്തു കളഞ്ഞു. 1926 ആയപ്പോഴേക്കും വിവാഹം രെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം പോലും ഇല്ലാതായി. വിവാഹമോചനം വളരെ എളുപ്പമുള്ള പ്രക്രിയയായി മാറി.


ശമ്പളത്തോടു കൂടിയ പ്രസവാവധി നടപ്പില്‍ വരുകയും രാത്രി ഷിഫ്റ്റില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. ജാരസന്തതി എന്ന ധാരണ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിവാഹ ബന്ധത്തിലൂടെയോ അല്ലാതെയോ ഉണ്ടായ കുഞ്ഞുങ്ങളെ തുല്യരായി പരിഗണിക്കുകയും ചെയ്തു. ഒരു മുതലാളിത്ത രാജ്യത്തിലും സ്ത്രീ പുരുഷ സമത്വം അംഗീകരിക്കപ്പെടാതിരുന്ന കാലത്ത് റഷ്യയിലുണ്ടായ ഈ മാറ്റങ്ങള്‍ അങ്ങേയറ്റം പുരോഗമന പരമായിരുന്നു.


‘എല്ലാ വിമോചന സമരങ്ങളുടെയും അനുഭവങ്ങള്‍ കാണിക്കുന്നത് ഒരു വിപ്ലവത്തിന്റെ വിജയം അതില്‍ എത്രത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും’ എന്ന് ലെനിന്‍ പ്രസ്താവിച്ചത് റഷ്യയിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്.

ഇത്തരത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കി എന്നൊരു പ്രധാനചോദ്യം നിലനില്‍ക്കുന്നുണ്ട്.


കുടുംബം, തൊഴില്‍, സ്ത്രീ പുരുഷബന്ധങ്ങള്‍, വിവാഹം തുടങ്ങി നിലനില്‍ക്കുന്ന സാമ്പ്രദായിക ക്രമങ്ങളെ ഏതെങ്കിലും തരത്തില്‍ സ്പര്‍ശിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

തേഭാഗ തെലങ്കാന സമരത്തിലെ സ്ത്രീകളും ബോംബെ ടെക്‌സ്‌റ്റൈല്‍ മില്ലിലെ സ്ത്രീകളുടെ സംഘടനയും നക്‌സല്‍ബാരിയിലെ സ്ത്രീ സഖാക്കളും ചേര്‍ന്ന് കെട്ടിപ്പടുത്ത ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രം ഇന്ത്യക്കുണ്ട്. കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിറവിയോടെ അസംഘടി തരായ സ്ത്രീ തൊഴിലാളി വര്‍ഗം കര്‍ഷക സമരങ്ങളിലൂടെയും ഭൂസമരങ്ങളിലൂടെയും തൊഴില്‍ സമരങ്ങളിലൂടെയും പാര്‍ട്ടിയെ ശക്തിപ്പെടുത്തിയവരാണ്.


ഏറ്റവുമധികം സ്ത്രീ തൊഴിലാളികളുണ്ടായിരുന്ന ആലപ്പുഴയിലെ കയര്‍ മേഖലയില്‍ ലൈംഗിക ചൂഷണത്തിനും വിവേചനപൂര്‍ണമായകൂലിക്കെതിരെയും കുറഞ്ഞ ജോലി സമയത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ആധുനിക കേരളത്തിലെ സ്ത്രീകളെ അടയാളപ്പെടുത്തുന്നതില്‍ ശക്തമായ പങ്കുവഹിച്ചവയാണ്.


കളര്‍കോട് പാടത്തു സഖാവ് ദേവയാനിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരം കേരളത്തില്‍ സ്ത്രീ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സമരമായിരുന്നു. ചീമേനി എസ്റ്റേറ്റിലെ തോല്‍ വിറകുസമരവും കണ്ടകൈ പ്രദേശത്തെ മേച്ചില്‍പുല്‍ സമരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയ സ്വഭാവം നല്‍കി. കളംകേട്ട് സമര നേതാവായിരുന്ന സഖാവ് കുഞ്ഞാക്കമ്മയെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടക്കുകയും അവരോടു പാര്‍ട്ടി വിടണമെന്നാവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്റെ വീട്ടിലെ ചൂലുകള്‍ പോലും കമ്മ്യൂണിസ്റ്റാണെന്നു അവര്‍ തിരിച്ചടിച്ചു.

