P C UNNICHEKKAN:-വയനാട്ടിലെ ഉരുൾ പൊട്ടൽ : ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുഴുവൻ പേരും കൈകോർക്കുക

                                      

                                                  





 

വയനാട്ടിലെ ഉരുൾ പൊട്ടൽ :

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുഴുവൻ പേരും കൈകോർക്കുക

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഇന്നലെയുണ്ടായ ഉരുൾ പൊട്ടലുകളും  അതുണ്ടാക്കിയ വിനാശവും വൻ ജീവനാശവും കെടുതിയും സൃഷ്ടിച്ചിരിക്കുന്നത് അതീവ വേദനാജനകമാണ്. ജീവനാശത്തിൻ്റേയും നാശനഷ്ടങ്ങളുടേയും വ്യാപ്തി ഇനിയും പൂർണ്ണമായി വ്യക്തമായിക്കഴിഞ്ഞിട്ടില്ല. മരിച്ചവരുടെ ഉറ്റവരോടും എല്ലാം നഷ്ടപ്പെട്ടവരോടുമൊപ്പം പാർട്ടി ദുഃഖം പങ്കുവയ്ക്കുന്നു അവരെ ചേർത്തു പിടിക്കുന്നു.  2018ലെ പ്രളയകാലത്തെപ്പോലെത്തന്നെ കേരളം  ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിനിറങ്ങിയാലേ ഈ ദുരന്തത്തിൽ നിന്ന് കരകയറാനാവൂ. പാർട്ടി പ്രവർത്തകർ സജീവ രക്ഷാപ്രവർത്തനത്തിനൊപ്പമുണ്ട്.

 

ഇതിനോടകം 163 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെങ്കിലും മരണ സംഖ്യ അതിലുമെത്രയോ അധികമായിരിക്കുമെന്ന ആശങ്കയാണ് ഇപ്പോഴുമുള്ളത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയവരേയും ചളിയിൽ പുതഞ്ഞുപോയവരേയും തകർന്നടിഞ്ഞ വീടുകൾക്കുള്ളിലും കടപുഴകിയ മരങ്ങൾക്കടിയിലുമൊക്കെ കുടുങ്ങിക്കിടക്കുന്നവരേയും കണ്ടെത്താൻ കൂടുതൽ സമയമെടുത്തേക്കാം. തകർന്നടിയുകയും ഒഴുകിപ്പോവുകയും ചെയ്ത വീടുകളുടേയും മറ്റു നിർമ്മിതികളുടേയും കൃഷിയുടേയും മറ്റു വസ്തുവകകളുടേയുമൊക്കെ പണമായും അല്ലാതെയുമുള്ള മൂല്യം തിട്ടപ്പെടുത്താനും സമയമായിട്ടില്ല. സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തം തന്നെയാണ് ഇതെന്ന കാര്യത്തിൽ രണ്ടു പക്ഷമുണ്ടാവാനിടയില്ല.

 

2018 ലെ പ്രളയത്തിനും എത്രയോ മുമ്പു മുതൽ തന്നെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയ പ്രദേശമാണ് കേരളം. അതിവൃഷ്ടിയുടേയും അകാലവൃഷ്ടിയുടേയും വരൾച്ചയുടേയും മേഘസ്ഫോടനത്തിൻ്റേയും മറ്റും ഫലമായുണ്ടാകുന്ന മിന്നൽ പ്രളയങ്ങളും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഇതിൻ്റെയൊക്കെ ഫലമായുണ്ടാകുന്ന ആൾനാശവും കൃഷിനാശവുമൊക്കെ കഴിഞ്ഞ രണ്ടു ദശകമായി ഏറെക്കുറെ പതിവായി തന്നെ കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 2018ലെ പ്രളയത്തിനു ശേഷം ഈ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും നശീകരണ സ്വഭാവവും വർദ്ധിച്ചിരിക്കുന്നു. പുത്തുമലയിലും (2019 ആഗസ്ത് 8, മരണം 17) മലപ്പുറം ജില്ലയിലെ കവളപ്പാറ മുത്തപ്പൻ കുന്നിലും ( 2019 ആഗസ്ത്‌ 8, മരണം 59) ഇടുക്കി ജില്ലയിലെ പെട്ടിമുടിയിലും (2020 ആഗസ്ത് 7, മരണം 70) കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും (2021 ഒക്ടോബർ 16, മരണം 13) കൊക്കെയാറിലു (2021 ഒക്ടോബർ 16, മരണം 5) മൊക്കെയുണ്ടായ ഉരുൾ പൊട്ടലുകളുടെ തുടർച്ചയെന്നോണമാണ് ഇന്നലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾ പൊട്ടലുണ്ടായത്. 2019 ൽ ഉരുൾ പൊട്ടലുണ്ടായ പുത്തുമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലമേ ചൂരൽമലയിലേക്കുള്ളു.

