ലോഹം ചുട്ടുപഴുക്കുമ്പോള്‍ ചുറ്റികയുടെ നിശിത പ്രയോഗശക്തി അതിനെ പ്രഹരിച്ച് മാറ്റിത്തീര്‍ക്കുക തന്നെ ചെയ്യും
ഫ്രെഡി.കെ.താഴത്ത്-------- 28 ജൂൺ 2014 ന് എഴുതിയ fb പോസ്റ്റ് ആണ് . ഇന്നും വളരെ പ്രസക്തമാണെന്ന് തോന്നുന്നതു കൊണ്ട് റി പോസ്റ്റ് ചെയ്യുന്നു
ഇന്ത്യയില്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയ നടപടികള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍ . അതിന്റെ ഭാഗമാണ് മോഡി രാജ്യത്തിനകത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വ്യവസായത്തിനും വിവര വ്യവസായം അഥവാ നോളെജ് ഇന്റസ്ട്രി ക്കും പ്രാധാന്യം നല്‍കുകയും രണ്ടാം ഹരിത വിപ്ലവത്തിനും രണ്ടാം ധവള വിപ്ലവത്തിനും പദ്ധതിയിടുകായും ചെയ്യുന്നത് . ഇതിനോടോപ്പം സ്റ്റേറ്റ് ബാങ്ക് , എല്‍ ഐ സി , എന്നിങ്ങനെയുള്ള രാഷ്ട്രത്തിന്റെ ധനസ്തംഭങ്ങളെ സ്വകാര്യവല്‍ക്കരിക്കുക , റെയില്‍വെ സ്വകാര്യവല്‍ക്കരിക്കുക, പ്രതിരോധ വ്യവസായം സ്വകാര്യവല്‍ക്കരിക്കുക എന്നീ പദ്ധതികള്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടു പോകും എന്നതും വ്യക്തമായിരിക്കുകയാണ് . ഈ സന്ദര്‍ഭത്തില്‍ കാതലായ ഒരു ചോദ്യം ഇടതുപക്ഷ പ്രസ്ഥാനത്തിനു മുന്നില്‍ ഉയര്‍ന്നു വരുന്നുണ്ട് . സാമ്രാജ്യത്വ ആഗോളവല്‍ക്കരണ പരിപാടിക്കെതിരെ ('നവ ഉദാരവല്‍ക്കരണം' എന്ന പദം ഞാന്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നു; അതില്‍ സ്വീകാര്യതയുടെ ഒരു ചതിയന്‍ വായനാസാധ്യത ഒളിഞ്ഞിരിക്കുന്നു എന്ന് ഞാന്‍ സംശയിക്കുന്നു) എത്തരത്തിലാണ് തുടര്‍ന്നു സമരം ചെയ്യാനാവുക? സംസ്ഥാനങ്ങളില്‍ ഭരിക്കുകയും കേന്ദ്ര നയത്തിനെതിരെ സമരം ചെയ്യുകയും ചെയ്യുക എന്ന, 'ഭരണവും സമരവും ' എന്ന അടവ് കൊണ്ട് അത്തരത്തിലുള്ള സമരം നയിക്കാനാവുമോ? പാര്‍ല്യമെന്ററി സമരത്തിനു പ്രാധാന്യം നല്‍കി കൊണ്ട് ആ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ? ഇല്ല എന്നാണു തോന്നുന്നത്.
സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനിടയിലെ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും കര്‍ഷക വര്‍ഗ്ഗത്തെ സമരമുന്നണിയില്‍ നയിക്കാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുകയുമാണ് പ്രധാന കടമ. എന്നാല്‍, ഇടത് പക്ഷ പ്രസ്ഥാനത്തിനകത്ത് ആഗോളവല്‍ക്കരണം തീവ്രത പ്രാപിക്കുന്ന കാര്യം വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ല. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ കൂടുതല്‍ വ്യാപ്തവും ഘനമേറിയതുമായ സമരത്തിനു നേതൃത്വം നല്‍കാന്‍ ഈ ദൌര്‍ബ്ബല്ല്യം തടസ്സം തന്നെയാണ്. 'സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ രാഷ്ട്രീയ വല്‍ക്കരിക്കുക' എന്ന കേന്ദ്രകടമയെ ലാഘവബുദ്ധിയോടെ കാണുന്ന അപായത്തി ലേക്കാണ് ഈ പ്രവണത കൊണ്ടെത്തിക്കുക. മാത്രമല്ല, സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമായി ഉയര്‍ന്ന സമരങ്ങള്‍ ഇല്ലെങ്കില്‍ മോഡി മുന്നോട്ടു വയ്ക്കുന്ന 'വികാസ്' എന്ന മുദ്രാവാക്യത്തിന്റെ പാപ്പരത്തം തുറന്നു കാട്ടാന്‍ ഇടത് പക്ഷ പ്രസ്ഥാനത്തിന് കഴിയാതെ പോവുകയും ചെയ്യും.
'സ്വകാര്യ വല്‍ക്കരണ' മെന്ന പേരില്‍ രാഷ്ട്രസമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതുന്ന നയത്തെ ഇനി നേരിട്ടെതിര്‍ക്കാതെ മറ്റൊരു പോം വഴിയുമില്ല. 'ദേശസാല്‍ക്കരണം' എന്നതാണ് 'സ്വകാര്യ വല്‍ക്കരണ' (കുത്തകമുതലാളിത്തവല്‍ക്കരണ) ത്തിനെതിരായ മുദ്രാവാക്യം. ഉദാഹരണത്തിന് : 'പെട്രോളിയം സെക്ടര്‍ ദേശസാല്‍ക്കരിക്കുക' 'വിദ്യുത് - ഊര്‍ജ മേഖല ദേശസാല്‍ക്കരിക്കുക'. ഇത് തീര്‍ത്തും സംഘടിത ആധുനിക തൊഴിലാളി വര്‍ഗ്ഗത്തിന്റെ കറകളഞ്ഞ മുദ്രാവാക്യമാണ്. ഇത്തരം മുന്നേറ്റങ്ങള്‍ നടത്താന്‍ ആ വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്ന രാഷ്ട്രീയ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി; അതിനു സഹായകമായ രാഷ്ട്രീയ ചേരിതിരിവിനെയാണ് 'ഇടതുപക്ഷ പ്രസ്ഥാനം' എന്ന് ഇന്നത്തെ സാഹചര്യത്തില്‍ വിളിക്കാന്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സാധിക്കുക.
