M S JAYAKUMAR-- ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കുക , ഹിന്ദുത്വ ഫാഷിസ്റ്റ് ബി ജെ പി യെ പരാജയപ്പെടുത്തുക

 

ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കുക 

ഹിന്ദുത്വ ഫാഷിസ്റ്റ് ബി ജെ പി യെ പരാജയപ്പെടുത്തുക 

-- M S JAYAKUMAR


18-ാം ലോക്സഭയിലേക്കുള്ള  തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ രാജ്യം 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുകയാണ്. ജനുവരി മാസത്തിൽ 6.8% ആയിരുന്ന തൊഴിലില്ലായ്മ ഫെബ്രുവരിയിൽ 8% ത്തിലേക്ക് കുതിച്ചുകയറിയിരിക്കുന്നു; ഗ്രാമീണ തൊഴിലില്ലായ്മ 5.8% ത്തിൽ നിന്ന് 7.8% ത്തിലേക്കെത്തിയതാണ് ഇതിൻ്റെ മുഖ്യ കാരണം. പണപ്പെരുപ്പം 5% ത്തിൽ തന്നെയാണ്. ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിൽ 9% ആണ്. ആഗോള പട്ടിണി സൂചികയിൽ125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് നമ്മുടെ രാജ്യം.  ഇപ്രകാരം പട്ടിണിയും വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമായി ജനങ്ങളെ പൊറുതി മുട്ടിക്കുകയാണ്. 


കഴിഞ്ഞ 10 വർഷമായി മോദി സർക്കാർ ഭരിച്ചതിൻ്റെ ഒറ്റ നോട്ടത്തിലുള്ള വിലയിരുത്തലിൽ തന്നെ തെളിയുന്ന രാജ്യത്തിൻ്റെ ദയനീയ ചിത്രമാണിത്. ‘സബ്കാ വികാസ്’, ‘അമൃത്കാൽ’ എന്നൊക്കെ മോദി നടത്തുന്ന ‘ഗാരണ്ടി’ കളുടെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതകളാണിവ. ഇന്ത്യൻ ജനതയുടെ ജീവിത നിലവാരവും സാമൂഹ്യ സുരക്ഷയും തൊഴിലവസരവും യഥാർത്ഥ വേതനവും ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും കടുത്ത പ്രതിസന്ധിയിലേക്കും അരക്ഷിതത്വത്തിലേക്കും പതിച്ചിരിക്കുന്നു. അതായത്, മോദി ഭരണത്തിൽ നവലിബറൽ നയങ്ങളുടെ നടത്തിപ്പ് അന്തിമ ചുടല താണ്ഡവമാടിക്കൊണ്ട് രാജ്യത്തെ കടുത്ത സാമൂഹ്യ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതിൽ നിന്നുള്ള രക്ഷയാണ് യഥാർത്ഥത്തിൽ ജനങ്ങൾക്ക് അടിയന്തിരമായി വേണ്ടത്.


എന്നാൽ, ഇതൊന്നും ചർച്ച ചെയ്യാതെ ത്രേതായുഗത്തിലേക്ക് മനുഷ്യരുടെ ചിന്തയെ തിരിച്ചു വിടുന്ന കാപട്യം അരങ്ങ് വാഴുകയാണ് ഇന്ത്യയിൽ. ഹിറ്റ്ലർ അധികാരത്തിൽ എത്തും മുൻപ് ജർമ്മനിയുടെ പേര് ജർമ്മാനിയ എന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. ‘ഇന്ത്യ’യെന്ന പേര് മാറ്റി ‘ഭാരതം’ എന്നാക്കാനുള്ള ശ്രമത്തെ ഇതുമായിട്ടാണ്  കൂട്ടിവായിക്കേണ്ടത്. ജർമ്മൻ ഭാഷയിൽ ഹിറ്റ്ലർ പറഞ്ഞ ‘ടുടെ ടാഗോ കോമ്മേൺ’ (നല്ല ദിനങ്ങൾ വന്നു) എന്നത് ‘അച്ഛാ ദിൻ ആയേഗാ’ എന്ന് ഇന്ത്യയിൽ പുനർജ്ജനിക്കുകയാണ്. എല്ലാ ഭരണകൂട സ്ഥാപനങ്ങളും ഫാഷിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ കീഴിൽ ഉത്തരവാദിത്വങ്ങൾ മറന്ന് ഭരണാധികാരികൾക്ക് വിടുവേല ചെയ്യുന്ന തിരക്കിലാണ്.


ഫാഷിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കുന്നതിനു മുൻപ് സാധാരണ ബൂർഷ്വാ സർക്കാരുകൾ വിവിധ പ്രാഥമിക ഘട്ടങ്ങളിലൂടെ കടന്നു പോകുകയും പ്രതിലോമകരമായ അനേകം നടപടികളിലൂടെ ഫാഷിസത്തിന് അധികാരത്തിലേറാനുള്ള പാത സുഗമമാക്കുകയും ചെയ്യുകയാണുണ്ടായത്. നോട്ട് നിരോധനവും ജി.എസ്.ടി യും തൊഴിൽ നിയമ ഭേദഗതികളും (നാല് ലേബർ കോഡുകൾ) കർഷകവിരുദ്ധ കാർഷിക നിയമങ്ങളും ജമ്മു-കാശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തു കളയലും പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ ശിക്ഷാ നിയമം (IPC), ക്രിമിനൽ ശിക്ഷാ നിയമം  (CRPC), തെളിവ് നിയമം എന്നിവയുടെ ഭേദഗതികളും ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നു കൊണ്ട് ഫെഡറലിസത്തെ തകർക്കലും രാമക്ഷേത്ര നിർമ്മാണവുമെല്ലാം  ഇന്ത്യൻ റിപ്പബ്ലിക്കിനെ, ചാതുർവർണ്ണ്യത്തിൽ അധിഷ്ഠിതമായ മതരാഷ്ട്രമാക്കി മാറ്റിക്കൊണ്ട്, ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. 


ഫിനാൻസ് മൂലധനത്തിൻ്റേയും അതിന് വിടുപണി ചെയ്യുന്ന കുത്തക മൂലധന ശക്തികളുടേയും വിശിഷ്യാ, അദാനി, അംബാനി പോലുള്ള കൂറ്റൻ കുത്തക മൂലധന ദുഷ്പ്രഭുത്വത്തിൻ്റേയും (ഒലിഗാർക്കിക് കുത്തക ബൂർഷ്വാ വിഭാഗം) സർവ്വാധികാരത്തിൻ്റെ  ചവിട്ടടിയിൽ രാജ്യത്തെ തളച്ചിടാനുള്ള നീക്കമാണ് ഇതിലൂടെ മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.


മോദി ഭരണവും തകരുന്ന സമ്പദ്ഘടനയും 


‘ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റി’ എന്ന് മേനി നടിക്കുന്ന സംഘപരിവാർ ഇന്ത്യൻ യാഥാർത്ഥ്യത്തെ തമസ്ക്കരിക്കുകയാണ്. മോദി ഭരണത്തിൽ തടിച്ചു കൊഴുക്കുന്നത് ഭീമൻ മുതലാളിത്ത കുത്തകൾ മാത്രമാണ്.


IMF സാമ്പത്തിക സുസ്ഥിരതകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കി 2023-24 ൽ പ്രവചിച്ച വളർച്ചാ നിരക്ക് 6.1 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി താഴ്ത്തുകയും ഇന്ത്യയുടെ വായ്പ - GDP അനുപാതം അപകട രേഖ ലംഘിച്ചു എന്നു കുറ്റപ്പെടുത്തുകയും ഉണ്ടായി. വായ്പ - GDP അനുപാതം 80% കവിഞ്ഞാൽ സാമ്പത്തിക നിർവ്വചനങ്ങൾ പ്രകാരം അത് അപകടകരമായ സ്ഥിതിയാണ്. എന്നാൽ, സർക്കാർ ഭാഷ്യമനുസരിച്ച് രാജ്യം ഈ കാലത്ത്  സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയാണ്. അങ്ങിനെയെങ്കിൽ വായ്പാ - GDP അനുപാതം കുറയുകയാണ് വേണ്ടത്. പക്ഷെ തിരിച്ചാണ് സംഭവിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർന്നു എന്നാണ് ഇതേ കാലത്ത് 'ബിസിനസ് സ്റ്റാൻ്റേഡ്' വാദിച്ചത് എന്നതും ചേർത്തു വായിക്കണം.


മോദി പ്രധാനമന്ത്രിയായ 2014 ൽ ഇന്ത്യയുടെ പൊതു കടം 54.90 ലക്ഷം കോടി രൂപയായിരുന്നു. 2023 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 155.87 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ 2014 വരെ രാജ്യത്തിൻ്റെ മൊത്തം കടം 55 ലക്ഷം കോടി മാത്രമായിരുന്നു. എന്നാൽ, 10 വർഷത്തെ മോദി ഭരണത്തിൽ നൂറു  ലക്ഷം കോടി രൂപയായാണ് കടം പെരുകിയത്. സാമ്പത്തിക വർഷാവസാനത്തിൽ കടം 169.47 ലക്ഷം കോടി രൂപ കവിയുമെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നു. മറ്റു ബാദ്ധ്യതകൾ കൂടി കൂട്ടിയാൽ പൊതു കടം 205 ലക്ഷം കോടി രൂപയായി ഉയരും. 55 ലക്ഷം കോടി രൂപയിൽ നിന്ന് 205 ലക്ഷം കോടി രൂപയായി കടം വർദ്ധിപ്പിച്ച മോദി ഭരണം ഇന്ത്യൻ സമ്പദ്ഘടനയുടെ അടിത്തറ തോണ്ടിയിരിക്കുന്നു. വികസിത ഭാരതത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ ജനങ്ങൾക്കു മേൽ വമ്പിച്ച കടത്തിൻ്റെ ഭാരമാണ് അടിച്ചേല്പിച്ചത്. ഇന്ത്യൻ പൗരൻ്റെ പ്രതിശീർഷ കടം 2013-14 ൽ 43124 രൂപയായിരുന്നുവെങ്കിൽ 2023 ൽ എത്തിയപ്പോൾ അത് 1,09,373 രൂപയായി മാറി. 5,31,173 കോടി രൂപയായിരുന്ന ധനക്കമ്മി 17,86,816 കോടി രൂപയായി 2023 ലെ ബജറ്റിൽ മാറി. 4,27,011 കോടി രൂപയായിരുന്ന പലിശ 2024-25 ബജറ്റിൽ 11.90 ലക്ഷം കോടി രൂപയായി ഉയർന്നു. സർക്കാർ തന്നെ പറയുന്ന കണക്കുകളാണിത്. ഈ അവസ്ഥയിലാണ് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മോദി ഇന്ത്യയെ മാറ്റിയെന്ന കല്ലു വച്ച കള്ളം പ്രചരിപ്പിക്കുന്നത്.


