PKV:-നവലിബറൽ മുതലാളിത്തവും സംസ്കാരികരംഗവും


 നവലിബറൽ മുതലാളിത്തവും സംസ്കാരികരംഗവും

(2024 മെയ് 11-12 തിയതികളിൽ ആലുവയിൽ നടന്ന മാർക്സിസ്റ്റ് പഠന ക്യാമ്പിൽ അവതരിപ്പിച്ചത്)

- പി.കെ. വേണുഗോപാലൻ

സോവിയറ്റ് യൂണിയൻ്റേയും ഇതര സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടേയും തകർച്ചക്കു ശേഷമുള്ള കാലത്ത് ലോക ശാക്തിക ബന്ധങ്ങൾ ഫിനാൻസ് മൂലധനത്തിനും അതിനൊപ്പം നിൽക്കുന്ന വലതുപക്ഷ ശക്തികൾക്കും അനുകൂലമായി മാറുന്നതാണു കണ്ടത്. അതുവരേക്കും മുതലാളിത്ത, മൂലധന ശക്തികൾക്കെതിരായി പ്രത്യക്ഷ നിലപാടുകളെടുത്തു പോന്നിരുന്ന (പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളും സോവിയറ്റ് യൂണിയൻ വിഘടിച്ചുണ്ടായ റിപ്പബ്ലിക്കുകളും സോഷ്യലിസ്റ്റ് ആഭിമുഖ്യം പുലർത്തിയിരുന്ന ചേരിചേരാ രാജ്യങ്ങളുമടക്കം) വലിയൊരു വിഭാഗം രാഷ്ട്രങ്ങൾ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ കോർപ്പറേറ്റു മൂലധന വ്യവസ്ഥയുമായി ഉദ്ഗ്രഥിക്കപ്പെട്ടു. മാർക്സിസം മാത്രമല്ല, സ്ഥിതിസമത്വവുമായി ബന്ധപ്പെട്ട എല്ലാ സങ്കല്പനങ്ങളും കാലഹരണപ്പെട്ടതായി പ്രചണ്ഡമായ പ്രചരണമുണ്ടായി. മുതലാളിത്തത്തിൻ്റെ ''അന്തിമവിജയം" ആഘോഷിച്ചു കൊണ്ട് ഇടതുപക്ഷ ശക്തികൾക്കും സമരം ചെയ്യുന്ന ജനങ്ങൾക്കുമെതിരെ അതീവശക്തവും ഹീനവുമായ പ്രത്യയശാസ്ത്ര കടന്നാക്രമണമാണ് വലതുപക്ഷക്കാർ കെട്ടഴിച്ചുവിട്ടത്. തീർച്ചയായും മുമ്പു നടത്തിപ്പോന്നിരുന്നതിൻ്റെ തുടർച്ചയായിരുന്നു അത്. ദുർവ്യാഖ്യാനങ്ങളും കള്ള പ്രചരണങ്ങളും സമൃദ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തപ്പെട്ട, യാഥാർത്ഥ്യങ്ങൾക്കും വസ്തുതകൾക്കും നിരക്കാത്ത ഈ പ്രചരണങ്ങളുടെ ലക്ഷ്യം പൊരുതുന്ന ശക്തികളുടെ ആത്മവിശ്വാസം തകർക്കുകയും അവരെ പ്രത്യയശാസ്ത്രപരമായി നിരായുധരാക്കുകയും ചെയ്യുക എന്നതായിരുന്നു. രാഷ്ട്രങ്ങൾക്കും സമൂഹങ്ങൾക്കും മേൽ നിയന്ത്രണം സ്ഥാപിക്കുന്നതും ചൂഷണം നടത്തുന്നതുമായ വെറുമൊരു സാമ്പത്തിക - സൈനിക സംവിധാനമായി മാത്രം സാമ്രാജ്യത്വത്തെ മനസ്സിലാക്കി കൂടാ. ആഗോള ചൂഷണത്തിനുള്ള ഏതൊരു തരം സംവിധാനത്തിലും സാംസ്കാരിക ആധിപത്യം ഒരു അവിഭാജ്യ ഘടകമാണ് എന്നറിയാവുന്ന, ചിന്തയുടേയും ബോധത്തിൻ്റേയും ഏറ്റവും സൂക്ഷ്മതലങ്ങളിൽ പോലും ഇടപെടാനറിയാവുന്ന, അതിനാവശ്യമായ വിഭവശേഷിയുള്ള
ഒന്നാണ് അതെന്നു കൂടി അറിയണം.

ഇതിനായി, വംശീയതയും മതവും ജാതിയും വർണ്ണവും സങ്കുചിത ദേശീയതയും പോലുള്ള വിഭാഗീയ വീക്ഷണങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ അവർ അനൈക്യവും ഭിന്നതയും പരസ്പരവിദ്വേഷവും വളർത്തുന്നു. പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും പോഷിപ്പിക്കാനുമെന്ന പേരിൽ ഡോണർ ഏജൻസികൾ വഴി ധനസഹായം നൽകിക്കൊണ്ട് സാംസ്കാരിക രംഗത്തെ പ്രതിഭാശാലികളെ വിലക്കെടുക്കുന്നു. Clash of Civilization ഉം End of History യും പോലെ ചരിത്രവിരുദ്ധമായ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മനുഷ്യരെ സൂക്ഷ്മനിരീക്ഷണം നടത്തി വരുതിക്കു നിർത്തുന്ന സർവൈലൻസ് ടെക്നിക്കുകൾ (survaillance technics) വികസിപ്പിക്കുന്നു. അൽ ഖ്വൈദയും ഐ എസ് ഐ എസും താലിബാനും പോലുള്ള മതഭീകര പ്രസ്ഥാനങ്ങളെ യഥേഷ്ടം സൃഷ്ടിക്കുകയും വളർത്തുകയും നിലനിർത്തുകയും തങ്ങൾക്കു ഭീഷണിയായിത്തീരുമെന്നു ബോദ്ധ്യപ്പെട്ടപ്പോൾ അവയെ നശിപ്പിക്കാൻ വേണ്ടി മതയുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ 'കുരിശുയുദ്ധ'ത്തിലെ മതാത്മക ഹിംസയെ സാധൂകരിക്കുന്ന പ്രസ്താവന പുറപ്പെടുവിക്കുന്നു (യു.എസ്. പ്രസിഡൻ്റ് ജോർജ് ബുഷ്). അമേരിക്കൻ ഇവാൻജെലിസ്റ്റുകൾ പോലുള്ള മത സെക്റ്റുകളെ ഉപയോഗപ്പെടുത്തുമ്പോൾ തന്നെ,  സാമ്രാജ്യത്വ - മൂലധന താല്പര്യങ്ങളനുസരിച്ചു മാത്രം സംസാരിക്കുന്ന നവ നാസ്തിക (Neo Atheist) സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ, ലോകത്തെ മനസ്സിലാക്കാനുള്ള ജ്ഞാന സമ്പാദന പ്രക്രിയ എന്നതിൽ നിന്നു മാറ്റി കോർപ്പറേറ്റ് ശക്തികളുടെ ലാഭലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉപാധി മാത്രമായി പുനഃസംവിധാനം ചെയ്യുന്നു. സാമ്രാജ്യത്വ വ്യവസ്ഥയുമായി പല തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ലാഭരഹിത (nonprofit) / സ്വയം സന്നദ്ധ (Voluntary) / സർക്കാരിതര (Non governmental - NGO ) സംഘടനകൾ വഴി പല തരത്തിൽ സമൂഹത്ത സ്വാധീനിക്കുന്നു.

സംസ്കാരത്തെ മൂലധനം ഉപകരണമാക്കുന്നു.

കോർപ്പറേറ്റ് മൂലധനത്തിൻ്റെ സമഗ്രാധിപത്യത്തിനും ആഗോളീകരണത്തിൻ്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങൾക്കും മേൽക്കൈ കിട്ടുന്നതിനു മുൻപും കൊളോണിയൽ / സാമ്രാജ്യത്വ ശക്തികൾ വിദൂര പ്രദേശങ്ങളിലെ ജനതകളെ വരുതിയിലാക്കാൻ "സംസ്കാര"ത്തെ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 'Culture and Imperialism' എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ കർത്താവായ എഡ്വേഡ് സെയ്ദ് ശരിയായി ചൂണ്ടിക്കാണിക്കുന്നതു പോലെ, "രണ്ടാം ലോകയുദ്ധം അവസാനിക്കുകയും മിക്കവാറും കോളണികൾ സ്വതന്ത്രമാവുകയും ചെയ്തതോടെ "സാമ്രാജ്യ യുഗം" (Age of Empire) അവസാനിച്ചുവെങ്കിലും അതിനു ശേഷവും അത്തരം രാജ്യങ്ങളിലൊക്കെ പിന്നെയും ഏറെക്കാലം ഗണ്യമായ സാംസ്കാരിക സ്വാധീനം നിലനിർത്താൻ സാമ്രാജ്യത്വത്തിനു കഴിഞ്ഞു". അതിപ്പോഴും തുടരുകയാണ്. സാഹിത്യത്തിനും സംഗീതത്തിനും കലയ്ക്കുമൊക്കെ അവയുടെ രൂപം നൽകുന്നത് അവ രൂപപ്പെടുന്ന സന്ദർഭത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സവിശേഷതകൾ തന്നെയാണ്. നോവലുകളും സിനിമകളും പോലുള്ള ഓരോ സാംസ്കാരിക ഉല്പന്നത്തിലും സാമ്രാജ്യത്വം എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്ന് സൂക്ഷ്മമായി  പഠിക്കുന്ന സെയ്ദ്
സാമ്രാജ്യത്വ അധിനിവേശത്തെ സാധൂകരിക്കാനും ശാശ്വതീകരിക്കാനും ഇവ എങ്ങനെയാണ് ഉപയോഗപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സാംസ്കാരിക ഉല്പന്നങ്ങളെ അവയുടെ ചരിത്ര രാഷ്ട്രീയ സന്ദർഭങ്ങളിൽ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്ന അദ്ദേഹം അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ സംസ്കാരവും അധികാരവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ ഇഴ പിരിച്ചു മനസ്സിലാക്കാൻ സാധിക്കൂ എന്നു കൂടി എടുത്തു പറയുന്നു.
നിയോലിബറൽ കാലഘട്ടത്തിലെ സാമ്രാജ്യത്വ മൂലധനവും അധികാരവ്യവസ്ഥയും മുഖ്യധാരാ സാംസ്കാരിക ഉല്പന്നങ്ങളും അവ സൃഷ്ടിക്കുന്ന മനോഭാവങ്ങളും ശരിയായി മനസ്സിലാക്കാൻ ഇത്തരം സൂക്ഷ്മപരിശോധനകൾ ആവശ്യമാണ്.