മേല്‍പ്പറഞ്ഞ ദൌത്യം നെഞ്ചേറ്റാന്‍ തയ്യാറാവുന്നിടത്തേക്ക് ഇന്ത്യന്‍ ഇടത് പക്ഷത്തിന് വളരേണ്ടതുണ്ട്. അതിനുള്ള മുഖ്യമായ തടസ്സം ഇടത് പക്ഷ പ്രസ്ഥാനത്തിനകത്തെ വലതു വ്യതിയാനം തന്നെയാണ്. അതാകട്ടെ , 'ടിന' അഥവാ ദേര്‍ ഈസ് നോ ആള്‍ട്ടര്‍നെറ്റിവ് (സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനു ബദലില്ല) എന്ന പരാജയവാദ പ്രത്യയ ശാസ്ത്രത്തിന്റെയോ ; അല്ലെങ്കില്‍, ആ പ്രത്യയ ശാസ്ത്രത്തിന്റെ തന്നെ മയപ്പെടുത്തപ്പെട്ട രൂപമായ 'ടാമ' അഥവാ ദേര്‍ ആര്‍ മെനി ആള്‍ട്ടെര്‍നേറ്റിവ്സ് (സാമ്രാജ്യത്വ ആഗോളവര്‍ക്കരണത്തിനു പല ബദലുകള്‍ ഉണ്ട് ) എന്ന വ്യതിചലന വാദത്തിന്റെയോ പലതരം പ്രകാശനങ്ങള്‍ ആയിട്ടാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവയുടെ പൊതു സ്വഭാവം ചുരുക്കത്തില്‍ ഇതാണ് : വ്യവസായത്തിന്റെയും കൃഷിയുടെയും ദേശസാല്‍ക്കരണത്തെ പരിഹസിക്കുയും 'സോവിയറ്റ് യൂണിയനില്‍ പരീക്ഷിച്ചു പരാജയപ്പെട്ടതല്ലേ?' എന്ന് തിരച്ചു ചോദിക്കുകയും ചെയ്യുക എന്നതാണ് അത്. 'ചിതറിയതും ചെറുകിടയും ആയ ഉടമസ്ഥ രൂപങ്ങളെ സംരക്ഷിക്കുക' 'അതാണ് സാമ്രാജ്യത്വ ആഗോള വല്‍ക്കരണത്തിനെതിരായ ജനകീയ സമരങ്ങളുടെ അടിത്തറയായി വര്‍ത്തിക്കേണ്ടത് ' 'സഹകരണ ഉടമസ്ഥത , ദേശസാല്‍ക്കരണ (പൊതുമേഖലാ ) ഉടമസ്ഥത എന്നിവയെല്ലാം പരാജയപ്പെട്ട സോവിയറ്റ് മാതൃകയാണ് ' എന്നിങ്ങനെയാണ് ഈ വിഭാഗക്കാരുടെ വാദഗതി. ഇത് വളിച്ചു പുളിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് വാദഗതിമാത്രമാണ് . ഇത്തരം ഇന്ററസ്റ്റ് പോക്കറ്റുകള്‍ അഥവാ താത്പ്പര്യ സങ്കേതങ്ങള്‍ ഇന്ത്യയിലെ ഇടത് പക്ഷ പ്രസ്ഥാനത്തിനുള്ളിലെ ബുദ്ധിജീവി കുടീരങ്ങളില്‍ ശക്തമാണ്. അതേസമയം അക്കൂട്ടര്‍ 'അനിവാര്യതയുടെ' പേരില്‍ സാമ്രാജ്യത്വ ആഗോള വല്‍ക്കരണ പദ്ധതിയുമായി 'ഭരണ'കാലങ്ങളില്‍ പച്ചയായ രഞ്ജിപ്പില്‍ എത്തുകയും ചെയ്യും. ആ കാലഘട്ടങ്ങളില്‍ ചെറുകിട ഉടമകളെയോ ചെറിയ കര്‍ഷകരെയോ പ്രതി സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയനടത്തിപ്പിന്റെ ഭാഗമായ സംസ്ഥാനതല പരിഷ്ക്കാരങ്ങള്‍ക്ക് അവര്‍ തടസ്സം നില്‍ക്കുകയുമില്ല !!
ഈ അവസരവാദ പ്രവണതയുടെ വേര് അറുക്കാതെ ഇടത് പക്ഷ പ്രസ്ഥാനത്തിനു മോഡി ഭരണത്തെ മറികടക്കാന്‍ ആവില്ലതന്നെ.
എന്നാല്‍, മേല്‍പറഞ്ഞ വലതു വ്യതിയാനം അനിവാര്യമായും 'മുഖ്യധാരാ' ഇടതു പക്ഷത്തെ പൂര്‍ണമായും കാര്‍ന്നു തിന്നുമെന്നും അങ്ങനെ 'മുഖ്യധാരാ' ഇടതുപക്ഷം സമ്പൂര്‍ണമായി നശിച്ച ശേഷം 'പുതിയ ഇടത് ' അതിന്റെ ഇടം പിടിക്കുമെന്നും ഇടത്പക്ഷ വിഭാഗീയ വാദികളും ഇടതുപക്ഷ തീവ്രവാദികളും കാണുന്നത് ആശയ വാദപരവും ആത്മനിഷ്ഠവും (ചിലരുടെയെല്ലാം കാര്യത്തില്‍ ആഗ്രഹനിഷ്ഠവും ) ആണ്.
കാരണം, സോഷ്യല്‍ ഡെമോക്രാറ്റിക് മുഞ്ഞ വീണു മൊത്തം ഇടതുപക്ഷ പ്രസ്ഥാനം നശിക്കുകയില്ല.
