M. SREEKUMAR:- നിർമ്മിതബുദ്ധിയുടെ (AI) പ്രയോഗവും ഭയവും.

 



 

നിർമ്മിതബുദ്ധിയുടെ (AI) പ്രയോഗവും ഭയവും.

എം. ശ്രീകുമാർ .2024 ജൂലൈ 20

ആദ്യത്തെ ആണവപരീക്ഷണം നടത്തിയപ്പോൾ  ഭഗവത്ഗീതയിലെശ്ലോകം ഉദ്ധരിച്ചുകൊണ്ട്   ഒരായിരം ഉച്ചസൂര്യന്മാര്‍ ആകാശത്തില്‍ ഉദിച്ച പ്രതീതി എന്ന് പറഞ്ഞതിനൊപ്പം  ‘ലോകത്തെമുഴുവൻ സംഹരിക്കുന്ന കാലമാണ് ഞാൻ, മരണമാണ് ഞാൻ എന്നുമുള്ള ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞൻ്റെ ഉദ്ധരണി ശാസ്ത്രപ്രയോഗത്തിൻ്റെ പ്രത്യാശകളും ആശങ്കകളും കലർന്ന ദ്വിമുഖ സ്വഭാവമാണ് വ്യക്തമാക്കുന്നത്.

 

നിർമ്മിതബുദ്ധിയുടെ കണ്ടുപിടുത്തവും വളർച്ചയും മനുഷ്യാദ്ധ്വാനലഘൂകരണത്തിൽ വലിയസാദ്ധ്യതകളും പ്രതീക്ഷകളും സ്ഷ്ടിക്കുന്നതിനൊപ്പം ഇത് സൃഷ്ടിക്കുന്ന തൊഴിൽരാഹിത്യം തൊഴിലെടുക്കുന്നവരിലും തൊഴിൽതേടുന്നവരിലും ഒരുപോലെ ആശങ്കയും ഭയവും സൃഷ്ടിച്ചിരിക്കുകയാണ്. ജീവിക്കാൻ അദ്ധ്വാനംമാത്രം കൈമുതലായുള്ള ഈക്കൂട്ടരുടെ ഭാവിക്ക് ഭയാനകമായ അനിശ്ചിതത്വമാണിത് സൃഷ്ടിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന തോഴിലവസരങ്ങളുടെ കുറവ് തൊഴിലില്ലായ്മ രൂക്ഷമാക്കുകയും മുതലാളിത്തത്തിൻ്റെ കരുതൽസേനയുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്മ വർദ്ധിക്കുന്നത് തൊഴിലാളികളുടെ വിലപേശൽ ശക്തിയെയും പ്രതികൂലമായി ബാധിക്കുന്നു.

 

Al യുടെ അപാരസാദ്ധ്യതകൾ ഈക്കൂട്ടരിൽ മാത്രമല്ല രാഷ്ട്രത്തലവൻന്മാരിലും സമൂഹത്തിലാകെയും ഭയത്തിൻ്റെ കരിനിഴൽ വീഴ്ത്തുന്നുണ്ട്.  അതുകൊണ്ട് തന്നെ നിർമിതബുദ്ധിയുടെ സാമൂഹ്യനിയന്ത്രണം അനിവാര്യമാണെന്നത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.നിർമിതബുദ്ധിയെ  നിയന്ത്രിക്കുന്നതിന് വേണ്ടി യൂറോപ്യൻ യൂണിയനിൽ  യൂറോപ്യൻപാർലമെന്റും കൗൺസിൽ ഓഫ് യൂറോപ്യൻയൂണിയനും ചേർന്ന്  എഐ ആക്റ്റിനെ കുറിച്ച് ഒരു രാഷ്ട്രീയ ധാരണയിലെത്തിയതോടെ ലോകത്തെ ആദ്യത്തെ സമഗ്ര എഐ നിയന്ത്രണ നിയമനിർമാണത്തിന് വഴിയൊരുങ്ങുകയാണ്. എന്നാൽ ലാഭം വർദ്ധിപ്പിക്കാനുള്ള ഒരു അവസരത്തേയും നിയന്ത്രിക്കാൻ  മുതലാളിത്തത്തിൽ സാദ്ധ്യമല്ലന്നത് ഒരു വസ്തുതയാണ്. കാരണം ലാഭവർദ്ധനവും കേന്ദ്രീകരണവും മൂലധനത്തിൻ്റെ സ്വയസിദ്ധമായ സ്വഭാവമാണ്.

മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുടെ സമസ്തതലങ്ങളെയും സപർശിക്കാൻ കെല്പുള്ള ഈ സാങ്കേതികവിദ്യ ഒരേസമയം ഉയർത്തുന്ന പ്രത്യാശയുടേയും  ഭീഷണിയുടെയും ദ്വിമുഖസ്വഭാവം ഏറെ ആശങ്കകളുണർത്തുന്നു.

 

ശാസ്ത്രത്തിൻ്റെ ഒരോകുതിച്ചുചാട്ടങ്ങളും സാമൂഹ്യപ്രതിസന്ധികളുടെ നിർദ്ധാരണത്തിന് സഹായകമാവേണ്ടതാണ്.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തിൽ മനുഷ്യന് കൂടുതൽ കരുത്ത് പകരേണ്ടതാണ്. വൈരുദ്ധ്യത്തെ കൂടുതൽ സൗഹാർദ്ദപരമാക്കി പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്. അനിവാര്യതകളെ കൂടുതൽ തിരിച്ചറിഞ്ഞ് മനുഷ്യസ്വാതന്ത്ര്യത്തെകൂടുതൽ  കൂടുതൽ വിപുലീകരിക്കേണ്ടതാണ്. അദ്ധ്വാനഭാരത്തെ ലഘൂകരിച്ച് വിശ്രമത്തിനും വിനോദത്തിനും കൂടുതൽ സമയം ലഭ്യമാക്കേണ്ടതാണ്. എന്നാൽ വർത്തമാനകാല മുതലാളിത്തത്തിൽ ശാസ്ത്രത്തിൻ്റെ ഒരോ കണ്ടുപിടുത്തങ്ങളുടെ പ്രയോഗവും പ്രതിസന്ധികൾ രൂക്ഷമാക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെ ശത്രുതാപരമായി വർദ്ധിപ്പിക്കുകയാണ്.മനുഷ്യസ്വാതന്ത്ര്യത്തെ മുന്നോട്ടു കൊണ്ടുപോകുകയല്ല മറിച്ച് സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താനും മനുഷ്യൻ മനുഷ്യനെ കീഴ്പ്പെടുത്താനുമാണ് ഉപയോഗിക്കുന്നത്. മനുഷ്യാദ്ധ്വാനത്തെ ലഘൂകരിച്ച് തൊഴിലാളിക്ക്  വിശ്രമത്തിനും വിനോദത്തിനും കൂടുതൽസമയം ലഭ്യമാക്കുകയല്ല ചെയ്യുന്നത് മറിച്ച് ശാസ്ത്രത്തിൻ്റെ നേട്ടങ്ങൾ തൊഴിലുടമ മാത്രം സ്വായത്തമാക്കിക്കൊണ്ട് അവൻ്റെ ലാഭം വർദ്ധിപ്പിക്കുകയും തൊഴിലാളിയെ അവൻ്റെ അദ്ധ്വാനഭാരം വർദ്ധിപ്പിച്ച് കൂടുതൽ മോശം സാഹചര്യത്തിൽ ജീവിക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്നു.ഒരു  ഉപകരണം മനുഷ്യാധ്വാനത്തിന് പകരംവയ്ക്കുന്ന ഏതൊരുനടപടിയും വിമോചനം ത്വരിതപ്പെടുത്തേണ്ടതാണ്. എന്നാൽ മുതലാളിത്തത്തിൻ്റെ വർത്തമാനകാലത്ത് ഇങ്ങനെ പകരംവെയ്ക്കുന്നത് മനുഷ്യൻ്റെദുരിതം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 

