CHARLES GEORGE--പുതുവൈപ്പ് ഐ.ഒ.സി. പദ്ധതി- കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI)


                                     

                                                                                 ചാള്‍സ് ജോര്‍ജ്ജ്
                                       സംസ്ഥാന പ്രസിഡന്‍റ്

        കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI)

സംസ്ഥാന കമ്മിറ്റി
രജി നമ്പര്‍ 07/7/88
റൂം നമ്പര്‍ 14, മാരുതി വിലാസ്, സി.എസ്.റോഡ്, കൊച്ചി - 11
ഫോണ്‍ : 9447168852

പുതുവൈപ്പ് ഐ.ഒ.സി. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി മുമ്പാകെ

ബഹുമാനപ്പെട്ട ചെയര്‍മാന്‍,
വിധി പ്രഖ്യാപനം കഴിഞ്ഞശേഷം നടക്കുന്ന ഒരു വിചാരണയില്‍ പങ്കെടുക്കുന്ന ഒരു പ്രതീതിയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. കാരണം ഈ കമ്മിറ്റി രൂപീകരിച്ചശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തന്നെയാണ്. തുടര്‍ച്ചയായി മൂന്നു ദിവസം ഒരു പ്രദേശത്തെ ജനതയെ തല്ലിച്ചതയ്ക്കുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തല പൊളിഞ്ഞും കൈയ്യൊടിഞ്ഞും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ലോക്കപ്പ് ചെയ്യപ്പെടുകയും ചെയ്ത ഒരു അവസ്ഥ ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സമരസമിതി നേതാക്കളടക്കമുള്ളവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. പദ്ധതിയുടെ പാരിസ്ഥിതികവും നിയമപരവുമായ പ്രശ്നങ്ങളും ജനങ്ങളുടെ ആശങ്കകളും പരിശോധിക്കാന്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി തന്നെയാണ് ഈ കമ്മിറ്റിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് സമരസമിതി സമരപരിപാടികള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചു. ഞങ്ങളും ഇതില്‍ ആശ്വസിച്ചു. എന്നാല്‍ കമ്മിറ്റിയെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഫലത്തില്‍ കമ്മിറ്റിയെത്തന്നെ അപ്രസക്തമാക്കുന്ന ഒരു നിലപാടാണിത്. ജനാധിപത്യത്തിന്‍റേയും സുജനമര്യാദകളുടേയും ലംഘനമാണിത്. സ്വതന്ത്രമായ ഒരു നിലപാട് സ്വീകരിക്കാന്‍ കമ്മിറ്റിയെ അശക്തമാക്കുന്ന ഒരു കാര്യവുമാണിത്. എങ്കിലും ഈ കമ്മിറ്റി അതിന്‍റെ സ്വതന്ത്രവും ധാര്‍മ്മികവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ജനങ്ങളുടെ ആശങ്കകളും പാരിസ്ഥിതികമായ ഘടകങ്ങളും കണക്കിലെടുത്ത് പദ്ധതിയുടെ ഭാഗമായ എല്‍.പി.ജി. സംഭരണി നിര്‍മ്മാണവുമായി മുന്നോട്ടുപോകരുതെന്ന് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു. സംഭരണിയുടെ നിര്‍മ്മാണത്തിന്‍റെ പ്രാരംഭഘട്ടത്തിലാണ് നാം ഇപ്പോള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വൈപ്പിന്‍ കരയുടെ തെക്കുഭാഗത്ത് നിര്‍മ്മിക്കുന്ന ടെര്‍മിനലിന്‍റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. മള്‍ട്ടി യൂട്ടിലിറ്റി ലിക്വിഡ് ടെര്‍മിനല്‍ (മള്‍ട്) എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി ആറു വാള്‍വുകളും സ്ഥാപിച്ചിട്ടുണ്ട്. കപ്പലുകളില്‍ നിന്ന് ഇന്ധനം ഇതിലൂടെ സ്വീകരിച്ച് കുഴലുകളിലൂടെ വിവിധ പദ്ധതികളിലേക്കെത്തിക്കുന്ന സംവിധാനമാണിത്. ഇവിടെ സ്വീകരിക്കുന്ന എല്‍.പി.ജി. അടക്കമുള്ള ഇന്ധനങ്ങള്‍ ബൂസ്റ്റര്‍ പമ്പുകളിലൂടെ കൊച്ചി റിഫൈനറിയിലോ ഉദയംപേരൂരിലോ ഉള്ള സംഭരണികളിലേക്കെത്തിക്കാനുമാകും. ഇതുവഴി കണ്ടല്‍ വനങ്ങളുടെ നശീകരണത്തിന് ഒരു പരിധി വരെ പരിഹാരവുമാകും. കൊച്ചി റിഫൈനറിയാകട്ടെ അതിന്‍റെ സംഭരണശേഷി പതിന്മടങ്ങാക്കുന്ന പ്രക്രിയയുമായി മുന്നോട്ടുപോവുകയാണ്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കു മതിയാകുന്നത്രയും
