STATEMENT:മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റ്: ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട്, ആഗോളീകരണ നയങ്ങൾ തുടരുന്നു.




മൂന്നാം മോദി സർക്കാരിൻ്റെ പ്രഥമ ബജറ്റ് പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ ഗൗരവത്തോടെ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. മറിച്ച്, ഏതാണ്ട് 61 കോടി ജനങ്ങൾ (ജനസംഖ്യയുടെ 42%) നേരിട്ടാശ്രയിക്കുന്ന കാർഷിക മേഖലക്ക് മുഖ്യ മുൻഗണന നൽകുന്നു എന്ന് സ്വയം പുകഴ്ത്തിക്കൊണ്ട്, സാമ്രാജ്യത്വ ആഗോളീകരണ നയങ്ങൾ പിന്നെയും മുന്നോട്ടു കൊണ്ടുപോവുകയാണ് ബജറ്റ്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ, 'ഇൻ്റേൺഷിപ്പ് പ്രോഗ്രാം' എന്ന ഒരു അസംബന്ധ പദ്ധതിയാണ് ബജറ്റ് മുന്നോട്ടു വക്കുന്നത്; അതും സി എസ് ആർ ഫണ്ടുമായി (CSR Fund) ബന്ധിപ്പിക്കപ്പെട്ട ഒന്ന്. പ്രോവിഡൻ്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തിൽ (Employers' Contribution) സഹായകരമായി വർത്തിക്കും എന്ന ഒരു നാമമാത്ര വാഗ്ദാനവും അതു മുന്നോട്ടു വക്കുന്നു. വിലക്കയറ്റ നിരക്കുകൾ ഡബ്ല്യു പി ഐ (WPl- ഹോൾസെയ്ൽ പ്രൈസ് ഇൻ്റക്സ്) 3.4% വും സി പി ഐ (CPI - കൺസ്യൂമർ പ്രൈസ് ഇൻ്റക്സ്) 5.2 % വും ഭക്ഷ്യ പണപ്പെരുപ്പം 9.4% വുമാണ്. തൊഴിലില്ലായ്മ നിരക്ക്: CMIE (സെൻ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി )കണക്കനുസരിച്ച് തൊഴിലില്ലായ്മയുടെ അഖിലേന്ത്യാ നിരക്ക് 9.4% മാണ്. സാമ്പത്തിക സർവ്വേയുടെ (Economic Survey - E S) അനുമാനമനുസരിച്ച് വ്യാവസായിക ചരക്കുല്പാദനത്തിലെ (മാന്യുഫാക്ച്ചറിങ്) ഡിഫ്ലേറ്റർ (deflator) അഥവാ, വ്യതിയാന സൂചിക 1.7% മാണ്. ഇത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധി സാമ്പത്തിക ശാസ്ത്രജ്ഞർ കടുത്ത വിമർശനം നടത്തിയിട്ടുണ്ട്. ഈ കണക്കുകളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാതെ 8.4% ജിഡിപി (GDP) വളർച്ചയെന്ന വമ്പൻ അവകാശവാദത്തെ സ്വീകരിക്കാനാവില്ല.

