ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച്.:---
എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്)
കേരള സംസ്ഥാന കമ്മിറ്റി
പതിനെട്ടാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരള സംസ്ഥാനത്ത് 18 ലോക്സഭാ മണ്ഡലങ്ങളിൽ യു ഡി എഫിനും എൽ ഡി എഫിനും എൻ ഡി എക്കും ഓരോ മണ്ഡലങ്ങളിലും വിജയമുണ്ടായി. ഓരോ മുന്നണിക്കും ലഭിച്ച വോട്ടു ശതമാനം നോക്കിയാൽ എൽ ഡി എഫിന് 33.34% വും യു ഡി എഫിന് 45.22 % വും എൻ ഡി എ ക്ക് 19.39% വും വോട്ടുകൾ ലഭിച്ചതായി കാണാം. ബി ജെ പി യെ സംബന്ധിച്ചേടത്തോളം തൃശൂർ ലോക്സഭാ സീറ്റിൽ വിജയം നേടാനായി എന്നതു മാത്രമല്ല, 11 നിയമസഭാ മണ്ഡലങ്ങളിൽ 1-ാം സ്ഥാനവും 8 നിയമസഭാ മണ്ഡലങ്ങളിൽ 2-ാം സ്ഥാനവും നേടാനായി. ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ ഒഴിച്ച് മറ്റെല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എൻ ഡി എക്ക് വോട്ടു വിഹിതം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 18 സീറ്റുകളിൽ വിജയം നേടാനായി എങ്കിലും യു ഡി എഫിന് 12 മണ്ഡലങ്ങളിൽ വോട്ട് വിഹിതം കുറയുകയാണുണ്ടായത്. 13 നിയോജക മണ്ഡലങ്ങളിൽ എൽ ഡി എഫിന്റെ വോട്ടു വിഹിതവും കുറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ സൂചിപ്പിക്കുന്നതു പോലെ ബി ജെ പി നേതൃത്വം നൽകുന്ന വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾ നേടിയ വളർച്ചയും അവർക്ക് തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ വിജയം നേടാൻ കഴിഞ്ഞു എന്നതും വളരെ ആപൽക്കരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. എൽ ഡി എഫിനും യു ഡി എഫിനും വോട്ട് വിഹിതത്തിൽ ഒരു പോലെ കുറവു നേരിട്ട ആലപ്പുഴ പോലുള്ള മണ്ഡലങ്ങളിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ അവരുടെ വോട്ട് വിഹിതം (11% ത്തോളം) നാടകീയമായി വർദ്ധിപ്പിച്ചു എന്നുള്ളത് ഏറ്റവും ഗൗരവതരമായി കാണേണ്ട കാര്യമാണ്. 2019 ലെ ലോക സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 13% വോട്ടു മാത്രം നേടിയ ബി ജെ പി യുടെ വോട്ടു വിഹിതം 2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ 11% മായി കുറഞ്ഞതാണ്. അതാണ് ഇപ്പോൾ 19.39% മായി വർദ്ധിച്ചത്. 2019 ൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിനു ജയിച്ച യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 16,077 മാത്രമായി ചുരുങ്ങി. പത്തു നിയോജക മണ്ഡലങ്ങളിൽ ബി ജെ പി / എൻ ഡി എ വോട്ടു വിഹിതം 25% മായി വർദ്ധിച്ചു. ‘ഭരണവിരുദ്ധ വികാരം’ മാത്രമാണ് ഇതിനു കാരണം എന്ന വിശകലനത്തിൽ കാര്യങ്ങളെ പരിമിതപ്പെടുത്തുന്നതിനു പകരം നയപരമായ വ്യതിയാനമാണ് ഇതിൻ്റെ കാരണങ്ങളിൽ പ്രധാനം എന്നു തന്നെ വിലയിരുത്തേണ്ടതുണ്ട്.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിൻ്റെ പ്രഖ്യാപിത ഇടതുപക്ഷ നയങ്ങളിൽ നിന്നും പിൻമാറുകയും ആഗോളീകരണ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതു തന്നെയാണ് ഈ നയ വ്യതിയാനം. എത്രയോ ഇടതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ ഇന്ത്യയിൽ ഉണ്ടായിരിക്കേ തന്നെ, ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് ഇതിനുദാഹരണമാണ്. അധികം വൈകാതെ തന്നെ അവർ lMF ൻ്റെ ഉദ്യോഗസ്ഥയായി പോവുകയും ചെയ്തു.
