CHARLES GEORGE:-കരിമണൽ, കടൽ മണൽ വില്പന : ബ്ലൂ എക്കോണമിയുടെ രഥ ചക്ര ഘോഷം മുഴങ്ങുന്നു


 




 

കടല്‍ മണല്‍ വില്പന : 
ബ്ലൂ ഇക്കോണമിയുടെ രഥചക്രഘോഷം മുഴങ്ങുന്നു.
- ചാള്‍സ് ജോര്‍ജ്ജ്
കേന്ദ്രസര്‍ക്കാരിന്‍റെ ബ്ലൂ ഇക്കോണമി നയത്തിന്‍റെ ഭാഗമായി കടല്‍ മേഖലയാകെ അളന്ന് വില്ക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഇതിലെ പ്രധാനപ്പെട്ട ഒരു ഘടകം കടലിലെ ഖനനമാണ്. ആഴക്കടലും, തീരക്കടലും ബ്ലോക്കുകളാക്കി തിരച്ച് സ്വകാര്യ കമ്പനിക്ക് നല്കികൊണ്ട് പരമാവധി ഖനനം നടത്തി ലാഭമുണ്ടാക്കനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി, ഇന്ന് നിലനില്ക്കുന്ന കടല്‍ മേഖലകളുടെ ധാതുക്കളുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച 2002-ലെ നിയമം ഭേദഗതി ചെയ്യാനുദ്ദേശിക്കുന്ന പുതിയ നയത്തിന്‍റെ നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.ഫെബ്രുവരി 9-ന് പ്രസിദ്ധീകരിച്ചിരിക്കുന്ന നോട്ടീസിന് സംസ്ഥാന സര്‍ക്കാരുകളും, ബന്ധപ്പെട്ടവരും മാര്‍ച്ച്11-നു മുമ്പ് മറുപടിനല്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കേരളത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച്    തൊഴിലാളിസംഘടനകളടക്കം പ്രതികരിക്കുകയും, ആലോചനാ യോഗങ്ങള്‍ ചേരുകയും ചെയ്തതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞതുതന്നെ. വൈകിയാണെങ്കിലും അവരും അവരുടെ പ്രതികരണം നല്കിയിട്ടുണ്ട്.
മോദി അദാനി ഭായി ഭായി
2019 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍, ധാതു മണല്‍ ഖനനത്തെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് ആ മേഖലയില്‍ നിന്നും സ്വകാര്യ സംരഭകരെ ഒഴിവാക്കുന്നതാണെന്ന നയപരമായ തീരുമാനം പ്രഖ്യാപിച്ചു. എന്നാല്‍ ആ വര്‍ഷം മെയ് 25-ന് ഈ തീരുമാനം മാറ്റിക്കൊണ്ടുള്ള നയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിനിടയില്‍ ഏപ്രല്‍ 14-നും ഏപ്രില്‍ 17-നും അദാനി ഗ്രൂപ്പ് അവരുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അലൂവിയല്‍ ഹെവിമിനറല്‍സ് ലിമിറ്റഡ്, ആന്ധ്രയിലും പുരി നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡ് ഒറീസ്സയിലും രൂപീകരിച്ചു, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാരിന്‍റെ നയം മാറ്റത്തിന്‍റെ കാരണവും അതുതന്നെ. 1975-ലെ മിനറല്‍സ് ആക്ട് അവര്‍ക്കുവേണ്ടി ഭേദഗതി ചെയ്യുകയായിരുന്നു. മോണോ സൈറ്റില്‍ നിന്നും ആണവോര്‍ജ്ജമുണ്ടാക്കുന്ന തോറിയമടക്കം ഉല്പാദിപ്പിക്കാനും, സംസ്കരിക്കാനുമുള്ള ഷെഡ്യൂള്‍ ബി അവകാശം കേന്ദ്രസര്‍ക്കാറില്‍ നിന്നും സ്വകാര്യ ശക്തികള്‍ക്ക് കൈമാറി. പുതിയ ഉത്തരവും ഇതിന്‍റെ തുടര്‍ച്ചയാണ്.