എല്‍.പി.ജി. ഇവിടെ നിന്നും ഉണ്ടാക്കാനാവും. റിഫൈനറിയില്‍ നിന്നും വാതകം കുഴല്‍ വഴി കോയമ്പത്തൂരിലേക്കും സേലത്തേക്കും കൊണ്ടുപോകുന്നതിന് ഗൗതം അദാനിയുമായി ചേര്‍ന്ന് ഒരു കമ്പനിയും രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കില്‍ പിന്നെ പുതുവൈപ്പ് സംഭരണിയുടെ ആവശ്യകതയെന്താണ് .....??
ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി. പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും പലപ്പോഴും അവാസ്തവവുമാണ്. കേരളത്തിന് ഇന്ന് എല്‍.പി.ജി. ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അത് മംഗലാപുരത്ത് നിന്നും നൂറ് ബുള്ളറ്റ് ടാങ്കുകളില്‍ റോഡിലൂടെ കൊണ്ടുവരികയുമാണ്. ഇത് പല റോഡപകടങ്ങള്‍ക്കും സുരക്ഷാപ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്നുവെന്നും കമ്പനി പറയുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതുവൈപ്പ് സംഭരണിയില്‍ നിന്നും പൈപ്പിലൂടെ വാതകം തമിഴ്നാട്ടിലെ സേലത്തേക്കെത്തിക്കുന്നതെന്നതാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഐ.ഒ.സി.യുടെ ഒരു പ്രൊജക്ട് റിപ്പോര്‍ട്ടിലും ഈ കുഴല്‍ പദ്ധതിയില്ല. കമ്പനിയുടെ ആദ്യ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ പ്ലാന്‍റില്‍ നിന്നും 125 ബുള്ളറ്റ് ടാങ്കര്‍ വണ്ടികളിലൂടെ വാതകം കൊണ്ടുപോകുന്നതായാണ് പരാമര്‍ശം. പിന്നീടുള്ള റിപ്പോര്‍ട്ടില്‍ അത് 250 ആക്കി വര്‍ദ്ധിപ്പിച്ചു. ഏറ്റവുമെടുവിലത് 500 വാഹനങ്ങളാണ്. മംഗലാപുരത്ത് നിന്നും വരുന്ന 100 വാഹനങ്ങളുടെ തിരക്കും അപകടവും ഒഴിവാക്കാന്‍ വൈപ്പിനിലെ ഇടുങ്ങിയ റോഡിലൂടെ 500 വാഹനങ്ങളെന്ന യുക്തി വിചിത്രമാണ് !!
ഇത്തരത്തിലുള്ള സംഭരണികള്‍ ജനവാസകേന്ദ്രത്തില്‍ നിന്നും കിലോമീറ്ററുകള്‍ക്ക് അകലെയാണ് പൊതുവില്‍ സ്ഥാപിക്കപ്പെടാറ്. ഇവിടെയാകട്ടെ, നൂറ് മീറ്റര്‍ ചുറ്റളവില്‍ തന്നെ നൂറുകണക്കിന് വീടുകളുണ്ട്. ആരാധന സ്ഥാപനങ്ങളടക്കമുള്ള പൊതുസ്ഥാപനങ്ങളുമുണ്ട്. അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ വളരെ താഴ്ന്ന മര്‍ദ്ദമുള്ള എല്‍.എന്‍.ജി.യേയും പ്രകൃതി വാതകങ്ങളേയും അപേക്ഷിച്ച് അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ രണ്ട് മടങ്ങുള്ള എല്‍.പി.ജി.യുടെ അപകടം ഗൗരവമുള്ളതാണ്. നേരേ മുകളിലേക്കല്ല ഒറ്റയടിയ്ക്ക് വാതകം പോവുക. മറിച്ച് ഭൂമിയിലേക്ക് പരക്കുകയാണ്. ലോറികളില്‍ നിറയ്ക്കുമ്പോഴുള്ള ലീക്കുകള്‍ക്കും ഇത് ബാധകമാണ്. കടല്‍ തീരത്താണ് നിര്‍മ്മിക്കുന്നതെന്നതിനാല്‍ കാറ്റ് എപ്പോഴും കിഴക്കോട്ട് ജനവാസകേന്ദ്രത്തിലേക്കായിരിക്കും എന്നതും പ്രശ്നമാണ്. സുരക്ഷയെ സംബന്ധിച്ച് കമ്പനി എത്ര ഉറപ്പുനല്‍കിയാലും ജനങ്ങള്‍ ഇത് വിശ്വസിക്കാത്തതിന്‍റെ കാരണവും ഇതാണ്. അതീവ സുരക്ഷയോടെ നിര്‍മ്മിച്ച ജയ്പൂര്‍ അടക്കമുള്ള പ്ലാന്‍റുകളില്‍ സമീപകാലത്തുണ്ടായ പൊട്ടിത്തെറികളും അപകടങ്ങളും ജനങ്ങളുടെ ആശങ്കയെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