മൂലധനാധിപത്യം ഉറപ്പിക്കാൻ പുതിയ സിദ്ധാന്തങ്ങൾ

സാംസ്കാരിക ഉല്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പുതുതെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും ഉള്ളടക്കങ്ങൾ കൂടി ഇത്തരത്തിൽ പരിശോധിക്കപ്പെടണം. ശീതയുദ്ധാനന്തര കാലത്ത് ലോകം കാണാനിരിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളല്ല എന്നും മറിച്ച് ജനതകളുടെ സാംസ്കാരികവും മതപരവുമായ സ്വത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണെന്നുമുള്ള ഒരു സിദ്ധാന്തം അമേരിക്കൻ ബുദ്ധിജീവിയായ സാമുവൽ പി ഹണ്ടിംഗ്ടണാണ് (Samuel P Huntington) മുന്നോട്ടു വച്ചത്. 1992 ൽ അമേരിക്കൻ എൻ്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഒരു പ്രഭാഷണത്തിലാണ് ഈ സിദ്ധാന്തം അദ്ദേഹം മുന്നോട്ടു വക്കുന്നത്. പിന്നീട് 1993 ൽ 'ഫോറിൻ അഫയേഴ്സ്' എന്ന പ്രസിദ്ധീകരണത്തിൽ അതൊരു ലേഖനമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഹണ്ടിംഗ്ടൺൻ്റെ തന്നെ മുൻവിദ്യാർത്ഥിയായ ഫ്രാൻസിസ് ഫുക്കുയാമ (Francis Fukuyama)1992 ൽ പ്രസിദ്ധീകരിച്ച The End of History and the Last Man എന്ന പുസ്തകത്തോടുള്ള പ്രതികരണമായി തയ്യാറാക്കപ്പെട്ടതായിരുന്നു ഈ ലേഖനം. ഈ ലേഖനത്തെ ഹണ്ടിംഗ്ടൺ തന്നെ കൂടുതൽ വിപുലപ്പെടുത്തി ഒരു പുസ്തക രൂപത്തിലാക്കുകയും The Clash of Civilizations and the Remaking of World Order എന്ന പേരിൽ 1996 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സംസ്കാരങ്ങളുടെ സംഘർഷമെന്നും (clash of cultures) നാഗരികതകളുടെ സംഘർഷമെന്നു (clash of civilisation) മൊക്കെയുള്ള ആശയങ്ങളും പരികല്പനകളും വളരെ മുമ്പു തന്നെ ചർച്ചയായിട്ടുണ്ടെങ്കിലും സോവിയറ്റ് യൂണിയൻ്റെ തകർച്ചക്കും ശീതയുദ്ധം അവസാനിച്ചതിനും ശേഷം ചർച്ച ചെയ്യപ്പെട്ട വിധത്തിൽ അത് മുമ്പ് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ശീതയുദ്ധാനന്തര കാലത്തെ ആഗോള രാഷ്ട്രീയത്തിൻ്റെ സ്വഭാവം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച പല തരത്തിലുള്ള വിശകലനങ്ങളെ പരിശോധിച്ചു കൊണ്ടാണ് ഹണ്ടിംഗ്ടൺ തൻ്റെ നിരീക്ഷണങ്ങൾ മുന്നോട്ടു വക്കുന്നത്. ഇനിയുള്ള കാലത്തെ ലോകം ചലിക്കാൻ പോകുന്നത് സാംസ്കാരിക (നാഗരികതയുമായി ബന്ധപ്പെട്ട) നിലപാടുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സംഘർഷങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് ഹണ്ടിംഗ്ടൺ പറഞ്ഞു. ഇവിടെ സംസ്കാരമെന്നത് (നാഗരികതയെന്നത്) മതസംസ്ക്കാര (നാഗരികത) മാണെന്നാണ് ഹണ്ടിംഗ്ടൺൻ്റെ കണ്ടെത്തൽ. ലോകം അഞ്ചു സാംസ്കാരിക മേഖലകളായി വിഭജിതമാണെന്നും പ്രത്യയശാസ്ത്രങ്ങളുടെ മരണം (Death of ideology) സംഭവിച്ചു കഴിഞ്ഞ ഇക്കാലത്ത് മത സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷമാണ് പ്രധാനമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഈ സംഘർഷങ്ങൾ അന്തിമമായി ഇസ്ലാമിക സംസ്കാരത്തിനെതിരെ മറ്റെല്ലാ സംസ്കാരങ്ങളുടേയും ഐക്യപ്പെട്ട പ്രവർത്തനങ്ങളിലേക്കു വഴി തുറക്കുമെന്നും ഹണ്ടിംഗ്ടൺ പറഞ്ഞു. അമേരിക്കയിൽ ലോക വാണിജ്യ കേന്ദ്ര (world Trade Centre) ത്തിനെതിരെ നടന്ന ഭീകരാക്രമണവും (9/11) അൽ ഖ്വയ്ദയെപ്പോലുള്ള ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളും തുടർന്നുള്ള വർഷങ്ങളിൽ ഈ സിദ്ധാന്തത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. ലോകത്ത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് ഹണ്ടിംഗ്ടൺൻ്റെ സിദ്ധാന്തം സാധൂകരണം നൽകുന്നുണ്ട്. ഹണ്ടിംഗ്ടൺ സിദ്ധാന്തം പുറത്തു വന്നപ്പോൾ ഇന്ത്യയിൽ അതിനെ ആദ്യം സ്വീകാര്യമായി കണ്ടത് സംഘപരിവാർ കേന്ദ്രങ്ങളാണ്.

ഹണ്ടിംഗ്ടൺൻ്റെ നിലപാടുകളെ വിമർശിച്ചു കൊണ്ട് നോം ചോംസ്കി പറഞ്ഞത് അമേരിക്കൻ സാമ്രാജ്യത്വം തങ്ങളുടെ താല്പര്യ പ്രകാരം ലോകത്തിൻ്റെ ഏതു ഭാഗത്തും നടത്തുന്ന ഏതൊരു തരം അതിക്രമങ്ങളേയും ന്യായീകരിക്കാനുള്ള ഒരു സിദ്ധാന്തമാണത് എന്നാണ്. ശീതയുദ്ധം അവസാനിക്കുകയും സോവിയറ്റ് യൂണിയൻ ഒരു ഭീഷണിയല്ലാതായി മാറുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു സിദ്ധാന്തം അമേരിക്കക്ക് ആവശ്യമായിരുന്നു എന്നു കൂടി അദ്ദേഹം പറഞ്ഞു. (Noam Chomsky on The "Clash of Civilizations" Trystan C J on YouTube https://youtube.com/@trystancj?si=94G0VquMhXq9q6dv)

യുവാൽ നോഹ് ഹരാരിയും ഈ സംഘർഷ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത് വഴി പിഴപ്പിക്കുന്ന (misleading theory) സിദ്ധാന്തമെന്നാണ്. സംസ്കാരങ്ങളേയോ പരിഷ്കൃതികളേയോ പറ്റി സംസാരിക്കാൻ പരിണാമ ജീവശാസ്ത്ര (evolutionary biology) ത്തിൻ്റെ പദാവലികൾ ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. (Harari, Yuval N. (2018). 21 lessons for the 21st century (First ed.). New York.)

എല്ലാ സംസ്കൃതികളും വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നവയാണെന്നും പാശ്ചാത്യ സംസ്കാരവും അതിനൊരു അപവാദമല്ലെന്നും അമർത്യ സെൻ പറഞ്ഞു. ബോധോദയ കാലത്തിനും വ്യാവസായിക വിപ്ലവത്തിനും ശേഷമുള്ള കാലത്ത് ജനാധിപത്യത്തിൻ്റെ പ്രയോഗത്തിലൂടെ ലോകം കൂടുതൽ കൂടുതൽ സമവായത്തിലേക്ക് (consensus) നീങ്ങുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഹണ്ടിംഗ്ടൺ മുന്നോട്ടു വക്കുന്ന സംഘർഷ സാധ്യത ചരിത്രവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ( Amartya Sen (1999). "Democracy as a Universal Value". Journal of Democracy.)

സംസ്കാരങ്ങൾക്കിടയിലുള്ള ചലനാത്മകമായ പാരസ്പര്യത്തെ -  പരസ്പരാശ്രിതത്വത്തെ - ആദാന പ്രദാനങ്ങളെ നിരാകരിക്കുന്നതാണ്  "സ്ഥിര സംസ്കൃതികളുടെ" കൂട്ടമായി ലോകത്തെ നിർവ്വചിക്കുന്ന ഹണ്ടിംഗ് ടൺ സിദ്ധാന്തം എന്നായിരുന്നു എഡ്വേർഡ് സെയ്ദിൻ്റെ വിമർശനം. ഹണ്ടിംഗ്ടൺൻ്റെ സിദ്ധാന്തം "അജ്ഞതയുടെ സംഘർഷ"മാണെന്ന് (clash of ignorance) സെയ്ദ് ആക്ഷേപിച്ചു. ഈ സിദ്ധാന്തം തികഞ്ഞ വംശീയതയാണെന്നും അറബ് വംശജർക്കും മുസ്ലീങ്ങൾക്കും എതിരെയുള്ള ഒരു ഹിറ്റ്ലേറിയൻ സയൻസിൻ്റെ പാരഡിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹണ്ടിംഗ്ടൺ സിദ്ധാന്തത്തിനും വർഷങ്ങൾക്കു മുമ്പ് പുറത്തു വന്നതാണെങ്കിലും അതിനോട് പ്രതികരിച്ചു കൊണ്ട് പലരും എടുത്തു പറഞ്ഞത് Dialogue among Civilizations എന്നൊരു സിദ്ധാന്തത്തെപ്പറ്റിയായിരുന്നു. ആസ്ട്രിയൻ ദാർശനികനായ ഹാൻസ് കോഷ്ലർ (Hans Kochler) 1972 ൽ എഴുതിയ ഒരു ലേഖനത്തിലാണ് ഈ സങ്കല്പനമുള്ളത്. 2001 ൽ, ഹണ്ടിംഗ്ടൺ സിദ്ധാന്തത്തോടു പ്രതികരിച്ചു കൊണ്ടാവാം ഇറാനിയൻ പ്രസിഡൻ്റ് മൊഹമ്മദ് ഖടാമി ഈ സിദ്ധാന്തത്തെ ഒരു ആഗോള സങ്കല്പനമാക്കി മാറ്റാൻ ശ്രമിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ മുൻകൈയിൽ 2001 നെ "സംസ്കൃതികൾക്കിടയിലുള്ള സംവാദത്തിൻ്റെ ഐക്യരാഷ്ട്ര വർഷ" (United Nations Year of Dialogue among Civilizations) മായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയുണ്ടായി. (Publications of the Working Group for Science and Politics at the University of Innsbruck, Vol. IV.) 1973,

സോവിയറ്റ് യൂണിയൻ്റെ തകർച്ചയും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളും

സോവിയറ്റ് യൂണിയൻ്റേയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടേയും തകർച്ചയും അവിടങ്ങളിലുൾപ്പെടെ ലോകത്തെ വിവിധരാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ദുർബ്ബലമായതും രാഷ്ട്രീയരംഗത്തും പ്രത്യയശാസ്ത്ര, സാംസ്കാരിക രംഗങ്ങളിലും വലിയൊരു ശൂന്യത സൃഷ്ടിച്ചു. മൂലധന ശക്തികളും മറ്റെല്ലാത്തരം പ്രതിലോമശക്തികളും തങ്ങളുടെ വലിയ വിജയമായിട്ടാണ് അതിനെ കണ്ടത്. അതു ശരിയുമാണ്. 1917 ൽ സോഷ്യലിസ്റ്റ് അധികാര സങ്കല്പത്തിൻ്റെ  ആദ്യത്തെ രൂപം നിലവിൽ വന്നതു മുതൽ അതിനെ ഉന്മൂലനം ചെയ്യാനായി മൂലധനശക്തികൾ നടത്തിപ്പോന്ന നാനാതരം കടന്നാക്രമണങ്ങളിൽ അവരുണ്ടാക്കിയ നിർണ്ണായക വിജയമായിരുന്നു അത്. പുറത്തു നിന്നുള്ള സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ കടന്നാക്രമണങ്ങളും അകത്തുനിന്നും കണ്ടെത്താൻ കഴിഞ്ഞ അഞ്ചാം പത്തികളെ ഉപയോഗിച്ചു കൊണ്ടുള്ള ഇടപെടലുകളും ആ വിജയത്തിനു വഴിയൊരുക്കി.  ഒരു പക്ഷേ, സോഷ്യലിസ്റ്റ് ശക്തികളുടെ ഈ തകർച്ചക്കു പിന്നിലെ കൂടുതൽ ഗുരുതരമായ കാരണം, ലോക സാമ്രാജ്യത്വത്തിൻ്റെ യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നതിലും അതിനെതിരായ വിവിധ തലങ്ങളിലെ സമരങ്ങളെ ശരിയായി വികസിപ്പിക്കുന്നതിലും അധികാരത്തിൻ കീഴിലും വർഗ്ഗ സമരത്തെ ശരിയായി പ്രയോഗിക്കുന്നതിലും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ശക്തികളെ ബാധിച്ച ദൗർബ്ബല്യങ്ങളായിരുന്നു.

