Fredy K Thazhath:-ഫാഷിസ്റ്റ് അപായത്തിൻ്റെ സന്ദർഭത്തിലെ പൊതു അടവ് ലൈൻ ഫാഷിസ്റ്റു വിരുദ്ധ മുന്നണിയുടെ ലൈനാണ്.


 

കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിൻ്റെ (കൊമിൻ്റൺ) ഏഴാം കോൺഗ്രസ്സിൽ ജനറൽ സെക്രട്ടറി സഖാവ് ജ്‌യോർജി  ദിമിത്രോവ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ മുന്നോട്ടുവയ്ക്കപ്പെട്ട നിർവചനവും പ്രതിവിധിയും ചേർന്ന സാർവദേശീയ അടവുലൈൻ ആണ് ഐക്യമുന്നണിയെ സംബന്ധിച്ച അടവുലൈൻ. ഇത്തരമൊരു  അടവുലൈൻ സ്വീകരിക്കുന്നതുവരെ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പൊതു-അടവു ലൈൻ അഥവാ, ‘ജനറൽ റ്റാക്റ്റിക്കൽ ലൈൻ’ എന്ന കാഴ്ചപ്പാട് തന്നെ വ്യക്തമായ രൂപത്തിൽ സ്വായത്തമായിരുന്നില്ല.

 

ലെനിന്റെ കാലത്ത് വിപ്ലവത്തിൻ്റെ തന്ത്രപരമായ ലൈൻ അഥവാ, 'സ്ട്രറ്റീജിക്ക് ലൈൻ' കൊമിൻ്റൺ സ്വീകരിച്ചിരുന്നു. അതിൻ്റെ  ഫലമായിട്ടാണ് എല്ലാ ഭൂഖണ്ഡങ്ങളിലും വിവിധ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിക്കപ്പെട്ടത്.

 

പക്ഷേ, സാമൂഹ്യ വിപ്ലവത്തിന്റെ വിജയത്തിന് ഈ തന്ത്രപരമായ ലൈൻ മാത്രം മതിയാവുന്നതായിരുന്നില്ല.

 

തന്ത്രപരമായ ലൈനിന്റെ അടിസ്ഥാനത്തിൽ  വിപ്ലവപരിപാടിയും പ്രൊഫഷണൽ റവല്യൂഷണറി ക്യാഡർ ലൈൻ ഉള്ള, അഥവാ, വിപ്ലവ പ്രവർത്തനം തൊഴിലാക്കിയ,  കേന്ദ്രീകൃത ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള, സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ മുന്നണിപ്പട അഥവാ, മോഡേൺ ഇൻഡസ്ട്രിയൽ പ്രേലിറ്റേറിയൻ പൊളിറ്റിക്കൽ വാൻഗാർഡ് എന്ന രാഷ്ട്രീയപ്പാർട്ടിയും സൃഷ്ടിക്കാനായി.

 

പക്ഷേ, ആ പാർട്ടിയുടെ പരിപാടി ദൈനംദിനം നടപ്പിലാക്കാനായി പ്രോലിറ്റേറിയൻ പൊളിറ്റിക്കൽ വാൻഗാഡിന് പൊതു അടവു ലൈൻ അഥവാ, ജനറൽ റ്റാക്റ്റിക്കൽ ലൈൻ അനിവാര്യമായിരുന്നു.

 

പ്രഥമ സോഷ്യലിസ്റ്റ് വിപ്ലവം നടന്ന സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിർമ്മാണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച് ശരിയായ ഒരു പ്രയോഗപാത വെട്ടിത്തെളിച്ചടുക്കാനും റ്റാക്റ്റിക്കൽ ലൈൻ അനിവാര്യമായിരുന്നു.

 

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തെ കടുത്ത ആശയ സമരത്തിനൊടുവിൽ എപ്രകാരമാണ് ‘പുത്തൻ സാമ്പത്തിക നയ’ ത്തിൽ നിന്ന് മുന്നോട്ടു പോകേണ്ടത് എന്നതിന് ഒരു തീരുമാനം ഉണ്ടായി.

