"മതനിരാസ വിമർശത്തിന്റെ അടിത്തറയെന്തെന്നാൽ അതിപ്രകാരമാണ് :-
മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്; മതം മനുഷ്യനെയല്ല. സ്വയം നേടിയെടുക്കപ്പെടാത്ത , അല്ലെങ്കിൽ, ഇതിനോടകം വീണ്ടും സ്വയം നഷ്ടപ്പെട്ട, മനുഷ്യന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം.
പക്ഷേ, ലോകബാഹ്യമായി ചമ്രംപടിഞ്ഞിരിക്കുന്ന അമൂർത്തനല്ല മനുഷ്യൻ.
ഭരണകൂടവും സമൂഹവുമുൾപ്പെടെ മനുഷ്യന്റെ ലോകമാകെയുൾപ്പെടുന്നതാണ് മനുഷ്യൻ.
ഈ ഭരണകൂടവും സമൂഹവും
മതത്തെ , ലോകത്തിന്റെ തലകീഴായ അവബോധത്തെ, (കാരണം ആ ലോകം തലകീഴാണ്) സൃഷ്ടിക്കുന്നു. ഈ ലോകത്തിന്റെ പൊതു സിദ്ധാന്തമാണ് മതം,
അതിന്റെ സർവ്വ വിജ്ഞാന സംകിഷിപ്തം,
അതിന്റെ ജനപ്രചാര രൂപത്തിലുള്ള യുക്തി,
അതിന്റെ ആത്മീയ താത്വിക ദൃഷ്ടാന്തം,
അതിന്റെ ഉന്മേഷം, അതിന്റെ സദാചാര മാനദണ്ഡം, അതിന്റെ പാവന സ്തുതി, അതിന്റെ സാന്ത്വനത്തിന്റേയും നീതീകരണത്തിന്റേയും പൊതു അടിത്തറ.
മാനവ സത്ത അതിന്റെ ഉണ്മയാർന്ന സാക്ഷാത്ക്കാരം നേടാത്തതിനാൽ , മതം മാനവ സത്ത യുടെ ഭ്രമാത്മക സാക്ഷാത്ക്കാരമാകുന്നു.
ആയതിനാൽ , മതത്തിനെതിരായ സമരം അത് ഏതൊരു ലോകത്തിന്റെ ആത്മീയ സൗരഭ്യമാകുന്നുവോ ആ ലോകത്തിനെതിരായ പരോക്ഷ സമരമാകുന്നു.
മത സഹനം ഒരേ സമയം യഥാർത്ഥ പീഢകളുടെ പ്രകാശനവും യഥാർത്ഥ പീഢകളോടുള്ള പ്രതിഷേധവുമാണ്. മതം മർദ്ദിതന്റെ നെടുവീർപ്പാണ്, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്, ആത്മാവില്ലാത്ത പരിതസ്ഥിതികളുടെ ആത്മാവാണ്. അത് ജനങ്ങളുടെ കറുപ്പാണ്.
ജനങ്ങളുടെ മായികാസു:ഖമായ മതത്തിന്റെ നിവാരണമെന്നാൽ ജനങ്ങളുടെ യഥാർത്ഥ സൗഖ്യത്തിന്നായുള്ള ആവശ്യമുയർത്തുക എന്നതാണർത്ഥം. ജനങ്ങളോട് അവരുടെ അവസ്ഥകളെപ്പറ്റിയുള്ള മായകളുപേക്ഷിക്കാനാഹ്വാനം ചെയ്യുക എന്നത് അത്തരം മായകളാവശ്യമാക്കുന്ന അവസ്ഥകളെ ഇല്ലായ്മചെയ്യാനാഹ്വാനം ചെയ്യുക എന്നതാണ്.
ആകയാൽ , ഏതൊരു കണ്ണീരിന്റെ താഴ് വര യുടെ പ്രകാശവലയമാണോ മതം ആ കണ്ണീരിന്റെ താഴ് വരയുടെ വിമർശത്തിന്റെ ഭ്രൂണരൂപമാണ് മത വിമർശം.
(മനുഷ്യനെ വരിഞ്ഞിരിക്കുന്ന) ചങ്ങലയിലെ സാങ്കല്പിക പുഷ്പങ്ങളെ (മത)വിമർശം പറിച്ചെടുക്കുന്നത് ഭ്രമാത്മകതയോ സാന്ത്വനമോ കൂടാതെ ത്തന്നെ മനുഷ്യൻ ആ ചങ്ങല തുടർന്നും പേറിനടക്കാൻ വേണ്ടിയല്ല മറിച്ച്, മനുഷ്യൻ ആ ചങ്ങലക്കെട്ട് വലിച്ചെറിയുകയും യഥാർത്ഥ ജീവനുള്ള പുഷ്പം പറിച്ചെടുക്കുകയും ചെയ്യാൻ വേണ്ടിയാണ്. (മത) വിമർശം മനുഷ്യന്റെ ഭ്രമാത്മകത ഇല്ലായ്മ ചെയ്യുന്നത് , വിഭ്രാന്തികളുപേക്ഷിച്ച് ഒരുവൻ അയാളുടെ സ്വബോധം വീണ്ടെടുക്കുന്നതുപോലെ , മനുഷ്യൻ ചിന്തിക്കുകയും പ്രവർത്തിക്കുകയും അവന്റെ യാഥാർത്ഥ്യം എടുത്തണിയുകയും ചെയ്യാൻ വേണ്ടിയാണ്; തന്മൂലം മനുഷ്യൻ അവന്റെ തന്നെ ചുറ്റും അവന്റെ സ്വന്തം സുര്യനെപ്പോലെ ഭ്രമണം ചെയ്യാൻ വേണ്ടിയാണ്. മനുഷ്യൻ അവന്റെതന്നെ ചുറ്റും (സൂര്യനായി) ഭ്രമണം ചെയ്യാത്തിടത്തോളം കാലം മതം മാത്രമാണ് അവനു ചുറ്റും ഭ്രമണം ചെയ്യുന്ന മായികാ സൂര്യൻ.
ആയതിനാൽ, സത്യത്തിന്റെ മറു ലോകം പോയ്മറഞ്ഞിരിക്കേ, ഇഹലോകത്തിന്റെ സത്യം സംസ്ഥാപിക്കുക എന്നതാണ് ചരിത്രത്തിന്റെ പണി(കടമ). ചരിത്രത്തെ സേവിക്കുന്ന തത്വചിന്ത യുടെ അടിയന്തിര പണി (കടമ), മനുഷ്യന്റെ ആത്മാന്യവല്ക്കരണത്തിന്റെ വിശുദ്ധ രൂപത്തിന്റെ പൊയ്മുഖം നീക്കപ്പെട്ടിരിക്കേ ആത്മാന്യവല്ക്കരണത്തിന്റെ അവിശുദ്ധ രൂപങ്ങളെ അനാവരണം ചെയ്യുക എന്നതാണ് . അങ്ങനെ, സ്വർഗ്ഗത്തിന്റെ വിമർശം ഭൂമിയുടെ വിമർശമായി മാറുന്നു, മത വിമർശം നിയമത്തിനുമേലുള്ള വിമർശമായി മാറുന്നു, മതശാസ്ത്രത്തിന്മേലുള്ള വിമർശം രാഷ്ട്രീയ വിമർശമായി മാറുന്നു."
പരിഭാഷ-ഫ്രെഡി.കെ താഴത്ത്