മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്)
കേന്ദ്ര കമ്മിറ്റി. കൊച്ചി, 2024 ഫെബ്രുവരി 2
2024-25 ലെ ഇടക്കാല ബജറ്റ്: ദേശീയ ദുരന്തത്തിലേക്കു നയിക്കുന്ന നവ ലിബറൽ സാമ്പത്തിക പ്രമാണം
2024-25 ലേക്കുള്ള ഇടക്കാല യൂണിയൻ ബജറ്റ് സുസ്ഥിര വളർച്ചയെ സംബന്ധിച്ച പൊങ്ങച്ചം നിറഞ്ഞതും അടിസ്ഥാനരഹിതവുമായ അവകാശവാദങ്ങൾ കൊണ്ടു നിറഞ്ഞ ഒന്നാണ്. നവലിബറലിസത്തിൻ്റേയും നിയോക്ലാസ്സിക്കൽ പാചക വിധി പ്രകാരമുള്ള സാമ്പത്തിക പാചകത്തിൻ്റേയും പഴയ പടിയുള്ള തുടർച്ചയല്ലാതെ മറ്റൊന്നും അതിൽ പ്രതിഫലിക്കുന്നില്ല.
തൊഴിലാളിവർഗ്ഗത്തേയും പ്രത്യേകിച്ച് കർഷകരേയും പൊതുവിൽ പറഞ്ഞാൽ ദരിദ്ര ജനസാമാന്യത്തിൻ്റെ മഹാഭൂരിപക്ഷത്തേയും അത് ധിക്കാരപൂർവ്വം കൈയൊഴിയുന്നു. സാർവ്വദേശീയ ധനമൂലധനവും (International Finance Capital - IFC) അതുമായി ബന്ധപ്പെടുന്ന കുത്തക മൂലധനവും ഉൾപ്പെട്ട സഖ്യത്തെ സേവിക്കുന്ന, സാർവ്വദേശീയ ധനമൂലധനത്തിൻ്റെ മുഖ്യകണ്ണിയായി വർത്തിക്കുന്ന കുത്തക മൂലധന കോർപ്പറേറ്റുകളിലെ ഭീമൻ ദുഷ്പ്രഭുക്കളോട് സവിശേഷ വിധേയത്വം പ്രകടിപ്പിക്കുന്ന, ഒന്നാണ് ഈ ബജറ്റ്.
തൊഴിൽസേനയെ സംബന്ധിച്ച കാലിക സർവ്വേയും (Periodic Labour Force Survey - PLFS) സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ (State of Working India) യും നൽകുന്ന കണക്കുകൾ പ്രകാരം 15 വയസ്സിനും 29 വയസ്സിനും ഇടക്കു പ്രായമുള്ള യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ ഇരട്ട സംഖ്യയിലെത്തിയിരിക്കുന്നു - 10%. അതിൻ്റെ ഉള്ളടക്കം കുറേക്കൂടി അശുഭകരമാണ് - നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ 13.8%, ഗ്രാമപ്രദേശങ്ങളിൽ 8.3%. 25 വയസ്സിൽ കുറഞ്ഞ പ്രായമുള്ള ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ 42.3 ശതമാനമാണ്; 30-34 വയസ്സുകാർക്കിടയിൽ 9.8 ശതമാനവും. കാർഷിക മേഖല നേരിടുന്ന ദുരവസ്ഥ രൂക്ഷമാവുകയും നിർവ്യവസായീകരണം (de-industrialisation) ശക്തിപ്പെടുകയും ചെയ്തതോടെ യുവജനങ്ങളെ സംബന്ധിച്ചേടത്തോളം നഗരങ്ങളിലേക്കുള്ള പലായനം