45 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖല പ്രതിസന്ധിയിലായിട്ട് വളരെ കാലമായി. ഇതിനു പരിഹാരം കാണാനുള്ള ഫലപ്രദമായ ഒരു പദ്ധതിയും സർക്കാർ മുന്നോട്ടു വച്ചിട്ടില്ല. സംസ്ഥാനത്തെ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും മത്സ്യതൊഴിലാളികളും തോട്ടം തൊഴിലാളികളും താഴ്ന്ന ഇടത്തരക്കാരും അദ്ധ്വാനിക്കുന്ന ഇതര ജനതയും കടുത്ത ജീവിത പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന് ഇടതുപക്ഷ വിഭാഗങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കേണ്ടതായിരുന്നു. എൽ ഡി എഫ് സർക്കാർ തന്നെ തുടങ്ങിവച്ച ജനക്ഷേമ പരിപാടികളും സഹായ പദ്ധതികളും പോലും മുന്നോട്ടു കൊണ്ടു പോകാനായില്ല. സാമ്പത്തിക ഞെരുക്കമാണ് ഇതിൻ്റെ കാരണമെന്നു പറയുമ്പോൾ ഈ ഞെരുക്കത്തിനു പരിഹാരം കാണാനുള്ള ഗൗരവമുള്ള ശ്രമങ്ങളൊന്നും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്ന വസ്തുത ബാക്കി നിൽക്കുന്നു. ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ ശരിയായ മുൻഗണനാക്രമം പാലിക്കുന്നതിലും വീഴ്ചയുണ്ടായി. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും മാവേലി സ്റ്റോറുകൾ പോലുള്ള പൊതുവിതരണ കേന്ദ്രങ്ങളിൽ പോലും അവശ്യ വസ്തുക്കൾ നിയന്ത്രിത വിലക്കു ലഭ്യമാക്കുന്നതിലും ഉണ്ടായ പോരായ്മകൾ വലിയ അസംതൃപ്തിക്കു കാരണമായി. സാമൂഹ്യക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിലുണ്ടായ വീഴ്ചകളും അത് അവകാശമല്ലെന്നു ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലവും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച വൃദ്ധയെ സാമൂഹ്യ മാധ്യമങ്ങളിൽ നേരിട്ട രീതിയും സർക്കാർ ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകാമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റാത്തതും ക്ഷാമബത്തയും ശമ്പള / പെൻഷൻ പരിഷ്കരണ കുടിശ്ശികയും വിതരണം ചെയ്യാത്തതുമൊക്കെ ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളുമടങ്ങിയ 30 ലക്ഷത്തോളം വോട്ടർമാരുൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങളിൽ പ്രതിഷേധമുണ്ടാക്കി. നെൽകർഷകർക്കു നൽകേണ്ട സംഭരണ വില വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസവും വലിയൊരു വിഭാഗം ആളുകളിൽ അസംതൃപ്തി സൃഷ്ടിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകേണ്ട സാമ്പത്തിക വിഹിതം യഥാസമയം വിതരണം ചെയ്യാത്തതും സാങ്കേതിക കാരണങ്ങളുടെ പേരിൽ തടഞ്ഞുവച്ചതും സാമ്പത്തിക ഞെരുക്കത്തിന്റെ കാരണങ്ങളിൽ പ്രമുഖമായ ഒന്നാണെങ്കിലും അതു ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായില്ല. അത്തരം തടസ്സങ്ങളെ മറികടന്നുകൊണ്ട് കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന ബദൽ നയങ്ങൾ ആവിഷ്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അതിനൊക്കെയാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിലും പരാജയമുണ്ടായി. ജനകീയ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിന് സാമ്പത്തിക ഞെരുക്കം തടസ്സമാണെന്നു പറയുമ്പോഴും അധികാര സ്ഥാനത്തിരിക്കുന്നവരുടെ ധൂർത്തും അഴിമതിയും തടസ്സമില്ലാതെ തുടരുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. പി.