ആരൂഢം വളഞ്ഞ ഇന്ത്യ 


എല്ലാ അന്താരാഷ്ട്ര സൂചികകളിലും ഇന്ത്യ പിറകിലാണ്. 2023 ലെ കണക്കു പ്രകാരം മാനവ വികസന സൂചികയിൽ 191 രാജ്യങ്ങളിൽ 132-ാം സ്ഥാനമാണിന്ത്യക്ക്. ആഗോള പട്ടിണി സൂചികയിൽ 125ൽ 111-ാം സ്ഥാനത്താണിന്ത്യ. മോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യ 54-ാം സ്ഥാനത്തായിരുന്നു പട്ടിണി സൂചികയിൽ. ലോകസമാധാന സൂചികയിൽ 163 ൽ 126 ഉം സന്തോഷ സൂചികയിൽ 136 ൽ 126 ഉം ആരോഗ്യസുരക്ഷാ സൂചികയിൽ 195 ൽ 154 ഉം ലിംഗ സമത്വത്തിൽ 146 ൽ 127 ഉം മാധ്യമ സ്വാതന്ത്ര്യത്തിൽ 180 ൽ 167 ഉം പ്രതിശീർഷ വരുമാനത്തിൽ 189 ൽ 139 ഉം പരിസ്ഥിതി സുരക്ഷ കാര്യത്തിൽ 181 ൽ 160 ഉം  ഇൻ്റർനെറ്റ് ക്ലാരിറ്റിയിൽ 85 ൽ 52 ഉം ജലഗുണതയിൽ 122 ൽ 120 ഉം അഴിമതിയൽ 151 ൽ 93 ഉം എന്നിങ്ങളെ എല്ലാ അന്താരാഷ്ട്ര സൂചികകളിലും ഇന്ത്യയെ ഏറെ പുറകിലെത്തിച്ച ശേഷമാണ് വികസിത ഭാരതത്തെക്കുറിച്ച് മോദി ഗീർവ്വാണമടിക്കുന്നത്.


സാമ്പത്തിക സ്വാതന്ത്ര്യം അപകടത്തിൽ 


മോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യ സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ 114 രാജ്യങ്ങളിൽ 85-ാമതായിരുന്നു. ധന മേഖലയിൽ റിസർവ്വ് ബാങ്കിനുണ്ടായിരുന്ന അവകാശങ്ങൾ പതുക്കെപ്പതുക്കെ എടുത്തു കളയുന്നതാണ് നാം മോദി ഭരണ കാലത്ത് കണ്ടത്. വിദേശനാണ്യ വിനിമയ നിരക്ക് നിശ്ചയിക്കാനുള്ള റിസർവ്വ് ബാങ്കിൻ്റെ അധികാരം, ഫെഡറേഷൻ ഫോർ ഫോറിൻ എക്സ്ചേഞ്ച് ഡീലേഴ്സ് എന്ന സംഘടക്ക് മുൻപേ തന്നെ കൈമാറിയിരുന്നു. നികുതി നിശ്ചയിക്കാനുള്ള അധികാരം GST നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാൻ പദ്ധതിയുമായിട്ട് മോദി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.


 IMF ൻ്റെ ആറാം ചാർട്ടർ അനുസരിച്ച് ഓരോ വർഷവും ധനപരമായ കാര്യങ്ങൾ IMF ഉമായി ചർച്ച ചെയ്യണം. ഇതിനായി RBI ആക്ടിലും ഭേദഗതി വരുത്തി, രൂപയുടെ മൂല്യ നിർണ്ണയത്തിനുള്ള പല അധികാരങ്ങളും അന്താരാഷ്ട്ര ധന ഏജൻസികൾ മുന്നെ തന്നെ പിടിച്ചു വാങ്ങിയിരുന്നു. ധനമേഖലാ പരിഷ്ക്കാരങ്ങൾ വേഗത്തിലാക്കി RBI യുടെ ഗവേണിംഗ് ബോഡി സ്വകാര്യകുത്തക പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ചതിനു പിന്നാലെ അതിൻ്റെ സ്വതന്ത്ര അധികാരം എടുത്തുകളയുന്ന പല നടപടികളും പടിപടിയായി സ്വീകരിച്ചു വരികയാണ്. കടം നിയന്ത്രിക്കാൻ പ്രത്യേക ഡെബിറ്റ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു. ഇതു കൂടാതെ മോണിട്ടറി പോളിസി കമ്മറ്റി രൂപീകരിക്കുകയും അതിൻ്റെ നിയന്ത്രണം ലഭിക്കാൻ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻ്റ് ഡവലപ്പ്മെൻ്റ് കൗൺസിലിന് കീഴിൽ ഫിനാൻഷ്യൽ മാനേജ്മെൻ്റ് സെൻ്റർ രൂപീകരിക്കാനും പദ്ധതിയുണ്ട്.


ബിൽ ഗേറ്റ്സ്, HDFC, ICICI തുടങ്ങിയ കുത്തകകളുടെ പ്രതിനിധികളെ RBl ഗവേണിംഗ് ബോഡിയിൽ ഉൾപ്പെടുത്തി. അതിനു പുറമെ RSS പ്രവർത്തകരെ ഈ ബോഡിയിൽ തിരുകിക്കയറ്റി. എസ്. ഗുരുമൂർത്തി, സഹകാർ ഭാരതിയുടെ ഡയറക്ടർ സതീശ് മറാഠ, പ്രൊഫസ്സർ സച്ചിൻ ചതുർവേദി എന്നിവരെയാണ് ഡറക്ടർമാരാക്കിയത്. RBI യുടെ  ഫണ്ട് കവരാൻ ഇത് വഴി വെച്ചു. 9.5 ലക്ഷം കോടി രൂപയുടെ സ്ഥിരം ഫണ്ടിൽ നിന്ന് 3.6 ലക്ഷം കോടി കവർന്നെടുത്തത് ഇവരുടെ ഒത്താശയോടെയാണ്. 


റിസർവ്വ് ബാങ്കിന് മൂന്ന് തരം കരുതൽ നിധികളാണ് നിലവിലുള്ളത്. കറൻസി - സ്വർണ്ണ മൂല്യപുനർനിർണയ ഫണ്ട് (CGRF), അടിയന്തിര നിധി (CF), സ്വത്ത് വികസന നിധി (ADF). കരുതൽ ധനത്തിൻ്റെ സിംഹഭാഗവും CGRF ലാണ് വരിക. സ്വർണ്ണവും കറൻസിയും പുനർ നിർണ്ണയം നടത്തുമ്പോൾ വരുന്ന അധിക തുകയാണിത്. 2017-18 ൽ ഇത് 6.91 ലക്ഷം കോടി രൂപയായിരുന്നു.  2017-18 ൽ ഈ അടിയന്തര നിധിയിൽ 3.2 ലക്ഷം കോടി രൂപയുണ്ടായിരുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പണ നയവും വിനിമയ ഇടപാടുകളും മറ്റും സൃഷ്ടിച്ചേക്കാവുന്ന അടിയന്തിര സാഹചര്യത്തെ നേരിടാനാണിത് ഉപയോഗിക്കുന്നത്. RBI ഗവർണ്ണറായിരുന്ന ബിമാൽ ജലീൽ കരുതൽ ധനത്തിൻ്റെ തോത് പുനർനിർണ്ണയിച്ചു. ബാലൻ സ്ഷീറ്റിൻ്റെ 6.8 ശതമാനം ഇതിനായി നീക്കിവെച്ചു. RBI ഗവേണിംഗ് ബോഡി 5.5 ശതമാനമായി ഇത് ചുരുക്കിയപ്പോൾ 52637 കോടി രൂപ ഇതിൽ നീക്കി ഇരിപ്പായി. ഇത് കേന്ദ്രസർക്കാർ കവർന്നെടുത്തു. RBI യുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണ നിക്ഷേപത്തിൽ നിന്ന് 315 കോടി ഡോളറിൻ്റെ സ്വർണ്ണം (22680  കോടി രൂപയുടെ) സ്വർണ്ണം വിറ്റു തുലച്ചു. 1991 ൽ 675 ടൺ സ്വർണ്ണം യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻ്റിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയം വെക്കുക മാത്രമാണ് ഉണ്ടായത്. അടിയന്തിര ഘട്ടങ്ങളിൽ സമ്പദ്ഘടനയെ സഹായിക്കാൻ വേണ്ടി സൂക്ഷിച്ചിരുന്ന റിസർവ്വ് ബാങ്കിൻ്റെ കരുതൽ ധനം വരെ കവർന്നെടുത്ത ഇത്തരം കാഴ്ചകളാണ് മോദി ഭരണത്തിൽ നമ്മൾ കണ്ടത്. 'മോദി ഗാരൻ്റി'യുടെ ഒരു ഉത്തമ ഉദാഹരണം! 


അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം 


പാർലമെൻ്റിൻ്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ 146 എം.പിമാരെ പുറത്താക്കി. പാർലമെൻ്റിൽ പുക ബോംബ് എറിഞ്ഞതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നാവശ്യപ്പെട്ടതിനാണ് ചരിത്രത്തിലെ ഏറ്റവും വലിയ സസ്പെൻഷൻ നടപ്പാക്കിയത്. ഭരണഘടനയുടെ 75-ാം വകുപ്പിൻ്റെ മൂന്നാം അനുച്ഛേദ പ്രകാരം മന്ത്രി സഭക്ക് ജനപ്രതിനിധി സഭയോട് കൂട്ടുത്തരവാദിത്വമുണ്ട്‌. ഈ തത്വമാണ് ശീതകാല സമ്മേളനത്തിൽ ചീന്തിയെറിയപ്പെട്ടത്. എം പി മാരുടെ സസ്പെൻഷനെ സംബന്ധിച്ച ലോകസഭയുടെ 374, രാജ്യസഭയുടെ 256 ചട്ടങ്ങൾ അനുശാസിക്കുന്നത് നടപ്പ് സമ്മേളനം അവസാനിക്കുന്ന കാലത്തേക്ക് മാത്രമെ ഒരംഗത്തെ സസ്പെൻ്റ് ചെയ്യാൻ പാടുള്ളു എന്നാണ്. ഈ തത്വവും അട്ടിമറിക്കപ്പെട്ടു.


ഇന്ത്യൻ ശിക്ഷാനിയമം (IPC), ക്രിമിനൽ നടപടി നിയമം (CRPC), തെളിവ് നിയമം, ടെലി കമ്മ്യൂണിക്കേഷൻസ് ബില്ല്, പോസ്റ്റോഫീസ് ബില്ല് തുടങ്ങിയ പ്രധാനപ്പെട്ട ബില്ലുകളാണ് പ്രതിപക്ഷം സഭയിലില്ലാത്ത തക്കത്തിൽ പാസാക്കിയത്. പാർലമെൻ്ററി നടപടിക്രമങ്ങളെ പ്രഹസനമാക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒന്നാം പാർലമെന്റ് സമ്മേളിച്ചത് 671 ദിവസമായിരുന്നു. മോദി പ്രധാനമന്ത്രിയായ 16-ാം ലോകസഭ (2014 -19) സമ്മേളിച്ചത് 337 ദിവസം മാത്രമാണ്. പതിനേഴാം ലോക സഭയാകട്ടെ കോവിഡിൻ്റെ മറവിൽ പല സെഷനുകളും റദ്ദാക്കിക്കൊണ്ട് ശരാശരി 58 ദിവസം മാത്രമാണ് ചേർന്നത്. 2014 മെയ് മുതൽ 2022 ഏപ്രിൽ വരെ 262 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ പാസാക്കി നിയമ നിർമാണം ഒരു പ്രഹസനമാക്കി മാറ്റി.


ഏകാധിപത്യത്തെ സ്നേഹിക്കുന്നവരാണ് ഫാസിസ്റ്റുകൾ എക്കാലത്തും. പാർലമെൻ്ററി ജനാധിപത്യത്തോട് ഇവർക്ക് പുച്ഛമാണ്; സംഘപരിവാരവും ഇവരിൽ നിന്ന് വ്യത്യസ്‍തരല്ല. "ഒരൊറ്റയാൾ നടത്തുന്ന ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളേക്കാൾ കൂടുതൽ ഉപയോഗപ്രദവും രാജ്യത്തിൻ്റെ നന്മക്ക് ഉതകുന്നതുമാണ്". 1928 ജനുവരി 17 ന് കേസരിയിൽ അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുളളതാണ്.


