FREDY.K.THAZHATH:-കാർഷികത്തകർച്ചയും കർഷകവിരുദ്ധനിയമങ്ങളും വായ്പാലഭ്യതാരാഹിത്യവും


 

കാർഷികത്തകർച്ചയും 
കർഷകവിരുദ്ധനിയമങ്ങളും 
വായ്പാലഭ്യതാരാഹിത്യവും

ധാന്യങ്ങളും പച്ചക്കറിയും പഴങ്ങളും പോലുള്ളവയുടെ കാര്യത്തിൽ വിളകളുടെ സാക്ഷാത്കാരത്തിൻ്റെ അങ്ങേയറ്റത്തെ പതനം ഉണ്ടാക്കുന്നിടത്തോളം വരെ കാർഷികത്തകർച്ച പിന്നെയും രൂക്ഷമായിരിക്കുന്നു. മൺസൂൺ മഴ നന്നായി ലഭിച്ചുവെങ്കിലും വിപണിയിലെ വരൾച്ച കർഷകരെ ക്ഷയിപ്പിച്ചിരിക്കുന്നു.
മൂന്നു കർഷകവിരുദ്ധ നിയമങ്ങൾ സർക്കാരിനെക്കൊണ്ട് പിൻവലിപ്പിക്കുന്നതിൽ വിജയം നേടിയിട്ടു പോലും താങ്ങുവിലയും 'നിയമാനുസൃതമാക്കപ്പെട്ട മിനിമം താങ്ങുവില'യെന്ന (ലീഗലൈസ്ഡ് എം.എസ്.പി.) നിലയിൽ സംഭരണ സംവിധാനവും നടപ്പാക്കാമെന്ന സർക്കാരിൻ്റെ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.
സർക്കാർ കർഷകരെ പരസ്യമായിത്തന്നെ വഞ്ചിച്ചു. അതിനും പുറമെ, കാർഷകർക്കുള്ള വൈദ്യുതി സബ്സിഡി എടുത്തുകളയാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള വിദ്യുച്ഛക്തി ബിൽ പിൻവലിച്ചിട്ടില്ല. കർഷകർക്കു വിദ്യുച്ഛക്തി സബ്സിഡി നൽകാനുള്ള നിലവിലുള്ള സംവിധാനത്തെ ടാർഗറ്റഡ് സബ്സിഡി വ്യവസ്ഥയിലേക്കു മാറ്റുന്നതിനു വേണ്ടിയുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചു കൊണ്ട് രണ്ടാം മോദി സർക്കാർ മുന്നോട്ടു പോവുകയാണ്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭക്ഷ്യസുരക്ഷാ പദ്ധതിയും നിറഞ്ഞ ധാന്യസംഭരണികളുടെ സുഭിക്ഷ പദ്ധതിയും, മഹാമാരിക്കു ശേഷം യഥാർത്ഥസ്ഥിതി കൂടുതൽ മോശമായതോടെ, പരിതാപകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു.
അതുകൊണ്ട്,
നിവേശ സാമഗ്രികളുടെ ലഭ്യതയും പ്രയോഗക്ഷമതയും ചെലവും ഉല്പാദന ക്ഷമതയും വിളകളുടെ സാക്ഷാത്ക്കാരവും വായ്പാ ലഭ്യതയുമെല്ലാം കർഷകരെ സംബന്ധിച്ചേടത്തോളം നിഷേധാത്മകമായി തീർന്നിരിക്കുന്നു.
ആയതിനാൽ,
ഒരു നിർണ്ണായക പ്രഹരത്തിലൂടെ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാർഷികത്തകർച്ചയെ ഇല്ലായ്മ ചെയ്യാനായി കാർഷിക മേഖലയിലെ വിപ്ലവകരമായ മാറ്റം അനിവാര്യമായിരിക്കുന്നു.
കാർഷിക വിപ്ലവത്തിന്റെ പരിപാടിപരമായ പരിസരം അതിന്റെ പ്രഥമ ശത്രുവായി സാർവ്വദേശീയ ധന മൂലധന - കുത്തക മൂലധന സഖ്യത്തെ (IFC-MC) കണ്ടെത്തിക്കഴിഞ്ഞതിനാൽ ഇത് അനിവാര്യമായിരിക്കുന്നു.