"ചരിത്രം അവസാനിച്ചു" എന്നു പറഞ്ഞപ്പോൾ ഫ്രാൻസിസ് ഫുക്കുയാമ പറയാൻ ഉദ്ദേശിച്ചത് "വർഗ്ഗസമരം അവസാനിച്ചു" എന്നു തന്നെയായിരുന്നു. ലിഖിതമായ ചരിത്രം മുഴുവൻ വർഗ്ഗസമരത്തിൻ്റെ ചരിത്രമാണെന്നാണ് മാർക്സും എംഗൽസും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിൽ പറഞ്ഞത്. കമ്യൂണിസ്റ്റു പാർട്ടികൾ നേതൃത്വം നൽകിയ ഭരണകൂടങ്ങളുടെ തകർച്ചയും പരാജയവും നയപരമോ ഭരണപരമോ ആയ പരാജയം മാത്രമല്ലെന്നും പ്രത്യയശാസ്ത്രപരവും ദാർശനികവുമായ പരാജയവും മൗലിക സങ്കല്പനങ്ങളിൽ തന്നെയുള്ള പോരായ്മകളുമാണ് അതിനു പിന്നിലുള്ളത് എന്നും സ്ഥാപിക്കാനായിരുന്നു അവരുടെ വ്യഗ്രത. അതുകൊണ്ടു തന്നെ ഇനി മേൽ ലോകത്ത് വർഗ്ഗസമരമില്ലെന്നും വിജിഗീഷുവായ മൂലധനത്തിൻ്റെ ചിരകാലവാഴ്ചയാണു വരാനിരിക്കുന്നതെന്നും ഫുക്കുയാമയുടെ സിദ്ധാന്തം പറഞ്ഞു വച്ചു. (പില്ക്കാലത്ത് ഫുക്കുയാമക്കു തന്നെ തൻ്റെ നിലപാടുകളെ തിരുത്തേണ്ടിവന്നു എന്നതു വേറെ കാര്യം) ഹണ്ടിംഗ്ടൺ ൻ്റെ clash of civilisation നും ഇതിനു തന്നെയാണു ശ്രമിച്ചത്. ശിഷ്യനായ ഫുക്കുയാമയേയും വിട്ട് അയാൾ കുറേക്കൂടി പുറകോട്ടു പോയി. മത സംസ്കാരങ്ങൾക്കിടയിലെ ഏറ്റുമുട്ടലുകളാണ് ശീതയുദ്ധാനന്തര ലോകഗതിയെ നയിക്കുന്ന സുപ്രധാന ഘടകമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. കുരിശുയുദ്ധങ്ങൾക്കു ശേഷമുള്ള കാലത്ത് വിവിധ മതവിശ്വാസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനം നേടിയ ജനാധിപത്യ , മതേതര നിലപാടുകളാണ് പിൽക്കാലത്ത് മത സംഘർഷങ്ങളെ ലഘൂകരിക്കുകയോ ഒഴിവാക്കുകയോ ചെയ്തത്. ക്രൈസ്തവരും ജൂതരും മുസ്ലീങ്ങളും വിശുദ്ധസ്ഥാനമായി കരുതുന്ന ജറൂസലേമിനെ ഇതരവിശ്വാസികളുടെ കടന്നുകയറ്റത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണ് കുരിശുയുദ്ധമുണ്ടായത്. ഈ തർക്കം അന്തിമമായി പരിഹരിക്കാൻ ബാക്കി വച്ചു കൊണ്ടു തന്നെ, വിശ്വാസത്തിനു വേണ്ടി ഇനി രക്തപ്പുഴകളൊഴുക്കേണ്ട എന്ന് വിവിധ മത നേതൃത്വങ്ങളെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് ജനാധിപത്യവും മത നിരപേക്ഷതയുമായിരുന്നു. എന്നാൽ മതങ്ങളുടെ പരിൽ മദ്ധ്യകാലത്തു നടന്ന ഹിംസയേയും വംശഹത്യകളേയും പുനരാനയിക്കാൻ പ്രേരിപ്പിക്കുകയാണ് ഹണ്ടിംഗ്ടൺൻ്റെ സിദ്ധാന്തം.

ആഗോളീകൃത മൂലധനത്തിൻ്റെ വിധ്വംസകമായ കടന്നു കയറ്റത്തെ തുടർന്ന് തീവ്രതരമാക്കപ്പെട്ട അസമത്വങ്ങളും ഉയർന്നു വന്ന പുതിയ തരം വൈരുദ്ധ്യങ്ങളും പല തരത്തിൽ വെളിപ്പെട്ടു തുടങ്ങിയിരുന്നു അപ്പോഴേക്കും. ബാൾക്കൻ പ്രദേശങ്ങളിലെ മത, സാംസ്കാരിക ഉള്ളടക്കം കൂടിയുണ്ടായിരുന്ന യുദ്ധങ്ങളും പഴയ സോവിയറ്റ് റിപ്പബ്ലിക്കുകൾക്കിടയിൽ ഉടലെടുത്ത ഹിംസാത്മകമായ സംഘർഷങ്ങളും അന്നേ ആരംഭം കുറിച്ചു തുടങ്ങിയിരുന്നെങ്കിലും പിന്നീട് ശക്തിയാർജ്ജിച്ച കുടിയേറ്റങ്ങളും അഭയാർത്ഥി പ്രവാഹങ്ങളും ഉൾപ്പെടെയുള്ള പിൽക്കാല സംഭവങ്ങളെ പലതിനേയും വിശദീകരിക്കാൻ മത സംസ്ക്കാരങ്ങളുടെ പരസ്പര സംഘർഷങ്ങളെ സംബന്ധിച്ച ഹണ്ടിംഗ്ടൺ സിദ്ധാന്തം പ്രയോജനകരമാണെന്നു പലരും കരുതി.

സാംസ്ക്കാരിക സാമ്രാജ്യത്വം

സാമ്രാജ്യത്വ മൂലധനം അതിൻ്റെ രാഷ്ട്രീയ സാമ്പത്തിക അധീശത്വം ശാശ്വതീകരിക്കാനായി നടത്തുന്ന സാംസ്കാരിക കടന്നു കയറ്റത്തെ ജെയിംസ് പെട്രാസി (James Petras) നെപ്പോലുള്ളവർ സാംസ്കാരിക സാമ്രാജ്യത്വം എന്നാണു വിളിക്കുന്നത്. രാഷ്ട്രീയമായി ആ സംബോധന എത്ര കണ്ട് ശരിയാണ് എന്ന് പരിശോധിക്കാൻ തല്കാലം മുതിരുന്നില്ല. പെട്രാസിൻ്റെ അഭിപ്രായത്തിൽ സാംസ്കാരിക സാമ്രാജ്യത്വത്തിന് രണ്ടു പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്ന് സാമ്പത്തികവും രണ്ടാമത്തേത് രാഷ്ട്രീയവും. സ്വന്തം സാംസ്കാരിക ചരക്കുകൾക്ക് വിപണി കണ്ടെത്തണം. ബഹുജനങ്ങളുടെ ബോധമണ്ഡലത്തെ സ്വാധീനിച്ചുകൊണ്ട് സാംസ്കാരികമായ അധീശത്വം സ്ഥാപിക്കണം. അതാണു ലക്ഷ്യം. വിനോദത്തിനുതകുന്ന ചരക്കുകൾ കയറ്റിയയച്ചുകൊണ്ട് അവർ വലിയ ലാഭമാണ് നേടുന്നത്. രാഷ്ട്രീയരംഗത്തും ഈ സാംസ്കാരിക സാമ്രാജ്യത്വത്തിന് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. ജനങ്ങളെ അവരുടെ സാംസ്കാരിക മൂലങ്ങളിൽ (Cultural roots) നിന്നും അവരുമായി ഐക്യദാർഢ്യം സ്ഥാപിക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്നും അകറ്റുകയാണ് അവരുടെ ഒരു ലക്ഷ്യം. മൂലധനം ജനങ്ങൾക്കു വേണ്ടി പുതിയ ലക്ഷ്യങ്ങൾ നിർവ്വചിക്കുന്നു, പുതിയ "ആവശ്യങ്ങൾ" കണ്ടെത്തുന്നു; അവ എത്രത്തോളം ഒഴിച്ചു കൂടാനാവാത്തതാണെന്ന് ആവർത്തിച്ചു നടത്തുന്ന പരസ്യ പ്രചരണ ഘോഷങ്ങളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു. ജനങ്ങളെ അവരുടെ വർഗ്ഗ/സാമൂഹ്യ ബന്ധങ്ങളിൽ നിന്നും അകറ്റുകയും ഓരോരുത്തരേയും വ്യക്തി മാത്രമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. (Cultural Imperialism in Late 20th Century - James Petras. Economic and Political Weekly: Vol. 29, Issue No. 32, 06 Aug, 1994)

നവലിബറൽ കാലത്തെ മുതലാളിത്തം തൊഴിലാളിവർഗ്ഗത്തെ പിന്നെയും വിഭജിക്കുകയാണ്. താല്കാലിക തൊഴിലാളികളുമായി സംസാരിക്കുകയോ കൂട്ടു കൂടുയോ ചെയ്യുന്നതിൽ നിന്നു സ്ഥിരം തൊഴിലാളികളെ  അതു തടയുന്നു. താൽക്കാലിക തൊഴിലാളികളാവട്ടെ, തൊഴിൽരഹിതരിൽ നിന്നും അകലം പാലിക്കുന്നു. തങ്ങൾ ഒരു അധികാര ശ്രേണിയുടെ ഭാഗമാണെന്ന തോന്നൽ അതു തൊഴിലാളികളിൽ സൃഷ്ടിക്കുന്നു.

സാമ്രാജ്യത്വത്തിൻ്റെ വിനോദവ്യവസായങ്ങളും പരസ്യ പ്രചരണങ്ങളും ലക്ഷ്യം വക്കുന്നത് യുവജനങ്ങളെയാണ്. സാമ്രാജ്യത്വ മാധ്യമ ഉല്പന്നങ്ങളുടെ ഒന്നാമത്തെ ഉപഭോക്താക്കൾ അവരാണ്. മുതലാളിത്ത ശക്തികൾ കയറ്റിയയക്കുന്ന സാംസ്കാരിക ചരക്കുകളുടെ വിപണിയും ഈ യുവജനത തന്നെ. ഉപഭോഗപരതയും വ്യക്തി വാദവുമാണ് അവരിൽ വളർത്തിയെടുക്കപ്പെടുന്നത്. വ്യവസ്ഥയെ ചോദ്യം ചെയ്യാനും അതിനോടു കലഹിക്കാനുമുള്ള കൗമാരക്കാരുടേയും യുവജനങ്ങളുടേയും താല്പര്യങ്ങളെ കെടുത്തിക്കളയാനും മൂലധനത്തോടുള്ള ആഭിമുഖ്യമായി അതിനെ പരിവർത്തിപ്പിക്കാനും അവർ ശ്രമിക്കുന്നു. 1970കളിലും 80 കളിലും സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യാനും അതിനെ മാറ്റിത്തീർക്കേണ്ടതിനെപ്പറ്റി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പുസ്തകങ്ങൾക്ക് വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നുവെങ്കിൽ ആഗോളീകരണ നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതിനു ശേഷം സ്വയം സഹായ (self help) ഗ്രന്ഥങ്ങളും ബിസിനസ്സ് വിജയത്തിനും ധനസമ്പാദനത്തിനും സഹായിക്കുന്ന പുസ്തകങ്ങളും വായിക്കാനാണ് യുവജനങ്ങൾ പ്രേരിപ്പിക്കപ്പെടുന്നത്. എങ്ങനെ ജീവിത വിജയം നേടാം? എങ്ങനെ പണക്കാരനാവാം? എങ്ങനെ ആളുകളെ സ്വാധീനിക്കാം തുടങ്ങിയവ പ്രമേയങ്ങളായിട്ടുള്ള പുസ്തകങ്ങൾ.

സാംസ്കാരിക ജീവിതത്തിലേക്കു തുളച്ചു കടക്കുന്ന മൂലധനം

സാധാരണ ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിലേക്കു ഏതു വിധേനയും തുളച്ചു കടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക, മർദ്ദിതരായ വ്യക്തികളുടേയും സമൂഹങ്ങളുടേയും മൂല്യങ്ങളേയും ശീലങ്ങളേയും പരസ്പര ബന്ധത്തേയും സ്ഥാപനങ്ങളേയും സ്വത്വബോധത്തേയുമെല്ലാം സാമ്രാജ്യത്വ, മൂലധന താല്പര്യാനുസരണം പുന:ക്രമീകരിക്കുക, മുൻഗണനാ ക്രമങ്ങളിൽ മാറ്റമുണ്ടാക്കുക  തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്ന് ധനമൂലധനം ചെയ്യുന്നത്. മുൻകാലത്ത്, വിശുദ്ധവും കേവലവുമായ പ്രമാണങ്ങളുടെ പേരിൽ വ്യവസ്ഥക്കു കീഴൊതുങ്ങുകയും അതിനോട് വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ആളുകളുടേതായി സമൂഹത്തെ മാറ്റിത്തീർത്തത് മതം, പൗരോഹിത്യം, വിദ്യാഭ്യാസവ്യവസ്ഥ, അധികാരവ്യവസ്ഥ തുടങ്ങിയവയായിരുന്നുവെങ്കിൽ, ഈ പരമ്പരാഗത സംവിധാനങ്ങളെ നിലനിർത്തിക്കൊണ്ടു തന്നെ ആധുനികമായ സ്ഥാപനങ്ങളും ഉപാധികളും സമ്പ്രദായങ്ങളും ഇതിനു വേണ്ടി വികസിപ്പിച്ചെടുക്കാൻ ആധുനിക സാമ്രാജ്യത്വത്തിനു സാധിച്ചിട്ടുണ്ട്. മാസ്സ് മീഡിയ, പരസ്യങ്ങൾ, പ്രചരണ സംവിധാനങ്ങൾ , മതേതര സ്വഭാവം പുലർത്തുന്ന entertainer മാർ, ബുദ്ധിജീവികൾ തുടങ്ങിയവ ഇതിൽ പെടും. ഇന്നത്തെ ലോകത്ത് വത്തിക്കാനേക്കാളും പോപ്പിനേക്കാളും ബൈബിളിനേക്കാളും സ്വാധീന ശേഷിയുള്ളവരാണ് ഹോളിവുഡ്ഡും CNN ഉം ഡിസ്നി ലാൻ്റുമൊക്കെ. (James Petras- മുമ്പ് പരാമർശിച്ച ലേഖനം)

രാഷ്ട്രീയവും സൈനികവുമായ ആധിപത്യത്തേയും സാമ്പത്തിക ചൂഷണത്തേയും പോലെ തന്നെ കരുത്തുറ്റതും അവയോടു ചേർന്നു നിൽക്കുന്നതുമാണ് സാംസ്കാരികമായ തുളച്ചുകയറ്റം (cultural penetration). കൂട്ടക്കൊലകളിലൂടെ ആധിപത്യം നിലനിർത്തിപ്പോന്നിരുന്ന മദ്ധ്യ അമേരിക്കൻ ഭരണകൂടങ്ങൾക്ക് സൈനിക, സാമ്പത്തിക സംരക്ഷണം നൽകുന്നതിനൊപ്പം അവിടങ്ങളിലേക്കുള്ള സാംസ്കാരിക അധിനിവേശവും അമേരിക്ക ശക്തമായി തുടർന്നിരുന്നു. അവിടങ്ങളിലെ ഇന്ത്യൻ ഗോത്രവർഗ്ഗക്കാരേയും ദരിദ്ര കർഷകരേയും അനുസരണയുടെ വിശുദ്ധ പാഠങ്ങൾ പഠിപ്പിക്കാനായി അമേരിക്കൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇവാൻജലിക്കൽ സംഘങ്ങൾ കൂട്ടമായി ചെന്നു ചേർന്നിരുന്നു. ഒരു വശത്ത് സായുധമായ കൗണ്ടർ ഇൻസർജൻസി (counter insurgency) ഇടപെടലുകൾ നടത്തുമ്പോൾ മറുവശത്ത് സൈനികേതര മാർഗ്ഗമായി അവർ സ്വീകരിച്ചിരുന്നത് ടെലിവിഷൻ പരിപാടികളെ പ്രചരിപ്പിക്കുക എന്നതായിരുന്നു.