"ജനാധിപത്യ വ്യവസ്ഥ ആത്മപ്രശംസ, പരദൂഷണം എന്നീ രണ്ട് ദോഷങ്ങൾ വളർത്തുന്നു. അവ മനുഷ്യ മനസ്സിൻ്റെ ശക്തികളേയും പരിശുദ്ധിയേയും വിഷമയമാക്കുകയും വ്യക്തിയും സമാജവും തമ്മിലുള്ള സ്വരച്ചേർച്ച താറുമാറാക്കുകയും ചെയ്യുന്നു." 'വിചാരധാര' യിൽ ഗോൾവാൾക്കർ ജനാധിപത്യത്തോടുള്ള തങ്ങളുടെ നിലപാട് ഇത്തരത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. 1988 ൽ എ ബി വി പി യുടെ സമ്മേളനത്തിൽ, ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ പുനർവാർക്കുന്നതിനുള്ള ഒരു രേഖ വിതരണം ചെയ്തിരുന്നു. ലോകസഭയ്ക്കും രാജ്യസഭയ്ക്കും മുകളിൽ സന്യാസിമാരുടെ ഒരു സഭ സ്ഥാപിക്കുമെന്നും ഈ ഗുരു സഭയിൽ അംഗീകരിച്ച ബില്ലുകൾ മാത്രമേ ലോകസഭയിലും രാജ്യസഭയിലും അവതരിക്കാവൂ എന്നും ആവശ്യപ്പെടുക ഉണ്ടായി. സുപ്രീം കോടതി ജഡ്‌ജിമാരെ നിയമിക്കാനും നീക്കം ചെയ്യാനും ഉള്ള അധികാരം ഇവർക്ക് ആയിരിക്കും എന്നും ഈ രേഖയിൽ വിഭാവനം ചെയ്യുന്നു.  അധികാരത്തിൽ കയറാനുള്ള ഒരു ചവിട്ടുപടി മാത്രമാണവർക്ക് തെരഞ്ഞെടുപ്പുകൾ.


പാർലമെൻ്റിൻ്റെ വികസിത രൂപങ്ങളാണ് പാർലമെൻ്ററി സ്റ്റാൻ്റിങ് കമ്മിറ്റി പോലുള്ള സംവിധാനങ്ങൾ. ലോകസഭയും രാജ്യസഭയും പാസ്സാക്കുന്ന ബില്ലുകൾ സാധാരണ ഇത്തരം സമിതികളുടെ പരിശോധനക്കു ശേഷമാണ് നിയമമാക്കാറുള്ളത്. ഇത് ഇന്ത്യൻ പാർലമെൻ്ററി സമ്പ്രദായത്തിലെ ഒരു കീഴ് വഴക്കമാണ്. ഇവയെല്ലാം മോദി ഭരണത്തിൽ അട്ടിമറിക്കപ്പെട്ടു. നിയമസഭകളെ നോക്കുകുത്തിയാക്കി ഓർഡിനൻസുകളിലൂടെ പല പ്രധാനപ്പെട്ട നിയമങ്ങളും കൊണ്ടുവന്നു. പതിനേഴാം ലോകസഭയിൽ 16% ബില്ലുകൾ മാത്രമാണ് ഇത്തരം പരിശോധനകൾക്ക് വിധേയമായത്. അടിയന്തിര ഘട്ടങ്ങളിലോ അടുത്ത പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കാൻ കഴിയാത്ത സഹചര്യങ്ങളിലോ ആണ്  ആർട്ടിക്കിൾ 123 അനുസരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തിയ്യതിയും പാർലമെൻ്റ് സമ്മേളനത്തിൻ്റെ തിയ്യതിയും തമ്മിലുള്ള ഇടവേള നീണ്ടതായിരിക്കണം. എന്നാൽ മോദി സർക്കാരാകട്ടെ, പാർലമെൻ്റ് തൽക്കാലത്തേക്ക് നിർത്തിവെച്ചതിൻ്റെ പിറ്റേന്നു തന്നെ ഓർഡിനൻസ് ഇറക്കി ജനാധിപത്യത്തെ കശാപ്പു ചെയ്തു. പല വികസിത ജനാധിപത്യ രാജ്യങ്ങൾക്കും ഇല്ലാത്ത അധികാരമാണ് അസാധാരണ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ഭരണകർത്താക്കൾക്ക്  ഇന്ത്യൻ ഭരണഘടന നൽകിയത്. ഒരു പുതു ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇത്തരത്തിൽ ഒരു സംവിധനം ഉൾപ്പെടുത്തിയത്. അതിൻ്റെ അന്ത:സത്ത ഉൾക്കൊള്ളാതെയുള്ള പ്രവർത്തനം പാർലമെൻ്റിനെ റബ്ബർ സ്റ്റാമ്പാക്കും എന്നാണ്  പ്രഥമ സ്പീക്കർ മൗലങ്കർ മുന്നറിയിപ്പു നൽകിയിരുന്നത്. അദ്ദേഹം സൂചിപ്പിച്ചിരുന്നതു പോലെ പാർലമെൻ്റിനെ റബ്ബർ സ്റ്റാമ്പാക്കുന്ന നടപടികളാണ് ദിനം പ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.


തെരഞ്ഞെടുപ്പിലൂടെ സ്വേച്ഛാധിപത്യം വന്ന രാജ്യമെന്നാണ് 2021 ൽ സ്വീഡനിലെ ഗോഥൻബർഗ് സർവ്വകലാശാലയിലെ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വിഡം) ഇന്ത്യയെ വിലയിരുത്തിയത്. ഏറ്റവും വേഗത്തിൽ ഏകാധിപത്യ പ്രവണതയിലേക്ക് നീങ്ങുന്ന രാജ്യങ്ങളുടെ മുൻപന്തിയിലാണ് ഇന്ത്യയെന്നാണ് 2023 ലെ റിപ്പോർട്ടിൽ അവർ ചൂണ്ടിക്കാണിച്ചത്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ പിഎം കെയർ ഫണ്ടും ഇലക്ടറൽ ബോണ്ട് സംവിധാനങ്ങളും കൊണ്ടു വന്നു. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കണോമിക്സ് ഇൻ്റലിജൻ്റ്സ് യൂണിറ്റിൻ്റെ പഠനമനുസരിച്ച് ഇന്ത്യയെ അപര്യാപ്തജനാധിപത്യ രാജ്യം എന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇത്തരം ദുരവസ്ഥയിലേക്ക് മോദി ഭരണത്തിലൂടെ എത്തിച്ചേർന്നിരിക്കുന്നത്.


തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ ഘോഷയാത്ര 


ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത്. തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതി തെരഞ്ഞെടുക്കണമെന്ന സുപ്രീം കോടതിയുടെ ( അനൂപ് ബാറൺവാൾ കേസ്) അഞ്ചംഗ ബഞ്ചിൻ്റെ വിധി മറികടക്കാൻ ശീതകാല സമ്മേളനത്തിൽ നിയമം തന്നെ ഭേദഗതി ചെയ്തു. പ്രധാനമന്ത്രിയും അദ്ദേഹം നിർദ്ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിക്കാണ് പുതിയ നിയമന  അധികാരം നൽകിയിരിക്കുന്നത്. ഭരണകക്ഷിക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളാക്കാൻ അധികാരം നൽകുന്ന ഈ  നിയമ ഭേദഗതി സുതാര്യമായ തെരഞ്ഞെടുപ്പ്  എന്നത്  ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിക്കും എന്നർത്ഥം.


ഇന്ത്യൻ തെരഞ്ഞെടുപ്പു പ്രക്രിയ സംശയത്തിൻ്റെ നിഴലിലായിട്ട് ഏറെക്കാലമായി. ഏറ്റവും ഒടുവിൽ, ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കൃത്രിമം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വരികയുണ്ടായി. "ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നടപടി"യെന്നാണ് സുപ്രീം കോടതി ഇതിനെ വിശേഷിപ്പിച്ചത്. ബബതീഷ് റോയ് ചൗധരിയും ജോൺ കീനും ചേർന്നെഴുതിയ To Kill a Democracy: India Passage to Despotism എന്ന കൃതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണാധികാരികൾക്ക് കീഴടങ്ങുന്നതിൻ്റെ ചരിത്രം അനാവരണം ചെയ്യുന്നുണ്ട്. ജസ്റ്റിസ് മദൻ ബി ലോക്കൂറിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ An Enquiry into Indian Election System എന്ന റിപ്പോർട്ടിൽ 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കനുകൂലമായി ഇലക്ഷൻ കമ്മീഷൻ നടത്തിയിട്ടുള്ള ചട്ടലംഘനങ്ങൾ എടുത്തു കാണിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള നിയമത്തിന്റെ ഭേദഗതി വരുന്നത്. ഇത് തെരഞ്ഞെടുപ്പു പ്രക്രിയയെ എങ്ങനെയാണ് അട്ടിമറിക്കാൻ പോകുന്നതെന്ന് കാണേണ്ടിയിരിക്കുന്നു.  ആദായ നികുതി നിയമം, കമ്പനി നിയമം, RBl നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ ഒന്നിച്ചു ഭേദഗതി ചെയ്തു കൊണ്ടാന്ന് ഇലക്ടറൽ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. 2017 ൽ മണി ബില്ലായാണ് ഇതവതരിപ്പിച്ചതു പോലും. ലോകസഭാ നടപടികളിൽ സ്പീക്കർക്ക് പരമാധികാരം നൽകുന്ന വകുപ്പാണ് 110 (3). നികുതി, സർക്കാർ വായ്പ എടുക്കാൻ ഉറപ്പു നൽകൽ, സർക്കാർ ചെലവ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം തുടങ്ങിയവയാണെങ്കിൽ മാത്രമേ മണി ബില്ലായി അവതരിപ്പിക്കാനാവൂ എന്നാണ് ഭരണഘടനയുടെ 110 (1) അനുച്ഛേദം പറയുന്നത്. ആധാർ ബില്ലു പോലും മണി ബില്ലായാണ് മോദി സർക്കാർ അവതരിപ്പിച്ചത്. 2017 ൽ ധനബില്ലും മണിബില്ലായി തന്നെയാണവതരിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി 40 നിയമങ്ങൾ ഭേദഗതി ചെയ്യുക പോലുമുണ്ടായി. തങ്ങളുടെ സങ്കുചിത താല്പര്യങ്ങൾക്കു വേണ്ടി ഭരണഘടനയെ എങ്ങനെ ചിത്രവധം ചെയ്യാമെന്ന് കാണിച്ചു തരികയാണിവിടെ മോദി സർക്കാർ. ഇതിന് അടിവരയിടുന്നതാണ് ഇലക്ടറൽ ബോണ്ട് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. 


പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ ദുരന്തനിവാരണ ഫണ്ട് നിലനിൽക്കുമ്പോഴാണ് പിഎം കെയർ ഫണ്ട് എന്ന പുതിയയൊരു സംവിധാനം കൊണ്ടുവന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമമടക്കം പലതിനേയും അട്ടിമറിച്ചു കൊണ്ടാണ് ഈ നിയമം കൊണ്ടു വന്നത്. വിദേശഫണ്ട് സ്വീകരിക്കുന്നതു വഴി ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾക്ക് ഇടപെടാൻ അവസരം നൽകുന്നുവെന്ന മുന്നറിയിപ്പു പോലും അവഗണിച്ചു കൊണ്ടാണ് ഈ നിയമം പാസ്സാക്കിയത്. വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്നു പോലും ഇതിനെ ഒഴിവാക്കിയിരിക്കുകയാണ്. ഇലക്ടറൽ ബോണ്ടുകളും പിഎം കെയേഴ്സ് ഫണ്ടും തെരഞ്ഞെടുപ്പ് മെഷീനുകളും ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിൻ്റെ മൂർത്ത ഉദാഹരണങ്ങളായി തെളിഞ്ഞു നിൽക്കുക തന്നെയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിർമ്മിക്കാനുള്ള Bell ൻ്റെ ഡയറക്ടർ  ബോർഡിലേക്ക് രാജ്കോട്ട് BJP ജില്ലാ പ്രസിഡൻ്റ് മൽ സുക് ഭായ് ഷാജി ഭായ് ഖച്ഛരിയെ  നിയമിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മറ്റു മൂന്നു ഡയറക്ടർമാരും BJP യുമായി ബന്ധമുള്ളവരാണെന്നുള്ള ആരോപണവും ഉയർന്നു കഴിഞ്ഞു. ഇന്ത്യയേക്കാൾ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ച രാജ്യങ്ങൾ ഒന്നു പോലും ഇപ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നില്ല. E V M ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ അഡ്വ: ഭാനു പ്രതാപ് വർമ്മയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്.


ഭരണഘടനയും സംഘപരിവാറും 


സംഘപരിവാർ ശക്തികൾ ഇന്ത്യൻ ഭരണഘടനയെ മാനസികമായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതിൻ്റെ ആദ്യകാല നേതാക്കളും പിന്തുടർച്ചക്കാരും ഭരണഘടനയോടുള്ള എതിർപ്പ് പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. 1949 നവംബർ 30 നു പുറത്തിറങ്ങിയ RSS ൻ്റെ മുഖപത്രമായ ''ഓർഗനൈസർ" (Organizer) ഭരണഘടനയെ നോക്കിക്കണ്ടത് ഇങ്ങനെയാണ്. "നമ്മുടെ ഭരണഘടനയിൽ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് പരാമർശം ഒന്നുമില്ല. സ്പാർട്ടയിലെ ലൈകുർഗസിനും (Lycurgus) പേർഷ്യയിലെ സൊലോണിനും (Solon) വളരെ മുമ്പാണ് മനുവിൻ്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഈ നിയമങ്ങൾ ലോകത്തിൻ്റെ ആദരവിന് പാത്രമായി." 'വിചാരധാര'യിൽ പറയുന്നത് ഇങ്ങനെയാണ്. "വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലെ വ്യത്യസ്ത ആർട്ടിക്കിളുകൾ തുന്നിച്ചേർത്തുണ്ടാക്കിയ ഒന്നാണ് നമ്മുടെ ഭരണഘടന. നമ്മുടെ സ്വന്തമെന്നു വിളിക്കാവുന്ന യാതൊന്നും അതിലില്ല. നമ്മുടെ ദേശീയ ദൗത്യം എന്ത് എന്നതു പോലുള്ള മാർഗ്ഗനിർദ്ദേശക തത്വങ്ങളെ കുറിച്ചും ജീവിതത്തിൽ തങ്ങളുടെ കേന്ദ്രതത്വം എന്ത് എന്നതിനെ കുറിച്ചോ അതിൽ ഒരു പരാമർശമെങ്കിലും ഉണ്ടോ? ഇല്ല". ഗോൾവാൾക്കർ ഇങ്ങനെയും സൂചിപ്പിക്കുന്നുണ്ട്. "നമ്മുടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ പറ്റിയുള്ള എല്ലാ പരാമർശങ്ങളും കുഴിച്ചു മൂടുകയും ഭാരതമാകുന്ന ഒരേ സ്റ്റേറ്റിനകത്ത് സ്വയം ഭരണാവകാശമോ, അർദ്ധ സ്വയം ഭരണാവകാശമോ ഉള്ള എല്ലാത്തിനേയും തള്ളിക്കളയുകയും..... നമ്മുടെ ഏകാത്മകതയെ തകിടം മറിക്കാൻ അവസരം കൊടുക്കാത്ത തരത്തിൽ ഒരു രാജ്യം, ഒരു നിയമസഭ, ഒരു എക്സിക്യൂട്ടീവ് എന്നതു തന്നെ പ്രോത്സാഹിപ്പിക്കണം. ഈ ഏകഘടക ഭരണകൂടം സ്ഥാപിക്കാൻ തക്കവണ്ണം ഭരണഘടനയെ പുന:പരിശോധനക്കു വിധേയമാക്കി പുതുക്കി എഴുതട്ടെ." 1940 ൽ RSS ൻ്റെ ഉന്നതാധികാര സമിതിയിൽ ഗോൾവാൾക്കർ മുന്നോട്ടു വച്ച ലക്ഷ്യം, RSS നാൽ പ്രചോദിതമായ ഒരു പതാക, ഒരൊറ്റ നേതാവ്, ഒരാദർശം എന്നതായിരുന്നു. പിന്നീട് RSS മേധാവിയായി വന്ന കെ. സുദർശൻ, ഭരണഘടന ഹൈന്ദവ കാഴ്ചപ്പാടിന് എതിരാണെന്നും നമുക്കു വേണ്ടത് മനുസ്മൃതിയും വർണ്ണാശ്രമ ധർമ്മവുമാണെന്നും പ്രഖ്യാപിച്ചിരുന്നു. 1971 ൽ ജനസംഘവും 1998 ൽ ബി ജെ പിയും 1999 ൽ എൻ.ഡി.എയും ഭരണഘടന പുനരവലോകനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.


വാജ്പേയിയുടെ ഭരണകാലത്ത് രൂപീകരിച്ചിരുന്ന ഭരണഘടന പുനർനിർമ്മാണ സമിതി രാഷ്ട്രപ്രതി കെ  ആർ നാരായണൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് അവർക്ക് പിൻവലിക്കേണ്ടി വന്നു. എന്നാൽ, ഇപ്പോൾ വാരാണസി ആസ്ഥാനമായ ശങ്കരാചാര്യ പരിഷത്ത് തലവൻ സ്വാമി ആനന്ദസ്വരൂപിൻ്റെ നേതൃത്വത്തിലുള്ള ഒരു സമിതി ഹിന്ദുരാഷ്ട്രത്തിനുള്ള ഒരു ഭരണഘടന തയ്യാറാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് 543 അംഗ മത പാർലമെന്റ് രൂപീകരിക്കും. മുസ്ലീം - ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വോട്ടവകാശമില്ലാത്ത പൗരന്മാരായി തുടരാം. നീതിന്യായ വ്യവസ്ഥക്ക് ത്രേതായുഗവും ദ്വാപരയുഗവും അടിസ്ഥാനമാക്കും. വിദ്യാഭ്യാസത്തിൽ ഗുരുകുല സമ്പ്രദായം നടപ്പാക്കും. വർണ്ണ വ്യവസ്ഥയിൽ അധിഷ്‌ഠിതമായ രാജ്യമായിരിക്കുമെന്നും വാരാണസിയായിരിക്കും തലസ്ഥാനമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. RSS രൂപം കൊണ്ടതിൻ്റെ നൂറാം വർഷമായ 2025 ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ഫാസിസ്റ്റുകൾ സ്വപ്നം കാണുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (Preamble) അംഗീകരിച്ച ജനുവരി 22 നു തന്നെ, രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ നടത്തിയത് ഈ ഗൂഢലക്ഷ്യം കൂടി മനസ്സിൽ വച്ചു കൊണ്ടാണ്.


ഭരണം കുത്തകകൾക്ക് 


ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്ന സീനിയർ IAS കാരുടെ പദവികളിലേക്ക് സ്വകാര്യ കുത്തക കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കുന്ന നടപടികളും തുടങ്ങി. 2017 ൽ നീതി ആയോഗ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇത്തരം നിർദ്ദേശം മുന്നോട്ടു വെക്കുകയും മോദി അതംഗീകരിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഒൻപതുപേരെ നിയമിച്ചതിൽ ഏഴു പേരും ഇത്തരക്കാരായിരുന്നു. കൃഷി, വാണിജ്യം, വ്യവസായം, ഷിപ്പിങ്, വ്യോമയാനം, നാഷണൽ ഹൈവേ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഇവരെ നിയമിച്ചത്. കാർഷികമേഖലയിൽ അഡീഷണൽ സെക്രട്ടറിയായി നിയമനം കിട്ടിയ കാകോളി ഘോഷ് കോർപ്പറേറ്റ് കൃഷിക്കു വേണ്ടി വാദിക്കുന്ന വ്യക്തിയാണ്. റിന്യൂവബിൾ എനർജി വകുപ്പ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കു നിയമിച്ച ദിനേഷ് ജഗ്ഡൽ  പനാമ റിന്യൂവബ്ൾ എനർജി ഗ്രൂപ്പിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സിവിൽ ഏവിയേഷൻ വകുപ്പിൻ്റെ ജോയിൻ്റ് സെകട്ടറിയായി വന്ന അംബർ ദുബെ പ്രമുഖ എയർലൈൻസ് കമ്പനിയുടെ ഉപദേഷ്ടാവും  KPMGലെ  ഉന്നതദ്യോഗസ്ഥനുമായിരുന്നു. ഇക്കണോമിക്ക് അഫയേഴ്‌സിൻ്റെ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കു വന്ന രാജീവ് സക്സേന അന്താരാഷ്ട്ര ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഷിപ്പിങ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കു വന്ന ഭൂഷൻകുമാർ ദുബായ് ആസ്ഥാനമായ ഡയമണ്ട് ഷിപ്പിങ്ങിൻ്റെ മാനേജിങ് ഡയറക്ടറും CEO യുമായിരുന്നു. വാണിജ്യ മന്ത്രാലയത്തിലേക്ക് നിയമിക്കപ്പെട്ട അരുൺ ഗോയൽ ലേ മാൻ ബ്രദേഴ്സ്, സിറ്റി ഗ്രൂപ്പ്, സീമെൻസ് എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. കുപ്രസിദ്ധമായ കാർഷിക ബില്ലുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ പൊളിച്ചെഴുത്തുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്ക് കൈമാറിയതും എല്ലാം ഇവരുടെ കാർമ്മികത്വത്തിലാണ്. ആദ്യഘട്ടത്തിൽ 7 ഒൻപത് പേരെയാണ് നിയമിച്ചതെങ്കിൽ പിന്നീട് 31 പേരെ കൂടി നിയമിച്ചു.


ഇന്ത്യ എന്ന ‘ഡീപ് സ്റ്റേറ്റ്' 


അധികാരങ്ങളെല്ലാം ചുരുക്കം പേരിൽ കേന്ദ്രീകരിക്കപ്പെടുന്ന ‘ഡീപ് സ്റ്റേറ്റ്’   അവസ്ഥയിലേക്ക് ഇന്ത്യ മാറിയിട്ടുണ്ട്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നേതൃത്വത്തിലുള്ള പതിനാറംഗ സമിതിയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ യഥാർത്ഥ ഭരണം. RSS ൻ്റെ നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷൻ്റെ ഡയറക്ടർ സ്ഥാനത്തു നിന്നാണ് അജിത് ഡോവൽ സുരക്ഷാ ഉപദേഷ്ടാവിൻ്റെ പദവിയിലെത്തുന്നത്. ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര, വിദേശ, ധനകാര്യ സെക്രട്ടറിമാർ, RBI ഗവർണ്ണർ, സൈനിക മേധാവികൾ തുടങ്ങിയ പതിനാറംഗങ്ങളാണ് അജിത് ഡോവലിൻ്റെ നേതൃത്വത്തിലുള്ള ഈ സമിതിയിലുള്ളത്. പാർലമെൻ്റിനെ പോലും നോക്കുകുത്തിയാക്കി പ്രധാനപ്പെട്ട നയതീരുമാനങ്ങളെല്ലാം എക്സിക്യൂട്ടീവ് ഉത്തരവുകളായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്.