ആഴിയില്‍ മുങ്ങിത്തപ്പിയാദിത്യനനര്‍ഘമാ
മായിരം രത്നംവാരി വാനത്തിനായിട്ടേകി
നമ്മുടെ സമുദ്രം അനര്‍ഘരത്നങ്ങളുടെ ഒരു അമൂല്യ നിധിയാണെന്ന് പുരാണങ്ങള്‍ പറയുന്നു. ഇത് പഴയ കഥ. പുതിയ ബ്ലൂ ഇക്കോണമി രേഖകള്‍  പ്രകാരം ഇവിടെ നിന്നും ക്രൂഡ്ഓയിലും, നാച്ചുറല്‍ ഗ്യാസും, വിവിധയിനം മണലുകളും, ഖനലോഹങ്ങളും പോളിമെറ്റാലിറ്റ് നൊഡ്യൂളുകളുമടക്കം എണ്ണമറ്റ പുതിയ സമ്പത്തുകളും കൂടി ഖനനം ചെയ്തെടുക്കാം. ഇവയെ സംബന്ധിച്ച ഒരു പഠനം ഇന്ത്യയുടെ ജിയോളയിക്കല്‍ സര്‍വ്വെഓഫ് ഇന്ത്യയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും നടത്തിയിട്ടുണ്ട് ഇവലഭിക്കുന്ന സ്ഥലങ്ങളുടെ മാപ്പിംഗും നടത്തിയിട്ടുണ്ട്. ഇതുപ്രകാരം 79 ദശലക്ഷം ടണ്‍ ഖനലോഹങ്ങളും, 1,53,996 ദശലക്ഷം ടണ്‍ ചുണ്ണാമ്പ് ചെളിയും, 745 ദശലക്ഷം ടണ്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള മണലും കടലിലെ വിവിധ മേഖലകളില്‍ നിന്നും ലഭ്യമാണ് ഇവ ഖനനം ചെയ്യുന്നതിന് പൊതുമേഖലയ്ക്കാവില്ല. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇതില്‍ പ്രധാനമാണ്. ഇതിനായി 2002-ലെ നിയമം (ഒ.എ.എം.ഡി.ആര്‍.) ഭേദഗതി ചെയ്യാനുദ്ദേശിച്ചാണ് പുതിയ നിയമം നിര്‍മ്മിക്കുന്നത്.
അധികാരപരിധിയുടെ നിര്‍വ്വചനം മാറ്റുന്നു.
ഇന്ത്യയ്ക്ക് 1382 ദ്വീപുകളടക്കം 7517 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരമുണ്ടെന്ന് രേഖവിലയിരുത്തുന്നു. ഇതിനെ തീരക്കടല്‍, പുറംകടല്‍ ആഴക്കടല്‍ എന്നിങ്ങനെയായിതരം തിരിക്കുന്ന നിര്‍വ്വചനം പഴങ്കഥയായിമാറിയിരിക്കുന്നു. ഈ പ്രദേശങ്ങളെ വിവിധ സ്ലാബുകളാക്കി തിരിച്ചാണ് ലേലം ചെയ്യുക. ഒരു വ്യക്തിക്ക് പരമാവധി 45 ബ്ലോക്കുകള്‍ (154 ച.കി.മീ.)വരെ സ്വന്തമാക്കാമെന്നും രേഖപറയുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നാളിതുവരെ അവരുടെ പൊതു സ്വത്തായിരുന്ന -കോമണ്‍ പ്രോപ്പര്‍ട്ടി - ഇനിമേല്‍ കോര്‍പ്പറേറ്റ് പ്രോപ്പര്‍ട്ടി ആയിമാറുകയാണ്. അവര്‍ക്കുള്ള മത്സ്യബന്ധനാവകാശമടക്കം നിഷേധിക്കപ്പെടുകയോ പരിമിതപ്പെടുത്തപ്പെടുകയോ ചെയ്യും.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 249 ഷെഡ്യൂള്‍ കക ലിസ്റ്റ് 21 പ്രകാരം 22 കി.മീ. (12 നോട്ടിക്കല്‍ മൈല്‍) വരെയുള്ള കടല്‍ ഭാഗം സംസ്ഥാനങ്ങളുടെ അധികാര (സ്റ്റേറ്റ് ലിസ്റ്റ്) പരിധിക്കകത്തുള്ളവയും അവിടത്തെ വിഭവ പരിപാലനം, മത്സ്യബന്ധനാവകാശം, നിയന്ത്രണം തുടങ്ങിയവ സംസ്ഥാനങ്ങളുടെ അധികാരമാണ്. നമ്മുടെ നാട്ടിലെ മണ്‍സൂണ്‍ കാലട്രോളിംഗ് നിരോധനമടക്കം നടപ്പാക്കപ്പെടുന്നത് ഈ അധികാരത്തിന്‍റെ പിന്‍ബലത്തിലാണ്. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍വ്വചനപ്രകാരം ഓഫ്ഷോറില്‍ തീരദേശം (ടെറിട്ടോറിയന്‍ വാട്ടെഴ്സ്) അടക്കം ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. ഭരണഘടനാദത്തമായ ഒരു അവകാശം തന്നെ ഇതുവഴി അട്ടിമറിക്കപ്പെട്ടിരിക്കുന്നു