1941ല്‍ തൊഴില്‍ശാലകളില്‍ കമ്മറ്റികള്‍ രൂപീകരിച്ചു അതിന്റെ നേതൃ സ്ഥാനത്തെത്തില്ല 14 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന സഖാവ് മീനാക്ഷി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്കിരയാക്കപ്പെട്ട വനിതയായ സഖാവ് കൂത്താട്ടുകുളം മേരി, കുട്ടംകുളം സമരത്തിലെ പോരാളി സഖാവ് കുറുമ്പ, യാഥാസ്ഥിതിക ശക്തികള്‍ക്കെതിരെ പാര്‍ട്ടി കുടക്കീഴില്‍ പ്രതികരിച്ച നിലമ്പൂര്‍ ആയിഷ, മൈക്കും മേദിനിയുടെ പാട്ടും എന്ന ഒറ്റ വാചകം കൊണ്ട് നൂറുകണക്കിനാളുകളെ പാര്‍ട്ടി പരിപാടികളിലേക്ക് അടുപ്പിച്ച സഖാവ് മേദിനി, തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പോരാളിയായിരുന്നു സഖാവ് മന്ദാകിനിയും അജിതയും തുടങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ലിംഗവ്യത്യാസങ്ങള്‍ക്കതീതമായി വര്‍ഗ്ഗസമരത്തിനു പ്രാപ്തരാക്കിയ ഒട്ടേറെ സഖാക്കളുടെ ചരിത്രവും അവര്‍ മുന്നോട്ടുവച്ച രാഷ്ട്രീയ നിലപാടുകളും നമ്മുടെ മുന്നിലുണ്ട്.


ചുരുക്കിപ്പറഞ്ഞാല്‍ തീവ്രമായ രാഷ്ട്രീയ ബോധമുള്ള സ്ത്രീകളുടെ സാമൂഹ്യ പുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുറത്ത് പടുത്തുയര്‍ത്തിയതാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.


1964 ലെ പാര്‍ട്ടി പ്രോഗ്രാം തുല്യ തൊഴിലിനു തുല്യവേതനം, സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ സാമൂഹ്യ വിഷമതകളില്‍ നിന്നുമുള്ള മോചനം, സ്വത്തവകാശം തുടങ്ങി പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവക്കുകയുണ്ടായി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും ആശയ പ്രാവര്‍ത്തിക തലങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയെപോലെ സങ്കീര്‍ണമായ സാമൂഹ്യ അവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്തു സ്ത്രീ എന്ന നിലയിലും തൊഴിലാളി എന്ന നിലയിലും കൂടുതല്‍ തീവ്രവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട്. വലിയ മാറ്റമില്ലാതെ പിന്തുടര്‍ന്നുപോരുന്ന ഫ്യുഡല്‍ മൂല്യങ്ങളും ജാതി വ്യവസ്ഥയുടെ അടിച്ചമര്‍ത്തലും ഒന്നിച്ചുചേരുമ്പോള്‍ സ്ത്രീ വിമോചനം എന്നത് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. 1925ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണത്തിന് ശേഷം പുരോഗമന പരമായ പലചുവടുവെപ്പുകളുമുണ്ടായെങ്കിലും ഒരു സാമൂഹ്യമാറ്റത്തിന്റെ തലത്തിലേക്ക് അത് എത്തി ചേര്‍ന്നിട്ടില്ല എന്ന് നിസംശയം പറയാനാകും.


മനഃപൂര്‍വ്വവും അല്ലാത്തതുമായ ഇത്തരം മാറ്റി നിര്‍ത്തപ്പെടലുകള്‍ വ്യത്യസ്ത തലങ്ങളില്‍ കാണാന്‍ സാധിക്കും, ആശയതലത്തിലും രാഷ്ട്രീയമണ്ഡലത്തിലും ഇതു കൂടുതല്‍ വ്യക്തമാണ്. 1800 കളുടെ രണ്ടാം പകുതിയില്‍ സ്ത്രീകളായ മാര്‍ക്‌സിസ്റ്റുകള്‍ നടത്തിയ വളരെ ഗൗരവകരമായ ചര്‍ച്ചകള്‍ എങ്ങനെയാണ് രണ്ടാം ഇന്റര്‍നാഷണലിന്റെ പാര്‍ട്ടി രേഖകളായി പ്രത്യക്ഷപ്പെട്ടത് എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്.