വൈപ്പിന്‍റെ പാരിസ്ഥിതിക ചരിത്രം

കടലിനും കായലിനുമിടയില്‍ കിടക്കുന്ന ഒരു നേര്‍ത്ത, ലോലമായ ഭൂമേഖലയാണ് വൈപ്പിന്‍. 1341-ലെ വെള്ളപ്പൊക്കത്തിന്‍റേയും പ്രകൃതിക്ഷോഭത്തിന്‍റേയും പശ്ചാത്തലത്തിലാണ് ഈ കരയുടെ ഭൂരിപക്ഷം സ്ഥലങ്ങളും രൂപം കൊള്ളുന്നത്. പുതുവയ്പാകട്ടെ തുടര്‍ന്ന് കടല്‍ പുതുതായി വെച്ച സ്ഥലവുമാണ്. ഘനം കൂടിയ ഉറച്ച മണലിനേക്കാള്‍ പൊടിമണലുംചെളിയും ജൈവ അവശിഷ്ടങ്ങളും ചേര്‍ന്നതാണ് ഇവിടുത്തെ മണലിന്‍റെ ഘടന. പൊതുവായി കടല്‍ വെയ്ക്കുമ്പോള്‍ തന്നെ പലപ്പോഴും കടലാക്രമണത്തിന്‍റേതും കടലെടുപ്പിന്‍റേതുമായ അനുഭവവും ഇവിടെയുണ്ട്. നാനൂറുവര്‍ഷമുമ്പ് കേരളതീരത്തിന്‍റെ ആദ്യത്തെ ഭൂപടം വരച്ചത് ഡച്ചുകാരായ ജാന്‍
തിന്നും, എച്ച്.ജി.ഫാറന്‍റുമാണ്. അന്നു കാണുന്ന കൊച്ചി തീരത്തിന്‍റെ പലഭാഗങ്ങളും ഇപ്പോള്‍ കടലെടുത്തുപോയിരിക്കുന്നു. പുതുവൈപ്പിന്‍റെ പടിഞ്ഞാറ് വശത്ത് സ്ഥാപിച്ചിരുന്ന അതിശയക്കുരിശുപള്ളി (ക്രൂസ് - ഡി. മിലാഗ്രെസ്) എന്ന് ഡച്ചുകാര്‍ ഇതിനെ വിളിച്ചു) കടലാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്നുപോയി. വൈപ്പിന്‍റെ കിഴക്കുഭാഗത്താണ് ഇപ്പോള്‍ പള്ളി പുനഃസ്ഥാപിച്ചിരിക്കുന്നത്. 1986-ല്‍ ഇറിഗേഷന്‍ വകുപ്പ് കേരളത്തിലെ കടലാക്രമണ പ്രവണത കൂടിയ 21 സ്ഥലങ്ങള്‍ നിശ്ചയിച്ചതിലോന്ന് പുതുവൈപ്പാണ്. 2004 ലെ സുനാമിത്തിരമാലകള്‍ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തിയ പ്രദേശങ്ങളിലൊന്നും പുതുവൈപ്പാണ്. കണ്ടല്‍ക്കാടുകളുടെ നിറസാന്നിദ്ധ്യം മൂലമാണ് കൂടുതല്‍ അപകടങ്ങളൊഴിഞ്ഞത്.