സാമ്പത്തിക സർവ്വേ സുപ്രധാനമായ ഒട്ടേറെ ഡാറ്റയിൽ മായം ചേർത്തെങ്കിലും, കാർഷിക മേഖലയിലെ ജിഡിപി വളർച്ച കഴിഞ്ഞ വർഷത്തെ 4.7% ത്തിൽ നിന്നും നടപ്പുവർഷം 1.4% മായി, അതായത് മൂന്നിലൊന്നിൽ താഴെയായി ഇടിഞ്ഞുവെന്നു പറയാൻ നിർബ്ബന്ധിതമായിരിക്കുന്നു. 'എൽ നിനോ' പ്രതിഭാസത്തിൻ്റെ ഫലമായി മൺസൂൺ പരാജയപ്പെട്ടതു മൂലം ധാന്യോല്പാദനത്തിൽ കുറവു വന്നതുകൊണ്ടാണ് ഈ ഇടിവുണ്ടായതെന്ന സർക്കാരിൻ്റെ വാദം തികഞ്ഞ അസംബന്ധമാണ്. 2022 - 23 ലെ ധാന്യ ഉല്പാദനം 329.7 ദശലക്ഷം ടൺ ആയിരുന്നത് 2023 - 24 ൽ 328.8 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഒരു ലക്ഷം ടണ്ണിൽ താഴെ മാത്രമാണ് കുറവ്. ജിഡിപി വളർച്ചാ നിരക്കിലുണ്ടായ വലിയ ഇടിവിനു കാരണം ഇതായിരിക്കാൻ വഴിയില്ല. ഈ മേഖലയാണ് ഭൂരിപക്ഷം തൊഴിൽ ദിനങ്ങൾ നൽകുന്ന മേഖല എന്നുള്ള സാഹചര്യത്തിൽ, തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും പിന്നെയും വർദ്ധിക്കാൻ ഈ ഇടിവ് ഗുരുതരമായ കാരണമായി മാറും. ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനായി ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പൊതുവായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കു (DPI - Digital Public Infrastructure) കീഴിൽ കൈവശഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽവത്ക്കരിക്കുകയും പുതിയ വിത്തിനങ്ങൾ പുറത്തിറക്കുകയും ചെയ്യുക എന്നതു പോലുള്ള ബജറ്റ് നിർദ്ദേശങ്ങൾ, സാമൂഹ്യ സാമ്പത്തിക ഘടകങ്ങളെ ഉൾക്കൊണ്ടുകൊണ്ടു നടത്തേണ്ട ഒരു സമഗ്ര പദ്ധതിയിലൂടെ ഈ വീഴ്ചക്കു പരിഹാരം കാണുന്ന കാര്യത്തിൽ ദയനീയമാം വിധം അപര്യാപ്തമാണ്. പകരം അഗ്രി ബിസിനസ്സിനെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു നീക്കമാണിത്. അത് FPO കളെ പിന്തുണക്കുകയും ഒരു 'ദേശീയ സഹകരണ നയ'ത്തെപ്പറ്റി പൊള്ളയായ വാഗ്ദാനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഘടനാപരമായ ഏതെങ്കിലും പരിഹാര പദ്ധതികളോ ആവശ്യമായ ഫണ്ട് വകയിരുത്തലോ ഇല്ലാതെയാണ് അതു ചെയ്യുന്നത്. FPO കൾ സൃഷ്ടിക്കുക എന്നത് ദുർബ്ബലമായ മുട്ടുശ്ശാന്തി നടപടി മാത്രമാണ്. 2026 - 27 ആകുമ്പോഴേക്ക് 10000 FPO കൾ രൂപീകരിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും 6860 കോടി രൂപയെന്ന 'വൻ' തുക അതിനായി ചെലവഴിച്ചിട്ടുണ്ടെന്നും അതിൽ 8195 FPO കൾ രൂപീകരിച്ചു കഴിഞ്ഞുവെന്നും അതിൽ തന്നെ 3325 FPO കളുടെ ഈക്വിറ്റി ഗ്രാൻ്റായി (Equity Grant) '157.4 കോടി രൂപ' നൽകിക്കഴിഞ്ഞുവെന്നും സർക്കാർ അവകാശപ്പെടുന്നു. കാർഷിക പ്രതിസന്ധിയുടെ സ്വഭാവവും തീവ്രതയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അങ്ങേയറ്റം വങ്കത്തരവും അസംബന്ധവുമാണ്. മിറിച്ച്, നിയമാനുസൃതമാക്കപ്പെട്ട മിനിമം താങ്ങുവില (Legalised MSP - Minimum Support Price), കുറഞ്ഞ പലിശ നിരക്കുള്ള വായ്പകൾ, കുത്തക സംഭരണ സംവിധാനം തുടങ്ങി കർഷകർ മുന്നോട്ടു വച്ചിരുന്ന ആവശ്യങ്ങളൊന്നിനേയും ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. വിപുലമായ കൂടിയാലോചനകളും നിഷ്ക്കർഷിത വ്യവസ്ഥകളും ഇല്ലാതെ കൈവശഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നത് അഗ്രി ബിസിനസ്സ് ഭീമൻമാർക്കും ബഹുരാഷ്ട്ര കുത്തകകൾക്കും ഡാറ്റയും വിശകലനങ്ങളും നൽകുന്നതിനുള്ള ഒരു രീതിയാണ്. ഉത്പാദന സഹകരണ സംഘങ്ങളുടെ ശൃംഖലയും - മാർക്കറ്റിംഗ് സഹകരണ സംഘങ്ങളുടെയും - ഉപഭോക്തൃ സഹകരണ സംഘങ്ങളുടെയും ശൃംഖലയും ഉൾപ്പെട്ട അനുയോജ്യമായ കൺസോർഷ്യങ്ങൾ രൂപപ്പെടുത്തുക എന്നതാണ് യഥാർത്ഥത്തിൽ വേണ്ടിയിരുന്നത്.

