P S Rajagopalan:-ധീരരക്തസാക്ഷി "അടിയോരുടെ പെരുമൻ"





ധീരരക്തസാക്ഷി "അടിയോരുടെ പെരുമൻ" 

ഇന്ന് സഖാവ് എ.വർഗീസ് രക്തസാക്ഷി ദിനം.1957ലേയും 1967 ലേയുമെല്ലാം ഭൂപരിഷ്ക്കരണങ്ങൾക്ക് ശേഷവും സാമൂഹ്യ ജീവിതക്രമത്തിൽ യാതൊരു വിധ മാറ്റങ്ങളും സംഭവിക്കാതെ തികച്ചും അടിമകളായിത്തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു വയനാട്ടിലെ ആദിവാസി ജനസമൂഹം. നാളുകളായി ഇടതു പക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സ:വർഗീസ് ആ ആദിവാസി ജനസമൂഹത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിട്ടാണ് തന്റെ തീഷ്ണമായ രാഷ്ട്രീയ പാന്ഥാവിലേക്ക് ഇറങ്ങുന്നത്.1960 കളുടെ അവസാനത്തിലും വയനാട്ടിലെ വള്ളിയൂർക്കാവിൽ അടിമക്കച്ചവടം നില നിന്നിരുന്നു.മുകളിൽ സൂചിപ്പിച്ച സർക്കാർ ഭൂപരിഷ്ക്കരണങ്ങൾക്കൊന്നും തന്നെ ഈ മനുഷ്യക്കച്ചവടത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല.സ: വർഗീസിന്റെ നേതൃത്വത്തിൽ ഉയർത്തപ്പെട്ട ചെറുത്ത് നില്പുകൾക്കും, ശക്തമായ പോരാട്ടങ്ങൾക്കും ശേഷമാണ് വള്ളിയൂർക്കാവിലെ നിഷ്ഠൂരമായ ആ മനുഷ്യക്കച്ചവടം ഇല്ലാതാക്കപ്പെടുന്നത്. അതോടെ സ:വർഗീസ് വയനാട്ടിലെ ജനങ്ങൾക്ക് - പ്രത്യേകിച്ച് ആദിവാസി ജനസമൂഹത്തിന് അവരുടെ പെരുമനായി മാറുകയായിരുന്നു.

തുടർന്നാണ് ആദിവാസികളടക്കമുള്ള വയനാട്ടിലെ വയലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം സ: വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഉയർത്തപ്പെടുന്നത്.അന്നേവരെ വയലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നിശ്ചയിക്കപ്പെട്ട ഒരു കൂലിസബ്രദായം നിലവിലുണ്ടായിരുന്നില്ല.ജന്മിയുടെ കാര്യസ്ഥൻ കൊടുക്കുന്നതെന്തോ അതായിരുന്നു തൊഴിലാളിയുടെ വരുമാനം.ഈ അവസ്ഥയിൽ പട്ടിണിയും,അർത്ഥ പട്ടിണിയുമൊക്കെയായിരുന്നു ഈ മേഖലയിലെ ജനക്കളുടെ ജീവിതാ വസ്ഥ.ഇതിനെതിരെ സ:വർഗീസിന്റെ നേതൃത്വത്തിൽ നടന്ന രൂക്ഷമായ പ്രക്ഷോഭങ്ങൾക്ക് - പലപ്പോഴെല്ലാം നടന്ന രക്തരൂക്ഷിതമെന്ന് വരെ പറയാവുന്ന പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് തൊഴിലാളികൾക്ക് ദിവസക്കൂലി കൃത്യമായി നിജപ്പെടുത്തിത്തുടങ്ങിയത്.തൊഴിലാളികൾക്ക് കൂലിയായി നൽകിയിരുന്ന നെല്ല് അളക്കാൻ ഒരു അളവ് പാത്രം അംഗീകരിക്കപ്പെടുന്നത് ഇക്കാലത്താണ്. ആ അളവ് പാത്രത്തെ ആദിവാസി ജനസമൂഹവും കാർഷിക മേഖലയിലെ മറ്റു തൊഴിലാളികളും 'വർഗീസ് നാഴി' എന്ന് പേരിട്ട് വിളിച്ചുതുടങ്ങി. വയനാട്ടിലെ കാർഷിക തൊഴിൽ മേഖലയിൽ ആദ്യമായി തൊഴിലിന് നിശ്ചിത കൂലി സബ്രദായം നിലവിൽ വന്നത് സ:വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഈ ദിശ പ്രവർത്തനങ്ങളെ തുടർന്നായിരുന്നു.