സമീപകാലത്ത് കടല്‍ പ്രതിവര്‍ഷം മൂന്നുമീറ്റര്‍ എന്ന തോതില്‍ കരയിലേക്ക് കയറി വരികയാണ്. നേരത്തെ പണികഴിപ്പിച്ച എല്‍.എന്‍.ജി. പദ്ധതിയുടെ മതിലുകള്‍ക്ക് മുഴുവന്‍ വിള്ളല്‍ വന്നുകഴിഞ്ഞു. ഐ.ഒ.സി. പ്ലാന്‍റിന്‍റെ മതില്‍ കടലാക്രമണത്തില്‍ തകര്‍ന്നു കഴിഞ്ഞിരിക്കുകയുമാണ്. കമ്പനി നടത്തുന്ന അശാസ്ത്രീയമായ നിര്‍മ്മാണവും ഇതിലൊരു പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി കപ്പല്‍ച്ചാലിന്‍റെ ആഴം പത്ത് മീറ്ററില്‍ നിന്നും 16 മീറ്ററാക്കി വര്‍ദ്ധിപ്പിച്ച മേജര്‍ ഡ്രഡ്ജിംഗിന്‍റെ പ്രത്യാഘാതം ഇനിയും വരാനിരിക്കുന്നതേയുള്ളു.
കേരളത്തില്‍ ചാകര പ്രത്യക്ഷപ്പെടുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ പത്ത് വര്‍ഷമായി ചാകര പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.
കായലിലെ ജൈവഘടകങ്ങള്‍ കരയുടെ അടിയിലൂടെ ഊറലുകളായി കടലിലെത്തുമ്പോഴാണ് ചാകര പ്രത്യക്ഷപ്പെടുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതുകൊണ്ട് ഭൂമിക്കടിയിലെ പ്ലാന്‍റ് നിര്‍മ്മാണമടക്കമുള്ള നിര്‍മ്മിതികള്‍ ഇത്തരം പ്രദേശങ്ങളില്‍ അനുവദിക്കാവുന്നതല്ല. പുതുവൈപ്പ് പ്ലാന്‍റിന്‍റെ സിംഹഭാഗവും ഭൂമിക്കടിയിലാണ് എന്നത് ഗൗരവമുള്ളതാണ്.
കടലില്‍ നിന്നും 200 മീറ്ററകലെയാണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നതെന്നാണ് കമ്പനിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് പറയുന്നത്. ഇതിനുള്ള അനുമതിയാണ് തീരദേശ അതോറിറ്റി അവര്‍ക്ക് നല്‍കിയിട്ടുള്ളതും. എന്നാല്‍ തീരവുമായി മുപ്പതുമീറ്റര്‍ അകലം പോലും ഇപ്പോള്‍ പ്ലാന്‍റിനില്ല. സമീപഭാവിയില്‍ പ്ലാന്‍റ് തന്നെ കടലെടുത്ത് പോകാവുന്നതാണ്. ഏത് കണ്ണുപൊട്ടനും മനസ്സിലാകാവുന്ന ഇക്കാര്യം കമ്പനി മാത്രം അംഗീകരിക്കുന്നില്ല.