എസ്. സി റാങ്ക് ലിസ്റ്റുകളെ അവഗണിച്ചു കൊണ്ട് പിൻവാതിൽ നിയമനം തുടരുകയാണെന്നും കാലാവധി തീരാനിരിക്കുന്ന ലിസ്റ്റുകളിൽ നിന്നും നിയമനം നടത്താതെ അർഹത നേടിയ തൊഴിലന്വേഷകർക്കു പോലും തൊഴിൽ നിഷേധിക്കുകയാണെന്നും ആരോപിച്ചു കൊണ്ട് തൊഴിൽ രഹിതരും റാങ്ക് ഹോൾഡർമാരും നടത്തിയ സമരങ്ങൾക്ക് വലിയ മാദ്ധ്യമശ്രദ്ധ ലഭിച്ചു. KSRTC യിൽ നിന്നും പിരിച്ചുവിടപ്പെട്ട എംപാനൽഡ് ജീവനക്കാരുടെ സമരവും സർക്കാരിനെ പ്രതികൂലമായാണു ബാധിച്ചത്. പി എസ് സി മുഖേന ഏറ്റവും കൂടുതൽ നിയമനം നടത്തിയത് തങ്ങളുടെ സർക്കാരാണെന്ന മറു പ്രചരണത്തിന് കാര്യമായ ഫലമുണ്ടാക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്തിൻ്റ സാമ്പത്തിക ഞെരുക്കത്തിൻ്റെ പ്രധാന കാരണമായ GST സംസ്ഥാനത്തിനു നേട്ടമുണ്ടാക്കുന്ന ഒന്നാണെന്നു തെറ്റായി വിലയിരുത്തി ModVAT, ZenVAT, VAT എന്നീ നയങ്ങളുടെ തുടർച്ചയായിരുന്നു GST. ഫെഡറലിസത്തെ തകർക്കുന്ന ഈ നയത്തെ തിരിച്ചറിയാൻ പോലും സർക്കാരിനു കഴിയാതെ പോയി.
സഹകരണമേഖലയിൽ വ്യാപകമായിട്ടുള്ള അഴിമതിയും കെടുകാര്യസ്ഥതയും ഗ്രാമീണ മേഖലകളിൽ പോലും വലിയ അസംതൃപ്തിയും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട്. കരുവന്നൂരും (തൃശൂർ ജില്ല) കണ്ടലയും (തിരുവനന്തപുരം ജില്ല) പുല്പള്ളിയും (വയനാട് ജില്ല) ഈ മേഖലയിലെ അഴിമതിയുടെ മൂന്നു മാതൃകകളാണെന്നും മറ്റു പലയിടങ്ങളിലും ഏറിയോ കുറഞ്ഞോ തോതിലുള്ള ഇതിൻ്റെ അനുകരണങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും ശ്രദ്ധിച്ചു നോക്കിയാൽ കാണാം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഏതു വിധേനയെങ്കിലും തകർക്കാൻ മാർഗ്ഗമന്വേഷിച്ചു കൊണ്ടിരുന്ന ബി ജെ പിക്ക് ഇതൊരു ആയുധമായി. കുപ്രസിദ്ധമായ കരുവന്നൂർ സഹകരണ ബാങ്ക് സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട അസംബ്ലി മണ്ഡലത്തിൽ ചരിത്രത്തിൽ ആദ്യമായി എൽ ഡി എഫ് മൂന്നാം സ്ഥാനത്താവുകയും ബി ജെ പി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് യാദൃച്ഛികമാണെന്നു പറഞ്ഞുകൂടാ. കെ എസ് ആർ ടി സി, കേരള ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ സ്വകാര്യവൽക്കരണവും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റും നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത്തും സവർണ്ണ സംവരണം നടപ്പാക്കിയതും വിദ്യാഭാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിലും വിദേശ യൂണിവേഴ്സിറ്റികളേയും സ്വാശ്രയ സർവ്വകലാശാലകളേയും സ്വാഗതം ചെയ്യുന്നതിലും കേരളത്തിന് അനുയോജ്യമല്ലാത്ത കെ. റെയിൽ നടപ്പാക്കുമെന്ന ദുഃശാഠ്യത്തിലും കെ. റെയിലിൻ്റെ മഞ്ഞക്കുറ്റി പറിച്ചെറിഞ്ഞ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതിലും 'നവകേരള സദസ്സി'നു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവർക്കു നേരെ നടത്തിയ കൈയേറ്റങ്ങളെ 'രക്ഷാ പ്രവർത്തന'മെന്നു പരിഹാസ്യമായി ന്യായീകരിച്ചതും വ്യാജ ഏറ്റുമുട്ടൽ കൊലകളോടും കസ്റ്റഡി മരണങ്ങളോടും നിസ്സംഗത പുലർത്തുന്ന പോലീസ് നയവും എല്ലാം തന്നെ ജനാഭിപ്രായത്തെ എതിരാക്കുന്നതിന് കാരണമായി.