രേഖപ്രകാരം ഖനനം ചെയ്യുന്ന 745 ദശലക്ഷം ടണ്‍ മണല്‍ പുര്‍ണ്ണമായും കേരളത്തിന്‍റെ മാത്രം തീരക്കടലിലോ പുറം കടലിലോ കിടക്കുന്ന നിക്ഷേപമാണ്. ഖനധാതുക്കള്‍, -ലോഹമണല്‍- പ്രധാനമായും കേരളം തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ തീരക്കടലിലുമാണ്. കടല്‍തീരത്തും തീരത്തുനിന്ന് 100 മീറ്റര്‍ വരെ ആഴത്തിലുമാണ് ഈ കരിമണല്‍ അഥവാ പ്ലേസര്‍ മിനറലിന്‍റെ നിക്ഷേപമുള്ളതും ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂടൈല്‍, ഗാര്‍നൈറ്റ്, സിര്‍ക്കോണ്‍ സില്ലിമനൈറ്റ്, മാഗ്നറ്റൈറ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നുണ്ട്. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഡോ.ശൈലേഷ് നായിക് കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ഇവ 18 ദശലക്ഷം ടണ്‍ വരും. ഇവയുടെ വ്യവസായ മൂല്യം 120 ബില്യണ്‍ ഡോളറാണെന്നും നിജപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം കടലിനെ 5 ഭാഗങ്ങളാക്കി വേര്‍തിരിച്ച് അവിടെ നിന്നും ഉത്ഖനനം ചെയ്യാവുന്ന മറ്റുലോഹങ്ങളെയും നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 4000 മീറ്റര്‍ മുതല്‍ 6000 മീറ്റര്‍ ആഴം വരെ കാണപ്പെടുന്ന പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂള്‍സും ഉള്‍പ്പെടും. ആഴക്കടലില്‍ വലിയ കല്‍ക്കരിക്കട്ട പോലെ കാണപ്പെടുന്ന മാംഗനീസ് നൊഡ്യൂളുകളില്‍ ടൈറ്റാനിയം, കൊബാള്‍ട്ട്, കോപ്പര്‍ നിക്കല്‍, സിങ്ക്, മാംഗനീസ് തുടങ്ങിയ ലോഹങ്ങളുണ്ട്. ഇവയുടെ വ്യവസായ മുല്യം 187 ബില്യണ്‍ ഡോളര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിന്‍റെ മധ്യഭാഗത്ത് വരുന്ന 75000 ച.കി.മീ. ഭാഗത്തു നിന്നും ഇവ ഖനനം ചെയ്തെടുക്കുന്നതിന് ഇന്ത്യക്ക് ഇന്‍റര്‍നാഷണല്‍ സീബെഡ് അതോറിറ്റിയില്‍ നിന്നും ലഭിച്ച 15 വര്‍ഷത്തെ കരാറിന്‍റെ കാലാവധി 2017-ല്‍ അവസാനിച്ചു. അടുത്ത 5 വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടി നല്കിയിട്ടുമുണ്ട്. ഇന്ത്യയെ പ്പോലെ ചൈനയ്ക്കും ഈ മേഖലയില്‍ താല്പര്യങ്ങളുണ്ട്.
ശൈലേഷ് നായിക് ശുപാര്‍ശകള്‍
2017 -ലാണ് ഡോ. ശൈലേഷ് നായിക് അദ്ധ്യക്ഷനായി പ്രധാനമന്ത്രയുടെ സാമ്പത്തിക ഉപദേശകസമിതി 10 അംഗങ്ങളുള്ള കമ്മിറ്റിയെ  നിയമിച്ചത്. ഒരു വര്‍ഷത്തിനകം കമ്മിറ്റി അതിന്‍റെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. കടലിനെ 5 മേഖലകളാക്കി തിരിച്ച് ഖനനം ചെയ്യാവുന്ന ധാതുക്കളുടെ പട്ടിക അവര്‍ തയ്യാറാക്കി. ബ്ലൂ ഇക്കോണമിയുടെ 6-ാം പുസ്തകത്തില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്കിയിട്ടുണ്ട്.
1. തീരത്തുനിന്നും 100 മീറ്റര്‍ ആഴം വരെ കാണപ്പെടുന്ന കരിമണല്‍ അഥവാ പ്ലേസര്‍ മിനറല്‍സ്.
2. ഭൂഖണ്ഡ സോപാനത്തിന്‍റെ (കോണ്ടിനെന്‍റല്‍ ഷെഫ്) അതിര്‍ത്തി മുതല്‍ 400- 1000 മീറ്റര്‍ ആഴത്തില്‍ ദൃശ്യമാകുന്ന ഫോസ്ഫോറൈറ്റ്സ്
3. 2000 മുതല്‍ 4000 മീറ്റര്‍വരെ ആഴത്തില്‍ കടല്‍ത്തട്ടില്‍ പരന്നു കിടക്കുന്ന പോളിമെറ്റാലിക് സള്‍ഫൈഡുകള്‍, കോപ്പര്‍, നിക്കല്‍, സിങ്ക്, ഗോള്‍ഡ്, തുടങ്ങിയവ ഇതിലുണ്ട്.