പുതുവൈപ്പിന്‍റെ പാരിസ്ഥിതിക പ്രാധാന്യം

പുതുവൈപ്പ് പ്രദേശം തീരദേശ പരിപാലന നിയമപ്രകാരം 3-ാം സോണ്‍ എന്ന ഗ്രാമമേഖല....... പുതുക്കുന്ന നിയമപ്രകാരം നാലാം മേഖലയില്‍ പെട്ടേക്കാം. എന്നാല്‍ പദ്ധതി പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യവും, ചരിത്രപ്രാധാന്യവും സൗന്ദര്യവും പാരിസ്ഥിതികമായ ഘടനയും മത്സ്യങ്ങളുടെ പ്രചനനകേന്ദ്രം എന്ന പ്രാധാന്യവും കണക്കിലെടുത്താല്‍ ഒന്നാം മേഖലയില്‍ പെടുത്തേണ്ട പ്രദേശമാണിത്. കണ്ണൂര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ അവശേഷിക്കുന്ന ഒരു കണ്ടല്‍ വനമേഖലയാണിത്. വേമ്പനാട് കായലും അഭേദ്യമായി ബന്ധപ്പെട്ട പ്രദേശം എന്ന നിലയില്‍ തീരദേശനിയമത്തില്‍ പ്രത്യേക പരിരക്ഷ നല്‍കിയതുമായ പ്രദേശം. ഏഷ്യയിലെ ഏറ്റവും ഉല്പാദനക്ഷമതയുള്ള ഈ ജനികത കലവറ നൂറ്റി ഇരുപത്തഞ്ചോളം മത്സ്യങ്ങളുടെ ആവാസകേന്ദ്രമാണ്. ഇതില്‍ എഴുപത്തിയഞ്ച് ഇനവും കടലുമായി ബന്ധപ്പെട്ടു
ജീവിതചക്രം പൂര്‍ത്തീകരിക്കുന്നവയാണ്. കേരളത്തിലെ പത്ത് ലക്ഷം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ആധാരമായി വര്‍ത്തിക്കുന്ന പ്രധാന ഉല്‍പ്പാദന കേന്ദ്രവുമാണിത് ഒരു ഹെക്ടര്‍ കായല്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന സമ്പത്ത് 23 ലക്ഷം രൂപ വരും. ഒരു ഹെക്ടര്‍ കണ്ടല്‍വനം  പ്രതിവര്‍ഷം മൂന്നുകോടി രൂപയുടെ സാമൂഹിക സമ്പത്ത് ഉല്പാദിപ്പിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മതിപ്പ് കണക്ക്. ഈ സമ്പത്തിനെ പടിപടിയായി ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് പോര്‍ട് ട്രസ്റ്റും  വികസനത്തെ ഏകമുഖമായി കാണുന്നവരും ചെയ്തുകൊണ്ടിരിക്കുന്നതും.
കൊച്ചി തുറമുഖം എന്ന അഭിനവ പരശുരാമന്‍
വേമ്പനാട് കായലിന്‍റെ വിസ്തൃതി കഴിഞ്ഞ അരനൂറ്റാണ്ട് കൊണ്ട് മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ് കായല്‍ പൂര്‍ണ്ണമായും നികന്നു പോകുന്ന അവസ്ഥയുമുണ്ട്. ഇതിലെ പ്രധാന പ്രതി കൊച്ചി തുറമുഖമാണ്. വിശാലമായ കായല്‍പരപ്പിനെ നികത്തി തുറമുഖ ഇതര പ്രവര്‍ത്തനങ്ങള്‍ക്കുവരെ വിറ്റഴിക്കുന്ന നടപടികള്‍ അനുസ്യുതം തുടരുകയുമാണ്. 1920 കളില്‍ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട് 364 ഹെക്ടറും, 1981-85ല്‍ ബി.ഒ.ടി.പാലം മുതല്‍ തേവര വരെ 141 ഹെക്ടറും, 1979-ല്‍ 10.75 ഹെക്ടര്‍ ഫിഷിംഗ് ഹാര്‍ബറിനും 1981-85 ല്‍ 141.5 ഹെക്ടര്‍ വല്ലാര്‍പാടത്തിനും 1981-85 ഫോര്‍ഷോര്‍ റോഡിന് 24 ഹെക്ടറും, 1994ല്‍ ഗോശ്രീക്ക് 25 ഹെക്ടറും, പിന്നെ സൂപ്പര്‍ ടാങ്കര്‍ ബര്‍ത്തിനും.......... ഇങ്ങനെ പോകുന്നു തുറമുഖ വികസന നികത്തല്‍ മഹോത്സവം. ഏറ്റവുമൊടുവില്‍ ബോള്‍ഗാട്ടിയില്‍ ഇരുപത് ഹെക്ടര്‍ നികത്തി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന് കൈമാറിയതില്‍ യാതൊരു നീതികരണവുമില്ല. പായ്ക്കപ്പലുകള്‍ക്ക് വേണ്ടി നികത്തുന്ന മരീന പദ്ധതി എന്ന് പ്രഖ്യാപിച്ച സ്ഥലമാണ് തുറമുഖ ഇതര ആവശ്യത്തിനായി കൈമാറിയത്. ഇത് നിയമ വിരുദ്ധമാണെന്ന് ഈ കമ്മീഷനിലെ അംഗങ്ങള്‍ തന്നെ തെളിവെടുപ്പിലൂടെ ബോധ്യപ്പെട്ടതാണല്ലോ. കായല്‍മുഖം നികത്തിയതിനെത്തുടര്‍ന്ന് പനമ്പുകാടും, വല്ലാര്‍പാടത്തുമുള്ള വീടുകളില്‍ വരെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