സാംസ്കാരിക കൊളോണിയലിസം

സാംസ്കാരിക കൊളോണിയലിസം (cultural colonialism) എന്ന് ജെയിംസ് പെട്രാസ് വിളിക്കുന്ന ഈ സാംസ്കാരിക അധിനിവേശത്തിനെ പഴയതിൽ നിന്നും വ്യത്യസ്തമാക്കുന്ന ചില സവിശേഷതകളുണ്ടെന്ന് അദ്ദേഹം പറയുന്നു.  (1) ഏതാനും വരേണ്യ വിഭാഗക്കാരെ മാനസാന്തരപ്പെടുത്തുക എന്നതിനേക്കാൾ വലിയ തോതിലുള്ള ജനക്കൂട്ടങ്ങളെ (mass audience) അതു ലക്ഷ്യം വക്കുന്നു. (2) മാസ്സ് മീഡിയ, പ്രത്യേകിച്ചും ടെലവിഷൻ. അതുപയോഗിച്ച് കുടുംബങ്ങൾക്കകത്തു നിന്നും സമൂഹത്തിൻ്റെ അടിത്തട്ടിൽ നിന്നും പ്രവർത്തിക്കാൻ അവർക്കാവുന്നു. ഇന്ന് അതിനേക്കാൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയയാണ് മൂലധനശക്തികളുടെ കൈയിൽ. കുടുംബത്തെയെന്നല്ല, ഓരോ വ്യക്തിയേയും നേരിട്ടു സ്വാധീനിക്കാൻ, അവരെ ഉപഭോക്താക്കൾ മാത്രമല്ല പ്രചാരകരും പരസ്യക്കാരും വരെയാക്കാൻ ഇതിലൂടെ സാധിക്കും. തൊഴിലെടുക്കുന്നതിനിടയിൽ പോലും അവരെ സ്വാധീനിക്കാം. വ്യത്യസ്ത അഭിരുചികൾക്കനുസരിച്ച് വ്യത്യസ്ത മാധ്യമങ്ങളെ ഉപയോഗിക്കാനാവും. സത്യാനന്തര (post truth) കാലത്തെന്നതു പോലെ ശുദ്ധമായ നുണയും തെറ്റിദ്ധാരണയുണ്ടാക്കാൻ പോന്ന വിവരക്കേടുകളും ശുദ്ധസത്യങ്ങളായി അവതരിപ്പിക്കാനാവും (3) ആഗോള തലത്തിൽ തന്നെ പ്രവർത്തിക്കാനാവും. (4) ഭരണകൂടങ്ങളുമായുള്ള ഉടമ്പടികൾ ഇത്തരം പ്രവർത്തനങ്ങൾക്ക് നിയമാനുസൃതമായവയെന്ന പ്രതീതി നൽകും.

പ്രശ്നങ്ങൾക്കു സാമൂഹിക പരിഹാരം ആവശ്യമില്ലെന്നും വ്യക്തിഗതമായ പരിഹാരം സാധ്യമാണെന്നും (അതൊന്നു മാത്രമേ സാദ്ധ്യമായിട്ടുള്ളു എന്നും) ഈ മാധ്യമങ്ങൾ അവയുടെ സ്വാധീനവലയത്തിൽ വരുന്നവരെ ബോദ്ധ്യപ്പെടുത്തുന്നു.
വിപ്ലവപക്ഷത്തു നിൽക്കുന്ന എതിരാളികളേയും പ്രതിയോഗികളേയും അസുര തുല്യരും അക്രമികളുമായി ചിത്രീകരിക്കുമ്പോൾ സാമ്രാജ്യത്വ ശക്തികളുടെ കൂട്ടക്കുരുതികൾക്കും കൊടിയ ഹിംസകൾക്കും നേരെ അവരുടെ മാദ്ധ്യമങ്ങളും ബുദ്ധിജീവികളും കണ്ണടക്കുന്നു. ചരിത്രത്തെ തങ്ങൾക്കനുകൂലമായി തിരുത്തിയെഴുതുന്നു. ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ സോവിയറ്റ് ജനതയും സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയും നടത്തിയ പോരാട്ടത്തെ, ചെയ്ത ത്യാഗത്തെ ചുരുക്കിക്കാട്ടുന്ന ചരിത്രരചനകൾ സോവിയറ്റ് അനന്തര (post - Soviet) കാലത്ത് സമൃദ്ധമായി ഉണ്ടാക്കപ്പെട്ടു. ഫ്രഞ്ച് തീരനഗരമായ നോർമൺഡിയിൽ അമേരിക്കൻ സൈന്യം ഇറങ്ങിയതാണ് ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചതെന്നാണ് അമേരിക്കൻ പ്രചരണം. ഭരണകൂടങ്ങൾ സമൂഹങ്ങളുടേയും രാഷ്ട്രങ്ങളുടേയും ഭാവിയെ മാത്രമല്ല, ഭൂതകാലത്തെക്കൂടി നിർണ്ണയിക്കുന്നുവെന്ന് നൊബേൽ സമാധാന പുരസ്ക്കാര ജേത്രിയായ പത്രപ്രവർത്തക (ഫിലിപ്പീൻസ്) മരിയ റെസ്സ ചൂണ്ടിക്കാട്ടിയത് അടുത്ത കാലത്താണ്. (How to Stand up to A Dictator - Maria Ressa - 2023)

സ്റ്റാലിൻ്റെ നേതൃത്വത്തിൽ കൂട്ടുകൃഷി നടപ്പാക്കിയതും മാവോയുടെ നേതൃത്വത്തിൽ Great Leap Forward നടപ്പാക്കിയതും വലിയ മാനവിക ദുരന്തങ്ങൾക്കു കാരണമായെന്നു സ്ഥാപിക്കാൻ വലിയ ഗ്രന്ഥങ്ങളാണ് മൂലധന ശക്തികൾ ആസൂത്രിതമായി തന്നെ പ്രചരിപ്പിക്കുന്നത്. അതേ സമയം വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയുള്ള ബ്രിട്ടീഷ് ഭരണാധികാരികളുടെ നയങ്ങളാണ് 30 - 40 ലക്ഷം പേരുടെ പട്ടിണി മരണത്തിനു കാരണമായ ബംഗാൾ ക്ഷാമം പോലുള്ള മഹാദുരന്തങ്ങൾക്കു പിന്നിലെന്ന ചരിത്ര വസ്തുതകളെ മറച്ചുവക്കുന്നു. മദ്ധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ ഒരു ലക്ഷത്തോളം ഗോത്രവർഗ്ഗക്കാരുടേയും എൽ സാൽവദോറിൽ 75,000 തൊഴിലാളികളുടേയും നിക്കരാഗ്വയിൽ 50,000 സാധാരണക്കാരുടേയും കൂട്ടക്കൊലക്ക് ഉത്തരവാദികൾ അവിടങ്ങളിലെ അമേരിക്കൻ അനുകൂല കമ്യൂണിസ്റ്റ് വിരുദ്ധ ഭരണകൂടങ്ങളാണ് എന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ പറയാറില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ സാമ്രാജ്യത്വ പിന്തുണയോടെ നടത്തപ്പെട്ട 1965 ലെ അട്ടിമറിയെ തുടർന്ന് അധികാരം പിടിച്ചെടുത്ത സുഹാർത്തോ ഭരണകൂടം ദശലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാരേയും അനുഭാവികളേയും കൂട്ടക്കൊല ചെയ്തതിനെപ്പറ്റിയും അവർ സംസാരിക്കാറില്ല. കമ്യൂണിസത്തിനോട് വിട പറഞ്ഞ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും മുൻ സോവിയറ്റ് രാജ്യങ്ങളിലും വിപണി സമ്പദ് വ്യവസ്ഥ നടപ്പിലാക്കിയപ്പോൾ എത്ര ദശലക്ഷം ആളുകളുടെ ജീവിതമാണ് ദുരന്തത്തിൽ പെട്ടതെന്നും ആരാണ് അതിൻ്റെ യഥാർത്ഥ ഉത്തരവാദികളെന്നും അവർ പറയാറില്ല.

മൂലധന ശക്തികളെ സംബന്ധിച്ചേടത്തോളം, മാസ് മീഡിയ മൂലധന താല്പര്യങ്ങളെ ഫലപ്രദമായി പ്രചരിപ്പിക്കാൻ പോന്ന ഒരു ഉപാധി മാത്രമല്ല; മറിച്ച് വൻ ലാഭവും അധികാരവും കൊണ്ടുവരുന്ന ഒരു സംവിധാനം കൂടിയാണ്. അമേരിക്കയിലെ അതിസമ്പന്നരായ 400 കോർപ്പറേറ്റുകൾക്ക് മാസ് മീഡിയയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം 1982 ൽ 9.5% ആയിരുന്നുവെങ്കിൽ 1989 ൽ അത് 18% ആയി വർദ്ധിച്ചുവെന്ന് ജെയിംസ് പെട്രാസ്  ചൂണ്ടിക്കാട്ടുന്നു. (ഇപ്പോഴത്തെ കണക്കുകൾ ഇതിലുമെത്രയോ വലുതായിരിക്കും) വടക്കേ അമേരിക്കയിലെ എറ്റവും വലിയ സമ്പന്നരിൽ അഞ്ചിലൊരാളുടെ മുഖ്യ സമ്പത്ത് മാസ് മീഡിയയിൽ നിന്നാണത്രേ! (1994). സമ്പത്തും സ്വാധീനവുമുണ്ടാക്കാൻ സഹായിക്കുന്ന പ്രധാന മേഖല വൻകിട ഉല്പാദനമല്ല മറിച്ച് മാദ്ധ്യമ മേഖലയായിരിക്കുന്നു.

സമൂഹത്തെ നിഷ്ക്രിയമാക്കുക എന്ന സാമ്രാജ്യത്വ ലക്ഷ്യം

ചൂഷണവും മർദ്ദനവും അസമത്വവും ദാരിദ്ര്യവുമൊക്കെ വർദ്ധിച്ചു കൊണ്ടിരിക്കെ അതിനെ വിമർശനബുദ്ധ്യാ നോക്കിക്കാണുന്ന സമൂഹത്തെ ഒരു നിഷ്ക്രിയ ജനസഞ്ചയമാക്കി മാറ്റുന്നതിൽ ഈ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഏറ്റവുമധികം ദൃശ്യതയുള്ളവരും (ആരാധകരുള്ള) രാഷ്ട്രീയമായി പിന്തിരിപ്പൻ നിലപാടുകളുള്ളവരുമായ  സെലിബ്രിറ്റികളായ എൻ്റർടെയിനർമാരെ ഉപയോഗിച്ചാൽ മാദ്ധ്യമങ്ങളുപയോഗിച്ചു കൊണ്ടുള്ള വഴി തെറ്റിക്കൽ (media manipulation) ഫലപ്രദമായി ചെയ്യാനാവുമെന്ന് റീഗൻ ഭരണകൂടം തന്നെ എടുത്തു പറയുന്നുണ്ട്. പിന്നീട് ഈ പ്രതിഭാസം ലാറ്റിനമേരിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചതു നാം കണ്ടതാണ്.

