ഫാഷിസത്തെപ്പറ്റിയുള്ള മാർക്സിസ്റ്റ് വിശകലനം സാമ്പത്തിക അടിത്തറയിൽ നിന്നു കൊണ്ട് ആയിരിക്കണം.
സാമ്രാജ്യത്വ പ്രതിസന്ധിയും കുത്തക മുതലാളിത്ത ശക്തികൾക്കിടയിലെ പേപിടിച്ച കഴുത്തറപ്പൻ മത്സരവും ആണ് ഫാഷിസത്തിന്റെ ഉത്ഭവ കാരണം.
1929 ലെ സാമ്രാജ്യത്വപ്രതിസന്ധി ഒരുപതിറ്റാണ്ടുകാലം വിവിധ രാജ്യങ്ങളിൽ മൂർച്ഛിച്ചു.
* യൂറോപ്പിലും അമേരിക്കയിലും 1929 ലെ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ പ്രാപ്തമായ സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ ബദൽ* ഫലപ്രദമായി മുന്നോട്ടുവയ്ക്കാനും ശരിയായ അടവുകളിലൂടെ അതിന് പിന്തുണയാർജ്ജിച്ചെടുക്കാനും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല..
ഈ ദൗർബല്യം മുതലാളിത്തത്തിനകത്തെ അഗ്രസീവ് ആയ വിഭാഗം ഉപയോഗപ്പെടുത്തി.
അങ്ങിനെയാണ് ഇറ്റലിയിലെ ഫാഷിസ്റ്റ് പാർട്ടിയുടേയും ജർമ്മനിയിലെ നാസി (നാഷണൽ സോഷ്യലിസ്റ്റ് ) പാർട്ടിയുടേയും ഉദയമുണ്ടാകുന്നത്.
ഇങ്ങിനെ പരിശോധിക്കാൻ ഇന്നും സാധിക്കും; നമ്മുടെ വർത്തമാന ലോക സാഹചര്യത്തേയും വിവിധ രാജ്യങ്ങളിലേയും ഇന്ത്യയിലേയും സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധി എത്ര രൂക്ഷമാണ് എന്ന പരിശോധനയിൽ നിന്നാണ് തുടങ്ങേണ്ടത്.
കാരണം,
അത്തരത്തിൽ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുമ്പോഴാണ് ഭരണ വർഗ്ഗത്തിനും അതിന്റെ രാഷ്ട്രീയ പാർട്ടികൾക്കും നിറം മാറ്റമുണ്ടാവുന്നത്; അവയുടെ ഗുണവും മണവും മാറുന്നത്.
ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഇന്ത്യയിലും ഫാഷിസ്റ്റ് അപായം നല്ലവണ്ണം ഉണ്ട്.
ഫാഷിസം വന്നു എന്ന് ആരും പറഞ്ഞിട്ടില്ല; പറയുന്നുമില്ല. ഫാഷിസ്റ്റ് അപായം ഉണ്ടോ എന്നതാണ് വിഷയം.
ഞാൻ കാണുന്നത് ഇതാണ്:
ആഗോളമായി ഫിനാൻസ് മൂലധന പ്രതിസന്ധി മൂർച്ഛിക്കുകയാണ്; മൂർച്ഛിച്ചു കൊണ്ടേയിരിക്കുകയാണ്. 2008 ൽ നിന്ന് വ്യത്യസ്ഥമായി നമ്മുടെ രാജ്യത്ത് ഇന്ന് ആഗോള പ്രതിസന്ധിയുടെ ഒപ്പം തന്നെ കാർഷിക- വ്യാവസായിക പ്രതിസന്ധി മൂർച്ഛിക്കുകയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും മുൻപ് കാണാത്തത്ര രൂക്ഷമാകുകയാണ്.
ഈ ഡെഡ്ലി കോമ്പിനേഷൻ ആണ് ഫാഷിസ്റ്റ് അപായത്തിന്റെ ഹോട്ട് ബെഡ്.
ഇതിനെതിരെ തൊഴിലാളി വർഗ്ഗം മുഖ്യമായും കർഷകരെയും ഇതര മർദ്ദിതരെയും ഐക്യപ്പെടുത്തി പോരാടണം. അത്തരത്തിൽ സ്പഷ്ടമായ ഒരു സമര ശക്തിയാകുന്ന അവസ്ഥയിൽ മാത്രമേ എന്തു തരം അടവും ഐക്യമുന്നണിയും സാധ്യമാകുകയുള്ളൂ.
പിന്നെ, ജി.എസ്.ടി, സർജിക്കൽ സ്ട്രൈക്ക് എന്നിവയുടെ കൂടെ മെയ്ക്ക് ഇൻ ഇന്ത്യയും 2013 ലെ ലാന്റ് അക്വിസിഷൻ നിയമവും കിഫ് ബി യും കൂടി ചേർത്ത് വായിച്ചാൽ 'ഫാഷിസ്റ്റ് അപായം ഇല്ല' എന്ന് പറയുന്നവർ തന്നെയാണ് ഇതിനൊക്കെ വേണ്ടി അഡ് വൊക്കേറ്റ് ചെയ്യുന്നത് എന്ന് കാണാനാകും.
'ചുരുക്കത്തിൽ, ഫാഷിസ്റ്റ് അപായമൊന്നുമില്ല;' ചെറിയ ചില 'അഥോറിട്ടേറിയൻ ട്രെൻറ് മാത്രം' എന്നതിനാണ് 'വികസനത്തിന് രാഷ്ട്രീയ (ഭേദ)മില്ല' എന്നതിന്റെ കൂടെ നിൽക്കാൻ താത്പര്യം കാണുന്നത്.