പ്രതീക്ഷയില്ലായ്മയിലേക്കുള്ള പ്രയാണമായി മാറിയിരിക്കുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ വർദ്ധിച്ചതിനെ തുടർന്ന് തൊഴിലില്ലാ സേനയുടെ അംഗസംഖ്യ പെരുകിയതു മൂലം ജീവന-വേതനത്തിനു വേണ്ടിയുള്ള തൊഴിലാളി വർഗ്ഗത്തിൻ്റെ വിലപേശൽ ശക്തി ദുർബ്ബലമായി. യഥാർത്ഥ വേതനത്തിൽ (real wages) ഉണ്ടായ ഇടിവ് വാങ്ങൽ ശേഷിയെ ക്ഷയിപ്പിക്കുകയും അത് വിപണിയിലെ ഡിമാൻ്റ് കുറയാൻ കാരണമാവുകയും ചെയ്യുന്നു. സ്ത്രീ തൊഴിലാളികളുടെ വരുമാനവും തൊഴിൽ സേനയിൽ അവർക്കുള്ള പങ്കാളിത്തവും ഇപ്പോഴും പരിതാപകരമായി തുടരുന്നു. PLFS കണക്കു പ്രകാരം പുരുഷന്മാരുടെ വരുമാനം സ്ത്രീകളുടെ വരുമാനത്തേക്കാൾ വളരെ വലുതാണ്. കാഷ്വൽ ജോലികളിൽ അത് 48 %വും റെഗുലർ ജോലികളിൽ 24 % വും കൂടുതലാണ്. നഗര പ്രദേശങ്ങളിൽ തൊഴിലാളികളുടെ എണ്ണവും മൊത്തം ജനസംഖ്യയും തമ്മിലുള്ള അനുപാതം പരിശോധിക്കുമ്പോൾ സ്ത്രീകൾ 21.9% മാണ് ; പുരുഷന്മാരാകട്ടെ 69.4% വും. തൊഴിൽ സേനയിലെ പങ്കാളിത്തത്തെപ്പറ്റിയുള്ള കണക്കുകൾ കാണിക്കുന്നത് നഗരങ്ങളിലെ സ്ത്രീ പങ്കാളിത്തം 24 % മാത്രമാണെന്നും പുരുഷന്മാരുടേത് 73.8% ആണെന്നുമാണ്. യഥാർത്ഥ വേതനം കഴിഞ്ഞ നാലു വർഷമായി മരവിപ്പിക്കപ്പെട്ട സ്ഥിതിയിലാണ്. കാർഷിക വൃത്തിയെ ആശ്രയിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്.
കർഷകരുടെ ആത്മഹത്യ ഓരോ വർഷവും പെരുകുകയാണ്.
10600 കർഷകരാണ് 2020 ൽ ജീവനൊടുക്കിയത്.
2021 ൽ ഇത് 10881ആയും 2022 ൽ 11290 ആയും പെരുകി. കാർഷിക നിവേശങ്ങളുടെ (inputs) വിലകൾ വർദ്ധിച്ചു; വിപണിയിലെ താങ്ങുവിലകൾ അപര്യാപ്തമോ, അലഭ്യമോ ആയി തുടരുന്നു; ഇറക്കുമതി നയം കർഷക വിരുദ്ധവുമാണ്. അതേ സമയം ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പണപ്പെരുപ്പം (Food inflation) 7.7% വരെയായി ഉയർന്നിരിക്കുന്നു. കാർഷിക നിവേശങ്ങളുടെ വില വർദ്ധനവും അപര്യാപ്തവും അസ്ഥിരവുമായ താങ്ങു വിലകളും പക്ഷപാതപരമായ ഇറക്കുമതി നയങ്ങളും മറ്റും ചേർന്ന് കാർഷിക രംഗത്തെ തകർച്ച തീവ്രമാക്കിയിരിക്കുന്നു. ഇന്ത്യൻ കാർഷിക മേഖലയുടെ മരണമണിയാണ് മുഴങ്ങിക്കേൾക്കുന്നത്.