അദ്ധ്വാനഭാരം ലഘൂകരിക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സാങ്കേതികാവിദ്യാരംഗത്ത് ശാസ്ത്രം നടത്തുന്ന മുന്നേറ്റങ്ങൾ മനുഷ്യരുടെ , പ്രത്യേകിച്ച്  അദ്ധ്വാനിക്കുന്നവരുടെ ജീവിതവും സ്വാതന്ത്ര്യവും മെച്ചപ്പെടുത്തേണ്ടതാണ്. ഇതിലൂടെ വിശ്രമിക്കാനും വിനോദത്തിനും കൂടുതൽസമയം ലഭിക്കേണ്ടതാണ്. എന്നാൽ സാങ്കേതികവിദ്യാവളർച്ചയിലൂടെ ഉത്പാദനക്ഷമത  പ്രതീക്ഷയ്ക്കപ്പുറം വളരുമ്പോഴും ജോലിസമയം 12-13 മണിക്കൂറായി വർദ്ധിപ്പിക്കാൻ തൊഴിലുടമകൾ നിർബന്ധം ചെലുത്തുന്നു. നിയമങ്ങൾ അതനുസരിച്ച് ഭരണകൂടങ്ങൾ മാറ്റിയെഴുതുന്നു. IT പോലുള്ള  സെക്ടറുകളിലും അസംഘടിത മേഖലയിലും സമയക്ലിപ്തതയില്ലാതെ, സുരക്ഷിതത്വമില്ലാതെ ജോലിയെടുപ്പിക്കുന്നു. ഒന്നരനൂറ്റാണ്ടിന് മുൻപ് നേടിയെടുത്ത എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്നത് ഇന്നൊരു കടം കഥയായി മാറുന്നു.ഇത് വ്യക്തമാക്കുന്നത് അദ്ധ്വാനഭാരം ലഘൂകരിക്കാൻ ശാസ്ത്രം നടത്തുന്ന മുന്നേറ്റങ്ങൾ  മുതലാളിത്തവ്യവസ്ഥയിൽ അദ്ധ്വാനംഭാരം ലഘൂകരിച്ച്  തൊഴിലാളിക്ക് കൂടുതൽ വിശ്രമവും വിനോദവും പ്രധാനം ചെയ്യുകയല്ല ചെയ്യുന്നത് മറിച്ച് അവരെ കൂടുതൽ ചൂഷണത്തിന് വിധേയരാക്കുകയാണ് ചെയ്യുന്നതെന്നാണ്, കൂടുതൽ അടിച്ചമർത്താനാണ് ഉപയോഗിക്കുന്നതെന്നാണ്. മറ്റെല്ലാറ്റിനേയുംപോലെ  ശാസ്ത്രനേട്ടങ്ങളെയും തൊഴിലുടമകൾ കുത്തകയായി സ്വായത്തമാക്കി ലാഭത്തിൻ്റെ തോത് വർദ്ധിപ്പിക്കുകയാണ്.

 

ആധുനികസാങ്കേതികവിദ്യകളുടെ പ്രയോഗത്തെ തൊഴിലാളികൾ ഭയക്കുന്നതും കലാപം സൃഷ്ടിക്കുന്നതും ആദ്യമായല്ല. കേരളത്തിൽ തന്നെ ട്രാക്ട്ടറുകൾക്കെതിരേയും കമ്പ്യൂട്ടറുകൾക്കെതിരേയും നടന്ന പ്രതിഷേധങ്ങൾ നമുക്കറിയാം. ഇപ്പോൾ ഹോളിവുഡിൽ Al യുടെ ഉപയോഗത്തിനെതിരെ നടന്ന സമരവും തൊഴിൽ നഷ്ടപ്പെടുന്ന ഭയത്തിൽ നിന്നുയർന്നതാണ്. ഇത് ചൂഷണ വ്യവസ്ഥയുടെ ചരിതത്തിലുടനീളം കാണാൻ കഴിയും. മാർക്സിൻ്റെകാലത്ത് യന്ത്രവൽക്കരണത്തിലൂടെ തൊഴിൽ നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ യന്ത്രങ്ങൾ നദിയിലേക്ക് എറിഞ്ഞപ്പോൾ മാർക്സ് പറഞ്ഞു:

 "തൊഴിലാളികൾ അവരുടെ അധ്വാനത്തിൻ്റെ ഉപകരണങ്ങൾക്കെതിരെ, അവരെ അടിമകളാക്കുന്ന ഉപകരണങ്ങൾക്കെതിരെ, അവരോട് മത്സരിക്കുന്ന യന്ത്രങ്ങൾക്കെതിരെ കലാപം നടത്തുന്നു. ഈ കലാപം അവരെ അടിമകളാക്കുന്ന, യന്ത്രത്തിൻ്റെ കേവലം അനുബന്ധങ്ങളാക്കി മാറ്റുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കെതിരെയുള്ള കലാപം കൂടിയാണ്." വ്യാവസായികവിപ്ലവകാലത്ത് ഫാക്ടറികളിൽ യന്ത്രങ്ങളുടെ കടന്നുകയറ്റം മൂലമുണ്ടായ ചൂഷണത്തിനും മനുഷ്യത്വമില്ലായ്മയ്ക്കുമെതിരെ പ്രതിഷേധിച്ച തൊഴിലാളികളുടെ സമരങ്ങളെ മാർക്സ് ഉയർത്തിക്കാട്ടുകയായിരുന്നു.  മുതലാളിത്തസമൂഹങ്ങളുടെ അടിസ്ഥാന വശമായി മാർക്‌സ് കണ്ട തൊഴിലാളികളും മുതലാളിത്തവർഗ്ഗവും തമ്മിലുള്ള വർഗസമരത്തിൻ്റെ പ്രകടനമായിരുന്നു ഈ സംഭവം.അതായത് ആധുനീക ഉപകരണങ്ങളുടെ ഒരോകടന്നുവരവും തൊഴിലാളികളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക്നേരെ ഉയർന്നുവരുന്ന കലാപങ്ങൾ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്ന ഈ മുതലാളിത്തചൂഷണ വ്യവസ്ഥയ്ക്കെതിരായ വർഗ്ഗസമരമായി വികസിപ്പിക്കണമെന്നാണ്.

 

മനുഷ്യസ്വാതന്ത്ര്യം സാക്ഷാത്കരിക്കുന്നതിൽ ശാസ്ത്രത്തിനുള്ളപങ്ക്  സാമൂഹ്യ വ്യവസ്ഥയുമായികൂടി ബന്ധപ്പെട്ടതാണന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. ഫ്യൂഡൽസമൂഹത്തിൽ മേധാവിത്വമുണ്ടായിരുന്ന പൗരോഹിത്യം ആധുനീകശാസ്ത്രത്തിൻ്റെ വളർച്ചയുടെ പ്രാരംഭകാലത്ത് ഒരു തടസ്സമായി നിന്നിരുന്നത് ഗലീലിയോയുടെ അനുഭവങ്ങളിലൂടെ നമുക്കറിയാം. ഫ്യൂഡൽ സമൂഹ്യവ്യവസ്ഥയെ മറികടക്കുന്നതിലൂടെ മാത്രമേ ആധുനീകശാസ്ത്രത്തിന് വളരാൻ കഴിയുമായിരുന്നുള്ളു. 1640 ലെ ബ്രിട്ടിഷ് വിപ്ളവവും മുതലാളിത്തത്തിൻ്റെ ആവിർഭാവവും ആധുനീകശാസ്ത്രത്തിൻ്റെ വളർച്ചയിൽ അനിവാര്യമായിരുന്നു. എന്നാൽ മുതലാളിത്തത്തിൻ്റെ വളർച്ചയുടെ ഒരുഘട്ടത്തിൽ ശാസ്ത്രഞ്ജർ ഒരുകാര്യം തിരിച്ചറിഞ്ഞിരുന്നു. അതായാത് ചൂഷണ വ്യവസ്ഥയായ മുതലാളിത്തത്തേയും മറികടന്നുകൊണ്ടല്ലാതെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെ മാനവ പുരോഗതിക്കായി, സ്വാതന്ത്ര്യത്തിൻ്റെ വിപുലപ്പെടലിനായി, അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിനായി ഇനി ഉപയോഗിക്കാൻ കഴിയില്ലന്ന സത്യമായിരുന്നത്. ഓപ്പൺ ഹൈമർ എന്ന ശാസ്ത്രജ്ഞൻ രണ്ടാം ലോകമഹായുദ്ധത്തിലെ അണുബോബ് വർഷത്തിന് ശേഷം " എന്റെ കൈകളില്‍ രക്തമുണ്ട് ‘എന്ന് കുറ്റബോധത്തോടെകൂടി പറയേണ്ടിവന്ന കഥയും നമ്മുടെ ഓർമ്മയിലുണ്ട്. ഇത്തരം അനുഭവങ്ങൾ നൽകിയ തിരിച്ചറിവ്

