M S JAYAKUMAR:-കർഷക പ്രക്ഷോഭവും തൊഴിലാളി കർഷക സഖ്യവും- ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും

കർഷക പ്രക്ഷോഭവും 

                 തൊഴിലാളി കർഷക സഖ്യവും-

ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും

സ. എം എസ് ജയകുമാർ

ജനറൽ സെക്രട്ടറി,

മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ ( റെഡ് ഫ്ലാഗ് )



മാര്‍ച്ച് 26ന് ഭാരത് ബന്ദോടെ കര്‍ഷക സമരം നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം ഭരണവര്‍ഗ്ഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സമരത്തില്‍ കോടികള്‍ അണിനിരക്കുന്നു എന്നത് മാത്രമല്ല ഭരണാധികാരികളെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ഐക്യരാഷ്ട്ര സഭയില്‍ നിന്നു പോലും സമരത്തിന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യം ഇന്ന് നേരിടുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായിത്തന്നെ കാണേണ്ടതുണ്ട്.


കര്‍ഷകരുടെ സംഘടിത സമരത്തെ അടിച്ചമര്‍ത്താന്‍ വര്‍ഗ്ഗീയഫാഷിസ്റ്റ് ശക്തികള്‍ എന്ത് ഹീന മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ആദ്യം അവര്‍ നുണകളുടെ ബാബേല്‍ഗോപുരം സൃഷ്ടിക്കുന്ന ഗീബല്‍സിയന്‍ തന്ത്രം തന്നെയാണ് ഉപയോഗിച്ചത്. സമരത്തെ നയിക്കുന്നത് ഖലിസ്ഥാനികളും ഇടതുപക്ഷ തീവ്രവാദികളുമാണെന്ന് വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ പ്രചരിപ്പിച്ചു. പിന്നീട്, സമരത്തിനു വേണ്ടി ശതകോടികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി വരുന്നു എന്നവര്‍ പ്രചരണം നടത്തി. കഴിഞ്ഞ ജനുവരി 26ന് ചെങ്കോട്ടയില്‍ ദേശീയ പതാകയഴിച്ച് അവിടെ ഖലിസ്ഥാനി പതാകയുയര്‍ത്തി എന്നും ദേശവിരുദ്ധ ശക്തികള്‍ അവിടെ അഴിഞ്ഞാടി എന്നും ഫാഷിസ്റ്റുകള്‍ പറഞ്ഞു പരത്തി.


സമരത്തെ നഗ്നമായി അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി - ഹരിയാന അതിര്‍ത്തിയും ഡല്‍ഹി - ഉത്തർപ്രദേശ് അര്‍ത്തിയിലും സമരക്കാര്‍ക്ക് കുടിവെള്ളവും വെളിച്ചവും നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിലക്കി. ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ സമരക്കാരെ തടയുന്നതിന് വലിയ ബാരിക്കേഡുകളും മുള്ളുവേലികളും മറ്റും കെട്ടി. ഇതൊന്നും പോരാതെയാണ് വെടിവെപ്പും തുടര്‍ച്ചയായ ലാത്തിചാര്‍ജ്ജും വരെ നടത്തിയത്.


കര്‍ഷകസമരം മുന്നേറുന്ന ഇന്നത്തെ ഘട്ടത്തില്‍ രാജ്യത്തെ തൊഴിലാളി, കര്‍ഷക ബഹുജനങ്ങള്‍ക്കും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും രണ്ട് കടമകളാണ് മുന്നിലുള്ളത്. സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനെതിരായ പോരാട്ടത്തില്‍ തൊഴിലാളി-കര്‍ഷക സഖ്യത്തിലൂന്നിക്കൊണ്ട് അന്താരാഷ്ട്ര ധനമൂലധനത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമെതിരായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക. കാരണം, ഫിനാന്‍സ് കാപ്പിറ്റലിനും കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ തന്ത്രപരമായ ലക്ഷ്യം നേടിയെടുക്കാനുള്ള രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ സമീപനം ഇടതുപക്ഷ ശക്തികള്‍ക്കു മാത്രമേയുള്ളൂ. എന്നാല്‍, ശക്തമായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റ്‌ ശക്തികള്‍ക്കെതിരെ എല്ലാ പ്രതിപക്ഷകക്ഷികളുടെയും വിപുലമായ ഐക്യമുണ്ടാകുക എന്നത് അവശ്യമാണ്. അതിനു മാത്രമെ വര്‍ഗ്ഗീയ ഫാഷിസത്തെ നേരിടാനാകുകയുള്ളൂ. മേല്‍പ്പറഞ്ഞ ദ്വിമുഖകടമകള്‍ ഏറ്റെടുക്കുന്നതു വഴി മാത്രമേ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുവാന്‍ കഴിയൂ.



