M S JAYAKUMAR : -മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത സ: പി. കെ. ദാമോദരൻ മാസ്റ്റർ

 



 

മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത

 

സ: പി. കെ. ദാമോദരൻ മാസ്റ്റർ 


 -എം.എസ്.ജയകുമാർ 

കേരളത്തില സി.പി.ഐ (എം എൽ) ന്റെ ആദ്യകാല സംഘാടകരിൽ പ്രമുഖനായിരുന്ന വടകര അയനിക്കാട് പോസ്റ്റോഫീസിനു സമീപം പൊറാട്ട്കണ്ടിയിൽ സ: പി.കെ. ദാമോദരൻ മാസ്റ്റർ (78) ഇന്നു രാവിലെ (28/12/2025) വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ദീർഘകാലമായി ചികിത്സയിൽ തുടരുകയായിരുന്നു അദ്ദേഹം.

അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട്, കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുകയും ചെയ്ത സ: പി.കെ.ഡി  കീഴൂർ യു.പി സ്കൂളിൽ അധ്യാപകനായിരുന്നു.


അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ മരണാസന്നനാകുന്ന വിധം ഭീകരമായ പീഡനത്തിനിരയായിരുന്നു അദ്ദേഹം. 1976 മാർച്ചിൽ നടന്ന കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്ന ദാമോദരൻ മാഷ് കായണ്ണ കേസിൽ പ്രതിയായി രണ്ടു വർഷത്തിലധികം കാലം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വിപ്ലവ സാംസ്ക്കാരിക പ്രസിദ്ധീകരണമായ

'യെനാൻ' മാസികയുടെ പ്രധാന സംഘാടകനും വിപ്ലവകാരികളുടെ നേതൃത്വത്തിൽ നടന്ന ഒട്ടേറെ സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടക്കക്കാരനുമായിരുന്നു അദ്ദേഹം.

പരേതരായ രാമൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്.

പി.കെ. കമലാക്ഷി (കക്കോടി), പരേതരായ രാഘവൻ നായർ (റിട്ട. വനം വകുപ്പ് ), പി.കെ. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, ബി.ഇ.എം യു.പി സ്കൂൾ, പുതിയങ്ങാടി ), പി.കെ. വേണു (റിട്ട. ട്രൈബൽ ഡിപ്പാർട്ട്മെന്റ്) എന്നിവരാണ് സഹോദരങ്ങൾ.

 

അവിവാഹിതനായിരുന്നു സ: ദാമോദരൻ മാഷ്.

സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.


1970 ലെ നഗരൂർ - കുമ്മിൾ - കിളിമാനൂർ ഉന്മൂലന സമരങ്ങൾക്കു ശേഷം നേരിട്ട തിരിച്ചടിയും പാർട്ടി സംഘടനയിൽ രൂഢമൂലമായിരുന്ന ഇടതുപക്ഷ വിഭാഗീയതയും മൂലം കേരളത്തിലെ എം എൽ പ്രസ്ഥാനം  ശിഥിലീകരണത്തെ നേരിട്ടു കൊണ്ടിരുന്ന സമയത്താണ് സ: ദാമോദരൻ മാസ്റ്റർ പാർട്ടിയിലേക്കു വരുന്നത്. പാർട്ടി നേതൃ സഖാക്കൾ കൂട്ടത്തോടെ അറസ്റ്റു ചെയ്യപ്പെട്ടതും ചിലർ പ്രവർത്തനരംഗത്തു നിന്നു പിന്മാറിയതുമെല്ലാം പാർട്ടിയുടെ തകർച്ചക്ക് വേഗം കൂട്ടിയിരുന്നു. ഈ ഘട്ടത്തിലാണ് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സഖാക്കളുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ പാർട്ടി പുന:സംഘടിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചത്. അതിന് നൽകിയ പേര് ഇ ഡി ടി ഡി (Ernakulam District Thrissur District) എന്നായിരുന്നു.  പാർട്ടിയുടെ ചില പ്രാദേശിക കമ്മിറ്റികളിൽ ഉണ്ടായിരുന്നവരും നേതൃത്വ സഖാക്കൾക്ക് ഷെൽട്ടറുകൾ ഒരുക്കി കൊടുത്തവരും മറ്റുമായിരുന്നു ഇതിലെ ഭൂരിപക്ഷം സഖാക്കളും. നക്സൽബാരിയുടെ കാലം മുതൽ എം എൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന പഴയ സഖാക്കളെ കണ്ടെത്താനും അവരെ പുന:സംഘടനയുടെ ഭാഗമാക്കാനുമുള്ള ശ്രമങ്ങളും ആ കമ്മിറ്റി നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനായുള്ള തീവ്ര ശ്രമങ്ങൾ ആരംഭിക്കുന്നത്. ആ ശ്രമങ്ങൾക്കിടയിലാണ് പി.കെ. ദാമോദരൻ മാസ്റ്റർ  പുന:സംഘടനാ കമ്മിറ്റിയുമായി ബന്ധപ്പെടുന്നത്.


കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഒരു സഖാവായിരുന്നു  പൂഞ്ഞാർ സ്വദേശിയായ വേണുഗോപാൽ.  മൈസൂരിൽ ബി എഡ് ന് പഠിച്ചു കൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സുഹൃത്തായിരുന്ന ഒരദ്ധ്യാപകൻ വഴിയാണ് വേണുഗോപാൽ പി കെ ഡി യെ പരിചയപ്പെടുന്നത്. വേണുഗോപാലുമായുള്ള പ്രാഥമിക ചർച്ചയിൽ തന്നെ പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത പി കെ ഡി പ്രകടിപ്പിച്ചിരുന്നു. വേണുഗോപാൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്  മുപ്പത്തടത്തെ (എറണാകുളം ജില്ല) സ: ബാലകൃഷ്ണൻ്റെ വീട്ടിൽ വച്ച് സ: പി.കെ.ഡി യുമായി ചർച്ച നടന്നു. പുന:സംഘടനാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് സഖാക്കൾ ബാലകൃഷ്ണൻ, ടി.എൻ. ജോയി, എം.എസ്. ജയകുമാർ എന്നിവരാണ് പി കെ ഡി യുമായി ചർച്ച നടത്തിയത്. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളിൽ കൃത്യമായ ധാരണകളിൽ എത്തിയതനുസരിച്ച് കോഴിക്കോട് ജില്ലയിലും അന്നു താൻ ജോലി ചെയ്തിരുന്ന വയനാട്ടിലും (അന്ന് വയനാട് ജില്ല രൂപം കൊണ്ടിട്ടില്ല) പാർട്ടി പ്രവർത്തനം നടത്താനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. അന്നു രാത്രി പി കെ ഡി യുടെ നാടായ വടകരക്കു പോകാനുളള ബുദ്ധിമുട്ടു കാരണം എറണാകുളം ജില്ലയിൽ തന്നെ തങ്ങാനുള്ള ഏർപ്പാടുണ്ടാക്കുകയായിരുന്നു. രാത്രിയിൽ നടത്തിയ അനൗപചാരിക ചർച്ചയിലൂടെയാണ് പി കെ ഡി യെ ഞങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ചർച്ച രാഷ്ട്രീയത്തിൽ നിന്നും നാടകം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലേക്കു കടന്നപ്പോൾ വിജ്ഞാനത്തിൻ്റെ ശാഖകളൊന്നും തനിക്കന്യമല്ലെന്ന്  ദാമുമാഷ് തെളിയിച്ചു. സാർത്ര്, കാഫ്ക, കാമു, ഒ.വി.വിജയൻ, കാക്കനാടൻ തുടങ്ങിയവർ ഗോർക്കിയോടും ലൂഷൂണിനോടുമൊപ്പം 'കത്തിയും ചുവന്ന താടിയും' അല്ലാതെ തിരശ്ശീല നീക്കി വന്നു. രാത്രി പോയത് ആരുമറിഞ്ഞില്ല. 'ഉദയം കാണാനുള്ള ഞങ്ങളുടെ ഉറക്കമൊഴിക്കലാ'യിരുന്നു അത്. വയനാട്ടിലും കോഴിക്കോടും പുന:സംഘടനാ കമ്മിറ്റിയുടെ സഹായത്തോടെ ശരവേഗത്തിൽ പ്രവർത്തനങ്ങൾ നീങ്ങി.