ലാറ്റിനമേരിക്കയിൽ ടെലവിഷൻ സെറ്റുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഇടിവും ബഹുജന സമരങ്ങളിലുണ്ടായ കുറവും തമ്മിൽ പ്രത്യക്ഷമായ ബന്ധമുണ്ടെന്ന് ജെയിംസ് പെട്രാസ് ചൂണ്ടിക്കാട്ടുന്നു. 1980 നും 1990 നുമിടയിൽ ലാറ്റിനമേരിക്കയിലെ ടെലവിഷൻ സെറ്റുകളുടെ എണ്ണത്തിലുണ്ടായ പ്രതിശീർഷവർദ്ധനവ് 40%. ഈ കാലയളവിൽ യഥാർത്ഥ ശരാശരി വരുമാനത്തിലുണ്ടായ ഇടിവും 40% തന്നെ. ഏറ്റവുമധികം തവണ ടെലവിഷനിൽ പ്രത്യക്ഷപ്പെട്ട നവ - ഉദാരീകരണ രാഷ്ട്രീയ നിലപാടുകൾ ഉള്ളയാളാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

മാദ്ധ്യമങ്ങളുടെ അരങ്ങിലോ സ്ക്രീനിലോ വിജയം നേടിയ വ്യക്തിയോ, വസ്തുവോ, ചരക്കോ, പ്രതിഭാസമോ, സന്ദർഭമോ ആയി വ്യാജമായ ഒരു അടുപ്പം അഥവാ ഒരു സാങ്കല്പിക ബന്ധം ദരിദ്രനും ദുരിതമനുഭവിക്കുന്നവനുമായ പ്രേക്ഷകനിൽ രൂപമെടുക്കുന്നുണ്ട്. ഈ അടുപ്പമോ ബന്ധമോ നിർദ്ദേശിക്കുന്നത് സാമൂഹിക പ്രശ്നങ്ങൾക്ക് സ്വകാര്യമായ പരിഹാരങ്ങളുണ്ട് എന്നാണ്. ദരിദ്രൻ തന്നെയാണ് തൻ്റെ ദാരിദ്ര്യത്തിൻ്റെ ഉത്തരവാദിയെന്നും വിജയം നേടാൻ സ്വകാര്യമായ പ്രയത്നമാണ് ആവശ്യമെന്നും അത് പ്രേക്ഷകനെ പഠിപ്പിക്കും. വ്യവസ്ഥിതിയെ വിമർശിക്കുന്നതും അതിനെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്നതും അനാവശ്യവും നിഷ്ഫലവുമാണ് എന്നും അതു പഠിപ്പിക്കും.

മൂലധനത്തിനു വേണ്ടി ഭാഷ പോലും മാറ്റി മറിക്കപ്പെടുന്നു.

നവലിബറൽ മുതലാളിത്തം ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ഭാഷയേയും പ്രത്യയശാസ്ത്രത്തേയും സംസ്കാരത്തേയും പല തരത്തിലാണ് അവമതിക്കാനും മലിനീകരിക്കാനും ശ്രമിക്കുന്നത്. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ഭാഷയെ അത് സ്വന്തമെന്നതു പോലെ പിടിച്ചെടുക്കുകയും അതിൻ്റെ യഥാർത്ഥ ഉള്ളടക്കത്തെ ചോർത്തിക്കളഞ്ഞ് പിന്തിരിപ്പൻ ഉള്ളടക്കം നിറച്ച് പ്രയോഗിക്കുകയും ചെയ്യുന്നു. പെട്രാസ് ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങൾ നമുക്കും പരിചിതമാണ്. മുതലാളിത്തത്തെ തിരിച്ചു കൊണ്ടുവരാനും അസമത്വവും ചൂഷണവും പുന:സ്ഥാപിക്കാനും ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ മുതലാളിത്ത മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത് "പരിഷ്ക്കരണവാദികൾ", "വിപ്ലവകാരികൾ" എന്നൊക്കെയാണ്. അവരെ എതിർത്ത സോഷ്യലിസ്റ്റുകളെ മാദ്ധ്യമങ്ങൾ "യാഥാസ്ഥിതികർ" എന്നു വിളിച്ചു. പോളണ്ടിൽ മുതലാളിത്ത പുന:സ്ഥാപനത്തിനു നേതൃത്വം നൽകിയ ലേ വലേസ (Lech Walesa) വിപ്ലവകാരിയായി. വലതുപക്ഷക്കാർ ഇടതുപക്ഷക്കാരും ഇടതുപക്ഷക്കാർ വലതു പക്ഷക്കാരുമായതോടെ ഇടതും വലതും തമ്മിലുള്ള അതിർത്തിരേഖകൾ തന്നെ ഇല്ലാതായി. കൊടിയ ഹിംസകൾ പോലും പ്രത്യേക പ്രതികരണമൊന്നും ഉയർത്താത്ത വിധം സാധാരണ സംഭവം മാത്രമായി ചിത്രീകരിക്കപ്പെട്ടു . ഇറാക്കിലെ ബോംബാക്രമണങ്ങൾ പോലും വീഡിയോ ഗെയിം പോലെ നിർവ്വികാരവും നിസ്സാരവുമായി കാണാനാവും വിധമാണ് അവതരിപ്പിക്കപ്പെട്ടത്.

സോഷ്യലിസത്തിനോട് വിട പറഞ്ഞ് പ്രത്യക്ഷമായി തന്നെ മുതലാളിത്തത്തിലേക്കു നീങ്ങിയ കിഴക്കൻ യൂറോപ്പിൽ ഊഹക്കച്ചവടക്കാരും വീടും വസ്തുവകകളും പിടിച്ചെടുത്തു കച്ചവടം നടത്തുന്ന മാഫിയ സംഘങ്ങളും "പരിഷ്ക്കരണ വാദികൾ" എന്നാണ് അറിയപ്പെട്ടത്. കള്ളക്കടത്തുകാർ "പുത്തൻ വ്യവസായികളാ''യി. സ്ഥാപനങ്ങളുടെ പുതിയ ഉടമകൾ തൊഴിലാളികളെ യഥേഷ്ടം പിരിച്ചു വിടുകയും കൂലി കുറക്കുകയും ചെയ്തപ്പോൾ അത് "തൊഴിൽ രംഗത്തെ മെയ് വഴക്കം" (labour flexibility) എന്നു പ്രകീർത്തിക്കപ്പെട്ടു". പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് വിറ്റഴിച്ചതിനെ പ്രശംസിച്ചത് " കുത്തകവത്ക്കരണത്തെ തകർക്കൽ" (breaking - up monopolies) എന്നു വിളിച്ചിട്ടായിരുന്നു. പൊതു സമ്പത്ത് ഊഹക്കച്ചവടത്തിലേക്കു മാറ്റുന്നതിനെ "പുനർഘടന" (restructuring) യെന്നും സാമ്പത്തികരംഗത്ത് അവ്യവസ്ഥയുണ്ടാക്കുന്നതിനെ 'Deregulation" എന്നും വിളിച്ചു. പൊതു സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് നിസ്സാരവിലക്കു വിറ്റഴിക്കുകയും തൊഴിലാളികളുടെ തൊഴിൽ സ്ഥിരത നഷ്ടപ്പെടുത്തുകയും വേതന നിരക്ക് വെട്ടിക്കുറക്കുകയും ചെയ്തതിനെ അവർ വിളിച്ചത് "ഘടനാ ക്രമീകരണ പദ്ധതി" (Structural Adjustment Programme) എന്നാണ്. ഘടനാപരമായ മാറ്റങ്ങൾ എന്നോ, പരിഷ്ക്കരണങ്ങൾ എന്നോ ഇടതുപക്ഷക്കാർ പറഞ്ഞാൽ അതിൻ്റെ അനിവാര്യമായ അർത്ഥം രാഷ്ട്രത്തിൻ്റെ സമ്പത്ത് സമത്വ ബോധത്തോടെ പുനർവിതരണം ചെയ്യുക എന്നതായിരുന്നു. എന്നാൽ പുതിയ പദാവലികളനുസരിച്ച് അതിനർത്ഥം പൊതു സമ്പത്തിനേയും അധികാരത്തേയും ചുരുക്കം ചില സ്വകാര്യ കേന്ദ്രങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ്.

നവലിബറൽ മുതലാളിത്ത നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതിനു ശേഷം ഇന്ത്യയിൽ മാത്രമല്ല ഏതാണ്ടെല്ലാ ഏഷ്യനാഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയും ജനങ്ങളുടെ വസ്ത്രധാരണത്തിലും ആഹാരശീലങ്ങളിലും ആസ്വാദന, വിനോദ മേഖലയിലുമെല്ലാം ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വളരെ പ്രകടമാണ്. ഈ മേഖലകളിലൊക്കെ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ കുത്തകകളും ബ്രാൻ്റുകളും കടന്നു വന്നു. അവരുമായുള്ള മത്സരത്തിൽ തദ്ദേശീയ സ്ഥാപനങ്ങളും സംരംഭങ്ങളും അപ്രത്യക്ഷമായി. മേന്മയേയും മികവിനേയും സംബന്ധിച്ച് പുതിയ മാനകങ്ങളും മാനദണ്ഡങ്ങളും നിലവിൽ വന്നു. ഈ മാറ്റങ്ങൾ ജീവിതത്തെ സംബന്ധിച്ച ഏറ്റവും ആധുനികമായ മൂല്യങ്ങൾ തങ്ങൾ സ്വീകരിച്ചതുകൊണ്ട് ഉണ്ടായതാണെന്ന ഒരു മിഥ്യാബോധം മൂന്നാം ലോകരാജ്യങ്ങളിലെ ഉപഭോക്താക്കളിൽ ഉണ്ടാക്കുമെന്നതൊഴിച്ചാൽ, ഇതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചത് മുതലാളിത്ത മൂലധന ശക്തികളാണെന്നും ഈ മാറ്റത്തിൻ്റെ യഥാർത്ഥ ഗുണഭോക്താക്കൾ അവർ തന്നെയാണെന്നുമുള്ള യാഥാർത്ഥ്യം ഈ ജനങ്ങളിൽ ഉണ്ടാകുന്നതേയില്ല.

ഇത്തരമൊരു സാംസ്ക്കാരിക മാറ്റം സൃഷ്ടിക്കുന്നതിന് അധിനിവേശ വിധേയമാകുന്ന സമൂഹത്തിൽ നിന്നും വിശ്വസ്തരായ ഏജൻ്റന്മാരുടേയും സഹകാരികളുടേയും സഹായം മൂലധന ശക്തികൾക്കു ലഭിക്കുന്നു. അവരുടെ സാംസ്കാരിക ഉല്പന്നങ്ങൾ തങ്ങളുടേതിനേക്കാൾ മികവുറ്റതാണെന്ന ബോധം തദ്ദേശീയരിൽ സൃഷ്ടിക്കുന്നത് അവരാണ്. സാംസ്കാരിക രംഗം ഉൾപ്പെടെ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും നിലനില്ക്കുന്ന വർഗ്ഗാധിപത്യത്തെ കേവലമായി നിരാകരിക്കുന്ന സ്ഥാപനവത്കൃത ബുദ്ധിജീവികളാണവരിൽ (institutional intellectuals) ഒരു വിഭാഗം. ഒരു തരം വർഗ്ഗസഹകരണമാണ് അവരുടെ പ്രത്യയശാസ്ത്രം. നന്മതിന്മകളെ വേർതിരിക്കുന്നത് വിപണി (Market) ആണെന്നാണ് അവർ കരുതുന്നത്.

നവലിബറലിസം നിലനിൽക്കുന്നത്, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അതിനു ശേഷിയുള്ളതുകൊണ്ടല്ല; മറിച്ച് സമ്പന്നരുടേയും അധികാരം കൈയാളുന്നവരുടേയും താല്പര്യങ്ങളെ തുടർന്നും സേവിക്കുന്നതുകൊണ്ടാണ്.

പൊതുവായതല്ല, സ്വകാര്യമായതാണ് ശ്രേഷ്ഠമെന്ന മിഥ്യാ സങ്കല്പം

പൊതുവായതിനു മേൽ സ്വകാര്യമായതിനും സാമൂഹ്യ താല്പര്യത്തിനു മേൽ വ്യക്തി താല്പര്യത്തിനും ദൈനംദിന സമരങ്ങൾക്കും സാമൂഹ്യ യാഥാർത്ഥ്യത്തിനും മേൽ സെൻസേഷണലിസത്തിനും ഹിംസക്കും മേൽക്കൈ അനുവദിക്കുക എന്നതാണ് നവലിബറൽ മൂലധനം നടപ്പാക്കുന്ന സാംസ്കാരിക ചട്ടം. ഇതെല്ലാം കൂടി ചേരുമ്പോൾ കൂട്ടായ പ്രവർത്തനങ്ങൾക്കു തുരങ്കം വക്കുന്ന ആത്മപ്രശംസയുടെ മൂല്യങ്ങളാണ് പിറവിയെടുക്കുക.