തൊഴിലാളി കര്‍ഷക ഐക്യം


മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) - MLPI (RED FLAG) പാര്‍ട്ടി പരിപാടിയിലും കഴിഞ്ഞ അഖിലേന്ത്യാ കോണ്‍ഫറന്‍സ് പ്രമേയത്തിലും ഒരു കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാം മുന്നോട്ടുവെക്കുന്ന ജനാധിപത്യവിപ്ലവ കാഴ്ചപ്പാടനുസരിച്ച് കെട്ടിപ്പടുക്കുന്ന മുന്നണിയുടെ അടിസ്ഥാനം തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കര്‍ഷക ജനതയുടെയും അടിയുറച്ച സഖ്യമാണ്. അത് തുടര്‍ച്ചയായ സമരങ്ങളിലുടെ വളര്‍ന്നുവരേണ്ട ഒരു പ്രക്രിയയാണ്. തൊഴിലാളി സംഘടനകളുടെയും കർഷക സംഘടനകളുടെയും നേതാക്കൾ പരസ്പരം ഐക്യപ്പെടുകയും ഒരു മേശയ്ക്കു ചുറ്റുമിരുന്നുകൊണ്ട് സംയുക്ത പ്രസ്താവന എഴുതിത്തയാറാക്കുകയും ചെയ്തു കൊണ്ട് മാത്രം പരിഹരിക്കേണ്ട വിഷയമല്ല തൊഴിലാളി കർഷക സഖ്യം എന്ന് ചുരുക്കം.


1917-ല്‍ ബീഹാറിലെ ചമ്പാരനിലാണ് കര്‍ഷകര്‍ ഒരു വര്‍ഗ്ഗമെന്ന നിലയ്ക്ക് അതിന്റെ ആദ്യ സംഘടിത സമരം ആരംഭിക്കുന്നത്. മുഖ്യമായും യൂറോപ്യന്‍ തോട്ടമുടമകള്‍ക്കും ജമീന്ദാര്‍ മാര്‍ക്കുമെതിരെയായി തുടങ്ങുന്ന സമരം ഗാന്ധിജി ഇടപെടുന്നതോടെ കര്‍ഷക വിരുദ്ധ കോളോണിയല്‍ നിയമങ്ങള്‍ക്കെതിരെയും ദേശീയ അധിനിവേശത്തിനെതിരെയും കൂടിയായി പടിപടിയായി വികസിക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുവദിക്കപ്പെട്ട ഭൂമിയില്‍ ഒരു ഭാഗം നീലം കൃഷി ചെയ്യണമെന്ന് നിയമം വഴിതന്നെ സര്‍ക്കാരും ഭൂപ്രഭൂക്കളും കൃഷിക്കാരെ നിര്‍ബന്ധിച്ചിരുന്നു. ഇതിനെതിരായി നീലം കൃഷി ചെയ്തിരുന്ന ബംഗാളിലും ബീഹാറിലുമെല്ലാം കര്‍ഷകരുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും കലാപങ്ങളും വളരെ മുമ്പേ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ മേല്‍ സൂചിപ്പിച്ച 'തീന്‍കഠിയാ' സമ്പ്രദായം ഗാന്ധിജിയുടെ ഇടപെടലോടെയാണ് പൂര്‍ണ്ണമായും അവസാനിക്കുന്നത്.