ഏകദേശം ഈ സമയത്തു തന്നെയാണ് സഖാവ് കുന്നേൽ കൃഷ്ണനെ  ദാമോദരൻ മാഷ് യാദൃച്ഛികമായി പരിചയപ്പെടുന്നത്. ഉടൻ തന്നെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് കെ. വേണുവുമായി കൃഷ്ണേട്ടന് ചർച്ച ചെയ്യാനുള്ള സൗകര്യമൊരുക്കി. അതാണ് പിന്നീട് പാർട്ടിയുടെ അവിടുത്തെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചത്. ഒരു വർഷം തികയുന്നതിനു മുൻപു തന്നെ പാർട്ടി സംഘടനാ പ്രവർത്തനങ്ങളോടൊപ്പം കലാ സാഹിത്യ നാടക രംഗങ്ങളിലെ സാംസ്ക്കാരിക പ്രവർത്തനങ്ങളും ശ്രദ്ധേയമായ രീതിയിൽ മുന്നോട്ടു പോയി. ഇതിനെക്കുറിച്ചെല്ലാമുള്ള റിപ്പോർട്ടുകളും നാടകത്തിൻ്റേയും മറ്റും ചില നോട്ടീസുകളും സഖാവ് കുട്ടികൃഷ്ണൻ (കൊയിലാണ്ടി) വഴി ഇടക്കിടെ ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു. അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് അടിയന്തിരാവസ്ഥയുടെ തൊട്ടു മുമ്പുള്ള നാളുകളിൽ 'യെനാൻ' എന്ന വിപ്ലവ കലാ സാഹിത്യ മാസിക പുറത്തിറങ്ങി തുടങ്ങിയത്. സഖാവ് എം.എം.സോമശേഖരൻ അടക്കമുള്ളവരുടെ കൂടി അഭിപ്രായമനുസരിച്ച് വി.സി.ശ്രീജനെ 'യെനാൻ' മാസികയുടെ എഡിറ്ററായി നിശ്ചയിക്കുകയും ചെയ്തു.


അടിയന്തിരാവസ്ഥ, തീ പാറുന്ന പോരാട്ടങ്ങളുടെ നാളുകൾ, പോലീസ് നരനായാട്ട്, തടങ്കൽ പാളയങ്ങൾ......

അടിയന്തിരാവസ്ഥയിൽ കായണ്ണ (പോലീസ് സ്റ്റേഷൻ ആക്രമണ) സമരത്തിനു ശേഷം പോലീസ് ഭീകരത ശക്തമായപ്പോൾ പി കെ ഡി ക്ക് ഷെൽട്ടറുകൾക്കായി സുഹൃത്തുക്കളേയും പാർട്ടി ബാഹ്യ ബന്ധങ്ങളേയും ആശ്രയിക്കേണ്ടി വന്നു. ആ സമയത്തും തൻ്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ അടിയന്തിരാവസ്ഥക്കെതിരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെടാൻ മാഷ് ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. വിപ്ലവത്തിൻ്റെ സന്ദേശമെത്തിക്കൽ തൻ്റെ പ്രഥമ ദൗത്യമായി അദ്ദേഹം കണ്ടു. സംസ്ഥാനത്തിന് വെളിയിലേക്കും ആ യാത്രകൾ പലതും തുടർന്നിരുന്നു. "കബനീ നദി ചുവന്നപ്പോൾ" എന്ന സിനിമയുടെ പ്രവർത്തകരുമായി (പി.എ.ബക്കറും പവിത്രനും മറ്റുമായി) ബന്ധപ്പെടാനും എല്ലാ അർത്ഥത്തിലും അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. തൻ്റെ ഒളിവുകാല പ്രവർത്തനങ്ങളിലടക്കം തികച്ചും ത്യാഗപൂർണ്ണമായ ജീവിതമാണദ്ദേഹം നയിച്ചിരുന്നത്. തൻ്റെ ശരീരത്തിനും മനസ്സിനും താങ്ങാനാവുന്നതിനുമപ്പുറം അതികഠിനമായ തരത്തിലുള്ള പോലീസ് മർദ്ദനങ്ങൾക്കാണ് സ. ദാമോദരൻ മാഷ് വിധേയനാക്കപ്പെട്ടത്. തുടർന്നുള്ള പ്രവർത്തനത്തിന് തനിക്കാവില്ലെന്നുള്ള കാര്യം അദ്ദേഹം തുറന്നു പറഞ്ഞു. ജയിലിലെ സ്റ്റേറ്റ് കമ്മിറ്റി സഖാക്കളുടെ പാർട്ടി കമ്മിറ്റിയിലാണ് പി കെ ഡി ഉണ്ടായിരുന്നത്. ജയിൽ കമ്മിറ്റിയുടെ തീരുമാന പ്രകാരം  സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തൻ്റെ തീരുമാനം മറ്റു സഖാക്കളെ ഉടൻ അറിയിക്കേണ്ടെന്നും പാർട്ടിയുടേയും സഖാക്കളുടേയും വിശാല താല്പര്യങ്ങൾക്കനുസരിച്ചു കൊണ്ട് ജയിൽ മോചനം വരെ പാർട്ടി നിർദ്ദേശങ്ങളെ അപ്പാടെ അംഗീകരിക്കാമെന്നുമാണ് പി കെ ഡി തീരുമാനിച്ചത്.