4. 2000 മതല്‍ 4000 മീറ്റര്‍വരെ ആഴത്തില്‍ കടലിലെ കുന്നുകളില്‍ കാണപ്പെടുന്ന കൊബാള്‍ട്ട് ക്രസ്റ്റ്.
5. 4000 മതല്‍ 6000  മീറ്റര്‍വരെ ആഴത്തില്‍ പരന്നു കിടക്കുന്ന മാംഗനീസ് നൊഡ്യൂള്‍സ്. ടൈറ്റാനിയം കൊബാള്‍ട്ട്, കോപ്പര്‍ നിക്കല്‍, സിങ്ക്, മാംഗനീസ് തുടങ്ങിയ ലോഹങ്ങളിലിതിലുണ്ട്. ഇവയുടെ വ്യവസായമൂല്യം 187 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു.

പക്ഷെ ഇതിന്‍റെ ഖനനം ഒട്ടുമേ ലാഭകരമല്ല എന്ന ഒരു യാഥാര്‍ത്ഥ്യം ഭരണാധികാരികളെ തുറിച്ചുനോക്കുന്നുണ്ട്. 2007 മുതല്‍ കിഴക്കന്‍ ശാന്തസമുദ്രത്തില്‍ ക്ലാരിയണ്‍ ക്ലിപ്പര്‍ടണ്‍ ഭാഗത്തുനിന്നും നൊഡ്യൂള്‍സ് ഖനനം ചെയ്യാന്‍ 16 കമ്പനികള്‍ കരാര്‍ നേടിയെടുത്തു. പക്ഷെ ഇപ്പോഴം ഖനനമാരംഭിച്ചിട്ടില്ല. പാപ്പുവന്യൂഗിനിയയുടെ തീരത്ത് 2007-മുതല്‍ 1600 മിറ്റര്‍ ആഴത്തില്‍ ഘനനം ചെയ്ത നൗട്ടിലസ് മിനറല്‍സ് എന്ന കനേഡിയന്‍ കമ്പനി 2019-ല്‍ പാപ്പരായി. അവരോടൊപ്പം ഇന്‍വെസ്റ്റ്മെന്‍റ് പങ്കാളിയായ സര്‍ക്കാരിനും നഷ്ടമുണ്ടായി.
ഖനനം ചെയ്യുന്ന നിര്‍മ്മാണ യോഗ്യമായ 75 ദശലക്ഷം ടണ്‍ കടല്‍ മണല്‍ കേരളത്തിന്‍റെ തീരക്കടലിലും (ഇന്‍-ഷോര്‍) പുറംകടലി(ഓഫ്-ഷോര്‍)ലുമാണ് കിടക്കുന്നത്. ഈ പ്രദേശത്തുതന്നെയാണ്. കേരളത്തിലെ (ഇന്ത്യയുടെ തന്നെയും) പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങള്‍ നിലകൊള്ളുന്നതും തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വാഡ്ജ്ബാങ്ക്, കൊല്ലത്തിന് പടിഞ്ഞാറ് ക്വയിലോണ്‍ ബാങ്ക്, കൊച്ചി ബാങ്ക്, ചേറ്റുവ ബാങ്ക്, ഏഴിമലബാങ്ക്, മഞ്ഞപ്പാറ -മാംഗളൂര്‍ ബാങ്ക്-എന്നിങ്ങനെ വിവിഥ ഇനം മത്സ്യങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രഥാന കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലെ മത്സ്യനിക്ഷേപത്തിന്‍റെ വര്‍ധനമൂലം കേരളത്തിലെ ബഹുദിന മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന 3800 ട്രോള്‍ ബോട്ടുകളും 500-ഓളം വരുന്ന ഫൈബര്‍ വള്ളങ്ങളും ഇവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.കൊല്ലം കേന്ദ്രീകരിച്ച് ആയിരത്തിലധികംബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന ക്വയിലോണ്‍ ബാങ്കിനു നടുവിലൂടെ ദേശീയ കപ്പല്‍ പ്പാത കൊണ്ടുവരുന്ന നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളും സംസ്ഥാന സര്‍ക്കാരും പ്രക്ഷോഭ രംഗത്താണ്. ഇവിടങ്ങളിലെ മണല്‍ ഖനനം കടലിലെ ആവാസവ്യവസ്ഥയേയോ, ജീവജാലങ്ങളേയോ മത്സ്യബന്ധനത്തിനെയോ എങ്ങിനെ ബാധിക്കുമെന്നതിനെ സംബന്ധിച്ച് രേഖ നിശ്ശബ്ദത പാലിക്കുകയാണ്.