എന്നാല്‍, ഇതിനും മുമ്പാണ് സംഘടിത തൊഴിലാളിവര്‍ഗ്ഗം ദേശീയ പ്രസ്ഥാനത്തില്‍ നേരിട്ട് ഇടപ്പെടുന്നത്. 1908ല്‍ ബാലഗംഗാധര തിലകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ പണിമുടക്കിക്കൊണ്ട് ശക്തമായി പ്രതിഷേധിക്കുകയുണ്ടായി. അത് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വളര്‍ച്ചയുടെ അളവുകോലായി സ. ലെനിന്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. 'ടിന' (TINA-There Is No Alternative), 'ടാമ' (TAMA-There Are Many Alternatives) പ്രഭാവത്തിന്റെ ഫലമായി പല ഇടതുപക്ഷ സംഘടനകള്‍ക്കും തൊഴിലാളി-കര്‍ഷക ഐക്യത്തിന്റെ വിഷയം മുഖ്യമായും ഒരു സൈദ്ധാന്തിക വിഷയം മാത്രമായിരുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംയുക്ത സമരം വികസിപ്പിക്കേണ്ടതിന്റെ വിഷയം ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും അടിയന്തിര പ്രയോഗത്തിന്റെ വിഷയമായി പൊതുവില്‍ അജണ്ടകളില്‍ ഉയര്‍ന്നുവരാറില്ല. അതായത് ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും എന്തെന്ത് മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഐക്യപ്പെടണം എന്ന വിഷയം ഗൗരവപൂര്‍വ്വം പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തില്‍, ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും കര്‍ഷക സംഘടനകള്‍ക്കും ശരിയായ ദിശാബോധം നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇടതുപക്ഷ പ്രസ്ഥാനം പൊതുവില്‍ സ്വയംവമിര്‍ശനപരമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്.


സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ച്, കര്‍ഷക സമരത്തിൻ്റെ മാത്രമല്ല, ജനാധിപത്യവിപ്ലവത്തിന്റെ തന്നെ മുന്നണിപ്പോരാളികളാണ് തങ്ങളെന്ന ധാരണ ഇനിയും രൂപപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുപോലെത്തന്നെ തങ്ങളെ വിമോചനത്തിലേക്ക് നയിക്കേണ്ടത് തൊഴിലാളി വര്‍ഗ്ഗമാണെന്ന കാഴ്ചപ്പാട് കര്‍ഷക ജനതയ്ക്കുമില്ല. കാരണം വ്യക്തമാണ്. ചമ്പാരനിലും ചൗരി ചൗരയിലും തുടങ്ങി എല്ലാ കഴിഞ്ഞകാല സമരങ്ങളുടേയും നേതൃത്വം അഖിലേന്ത്യാതലത്തില്‍ വഹിച്ചിരുന്നത് പൊതുവില്‍ മുതലാളിവര്‍ഗ്ഗം തന്നെയാണ്. മുതലാളിവർഗ്ഗമല്ല ആധുനിക സംഘടിത തൊഴിലാളിവർഗ്ഗമാണ് തങ്ങളുടെ നേതൃവർഗ്ഗ ശക്തി എന്ന ബോധ്യം കര്‍ഷകരുടെ ഉള്ളില്‍ നിന്നും സ്വയം രൂപപ്പെട്ടുവരേണ്ടതായ ഒരു ബോധം മാത്രമാണെന്ന് കാണുന്നത് തികച്ചും തെറ്റാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തൊഴിലാളി വര്‍ഗ്ഗത്തെ കര്‍ഷക ബോധ്യം (Peasant Concious) ഉള്ളവരാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ കര്‍ഷകരെ തൊഴിലാളിവർഗ്ഗവത്ക്കരിക്കുകയും (Pro letarianise) ചെയ്യേണ്ടതുമുണ്ട്. ആഗോളവത്ക്കരണ കാലത്ത് നാലു ലക്ഷത്തിലേറെ കര്‍ഷകര്‍ ആത്ഹത്യ ചെയ്തിട്ടും അതിനെതിരെ എന്തുകൊണ്ട് സംഘടിത പ്രതിഷേധങ്ങള്‍ രൂപംകൊണ്ടില്ല എന്നുള്ളതിനുള്ള ഉത്തരവും പരിമിതികളെ സംബന്ധിച്ച് മേല്‍സൂചിപ്പിച്ച വസ്തുതകളിൽ നിന്നുതന്നെ തേടേണ്ടതുണ്ട്. തൊണ്ണൂറുകളുടെ ആദ്യം ആഗോളവത്ക്കരണം ആരംഭിച്ചതിനെ തുടര്‍ന്ന് അതിനെതിരെ എണ്ണമറ്റ തൊഴിലാളി സമരങ്ങളും ഇരുപതോളം അഖിലേന്ത്യാ പണിമുടക്കുകളും നടന്നിട്ടുണ്ട്. ഒടുവിലത്തെ പണിമുടക്കില്‍ ഇരുപത് കോടിയിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. ഒരു പക്ഷെ, അതു തന്നെയായിരുന്നു ലോകം കണ്ട ഏറ്റവും വലിയ പണിമുടക്ക്. അതില്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ടായിരുന്നു.