വികസനത്തിന്‍റെ മനുഷ്യത്വ വിരുദ്ധമുഖം

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഇതിന് ഇരകളായ തൊഴിലാളികളോടും പരിസരവാസികളോടും നടത്തിയ ക്രൂരമായ വാഗ്ദാനലംഘനങ്ങളുടെ തുടര്‍ക്കഥയാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് പറയാനുള്ളത്. റിഫൈനറിയുടെ രണ്ട് ടാങ്കുകള്‍ പുതുവൈപ്പില്‍ പണിതപ്പോള്‍ അതിനു വടക്കുവശത്ത് മത്സ്യതൊഴിലാളികള്‍ക്കായി ഒരു ലാന്‍റിംഗ് സെന്‍റര്‍ പണിതു നല്‍കുമെന്ന ഉറപ്പ് തുറമുഖ ട്രസ്റ്റ് നല്‍കി. അതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കപ്പെട്ടത് ജലത്തില്‍ വരച്ച വരപോലെയായി. ഇതിനായി നീക്കിവെച്ച സ്ഥലത്താണ് ഇപ്പോള്‍ ഐഒസി പ്രൊജക്ട് വരുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴില്‍രഹിതരായ കക്കവാരല്‍ തൊഴിലാളികളുടെ മുരുക്കുംപാടം സൊസൈറ്റിക്ക് അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്കാന്‍ തീരുമാനിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും നല്‍കിയിട്ടില്ല. കാളമുക്കില്‍ ഒരു ഹാര്‍ബറിന് ആവശ്യമായ ഡ്രഡ്ജിംഗ് നടത്തിത്തരുമെന്നും ഹാര്‍ബറിനാവശ്യമായ സാങ്കേതികസഹായം നല്‍കുമെന്നും തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കുശേഷം ഞ്ഞങ്ങള്‍ക്കു നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് പറിച്ചു നീക്കപ്പെട്ട മൂന്നൂറ്റി ഇരുപത്തേഴ് ഊന്നിക്കുറ്റികളുടെയും ചീനവലകളുടേയും
തൊഴില്‍ നഷ്ടപ്പെട്ട വഞ്ചികളുടെയും ഉടമകള്‍ക്ക് നക്കാപ്പിച്ച നഷ്ടപരിഹാരമായി 97 ലക്ഷം രൂപ 2009-ല്‍ തീരുമാനിച്ചിട്ട് ഒരു രൂപ പോലും ഇനിയും നല്‍കിയിട്ടില്ല. രണ്ട് മാസം മുമ്പ് ഫിഷറീസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു ഊന്നിക്ക് മൂവ്വായിരവും അയ്യായിരവും നഷ്ടപരിഹാരം നല്‍കുമെന്ന അപമാനകരമായ പ്രഖ്യാപനമാണുണ്ടായത്. ഒരു ഊന്നിവല പറിച്ചു നീക്കുമ്പോള്‍ രണ്ടരലക്ഷം രൂപ സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്ന സ്ഥാനത്താണിത്.