കേരളത്തിലെ പ്രധാന ഫിഷിംഗ് ഗ്രൗണ്ടുകള്‍
ഇന്തോ- നോര്‍വീജിയന്‍ പ്രോജക്ടിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ കെയര്‍ ലാര്‍സണ്‍ എന് ഗവേഷകനാണ് നാലുവര്‍ഷത്തെ ഗവേഷണത്തെതുടര്‍ന്ന് 1965-ല്‍ പ്രധാനപ്പെട്ട ഫിഷിംഗ് ഗ്രൗണ്ടുകള്‍ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ പ്രധാന ഫിഷിംഗ് ഗ്രൗണ്ടുകളില്‍ 7 എണ്ണവും കേരളത്തിലാണ്.
1. വാഡ്ജ് ബാങ്ക് : കന്യാകുമാരി തീരത്ത് നിന്നും 3.5 നോട്ടിക്കല്‍ മൈല്‍ മുതല്‍ 55 നോട്ടിക്കല്‍ മൈല്‍ വരെ 3600  ച. മൈല്‍ പരന്നു കിടക്കുന്നു. ആഴം 30- 200 മീറ്റര്‍ പ്രധാന മത്സ്യങ്ങള്‍ പാറക്കൊഞ്ച്,  (ലോബ്സ്റ്റര്‍), കലവ, സ്രാവ്, ചെമ്പല്ലി, കുഴിയാള
2. ക്വയിലോണ്‍ബാങ്ക് : കൊല്ലം തീരത്തു നിന്നും 32 നോട്ടിക്കല്‍ മൈല്‍ മുതല്‍ 61 നോട്ടിക്കല്‍ മൈല്‍ വരെ 3300 ച.കി.മീ. പരന്നു കിടക്കുന്നു. ആഴം 275 - 375 മീറ്റര്‍. പുല്ലന്‍ ചെമ്മീന്‍, കൊഞ്ച്, ബുള്‍സ്ഐ, ക്ലാത്തി, കിളിമീന്‍, കണവ - പ്രധാന മത്സ്യങ്ങള്‍.
3. കൊച്ചി ബാങ്ക് : തുറമുഖത്തിന് വെളിയില്‍. കിളിമീന്‍ പ്രധാനം
4. ചേറ്റുവ ബാങ്ക് : ചേറ്റുവയില്‍നിന്നും 44 മുതല്‍ 50 നോട്ടിക്കല്‍ മൈല്‍ വരെ അകലം കിളിമീന്‍, ശീലാവ്, കണവ, കൂന്തല്‍ കലവ.
5. ഏഴിമലബാങ്ക് : തീരത്തുനിന്നും 62 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് 60ച.മൈല്‍ വിസ്താരം, ആഴം 20 - 50 മീറ്റര്‍, പ്രധാന മത്സ്യങ്ങള്‍ ഐക്കൂറ (നെയ്മീന്‍) ശീലാവ്, കിളിമീന്‍, ചെമ്മീനുകള്‍.
6. മഞ്ഞപ്പാറബാങ്ക് : (ബാസ്സെദ പാദ്രോ) തീരത്തുനിന്നും 138-146 മൈല്‍ അകലം . 955 ച. മൈല്‍ വിസ്തീര്‍ണ്ണം. വിവിധയിനം ചൂരകള്‍, കിളിമീന്‍.

കടല്‍ മണല്‍ ഖനനത്തിന് 2003ല്‍ നടത്തപ്പെട്ട ജിം (ഗ്ലോബര്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്)-ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഗള്‍ഫ് ആസ്ഥാനമായുള്ള ക്രൗണ്‍ മാരിടൈം കമ്പനി നടത്തിയ പരിശ്രമങ്ങളെ കേരളത്തിന്‍റെ മത്സ്യമേഖല ഒന്നടങ്കമാണ് യോജിച്ചു പരാജയപ്പെടുത്തിയത്. 2017-ന്‍റെ ആരംഭത്തില്‍ പിണറായി വിജയന്‍റെ ഗള്‍ഫ് സന്ദര്‍ശനത്തിനുശേഷം ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍, കടല്‍ മണല്‍ ഖനനം ചെയ്യുമെന്ന് ഗവര്‍ണറുടെ പ്രഖ്യാപനമുണ്ടായി. കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) അടക്കം ഇതിനെതിരേ രംഗത്തു വരികയുണ്ടായി.