ജിഡിപി (GDP) യും പ്രതിശീർഷവരുമാനവും തമ്മിലുള്ള താരതമ്യം കാണിക്കുന്നത് പ്രതിശീർഷവരുമാന വളർച്ചാനിരക്ക് ജിഡിപിയുടെ വളർച്ചാനിരക്കിൻ്റെ പകുതി മാത്രമായി പിന്നാലെ ഇഴയുകയാണ് എന്നാണ്. ജിഡിപി വളർച്ചയുടെ സങ്കീർത്തനങ്ങൾ എത്രയോ ഫലശൂന്യമാണെന്നാണ് ഇതു കാണിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ, യഥാർത്ഥ ചെലവുകളുടെ കാര്യം വരുമ്പോൾ, കഴിഞ്ഞ വർഷത്തെ കണക്കുകൾ കാണിക്കുന്നതു പോലെ, ബജറ്റിൽ നീക്കിവച്ച തുകകൾ പോലും പരിമിതപ്പെടുത്തിക്കൊണ്ട് ചെലവുകൾ ക്രൂരമായി വെട്ടിക്കുറക്കുന്ന മോഡി രാജിൻ്റെ ധനകാര്യ അച്ചടക്ക നയമാണ് കാണാനാവുന്നത്. ആരോഗ്യ മേഖലക്കു വേണ്ടി ഇപ്പോഴത്തെ ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് മൊത്തം ചെലവിൻ്റെ 1.8% വും വിദ്യാഭ്യാസത്തിൻ്റെ വിഹിതം 2.5% വും മാത്രമായിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാഷ്ട്രത്തിലെ 143.626 കോടി വരുന്ന ജനങ്ങളെ കാത്തിരിക്കുന്ന സാമൂഹ്യ ദുരന്തം എത്രത്തോളം ഭീകരമാണെന്ന് നമുക്കു കാണാം. ബി ജെ പി നയിക്കുന്ന സർക്കാരിൻ്റെ മിനിമം-സർക്കാർ നയം (minimum-government policy) സംസ്ഥാനങ്ങൾക്കു നൽകേണ്ട വിഹിതം വെട്ടിക്കുറച്ചപ്പോൾ അത് ഫെഡറലിസത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചു. ഭരണനിർവ്വഹണത്തിൻ്റെ മൂന്നാമത്തെ തലമായ പഞ്ചായത്തുകൾക്കു വേണ്ടി നീക്കി വച്ചിരിക്കുന്ന വിഹിതം ഏതാണ്ട് പൂജ്യം തന്നെയാക്കിക്കൊണ്ട് അതിനെ ശരിക്കും വധശിക്ഷക്കു തന്നെ വിധേയമാക്കിയിരിക്കുകയാണ്. ഈ ഭരണത്തിനു കീഴിൽ ഏറ്റവും മുകളിലുള്ള 10% ആളുകൾ ദേശീയ സമ്പത്തിൻ്റെ 60 % വും ദേശീയ വരുമാനത്തിൻ്റെ 57 % വും കൈപ്പിടിയിലാക്കിയിരിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങളെ സർവ്വനാശത്തിലേക്കു തള്ളിവിടുന്ന വിനാശകരമായ ഈ ആഖ്യാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കവർച്ചക്കു സമാനമായ തങ്ങളുടെ ദുഷ്പ്രഭുത്വ-കുത്തകാനുകൂല ദൗത്യത്തിൻ്റെ ആഘാതത്തെ മയപ്പെടുത്താനായി എന്തെങ്കിലും കപടാനുകൂല്യങ്ങൾ വച്ചു നീട്ടാൻ പോലും അവർ ശ്രമിക്കുന്നില്ല. മറിച്ച്, നവലിബറൽ നയങ്ങളോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതക്ക് അത് ഒട്ടും യോജിക്കില്ലെന്ന് അവർ കാണുന്നു. 2024-25 ലെ ഈ ഇടക്കാല ബജറ്റ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം, അതിനെതിരെ ഉയർത്തപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു മഹാദുരന്തത്തിലേക്കു, നവലിബറൽ പ്രമാണത്തിൻ്റെ തുടർച്ച മാത്രണ്.
ഇതിനെതിരായ പ്രതിഷേധത്തിൽ അണി നിരക്കാൻ തൊഴിലാളി വർഗ്ഗത്തോടും കർഷകരോടും അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗങ്ങളോടും ബഹുജനങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
(ഒപ്പ്)
എം.എസ്. ജയകുമാർ
ജനറൽ സെക്രട്ടറി.