നികുതിഭാര വർദ്ധനയല്ല, ബദൽ നയവും ആസൂത്രിത പദ്ധതിയുമാണ് വേണ്ടത് :-പി സി ഉണ്ണിച്ചെക്കൻ-കേരള ബജറ്റ്



കേരള ബജറ്റ് : നികുതിഭാര വർദ്ധനയല്ല,

ബദൽ നയവും ആസൂത്രിത പദ്ധതിയുമാണ് വേണ്ടത്

:-പി  സി  ഉണ്ണിച്ചെക്കൻ

2023-24 ലേക്കുള്ള കേരള സംസ്ഥാന ബജറ്റ് പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ സർചാർജ്ജ് കൂട്ടിയിരിക്കുകയാണ്. വൈദ്യുതി ചാർജ്ജ്, വിവിധ നികുതികൾ, മദ്യ വില എന്നിവയിലും വർദ്ധന വരുത്തിയിരിക്കുന്നു. ജനക്ഷേമകരവും നിക്ഷേപ ലക്ഷ്യത്തോടെയുള്ളതുമായ ചെലവുകൾ വെട്ടിക്കുറയ്ക്കാതിരിക്കാനായിട്ടാണ് ഇത് വേണ്ടി വരുന്നത് എന്നാണ് ധനമന്ത്രി പറയുന്ന യുക്തി. "ഉള്ളതു കൊണ്ട് ഓണം'പോലെ' യാക്കാം" എന്ന മട്ടിൽ, ധനമന്ത്രി തന്നെ പറഞ്ഞതു പോലെ, 'ക്രോസ്-സബ്സിഡി' രീതിയിൽ മുഖ്യമായി ഊന്നുന്ന നയമാണിത്. മോദി സർക്കാർ കേരളത്തിന്റെ അർഹമായ വികസനഫണ്ട് വിഹിതം ഏകപക്ഷീയവും അനീതികരവുമായി വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി വിഹിതം കുടിശ്ശികയാക്കുകയും ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതാക്കുകയും കടത്തിന്റെ പരിധി ചുരുക്കുകയും ചെയ്തുകൊണ്ട് ശത്രുതാപരമായി രാഷ്ട്രീയ സാമ്പത്തിക കെണിവച്ചതിന്റെ ഫലമായ നിസ്സഹായ അവസ്ഥയാണ് മേൽപ്പറഞ്ഞ 'ക്രോസ്-സബ്സിഡി' തത്വത്തിലേക്ക് കേരള സർക്കാർ തിരിഞ്ഞിരിക്കുന്ന സാഹചര്യം. 


പക്ഷെ, അവസരവാദപരമായ ഈ പ്രയോഗം കൊണ്ട് ദുഷ്ടലാക്കോടെയുള്ള മോദി സർക്കാരിന്റെ രാഷ്ട്രീയ സാമ്പത്തിക കെണി മുറിച്ചു കടക്കാനാവില്ല; മറിച്ച് അതിൽ കുടുങ്ങുകയാണുണ്ടാവുക. കാരണം, ഈ ബജറ്റ് നിർദ്ദേശങ്ങൾ വിലക്കയറ്റത്തിനും ജീവിതച്ചെലവ് കൂട്ടുന്നതിനും കാരണമായിത്തീരും. വിലക്കയറ്റം നിയന്ത്രിക്കാൻ തുക നീക്കിവച്ചും നടപടികൾ സ്വീകരിച്ചും സർക്കാർ ഇച്ഛാശക്തിയോടെ ശ്രമിച്ചാലും നാൾക്കുനാൾ കനംവയ്ക്കുന്ന ആഗോള മഹാമാന്ദ്യത്തിന്റെ പാശ്ചാത്തലത്തിൽ വിപണിയുടെ ഏറ്റമിറക്കങ്ങളുടെ വന്യസ്വഭാവത്തെ മറികടക്കാൻ അത് മിക്കവാറും മതിയാവില്ല. ആയതിനാൽ, തൊഴിലില്ലായ്മയുടേയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാന ഇടിവിന്റേയും സാഹചര്യത്തിൽ മേൽപ്പറഞ്ഞ വലക്കയറ്റവും ജീവിതച്ചെലവ് വർദ്ധനയും പണപ്പെരുപ്പം കൂട്ടാൻ വഴിവയ്ക്കും. സംരക്ഷിച്ചു നിർത്താൻ ശ്രമിക്കുന്ന ജനക്ഷേമ നടപടികളുടെ സാമൂഹ്യനേട്ടങ്ങൾ വലക്കയറ്റത്തിന്റേയും വർദ്ധിക്കുന്ന ജീവിതച്ചെലവിന്റേയും പണപ്പെരുപ്പത്തിന്റേയും ചതുപ്പിൽ താഴ്ന്നു പോവും.  ഫലത്തിൽ, ഹ്രസ്വകാല ലക്ഷ്യത്തിന്റെ കാര്യത്തിലായാലും സ്ഥായിയായ മാറ്റത്തിന്റെ കാര്യത്തിലായാലും സെസ്-നികുതി-ചാർജ് വർദ്ധനവിനായുള്ള ബജറ്റ് നിർദ്ദേശങ്ങൾ വിപരീത ഫലങ്ങൾ ഉളവാക്കും. ഇത് സർക്കാരിനെ പിന്തുണച്ച് നിലനിർത്തുന്ന തൊഴിലാളി-കർഷക വർഗ്ഗശക്തികളുടെ നിലനിൽപ്പിനെയും ഐക്യത്തേയും ബാധിക്കുകയും തന്മൂലം, വർഗ്ഗ ബഹുജനങ്ങൾക്കിടയിൽ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികൾക്കുള്ള വിശ്വാസ്യതയും സ്വാധീനവും ഇടിക്കുകയും ചെയ്യും. ഇത്, കേരളത്തിൽ 1959 ലെ വിമോചന സമരം മുതൽ കൊണ്ട് രൂഢമൂലമായി നിലനിൽക്കുന്ന വലതുപക്ഷ ശക്തികളുടെ ക്രോഢീകരണത്തിന്  ഊർജ്ജം പകരുകയും അവസരം നൽകുകയും ചെയ്യും. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ പൊതുവായും സമൂഹത്തിന്റെ ഏറ്റവും അടിയിൽ കിടക്കുന്നവരും പാർശ്വവൽകൃതരായവരുമായ വിഭാഗങ്ങളിൽ സവിശേഷമായും നിരാശ പടർത്താനും ശൈഥില്യമുണ്ടാക്കാനും മേൽ പറഞ്ഞ പ്രതിവിപ്ലവ-വലതുപക്ഷ ശക്തികൾ നിശ്ചയം ശ്രമിക്കും. ഇന്നത്തെ സാഹചര്യത്തിൽ അത് വർഗ്ഗീയഫാഷിസ്റ്റുകളെയാണ് അന്തിമമായി സഹായിക്കുക.