വ്യവസായത്തിൻ്റെ കാര്യത്തിൽ, വിദേശ നിക്ഷേപത്തിന് നികുതിയിലും കസ്റ്റംസ് ഡ്യൂട്ടിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ആഭരണ വ്യവസായത്തിൽ വില കൂടിയ ലോഹങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചിട്ടുണ്ട്. ഇതു രണ്ടും സാഹചര്യങ്ങളെ മെച്ചപ്പെടുത്തില്ല; എന്നാൽ ആഭ്യന്തര വ്യവസായങ്ങളിലെ ബന്ധപ്പെട്ട മേഖലകൾക്ക് അത് ദൂഷ്യം ചെയ്യും. മാനുഫാക്ച്ചറിംഗ് മേഖലയിലെ എം എസ് എം ഇ (MSME) കൾക്കോ, കുത്തകേതര വിഭാഗത്തിനോ സഹായകരമായ, ഗണ്യമായ യാതൊന്നും ബജറ്റ് ചെയ്യുന്നില്ല. നാഷണൽ ഹൈവേ അഥോറിറ്റിയുടെ (NHAl- National Highway Authority of India) ആസ്തിയിൽ പെട്ട 33 ഹൈവേകൾ പോലെയുള്ളവ ചുങ്കം പിരിക്കാനുള്ള വ്യവസ്ഥ (TOT - Toll Operate and Transfer) അനുസരിച്ച് വിറ്റഴിക്കാനുള്ള സാമ്പത്തിക സർവ്വേയുടെ നിർദ്ദേശം അതേ പടി നടപ്പാക്കിയാൽ വ്യവസായങ്ങളുടെ ഇൻപുട്ട് (input) അഥവാ, ഉത്പാദന ചെലവിൽ വിനാശകരമായ ഫലങ്ങളുണ്ടാക്കും. റെയിൽവേയെ ഗണ്യമായ വിധത്തിൽ പുന:സംഘടിപ്പിക്കാനുള്ള യാതൊന്നും ഈ ബജറ്റിലില്ല. പൊതുമേഖല സംരഭ (PSU) വ്യവസ്ഥയിൽ സർക്കാർ നിക്ഷേപം നടത്തുന്നത് പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വ്യാവസായിക മേഖലയെ ബജറ്റ് പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. ഗുണനിലവാരവും ഉല്പാദനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താവുന്ന വിധം നിലവിലുള്ള പൊതുമേഖലാ യൂണിറ്റുകളെ പുന:സംവിധാനം ചെയ്യുകയും എണ്ണ, വിദ്യുച്ഛക്തി, ഖനന മേഖലകൾക്ക് മുഖ്യമായ ഊന്നൽ നൽകിക്കൊണ്ട് ദേശസാത്ക്കരണത്തിൻ്റെ ഒരു സുസ്ഥിര നയം നടപ്പാക്കുകയും ചെയ്യുക എന്നതാണ് വർത്തമാന കാലത്തിൻ്റെ സുപ്രധാനമായ ആവശ്യം.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ മെച്ചപ്പെടുത്താനുള്ള യുക്തിപൂർവ്വമായ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും മുന്നോട്ടു വക്കപ്പെട്ടിട്ടില്ല. രണ്ടു മേഖലകളിലും സർക്കാർ ചെലവു ചെയ്യുന്ന തുകകൾ കുറഞ്ഞിരിക്കുന്നു. (ആരോഗ്യരക്ഷാ രംഗത്ത് 1.9% ത്തിൽ നിന്നും 0.28% മായി കുറഞ്ഞപ്പോൾ വിദ്യാഭ്യാസ രംഗത്ത് 1,16,470 കോടിയെന്ന ബജറ്റ് എസ്റ്റിമേറ്റിനെതിരെ 1,08,878 കോടിയെന്ന ചെറുതെങ്കിലും കുറവു വന്നിരിക്കുന്നു.) ഇരു മേഖലകളിലും നീക്കിവക്കപ്പെട്ടിരിക്കുന്ന തുക അങ്ങേയറ്റം അപര്യാപ്തമായിരിക്കുമ്പോൾ വിദ്യാഭ്യാസരംഗത്ത് വലിയൊരു ഗുണനിലവാരത്തകർച്ച കൂടി പ്രകടമാണ്. കുപ്രസിദ്ധമായ വിധം ഹീനമായ നീറ്റ് (NEET) പരീക്ഷകളേയോ NTA യുടെ അഴിമതി സംവിധാനത്തേയോ ശരിയായി കൈകാര്യം ചെയ്യാനുള്ള യാതൊന്നുമില്ല. തങ്ങളുടെ സ്വന്തം സമ്പ്രദായങ്ങൾ നടപ്പാക്കാൻ അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് ചെവി കൊടുക്കുക പോലും ചെയ്തിട്ടില്ല.