കരിമണല്‍ ഖനനത്തിന്‍റെ അവകാശം കുത്തകകളെ ഏല്‍പിക്കുന്നത് ഭയാനകമായ പ്രത്യാഘാതമാണുണ്ടാക്കുക. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളാണ് കരിമണല്‍ ഖനനം നടത്തുന്നത്. ആലപ്പാട്ട് കടലും കായലും തമ്മില്‍ നേര്‍ത്ത ഒരു അതിര്‍വരമ്പേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. കടല്‍ കയറിയാല്‍ കുട്ടനാട് തന്നെ നാമാവശേഷമാകുന്ന അവസ്ഥയാണ്. തൃക്കുന്നപ്പുഴയിലും, തോട്ടപ്പള്ളിയിലും ഗുരുതരമായ തീരശോഷണത്തിനെതിരേ ബഹുജന പ്രക്ഷോഭം ഇപ്പോഴും തുടരുകയുമാണ്. ഈ രംഗത്തേക്ക് കഴുകന്‍ കണ്ണുകളുമായെത്തുന്ന സ്വകാര്യ കുത്തകകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കണ്ടറിയേണ്ടതുണ്ട്.

പ്രകൃതിവിഭവങ്ങളുടെ ദേശസാല്ക്കരണം
ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി.-യാണ് കൃഷ്ണ ഗോദാവരി ബേസിനില്‍ എണ്ണ നിക്ഷേപം കണ്ടുപിടിച്ചത്. അവ അപ്പാടെ ഖനനം ചെയ്യുന്നതിന് റിലയന്‍സിനെ ചുമതലപ്പെടുത്തി.വിലക്കയറ്റത്തിന്‍റെ പുതിയ സാഹചര്യത്തില്‍ പ്രകൃതി വിഭവങ്ങളുടെ മേഖല ദേശസാല്കരിക്കണമെന്ന ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.
 
കടല്‍ കുത്തിപ്പൊളിക്കുന്ന നയ-നടപടികള്‍ക്കെതിരേ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.  കഴിഞ്ഞ നവംബര്‍ മുതല്‍ 20 വരെ ഈജിപ്തിലെ ഷറം-ഇല്‍-ഷെയ്ക്കില്‍ ചേര്‍ന്ന കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കോപ്-27 സമ്മേളനത്തില്‍ ആശങ്കാജനകമായ ഈ വിഷയം പ്രധാന ചര്‍ച്ചാവിഷയമായി. പസഫിക് രാജ്യമായ നുവാരുവിന്‍റെ പ്രസിഡന്‍റായിരുന്ന കിന്‍സക്ലോഡ്മാന്‍ പറഞ്ഞു "ഞങ്ങള്‍ കുടുങ്ങിയിരിക്കുകയാണ്. രാഷ്ട്രം ഒരു മരുഭൂമിയായിരിക്കുന്നു. ഭാവിയാകട്ടെ ഭീതിജനകവും. ജലനിരപ്പുയരുകയാണ്. തുടര്‍ച്ചയായ ഖനനം മൂലം ഞങ്ങള്‍ അപ്രത്യക്ഷമാവുകയാണ്." സമ്മേളന പശ്ചാത്തലത്തില്‍ ശാന്തസമുദ്രത്തിലെ ഒരു ചെറുദ്വീപായ റ്റുവാലുവിന്‍റെ പ്രധാനമന്ത്രി കൗനിയ നറ്റാനോ നടത്തിയ പ്രസ്താവനയില്‍ നിന്ന് : "കാലാവസ്ഥാ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കാനും, മലിനീകരിക്കുന്നവരും, കുത്തിക്കവര്‍ച്ച നടത്തുന്നവരും അതിന്‍റെ പിഴയെടുക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങള്‍ വീട് എന്നു വിളിക്കുന്ന ഈ ഇടം ഒരു ദിവസം കടലെടുക്കുമെന്ന് അവര്‍ പറയുന്നു. പക്ഷേ ഒരു കാര്യം ഞാന്‍ വാക്കു തരുന്നു. ആ ദിവസം വരുന്നതുവരേയും ഞങ്ങള്‍ പൊരുതിക്കൊണ്ടേയിരിക്കും." നുവാരുവും റ്റുവാലുയും മാത്രമല്ല പവിഴദ്വീപുകളെ ആശ്രയിച്ചു ജീവിക്കുന്ന കിരിബാറ്റിയും അപ്രത്യക്ഷമാകുന്നതിന്‍റെ ഭീതിയിലാണ്. കടല്‍ മണല്‍ ഖനനം വികസിത രാഷ്ട്രങ്ങളേയും പുതിയ നിയമ നിര്‍മ്മാണത്തിന് പ്രേരിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ ജര്‍മ്മനി ഉദാഹരണം. നോര്‍ത്ത് സീയിലെ രാജ്യങ്ങളും, സോളമന്‍ ഐലന്‍റും, പാപ്പുവ ന്യൂഗിനിയയും ഒക്കെ ഖനന പ്രത്യാഘാതം രൂക്ഷമായി അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ന്യൂസിലാന്‍റിലെ ഓക്ലാന്‍റില്‍ നിന്നും മണല്‍ ഖനനം എടുത്തതിനുശേഷം ഉണ്ടായ പ്രത്യാഘാതത്തെ തുടര്‍ന്ന് കൂടുതല്‍ കര്‍ക്കശമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്ക് ആ രാജ്യം മുന്‍കൈയ്യെടുത്തിരിക്കുകയാണ്.