ഇപ്പോഴത്തെ ഐ.ഒ.സി. പ്ലാന്‍റിന്‍റെ ഭാഗമായി കായലരികത്ത് ടെര്‍മിനലിന്‍റെ പണി പൂര്‍ത്തിയായി വരുന്നു. ഇതിനു പരിസരത്തായി ഉള്ള തെക്കേ കടവില്‍ 1975 മുതല്‍ തൊഴിലാളികള്‍ വഞ്ചി അടുപ്പിക്കുകയാണ്. അങ്ങോട്ടുള്ള പ്രവേശനം സി.ഐ.എസ്.എഫിനെ ഉപയോഗിച്ചു തടഞ്ഞപ്പോള്‍ ഞങ്ങള്‍ ശക്തമായി പ്രക്ഷോഭം നടത്തി. തുടര്‍ന്ന് വഞ്ചി അടുപ്പിക്കാന്‍ പറ്റാത്ത ഒരു തോട്ടില്‍ കടവ് നിര്‍മ്മിച്ചു നല്‍കാമെന്നാണ് വാഗ്ദാനം. വികസനപദ്ധതികളുമായി ബന്ധപ്പെട്ട് കൊച്ചി അഴി മുതല്‍ തേവരപ്പാലം വരെ ഏഴുകിലോമീറ്റര്‍ ഭാഗത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികള്‍ തൊഴിലെടുക്കുന്ന ഇടത്തില്‍ നിന്നും അവരെ ആട്ടിയോടിക്കുകയാണ്. നിരോധനം നിലവിലില്ലാത്ത സ്ഥലത്ത് മത്സ്യം പിടിക്കുന്നവരുടെ തല തല്ലിപ്പൊളിക്കുന്ന മൃഗയാവിനോദമാണ് സി.ഐ.എസ്.എഫ്. ഗുണ്ടകള്‍ നടത്തുന്നത്. ഈ നടപടികള്‍ക്കെതിരെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ അണിനിരത്തി മനുഷ്യക്കടല്‍ സമരം നടത്തിയിട്ടും പരിദേവനങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ പൊതുവേ വികസനത്തിനെതിരല്ല. പക്ഷേ ഇതുവരെയും നടപ്പാക്കപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട് ക്രൂരമായ വഞ്ചനയുടേയും അവഗണനയുടേയും തിക്താനുഭവമാണ് അവര്‍ക്കു മുന്നിലുള്ളത്. ഇത് ഇന്ത്യയില്‍ മുഴുവന്‍ കാണുന്ന ഒരു പ്രതിഭാസമാണ്.   ഈ   സാഹചര്യത്തില്‍,   സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. എ. അയ്യപ്പന്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകളിലൊന്ന് തീരപ്രദേശത്തു പ്രത്യേക സാമ്പത്തിക മേഖലകളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നതാണ്. കമ്മിറ്റി ഇതും പരിഗണിക്കണം. വിവേചനരഹിതമായി കൊച്ചി തുറമുഖം നടത്തുന്ന നികത്തലുകള്‍ക്കും വൈപ്പിനിലെ തീരപ്രദേശങ്ങളെ കൈയ്യടക്കാനുള്ള നടപടികള്‍ക്കും വിരാമമുണ്ടാക്കണം.