കര്‍ഷക സംഘടനകളുടെ നേതാക്കളായ രാകേഷ് ടിക്കായത്ത്, ദര്‍ശന്‍സിംഗ് തുടങ്ങിയ പ്രമുഖരെല്ലാം തന്നെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്നും കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ മാത്രമാണ് അതില്‍ ഉള്ളടങ്ങിയിട്ടുള്ളതന്നും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയടക്കം ഇടതുപക്ഷ ധാരയില്‍പ്പെടുന്ന സംഘടനകളും മറ്റു നൂറു കണക്കിന് കര്‍ഷക സംഘടനകളും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ തികഞ്ഞ അച്ചടക്കത്തോടെയാണ് സമരത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അദാനി അംബാനിമാരടങ്ങുന്ന കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമം പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ല എന്ന് നിശ്ചയ ദാര്‍ഢ്യത്തോടെ അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ ഒഴിച്ചുനിര്‍ത്തി മാറ്റെല്ലാ സംഘടനകളുടെയും പിന്തുണ സ്വീകരിക്കുമ്പോഴും അവര്‍ തങ്ങളുടെ രാഷ്ട്രീയ നേതൃത്വമായി ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയെയും അംഗീകരിച്ചിട്ടില്ല എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. അതോടൊപ്പം, സമരവേദിയിലേക്ക് അവര്‍ ക്ഷണിച്ചിട്ടുള്ളത് രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകളെ മാത്രമാണെന്നുള്ളത് അവരുടെ രാഷ്ട്രീയ അന്തര്‍ഗതങ്ങള്‍ വ്യക്തമാക്കുന്നതാണ്. അദാനി - അംബാനിമാരുടെ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക എന്ന നിലപാടും സമരം നല്‍കുന്ന ദിശാബോധത്തിന്റെ സൂചകമായി മനസ്സിലാക്കാം.


കാര്‍ഷിക മേഖലയുടെ കോര്‍പ്പറേറ്റ് വത്ക്കരണത്തിനും സ്വകാര്യവത്ക്കരണത്തിനും എതിരായ സമരത്തിന് ദിശാബോധം നല്‍കാന്‍ രാജ്യത്തെ ഇടതുപക്ഷ ശക്തികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ എന്നത് വ്യക്തമാണ്. രണ്ട് ദശകമായി എം.എല്‍.പി.ഐ. ( റെഡ് ഫ്ലാഗ്‌ ) അടക്കമുള്ള വിഭാഗങ്ങള്‍ സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനും വര്‍ഗ്ഗീയ ഫാഷിസത്തിനുമെതിരെ 'ഇടതുപക്ഷ ബദല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍പ്പറഞ്ഞ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം സമരത്തിന്റെ പോര്‍മുഖങ്ങളില്‍ ഇനിയും ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് പറയട്ടെ. ഉദാരവത്ക്കരണ - സ്വകാര്യവത്ക്കരണ നയങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ സമൂര്‍ത്ത സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ മാര്‍ച്ച് 23ന് ധീരദേശാഭിമാനികളായ ഭഗത്സിംഗ്‌, രാജഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിദിനം ആചരിച്ചുകൊണ്ട്, വര്‍ഗ്ഗീയ ഫാഷിസമടക്കമുള്ള പ്രതിലോമ ശക്തികള്‍ ഇന്നുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനായി രാജ്യത്തെ എല്ലാ ദേശാഭിമാന, പുരോഗമനശക്തികളെയും അണിനിരത്തേണ്ടതിന്റെ ആവശ്യകത കര്‍ഷക നേതാക്കള്‍ കൃത്യമായി ചൂണ്ടിക്കാട്ടി.