 

ഈ ദുരന്തങ്ങൾക്കു വഴിയൊരുക്കിയതിൽ ലാഭ താത്പര്യങ്ങളോടെ മാത്രം പ്രവർത്തിക്കുന്ന മൂലധന ശക്തികൾക്കും അവർക്കു സൗകര്യമൊരുക്കിക്കൊടുക്കുന്ന ഭരണകൂടത്തിനും അവരുടെ വികലവികസന വീക്ഷണങ്ങൾക്കും കൂടി പങ്കുള്ളതുകൊണ്ടു തന്നെ ഇവയെ പൂർണ്ണമായും പ്രകൃതിദുരന്തങ്ങളെന്നു മാത്രം വിശേഷിപ്പിക്കാനാവില്ല. 'പശ്ചിമഘട്ടം വലിയ തോതിലുള്ള കടന്നാക്രമണങ്ങളെ നേരിടുകയാണെന്നും ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ കേരളവും മറ്റു പശ്ചിമഘട്ട സംസ്ഥാനങ്ങളും വലിയ ദുരന്തങ്ങളെ നേരിടേണ്ടിവരുമെന്നും' ഡോ. മാധവ് ഗാഡ്ഗിൽ വർഷങ്ങൾക്കു മുമ്പു നൽകിയ മുന്നറിയിപ്പിനെ ഗൗരവമായെടുത്തുകൊണ്ട് കേരളത്തിൻ്റെ മൂർത്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് ശാസ്ത്രീയമായി ഗാഡ്ഗിൽ സമിതി നിർദ്ദേശങ്ങൾ  നടപ്പാക്കാൻ ഇതുവരെ  സർക്കാരുകളൊന്നും തയ്യാറായിട്ടില്ല. തൊട്ടു മുമ്പുള്ള ഏഴു വർഷക്കാലത്ത് രാജ്യത്തുണ്ടായ പ്രധാനപ്പെട്ട ഉരുൾ പൊട്ടലുകളിലും മണ്ണിടിച്ചിലുകളിലും ഏറ്റവും കൂടുതൽ സംഭവിച്ചത് കേരളത്തിലാണെന്ന്  2022 ജൂലൈയിൽ ഭൗമ ശാസ്ത്രമന്ത്രാലയം ലോകസഭയെ അറിയിച്ചിരുന്നു. 2015 നും 2022 നുമിടക്ക് രാജ്യത്തുണ്ടായ 3782 മണ്ണിടിച്ചിലുകളിൽ (landslide) 2,239 എണ്ണവും (59.2%) കേരളത്തിലായിരുന്നു.

 

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ അധികൃതമായും അനധികൃതമായും പ്രവർത്തിക്കുന്ന ക്വാറികൾ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും വഴിവക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം മേഖലകളിലെ ക്വാറിയിങ് നിയന്ത്രിക്കാൻ സർക്കാരുകൾ തയ്യാറായിട്ടില്ല. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മലഞ്ചെരിവുകളിൽ വിവേചനരഹിതമായി ഹോട്ടലുകളും റിസോർട്ടുകളും റോഡുകളും മറ്റു നിർമ്മിതികളും പണിതുയർത്തുന്നത് മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും കാരണമായേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെങ്കിലും അക്കാര്യത്തിലും ഭരണകൂടം കുറ്റകരമായ നിഷ്ക്രിയത്വമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ഉരുൾ പെട്ടലുണ്ടായ പ്രദേശത്തും ടൂറിസം വികസനത്തിൻ്റെ പേരിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുപോരുകയാണ്. വയനാട് ജില്ലയുടെ പ്രവേശന കവാടമായ ലക്കിടി മുതൽ വടുവൻചാൽ വരെയുള്ള സ്ഥലത്ത് റിസോർട്ടുകളും എൻ്റർടെയ്ൻമെൻ്റ് പാർക്കുകളുമൊക്കെയായി 700 ൽ കുറയാത്ത നിർമ്മിതികളുണ്ടെന്നാണ് ചില നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നടന്നിട്ടുള്ള ഈ നിർമ്മിതികൾ ചൂരൽ മലയിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണമാണ്. അശാസ്ത്രീയമായി നടപ്പാക്കിയ ഭൂമി തരം മാറ്റലിലൂടെ വയനാട്ടിൽ നഷ്ടപ്പെട്ട വനഭൂമിയുടെ വിസ്തൃതി ഡൽഹി സംസ്ഥാനത്തിൻ്റേതിനു തുല്യമാണെന്ന് കേരള വനഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