തീർച്ചയായും അധികാരം പിടിച്ചെടുത്തതിനുശേഷമുള്ള, വ്യത്യസ്തമായ സ്ഥല, കാല സന്ദർത്തിൽ നിന്നുകൊണ്ടാണെങ്കിലും ഈ വിഷയത്തെ പറ്റി സ: സ്റ്റാലിൻ നമുക്കു ചില പാഠങ്ങൾ നൽകിയിട്ടുണ്ട്. പ്രശ്നമണ്ഡലത്തിന്റെ അടിസ്ഥാന സ്വഭാവങ്ങൾ ഒന്നു തന്നെയായിരിക്കുന്നതു കൊണ്ട്, അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പുള്ള അവസ്ഥയിലും ആ പാഠത്തിന്റെ മേന്മ മൂല്യവത്തായി തുടരുന്നുണ്ട്.
സാർവ്വദേശീയ ധന മൂലധന - കുത്തക മൂലധന (IFC-MC) കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന തുളച്ചു കടക്കൽ - ഉദ്ഗ്രഥന പ്രക്രിയ (Penetration - integration process) കാർഷിക മേഖലയിൽ നടത്തുന്ന അപഹരണ പ്രവർത്തനങ്ങളുടെ വേഗതയും വ്യാപ്തിയും അഭൂതപൂർവ്വമാണ്.
ഈ സാഹചര്യത്തിൽ, ഒക്റ്റോബർ വിപ്ലവത്തിനു തൊട്ടു പിന്നാലെ കൈക്കൊണ്ട പ്രവർത്തന പരിപാടികളിൽ പലതും നമ്മുടെ ഇന്നത്തെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസക്തമാണ്:
"ഈ സാഹചര്യത്തിൽ എന്താണു പോം വഴി ?
1) എല്ലാറ്റിനുമുപരി, ഒറ്റയൊറ്റ കർഷകരുടെ ചിതറിക്കിടക്കുന്ന, ചെറുകിട, പിന്നാക്ക കൃഷിയിടങ്ങൾ എന്ന അവസ്ഥയിൽ നിന്നും യന്ത്ര സംവിധാനങ്ങൾ ഉപയോഗിക്കുന്ന, ശാസ്ത്രീയ ജ്ഞാനത്താൽ സായുധരായ, വിപണന യോഗ്യമായ പരമാവധി അളവു ധാന്യം ഉല്പാദിപ്പിക്കാൻ ശേഷിയുള്ള, സാമൂഹ്യമായി നടത്തപ്പെടുന്ന വൻകിട, സംയോജിത കൃഷിയിടങ്ങളിലേക്കു മാറുക എന്നതാണു പോംവഴി. കർഷകന്റെ വ്യക്തിഗത കാർഷിക വൃത്തിയിൽ നിന്നും കാർഷിക മേഖലയിലെ, സാമൂഹ്യമായി നടത്തപ്പെടുന്ന, സംയോജിത സമ്പദ് ക്രമത്തിലേക്കുള്ള പരിവർത്തനത്തിലാണ് പോം വഴിയുള്ളത്.