സാമ്രാജ്യത്വ മൂലധനം പുതുതായി രൂപപ്പെടുത്തുന്ന സാംസ്കാരിക മാതൃകയുടെ വിജയ രഹസ്യം ഉള്ളടങ്ങിയിരിക്കുന്നത് അവരുടെ തന്നെ സാമ്പത്തിക രാഷ്ട്രീയ ആധിപത്യത്തിൻ്റെ ഫലമായി സമൂഹത്തിൽ രൂപപ്പെട്ട ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മിഥ്യാലോകങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ ശേഷിയിലാണ്. സ്വകാര്യ ആവശ്യങ്ങളുടെ ആദർശവത്ക്കരിക്കപ്പെട്ട പ്രകടീകരണങ്ങളെന്ന നിലക്കും വ്യക്തിഗതമായ ആത്മസാക്ഷാത്ക്കാരമെന്ന നിലയിലും  വാണിജ്യവത്ക്കരണവും ലൈംഗികതയും യാഥാസ്ഥിതികത്വവും ഒന്നിച്ചു ചേർന്ന ഒന്നാണ് ആധുനിക സാമ്രാജ്യത്വ സംസ്കാരത്തിൻ്റെ പ്രധാന ഘടകം. നിത്യ ജീവിതത്തിലെ മടുപ്പിക്കുന്ന അദ്ധ്വാനത്തിനും അതിജീവന സമരത്തിനുമിടക്ക് ചുറ്റും കാണുന്ന ധൂർത്തിൻ്റേയും അപചയത്തിൻ്റേയും നടുവിൽ സാമ്രാജ്യത്വമാദ്ധ്യമങ്ങളും ഇവാൻജലിസ്റ്റുകളും മുന്നോട്ടു വക്കുന്ന "കുറേക്കൂടി മെച്ചപ്പെട്ട" ജീവിതത്തെ സംബന്ധിച്ച മിഥ്യാ സങ്കല്പങ്ങൾ സ്വീകാര്യമാവുന്നു. അത് ഭാവിജീവിതത്തെ സംബന്ധിച്ച സ്വപ്നങ്ങളാവുന്നു; ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവർ അതനുഭവിക്കുന്നതിൻ്റെ കാഴ്ച ആസ്വാദ്യകരമാവുന്നു.

വിപ്ലവ സാഹചര്യങ്ങൾ പക്വമായിരിക്കുമ്പോൾ പോലും അതുപയോഗപ്പെടുത്താൻ ശേഷിയുള്ള ആത്മനിഷ്ഠ ശക്തികൾ വളർന്നു വരാതിരിക്കുന്നതിൻ്റെ കാരണങ്ങളിൽ സാമ്രാജ്യത്വ ശക്തികൾ പ്രചരിപ്പിക്കുന്ന സാംസ്കാരിക/പ്രത്യയശാസ്ത്ര മൂല്യങ്ങളുടെ സ്വാധീനം കൂടി ഉൾപ്പെടുന്നു. മർദ്ദിത ജനങ്ങൾക്ക് ആന്തരവത്ക്കരിക്കാവുന്ന വിധത്തിൽ അവ ആഴത്തിൽ തുളച്ചു കടന്നിരിക്കുന്നു.

കോർപ്പറേറ്റ് മുതലാളിത്തം അതിൻ്റെ ഇരപിടിയൻ രീതികൾ നിരന്തരം നവീകരിക്കുന്നുണ്ട്. ലാഭം വർദ്ധിപ്പിക്കാനായി തൊഴിലാളികളുടെ മേലുള്ള ചൂഷണം തീവ്രതരമാക്കുക മാത്രമല്ല അതു ചെയ്യുന്നത്. നിയമനങ്ങളിലും പിരിച്ചുവിടലിലും തൊഴിൽ സാഹചര്യങ്ങളിലും കൂലിയിലുമൊക്കെ ലാഭ വർദ്ധനക്കു വേണ്ടി പുതിയ വ്യവസ്ഥകളോ വ്യവസ്ഥയില്ലായ്മകളോ കൊണ്ടുവരുന്നതിനു പുറമെ, കക്ഷികളെ ആകർഷിക്കാനും സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ഉപയുക്തമായ സേവന രീതികൾ അവലംബിക്കാൻ തങ്ങളുടെ തൊഴിലാളികളെ പ്രത്യേകം പരിശീലിപ്പിക്കുകയും അതനുസരിക്കാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്യുന്നു.

കോർപ്പറേറ്റുകളിൽ സ്ത്രീകൾക്കു ലഭിക്കുന്ന ജോലികൾ പലപ്പോഴും സൗന്ദര്യപരമായ അദ്ധ്വാനം - Aesthetic labour – ആവശ്യപ്പെടുന്നു. ഇതേപ്പറ്റി നിരവധി പഠനങ്ങൾ ലോകത്ത് പലയിടത്തും ഉണ്ടാകുന്നുമുണ്ട്. ക്ളയൻറുകൾക്ക് സ്വീകാര്യമായ വിധത്തിൽ വസ്ത്രധാരണം ചെയ്യുക, ഉപയോഗിക്കുന്ന ഭാഷയുടെ ഉച്ചാരണശൈലി പരിഷ്ക്കരിക്കുക, ഭക്ഷണം കഴിക്കുന്നതിലും ഇട പഴകുന്നതിലും പഴയ രീതികൾ മാറ്റി സങ്കോചങ്ങൾ ഇല്ലാതെ ക്ളയൻറുകളോട് ഇണങ്ങുന്ന രീതികൾ സ്വീകരിക്കുക, ഇതെല്ലാം സൗന്ദര്യപരമായ അദ്ധ്വാനത്തിന്റെ ഭാഗമാണ് – ക്ളയൻറുകളുമായുള്ള ആശയവിനിമയം അനായാസമാകാൻ ആവശ്യമായ കാര്യങ്ങൾ. മുൻകാലത്തു നിലനിന്നിരുന്ന ചൂഷണ രീതികൾക്കുമപ്പുറത്ത് കൂലിവേലയെടുക്കുന്നവരുടെ അദ്ധ്വാനം മാത്രമല്ല ശരീരം കൂടി ലാഭവർദ്ധനക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് പുതിയ കാലത്തെ മുതലാളിത്തം.

വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള ഉപാധി മാത്രമാവുന്നു.

ആഗോളീകരണ നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയ ശേഷം വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസമേഖലയിൽ ധനമൂലധന ശക്തികൾ എങ്ങനെ മേൽക്കൈ നേടിയെന്നു മനസ്സിലാക്കാൻ കേരളത്തിൻ്റെ അനുഭവം മാത്രം നോക്കിയാൽ മതി. "വിദ്യ കൊണ്ടു പ്രബുദ്ധരാവുക" എന്ന ശ്രീ നാരായണഗുരുവിൻ്റെ ആഹ്വാനത്തിലോ, "നാലക്ഷരം പഠിച്ച് കണ്ണു തെളിയുക" എന്ന സാധാരണ ഗ്രാമീണൻ്റെ ലളിതവാക്യത്തിലോ നിർവ്വചിക്കപ്പെട്ടിരുന്ന ലക്ഷ്യം ഇന്ന് വിദ്യാഭ്യാസത്തിനില്ല തന്നെ. നല്ല വിദ്യാഭ്യാസം കിട്ടണമെങ്കിൽ നല്ല വില കൊടുക്കണമെന്ന ഭരണാധികാരിയുടെ പ്രഖ്യാപനം വിദ്യാഭ്യാസമെന്നത് വില കൊടുത്തു വാങ്ങേണ്ട ചരക്കാണെന്ന പുതിയ ബോധ്യത്തിലേക്ക് മലയാളിയെ നയിച്ചു. ശാസ്ത്രവും മാനവിക വിഷയങ്ങളും പഠിച്ചു പോന്നിരുന്ന വിദ്യാർത്ഥികൾ വിമാനത്തിനു ടിക്കറ്റെഴുതുന്നതും ആശുപത്രി മാനേജു ചെയ്യുന്നതും ഉൾപ്പെടെ കോർപ്പറേറ്റ് / മൂലധന ശക്തികളുടെ ലാഭ വർദ്ധനക്കുതകുന്ന കോഴ്സുകൾ പഠിക്കാൻ തുടങ്ങി. വിദേശ സർവ്വകലാശാലകൾക്കും സ്വകാര്യ സർവ്വകലാശാലകൾക്കും അവർ ആഗ്രഹിക്കുന്നതു പോലെ വിദ്യാർത്ഥികളെ പരുവപ്പെടുത്തിയെടുക്കാമെന്നു വന്നു. സാമ്രാജ്യത്വ വിദഗ്ദ്ധർ വികസിപ്പിച്ചെടുത്ത DPEP പോലുള്ള വിദ്യാഭ്യാസ പദ്ധതികളിലെ സമൂഹവിരുദ്ധത തിരിച്ചറിഞ്ഞു കൊണ്ട് അതിനെ തടയാൻ "ഇടതുപക്ഷം" പോലും വിസമ്മതിക്കുകയായിരുന്നു. മൂന്നാം കിട സർവ്വകലാശാലകളിലെ വിദ്യാഭ്യാസം നേടാൻ വീടു പണയപ്പെടുത്തി വൻതുകകൾ ഫീസ് നൽകി വിദ്യാർത്ഥികൾ വിദേശയാത്ര ചെയ്യുകയാണിന്ന്. കേരളത്തിൻ്റെ കാര്യം മാത്രമല്ല, മിക്കവാറുമെല്ലാ നിയോ കോളണികളിലും പുതിയ കാലത്തെ ധനമൂലധനം നടത്തുന്ന ഏറ്റവും വിധ്വംസകമായ സാംസ്കാരിക ഇടപെടൽ വിദ്യാഭ്യാസ മേഖലയിലായിരിക്കണം.

ഏതൊരു സമൂഹത്തേയും സംബന്ധിച്ചേടത്തോളം അതിൻ്റെ സാംസ്കാരിക ചരിത്രത്തേയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളേയും കൂടി പരിഗണിച്ചു കൊണ്ട്  ആലോചിക്കുമ്പോഴാണ് ആ സമൂഹത്തെ എങ്ങനെ വിമോചനത്തിലേക്കു നയിക്കാം എന്ന ചോദ്യത്തെ വിപ്ലവശക്തികൾക്ക് അഭിമുഖീകരിക്കാനാവുക. ആ സമൂഹത്തെ എങ്ങനെ കിഴ്പ്പെടുത്തി നിർത്താമെന്നും അവരുടെ അദ്ധ്വാനത്തേയും സമ്പത്തിനേയും വിഭവങ്ങളേയും എങ്ങനെ കൈപ്പിടിയിലൊതുക്കാമെന്നും ചിന്തിക്കുന്ന മൂലധനത്തിൻ്റേയും അധിനിവേശത്തിൻ്റേയും ശക്തികളും ഇങ്ങനെ തന്നെ അന്വേഷിക്കും. ആ സമൂഹത്തിൻ്റെ / രാഷ്ട്രത്തിൻ്റെ സാംസ്കാരിക ചരിത്രമെന്തെന്നും ഈ സാംസ്കാരത്തിൽ നിന്നും അതിൻ്റെ വികാസ പ്രക്രിയയിൽ നിന്നും ഏതൊക്കെ ഘടകങ്ങളെ ഉപയോഗപ്പെടുത്തിയാലാണ് അവരെ കീഴ്പ്പെടുത്തി നിർത്താനാവുക എന്നും അവരും ആലോചിക്കും.

ഒരു ജനത എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ‘അവർ എങ്ങനെ ചിന്തിക്കുന്നു’ എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് അൻ്റോണിയോ ഗ്രാംഷി അദ്ദേഹത്തിൻ്റെ ‘പ്രിസൺ നോട്ട്ബുക്സിൽ’ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ അധികാരം നേടുന്നതിനും അതിനെ നിലനിർത്തുന്നതിനും സാംസ്കാരികമായ അധീശത്വം (hegemony) സ്ഥാപിക്കാൻ സാധിക്കേണ്ടതുണ്ട് എന്ന്  ഗ്രാംഷി പറയുന്നു. ഒരു രാഷ്ട്രത്തിലെ പൗരസമൂഹത്തിൻ്റെ ചിന്താരീതികളും പൊതുബോധവും ബോധ്യങ്ങളും നിയമ നിർമ്മാണമടക്കമുള്ള രാഷ്ട്രീയ പ്രക്രിയകളും നിയമ - ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ നിയമ പാലനവും കൃത്യനിർവഹണവുമൊക്കെ ഉൾപ്പെട്ട സങ്കീർണമായ പ്രക്രിയകളും അധീശത്വ പ്രത്യയശാസ്ത്രവും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

"അഞ്ചിലൊന്നു സമൂഹം"