ആദിവാസി - അധസ്ഥിത ജനവിഭാഗങ്ങൾക്കെതിരെ ജന്മി വർഗ്ഗം നടത്തിക്കൊണ്ടിരുന്ന മറ്റ് ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കുമെതിരേയും ശക്തമായ പ്രക്ഷോഭങ്ങർ ഉയർത്തപ്പെട്ടു.തിരുനെല്ലി - തൃശ്ശിലേരി ഭാഗത്ത് നടന്ന ഈ ദിശയിലുള്ള ഒരു ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ഒളിവിൽ പോയ സ:വർഗീസിനെ ഒറ്റുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന ഒരു നടപടിക്രമങ്ങൾക്കും വിധേയമാക്കാതെ വർഗ്ഗീസിനെ തടവിൽ വച്ച് മർദനത്തിന് ഇരയാക്കുകയാണ് പോലീസ് ചെയ്തത്.അറസ്റ്റ് ചെയ്യപ്പെട്ട് പിറ്റേന്ന് തിരുനെല്ലി കൂമ്പാരങ്കുനിയിലെ പാറമടക്ക് മുകളിൽ എത്തിച്ച് ഒരു മരത്തിൽ ബന്ധനസ്ഥനാക്കിയ ശേഷം ലക്ഷ്മണയുടെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസ് ക്രിമിനലുകൾ വർഗീസിനെ വീണ്ടും അതിക്രൂരമായ പീഢനങ്ങൾക്കിരയാക്കി.അവിടെ അരങ്ങേറിയ നിഷ്ഠൂരതകളുടെ ചരിത്രം കുറേയേറെ രാമചന്ദ്രൻ നായർ എന്ന - ലക്ഷ്മണയുടെ നിർദ്ദേശപ്രകാരം വർഗീസിനെ വെടിവെച്ച് കൊന്ന കോൺസ്റ്റബിൾ - പോലീസുകാരൻ കോടതിയോടും,കേരളജനതയോടും പറഞ്ഞിട്ടുള്ളതാണ്.തികഞ്ഞ ക്രിമിനലായിരുന്ന ലക്ഷാമണ എന്ന പോലീസ് ഓഫീസറുടെ മേൽനോട്ടത്തിൽ സ: വർഗീസിന്റെ കാലുകൾ തിളപ്പിച്ച വെള്ളത്തിൽ മുക്കി മൃഗീയമായി പൊള്ളിക്കുക വരെ ചെയ്തു.തുടർന്നാണ് രാമചന്ദ്രൻ നായരെന്ന കോൺസ്റ്റബിൾ പറഞ്ഞതുപോലെ ലക്ഷ്മണ നിർബന്ധിച്ച്,ഭീഷണിപ്പെടുത്തി അയാളെക്കൊണ്ട് വർഗീസിന്റെ നെഞ്ചിലേക്ക് നിറയൊഴിപ്പിച്ചത്.അങ്ങിനെ ധീരമായി രക്തസാക്ഷിത്വം വരിച്ച സ: വർഗീസിന്റെ ചേതനയറ്റ ശരീരം പിന്നീട് ഒഴുക്കൻ മൂലയിലെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ജേഷ്ടൻ തോമസ്സsക്കമുള്ള ബന്ധുക്കൾ സംസ്ക്കരിക്കുകയായിരുന്നു.