 

പക്ഷേ, സാർവ്വദേശീയ വർഗ്ഗസമരത്തെ ദൈനംദിനം മുന്നോട്ടു നയിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ വിപ്ലവപ്രസ്ഥാനങ്ങളെ നിരന്തരം സഹായിക്കുന്നതിനും സാമ്രാജ്യത്വത്തിന്റെ ജനറൽ ക്രൈസിസ് അതിൻറെ രണ്ടാം സ്റ്റേജിലേക്ക് കടന്നപ്പോൾ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് എങ്ങനെ വിവിധ രാജ്യങ്ങളിൽ വിപ്ലവപ്രയോഗത്തിന്റെ അടവുകൾ സ്വീകരിക്കാൻ കഴിയും എന്നതിനും സഹായകരമായ, അതിലേക്ക് വെളിച്ചം വീശാൻ കഴിയുന്ന, ഒരു സാർവദേശീയ പൊതു അടവുലൈൻ എന്ന കാര്യത്തിൽ വേണ്ടത്ര വ്യക്തത ഉണ്ടായിരുന്നില്ല.

 

ഇന്ത്യയിലും ചൈനയിലും അടക്കം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടവു ലൈനിനെ സംബന്ധിച്ച ആദ്യകാല പാളിച്ചകൾക്ക് ഈ പൊതു അടവു ലൈനിന്റെ അഭാവം വലിയൊരു കാരണമായിരുന്നു.

 

എന്തിന്,

സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിൻ്റെ സമയത്ത് ഫാഷിസ്റ്റ് - ഫലാഞ്ചിസ്റ്റ് ശക്തികളെ നേരിടുന്നതിലും ജനറൽ ഫ്രാങ്കോവിൻ്റെ നേതൃത്വത്തിൽ ഫാഷിസ്റ്റ് സ്വഭാവമുള്ള ‘നാഷണലിസ്റ്റ്’ സൈന്യം ഉയർത്തിയ യുദ്ധത്തെ വിജയകരമായി ഒറ്റപ്പെടുത്തുന്നതിലും പരാജയപ്പെടുത്തുന്നതിലും ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് വന്ന വീഴ്ച ഇത്തരത്തിലൊരു പൊതു അടവു ലൈനിന്റെ അഭാവത്തിൻ്റെ പാശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ.

 

 

ശരിയായ പൊതു അടവു ലൈൻ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ ഫ്രാങ്കോവിൻ്റെ ഫാഷിസ്റ്റ് - ഫലാഞ്ചിസ്റ്റ് ആക്രമണത്തിന് എതിരെ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളോടും തൊഴിലാളി വർഗ്ഗപ്രസ്ഥാനങ്ങളോടും ബ്രിഗേഡുകൾ ഉണ്ടാക്കിക്കൊണ്ട് സ്പെയിനിലേക്ക് അത്തരം ബ്രിഗേഡുകളെ അയച്ചുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് പ്രതിരോധ യുദ്ധം നടത്താനാണ് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഹ്വാനം ചെയ്തത്. അല്ലാതെ, കമ്മ്യൂണിസ്റ്റുകളല്ലാത്തവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഫാഷിസത്തിനെതിരെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു ഫാഷിസ്റ്റുവിരുദ്ധ സഖ്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് അക്കാലത്ത് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിനുള്ളിൽ സാരവത്തായ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായില്ല.

 

ഇതേ കാലഘട്ടത്തിൽ തന്നെയാണ് സാമ്രാജ്യത്വത്തിന്റെ ജനറൽ ക്രൈസിസിൻ്റെ രണ്ടാം സ്റ്റേജ് മൂർച്ഛിച്ച്  മിക്കവാറും എല്ലാ മുതലാളിത്ത രാജ്യങ്ങളിലും സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും രണ്ടാം മഹാമാന്ദ്യം പൊട്ടിപ്പുറപ്പെട്ടത്.

 

ഇതിനെതിരെ സംഘടിത തൊഴിലാളി വർഗ്ഗത്തെയും  കർഷകരെയും കൈവേലക്കാരെയും എല്ലാത്തരം ഇതര അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ഐക്യപ്പെടുത്താനും കുത്തകേതര മൂലധന ശക്തികളെ കൂടി ഈ ഐക്യത്തിൻ്റെ സഹായ ശക്തിയാക്കി ഉപയോഗിക്കുന്നതിലേക്കും വളർന്നെത്താൻ കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിൽ അംഗങ്ങളായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വേണ്ടത്ര കഴിയുകയുണ്ടായില്ല.