ഒക്റ്റോബർ വിപ്ലവത്തെ തുടർന്നുള്ള ആദ്യ ദിവസങ്ങൾ തൊട്ടു തന്നെ കൂട്ടുകൃഷി ഫാമുകൾ സംഘടിപ്പിക്കാൻ ലെനിൻ പാർട്ടിയെ ആഹ്വാനം ചെയ്തിരുന്നു. ആ സമയം മുതൽ കൂട്ടുകൃഷിയെന്ന ആശയത്തെപ്പറ്റിയുള്ള പ്രചരണം നമ്മുടെ പാർട്ടിക്കകത്ത് നിലക്കാതെ തുടരുന്നുണ്ട്. എങ്കിലും കൂട്ടുകൃഷി ഫാമുകൾ രൂപീകരിക്കണമെന്ന ആശയത്തോട് വലിയ തോതിലുളള ഒരു ബഹുജന പ്രതികരണമുണ്ടാവുന്നത് അടുത്ത കാലത്തു മാത്രമാണ്. നാട്ടിൻപുറങ്ങളിൽ പരസ്പര സഹകരണത്തിലൂന്നിയ സാമൂഹിക ജീവിതത്തിന് വ്യാപകമായ വികാസമുണ്ടായതോടെ കൂട്ടുകൃഷി ഫാമുകൾക്ക് അനുകൂലമായ ഒരു മനോഭാവമാറ്റം കർഷകരിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സമൂല മാറ്റത്തിനു വഴിയൊരുങ്ങി. ഒരു ഡെസ്സിയാറ്റിൻ (Dessiatin - പഴയ റഷ്യയിലെ ഭൂമി അളവിന്റെ യൂണിറ്റ് . ഏതാണ്ട് 2.70 ഏക്കറിനു തുല്യമാണ് ഒരു ഡെസ്സിയാറ്റിൻ) ഭൂമിയിൽ നിന്നും 150 - 200 പൂഡ് (Pood - പഴയ റഷ്യയിലെ തൂക്കത്തിന്റെ ഒരു യൂണിറ്റ് . ഏതാണ്ട് 16.39 കി.ഗ്രാമിനു തുല്യമാണ് പൂഡ്.) വരെ വിളവു ലഭിക്കുന്ന ഒട്ടേറെ കൂട്ടി കൃഷി ഫാമുകൾ നില നിൽക്കുന്നുണ്ടെന്നതും അവിടങ്ങളിൽ നിന്നുള്ള വിളവിൽ 30-40 ശതമാനം വരെ വിപണന യോഗ്യമായ മിച്ചമാണ് എന്നതും ദരിദ്ര കർഷകരേയും ചെറുകിട, ഇടത്തരം കൃഷിക്കാരേയും കൂട്ടുകൃഷിയിലേക്കു ശക്തമായി ആകർഷിക്കുന്നുണ്ട്. ഇ കൂട്ടുകൃഷി ഫാമുകളുടെ കാര്യത്തിൽ ഇപ്പോൾ വലിയ പ്രതികരണം ഉണ്ടാവാൻ ഇതൊക്കെയാവണം കാരണങ്ങൾ.
കൂട്ടുകൃഷി പ്രസ്ഥാനത്തിന് ഗണ്യമായ ധനസഹായം ചെയ്യാൻ സർക്കാരിന് അടുത്ത കാലത്തു മാത്രമാണ് സാധ്യമായത് എന്നതും
ഇതു സംബന്ധിച്ച അപ്രധാനമല്ലാത്ത ഒരു കാര്യമാണ്. കൂട്ടുകൃഷി ഫാമുകളെ സഹായിക്കാനായി കഴിഞ്ഞ വർഷം സർക്കാർ നൽകിയ പണത്തിന്റെ (60 ദശലക്ഷത്തിലേറെ റൂബിൾ) ഇരട്ടി പണമാണ് ഈ വർഷം നൽകിയിരിക്കുന്നതെന്ന് നമുക്കറിയാം. വൻതോതിലുള്ള ഒരു കൂട്ടുകൃഷി ഫാം പ്രസ്ഥാനത്തിന് സാഹചര്യങ്ങൾ പക്വമായിരിക്കുന്നു എന്നും കൂട്ടുകൃഷി ഫാം പ്രസ്ഥാനത്തിനു നൽകുന്ന ഉത്തേജനം, രാജ്യത്തിന്റെ ധാന്യോല്പാദനത്തിൽ തന്നെ വിപണന യോഗ്യമായ ധാന്യത്തിന്റെ അനുപാതം വർദ്ധിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നാണെന്നും 15-ാം പാർട്ടി കോൺഗ്രസ്സ് പ്രസ്താവിച്ചത് തികച്ചും ശരിയായിരുന്നു.