പക്ഷെ അക്കാദമിക പശ്ചാത്തലമുള്ള ഒരു വിഭാഗത്തിനും അതില്‍ പെടാത്ത ചെറിയൊരു ശതമാനത്തിനുമൊഴിച്ചാല്‍ എത്ര ഇടതുപക്ഷക്കാര്‍ക്കു മാര്‍ക്‌സിസ്റ്റു വനിതാ സൈദ്ധാന്തികരെയും പ്രവര്‍ത്തകരെയും അറിയാം എന്ന ഒരു ചോദ്യമുണ്ട്. മാര്‍ക്സും ഏഗല്‍സുമായി നടത്തിയ സംവാദങ്ങളും കാത്തിടപാടുകളും സുപരിചിതമായിരിക്കുമ്പോള്‍ തന്നെ ലെനിനുമായി 1920ല്‍ സഖാവ് ക്ലാര സെറ്റ്കിന്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുനടത്തിയ സുദീര്‍ഘസംവാദങ്ങളെ കുറിച്ചറിയാവുന്നവര്‍ വളരെ വിരളമാണ്.

തൊഴിലാളി വര്‍ഗ വിമോചനപോരാട്ടത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടവിഷയങ്ങള്‍ക്കു അഭേദ്യമായ ബന്ധമുണ്ടെന്നു പ്രസ്താവിച്ച റോസാ ലക്‌സംബര്‍ഗിനെ വായിച്ചവരുടെ എണ്ണവും വളരെ കുറവായിരിക്കും. ട്രോട്‌സ്‌കിയടക്കമുള്ള പേരുകള്‍ സുപരിചിതമായിരിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ആശയ അടിത്തറ നല്‍കിയവരുടെ പേരുകള്‍ കേട്ടുകേള്‍വി പോലുമില്ലാതാകുന്നു. വൃന്ദാകാരാട്ടിനെയും സുഭാഷിണി അലിയെയും അറിയാം പക്ഷെ ഗോദാവരി പരുലേക്കറിന്റെയും പപ്പാ ഉമാനാഥിന്റെയും പേരുകള്‍ ഒരു വിഭാഗത്തിന്റെ ഇടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ് എന്നതും യാഥാര്‍ഥ്യമാണ്.


ചൂഷണത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യാവസ്ഥയില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളിലും ഘടനയിലുമെല്ലാം അസമത്വ ഉണ്ടായിരിക്കും. എന്നിരുന്നാലും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് എത്ര സ്ത്രീകളെ രാഷ്ട്രീയ മണ്ഡലത്തിന്റെ മുന്നണി പോരാളികളാക്കി മാറ്റാന്‍ കഴിഞ്ഞു എന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്.


എല്ലാ ഇടതുപക്ഷ പാര്‍ട്ടികളിലും താഴെത്തട്ടിലുള്ള കമ്മറ്റികള്‍ മുതല്‍ പോളിറ്റ്ബ്യുറോ വരെ എത്ര സ്ത്രീകള്‍ നേതൃസ്ഥാനത്തുണ്ട് എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ആദ്യകമ്യുണിസ്റ്റ് മന്ത്രിസഭയില്‍ 114 അംഗങ്ങളില്‍ 6പേര്‍ സ്ത്രീകളായിരുന്നെങ്കില്‍ എന്ന് 140 അംഗങ്ങളുള്ള നിയമസഭയില്‍ ഏഴ് സ്ത്രീകള്‍ മാത്രമേ ഉള്ളു. 65 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ വെറും 12 സ്ത്രീകള്‍ മാത്രമേ കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തിയിട്ടുള്ളു. ശക്തമായ ഇടതു രാഷ്ട്രീയം നിലനില്‍ക്കുമ്പോള്‍ തന്നെ എത്രയും വലിയ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

സ്ത്രീസ്വാതന്ത്ര്യത്തിന്റെ ആണിക്കല്ലായി കണക്കാക്കപ്പെടുന്ന ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം അഥവാ ഉല്‍പ്പാദനമേഖലയില്‍ അവര്‍ വഹിക്കുന്ന പങ്ക്. നാഷണല്‍ സാംപിള്‍ സര്‍വേയുടെ 2011- 2012 കണക്കനുസരിച്ചു കേരളത്തിലെ ഗ്രാമീണമേഖലയിലെ സ്ത്രീ തൊഴില്‍ പ്രാധിനിത്യം 22.1 ആണ്. ദേശീയ ശരാശരിയേക്കാള്‍ കുറവാണിത്.