 

എന്തായിരുന്നു ഇതിൻ്റെ ഫലം?

 

പൊതുവായ അടവു ലൈനിന്റെ അഭാവത്തിൽ ഇടതുപക്ഷ ശക്തികൾ തന്നെ ഓരോ രാജ്യത്തും ചിതറിയ അവസ്ഥയിൽ നിലനിന്നത് ഉപയോഗപ്പെടുത്തി കൊണ്ടാണ് മഹാമാന്ദ്യത്തിന്റെ തിക്തഫലമെന്നോണം ഫാഷിസ്റ്റ് ഫലാഞ്ചിസ്റ്റ് ശക്തികൾ അത്തരം രാഷ്ട്രങ്ങളിൽ കരുപ്പിടിപ്പിക്കപ്പെടുകയും വളരുകയും സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികളെയും ട്രേഡ് യൂണിയനുകളെയും കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തരാതരം പോലെ എതിർത്ത് വീഴ്ത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കുകയും ചെയ്തത്. "

 

നാസി ജർമനിയും മുസളീനിയുടെ ഇറ്റലിയും പ്രകടമായി തന്നെ യുദ്ധത്തിൽ പങ്കെടുക്കുകയും ഗൂർണിക്കയിൽ നാസി വ്യോമസേനയുടെ പ്രഥമ ഡൈവ് ബോംബിങ് ഉൾപ്പെടെ സംഭവിക്കുകയും റിപ്പബ്ലിക് പക്ഷം പരാജയപ്പെടുകയും ഫാഷിസ്റ്റ് ഫ്രാങ്കോ വിന്റെ നാഷണലിസ്റ്റ് സൈന്യം ബാഴ്സലോണ പിടിക്കുകയും ചെയ്തു.

 

ഫാഷിസത്തെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ വിലയിരുത്തിയ അടിസ്ഥാനപരമായി കാര്യം അത് സൂപ്പർ സ്ട്രക്ചറിൽ അഥവാ, ഉപരി ഘടനയിൽ ഉണ്ടായ എന്തെങ്കിലും വൈകല്യത്തിന്റെ ഭാഗമായി ഉടലെടുത്തതല്ല എന്നാണ്.

 

മൂലധനം കുത്തകവത്കരിക്കുകയും അത് ബാങ്ക് മൂലധനവുമായി ഉൾച്ചേർന്ന് ഫിനാൻസ് മൂലധനം ആയി മാറുകയും ചെയ്ത പ്രക്രിയ മാർക്സിന്റെ അവസാന കാലഘട്ടത്തിൽ ആരംഭിച്ച് ലെനിൻ സാമ്രാജ്യത്വത്തെപ്പറ്റിയുള്ള രചനകൾ നടത്തുന്ന കാലത്ത് ലോകത്താകെ വ്യാപിച്ച അവസ്ഥയിലെത്തിയിരുന്നുവെങ്കിലും, ലെനിന് ശേഷമുള്ള 20 വർഷങ്ങൾക്കുള്ളിൽ ഫിനാൻസ് മൂലധനത്തിന്റെ അളവ് അതിഭീമമായി വളരുകയും തന്മൂലം തന്നെ അതിൻ്റെ പ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്തു. കുത്തക ബൂർഷ്വാ ഗ്രൂപ്പുകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും ഇടയിൽ തന്നെ വലിയ ഏറ്റത്താഴ് വുകളുണ്ടാവുകയും അത് വഴിയേ  കുത്തകകൾക്കിടയിൽ തന്നെ ദുഷ്പ്രഭുത്വ വിഭാഗങ്ങളുടെ  വളർച്ചക്കു വഴിവക്കുകയും ചെയ്തു. ഫിനാൻസ് ഒലിഗാർക്കിയെപ്പറ്റി ലെനിൻ പഠിപ്പിച്ച അടിസ്ഥാന പാഠങ്ങൾ ഈ അവസ്ഥയിൽ വിപുലീകരിക്കേണ്ടത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ്ഗത്തിന്റെയാകെയും അവശ്യമായ ഉത്തരവാദിത്തമായി മാറി.

