ഇന്ത്യൻ സിനിമാ ലോകത്ത് മാർക്സിസ്റ്റ് ദർശനത്തെ ഇത്രയും ലളിതമായി വിശദീകരിക്കാൻ ശ്രമിച്ച മറ്റൊരു സിനിമാഗാനവുമുണ്ടെന്നു തോന്നുന്നില്ല.--- FREDY K THAZHATHU
FREDY K THAZHATH
കേവലം ഭൗതിക വസ്തുക്കളല്ല മറിച്ച്, ചലനമാണ് ബോധത്തിന്റെ അഥവാ ചിന്തയുടെ അടിസ്ഥാനം.
വികൃത ഭൗതികവാദം അഥവാ യാന്ത്രിക ഭൗതിക വാദവുമായി വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതിക വാദത്തിനുള്ള വ്യത്യാസവും ചലനത്തെ സംബന്ധിച്ച, അതിന്റെ ചാലകത്വത്തെ സംബന്ധിച്ച, ഈ തിരിച്ചറിവാണ്.
ചലനം ചിന്തയ്ക്ക് കാരണമാകുന്നു എന്നും ചിന്ത ചലനത്തിന് കാരണമാകുന്നു എന്നും പറയുന്നതാവും ശരി.
(വയലാർ ചലനം എന്ന പാട്ടെഴുതിയത് ഈ കാഴ്ചപ്പാട് പ്രചരിപ്പിക്കാനാണ്. ലളിതവൽക്കരണലോപം ഉണ്ടെങ്കിലും, ഇന്ത്യൻ സിനിമാ ലോകത്ത് മാർക്സിസ്റ്റ് ദർശനത്തെ ഇത്രയും ലളിതമായി വിശദീകരിക്കാൻ ശ്രമിച്ച മറ്റൊരു സിനിമാഗാനവുമുണ്ടെന്നു തോന്നുന്നില്ല.)
മനുഷ്യൻ തീ വരുതിയിലാക്കിയ ചരിത്രവും ചക്രം കണ്ടു പിടിച്ച ചരിത്രവും തെളിയിക്കുന്നത് ചലനം ചിന്തയ്ക്കും ചിന്ത ചലനത്തിനും കാരണമാകുന്ന പ്രക്രിയയെയാണ്.ഇരപിടിക്കുന്ന ജീവികളെപ്പോലെ കൂർത്ത പല്ലുകളും നഖങ്ങളും ഇല്ലെങ്കിലും വേട്ടയാടുന്നതിൽ ഇരപിടിയന്മാരായ സിംഹത്തേയും പുലിയേയും ചെന്നായയേയും കാട്ടിൽ കഴിഞ്ഞ മനുഷ്യന് മറികടക്കാനായത് കല്ലും വടിയും കൂർപ്പിച്ച് ആയുധമാക്കിയതിനാലാണ്.മനുഷ്യന്റെ ചിന്തയുടെ ഈ ചാലക ശക്തി നായ എന്ന പുതിയ സ്പീഷീസിനെ തന്നെ സൃഷ്ടിച്ചു.കൂട്ടമായി മാത്രം നിലനിന്നു വന്ന ചെന്നായിൽ നിന്ന് തീയിൽ ചുട്ട മാംസം കൊതിച്ച ചെന്നായ യെ മനുഷ്യൻ മെരുക്കിയതും ആയിരക്കണക്കിനു വർഷങ്ങളിലൂടെ, ശിലായുഗത്തിന്റെ നീണ്ട കാലത്തിലൂടെ, അത് നായയായി പരിണമിച്ചതും മനുഷ്യ ചിന്തയക്ക് പരിണാമത്തിൽ ചെലുത്താൻ കഴിഞ്ഞ സ്വാധീനത്തിന്റെ ഉത്തമ ഉദാഹരണമാണ് എടുത്തുകാട്ടുന്നത്.
ഇങ്ങിനെ തന്നെയാണ് കാടും നാടും വേർ തിരിഞ്ഞതും, കുതിരയും ആടും പശുവും എല്ലാം വളർത്തുമൃഗങ്ങളായതും . വേട്ടയിൽ നിന്ന് മാംസം വളർത്തുന്ന, കാലിമേയ്ക്കുന്ന തലത്തിലേക്ക് വളരാനായതും ഇപ്രകാരം തന്നെ.
കാലിമേയ്ക്കലിൽ നിന്ന് കൃഷിയിലേക്കും കൈത്തൊഴിലിലേക്കും അവിടെ നിന്ന് വ്യവസായത്തിലേക്കുമുള്ള വളർച്ചയും ചലനവും ചിന്തയും തമ്മിലുള്ള ദ്വന്ദാത്മക ബന്ധത്തിന്റെ ചരിത്ര ദൃഷ്ടാന്തങ്ങളായി കാണാനാകും.