ശരിയായ ഒരു ഊര്‍ജ്ജനയത്തിന്‍റെ ആവശ്യകത

ശരിയായ ഒരു ഊര്‍ജ്ജനയത്തിനുവേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ ഏറെ വിലകൊടുക്കേണ്ടി വന്ന ഒരു പ്രസ്ഥാനമാണ് ഇന്ത്യയിലെ ഇടതുപക്ഷം. ഊര്‍ജ്ജരംഗത്ത് പരാശ്രിതത്വം ഉറപ്പുവരുത്തുകയും ഏതാനും കുത്തകകളെ മാത്രം സഹായിക്കുകയും ചെയ്യുന്ന ഇന്തോ-അമേരിക്കന്‍ ആണവ കരാറിന്‍റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ആര്‍ജ്ജവം കാണിച്ചവരാണ് നാം. പെട്രോളിയം മേഖലയില്‍ ദേശസാല്‍ക്കരണത്തിന്‍റെ പ്രാധാന്യം  അടിക്കടിയുണ്ടാകുന്ന പെട്രോള്‍ - ഡീസല്‍ വിലക്കയറ്റം നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്. എല്‍.പി.ജിക്ക്  പകരം താരതമ്യേനെ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ പൈപ്ഡ് നാച്ചുറല്‍ ഗ്യാസിന്‍റെ സാധ്യതയാണ് നാം പരിഗണിക്കേണ്ടത്. ഇറാന്‍ - പാക്കിസ്ഥാന്‍ - ഇന്ത്യ പൈപ്പ് ലൈന്‍ (ഐപിഐ) പദ്ധതിയുടേയും തുര്‍ക്ക് മെനിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ - പാക്കിസ്ഥാന്‍ - ഇന്ത്യ (ടിഎപിഐ) പ്രകൃതി വാതക പൈപ്പ് ലൈന്‍റെയും പ്രാധാന്യം ഇവിടെയാണ്. കേന്ദ്ര
സര്‍ക്കാര്‍ പ്രഖ്യാപിച്ച 2017 ലെ ഊര്‍ജ്ജനയത്തിലും ഇതിന്‍റെ പരാമര്‍ശമുണ്ട്. അമേരിക്കയിലടക്കമുള്ള പെട്രോളിയം കുത്തക കമ്പനികളുടെയും ഇന്ത്യന്‍ കുത്തകകളുടെയും താല്പര്യങ്ങള്‍ക്കുവേണ്ടി ഈ പദ്ധതിയെ അട്ടിമറിക്കുകയും ചെലവേറിയ എല്‍.പി.ജി. പദ്ധതികള്‍ ശരവേഗത്തില്‍ നടപ്പാക്കുകയാണ്.  കൊച്ചിന്‍ റിഫൈനറി. കോയമ്പത്തൂര്‍ - സേലം പൈപ്പ് കുഴല്‍ പദ്ധതിയില്‍ പ്രധാന പങ്കാളി ഗൗതം അദാനിയാണ്. പെട്രോളിയം മേഖലയെ കീഴടക്കുന്ന പ്രധാനമന്ത്രിയുടെ മാനസതോഴനായ ഗൗതം അദാനിയുടെ താല്പര്യം പുതുവൈപ്പ് പദ്ധതിയിലും പ്രകടമാണ്.
ഇന്ന് പുതുവൈപ്പിനിലെ ജനങ്ങളുടെ തലയില്‍ വീഴുന്ന ലാത്തികള്‍ ഗൗതം അദാനിയുടേതാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. സമീപത്തെ എല്‍.എന്‍.ജി. ടെര്‍മിനലുമായി ചേര്‍ന്ന് അദാനി നടപ്പാക്കുന്ന കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് അനാവശ്യമായ ഇളവുകള്‍ നല്‍കുക വഴി തങ്ങള്‍ ആരുടേയൊപ്പമാണെന്ന സന്ദേശം കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ താല്പര്യമെന്ന് വരുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് ദുര്‍ബ്ബലപ്പെടുത്തുന്നതെന്നും നാം മനസ്സിലാക്കണം.
ഈ അനുഭവങ്ങളുടേയും സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ പദ്ധതിയെ സംബന്ധിച്ച് പുനര്‍ വിചിന്തനം നടത്തണമെന്നും മറ്റു ബദലുകളെ സംബന്ധിച്ച് ഗൗരവമായി പരിശോധിക്കേണ്ടതുമുണ്ടെന്നും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു. ജനങ്ങളുടെ ഇച്ഛയ്ക്കെതിരായും അവരുടെ താല്പര്യങ്ങള്‍ക്കെതിരായും സുരക്ഷയെ സംബന്ധിച്ച അവരുടെ ആശങ്കകള്‍ പരിഗണിക്കാതെയും മുകളില്‍ നിന്നും അടിച്ചേല്‍പിക്കുന്ന പദ്ധതികളുടെ ഒരു ദുരന്തമാണിവിടെ സംഭവിക്കുന്നത്. പോസ്കോ പദ്ധതിയുടെ ഭാഗമായും ഒറീസ്സയിലും ഛത്തീഡ്ഗഡിലെ ദന്തേവാഡയിലും തദ്ദേശീയ ജനവിഭാഗങ്ങളെ അവരുടെ വാസസ്ഥലത്തു നിന്നും തല്ലിഓടിച്ച് കുത്തകകള്‍ക്ക് പദ്ധതികള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവിടുത്തെ പ്രക്ഷോഭം മുന്നോട്ടു വയ്ക്കുന്ന സന്ദശം സര്‍ക്കാര്‍ കണക്കിലെടുക്കണം.  ഞങ്ങള്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം തരും. എന്നാല്‍ ഞങ്ങള്‍ക്കതുവേണ്ട എന്ന് ജനം തീരുമാനിച്ചാല്‍ ബലം പ്രയോഗിച്ച് അത് അടിച്ചേല്പിക്കുന്നത് ജനാധിപത്യമല്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.

                              ചാള്‍സ് ജോര്‍ജ്ജ്
കൊച്ചി     സംസ്ഥാന പ്രസിഡന്‍റ്
06.10.2017 കേരള മത്സ്യതൊഴിലാളി ഐക്യവേദി (TUCI)