 ഇന്ത്യ ഫാഷിസ്റ്റ് ഭരണത്തിലേക്ക് 


ലോകത്തുള്ള എല്ലാ ഫാസിസ്റ്റുകളും ചില പ്രത്യേക പേരുകളിലാണ് അറിയപ്പെട്ടിരുന്നത് ഹിറ്റ്ലർ - ‘ഫ്യൂറർ’, മുസ്സോളിനി - ‘ഡ്യൂഷേ’, ഫ്രാങ്കോ- ‘കൗടില്ലോ’ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. അതുപോലെ മോദി നമോ- ‘വിശ്വഗുരു’ എന്ന പദവിയാണ് സ്വയം അണിഞ്ഞിരിക്കുന്നത്. നുണകളുടെ ആയിരക്കണക്കിനു ഫാക്ടറികൾ സൃഷ്ടിച്ചു കൊണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകളെ നിയോഗിച്ചും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള വ്യാജ അക്കൗണ്ടുകളിലൂടെയും എല്ലാം നുണകൾ പ്രചരിപ്പിച്ചും മേധാവിത്വം നേടുന്നു. വാൾട്ടർ ലിപ്മാൻ ചൂണ്ടിക്കാണിച്ചതു പോലെ 'സമ്മതിയുടെ നിർമ്മിതി' സൃഷ്ടിച്ചെടുക്കുകയാണ് മോഡി ചെയ്യുന്നത്. 


നാസികളുടെ ‘ആര്യവംശ ഉൽകൃഷ്ടതാവാദം’ ജനമനസ്സുകളിൽ ഉറപ്പിക്കാൻ നടത്തിയ തന്ത്രങ്ങളെക്കുറിച്ച് അഡോണോ വിശകലനം ചെയ്തിട്ടുണ്ട്. ഹിറ്റ്ലറുടെ നാട്യങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കന്നുണ്ട്.  ഒരേ സമയം ശക്തനായ കിംഗ് കോങ്ങായും ഗ്രാമീണനായ ക്ഷുരകനായും ഹിറ്റ്ലർ പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലെ മോദിയെ ചായവില്പനക്കാരനായും അമാനുഷികനായും അവതരിപ്പിക്കുന്നുണ്ട്. 'ഫാഷിസ്റ്റുകൾ ഒരിക്കലും അസത്യത്തിൽ തൃപ്തരല്ല. ആ അസത്യത്തെ ഒരു പുതിയ യാഥാർത്ഥ്യമാക്കി അവർ രൂപാന്തരപ്പെടുത്തുന്നു. അവ സൃഷ്ടിക്കുന്ന അവാസ്തവികതയെ വിശ്വസിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. അവർ ഇച്ഛിക്കുന്ന വിധം ജനങ്ങൾ വന്നാൽ അവരെക്കൊണ്ട് എന്തു ഹീനകൃത്യവും ചെയ്യിപ്പിക്കാമെന്ന് ഫാഷിസ്റ്റുകൾക്കറിയാം' - അന്ന ആറൻറ്. ഈ പ്രസ്താവത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുക, അതുണ്ടെന്ന തോന്നൽ ജനിപ്പിക്കുക. ഈ ഇല്ലൂഷനറി ട്രൂത്ത് ഇഫക്ടിൽ ( മായിക - പരമാർത്ഥ ഇഫക്റ്റ്) ഇന്ത്യൻ ജനതയെ വീഴ്ത്തിക്കൊണ്ടരിക്കുകയാണ്.


എന്തുകൊണ്ട് ഫാഷിസ്റ്റുകൾ? 


ഹിറ്റ്ലറുടെ ഉയർച്ചക്കു പിന്നിൽ പ്രവർത്തിച്ച ചാലക ശക്തികളായ കുത്തകകളെക്കുറിച്ച് ആൻ്റണി സി സട്ടൺ 'വാൾസ്ട്രീറ്റ് ആൻ്റ് ദ റൈസ് ഓഫ് ഹിറ്റ്ലർ' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മോദിയുടെ ഭരണത്തിന് പിന്നിൽ ആഗോള ധനമൂലധനത്തിൻ്റേയും അതുമായി വിധേയപ്പെട്ട് ഉൾച്ചേരുന്ന ആഭ്യന്തര  കുത്തക മൂലധനത്തിൻ്റേയും മൂലധന താല്പര്യങ്ങൾ തന്നെയാണ് പ്രവർത്തിക്കുന്നത്. 2009 ൽ അമേരിക്കയിലെ ഒരു സംഘടന മോദിയെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചിരുന്നു. 2009 ൽ തന്നെയാണ് 'വൈബ്രൻ്റ് ഗുജറാത്ത്' പരിപാടിയിൽ ഇന്ത്യയിലെ ആഭ്യന്തര മുതലാളിത്ത കുത്തകകൾ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് മോദിയെ വാഴ്ത്തിയതും. ലോകത്തെമ്പാടുമുള്ള ഫാസിസ്റ്റുകൾ കുത്തക മൂലധനത്തിൻ്റെ താല്പര്യ സംരക്ഷത്തിൻ്റെ നടത്തിപ്പുകാരാണ്. മൂർച്ഛിക്കുന്ന സാമ്പത്തിക പൊതുക്കുഴപ്പത്തിൽ   പെട്ടുഴലുന്ന സാമ്രാജ്യത്വ രാഷ്ട്രങ്ങൾ അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണിന്ന്. രണ്ടാം ലോക മഹായുദ്ധാനന്തരം ആരംഭിച്ചതാണ് ഈ മൂന്നാം സാമ്പത്തിക പൊതുക്കുഴപ്പം.


രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബ്രട്ടൻ വുഡ്സ് സ്ഥാപനങ്ങൾ ആയ വേൾഡ് ബാങ്ക്,  ഐ.എം.എഫ്, ഗാട്ട് (GATT) എന്നിവയും നാറ്റോ (NATO) എന്ന സാമ്രാജ്യത്വ സൈനിക സഖ്യവും യു.എൻ. സംഘടനകളും മാർഷൽ പ്ലാനും ഒക്കെ ആരംഭിക്കുന്ന സന്ദർഭത്തിൽ തന്നെ, ജനറൽ ക്രൈസിസിൻ്റെ അഥവാ, സാമ്പത്തിക പൊതുക്കുഴപ്പത്തിൻ്റെ മൂന്നാം സ്റ്റേജ് ആരംഭിച്ചു. 


എന്നാൽ, 1960 കളുടെ രണ്ടാം പകുതിയോടെയാണ് ഇതിൻ്റെ ദൂഷ്യങ്ങൾ പ്രകടമായത്. 1970 കളിൽ ഗോൾഡ് സ്റ്റാൻ്റേർഡ് എടുത്തു കളഞ്ഞതും ഓയിൽ ഷോക്കുകൾ എന്നറിയപ്പെട്ട പെട്രോളിയം പ്രതിസന്ധികൾ ഉണ്ടായതും തുടർന്ന്, 1980 കളിൽ മാന്ദ്യവും പണപ്പെരുപ്പവും ഒന്നിച്ചു ചേർന്ന ‘സ്റ്റാഗ്ഫ്ലേഷൻ’  മൂർച്ഛിച്ചതും എല്ലാം സാമ്പത്തിക പൊതുക്കുഴപ്പത്തിൻ്റെ മൂന്നാം സ്റ്റേജിൻ്റെ തീവ്രത വർദ്ധിപ്പിച്ചു. ഇതാണ് പുതിയ സഹസ്രാബ്ദത്തിൽ പ്രത്യക്ഷമാവുകയും 2008 ലെ ബാങ്കുകൾ - ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ കൂട്ടത്തകർച്ചയിലൂടെ മൂന്നാം മഹാമാന്ദ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത്. 


ചുരുക്കത്തിൽ, സാമ്പത്തിക പൊതുക്കുഴപ്പത്തിൻ്റെ മൂന്നാം സ്റ്റേജ് പതിറ്റാണ്ടുകളിലൂടെ മൂർച്ഛിച്ച് മൂന്നാം മഹാമാന്ദ്യത്തിലേക്ക് എത്തുകയാണ് ഉണ്ടായിരിക്കുന്നത്. 


രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ വ്യാപാര അഭിവൃദ്ധിയുടെ കാലം 1970കളോടെ അവസാനിച്ചുവെന്ന് ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജോൺ ഹിഗ്സ് ചൂണ്ടിക്കാട്ടിയിരുന്നു. IMFഉം ലോകബാങ്കും രൂപം കൊണ്ട ശേഷം ഈ പ്രതിസന്ധികൾ മറികടക്കാൻ പല പദ്ധതികളുമാവിഷ്ക്കരിച്ചു. വായ്പ എടുക്കാനുള്ള പൊതു കരാറിന് 1962 ൽ രൂപം നൽകി. 1967 ൽ തന്നെ റിയോ - ഡി - ജെനീറൊ സമ്മേളനത്തിൽ വെച്ച് SDR (സ്പെഷ്യൽ ഡ്രോയിങ് റൈറ്റ്) നൽകുന്ന കരാർ ഉണ്ടാക്കേണ്ടി വന്നു. എന്നിട്ടും അമേരിക്കൻ പ്രസിഡൻ്റ് നിക്സണ് 1971 ഓഗസ്റ്റ് 17 ന് സ്വർണ്ണം - ഡോളർ വിനിമയത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറേണ്ടി വന്നു. ഡോളറും ഫ്രഞ്ച് മാർക്കും അവമൂലനത്തിന് വിധേയമായി. 1978 ൽ IMF ചാർട്ടർ ഭോഗതി ചെയ്യുകയും സ്വർണ്ണത്തിന് ഔദ്യോഗിക വില ഇല്ലാതാക്കുകയും ചെയ്തു. വിയറ്റ്നാം യുദ്ധവും ഒപ്പെക് രാഷ്ട്രങ്ങളുടെ രൂപീകരണവും എണ്ണ വില വർദ്ധനവുമടക്കം അമേരിക്കൻ സമ്പദ്ഘടനക്കേറ്റ കനത്ത ആഘാതത്തിൽ നിന്ന് രക്ഷ നേടാനായി പുതിയ തന്ത്രങ്ങൾ മെനഞ്ഞു. താച്ചറിസവും റീഗണോമിക്സുമെല്ലാം അതിൻ്റെ അനന്തരഫലങ്ങളായിരുന്നു. ഇതാണ് നവലിബറൽ നയനടത്തിപ്പിൻ്റെ ആരംഭം കുറിച്ചത്.


നവലിബറൽ നയങ്ങൾ ശക്തമായി നടപ്പാക്കിയിട്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്കൻ സാമ്രാജ്യത്വം കൂപ്പു കുത്തി. വാഷിങ്ടൺ സമവായമെന്ന പേരിൽ സാമ്രാജ്യത്വ താല്പര്യങ്ങളെ മൂന്നാം ലോക രാജ്യങ്ങൾക്കു മേൽ അടിച്ചേല്പിച്ചിട്ടും പ്രതിസന്ധി രൂക്ഷമായി. സോവിയറ്റ് യൂണിയൻ്റെ പതനവും മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുതലാളിത്ത സമ്പദ്ഘടനയുമായുള്ള ഉദ്ഗ്രഥനവും നടന്നു കഴിഞ്ഞിട്ടും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അത് സാമ്രാജ്യത്വ സമ്പദ്ഘടനക്ക് തുണയായില്ല.


1997-98 ൽ ‘കുതിച്ചു ചാടുന്ന ഏഷ്യൻ കടുവകളുടെ’ തകർച്ചയെ തുടർന്ന് ബാങ്ക് ഓഫ് ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ്, IMF , ജി 7, ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റി കമ്മീഷൻസ് എന്നിവ പല മുഖം മിനുക്കൽ പരിപാടികളുമാരംഭിച്ചു. ഹാലിഫാക്സ് ഉച്ചകോടിയും 1999 ലെ കൊളോൺ ഉച്ചകോടിയും പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി ന്യൂ ഇൻ്റർ നാഷണൽ ഫിനാൻഷ്യൽ ആർക്കിടെക്ച്ചർ (NIFA) രൂപീകരിച്ചു. NIFA ക്ക് താഴെ മൂന്ന് ഘടകങ്ങൾ രൂപീകരിച്ചു. ജി 20, ഫൈനാഷ്യൽ സ്റ്റെബിലിറ്റി ഫോറം, ROSC എന്നിവ രൂപീകരിച്ചു. ജി 7 ൻ്റെ ധനകാര്യ ഭദ്രത ഉറപ്പുവരുത്താനാണ് ഫൈനാൻഷ്യൽ സ്റ്റെബിലിറ്റി ഫോറം രൂപീകരിച്ചത്. എന്നിട്ടും 2001 ലെ തകർച്ചയിൽ അമേരിക്കക്ക് നാല് ട്രില്യൻ ഡോളർ നഷ്ടപ്പെട്ടു.


'ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായികളുടെ വിനിമയത്തിലുള്ളതുമായ' മൂലധനത്തെയാണ് ഹിൽഫെർഡിങ് ധനമൂലധനമെന്ന് വിശേഷിപ്പിച്ചത്. എന്നാൽ, “അതിപ്രധാനമായ ഒരു വസ്തുതയെ കുറിച്ച് മൗനം പാലിക്കുന്നതു കൊണ്ട് അത്രത്തോളം ഈ നിർവചനം അപൂർണ്ണമാണ്” എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്  ലെനിൻ കൂടുതൽ സമഗ്രതയോടെ ധനമൂലധനത്തിൻ്റെ ആവിർഭാവത്തേയും സ്വഭാവത്തേയും പറ്റി താഴെക്കാണും പടി പ്രസ്താവിച്ചു : “ഉത്പാദനത്തിന്റെ കേന്ദ്രീകരണം; അതിൽ നിന്നുയർന്നു വരുന്ന കുത്തകകൾ; ബാങ്കുകൾ വ്യവസായവുമായി ലയിക്കല്‍ അഥവാ ഒന്നിച്ചുചേരൽ - ഇതാണ് ഫിനാൻസ് മൂലധനത്തിന്റെ ഉത്ഭവത്തിന്റെ ചരിത്രം.” ഇത് ധനമൂലധനം അഥവാ, ഫിനാൻസ് മൂലധനം എന്ന, മൂലധനത്തിൻ്റെ പരമോന്നത ഘട്ടത്തിലേക്കുള്ള പ്രാതിഭാസിക വികാസ പ്രക്രിയയെ പറ്റിയുള്ള ലെനിനിസത്തിൻ്റെ കാതലായ വശത്തെ എടുത്തുകാട്ടുന്നു. ഇങ്ങനെ ആവിർഭവിച്ച ഫിനാൻസ് മൂലധനം പലിശോപജീവിയായി മാറിയതിനാൽ അത് ഉത്പാദന പ്രക്രിയയ്ക്ക് എതിരെ മുരടിപ്പിൻ്റെ ചാലക ശക്തിയായിത്തീർന്നു.  അതിൻ്റെ നിഷേധാത്മക പരിണാമവും ജീർണ്ണസ്വഭാവവും കുത്തകകൾ രൂപപ്പെടുന്ന ഘട്ടത്തിന് മുൻപുണ്ടായിരുന്ന മൂലധനത്തിൻ്റെ സ്വഭാവത്തിൽ നിന്ന് മുതലാളിത്തം അടിസ്ഥാനപരമായി മാറുകയും മൗലികമായി പിന്തിരിപ്പനാവുകയും ചെയ്തു. ഈ അവസ്ഥ ലെനിൻ ഇങ്ങനെ വിശദീകരിച്ചു: “മൂലധനത്തിന്റെ ഉടമസ്ഥത ഉത്പാദനത്തിനു വേണ്ടിയുള്ള മൂലധന വിനിയോഗത്തിൽ നിന്നും വേർതിരിഞ്ഞിരിക്കുക, പണമായുള്ള മൂലധനം വ്യാവസായികമായ അല്ലെങ്കിൽ ഉല്പാദനപരമായ മൂലധനത്തിൽ നിന്നും വേർതിരിഞ്ഞിരിക്കുക, പണമായുള്ള മൂലധനത്തിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന പലിശോപജീവി വ്യവസായ ഉടമസ്ഥതയിൽ ഉടമയിൽ നിന്നും മൂലധനം കൈകാര്യം ചെയ്യുന്നതുമായി നേരിട്ട് ബന്ധമുള്ള സകലരിൽ നിന്നും വേർതിരിഞ്ഞിരിക്കുക, ഇത് പൊതുവിൽ മുതലാളിത്തത്തിന്റെ സവിശേഷതയാണ്. ഈ വേർതിരിയൽ ഭീമമായ തോതിൽ എത്തിയിട്ടുള്ള മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ് സാമ്രാജ്യത്വം അഥവാ, ഫിനാൻസ് മൂലധന മേധാവിത്വം. ഫിനാൻസ് മൂലധനം മറ്റെല്ലാ രൂപത്തിലുമുള്ള മൂലധനത്തിന്മേൽ മേധാവിത്വം വഹിക്കുന്നു എന്നു വച്ചാൽ അതിനർത്ഥം പലിശോപജീവിയും ഫിനാൻസ് പ്രഭുക്കളും മേധാവിത്വം വഹിക്കുന്നു എന്നാണ്. ധനപരമായി “പ്രബലങ്ങളായ” കുറച്ചു സ്റ്റേറ്റുകൾ മറ്റെല്ലാ രാഷ്ട്രങ്ങളേക്കാളും മുന്തി നിൽക്കുന്നു എന്നാണ്.” 


ഫിനാൻസ് മൂലധന ദുഷ്പ്രഭുത്വത്തിൻ്റെ ഈ നിഷേധാത്മക സ്വഭാവം കൂടുതൽ അന്വർത്ഥമാക്കിക്കൊണ്ട് ഇന്ന് അന്താരാഷ്ട്ര ധനമൂലധന അവസ്ഥയിൽ മുതലാളിത്തം പുതിയ ധനപരമായ ചരക്കുകളെ തന്നെ സൃഷ്ടിച്ചു. ഇതിലൊന്നാണ് ഡെറിവേറ്റീവ് വ്യാപാരം. മാന്ദ്യത്തിൽ നിന്ന് കരകയറാൻ ബുഷ് ഭരണകൂടം കണ്ടെത്തിയ പുതിയ മാർഗ്ഗമായിരുന്നു ഭവനനിർമ്മാണ വായ്പ. വീട് വാങ്ങാനും നിർമ്മിക്കാനും അമേരിക്കൻ ഭൂപണയ ബാങ്കുകൾ വായ്പകൾ നൽകിയപ്പോൾ സമ്പദ്ഘടനയിൽ നേരിയ വളർച്ചയുണ്ടായി. വായ്പയ്ക്ക് ആവശ്യമേറിയപ്പോൾ പുതിയ മോർട്ട്ഗെയ്ജ് ബാങ്കുകൾ ഉടലെടുത്തു. വായ്പകളും ബോണ്ടുകളും മറ്റും ഡെറിവേറ്റീവ് ഉല്പന്നങ്ങളാക്കി വിപണിയിലിറക്കി. 2006 ആയപ്പേഴേക്കും മോർട്ട് ഗേജ് ബാങ്കളുടെ കിട്ടാക്കടം 300 ബില്യൺ ഡോളറായി ഉയർന്നു. കിട്ടാക്കടത്തെ പോലും ഊഹക്കച്ചവടത്തിലെ ഉല്പന്നങ്ങളാക്കി മാറ്റി. ഡിഫോൾട്ട് സ്വാപ്പുകൾ എന്നാണിവ അറിയപ്പെട്ടത്. 2008 ലെ മെൽട്ട് ഡൗൺ അഥവാ, സമ്പദ് വീഴ്ച്ചയുടെ  പ്രധാന കാരണം ഇതായി മാറി. വാസ്തവത്തിൽ രണ്ടാം ലോകയുദ്ധാനന്തരം ആരംഭിച്ചതും 1960 കൾ മുതൽ പ്രകടമായി മൂർച്ഛിച്ചുകൊണ്ടിരുന്നതുമായ സാമ്രാജ്യത്വ വ്യവസ്ഥയുടെ മൂന്നാംഘട്ട പൊതുക്കുഴപ്പത്തിൻ്റെ (തേഡ് സ്റ്റേജ് ഓഫ് ഇംപീരിയലിസ്റ്റ് ജനറൽ ക്രൈസിസ്) ശക്തമായ പ്രകടിത രൂപമായിരുന്നു 2008 ലെ മെൽറ്റ് ഡൗൺ അഥവാ, സമ്പദ് വീഴ്ച്ച. 


അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിൻ്റെ കുന്നു കൂടലും  കടുത്ത ലാഭാസക്തിയുമാണ് അതിനെ പൊതുവിൽ ഉത്പാദനത്തിൻ്റേയും സവിശേഷമായി ഇൻ്റസ്ട്രിയൽ മാനുഫാക്ച്ചറിങ്ങിൻ്റേയും കാര്യത്തിൽ വിമുഖമാവാനും ഊഹക്കച്ചവടത്തിൻ്റേയും പണമിരട്ടിപ്പിൻ്റേയും മേഖലയിൽ ജ്വരം പിടിച്ച് വ്യാപരിക്കാനും  തള്ളിവിടുന്ന ഘടകങ്ങൾ. ഡെറിവേറ്റിവ് ട്രേഡിങ് ഉൾപ്പെടെയുളള ഫിനാൻസ് - ഊഹക്കച്ചവട സ്വഭാവം തീവ്രതരമാവാനുള്ള കാരണമിതാണ്. ഫിനാൻസ് മൂലധനത്തിൻ്റെ വലിപ്പം കൂടുന്തോറും ഉത്പാദന മാന്ദ്യത്തോടൊപ്പം ഈ നെഗറ്റീവ് പ്രവണത തീവ്രതരമായിക്കൊണ്ടേയിരിക്കും. ഇതാണ് ഡെറിവേറ്റീവ് ട്രേഡിങ്ങ് ശക്തിപ്പെടുന്നതിൻ്റെ മുഖ്യ പശ്ചാത്തലം.  തൊഴിലാളി വർഗ്ഗത്തിനേയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ചെറുകിട ഇടത്തരം സംരംഭകരേയും സംബന്ധിച്ച് അത് ഒരു വളർച്ചയോ വികാസമോ അല്ല; മറിച്ച്, തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും വിപണിക്കു മേൽ മൂലധന കുത്തകകളുടെ അധീശത്വവും ഉണ്ടാക്കുന്ന മുരടിപ്പാണ്.


ബദൽ പരിപ്രേക്ഷ്യവും ബദൽ പരിപാടിയും


എന്താണ് ആഗോളീകരണമെന്നും അതും നവലിബറൽ നയങ്ങളും തമ്മിലുള്ള ബന്ധമെന്തെന്നും മുതലാളിത്തത്തിൻ്റെ വക്താക്കൾ എല്ലായ്പ്പോഴും മൂടി വയ്ക്കാറാണുള്ളത്. ആഗോളീകരണമെന്നാൽ സാമ്രാജ്യത്വ ആഗോളീകരണം എന്നാണർത്ഥം. അതായത് ധനമൂലധനത്തിൻ്റെ ആഗോളീകരണമാണ് അത്. ലോകമെങ്ങും മുതലാളിത്ത രാഷ്ട്രങ്ങൾ പിന്തുടരുന്ന നവലിബറൽ നയങ്ങൾ ആത്യന്തികമായും ധനമൂലധന താല്പര്യങ്ങളെയാണ് പിന്തുടരുന്നത്. 2008 ലേത് അടക്കം മുതലാളിത്ത പ്രതിസന്ധികളുടെ കാലഘട്ടത്തിലും 'ധനമൂലധന ഭീമന്മാരെ' സഹായിക്കാൻ ഭരണകൂടങ്ങൾ പാഞ്ഞെത്തുന്നു. താൽക്കാലികമായി ഇവർ രക്ഷപ്പെട്ടാലും ദേശരാഷ്ട്രങ്ങൾക്ക് അവർ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മുറിച്ചു കടക്കാനാവില്ല.