 

2018 ലെ പ്രളയത്തിനു ശേഷം 2019 ഒക്റ്റോബറിൽ, കേരളത്തിലെ ഉരുൾ പൊട്ടലിനേയും അതിൻ്റെ സവിശേഷതകളേയും സംബന്ധിച്ചു പഠനം നടത്താനും അതു നിയന്തിക്കാനാവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി മൂന്നാറിൽ ചേർന്ന വിദഗ്ദ്ധരുടെ സംഘം ഉരുൾ പൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്താനും മുൻ കരുതൽ നടപടികൾ സ്വീകരിക്കാനുമുള്ള ശുപാർശകൾ മുന്നോട്ടു വച്ചുവെങ്കിലും അതൊന്നും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

 

കാലാവസ്ഥാ വ്യതിയാനത്തിൻ്റേയും അശാസ്ത്രീയമായ വികസന കാഴ്ചപ്പാട് നടപ്പാക്കുന്നതിൻ്റേയും ഫലമായി കേരളത്തിൽ ആവർത്തിച്ചുണ്ടാവുന്ന ദുരന്തങ്ങളേയും കെടുതികളേയും നേരിടുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് യാതൊരു തയ്യാറെടുപ്പുമില്ല. വയനാട്ടിലെ തന്നെ മുട്ടിലിലോ മറ്റു സ്ഥലങ്ങളിലോ നടക്കുന്ന വിവേചനരഹിതമായ മരം മുറിക്കലും വനനശീകരണവും ചൂരൽ മല ഉൾപ്പെടെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നടക്കുന്ന  റിസോർട്ടു നിർമ്മിതിയും ക്വാറിയിംഗുമൊന്നും നിയന്ത്രിക്കാനോ, തടയാനോ  സർക്കാർ തയ്യാറാകുന്നില്ല. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളെ തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറായിട്ടില്ല.

 

ഈ സാഹചര്യത്തിൽ താഴെ പറയുന്ന വിഷയങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഞങ്ങൾ ആവശ്യപ്പെടുന്നു.

 

* ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം ആവശ്യമായ സൈനികഘടകങ്ങളുടെ കൂടി പങ്കാളിത്തത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക.

 

* ദുരന്തത്തിൽ ഇരകളായവർക്ക് ഉചിതമായ സഹായധനം നൽകുക, സൗജന്യ ചികിത്സയും ഉചിതമായ പുനരധിവാസവും  ഉറപ്പു വരുത്തുക.

 

* ഉരുൾപൊട്ടൽ സാധ്യതയുള്ള സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ഉചിതവും ശാസ്ത്രീയവുമായ മുൻകരുതൽ നടപടികൾ ഉറപ്പാക്കുക.

 

* വയനാട് തുരങ്കപാത,  സിൽവർലൈൻ മുതലായ അശാസ്ത്രീയവും പരിസ്ഥിതി വിനാശകരവുമായ പദ്ധതികൾ ഉപേക്ഷിക്കുക.

 

* പരിസ്ഥിതിലോല പ്രദേശങ്ങളിലെ എല്ലാത്തരം ക്വാറിയിംഗും തടയുക; അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. വനനശീകരണവും മരം മുറിക്കലും തടയുക; നിയന്ത്രിക്കുക.

 

* ഭൂമി തരം മാറ്റുന്നത് വിദഗ്ധ പരിശോധനക്കു ശേഷം മാത്രമെന്ന് ഉറപ്പു വരുത്തുക. പരിസ്ഥിതി സുരക്ഷിതത്വത്തെ ബാധിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക.

 

* പശ്ചിമഘട്ടത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തുക. ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ ശാസ്ത്രീയമായി നടപ്പാക്കുക.

പി.സി. ഉണ്ണിച്ചെക്കൻ , കേരള സംസ്ഥാന സെക്രട്ടറി, എം.എൽ. പി. ഐ. (റെഡ് ഫ്ലാഗ്)

തിരുവനന്തപുരം  ,  30/7/ 2024