അടിയന്തിരാവസ്ഥ പിൻവലിച്ച ശേഷം പാർട്ടിയുമായി ബന്ധപ്പെട്ടിരുന്ന നിരവധി സഖാക്കൾ ജയിൽ വിമോചിതരായി വയനാട്ടിൽ എത്തി. അവരുടെ നേതൃത്വത്തിൽ സഖാവ് പി കെ ഡി തുടങ്ങി വെച്ച പ്രവർത്തനങ്ങൾ അതി ശക്തമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ സഖാക്കളും സന്നദ്ധരായി. വയനാട് സാംസ്ക്കാരിക വേദിയുടേയും പിന്നീട് ജനകീയ സാംസ്ക്കാരിക വേദിയുടേയും പേരിൽ സ്റ്റേജ് നാടകങ്ങളും തെരുവു നാടകങ്ങളും കവിയരങ്ങുകളും അടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ മുന്നോട്ടു പോയി. അതിൽ എടുത്തു പറയേണ്ട നിരവധി പേരുകൾ ഉണ്ടെങ്കിലും സിവിക് ചന്ദ്രൻ, മധു മാഷ്, ഇലക്കാട് മുരളീധരൻ തുടങ്ങിയവരുടെ സുപ്രധാന പങ്കാളിത്തം വിസ്മരിക്കാനാവുന്നതല്ല. പാരിസ്ഥിതിക വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ബാദുഷയുടേയും മറ്റും നേതൃത്വത്തിൽ പിന്നീട് നടന്ന സമരങ്ങളും അതുല്യമാണ്. അടിയന്തിരാവസ്ഥയിൽ അറസ്റ്റിലായി ജയിലിൽ പോയ വട്ടേക്കാട് വർഗ്ഗീസും സുലോചനയും മറ്റും നടത്തിയ പ്രവർത്തനങ്ങളും മറക്കാനാവുന്നതല്ല. ഇതെല്ലാം പി കെ ഡി യുടെ കൂടെ നേതൃത്വത്തിൽ നടന്നിട്ടുള്ള പ്രവർത്തനങ്ങളുടെ ചരിത്രത്തിലെ അടയാളപ്പെടുത്തലാണ്.


മീനങ്ങാടിയിൽ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജ് പിന്നീട് പാർട്ടി - സാംസ്കാരിക വേദി പ്രവർത്തകരുടെ ഒരു കേന്ദ്രമായി മാറി. പാർട്ടിയുടേയും സാംസ്ക്കാരിക വേദിയുടേയും സംഘാടകരായി വെളിയിൽ നിന്നു വരുന്ന സഖാക്കൾക്കും മറ്റും ഈ ലോഡ്ജിൽ താമസിക്കാനും അവിടുത്തെ മെസ്സിൽ നിന്നു ഭക്ഷണം കഴിക്കാനും കുളിക്കാനും അലക്കാനും വസ്ത്രം ഇസ്തരിയിടാനും വരെയുമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. അന്ന് ഇത്രയും സൗകര്യങ്ങൾ സഖാക്കൾക്കു ലഭിക്കുന്ന മറ്റൊരു സ്ഥലം മറ്റെങ്ങും ഉണ്ടായിരുന്നില്ല എന്ന് നിസ്തർക്കം പറയാവുന്നതാണ്. ദൂരെ നിന്നു വരുന്ന സഖാക്കൾക്ക് വണ്ടിക്കൂലിയും മറ്റും സംഘടിപ്പിച്ച് നൽകിയിരുന്നത് പ്രധാനമായും സഖാവ് ഇലക്കാട് മുരളീധരനായിരുന്നു. 


ദാമോദരൻ മാഷുടെ വിയോഗം സൃഷ്ടിച്ച വേദന നിറഞ്ഞ സാഹചര്യത്തിൽ വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടി സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