കാര്‍ഷിക മേഖലയെ പുന:സംഘടിപ്പിക്കുക


കാര്‍ഷിക മേഖലയെ പുനസംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാനം തൊഴിലാളി - കര്‍ഷക ഐക്യമായിരിക്കണം. ഉല്പാദന രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉല്പാദന ഉപകരണങ്ങളുടെ വികാസവും അതിനനുസൃതമായ പുതിയ ഉല്പാദന ബന്ധങ്ങളും അനിവാര്യമാണ്. ഉല്‍പാദക സഹകരണ സംഘങ്ങള്‍ തന്നെയാണ് അതിനു പറ്റിയ ബദല്‍ മാര്‍ഗ്ഗം. തൊഴിലാളികള്‍ കര്‍ഷക തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ സംയുക്തമായ ഉല്പാദന രൂപങ്ങള്‍ എന്ന നിലിയിലേക്ക് ഉല്പാദക സഹകരണസംഘങ്ങള്‍ മാറേണ്ടതുണ്ട്. കാര്‍ഷിക മേഖലയോടൊപ്പം അനുബന്ധ മേഖലകളും വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ചിട്ടുളള വ്യവസായങ്ങള്‍ പൊതുമേഖലയിലും സഹകരണ മേഖലയിലും ഊന്നല്‍ നല്‍കി വികസിപ്പിക്കേണ്ടതുണ്ട്. വരും കാലങ്ങളില്‍ അപ്രകാരമുള്ള ബദലുകള്‍ ഒരു പ്രക്രിയയിലൂടെ വികസിച്ചുവരേണ്ടത് അനിവാര്യമായി തീരുകതന്നെ ചെയ്യും. വരും നാളുകളില്‍ അപ്രകാരമുള്ള സോഷ്യലിസ്റ്റ് ഉന്മുഖമായ വികാസമുണ്ടാക്കുന്നതിന് ഇടതുപക്ഷ ശക്തികള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.



ഭൂപരിഷ്‌കരണത്തോട് രണ്ട് വ്യത്യസ്ത സമീപനങ്ങള്‍


അഖിലേന്ത്യാ കിസാന്‍സഭ രൂപം കൊള്ളുന്നത്. ഒരു ദശക്കാലത്തെ സമരങ്ങള്‍ക്ക്‌ ശേഷം കിസാന്‍സഭ ഒരു വിപ്ലവ കര്‍ഷക പ്രസ്ഥാനമായി മാറി. തുടര്‍ന്നുള്ള ചരിത്രം ഇവിടെ പരാമര്‍ശിക്കുന്നില്ല. ഇതേ വര്‍ഷംതന്നെയാണ്‌ലഖ്‌നൗവിലും 1937ല്‍ ഫേസ്പൂരിലും കൂടിയ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാസമ്മേളനങ്ങള്‍ 'കൃഷിഭൂമി കര്‍ഷകന് ' എന്ന് മുദ്രാവാക്യമുയര്‍ത്തി. അന്ന് കോണ്‍ഗ്രസ്സിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് വിഭാഗക്കാരും കോണ്‍ഗ്രസ്സിനകത്തെ ഇടതുപക്ഷക്കാരും ഇത്തരം ഒരു നിലപാടെടുക്കാന്‍ സമ്മേളനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