20-ാം നൂറ്റാണ്ട് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 1996 ൽ, ആഗോളീകരണത്തിൻ്റെ വിവിധ പ്രവണതകളേയും ഭാവി സാധ്യതകളേയും വിലയിരുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. The Global Trap : Globalisation and the Assault on Democracy and Prosperity എന്നാണതിൻ്റെ പേര്. ഹാൻസ് - പീറ്റർ മാർട്ടിൻ, ഹരാൾഡ് ഷൂമാൻ എന്നീ രണ്ടു ജർമ്മൻകാരാണ് അതിൻ്റെ ഗ്രന്ഥകർത്താക്കൾ. പിൽക്കാലത്ത് ഈ രണ്ടു പേരും പ്രസിദ്ധ ജർമ്മൻ പ്രസിദ്ധീകരണമായ ഡെർ സ്പീഗെൽ (Der Spiegel) ൻ്റെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. 27 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഈ പുസ്തകം. ഇവരിൽ ഹാൻസ് - പീറ്റർ മാർട്ടിൻ യൂറോപ്യൻ പാർലമെൻ്റിൽ അംഗവുമായിരുന്നിട്ടുമുണ്ട്. 21-ാം നൂറ്റാണ്ടിലെ സമൂഹം ഒരു  "20/80 സമൂഹ"മായിരിക്കുമെന്നാണ് ഈ പുസ്തകം പറയുന്നത്. ലോക തലത്തിൽ തന്നെ തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള ആളുകളിൽ 20% ൻ്റെ അദ്ധ്വാനം മാത്രമേ ലോക സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമുള്ളു. നിലവിലുള്ള ലാഭനിരക്കിൽ ഇടിവു വരാതെ കാര്യങ്ങൾ മുന്നോട്ടു നീക്കാൻ ഇത്രയും പേരുടെ അദ്ധ്വാനം മതി. ബാക്കിയുള്ള 80% പേർ തൊഴിൽ ചെയ്യാതെ എന്തെങ്കിലും തരം ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി കഴിഞ്ഞുകൂടേണ്ടി വരും. അവരിൽ നിന്നും ഉയർന്നുവരാനിടയുള്ള എതിർപ്പുകളെ മറി കടക്കാനായി ഏതെങ്കിലും തരം വിനോദപരിപാടികളിൽ ഈ തൊഴിൽ രഹിത ജനങ്ങളെ കുടുക്കിയിടണം. അതിനവർ ഉപയോഗിച്ചത് "റ്റിറ്റിറ്റെയ്ൻമെൻ്റ്" (Tititainment) എന്ന അശ്ലീലച്ചുവയുള്ള വാക്കാണ്. മുല കുടിക്കുമ്പോഴുള്ള ആനന്ദം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 80 ശതമാനം ശതമാനം ആളുകളെ ഇങ്ങനെ ചിലതിനാൽ ആനന്ദിപ്പിക്കുകയും വ്യവസ്ഥക്കെതിരായ സമരങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തുകയും ചെയ്യുക എന്നതാണ് മൂലധനശക്തികൾ ഉദ്ദേശിക്കുന്നത്. (https://en.m.wikipedia.org/wiki/The_Global_Trap What about the global poor? Globalization from above and below" (PDF). Retrieved 14 July 2014)

ആഗോളീകരണം രാഷ്ട്രീയത്തിൻ്റേയും അധികാരത്തിൻ്റേയും സമ്പദ്ഘടനയുടേയും മേഖലകളിൽ എന്തൊക്കെ പരിവർത്തനങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്നു വിശകലനം ചെയ്യുന്നുണ്ട് ഗ്രന്ഥകർത്താക്കൾ. സാമ്പത്തിക മേഖലയിൽ അതു വരുത്തിയിട്ടുള്ള മാറ്റങ്ങൾ സാമൂഹ്യതലത്തിൽ വലിയ അസമത്വങ്ങളും ധ്രുവീകരണങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നും സാമ്പത്തിക വികാസപ്രക്രിയക്കു മേലുള്ള കോർപ്പറേറ്റു നിയന്ത്രണം ശക്തമാവുകയും രാഷ്ട്രീയ നിയന്ത്രണം ദുർബ്ബലമാവുകയും ചെയ്തിട്ടുണ്ടെന്നും അവർ നിരീക്ഷിക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തന്നെ ആഗോളതലത്തിൽ പല മേഖലകളിലും ഈ 80:20 സാഹചര്യം നിലവിൽ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അവർ സ്വതന്ത്ര വാണിജ്യവും നിയന്ത്രണങ്ങളൊന്നുമില്ലാത്ത ധനമൂലധന വിപണികളും ഉണ്ടാക്കാനിരിക്കുന്ന അനന്തരഫലങ്ങളെ സംബന്ധിച്ച മുന്നറിയിപ്പുകളും നൽകുന്നുണ്ട്. ഡോ. ടി. കെ രാമചന്ദ്രൻ ഇതേപ്പറ്റി അദ്ദേഹത്തിൻ്റെ ഒരു ലേഖനത്തിൽ വർഷങ്ങൾക്കു മുമ്പേ വിശദീകരിച്ചിരുന്നു.

1995 സെപ്തംബർ 27- ഒക്റ്റോബർ 1 തിയതികളിൽ അമേരിക്കയിൽ സാൻഫ്രാൻസിസ്കോയിലെ ഹോട്ടൽ ഫെയർമോണ്ടിൽ മിഖായേൽ ഗോർബച്ചേവ് വിളിച്ചു ചേർത്ത രാഷ്ട്രീയ നേതാക്കളുടേയും ബിസിനസ്സ് പ്രമുഖരുടേയും അക്കാദമിക്കുകളുടേയും കോൺഫറൻസിലാണത്രേ "അഞ്ചിലൊന്ന് സമൂഹം" (one - fifth Society) എന്ന പദം ആദ്യം ഉയർന്നു വന്നത്. 500 പേർ പങ്കെടുത്ത ഫെയർമോണ്ട് കോൺഫറൻസിലെ മൂന്നു പേർ പത്ര പ്രവർത്തകരായിരുന്നു. അതിൽ ഒരാളായിരുന്നു ഗ്രന്ഥകർത്താക്കളിൽ ഒരാളായ ഹാൻസ് -പീറ്റർ മാർട്ടിൻ.

എൻ്റർറ്റെയിൻമെൻ്റ് വ്യവസായങ്ങളുടെ സ്വാധീനം

വ്യവസ്ഥാ വിരുദ്ധമായ സമരങ്ങളോ പ്രസ്ഥാനങ്ങളോ വളർന്നു വരുന്നതു തടയാനായി ജനങ്ങളെ പ്രത്യേകിച്ചും യുവജനങ്ങളെ ആനന്ദ വ്യവസായങ്ങളുടെ ഉപഭോക്താക്കളായി മാറ്റുന്നതിന് വൻകിട കോർപ്പറേറ്റുകൾ തന്നെ അപ്രഖ്യാപിത ആനന്ദ വ്യവസായങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ വൻതോതിൽ നടത്തപ്പെടുന്ന വ്യവസായമാണ് ലൈംഗിക വ്യവസായം. ലൈംഗികതയുടെ കാര്യത്തിൽ ഏറ്റവും യാഥാസ്ഥിതിക നിലപാടുള്ള കേരളീയ സമൂഹത്തിൽ പോലും അതിനോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു കഴിഞ്ഞിട്ടുണ്ട്. പോൺ വ്യവസായത്തിലെ ഏറ്റവും വില പിടിച്ച താരങ്ങളിലൊരാളായ സണ്ണി ലിയോണിന് ഏറ്റവുമധികം ആരാധകരുള്ള ഒരിടമാണ് കേരളം. അതിൻ്റെ നന്മതിന്മകളെപ്പറ്റി വിധി പറയാനല്ല, ആധുനിക മൂലധനം വളർത്തി വികസിപ്പിക്കുന്ന അതിലാഭമുണ്ടാക്കുന്ന ഒരു വ്യവസായത്തിന് സാംസ്കാരിക രംഗത്ത് എന്തു മാറ്റമുണ്ടാക്കാനാവും എന്നതിൻ്റെ സൂചന നൽകാൻ മാത്രമാണ് ഇതിവിടെ പറയുന്നത്.

ലോകത്തെ ലൈംഗിക വ്യവസായത്തിൻ്റെ (Porn Industry) വലിയ ഭാഗവും വ്യക്തികളോ സ്വകാര്യ കോർപ്പറേഷനുകളോ നടത്തുന്നവയാണ്. പോൺ ബിസിനസ്സും കോർപ്പറേറ്റ് ലോകവും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നതാണ് ഫ്രാൻസിസ് കീനിംഗിൻ്റെ (Francis Koening) Porno capitalism initiative. വാൾസ്ട്രീറ്റിലെ ഒരു ഹെഡ്ജ് ഫണ്ട് എക്സിക്യൂട്ടീവായിരുന്ന അദ്ദേഹം 2005 ൽ ലൈംഗിക വ്യവസായത്തിൽ കുത്തകകളെക്കൊണ്ട് മൂലധനം നിക്ഷേപിപ്പിക്കാനായി അഡൾട്ട് വെസ്റ്റ് (AdultVest) എന്നൊരു കമ്പനി തന്നെ തുടങ്ങിയിരുന്നു. ലൈംഗിക വ്യവസായ മേഖലയിലെ ഒരേയൊരു യഥാർത്ഥ മ്യൂച്ചൽ ഫണ്ട് എന്നു വിളിക്കപ്പെടുന്ന വൈസെക്സ് ഫണ്ടിന് (Vicex Fund) വിവിധ കമ്പനികളിലായി 211.17 ദശലക്ഷം ഡോളറിൻ്റെ നിക്ഷേപമുണ്ടത്രേ! ഈ മേഖലയിൽ മൂലധനം നിക്ഷേപിച്ചിട്ടുള്ളവരിൽ Philip Morris, Lorillard, British American Tobacco തുടങ്ങിയ വൻകിട കമ്പനികൾക്കു പുറമെ, ആയുധ കച്ചവട രംഗത്തെ പ്രമുഖരായ ലോക്ക്ഹീഡ് മാർട്ടിനും ബീർ കമ്പനികളായ Carlsberg A/S, Molson Coors തുടങ്ങിയവരും ഉൾപ്പെടുന്നുണ്ടത്രേ!!

ജനറൽ മോട്ടോഴ്സ്, AOL ടൈം വാർണർ, മരിയോട്ട് (Marriott) തുടങ്ങിയ ലോകപ്രസിദ്ധമായ കമ്പനികൾ അമേരിക്കക്കാരുടെ വീടുകളിലേക്കും ഹോട്ടൽ മുറികളിലേക്കുമൊക്കെ ലൈംഗിക സിനിമകൾ വിതരണം ചെയ്തു കൊണ്ട് പണമുണ്ടാക്കുന്നുണ്ടെന്ന് ABC ന്യൂസ് റിപ്പോർട്ടു ചെയ്തത് വർഷങ്ങൾക്കു മുമ്പാണ്. പക്ഷേ ഈ കമ്പനികളൊന്നും തങ്ങളുടെ റിപ്പോർട്ടുകളിൽ ഇക്കാര്യം വെളിപ്പെടുത്താറില്ല. ക്രിസ് ഹെഡ്ജെസ് (Chris Hedges) റിപ്പോർട്ട് പറയുന്നത്, ഓരോ മാസവും അമേരിക്കൻ കുടുംബങ്ങളിലേക്ക് 40 ദശലക്ഷം ലൈംഗിക സ്ട്രീമുകളെത്തിക്കുന്ന DIRECTV യുടെ ഉടമകൾ ജനറൽ മോട്ടോഴ്സാണെന്നാണ്. AT & T ബ്രോഡ്ബാൻ്റും Comcast cables ഉമൊക്കെ ലൈംഗിക വ്യവസായത്തിൽ നിന്നും വലിയ വരുമാനമുണ്ടാക്കുന്ന കമ്പനികളാണ്. ഹോട്ടൽ ശൃംഖലകളായ Marriott (മാരിയറ്റ്), Hilton (ഹിൽറ്റൺ) Westin ( വെസ്റ്റിൻ) തുടങ്ങിയവയും ലൈംഗിക സിനിമകളിൽ നിന്നും വരുമാനമുണ്ടാക്കുന്നുണ്ടെന്ന് AVN, X- Biz റിപ്പോർട്ടുകൾ എടുത്തു പറയുന്നു.

ലോകമെമ്പാടും വർഗ്ഗസമരം ശക്തിപ്പെടുക തന്നെയാണ്

നവലിബറൽ കാലത്തെ ധനമൂലധനവും അതിൻ്റെ അധികാര പ്രയോഗവും ചൂഷണത്തിൻ്റേയും മർദ്ദനത്തിൻ്റേയും പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുകയും ബഹുജനങ്ങളുടെ സംഘടിത മുന്നേറ്റങ്ങളെ ദുർബ്ബലപ്പെടുത്താനുള്ള വിവിധ രീതികൾ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വരുന്ന ബഹുജന പ്രക്ഷോഭങ്ങളെ തടഞ്ഞു നിർത്താൻ അവർക്കായിട്ടില്ല. നേരെ മറിച്ച്, കോർപ്പറേറ്റ് മൂലധനത്തിൻ്റെ ഇടപെടലുകളെ തുടർന്ന് ലോകമെങ്ങും അസമത്വവും തൊഴിലില്ലായ്മയും രൂക്ഷമാവുകയും തൊഴിൽ രഹിതരുടെ കുടിയേറ്റങ്ങളും അഭയാർത്ഥി പ്രവാഹവും ശക്തിപ്പെടുകയും  പുതിയ തരം വൈരുദ്ധ്യങ്ങൾ വളർന്നുവരികയുമാണു ചെയ്തത്.