മിനിമം കൂലി എന്നത് തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശമാണ്. അതു സംരക്ഷിക്കുന്നതിനു പോലും ജാഗ്രത കാണിക്കാത്ത 'ഇടതുപക്ഷ' സർക്കാർ തികച്ചും അപലപനീയമായ നയവ്യതിയാനമാണു വരുത്തിയത്. സ്വകാര്യ ആശുപത്രികൾ, കുട നിർമ്മാണം, വസ്ത്ര നിർമ്മാണം, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, സിനിമ തിയേറ്ററുകൾ, മൈനർ എഞ്ചിനീയറിംഗ്, പെട്രോൾ പമ്പുകൾ, LPG ഗ്യാസ് വിതരണം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ലബോറട്ടറി, ആയുർവേദ, ദന്തൽ സ്ഥാപനങ്ങൾ, നക്ഷത്ര ഹോട്ടലുകൾ, വിദേശമദ്യ നിർമ്മാണ കമ്പനികൾ എന്നീ 12 മേഖലകളെ മിനിമം കൂലി വ്യവസ്ഥയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥാപനമുടമകളുടേയും വ്യവസായികളുടേയും സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആ കേസിൽ, നിലവിലുള്ള മിനിമം കൂലി നിയമത്തെ സംരക്ഷിക്കാൻ വേണ്ടി ഒരു എതിർ സത്യവാങ്മൂലം നൽകാൻ പോലും സർക്കാർ തയ്യാറായില്ല. തൊഴിലാളി വർഗ്ഗത്തോടല്ല, മറിച്ച് മുതലാളിമാരോടാണ് സർക്കാരിൻ്റെ കൂറ് എന്നു വെളിപ്പെടുത്തുന്ന ഒരു സ്ഥിതിയാണ് ഇത് സൃഷ്ടിച്ചത്.
വലതുപക്ഷശക്തികളും വർഗ്ഗീയഫാഷിസ്റ്റുകളും ഈ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഉണ്ടായത്.
ബി ജെ പിയുടെ ഫാസിസ്റ്റ് ദുർഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തിൽ രൂപം കൊണ്ട INDIA സഖ്യം കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ സാധ്യമാകുമായിരുന്നില്ല. എങ്കിലും അഖിലേന്ത്യാ തലത്തിലുള്ള പ്രധാന വിപത്ത് ബി ജെ പിയാണെന്ന് വിശദമാക്കുന്ന ഒരു കാമ്പയിനും കേരളത്തിലുണ്ടായില്ല. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സുമായുണ്ടായിരുന്ന തെരഞ്ഞെടുപ്പു സഖ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു വിജയത്തിന് കോട്ടം ചെയ്തേക്കുമെന്ന നിലപാടിനായിരുന്നു ഇവിടെ പ്രാമുഖ്യം.
തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതിനു ശേഷവും സി പി എം സംസ്ഥാനക്കമ്മിറ്റി തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റി നടത്തിയ വിലയിരുത്തൽ ഈ നിലപാടിന് അനുസൃതമായിരുന്നു. അതിനേക്കാൾ അപകടകരമായ മറ്റൊരു കാര്യം ഈ വിലയിരുത്തൽ നടത്തിയത് സ്വത്വരാഷ്ട്രീയ നിലപാടിൻ്റെ അടിസ്ഥാനത്തിലായിരുന്നു എന്നതാണ്. ഈഴവ, ക്രിസ്ത്യൻ വോട്ടുകൾ ചോരുകയും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മറുപക്ഷത്ത് ഉണ്ടാവുകയും ചെയ്തതാണ് ഇടതുപക്ഷ മുന്നണിയുടെ പരാജയത്തിനു കാരണമായതെന്നതാണ് CPM സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞതായി കണ്ടത്. വർഗ്ഗങ്ങളെ കാണാതെ സമ്മതിദായകരും ജാതിക്കാരുമായി മാത്രം ജനങ്ങളെ കാണുന്ന മാർക്സിസ്റ്റു വിരുദ്ധ നിലപാടാണ് അവർ കൈക്കൊണ്ടത്. വർഗ്ഗ നിലപടുകൾ കൈയൊഴിഞ്ഞു കൊണ്ടു നടത്തിയ ഈ നിഗമനങ്ങൾ സ്വത്വരാഷ്ട്രീയ നിലപാടുകളെയാണ് പിൻ പറ്റുന്നത്. ഇത്തരം തെറ്റായ സമീപനങ്ങളെ തിരുത്തുകയും വർഗ്ഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യാതെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു മുന്നോട്ടു പോകാനാവുകയില്ല.