വർഗീസിനെ പോലീസ് നിഷ്ഠൂരമായി വെടിവെച്ചുകൊന്നതിനെക്കുറിച്ച് അന്ന് നിയമസഭയിൽ ഉന്നയിക്കപ്പെട്ടിട്ടും കാര്യമായ ഒരു അന്വേഷണവുമുണ്ടായില്ല.വർഷങ്ങൾക്ക് ശേഷമാണ് ലക്ഷ്മണ എന്ന പോലീസ് ഓഫീസറുടെ ഭീഷണിയോടെയുള്ള നിർദേശ പ്രകാരം താനാണ് വർഗീസിനെ വെടിവെച്ച് കൊന്നത് എന്ന വെളിപ്പെടുത്തൽ രാമചന്ദ്രൻ നായർ നടത്തിയത്.ഈ വെളിപ്പെടുത്തലിനേ തുടർന്ന് വർഗീസിന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്വപ്പെട്ടു കൊണ്ട് വർഗീസിന്റെ സഹോദരൻ തോമസ്സും,സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ്‌ സംസ്ഥാന സെകട്ടറി പി.സി.ഉണ്ണിച്ചെക്കനും കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം കേരളാ ഹൈക്കോടതി CBl അന്വേഷണത്തിന് ഉത്തരവിട്ടു.ദീർഘമായ അന്വേഷണത്തിന് ശേഷം DIG യായിരുന്ന ലക്ഷ്മണയെ ഒന്നാം പ്രതിയാക്കി കൊണ്ടും മധുസൂദനൻ,മുരളീകൃഷ്ണദാസ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടും എറണാകുളത്തെ CBlകോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷം ലക്ഷ്മണയെ CBI കോടതി കഠിന തടവിന് ശിക്ഷിച്ചു.മറ്റ് പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്താൽ വെറുതെ വിടുകയായിരുന്നു.കേസന്വേഷണത്തിനും, കോടതി വ്യവഹാരത്തിനുമിടയിൽ രാമചന്ദ്രൻ നായർ മരണപ്പെട്ടിരുന്നു.

സ:വർഗീസിന്റെ രക്തസാക്ഷിത്വത്തിന് ശേഷം എല്ലാ വർഷവും ഫെബ്രവരി 18 ന് കുമ്പാരങ്കുനിയിലെ വർഗീസ് പാറയിൽ ചെങ്കൊടി ഉയർത്തപ്പെട്ടിട്ടുണ്ട്. വൻ പോലീസ് അടിച്ചമർത്തൽ ഘട്ടത്തിലും വർഗീസിന്റെ സഹചാരിയും,ഉറ്റ സഹപ്രവർത്തകനുമായിരുന്ന ഇന്ന് നമ്മോടൊപ്പം ജീവിച്ചിരിപ്പില്ലാത്ത സ:ചോമൻ മൂപ്പൻ പോലീസിന്റെ കണ്ണ് വെട്ടിച്ച് വർഗീസ് പറയിൽ ചെങ്കൊടി ഉയർത്തിയിട്ടുണ്ട്.

ഇക്കൊല്ലം ഇന്ന് വെളുപ്പിന് ഒഴുക്കൻ മൂലയിലെ സ:വർഗീസിന്റെ രക്തസാക്ഷി കൂടീരത്തിൽ സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി സ:പി.സി.ഉണ്ണിച്ചെൻ രക്തപതാക ഉയർത്തി.റെഡ് ഫ്ലാഗ് ജനറൽ സെക്രട്ടറി സ: എം.എസ്.ജയകുമാർ രക്തസാക്ഷി അനുസ്മരണം നടത്തി.പാർട്ടി നേതാക്കളായ സഖാക്കൾ ചാൾസ് ജോർജ്ജ്, ടി.വി.വിജയൻ,എൻ.എ.ജയ്ൻ,എ.എൻ സലിംകുമാർ എന്നിവരടക്കം നിരവധി പാർട്ടി പ്രവർത്തകർ ഒഴുക്കൻ മൂലയിൽ സന്നിഹിതരായിരുന്നു.തുടർന്ന് പ്രവർത്തകർ തിരുനെല്ലിയിലെ കൂമ്പാരങ്കുനിയിൽ വർഗീസ് പാറയിലെത്തി. അവിടെ സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിൽ റെഡ് ഫ്ലാഗ് ജനറൽ സെക്രട്ടറി സ: എം.എസ്.ജയകുമാർ ചെങ്കൊടി ഉയർത്തി. ചാൾസ് ജോർജ്ജ്, ടി.വി.വിജയൻ, സ: വർഗീസിന്റെ സഹപ്രവർത്തകൻ കൂടിയായിരുന്ന റെഡ് ഫ്ലാഗ് നേതാവ് കുന്നേൽ കൃഷ്ണൻ അടക്കമുള്ള നേതാക്കളോടൊപ്പം ജില്ലയിലെ നിരവധി പാർട്ടി പ്രവർത്തകർ ഈ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

പി.എസ്.രാജഗോപാലൻ
18/2/2020