ഒന്നാമതായി , ഇടത് പക്ഷ പ്രസ്ഥാനത്തിനകത്തെ വലതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റ് പോക്കറ്റുകള്‍ക്ക് തീരെ പ്രായോഗിക ഭാവിയില്ല. മോഡി മോഡലുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉപരിവര്‍ഗ്ഗത്തിനോ മദ്ധ്യവര്‍ഗ്ഗത്തിലെ മൂരാച്ചി വിഭാഗങ്ങള്‍ക്കോ വേണ്ടി അവര്‍ക്ക് മോഡിയെക്കാള്‍ മെച്ചപ്പെട്ട ഒന്നും സംഭാവന ചെയ്യാനോ പരികല്‍പ്പനാപരമായി മുന്നോട്ടു വയ്ക്കാനോ ഇല്ല. തൊഴില്‍ നഷ്ടപ്പെടുകയും പിരിച്ചു വിടപ്പെടുകയും ചെയ്യുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇക്കൂട്ടരില്‍ (മേല്‍കൊണ്ട്) കാര്യമായ താത്പര്യം ഉണ്ടാവുകയും ഇല്ല. തൊഴിലാളി വര്‍ഗ്ഗം കര്‍ഷകര്‍ എന്നിങ്ങനെ ഉത്പ്പാദക വര്‍ഗ്ഗങ്ങള്‍ക്കാകട്ടെ അവരില്‍ നിന്ന് ഒന്നും കിട്ടാനുമില്ല.
രണ്ടാമതായി , ആസുരമായി വര്‍ദ്ധിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയനടത്തിപ്പ് ശക്തമായ തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭത്തെയാണ് ക്ഷണിച്ചു വരുത്തുക. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോഡി സര്‍ക്കാര്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. ഇത് വര്‍ഗ്ഗ സംഘര്‍ഷം മുന്‍പെങ്ങും കാണാനാവാത്ത അത്രയ്ക്ക് ശക്തമാക്കുകയും ചെയ്യും. ഈ പര്‍വ്വത്തില്‍ തൊഴിലാളി വര്‍ഗ്ഗ സമരം കര്‍ഷകരുടെ സഹായഹസ്തം തേടുകയും ചെയ്യുമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. ഇത് ഇന്ത്യയിലെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ പ്രക്ഷോഭ ചരിത്രത്തിലെ പുതിയ ഏട് ആയിത്തീരുകയും ചെയ്യും.
ഇന്ത്യയില്‍ മാത്രമല്ല, ലോകമാസകലം സോഷ്യല്‍ ഡെമോക്രസി പ്രതിസന്ധി നേരിടുന്ന കാലമാണ് വരാന്‍ പോകുന്നത്. യൂറോപ്പിലെ രാജ്യങ്ങളില്‍ സാമ്പത്തികപ്രതിസന്ധി ശക്തി പ്രാപിക്കുകയാണ്. പല യൂറോപ്പ്യന്‍ രാജ്യങ്ങളിലും അത് സമ്പദ് ഘടനാ പ്രതിസന്ധിയായി രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയുമാണ് . മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളിലും ജനക്ഷേമ നയം തുടരാന്‍ ബൂര്‍ഷ്വാ വ്യവസ്ഥയില്‍ ഇനി ബുദ്ധിമുട്ടും. ഇത് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെയും സോഷ്യല്‍ ഡെമോക്രാറ്റിക് ഭരണാധികാരികളെയും വിഷമ സന്ധിയിലേക്ക് തള്ളി വിടും. അതിലേറെയായി , 'സോഷ്യല്‍ ഡെമോക്രാറ്റിക് വാദത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കാനായി എന്തുണ്ട് ?' എന്ന ചോദ്യം വികസിത മുതലാളിത്ത രാജ്യങ്ങളില്‍ തന്നെ സംഘടിത ആധുനിക തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനുള്ളില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉയര്‍ത്തുകയും ചെയ്യും.
ചുരുക്കത്തില്‍ , ലോഹം ചുട്ടുപഴുക്കുമ്പോള്‍ ചുറ്റികയുടെ നിശിത പ്രയോഗശക്തി അതിനെ പ്രഹരിച്ച് മാറ്റിത്തീര്‍ക്കുക തന്നെ ചെയ്യും.