 ശാസ്ത്രത്തിൻ്റെ ദുരുപയോഗത്തെ തടയാനുള്ള അന്വേഷണങ്ങളിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചു. ഇത്തരം ചിന്തകൾ ദുരുപയോഗം തടയാനുള്ള പൗരബോധം മാത്രമായിരുന്നില്ല, മറിച്ച് തങ്ങളുടെ പ്രവൃത്തിഫലത്തെ മനുഷ്യനും പ്രക്രിതിയ്ക്കുമെതിരായി ദുരുപയോഗം ചെയ്യുന്നതിനെ എതിർക്കാനുള്ള ധാർമികമായ അനിവാര്യതകൂടിയായിരുന്നു. ഈ അനിവാര്യത മുതലാളിത്തത്തിൻ്റെ പരിമിതി തിരിച്ചറിയുന്നതിലേക്കും സോഷ്യലിസത്തിലേക്കുള്ള സാമൂഹ്യമാറ്റത്തിൻ്റെ വക്താക്കളായി അവരെ മാറ്റുകയും ചെയ്തു.. സോഷ്യലിസത്തിനുവേണ്ടി പോരാടുന്ന കാര്യത്തിൽ മഹാനായ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ്റെ മാതൃക പ്രസിദ്ധമാണ്. അദ്ദേഹം ഒരു സോഷ്യലിസ്റ്റ് മാത്രമല്ല, രാഷ്ട്രീയപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു,ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞർ ഇടതുപക്ഷത്തിൻ്റെ ഭാഗമായിരുന്നു, ജെഡി ബെർണൽ മുതൽ ജോസഫ് നീധാം, ജെബിഎസ് ഹാൽഡെയ്ൻ, ഹൈമാൻ ലെവി, ജിഎച്ച് ഹാർഡി, ഡൊറോത്തി ഹോഡ്ജ്കിൻ തുടങ്ങി നിരവധി പേർ. ശാസ്ത്രത്തിൻ്റെ വളർച്ചയിലും ഗുണപരമായ പ്രയോഗത്തിലും സോഷ്യലിസത്തിൻ്റെ പ്രധാന്യത്തെപ്പറ്റിയുള്ള വലിയ തിരിച്ചറിവായിരുന്നിത്.

 

 സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയിലേക്കുള്ള മാറ്റത്തിൻ്റെ തിരിച്ചറിവ്  ശാസ്ത്രസമൂഹത്തിൽ പിന്നീട് കുറയുന്നത് കാണാം. ഇതിന് പ്രധാനകാരണം സാമ്രാജത്വനവലിബറൽ കാലഘട്ടത്തിലെ ശാസ്ത്രത്തിൻ്റെ ചരക്കുവൽക്കരണമാണ്.

ശാസ്ത്രത്തിൻ്റെ ഈ ചരക്കുവൽക്കരണത്തിൽ ഗവേഷണത്തിനാവശ്യമായ ഫണ്ടിൽനിന്ന് ഭരണകൂടം പിൻമാറുകയും കോർപറേറ്റ് ഫണ്ടിംഗായി മാറുകയും ചെയ്തു. ഫണ്ടിംഗിൽ വരുന്ന ഈ മാറ്റം ഗവേഷണത്തിൻ്റെ സാമൂഹ്യ ലക്ഷ്യം ഇല്ലാതാക്കുകയും മൂലധനത്തിൻ്റെ കമ്പോളതാൽപര്യമായ ലാഭലക്ഷ്യം മാത്രമായി ഗവേഷണത്തെ ചുരുക്കുകയും ചെയ്തു.