ആഗോളീകരണ നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതിൻ്റെ തൊട്ടുപിന്നാലെ വന്ന രണ്ടാമത്തെ ദശകം ലോകത്തിൻ്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തുള്ള ജനകീയപ്രക്ഷോഭങ്ങൾ നടന്ന ദശകമായിരുന്നു. If We Burn: The Mass Protest Decade and the Missing Revolution എന്ന പുസ്തകത്തിൻ്റെ കർത്താവായ വിൻസെൻ്റ്  ബെവിൻ (Vincent Bevin) ചൂണ്ടിക്കാട്ടുന്നതു പോലെ വ്യവസ്ഥക്കെതിരായ സമരങ്ങളിൽ ഇത്ര മാത്രം ജനങ്ങൾ പങ്കാളികളായിട്ടുള്ള, 2010 - 20 പോലെ ഒരു ദശകം മുമ്പ് ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ വർഗ്ഗസമരം അവസാനിച്ചു കഴിഞ്ഞു എന്ന മുതലാളിത്ത സൈദ്ധാന്തികരുടെ ആഗ്രഹചിന്തകൾ എത്ര മാത്രം അസ്ഥാനത്താണെന്നു വെളിപ്പെടുത്തുന്നതായിരുന്നു ആ പ്രക്ഷോഭങ്ങൾ. "അറബ് വസന്ത"മെന്നും "മുല്ലപ്പൂ വിപ്ലവ''മെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ടുണീഷ്യയിലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അവിടത്തെ ഭരണാധികാരിക്ക് രാജ്യം വിട്ടുപോകേണ്ടിവന്നുവെങ്കിൽ ഈജിപ്തിലെ ഹോസ്നി മുബാറക്കിൻ്റെ 30 വർഷത്തെ ഏകാധിപത്യ ഭരണത്തിനന്ത്യം കുറിച്ചു, അവിടത്തെ ജനകീയ പ്രക്ഷോഭം. 2010 ൻ്റെ അവസാനത്തിൽ ആരംഭിച്ച ഈ ബഹുജന പ്രക്ഷോഭങ്ങൾ സമീപരാജ്യങ്ങളായ ലിബിയയിലും സിറിയയിലും യെമനിലും തുർക്കിയിലും ബഹറിനിലും അൾജീരിയയിലും ജോർദ്ദാനിലും സുഡാനിലുമൊക്കെ വലിയ ബഹുജന പ്രക്ഷോഭങ്ങൾക്കു പ്രേരണ നൽകി. പലയിടത്തും ഭരണാധികാരികൾക്ക് അധികാരം നഷ്ടപ്പെടുകയോ, നിയമാനുസരണം അധികാരമൊഴിഞ്ഞു പോകാമെന്നു പ്രതിജ്ഞ ചെയ്യേണ്ടി വരികയോ ചെയ്തു. ആഗോളീകരണം സൃഷ്ടിച്ച പുതിയ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ  ജനാധിപത്യത്തിനു വേണ്ടിയും അധികാരത്തിൻ്റേയും സമ്പത്തിൻ്റേയും കേന്ദ്രീകരണത്തിനെതിരായും പലയിടങ്ങളിലും ജനകീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു. അറബ് രാജ്യങ്ങളിൽ മാത്രമല്ല ബ്രസീലും ചിലിയും പോലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സ്പെയിനും ഗ്രീസും പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലും ദക്ഷിണ കൊറിയയും ഹോങ്കോങ്ങും ഇന്തോനേഷ്യയും പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും കൂടുതൽ ജനാധിപത്യവും  മൂലധനവാഴ്ചയുടെ ദുരന്തഫലങ്ങളുടെ പരിഹാരവും ആവശ്യപ്പെട്ടുകൊണ്ട് വലിയ ജനകീയ പ്രസ്ഥാനങ്ങൾ വളർന്നു വന്നു. 2011 ൽ അമേരിക്കൻ നഗരമായ ന്യൂയോർക്കിൽ രൂപമെടുത്ത 'വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ' (Occupy Wall street) പ്രസ്ഥാനം ഇതര അമേരിക്കൻ നഗരങ്ങളിലേക്കു മാത്രമല്ല, ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കു കൂടി പടർന്നു കയറി. "ഞങ്ങൾ 99%" എന്ന അതിൻ്റെ മുദ്രാവാക്യം നിയോലിബറൽ മൂലധനം സൃഷ്ടിച്ച രൂക്ഷമായ അസമത്വത്തിനെതിരായ സമര പ്രഖ്യാപനമായി. "നിയോലിബറൽ വാഴ്ചയുടെ ഉച്ചസ്ഥായിയിൽ വർഗ്ഗസമരത്തെ കേവലമായി തന്നെ തള്ളിപ്പറഞ്ഞ ഒരു രാഷ്ട്രത്തിൽ ഈ മുദ്രാവാക്യത്തിനു ലഭിച്ച സ്വീകാര്യത അതിശയകരമായിരുന്നു" എന്ന് അമേരിക്കൻ ചരിത്രകാരനായ ഗാരി ഗെർസ്റ്റൽ (Garry Gerstle) ചൂണ്ടിക്കാട്ടുന്നുണ്ട്. (The Rise and Fall of the Neoliberal Order: America and the World in the Free Market Era - 2022)

നിയോലിബറൽ മുതലാളിത്ത ചൂഷണത്തെ തുടർന്ന് കൂടുതൽ തീവ്രത കൈവരിച്ച പുതിയ വൈരുദ്ധ്യങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ബഹുജനങ്ങളെ സമരരംഗത്തേക്കു വരാൻ നിർബ്ബന്ധിതരാക്കുകയാണ്. തൊഴിലാളികളും കർഷകരും മാത്രമല്ല, വിദ്യാർത്ഥികളും യുവജനങ്ങളും തൊഴിൽ രഹിതരും പെൻഷൻ പറ്റിയവരും ന്യൂനപക്ഷങ്ങളും ആദിവാസികളും സ്ത്രീകളും മർദ്ദിത ജാതി/വംശ വിഭാഗങ്ങളും ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരുമെല്ലാം ഇത്തരത്തിൽ സമരരംഗത്താണ്. വ്യവസ്ഥക്കെതിരായ സമരങ്ങളിൽ അണി നിരന്നിട്ടുള്ള ഈ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ അനൈക്യം സൃഷ്ടിക്കാനും അവർക്കിടയിലുള്ള വൈരുദ്ധ്യങ്ങളെ ശത്രുതാപരമായി വളർത്തിയെടുക്കാനുമാണ് ധനമൂലധന ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ മാർഗ്ഗങ്ങളെ മാത്രമല്ല, സാംസ്കാരിക രംഗത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മൂലധന ശക്തികൾ ഇതു സാധിക്കുന്നത്.

എങ്കിലും മാദ്ധ്യമങ്ങളുടെ രംഗത്തുൾപ്പെടെ സാംസ്കാരത്തിൻ്റെ വിപുലമായ മേഖലയിൽ മൂലധനം നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ ചെറുക്കപ്പെടാതെ പോകുന്നില്ല. കോർപ്പറേറ്റ് ശക്തികളുടെ നിയന്ത്രണത്തിലുള്ളതാണെങ്കിൽ പോലും നിലവിലുള്ള ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ, ഭരണകൂട നിയന്ത്രണത്തിനു പുറത്തുള്ള മണ്ഡലങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫലപ്രദമായ ഒരു കമ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കാനും അതുവഴി വ്യവസ്ഥാ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഭരണകൂട വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാനും കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ടുണീഷ്യയും ഈജിപ്തും ഉൾപ്പെടെയുള്ള ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലും മദ്ധ്യപൂർവ്വദേശത്തും ഗ്രീസും സ്പെയിനും പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം ഇതു സംഭവിച്ചതാണ്. അത്തരം ചെറുത്തുനില്പുകൾക്ക് പ്രത്യയശാസ്ത്രപരമായ നേതൃത്വവും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ പ്രാപ്തമായ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇനിയും വളർന്നു വന്നിട്ടില്ലെന്നതു വലിയൊരു ദൗർബ്ബല്യമായി തുടരുകയാണ്. 2008 ലെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിക്കു തൊട്ടു പിന്നാലെ 21-ാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വളർന്നു വന്ന വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങളെ സാമ്രാജ്യത്വത്തിനും ധനമൂലധനത്തിനുമെതിരായ വിപ്ലവങ്ങളായി വളർത്തിക്കൊണ്ടുവരാൻ കഴിയാതെ പോയത് മുഖ്യമായും ഈ കാരണം കൊണ്ടു തന്നെയാണ്.

ധനമൂലധനത്തിൻ്റെ സാംസ്കാരിക ഭീകര പ്രവർത്തനം

വാസ്തവത്തിൽ പുതിയ കാലത്തെ ധനമൂലധനം സാംസ്കാരികരംഗത്തെ ഒരു ഭീകര പ്രവർത്തനമാണു നടത്തുന്നത്. പരസ്പരവിരുദ്ധമെന്നു തോന്നുന്ന എല്ലാററിനേയും അതുപയോഗപ്പെടുത്തുന്നു. മതത്തേയും ആധുനിക ശാസ്ത്രത്തേയും മുതൽ അന്ധവിശ്വാസത്തേയും നവയുക്തിവാദത്തേയും വരെ, വർഗ്ഗീയതയേയും വംശീയതയേയും വിവിധതരം ഫാസിസ്റ്റ് ശക്തികളേയും മുതൽ ലിബറൽ ജനാധിപത്യത്തെ വരെ, നാഗരികതകളുടെ സംഘർഷം മുതൽ ലാഭലക്ഷ്യത്തോടെയുള്ള വിപണി ഉദ്ഗ്രഥനം വരെ, ആൾദൈവങ്ങളെ മുതൽ ആനന്ദ വ്യവസായങ്ങളെ വരെ, ആദ്ധ്യാത്മിക സാഹിത്യത്തിൻ്റെ പുതിയ വ്യാഖ്യാനങ്ങളെ മുതൽ ഉത്തരാധുനികതയെ വരെ, അൽഖ്വയ്ദയെ മുതൽ ആർ.എസ്. എസിനെ വരെ എല്ലാറ്റിനേയും സ്വന്തം താല്പര്യങ്ങൾ നേടാനുള്ള ഉപകരണങ്ങളാക്കാൻ ധനമൂലധനത്തിനാവുന്നു.

പക്ഷേ, സാധാരണജനങ്ങളുടെ സാംസ്കാരിക ബോധത്തെ എക്കാലത്തേക്കും വ്യതിചലിപ്പിക്കാനും  വഴിതിരിച്ചുവിടാനും സാമ്രാജ്യത്വ മൂലധനശക്തികൾക്കു സാധ്യമല്ല. ടി വി സ്ക്രീനിലോ ഇതരമാധ്യമങ്ങളിലോ ദൃശ്യമാകുന്ന സമ്പന്നൻ്റെ വിരുന്നു മേശകളും ദരിദ്രൻ്റെ വീട്ടിലെ ഒഴിഞ്ഞ അടുക്കളയും തമ്മിലുള്ള വൈരുദ്ധ്യം എക്കാലത്തും മറച്ചുവക്കാനുമാവില്ല. കോകാ കോളയുടെ കുപ്പികൾക്ക് തെരുവുയുദ്ധങ്ങളിലെ മൊളോട്ടോവ് കോക്ക്ടെയിലുകളാകാനുമാവും എന്നു ജെയിംസ് പെട്രാസ് ചൂണ്ടിക്കാട്ടുമ്പോൾ നാം മനസ്സിലാക്കേണ്ടത് സാമ്രാജ്യത്വ മൂലധനത്തിൻ്റെ സാംസ്കാരിക ഭീകരത ഒരു രാഷ്ട്രീയ പ്രയോഗമാണെന്നാണ്; അതിൻ്റെ അവക്ഷിപ്തങ്ങളെപ്പോലും ചെറുത്തുനില്പിനുള്ള ആയുധങ്ങളാക്കാൻ ഇടതുപക്ഷത്തിനു കഴിയുമെന്നാണ്; സാമ്രാജ്യത്വത്തെ ചെറുക്കേണ്ടത് വർഗ്ഗസമരത്തിൻ്റെ രാഷ്ട്രീയവും സംസ്ക്കാരവും വികസിപ്പിച്ചു കൊണ്ടാണ് എന്നാണ്.

കടപ്പാട്:


1) Culture and Imperialism. - Edward Said


2) The Clash of Civilizations and the Remaking of World Order - Samuel P Huntington

 
3) The End of History and the Last Man - Francis Fukuyama


4) Cultural Imperialism in Late 20th Century - James Petras. Economic and Political Weekly: Vol. 29, Issue No. 32, 06 Aug, 1994)


5) How to Stand up to A Dictator - Maria Ressa


6) ജയിൽ കുറിപ്പുകൾ - അൻ്റോണിയോ ഗ്രാംഷി