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി നടന്ന നിരവധി സമര പ്രക്ഷോഭങ്ങളിലൂടെ കേരളീയസമൂഹം കൈവരിച്ച ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും സമത്വബോധത്തിൻ്റേയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൊതുമണ്ഡലമുണ്ട്. കേരളത്തിനു പുറത്തുള്ള പല ഇന്ത്യൻ സംസ്ഥാനങ്ങളേയും അപേക്ഷിച്ച് നാടുവാഴിത്ത മർദ്ദനത്തിൻ്റേയും ജാതിവിവേചനത്തിൻ്റേയും മദ്ധ്യകാല സാംസ്കാരിക സ്വാധീനത്തിൻ്റേയും വർഗ്ഗീയ സംഘർഷങ്ങളുടേയും ചതുപ്പുകളിൽ നിന്നും ഒരളവു വരെയെങ്കിലും മുന്നോട്ടു കടന്നു നില്ക്കാൻ കേരള സമൂഹത്തെ പ്രാപ്തമാക്കിയത് ഈ പൊതുമണ്ഡലമായിരുന്നു. കേരളത്തെ കാൽക്കീഴിലൊതുക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ, വർഗ്ഗീയ ഫാസിസ്റ്റു ശക്തികളെ തടഞ്ഞു നിർത്തിയതും ഒരു പരിധി വരെ ഈ പൊതുമണ്ഡലമായിരുന്നു. മൂലധനത്തിൻ്റേയും അധികാര ശക്തികളുടേയും സഹായത്തോടെ വലതുപക്ഷം പ്രയോഗിക്കുന്ന നാനാതരം കുതന്ത്രങ്ങളുടെ ഫലമായി ഈ പൊതുമണ്ഡലം ദുർബ്ബലപ്പെടുകയാണ്. അതിനെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ഉത്തരവാദിത്തമുള്ള ഇടതുപക്ഷശക്തികൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നു മാത്രമല്ല; ഇക്കാര്യം വേണ്ട രീതിയിൽ തിരിച്ചറിയുന്നതു പോലുമില്ല. അതുകൊണ്ടു തന്നെ തങ്ങൾക്കിടയിലേക്ക് തുളച്ചുകയറുന്ന വലതുപക്ഷ /മതാത്മക / പ്രതിലോമ മൂല്യങ്ങളുടെ സ്വാധീനം തിരിച്ചറിയാനോ, അവക്കെതിരായ പ്രതിരോധമുയർത്താനോ അവർക്കു കഴിയുന്നില്ല. താല്ക്കാലികമായ വിജയത്തിനോ വോട്ടുകൾക്കോ വേണ്ടി വലതുപക്ഷത്തിൻ്റെ തന്ത്രങ്ങളെ അതേ പടി അനുകരിക്കാൻ പോലും അവർക്കു മടിയില്ല. ശ്രീകൃഷ്ണജയന്തിക്കും മതഘോഷയാത്രകൾക്കും ഇടതുപക്ഷ സമാന്തരങ്ങൾ സൃഷ്ടിക്കുമ്പോഴും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ശരിയായ നിലപാടെടുത്തതുകൊണ്ടാണ് 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതെന്നു വിലയിരുത്തുമ്പോഴും 2024 ലെ തെരഞ്ഞെടുപ്പുകാലത്ത് പാലസ്തീനെ പിന്തുണച്ചതും CAA ക്കെതിരെ സംസാരിച്ചതും വേണ്ടിയിരുന്നില്ലെന്നു പശ്ചാത്തപിക്കുമ്പോഴും അറിഞ്ഞു കൊണ്ടല്ലെങ്കിൽ പോലും ഈ സാംസ്കാരിക പൊതുമണ്ഡലത്തെ തള്ളിക്കളയുകയോ നിരാകരിക്കുകയോ ആണ് 'ഇടതുപക്ഷ'ക്കാരായ പലരും ചെയ്യുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ തീവ്ര വലതുപക്ഷ ശക്തികളെയാണ് അതു സഹായിക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതു സംഭവിച്ചിട്ടുണ്ട്.