1957 ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലത്ത് തുടങ്ങുകയും 1967 ലെ രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലം മുതൽക് കേരളത്തിലെ ഇടതു ജനാധിപത്യ ചേരിക്ക് വ്യക്തമാവുകയും ചെയ്ത കാര്യമാണ് സംസ്ഥാനത്തിന്റെ നിലനിൽപ്പും സുസ്ഥിര ആസൂത്രിത വികാസവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ സംസ്ഥനവിരുദ്ധ  നയങ്ങൾക്കെതിരായി വിപുലമായ ഐക്യത്തോടെ പോരാടേണ്ടതിന്റെ ജീവത്തായ അവശ്യകത. 90കൾ മുതൽ ആഗോളവൽക്കരണ നയ നടത്തിപ്പ് ശക്തിപ്പെട്ട സാഹചര്യവും 2014 മുതൽ വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾ നയിക്കുന്ന മോദിരാജിന്റെ സാമ്പത്തികരാഷ്ട്രീയ ആക്രമണത്തിന്റെ സവിശേഷ സാഹചര്യവും ഈ സമരത്തിന്റെ അവശ്യകത പതിൻമടങ്ങാക്കിയിരിക്കുന്നു. മാത്രമല്ല, തൊഴിലാളി-കർഷക-പരമ്പരാഗതവ്യവസായ-കൈവേല തൊഴിൽശക്തിയേയും ഉത്പാദന-ക്രയവിനിമയങ്ങളെയും ആധുനീകരിച്ചു കൊണ്ടും സാമൂഹ്യവൽക്കരിച്ചു കൊണ്ടും മേൽപ്പറഞ്ഞ ബ്രഹദ്സമരത്തിന് സമ്പദ്ശാസ്ത്രപരമായ അടിത്തറ വികസിപ്പിക്കേണ്ടത് അടിയന്തിരമാക്കിയിരിക്കുന്നു. ഇതിനായി ബദൽനയപദ്ധതി ആവിഷ്കരിക്കണം. അതിന്റെ കേന്ദ്രശക്തി പ്രദാനം ചെയ്യുമാറ്, സഹകരണപ്രസ്ഥാനം, ത്രിതലപഞ്ചായത്ത് സംവിധാനം, ഭരണയന്ത്രം എന്നിവയെ കോർത്തിണക്കി ഉത്പാദന-വിപണി-ഉപഭോഗശൃംഖല പാരസ്പര്യത്തോടെ വളർത്തി, കൃഷിയേയും വ്യവസായത്തേയും തമ്മിൽ കൂട്ടിയിണക്കി സേവനങ്ങളെ അതിലേക്ക് നയിക്കണം.


ആയതിനാൽ, ജനജീവിതം ദുഷ്ക്കരമാക്കുന്ന തരത്തിൽ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും വഴിമരുന്നിടുന്ന പെട്രോൾ ഡീസൽ സെസ്സും വൈദ്യുതി ചാർജ് വർദ്ധനയും പിൻവലിക്കണം. നികുതിഭാരം കുന്നുകൂട്ടുന്ന നിർദ്ദേശങ്ങൾ തിരുത്തണം. ക്രിയാത്മകമായ ബദൽ നയവും അതിനായുള്ള ഊർജ്ജിത നടപടികളും കൈക്കൊള്ളുയും വേണം. സംസ്ഥാനത്തിനെതിരെ സാമ്പത്തിക യുദ്ധം നടത്തുന്ന കേന്ദ്രസർക്കാരിന്റെ ശത്രുതാപരമായ സമീപനത്തിനെതിരെ ജനതയെ ഒറ്റക്കെട്ടായി വീറോടെ നയിക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ കടമ.

പി  സി  ഉണ്ണിച്ചെക്കൻ

സംസ്ഥാന  സെക്രട്ടറി  

MLPI REDFLAG