എന്തുകൊണ്ട് പബ്ലിക് നോട്ടീസ്..?
യഥാര്‍ത്ഥത്തില്‍ കടല്‍ മണല്‍ ഖനനം സംബന്ധിച്ച തീരുമാനം 2018-ലെ ബ്ലൂ ഇക്കോണമി രേഖയില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുവെച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ കൂടിയ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കരിമണല്‍ ഖനനം പ്രത്യേകമായെടുത്ത് ഒരു ബില്ലും അവതരിപ്പിച്ചിരുന്നു. കേരളമടക്കമുള്ള പ്രതിപക്ഷ എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ബില്ലവതരണം മാറ്റിവെക്കുകയായിരുന്നു. പാര്‍ലമെന്‍റിലൂടെ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കുന്ന രീതി ഇക്കാലത്ത് വളരെയധികമാണ്. പുതിയ നോട്ടീസിന്‍റെ പിന്നിലുളള നിലപാടും ഇതുതന്നെയാണ്. 

എന്തുകൊണ്ട് കേരളം ?
കേരളം ലോകത്തു തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫിഷിംഗ്  സോണുള്ള പ്രദേശമാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇന്ത്യയുടെ 8 ശതമാനം മാത്രം തീരമാണ് നമുക്കുളളതെങ്കിലും പിടിക്കുന്നമത്സ്യത്തിന്‍റെ 13-15 ശതമാനവും ഇവിടെ നിന്നുമാണ് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 6000 കോടി രൂപയിലധികം വിദേശനാണ്യവും നാം നേടുകയുണ്ടായി. 527 ഇനം മത്സ്യഇനങ്ങള്‍ ഈ മേഖലയിലുണ്ട് ലോകത്തുതന്നെ ഏറ്റവും വലിയ ജനിതക കലവറകളി (ജീന്‍പൂള്‍) ലെന്നാണിത്. ഒരു പക്ഷേ ഇന്തോനേഷ്യമാത്രമാണ്, ഇക്കാര്യത്തില്‍ കേരളത്തെ മറികടക്കുക. ദുര്‍ബ്ബലമായ ഇക്കോവ്യൂമുളള ഇന്തോനേഷ്യയില്‍ 1979 മുതല്‍ ട്രോളിംഗ് പോലുളള മത്സ്യബന്ധനസംവിധാനങ്ങള്‍ നിരോധിച്ചിരിക്കുകയുമാണ്. കേരളത്തിന്‍റെ തീരങ്ങളും അതീവദുര്‍ബ്ബലമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവിടെ 63 ശതമാനം തീരത്തും കടല്‍ കയറ്റപ്രവണത - കടലാക്രമണം- കൂടിയ സ്ഥലങ്ങളാണ്. ആഗോളതാപ വ്യതിയാനം കടല്‍കയറ്റത്തെ രൂക്ഷവുമാക്കിയിട്ടുണ്ട്. (കടല്‍മണല്‍ ഖനനം ഈ പ്രക്രിയയെ വര്‍ദ്ധിപ്പക്കുകയേഉള്ളു.) തീരത്തെ 16,858 കുടുംബങ്ങളെ മാറ്റി  പാര്‍പ്പിക്കുന്ന പുനര്‍ ഗേഹം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുമാണ്. ലോകത്തെ അപൂര്‍വ്വ പ്രതിഭാസങ്ങളിലൊന്നായ 'ചാകര'യുള്ള ഏക കടല്‍ത്തീരവും കേരളമാണ്. ദുര്‍ബ്ബലമായ ഈ പരിസ്ഥിതിവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഖനനപ്രക്രിയ.
പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തെ സംബന്ധിച്ച ധാരണകള്‍ ലോകമാസകലം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി അവസാനം ഐക്യരാഷ്ട്രസംഘടന മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത ലോക ഉച്ചകോടി ലോകത്തെ 30 ശതമാനം കടലെങ്കിലും സംരക്ഷിതമായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കകയാണ്. ഇതിലൊപ്പുവെച്ച നൂറു രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉണ്ട്. 2050-ഓടെ കടല്‍കയറ്റം മൂലം അപ്രത്യക്ഷമാകുന്ന തീരങ്ങളില്‍ ഇന്ത്യയുടെ കല്‍ക്കത്തയും ചെന്നൈയും മുംബൈയും, കൊച്ചിയും ഉള്‍പ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കുക സാധ്യമല്ല തന്നെ. 
സാഗര്‍മാല പദ്ധതികള്‍ : കുടിയൊഴിപ്പിക്കപ്പെടുന്ന തീരജനത.