നേരത്തെ പറഞ്ഞ പി കെ ഡി യുടെ താവളമായ ലോഡ്ജ്, 1979 അവസാനം പി കെ ഡി ജയിൽ മോചിതനായി  വയനാട്ടിൽ എത്തുമ്പോഴും അതേ പടി തന്നെ നില നിന്നിരുന്നു. 1980 കളുടെ ആദ്യം ഒരു നാൾ മാഷിൻ്റെ ആതിഥ്യം സ്വീകരിച്ച് എനിക്കും അവിടെ നിൽക്കേണ്ടതുണ്ടായിരുന്നു.  മാർക്സിൻ്റെ അന്യവൽക്കരണവുമായി ബന്ധപ്പെട്ട പരികൽപ്പനയാണ് ദാമുമാഷെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളതെന്ന് പല ഘട്ടങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ വിഷയത്തിൽ ചില കാര്യങ്ങൾ എഴുതാൻ മാഷ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ 1981- 1982 ൽ വയനാട്ടിൽ നടന്ന സമരങ്ങളും തുടർന്നുണ്ടായ പോലീസ് ഭീകരതയും സ്വയം എല്ലാത്തിൽ നിന്നും വിട്ടു നിൽക്കാനായി അദ്ദേഹത്തെ വീണ്ടും വീണ്ടും നിർബന്ധിച്ചു. മാഷും ഞാനും അദ്ദേഹത്തിനു പ്രിയപ്പെട്ട ചായക്കടയിൽ പോയി അദ്ദേഹത്തിൻ്റെ പ്രത്യേക നിർദ്ദേശത്താൽ ഉണ്ടാക്കിത്തന്ന പൊടിച്ചായ കുടിച്ചു കൊണ്ട് താവളത്തിലേക്കെത്തി. വായും ചെവിയും കണ്ണും മുടിക്കെട്ടിയ മൂന്ന് പ്രതിമകൾ താവളത്തിൻ്റെ കമാനത്തിൽ അദൃശ്യമായി നിലനിൽക്കുന്നതായി തോന്നി. മാഷ് ഒരേയൊരു കാര്യം മാത്രമാണ് ചോദിച്ചത്. വി.സി.ശ്രീജൻ്റെ "യാ ദേവീ സർവ്വ ഭൂതേഷു" വായിച്ചോ എന്ന്. അത് 'യെനാനി'ൽ നിന്നുള്ള ഒരു പിൻനടത്തമായി കാണേണ്ടതില്ല എന്ന് മാഷ് പതുക്കെ പറഞ്ഞു. ഇത്തരക്കാരെ കഴിവതും ചേർത്തു നിർത്തുകയാണ് വേണ്ടതെന്നും മാഷ് പറയാതെ പറഞ്ഞതായി തോന്നി. ഞാൻ മനസ്സിൽ പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടാകാം. "ജീവിതത്തിൻ്റെ മുഖത്ത് കാർക്കിച്ചു തുപ്പിയ" നായകന്മാർക്കുo "ദീനം പിടിച്ച കഥകളും കവിതകളും പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച" വിപ്ലവകാരികൾക്കും "തുപ്പൽ പുരളാത്ത വാക്കുകൾക്കു" വേണ്ടി ശഠിച്ചവർക്കും ഇതെല്ലാം അവരുടെ സഹനത്തെ തന്നെ ബാധിക്കുന്ന വിഷയങ്ങളാണ്. അവർക്ക് ദേവീ സ്തുതിയെന്നാൽ  ദേവീ സ്തുതി മാത്രമാണ്. ലളിതാ സഹസ്രനാമമോ, പഞ്ചഭൂതങ്ങളിൽ ലയിച്ചിരിക്കുന്ന ശക്തിയോ ഒന്നും പുതിയ വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്നതുമല്ല. നൂറു പുഷ്പങ്ങൾ വിരിയട്ടെ, ആയിരം ചിന്താസരണികൾ ഏറ്റുമുട്ടട്ടെ എന്നു പറയാനൊന്നും എനിക്ക് തോന്നിയില്ല. ദശകങ്ങൾക്കു ശേഷം പിന്നീട് ഞാനും ടി.എൻ.ജോയിയും ഒന്നിച്ച് മാഷെ കാണുന്നത് അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടായിരുന്നു. ചുരുങ്ങിയ വാക്കുകളിൽ വന്നതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പരത്താതെ ഞങ്ങൾ പറഞ്ഞു. മാഷ് ചിരിച്ചു. ഞങ്ങളും ചിരിച്ചു. ശേഷം ഞങ്ങൾ മടങ്ങി. മാഷിൻ്റെ പിൻഗാമിയായി പ്രസ്ഥാനത്തിലേക്ക് വന്ന അനുജൻ ബാലകൃഷ്ണനെക്കുറിച്ചും ഇളയ അനിയൻ വേണുവിനെക്കുറിച്ചും അവരുടെ മരണം മാഷിനുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ട് നടന്നു.


ത്യാഗപൂർണ്ണമായ ജീവിതം നയിച്ച പാർട്ടി പ്രവർത്തകനും രാഷ്ട്രീയത്തേയും ജീവിതത്തേയും കുറിച്ച് സവിശേഷമായ ഉൾക്കാഴ്ചകളുണ്ടായിരുന്ന സഖാവുമായിരുന്ന ദാമോദരൻ മാഷിന് മനസ്സിൽ നിന്നും മാഞ്ഞു പോവുക സാദ്ധ്യമല്ല തന്നെ.