കേന്ദ്ര സ്ഥിതിവിവര ക്കണക്കു ബോർഡി (Central Statistical Board) ന്റെ കണക്കു പ്രകാരം 1927 ലെ കൂട്ടുകൃഷി ഫാമുകളുടെ മൊത്തം ധാന്യ ഉല്പാദനം 55 ദശലക്ഷം പൂഡിൽ താഴെയായിരുന്നില്ല. മൊത്തം ഉല്പാദനത്തിന്റെ ശരാശരി 30% വിപണി യോഗ്യമായ മിച്ചമായിരുന്നു. പുതിയ കൂട്ടുകൃഷി ഫാമുകൾ ആരംഭിക്കാനും പഴയവയുടെ വിപുലീകരണത്തിനും വേണ്ടി ഈ വർഷം ആദ്യത്തിൽ വ്യാപകമായി ആരംഭിച്ച പ്രസ്ഥാനം, ഈ വർഷം അവസാനമാകുമ്പോഴേക്കും കൂട്ടുകൃഷി ഫാമുകളിൽ നിന്നുളള ധാന്യോല്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. കൂട്ടുകൃഷി ഫാം പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ വികസന നിരക്ക് നിലനിർത്തുക, കൂട്ടുകൃഷി ഫാമുകളെ വലുതാക്കുക, കൂട്ടുകൃഷി ഫാമുകളെന്ന പേരിൽ നിലനിൽക്കുന്ന വ്യാജന്മാരെ ഒഴിവാക്കുക, അവക്കു പകരം യഥാർത്ഥ കൂട്ടുകൃഷി ഫാമുകൾ സ്ഥാപിക്കുക, കൂട്ടുകൃഷി ഫാമുകളുടെ വിപണന യോഗ്യമായ മുഴുവൻ ധാന്യവും സർക്കാരിനോ സഹകരണ സ്ഥാപനങ്ങൾക്കോ നൽകേണ്ടതാണെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടിയെന്ന നിലയിൽ സർക്കാർ സബ്സിഡിയും വായ്പാ സൗകര്യവും അവർക്ക് നിഷേധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക , ഇക്കാര്യങ്ങൾക്കു വേണ്ടി ഒരു സംവിധാനം ഉണ്ടാക്കുക എന്നതൊക്കെ ഇതിന്റെ ചുമതലയിൽ വരും. ഈ വ്യവസ്ഥകളൊക്കെ കൃത്യമായി പാലിക്കുന്ന പക്ഷം, മൂന്നോ, നാലോ വർഷങ്ങൾക്കകം കൂട്ടുകൃഷി ഫാമുകളിൽ നിന്നും 100 ദശലക്ഷം പൂഡ് വരെ വിപണന യോഗ്യമായ ധാന്യങ്ങൾ നമുക്കു ലഭിക്കുമെന്ന് ഞാൻ വിചാരിക്കുന്നു.
കൂട്ടുകൃഷി പ്രസ്ഥാനത്തെ ചിലപ്പോൾ സഹകരണ പ്രസ്ഥാനവുമായി താരതമ്യം ചെയ്യാറുണ്ട്. കൂട്ടുകൃഷി ഫാമുകൾ ഒരു കാര്യവും സഹകരണ സ്ഥാപനങ്ങൾ മറ്റൊരു കാര്യവമാണെന്ന ധാരണ വച്ചു കൊണ്ടാണ് ഇങ്ങനെ ചെയ്യാറുള്ളത്. അതു തീർച്ചയായും തെറ്റാണ്. കൂട്ടുകൃഷി ഫാമുകളേയും ലെനിന്റെ സഹകരണ പദ്ധതിയേയും പരസ്പര വിരുദ്ധമെന്ന നിലയിൽ താരതമ്യപ്പെടുത്തുന്നിടം വരെ പോലും ചിലർ പോവാറുണ്ട്. അത്തരം താരതമ്യപ്പെടുത്തലുകളിൽ യാതൊരു സത്യവുമില്ലെന്ന് എടുത്തു പറയേണ്ട കാര്യമില്ല. വാസ്തവത്തിൽ, കൂട്ടുകൃഷി ഫാമുകൾ സഹകരണ സ്ഥാപനങ്ങളുടെ ഒരു രൂപമാണ്; ഉല്പാദക സഹകരണ സ്ഥാപനങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ രൂപം. വിപണന സഹകരണ സ്ഥാപനങ്ങളുണ്ട്, വിതരണ സഹകരണ സ്ഥാപനങ്ങളുണ്ട്, ഉല്പാദക സഹകരണ സ്ഥാപനങ്ങളുമുണ്ട്. കൂട്ടുകൃഷി ഫാമുകൾ പൊതുവിൽ സഹകരണ പ്രസ്ഥാനത്തിന്റേയും പ്രത്യേകിച്ച്, ലെനിന്റെ സഹകരണ പദ്ധതിയുടേയും അഭേദ്യവും അവിഭാജ്യവുമായ ഭാഗമാണ്. ലെനിന്റെ സഹകരണ പദ്ധതി നടപ്പാക്കുക എന്നതിന്റെ അർത്ഥം, വിപണന, വിതരണ സഹകരണ സ്ഥാപനങ്ങളുടെ തലത്തിൽ നിന്നും ഉല്പാദക സഹകരണ സ്ഥാപനങ്ങളുടെ തലത്തിലേക്ക് കർഷകരെ ഉയർത്തുക എന്നതാണ്, സ്പഷ്ടമായി പറഞ്ഞാൽ, കൂട്ടുകൃഷി ഫാം സഹകരണ സ്ഥാപനത്തിന്റെ തലത്തിലേക്ക് ഉയർത്തുക എന്നതാണ്. എന്തു കൊണ്ടാണ് വിപണന, വിതരണ സഹകരണ സ്ഥാപനങ്ങളുടെ വികാസത്തിന്റേയും സുദൃഢീകരണത്തിന്റേയും ഫലമെന്ന നിലയിൽ മാത്രം നമ്മുടെ കൂട്ടുകൃഷി ഫാമുകൾ ഉയർന്നുവരാനും തുടങ്ങിയത് എന്ന ചോദ്യത്തിനും ഇതു വിശദീകരണം നൽകുന്നുണ്ട്.
2) രണ്ടാമതായി, പഴയ സർക്കാർ ഫാമുകൾ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും പുതിയ, വലിയ ഫാമുകൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലാണ് പോംവഴിയുള്ളത്. കേന്ദ്ര സ്ഥിതിവിവരക്കണക്കു ബോർഡിന്റെ കണക്കു പ്രകാരം, നിലവിലുള്ള സർക്കാർ ഫാമുകളിലെ 1927 ലെ മൊത്തം ധാന്യ ഉല്പാദനം 45 ദശലക്ഷം പൂഡിൽ കുറവായിരുന്നില്ല. 65 ശതമാനത്തിന്റെ വിപണന യോഗ്യമായ മിച്ചവും അതിലുണ്ടായിരുന്നു. ഒരു നിശ്ചിത അളവിലുള്ള സർക്കാർ പിന്തുണ ലഭിക്കുകയാണെങ്കിൽ ധാന്യോല്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സർക്കാർ ഫാമുകൾക്കു സാധിക്കുമെന്നതിൽ സംശയമില്ല.
എങ്കിലും കടമകൾ അവിടെ അവസാനിക്കുന്നില്ല. കർഷകരുടെ കൃഷിയിടങ്ങളില്ലാത്ത ജില്ലകളിൽ (10,000 മുതൽ 30,000 ഡെസ്സിയാറ്റിൻ വരെ വിസ്തൃതിയുള്ള) വൻകിട സർക്കാർ ഫാമുകൾ പുതുതായി തുടങ്ങാൻ സോവിയറ്റ് സർക്കാരിന്റെ തീരുമാനമുണ്ട്. അഞ്ചോ, ആറോ വർഷം കൊണ്ട് ഈ സർക്കാർ ഫാമുകളിൽ വിപണന യോഗ്യമായ ഏതാണ്ട് 100 ദശലക്ഷം പൂഡ് ധാന്യങ്ങൾ വിളയിക്കാനാവും. ഈ സർക്കാർ ഫാമുകളുടെ സംഘാടന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്തു വില കൊടുത്തും സോവിയറ്റ് സർക്കാരിന്റെ ഈ തീരുമാനം സഫലമാക്കുക എന്നതാണു കടമ. ഈ കടമകൾ നിറവേറ്റാൻ കഴിഞ്ഞാൽ, മൂന്നോ നാലോ വർഷത്തിനകം, പഴയതും പുതിയതുമായ സർക്കാർ ഫാമുകളിൽ നിന്നും ഏകദേശം 80-100 ദശലക്ഷം പൂഡ് ധാന്യങ്ങൾ വിപണിയിൽ എത്തിക്കാനാവുമെന്ന് ഞാൻ കരുതുന്നു.