നവലിബറൽ നയങ്ങളുപേക്ഷിച്ച്, ദേശസാൽക്കരണത്തിൻ്റെ പാത ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ, ധനമൂലധന ശക്തികളെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കെട്ടഴിച്ചു വിട്ടുകൊണ്ട് ഇത്തരം പ്രതിസന്ധികളെ മറി കടക്കാനാവില്ല; അവയുടെ തിക്തഫലങ്ങളെ ചെറുക്കാനുമാവില്ല. ദേശീയ താല്പര്യങ്ങൾ ഉയർത്തിപ്പിടച്ചു കൊണ്ടുള്ള ഇടതുപക്ഷ ബദൽ നയങ്ങൾക്കു മാത്രമേ ഇത്തരം പ്രതിസന്ധികളേയും അവയ്ക്കു നിദാനമായ സാമ്രാജ്യത്വ ആഗോളവൽക്കരണ നയനടത്തിപ്പിനേയും ചെറുത്തു തോല്പിക്കാനാവുകയുള്ളു. 


ഇതിൻ്റെ സാമൂഹ്യ ഭൗതിക ശക്തി പ്രദാനം ചെയ്തു കൊണ്ട് നമ്മുടെ രാജ്യത്തും സമാന സ്വഭാവങ്ങളുള്ള ഇതര പിന്നണി രാജ്യങ്ങളിലും ആഗോള പ്രതിസന്ധിയുടെ ഇന്നത്തെ ഘട്ടത്തിൽ പുതിയ മാറ്റത്തിൻ്റെ ശംഖൊലി നാദം കേട്ടുതുടങ്ങിയിട്ടുണ്ട്. തൊഴിലാളി കർഷക ഐക്യം ശക്തിപ്പെടുത്താനുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങൾ രൂപം കൊണ്ടുവരുന്നു എന്നതാണത്. 


റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം വ്യത്യസ്തമായി കൊളോണിയൽ വിരുദ്ധ സമരകാലത്തുടനീളം സ്വാതന്ത്ര്യസമരത്തിൽ വ്യത്യസ്ത ധാരകൾ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ നേതൃത്വം ബൂർഷ്വാസിക്കായിരുന്നു. വൻകിട ഭൂവുടമകൾ മുതൽ ചെറുകിട സ്വത്തുടമസ്ഥരുടേയും കൃഷിക്കാരുടേയും പിന്തുണ ബൂർഷ്വാസി നേടിയെടുത്തിരുന്നു.


എന്നാൽ, സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികം പിന്നിട്ടിട്ടും ഭരണവർഗ്ഗ നയങ്ങൾ മൂലം ഉണ്ടായിട്ടുള്ള  രൂക്ഷമായ പ്രതിസന്ധി തുടരുകയാണ്. ഇതേറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ കർഷക തൊഴിലാളി വിഭാഗത്തേയാണ്. 


1990-91 കാലത്ത്  സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനേറ്റ ശക്തമായ തിരിച്ചടിയും 1991 ൽ നരസിംഹറാവുവിൻ്റെ കാലത്താരംഭിച്ച നിയോലിബറൽ നയങ്ങളും 1992 ൽ സംഘപരിവാർ ശക്തികൾ ബാബറി മസ്ജിദ് തകർത്തതും ഇന്ത്യയുടെ മതനിരപേക്ഷ ചട്ടക്കൂടിന് ആഴത്തിലുണ്ടായ വിള്ളലുകളുണ്ടാക്കി. 


പിന്നീട് അധികാരത്തിലെത്തിയ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ  നിയോലിബറൽ നയങ്ങൾ തീവ്രതരമാക്കി.  മാത്രമല്ല, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവയെയെല്ലാം കാറ്റിൽ പറത്തി. ഇന്ന് ഹിന്ദുത്വ ഫാഷിസം മതരാഷ്ട്രവാദത്തിൻ്റെ രൂപത്തിലാണ് വന്നിരിക്കുന്നത്. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിനും കർഷകർക്കും ഇടതുപക്ഷ ശക്തികൾക്കും ഒന്നാം യു പി എ സർക്കാരിൻ്റെ കാലം വരെ നിയോലിബറൽ നയങ്ങളെ ഒരു വലിയ പരിധിവരെ ചെറുത്തു നിൽക്കാനായി. എന്നാൽ ഫാഷിസ്റ്റ് ശക്തികളുടെ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക നയങ്ങൾ പുതിയ രൂപ-ഭാവങ്ങൾ കൈവരിച്ചു.


ഇന്ത്യൻ കുത്തക ബൂർഷ്വാ വർഗ്ഗത്തിലെ രണ്ടു മൂന്ന് പ്രധാനികൾ സാർവ്വദേശീയ ധനമൂലധനത്തിൻ്റെ പ്രധാന കണ്ണികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഊഹക്കച്ചവട മേഖല കീഴടക്കിക്കൊണ്ടു തന്നെ മാനുഫാക്ചറിഗ് രംഗത്തും (വ്യാവസായിക ചരക്കുകളുടെ ഉത്പാദനത്തിൻ്റെ രംഗത്തും) അവർ മുഖ്യ ശക്തികളായി. തുറമുഖം, വിമാനത്താവളം, ഖനികൾ, ഇൻഫ്രാസ്ട്രക്ചർ മേഖലകൾ ഇവർ പൂർണ്ണമായി കൈയടക്കിക്കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള 'നീതി ആയോഗ്' നിർദ്ദേശങ്ങളുടെ ലംഘനത്തിലൂടെയാണ് അദാനിയും അംബാനിയും മറ്റും ഇതെല്ലാം സാധിച്ചെടുക്കുന്നത്. ധനമൂലധനവും ഭരണകൂടവും ഒന്നിക്കുന്നതിൻ്റെ ഫാഷിസ്റ്റ് ലക്ഷണങ്ങളുടെ ദൃഷ്ടാന്തമാണിത്. 


ഇന്ത്യൻ കുത്തക മുതലാളിത്തത്തിൻ്റെ  വർഗ്ഗസ്വഭാവത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ചില ബൂർഷ്വാ പാർട്ടികളും സാമ്പത്തിക ശാസ്ജ്ഞന്മാരും മറ്റും ‘ചങ്ങാത്ത മുതലാളിത്ത’മെന്ന് (ക്രോണി ക്യാപ്പിറ്റലിസം)  വിശേഷിപ്പിക്കുന്നുണ്ട്. 

എന്നാൽ, ഫിനാൻസ് മൂലധനത്തിൻ്റെ മുഖ്യ കണ്ണിയായി വർത്തിച്ചുകൊണ്ട് മാനുഫാക്ചറിംഗ് രംഗവും (വ്യാവസായിക ചരക്കുകളുടെ ഉത്പാദനത്തിൻ്റെ രംഗവും) ഊഹക്കച്ചവട മേഖലയുമടക്കം മൊത്തം കയ്യടക്കി വയ്ക്കുന്ന - ലെനിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഒലിഗാർക്കിക്ക് ബൂർഷ്വാസിയായി (കുത്തക ബൂർഷ്വാസികൾക്കിടയിലെ തന്നെ ഏറ്റവും വലിയ ദുഷ്പ്രഭു വിഭാഗമായി ) ഇവർ മാറിക്കഴിഞ്ഞിരിക്കുന്നു.


അതുകൊണ്ടു തന്നെ ഈ ഘട്ടത്തിൽ, ദേശവിരുദ്ധവും ജനവിരുദ്ധവുമായ സാമ്രാജ്യത്വ ആഗോളീകരണത്തിനും വർഗ്ഗീയ ഫാഷിസത്തിനുമെതിരെ വിശാല ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നയം. ഇതിൻ്റെ ഭാഗമായാണ് ‘ഇടതുപക്ഷ ഐക്യം - ഇടതുപക്ഷ ബദൽ’ എന്ന കാതലായ മുദ്രാവാക്യം ഇന്ന് ഞങ്ങളടക്കമുള്ള ഇടതുപക്ഷ ശക്തികളുയർത്തുന്ന. അതേ സമയം, ഇന്ന് രാജ്യത്തിൻ്റെ നിലനില്പിനാധാരമായ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവയെയെല്ലാം തൂത്തെറിഞ്ഞു കൊണ്ട് രാജ്യത്തെ ഒരു മതരാഷ്ട്രമാക്കാൻ വർഗ്ഗീയ ഫാസിസ്റ്റുകൾ തീവ്രതരമായി ശ്രമിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. 


വിശാല ഇടതുപക്ഷ ഐക്യത്തോടൊപ്പം രാജ്യത്തെ ജനാധിപത്യ - പുരോഗമന - മതനിരപേക്ഷ ശക്തികളെയും കൂടി നാമിന്ന് ഐക്യപ്പെടുത്തേണ്ടതുണ്ട്. അതായത്, ‘ഇടതുപക്ഷ ഐക്യം - ഇടതുപക്ഷ ബദൽ’ എന്നതിനോടൊപ്പം ‘ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി’ എന്നതു കൂടി അവിഭാജ്യമായി ഇണക്കിച്ചേർക്കേണ്ടതുണ്ട്.


ഇവ രണ്ടും പാരസ്പര്യത്തോടെ മാത്രമേ പ്രയോഗക്ഷമമാവൂ എന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യം നാം തിരച്ചറിയേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി,ഇടതുപക്ഷ ശക്തികളുടെ ഐക്യത്തോടൊപ്പം

രാജ്യത്ത് ഐക്യപ്പെടുത്താനാവുന്ന പ്രതിപക്ഷ ശക്തികളെയെല്ലാം ഉൾപ്പെടെ ഐക്യപ്പെടുത്തിക്കൊണ്ട് ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ വോട്ടുകളെ പരമാവധി ഏകീകരിക്കുകയും വർഗ്ഗീയ ഫാഷിസ്റ്റ് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അടിയന്തിര കടമയാണ്.



സാമ്രാജ്യത്വ ധനമൂലധന ശക്തികൾക്ക് ദുർബ്ബല രാഷ്ട്രങ്ങളിലെ സർക്കാരുകളെ മറിച്ചിടാനുള്ള ശക്തി കൂടി ലഭിക്കുന്നത് ഇന്നത്തെ ആഗോളീകരണവും അത് രാഷ്ട്രസമൂഹത്തിലേക്ക് തുളച്ചുകയറി രാജ്യങ്ങളുടെ അഭ്യന്തര രാഷ്ട്രീയ സമ്പദ്ഘടനയിൽ ഉദ്ഗ്രഥിക്കുന്ന ഒരു അധിനിവേശ പ്രക്രിയ നടക്കുന്നതുമൂലമാണ്. 


ഇതു വഴി, തങ്ങളോടൊപ്പം നിന്നില്ലെങ്കിൽ ദുർബ്ബല രാജ്യങ്ങളെ, അവിടങ്ങളിലെ ഗവണ്മെൻ്റുകളെ, തകർക്കാനും തങ്ങളുടെ പാവ സർക്കാരുകളെ കൊണ്ടുവരാനും ധനമൂലധന ശക്തികൾക്കാവുന്നു.