എന്നാല്‍ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന കശുവണ്ടി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തനിരക്ക് കൂടുതലായാണ് കാണപ്പെടുന്നത്. പക്ഷെ 95 % സ്ത്രീകള്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയിലെ വലിയൊരു ശതമാനം തൊഴിലാളി പ്രതിനിധികളും പുരുഷന്മാരാണ് എന്നതാണ് വസ്തുത. വിദ്യാഭ്യാസ ആരോഗ്യ രംഗത്തു മുന്നിട്ടു നില്‍ക്കുകയും എന്നാല്‍ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പിന്നോട്ട് നില്‍ക്കുകയും ചെയ്യുന്ന വിചിത്രമായ ഒരവസ്ഥയാണിത്. സാമ്പത്തിക ശാക്തീകരണവും സാമൂഹ്യ ശാക്തീകരണവും അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ ഇനിയും മുന്നോട്ടുപോകാനാകില്ല.


കുടംബം വിവാഹം സാമ്പത്തിക അധികാരം മുതലായ കാര്യങ്ങളില്‍ ശക്തമായ പൊളിച്ചെഴുതുകള്‍ വേണം എന്നാണു മാര്‍ക്‌സിയന്‍ നിലപാട്. എന്നാല്‍ നിലനില്‍ക്കുന്ന ഘടനയില്‍ മാറ്റം വരുത്തുന്നത് ചിന്തിക്കാന്‍ പോലുമാകാത്തവരാണ് ഭൂരിപക്ഷം ഇടതുപക്ഷക്കാരും. വിവാഹത്തിലൂടെ ഉടമസ്ഥ മനോഭാവം പുരുഷനില്‍ ഉടലെടുക്കുകയും അത് ജനാധിപത്യപരമായ അന്തരീക്ഷത്തിനു തടസ്സമാകുകയും ചെയ്യുന്നുണ്ട്.


മതപരമായ വിവാഹങ്ങള്‍ മന്ത്രങ്ങളിലൂടെയും പുരോഹിത വചനങ്ങളിലൂടെയും ‘കന്യാദാനം’ എന്ന ദാനം ചെയ്യല്‍ പ്രക്രിയയെ മഹത്വ വല്‍ക്കരിക്കുകയും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ചു ഇനി മുതല്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കണമെന്നും പറയുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന സ്ത്രീ വിരുദ്ധതയെ ഇടതുപക്ഷക്കാര്‍ക്കു കാണാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്.


പാര്‍ട്ടിയുടെ ഉന്നത നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ക്കുപോലും താലി കേട്ട് ഉപേക്ഷിക്കാന്‍ പറ്റാത്തത് ഫ്യുഡലിസത്തിന്റെ ജീര്‍ണതയെ ഇപ്പോഴും ഉള്‍ക്കൊള്ളുത് കൊണ്ടാണ്. ഗാര്‍ഹിക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടുകയും കുടുംബവുമായി ബന്ധപ്പെട്ട വ്യാകുലതകള്‍ അലട്ടാതിരിക്കുകയും ചെയ്യുമ്പോഴേ സ്ത്രീക്കു ഒരു ഒരു വ്യക്തി എന്നുള്ള നിലയില്‍ സ്വതന്ത്രമായ സാമൂഹ്യ ജീവിതം സാധ്യമാകു. ഭാഷയിലും നിത്യജീവിതത്തിലും ചിന്തകളിലും അറിഞ്ഞും അറിയാതെയും കടന്നു വരുന്ന സ്ത്രീ വിരുദ്ധതയെ ബോധപൂര്‍വം കുടഞ്ഞെറിയാന്‍ തയ്യാറാണെങ്കില്‍ മാത്രമേ സാമൂഹ്യ മാറ്റം സാധ്യമാകു.


അനുവദിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സംവരണത്തിന്റെയും ഔദാര്യത്തിന്റെ പട്ടിക നിരത്തുന്നവര്‍ സ്ത്രീകളെ ശക്തരാക്കുന്നതിന് ഒരു പുതിയ പാര്‍ട്ടി ഘടനതന്നെ ബോധപൂര്‍വ്വം മുന്നോട്ടു വച്ച റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

രാഷ്ട്രീയ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ അശ്ലീലത്തിന്റെ ഭാഷ ഉപയോഗിച്ച് നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ജീര്‍ണിച്ച പുരുഷമേധാവിത്വ മനസ്സുകളാണ്. സഖാവ് കെ.കെ രമയെ ആസ്ഥാന വിധവ എന്ന് വിളിച്ച് അസഭ്യം ചൊരിഞ്ഞവര്‍ അടിയന്തിരമായി വായിക്കേണ്ടത് അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ചരിത്രത്തിലെ ശക്തയായ പോരാളി സഖാവ് ലൂസി പാഴ്‌സണ്‍സിന്റെ ചരിത്രമാണ്. ഹേമാര്‍ക്കറ്റ് വെടിവെപ്പിനുശേഷം തൂക്കിലേറ്റപ്പെട്ട സോഷ്യലിസ്‌റ് നേതാവ് അല്‍ബര്‍ട്ട് പാഴ്‌സണ്‍സിന്റെ ഭാര്യയായ ലൂസി അറിയപ്പെട്ടിരുന്നത് രോഷാകുലയായ വിധവ എന്നായിരുന്നു.


‘ആയിരം കലാപകാരികളേക്കാള്‍ അപകടകാരി’ എന്ന വിശേഷണമുണ്ടായിരുന്ന ലൂസി പാഴ്‌സണ്‍സ് ഒരു വിധവയായി ഒതുങ്ങിയ ജീവിതം നയിക്കുകയല്ല ചെയ്തത്. അല്‍ബര്‍ട്ട് പാഴ്‌സണ്‍സ് എഴുതിക്കൊണ്ടിരുന്ന പുസ്തകം പൂര്‍ത്തിയാക്കി അവര്‍ ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തന ത്തിലേക്കിറങ്ങി. അമേരിക്കന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ശക്തയായ മുന്നണി പോരാളിയായി മരണം വരെ ജീവിച്ച അവര്‍ക്കു ഭരണകൂടത്തിന്റെയും ജുഡിഷ്യറിയുടെയും പീഡനങ്ങളെ മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂ.

ഭര്‍ത്താവിന്റെ മരണ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അവരെ വൈധവ്യത്തിന്റെ പേരില്‍ ആരും തടഞ്ഞിട്ടില്ല. വര്‍ഗ ബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രസക്തി വരുന്നത് ഇവിടെയാണ്. സമകാലിക ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുന്ന കടുത്ത വെല്ലുവിളികളുണ്ട്.


അടിച്ചമര്‍ത്തപ്പെട്ടവരെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കു തള്ളിവിടുന്നഈ നയങ്ങള്‍ക്കൊപ്പം കോര്‍പറേറ്റുകളുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ശക്തികളും ആത്യന്തികമായി സ്ത്രീകളുടെ മുന്നോട്ടുള്ള പോക്കിന് തടസം സൃഷ്ടിക്കുകയാണ്. കോര്‍പറേറ്റ് മൂലധനത്തിന്റെയും വര്‍ഗീയതയുടെയും ഭ്രാന്തന്‍ തേര്‍വാഴ്ചക്കെതിരായി ശക്തമായ സ്ത്രീമുന്നേറ്റ പോരാട്ടങ്ങള്‍ നടത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുന്നിലുള്ള അടിയന്തിര കടമ. തുല്യതയില്‍ ഊന്നിയ ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെ സൃഷ്ടിയിലൂടെ സാമൂഹ്യപുനര്‍നിര്‍മ്മാണം നടത്താനാണ് ഓരോ ഇടതുപക്ഷ പുരോഗമന വിശ്വാസികളും ശ്രമിക്കേണ്ടത്.