ജൈവപരതയിൽനിന്ന് മാറി കമ്പോളത്തിനാവശ്യമായതെന്തോ അതുമാത്രം ഗവേഷണം നടത്തുന്ന യാന്ത്രികമേഖലയായിത് മാറി. ഇത് ഗവേഷകരിൽ സമൂഹ്യനിരുത്തരവാദിത്വം സൃഷ്ടിച്ചു.മുതലാളിത്തത്തിന് അപ്പുറത്തേക്ക് പോകാനുള്ള ധാർമ്മികആവശ്യകതയെ അല്ലെങ്കിൽ  മനുഷ്യവിമോചനത്തിന് സംഭാവന നൽകുന്നതിനെ, നവഉദാരവൽക്കരണ കാലഘട്ടത്തിലെ ഗവേഷണസമ്പ്രദായം ശാസ്ത്രജ്ഞന് വിലക്കേർപ്പെടുത്തുന്നു. അനന്തരഫലങ്ങളെക്കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യാതെ ശാസ്ത്രീയമുന്നേറ്റങ്ങൾ സ്വീകരിക്കുന്നതിന് ഇത് നിർബന്ധിതമാക്കുന്നു.

ഫണ്ടിംഗിൻ്റെ ഈ സാമ്രാജത്വ താൽപര്യങ്ങളും രാഷ്ട്രീയവും  ഇന്ന് വിദ്യാഭ്യാസമേഖലയാകെ പിടിമുറിക്കിയിരിക്കുന്നത് കാണാം.

  

ആധുനീക ശാസ്ത്ര- സാങ്കേതികവിദ്യകളുടെ പ്രയോഗം സാമൂഹ്യപ്രതിസന്ധികൾ പരിഹരിക്കാനല്ല മറിച്ച് പ്രതിസന്ധികൾ രൂക്ഷമാക്കാനാണ് മുതലാളിത്തത്തിൽ ഇടവരുത്തുന്നത്. അതുകൊണ്ട് തന്നെ തൊഴിലെടുക്കുന്നവരിലും തൊഴിലന്വേഷകരിലും ഭയം ഇനിയും വളരും. കാരണം ശാസ്ത്ര- സങ്കേതികവിദ്യകളുടെ വളർച്ച ഒരനിവാര്യതയാണ്. ചരിത്രം അത് വ്യക്തമാക്കുന്നുണ്ട്. അതിനാൽ ശാസ്ത്ര-സാങ്കേതികപുരോഗതിയല്ല പ്രതി ന്ധന്ധികൾ രുക്ഷമാക്കുന്നതെന്നും അതിൻ്റെ പ്രയോഗത്തിൽ സാമൂഹ്യ ലക്ഷ്യം കൈവെടിഞ്ഞ് മുതലാളിത്തസമ്പദ് വ്യവസ്ഥ വളർത്തുന്ന സ്വകാര്യമൂലധന താൽപര്യങ്ങളാണന്ന തിരിച്ചറിവ് ഈ കാലത്ത് വളരെ പ്രധാനമാണ്. ഇത്തരം തിരിച്ചറിവുകളാണ് ജനമനസ്സിലെ ഭയത്തേയും ജീവിതത്തിൻ്റെ അനിശ്ചിതത്വത്തിൽ നിന്നുയർന്നുവരുന്ന നിരാശയേയും ആശങ്കകളേയുമൊക്കെ വ്യവസ്ഥിതിയ്ക്കെതിരായ കലാപമായി വളർത്തുന്നത്. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയ്ക്കുവേണ്ടിയുള്ള വിപ്ളവമായി വളർത്തുന്നത്.

എം. ശ്രീകുമാർ .

2024 ജൂലൈ 20