3) ഒടുവിലായി, ചെറുകിടക്കാരും ഇടത്തരക്കാരുമായ വ്യക്തിഗത കൃഷിക്കാരുടെ ഫാമുകളിലെ വിളവ് ക്രമപ്രകാരം വർദ്ധിപ്പിക്കുന്നതാണ് പോംവഴി. കുലാക്കുകളുടെ വ്യക്തിഗത ഉടമസ്ഥതയിലുള്ള വൻകിട ഫാമുകൾക്ക് എന്തെങ്കിലും പിന്തുണ നൽകാൻ നമുക്കാവില്ല; അങ്ങനെ ചെയ്യേണ്ടതുമില്ല. എന്നാൽ, ചെറുകിടക്കാരും ഇടത്തരക്കാരുമായ വ്യക്തിഗത കർഷകരുടെ ഫാമുകളെ സഹായിക്കാൻ നമുക്കാവും; അതു ചെയ്യേണ്ടതുമുണ്ട്. അവരുടെ വിളവു വർദ്ധിപ്പിക്കാൻ സഹായിച്ചുകൊണ്ടും സഹകരണ സംഘടനയുടെ മാർഗ്ഗത്തിലേക്ക് കൊണ്ടുവന്നു കൊണ്ടും നമുക്ക് അവരെ സഹായിക്കാനാവും. ഇതൊരു പഴയ കടമയാണ്. (ഉല്പാദന) മിച്ചത്തെ പിടിച്ചെടുക്കുന്ന വ്യവസ്ഥക്കു പകരമായി സാധനങ്ങളായി നികുതി സ്വീകരിക്കുമെന്ന രീതി നടപ്പാക്കിയ 1921 ൽ തന്നെ പ്രത്യേക ഊന്നലോടെ ഇതു പ്രഖ്യാപിക്കപ്പെട്ടിരുന്നു. നമ്മുടെ പാർട്ടിയുടെ 14, 15 കോൺഗ്രസ്സുകളിൽ ഈ കടമ വീണ്ടും ഊന്നിപ്പറഞ്ഞിരുന്നു. ധാന്യങ്ങളുടെ മുന്നണിയിൽ അനുഭവപ്പെടുന്ന പ്രയാസങ്ങൾ ഈ കടമയുടെ പ്രാധാന്യം ഇപ്പോൾ ഊന്നിപ്പറയുന്നു. അതുകൊണ്ട്, ആദ്യം പറഞ്ഞ രണ്ടു കടമകൾ, കൂട്ടുകൃഷി ഫാമുകളേയും സർക്കാർ ഫാമുകളേയും സംബന്ധിച്ച കടമകൾ നിറവേറ്റാൻ കാണിക്കുന്ന അതേ ദൃഢനിശ്ചയത്തോടെ തന്നെ ഈ കടമയും നിറവേറ്റണം.
*ജെ.വി. സ്റ്റാലിൻ*
_*'ധാന്യത്തിന്റെ മുന്നണിയെ പറ്റി '*_
_(സ്വെർദ്ലോവ് യൂണിവേഴ്സിറ്റി കമ്യൂണിസ്റ്റ് അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെഡ് പ്രൊഫെസേഴ്സിലെ വിദ്യാർത്ഥികളോടു ചെയ്ത ഒരു പ്രസംഗത്തിൽ നിന്ന്. 1928 മെയ് 28.)_