 

ചുരുക്കത്തിൽ,

വിപ്ലവത്തിന്റെ പൊതു അടവുലൈനിന്റെ കാര്യത്തിൽ മാത്രമല്ല, മൂർത്തരൂപത്തിൽ മുന്നിൽ വന്ന മഹാമാന്ദ്യത്തെയും അതിൻ്റെ തിക്തഫലമായി സമൂഹത്തിലും രാഷ്ട്രീയ രംഗത്തും വന്ന വികലമായ വളർച്ചകളെയും പുതിയ അപായങ്ങളെയും നേരിടുന്നതിൽ കൂടി കമ്മ്യൂണിസ്റ്റ് ഇൻറർനാഷണനലിനും അതിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഗുരുതരമായ വീഴ്ച പറ്റുകയുണ്ടായി.

 

ഇതാണ് രണ്ടാം മഹാമാന്ദ്യത്തിന് ശേഷം അതിന്റെ തിക്തഫലം എന്നോണം ഫാഷിസ്റ്റ് ശക്തികൾ ലോകത്ത് ഉദയം ചെയ്യുന്നതിനും അത് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിലേക്ക് എത്തിച്ചേരുന്നതിനും സഹായകമായ ഒരു ഘടകം.

 

കൊമിൻ്റൺ 7ാം കോൺഗ്രസ്സ് ആണ് ഈ പ്രശ്നത്തിന് ഗണ്യമായ പരിഹാരം ഉണ്ടാക്കിക്കൊണ്ട് ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയെ സംബന്ധിച്ച പൊതു  അടവുലൈൻ മുന്നോട്ടു വച്ചത്.

 

അത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പൊതു അടവിനെ  (ജനറൽ റ്റാക്റ്റിക്ക് ) സംബന്ധിച്ച ഏറ്റവും ഉജ്ജ്വലമായ മാതൃക കൂടിയായി മാറി.

 

വിപ്ലവ പ്രയോഗത്തിൽ വ്യക്തമായ ലക്ഷ്യബോധവും വിപ്ലവത്തിൻ്റെ ഘട്ടത്തെപ്പറ്റിയും തന്ത്രപരമായ ലൈനിനെ പറ്റിയും വിശദമായ പരിപാടിയെ പറ്റിയും ഏറ്റവും മൂർത്തമായ വിശകലനവും തീരുമാനങ്ങളും എടുക്കാൻ സഹജമായ പ്രാപ്തിയുള്ളതു മാത്രമല്ല സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിൻ്റെ സവിശേഷത ;

മറിച്ച്,

അത്തരം മൂർത്തമായ വിശകലനങ്ങളും തീരുമാനങ്ങളും വിപ്ലവ പ്രയോഗ പാതയിലെ ഒരോ വളവു തിരിവുകളിലും ദുർഘട സന്ദർഭങ്ങളിലും തക്കതായ അടവുകൾ സ്വീകരിച്ചുകൊണ്ട് ചുവടു ചുവടായും സാധ്യമായ കുതിപ്പുകളായും മുന്നോട്ടു കൊണ്ടുപോവുകയും വേണ്ടിവരുന്ന സ്ഥലസന്ദർഭങ്ങളിൽ വിവേകപൂർവ്വവും ആവശ്യവുമായ പിൻവാങ്ങലുകൾ നടത്തുകയും ചെയ്യാനുള്ള പ്രയോഗപ്രാപ്തി ഏറ്റവും സാധ്യമായ പൂർണ്ണതയിൽ കൈവരിക്കാൻ കഴിവുള്ള ഏറ്റവും ആധുനികവും അന്തിമവുമായ ഒരേ ഒരു വർഗ്ഗം അതാണ് എന്നതാണ്.

 

അതെ,

പ്രോലിറ്റേറിയൻ വിപ്ലവ പരിപാടിയുടെ ജീവശ്വാസമാണ് ഏറ്റവും ശരിയായ, തക്കതായ, അടവുകൾ.

അത്തരം ശരിയായ അടവുകളുടെ പൊതു ഗൈഡ് ലൈനാണ് ജനറൽ റ്റാക്റ്റിക്കൽ ലൈൻ. ഫാഷിസ്റ്റ് അപായത്തിൻ്റെ സന്ദർഭത്തിലെ ജനറൽ റ്റാക്റ്റിക്കൽ ലൈൻ ഫാഷിസ്റ്റു വിരുദ്ധ മുന്നണിയുടെ ലൈനാണ്.