തീരദേശത്തെ വികസനപദ്ധതി - സാഗര്‍ മാലകളുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്തിനുപുറമെ പുതിയ 6 തുറമുഖങ്ങള്‍ പ്രധാനഗുണഭോക്താവ് ഗൗതം അദാനിതന്നെ, 14 കോസ്റ്റല്‍ ഡെവപ്മെന്‍റ് സോണുകള്‍ 11 കോസ്റ്റല്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍, 605 വന്‍കിട നിര്‍മ്മിതികളും പ്രോജക്ടുകളും, 2000 കിലോമീറ്റര്‍ റോഡുകളും കപ്പല്‍ നിര്‍മ്മാണശാലകളും, കപ്പല്‍ പൊളിശാലകള്‍ കണ്ടെയ്നര്‍ ഡിപ്പോകള്‍, ജലവികാസ് പ്രോജക്ടുകള്‍ തുടങ്ങിയവയ്ക്ക് ഇതിനകം 8.76 ലക്ഷം കോടി രൂപ ചെലവിട്ടുകഴിഞ്ഞു. വമ്പിച്ച കുടിയൊഴിപ്പിക്കലുകള്‍ വേണ്ട പദ്ധതികളാണിവ.

മൂലധനത്തിന്‍റെ പ്രാകൃതസഞ്ചയം
ഭരണഘടനാദത്തമായി ആദിവാസികളുടെ ഭൂമിയില്‍ അവര്‍ക്ക് സവിശേഷമായി ലഭിച്ചിരിക്കുന്ന അവകാശങ്ങളാണ് പെസ, ഫോറസ്റ്റ് റൈറ്റ്സ് ആക്ട് തുടങ്ങിയവ. ഈ അവകാശങ്ങള്‍ നിലനില്ക്കെ, അവരുടെ ഭൂമി പകുത്തെടുത്ത് കുത്തകയ്ക്ക് കൈമാറുന്ന പ്രക്രിയയാണ് വനമേഖലയില്‍ നാം ഇന്നുകാണുന്നത്, ഛത്തിസ്ഗഡ്ഡിലെ ഹാസ് - ദേവ്-അരാന്ത പ്രദേശത്തും ഝാര്‍ഖണ്ഡിലെ ഗൊഡ്ഢയിലും ഈ നിയമം അട്ടിമറിച്ച് ഭൂമികല്‍ക്കരി ഖനനത്തിനായി അദാനിക്കു കൈമാറികഴിഞ്ഞു. കരയിലെ വിഭവങ്ങള്‍ കുറഞ്ഞുവരുന്നസാഹചര്യത്തില്‍ കടലില്‍ നിന്നും ഈ കുത്തിക്കവര്‍ച്ച എങ്ങിനെ നടത്താം എന്നാണ് സര്‍ക്കാരാലോചിക്കുന്നത്. ഇതിന്‍റെ പകര്‍പ്പാണ് ബ്ലൂ ഇക്കോണമി രേഖകളില്‍ നാം കാണുന്നത്. ഇതേ നയത്തിന്‍റെ തുടര്‍ച്ചയായി തീരത്ത് പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. ഭൂരിപക്ഷം തുറമുഖങ്ങളുടേയും ഉടമസ്ഥാവകാശം ഗൗതം അദാനിക്കുതന്നെ.
ഭരണമേതായാലും ഗുണഭോക്താവ് അദാനി തന്നെ!!
മഹാരാഷ്ട്രയിലെ വാധവാന്‍, കര്‍ണ്ണാടകത്തിലെ കാര്‍വാര്‍, ബംഗാളിലെ താജ്പൂര്‍, ഗുജറാത്തിലെ ജഖാര്‍, കേരളത്തിലെ വിഴിഞ്ഞം, ഒഡീഷയിലെ സുവര്‍ണ്ണരേഖ, തമിഴ്നാട്ടിലെ കാട്ടുപള്ളി, - ഇങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളികളുട ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും വിവിധ തുറമുഖങ്ങളുടെ നിര്‍മ്മാണം തകൃതിയാണ്.

പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥാവകാശം തദ്ദേശജനങ്ങളില്‍ നിന്നും, പ്രാദേശിക സര്‍ക്കാരുകളില്‍ നിന്നും എറ്റെടുത്ത് കുത്തകകള്‍ക്ക് കൈമാറുന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. ഈ ഫാസിസ്റ്റ് നയത്തിനെതിരെ വിവിഥ മേഖലകളില്‍ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. ബ്ലൂ ഇക്കോണമിനയത്തിനെതിരായി മത്സ്യ ബന്ധന മേഖലയിലെ യോജിച്ച പ്രക്ഷോഭം വിജയിക്കുമോ ഇല്ലയോ എന്ന് ചരിത്രം തീരുമാനിക്കട്ടെ.!!
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍. ഫോണ്‍ : 9447168852)