പണപ്പെരുപ്പം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ആറു വർഷമായി കൂലിയും വേതനവും സ്തംഭിച്ച സ്ഥിതിയിലാണ്. 2017-18 മുതൽ 2022-23 വരെയുള്ള കാലത്തെ ശരാശരി വേതനം: റെഗുലർ വേജസ് - 19,750/-,

സ്വയം തൊഴിൽ സംരംഭകർ - 12,800/-, കാഷ്വൽ വേജസ് - 7400/-. വർദ്ധിപ്പിച്ച മിനിമം കൂലി നടപ്പാക്കാൻ ഒരു നടപടിയുമില്ല.

നികുതി കൊടുക്കുന്ന ജീവനക്കാർക്ക് ചെറിയൊരു സമാശ്വാസം നൽകിയിട്ടുണ്ടെങ്കിലും പാവപ്പെട്ട തൊഴിലാളികൾക്ക് യാതൊന്നും കൊടുത്തിട്ടില്ല.

ഫണ്ടു നീക്കിവക്കുന്നതിലും പ്രഖ്യാപനങ്ങൾ നടത്തുന്നതിലും ചില സംസ്ഥാനങ്ങളെ, രാഷ്ട്രീയ പക്ഷപാതിത്വത്തിൻ്റെ അടിസ്ഥാനത്തിൽ താലോലിക്കുന്നുണ്ട് എന്നതാണ് ആകെ ചെയ്തിട്ടുള്ള കാര്യം. ബാക്കി സംസ്ഥാനങ്ങൾക്കാകട്ടെ, യാതൊന്നും നൽകിയിട്ടുമില്ല. ഫെഡറൽ തത്വങ്ങളുടേയും തുല്യതയെ സംബന്ധിച്ച ധാർമ്മികതയുടേയും പച്ചയായ ലംഘനമാണിത്.

ചുരുക്കിപ്പറഞ്ഞാൽ, എല്ലാ തുറകളിലും പെട്ട ജനങ്ങളെ കബളിപ്പിക്കുന്നതാണ് ഈ യൂണിയൻ ബജറ്റ്. സാമ്രാജ്യത്വ ആഗോളീകരണത്തിൻ്റെ പാത, അതിൻ്റെ പരമകാഷ്ഠയിലേക്ക്, അതായത്, കുത്തക ദുഷ്പ്രഭുത്വത്തേയും (Oligarchic Monopolies) സാർവ്വദേശീയ ധനമൂലധനത്തേയും എല്ലാറ്റിനേയും ആഹരിക്കാൻ അനുവദിക്കുന്ന, കോർപ്പറേറ്റിസത്തിൻ്റെ ഫാസിസ്റ്റ് സമ്പദ്ക്രമത്തിലേക്ക്, മതനിഷ്ഠയോടെ പിന്തുടരുകയാണ് ഭരണക്കാർ. ജനവിധിയിൽ നിന്നും ഈ ഭരണകൂടവും അതിൻ്റെ ഫാസിസ്റ്റ് രാഷ്ട്രീയ നേതൃത്വവും ഒരു പാഠവും പഠിച്ചിട്ടില്ല.

ജനവിരുദ്ധമായ ഈ യൂണിയൻ ബജറ്റിനെതിരായി അണിനിരക്കാനും പോരാടാനും തൊഴിലാളി വർഗ്ഗത്തോടും കർഷക വർഗ്ഗത്തിലേയും അദ്ധ്വാനിക്കുന്ന മറ്റു ബഹുജന വിഭാഗങ്ങളിലേയും അണികളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഐക്യപ്പെടാനും പോരാട്ടത്തിനു നേതൃത്വം നൽകാനും ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയ പാർട്ടികളോടും വിഭാഗങ്ങളോടും വ്യക്തിത്വങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

എം. എസ്. ജയകുമാർ -ജനറൽ സെക്രട്ടറി