സാമ്പത്തികരംഗത്തുണ്ടാകുന്ന തകർച്ചയും അതു സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ പ്രതിഫലിക്കുമെന്ന യാഥാർത്ഥ്യം ഇവിടെയും സാധൂകരിക്കപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം വളർത്തിയെടുക്കുക എന്ന കടമയുടെ അടിയന്തിര പ്രാധാന്യം ഈ തെരഞ്ഞെടുപ്പു ഫലം ഊന്നിപ്പറയുന്നു.
തികഞ്ഞ ആക്രമണോത്സുകതയോടെ ആഗോളീകരണനയങ്ങൾ നടപ്പാക്കിപ്പോരുന്ന ഒരു കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാന സർക്കാരിന് ഒട്ടേറെ പരിമിതികളുണ്ട്. അതിനുള്ളിൽ നിന്നു കൊണ്ടു തന്നെ ബദൽ നയങ്ങളും വികസന പരിപ്രേക്ഷ്യവും വികസിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തമാണ് ഇടതുപക്ഷ സർക്കാരിനുള്ളത്.
ഉല്പാദന മേഖലയുടെ പുന:സംഘാടനത്തിലൂടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുകയും കൂലിയും ജീവന വേതന വ്യവസ്ഥകളും മെച്ചപ്പെടുത്തുകയും അതു വഴി സാധാരണ ജനങ്ങളുടെ ജീവിതാവസ്ഥയിൽ പുരോഗതിയുണ്ടാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഉത്പാദക വർഗ്ഗങ്ങളുടെ വിശ്വാസം തിരികെ നേടാൻ ഇടതുപക്ഷത്തിനാവൂ. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഫെഡറലിസത്തെ തകർക്കുന്ന നടപടികൾക്കുമെതിരെ ബഹുജനങ്ങളെ അണി നിരത്തിക്കൊണ്ട് പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരേണ്ടത് ഇടതുപക്ഷത്തിൻ്റെ കടമയായിരിക്കുന്നതു പോലെ, ആവശ്യമായ ബദൽ നയങ്ങൾക്ക് രൂപം നൽകുകയും അവ ഫലപ്രദമായി നടപ്പാക്കുക വഴി ജനങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യേണ്ടത് ഇടതുപക്ഷ സർക്കാരിൻ്റെ കടമയാണ്. ഇതിലൂടെ മാത്രമേ ക്രിയാത്മകമായ ഒരു ബദൽ പാത തുറന്നു കിട്ടുകയും ഇന്നുണ്ടായിരിക്കുന്ന വിശ്വാസ തകർച്ചയുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയും ചെയ്യൂ.
കാർഷിക മേഖലയും പരമ്പരാഗത വ്യവസായങ്ങളും മറ്റും ഉൾപ്പെടെയുള്ള ഉല്പാദന മേഖലക്കൊപ്പം സഹകരണ മേഖലയെ ഉത്പാദനാത്മകമായി പുന:സംഘടിപ്പിച്ച് വികസിപ്പിക്കുന്നതാണ് ഈ പരിഹാര മാർഗ്ഗത്തിൻ്റെ കാതൽ.
പരിപാടി പരമായ ഇത്തരമൊരു കാഴ്ചപ്പാടും പ്രയോഗവും മുന്നോട്ടു വച്ചുകൊണ്ടും തങ്ങളുടെ സ്വാധീന മേഖലയിലെ മുഴുവൻ കർമ്മശേഷിയും കെട്ടഴിച്ചു വിട്ടുകൊണ്ടും വിപുലമായ ഐക്യം പടുത്തുയർത്തിക്കൊണ്ടും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു കൊണ്ടും മുന്നോട്ടു പോവുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നിലുള്ള ഇന്നത്തെ കടമ.