ദശലക്ഷക്കണക്കിന് കർഷകരുടെ ഐതിഹാസിക സമരത്തെ തകർക്കാൻ ബി. ജെ. പി സർക്കാർ നടത്തിയ ശ്രമങ്ങളെ കർഷകർ ചെറുത്തു തോല്പിച്ചു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന സമരത്തെത്തുടർന്ന് സർക്കാരിന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടതായി വന്നു. ശക്തമായ പ്രതിപക്ഷത്തിൻ്റെ അഭാവത്തിൽ കർഷകസമരം പരാജയപ്പെടുമെന്ന സർക്കാരിൻ്റെ പ്രതീക്ഷയെ സമരം തകർത്തു കളഞ്ഞു. വ്യവസായമടക്കമുള്ള മേഖലകൾ കോർപ്പറേറ്റ് വൽക്കരിക്കുന്നതിൽ ഗണ്യമായ വിജയം നേടിയ സർക്കാരിൻ്റെ കാർഷിക മേഖലയെ കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നേരിട്ടു. ഇന്ത്യാ ചരിത്രത്തിൽ നാളിതുവരെ ദേശീയതലത്തിൽ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകാനായത് മുതലാളിത്ത വർഗ്ഗത്തിനായിരുന്നുവെങ്കിൽ 2020-21 ലെ കർഷക സമരത്തിന് നേതൃത്വം നൽകിയത് അഞ്ഞൂറിലേറെ വരുന്ന കർഷക സംഘടനകളുടെ മഹാകൂട്ടായ്മയായിരുന്നു. അവരുടെ സമര വേദികളിൽ തൊഴിലാളി സംഘടനാ നേതാക്കളെ മാത്രമാണ് അവർ പങ്കെടുക്കാൻ അനുവദിച്ചത്. കർഷകർ ഉയർത്തിയതും ഇപ്പോഴും ഉയർത്തുന്നതുമായ മുദ്രാവാക്യങ്ങളെല്ലാം തന്നെ കേന്ദ്രസർക്കാരിൻ്റെ നിയോലിബറൽ നയങ്ങൾക്കെതിരെ തന്നെയാണ്.


1) എല്ലാ വിളകൾക്കും താങ്ങുവില ഏർപ്പെടുത്തുക.


2) അതിന് നിയമപരിരക്ഷ നൽകുക.


3) ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷികമേഖലക്ക് നിശ്ചിത വേതനം ഉറപ്പാക്കുക.


4) ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് കമ്പോള സുരക്ഷ ഉറപ്പാക്കുന്നതിനായി ആഗ്രോ - ഇൻ്റസ്ട്രി സംയോജനമുണ്ടാക്കുക.


5 ) സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക 


എന്നീ ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുഖ്യമായും മുന്നോട്ടു വെക്കുന്നത്.


എം എസ് പി യുടെ അർത്ഥം സർക്കാർ കർഷകൻ്റെ മുഴുവൻ വിളകളും നേരിട്ട് സംഭരിക്കണമെന്നല്ല - സ്വകാര്യ സംരംഭകർ വിളകൾ സംഭരിക്കുമ്പോൾ - കർഷകരെ കൊള്ള ചെയ്യാതെ മിനിമം താങ്ങുവില കൊടുക്കണമെന്നാണ് കർഷർ ആവശ്യപ്പെടുന്നത്. കർഷക സമരത്തിൻ്റെ ഒത്തുതീർപ്പിൽ മോദി സർക്കാർ ഗാരൻ്റി നൽകിയ എം എസ് പി യുടെ നിയമപരമായ പരിരക്ഷയടക്കം നടപ്പിലാക്കാൻ സർക്കാർ തയ്യാറല്ലെന്ന് പറഞ്ഞിരിക്കുന്നു. മോദിയുടെ എല്ലാ ഗ്യാരൻ്റിയും പോലെ ഇതും വഞ്ചനയാണ്.


സാമ്രാജ്യത്വ രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് കാർഷിക മേഖലയിലും, മത്സ്യമേഖലയിലും സബ്സിഡികൾ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്. ഇത് കോടാനു കോടി കർഷകരുടേയും പരമ്പരാഗത മത്സ്യതൊഴിലാളികളുടേയും ദുരിതപൂർണ്ണമായ ജീവിതത്തെ സർവ്വനാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇന്ത്യയടക്കമുള്ള നൂറോളം പിന്നാക്ക രാജ്യങ്ങളും പൊതുമേഖലയിൽ നിന്നും സബ്സിഡിയോടെ താങ്ങുവില നൽകി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും പൊതുവിതരണ സമ്പ്രദായം വഴി ജനങ്ങളിലെത്തിക്കുകയുമാണ് ചെയ്യുന്നത്. ഇത് WTO അടക്കം സാർവ്വദേശീയ കരാറുകളുടെ ലംഘനമാണെന്നും ആഗോള വാണിജ്യത്തെ തകർക്കുമെന്നുമാണ് സാമ്രാജ്യത്വ ശക്തികൾ വാദിക്കുന്നത്. അതുകൊണ്ടു തന്നെ അവർ ഇതിനെ മുച്ചൂടും എതിർക്കുകയാണ്. കഴിഞ്ഞ കർഷക സമരക്കാലത്ത് അംബാനി  അദാനിമാരുടെ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യമാണ് കർഷക സംഘടനകൾ മുന്നോട്ടു വച്ചതെങ്കിൽ, ഇന്നവർ WTO യിൽ നിന്ന് പുറത്ത് വരണമെന്ന കൃത്യമായ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയ മുദ്രാവക്യം ഉയർത്തിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം മുദ്രാവാക്യങ്ങളുയർത്താൻ എത്ര ഇടതുപക്ഷ, ജനാധിപത്യ സംഘടനകൾക്കായി എന്നുള്ളതിനെക്കുറിച്ച് ഇന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. 


ഗാട്ട് കരാർ ഒപ്പു വക്കുകയും WTO യുടെ രൂപീകരണം പ്രഖ്യാപിക്കുകയും ചെയ്ത 1994 ഏപ്രിൽ 15 ന് CPI (ML) റെഡ് ഫ്ലാഗ് അഖിലേന്ത്യ തലത്തിൽ പ്രതിഷേധ ദിനമാചരിച്ചു. കേരളത്തിൽ പാർട്ടി ആഹ്വാനം ചെയ്ത ബന്ദ് സമ്പൂർണ്ണമായിരുന്നു. 1980 കൾ മുതൽ തന്നെ റെഡ് ഫ്ലാഗും യുവജന സംഘടനയായ യുവജനവേദിയും ബഹുരാഷ്ട്രകുത്തകകൾക്കെതിരെ ഐതിഹാസികമായ സമരങ്ങൾ നടത്തിയിരുന്നു. ഗാട്ട് കരാറിന് ശേഷം അതിൻ്റെ അദ്ധ്യക്ഷനായ ആർതർ ഡങ്കലിനെ മുംബൈയിൽ കാലു കുത്താൻ അനുവദിക്കാതിരുന്നത് ഈ പ്രക്ഷോഭങ്ങളുടെ . ആണ്. WTO യിൽ നിന്ന് പുറത്തു വരിക എന്ന മുദ്രാവാക്യം ആ കാലം മുതൽക്ക് റെഡ് ഫ്ലാഗ് പ്രചരിപ്പിച്ചു വരികയാണ്. കൃഷിയെ കോർപ്പറേറ്റ് വല്ക്കരിക്കുക എന്ന കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ ഉല്പാദന സഹകരണ സംഘങ്ങൾ എന്ന ബദൽ റെഡ് ഫ്ലാഗ് മുന്നോട്ടു വെക്കുകയുണ്ടായി. ഇപ്പോൾ ഇതിനു സമാനമായ മുദ്രാവാക്യമാണ് സംയുകത കിസാൻ മോർച്ച സ്വീകരിച്ചിരിക്കുന്നത്. 


രാജ്യത്തിൻ്റെ വിപ്ലവ സാമൂഹ്യമാറ്റത്തിൻ്റെ മുഖ്യ നേതൃത്വ ശക്തി ആധുനിക തൊഴിലാളിവർഗ്ഗമാണ്. സാമ്രാജ്യത്വ ആഗോളീകരണ നയങ്ങൾക്കെതിരെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നടന്ന എണ്ണമറ്റ തൊഴിലാളി പ്രക്ഷോഭങ്ങളിലൂടേയും ഇരുപതിലേറെ അഖിലേന്ത്യാ പൊതു പണിമുടക്കുകളിലൂടേയും ഇത് ആവർത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. തൊഴിലാളി വർഗ്ഗത്തിൻ്റെ വിശാലമായ ഐക്യമില്ലാതെ രാജ്യത്ത് തൊഴിലാളി -കർഷക ഐക്യം സ്ഥാപിക്കാനാവില്ല. സാമൂഹ്യമാറ്റത്തിൻ്റെ ചാലകശക്തിയായി വർത്തിക്കുന്നത് ഈ ഐക്യം തന്നെയാണ്. ഇതിൻ്റെ അടിത്തറയിൽ നിന്നുകൊണ്ടു മാത്രമേ സാമ്രാജ്യത്വ ആഗോളീകരണത്തിനും വർഗ്ഗീയ ഫാസിസത്തിനുമെതിരായ സമരത്തെ ലക്ഷ്യത്തിലെത്തിക്കാനാവൂ.


മേൽ സൂചിപ്പിച്ച കാര്യങ്ങളിൽ കൃത്യമായ നിലപാടുകൾ അംഗീകരിച്ചു കൊണ്ട് മാത്രമേ കർഷക സമരത്തെ നയിക്കാനും തൊഴിലാളി കർഷക ഐക്യം കെട്ടിപ്പടുക്കാനും കഴിയൂ. അതിലൂടെ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ടു നയിക്കാനും മൂലധന ശക്തികൾ പിന്താങ്ങുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനും സാധിക്കുകയുള്ളു. അതിനായി നമുക്ക് അണി ചേരാം.


സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഉരുകിത്തിളച്ചാണ് ഇന്ത്യ എന്ന ആശയം ഉരുത്തിരിഞ്ഞത്. സ്വാതന്ത്ര്യത്തിനു ശേഷം ഒരു സ്വതന്ത്ര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കായി ഇന്ത്യ രൂപാന്തരം പ്രാപിക്കുന്നത്; ഈ പ്രക്ഷോഭങ്ങളിലൂടെ ഉയർന്നു വന്ന മൂല്യങ്ങളിലൂടെയാണ്. ഇത് ഇന്ത്യൻ ഭരണഘടനയിലും പ്രതിഫലിച്ചു. ഇതെല്ലാം അട്ടിമറിച്ച് മതരാഷ്ട്ര രൂപീകരണത്തിനുള്ള ചുവടു വയ്പാണ് നടക്കുന്നത്.  ഇ.ഡി യും സി ബി ഐ യും പോലുള്ള അന്വേഷണ ഏജൻസികൾ 'പോലീസ് മോർച്ചകളാ'യി മാറിക്കഴിഞ്ഞു. പ്രതിപക്ഷനേതാക്കളെ ബി.ജെ.പി. പാളയത്തിലെത്തിക്കുന്ന മുഖ്യ ഉപകരണങ്ങളാണിവ. ജുഡീഷ്യൽ കോടതികൾ ഭരണകൂട കോടതികളായി മാറുന്നതിൻ്റെ ലക്ഷണങ്ങളാണ് പല വിധിപ്രസ്താവങ്ങളിലും കാണാനാവുന്നത്. ഇന്ത്യൻ ഫെഡറൽ ഘടനയെ തന്നെ തകർത്ത് ഒരു യൂണിറ്ററി സ്റ്റേറ്റ് ആക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് മോദി സർക്കാർ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണ്ണർമാരെ ഉപയോഗിച്ചു കൊണ്ടു നടത്തുന്ന നീക്കങ്ങളും കേരളവും തമിഴ്നാടും ബംഗാളുമടക്കമുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും ഇതിൻ്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ 2024 ലെ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്നതു പോലെ ഇന്ത്യ ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി നില നിൽക്കണമെന്ന്  ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജാഗ്രതയോടു കൂടി  സമ്മതിദാന അവകാശം വിനിയോഗിക്കേണ്ട സന്ദർഭമാണിത്. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മുഴുവൻ ഇടതുപക്ഷ, ജനാധിപത്യ, മതേതര ശക്തികളും ഒന്നിച്ച് അണിനിരക്കേണ്ട ചരിത്ര മുഹൂർത്തമാണിത്.