1947-ആഗസ്റ്റ് 15ന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്ന ശേഷം അവര്‍ വന്‍കിട ഭൂവുടമകളുടെയും കുത്തക മുതലാളിമാരുടെയും താല്പര്യങ്ങളാണ് സംരക്ഷിച്ചത്. അതോടെ 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം കോണ്‍ഗ്രസ്സ് അജണ്ടയില്‍നിന്ന്തന്നെ എടുത്തുമാറ്റി. 1957-ല്‍ കേരളത്തില്‍ ഇ.എം.എസ്സ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ കാര്‍ഷിക ഭൂബന്ധനിയമം പാസ്സാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക ഭൂബന്ധനിയമം പാസ്സാക്കിയതിന്റെ പിറ്റേന്ന് കോണ്‍ഗ്രസ്സ് എല്ലാ വര്‍ഗ്ഗീയ-ജാതീയശക്തികളേയും കൂട്ടുപിടിച്ച് വിമോചനസമരം പ്രഖ്യാപിച്ചു. ഭൂരിപക്ഷമുണ്ടായിരുന്ന ഇഎംഎസ് സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. ഭൂപരിഷ്‌ക്കരണത്തിനുവേണ്ടി ശ്രമിക്കുന്ന മന്ത്രിസഭകളെ അട്ടിമറിച്ചുകൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് മനസ്സിലാക്കി. അതിനായി ജന്മി മുതലാളി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കാനാണ് തുടര്‍ന്ന് അവര്‍ ശ്രമിച്ചത്. അതിനായി ഫ്യൂഡല്‍ ഭൂപ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭൂക്കളാക്കുകയും വന്‍ കിട പാട്ടക്കാരായിരുന്ന ഒരു വിഭാഗത്തെ മുതലാളിത്ത രീതിയില്‍ കൃഷി ചെയ്യുന്ന ധനിക-കര്‍ഷക വിഭാഗമാക്കി വളര്‍ത്തിയെടുക്കുകയും ചെയ്തു. പക്ഷേ ഇത്തരം വിഭാഗക്കാരുടെ ജാതി-ജന്മി സ്വഭാവം തുടര്‍ന്നും നിലനിന്നു. ഗ്രാമപ്രദേശങ്ങളിലെ ഭരണവര്‍ഗ്ഗങ്ങളുടെ അടിത്തറ ഇവരായി മാറുകയും ചെയ്തു. ഹരിതവിപ്ലവം ആരംഭിച്ചതോടെ, ഇവര്‍ ഗ്രാമപ്രദേശങ്ങളിലെ സര്‍വ്വശക്തരായി മാറുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്, മുതലാളിത്ത ഭൂസ്വാമിമാരും പുതിയ ധനിക കര്‍ഷക വിഭാഗവും ഒരു വശത്തും, ദരിദ്ര കര്‍ഷകരും കര്‍ഷക തൊഴിലാളികളും മറുഭാഗത്തുമായി പലയിടങ്ങളിലും വൈരുദ്ധ്യങ്ങള്‍ രൂക്ഷമായി. ഇത് , യന്ത്രവൽക്കരണവും തൊഴിലില്ലായ്മയും മറ്റും വീണ്ടും വര്‍ദ്ധിപ്പിച്ചു.



ജനതാഭരണവും പുതിയ കര്‍ഷക പ്രസ്ഥാനവും:


അടിയന്തിരാവസ്ഥ പിന്‍വലിക്കുകയും ജനതാപാര്‍ട്ടി അധികാരത്തിലേറുകയും ചെയ്തതോടെ കഴിഞ്ഞ കാലത്ത് സംഘടിത കര്‍ഷക പ്രസ്ഥാന ഉന്നയിക്കാതിരുന്ന പുതിയ മുദ്രാവാക്യങ്ങളുമായി മുതലാളിത്ത ഭൂവുടകളുടെയും ധനിക കര്‍ഷകരുടെയും നേതതൃത്വത്തില്‍ പുതിയ കര്‍ഷക സംഘടനകൾ പ്രാദേശികമായി രൂപംകൊള്ളാന്‍ തുടങ്ങി. വടക്കേ ഇന്ത്യയില്‍ ജനതാ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന ചൗധരി ചരണ്‍ സിംഗാണ് അതിന്റെ മുഖ്യനേതാവായി രംഗത്ത് വന്നത്. ഇടതുപക്ഷ സംഘടനകളോടും കോണ്‍ഗ്രസ്സിനോടും ഇക്കാര്യത്തില്‍ മൗലികമായ ചില വിയോജിപ്പുകള്‍ ചരണ്‍സിംഗിനുണ്ടായിരുന്നു. ഇന്ത്യയുടെ ആസൂത്രണത്തിന്റെ ഗുരുതരമായ പാളിച്ചയുടെ ഫലമായി നാട്ടിപുറങ്ങള്‍ അവഗണിക്കപ്പെടുകയും ഗ്രാമപ്രദേശങ്ങളെ പിഴിഞ്ഞൂറ്റി കിട്ടുന്ന സമ്പത്തുകൊണ്ട് നഗരങ്ങള്‍ അതിസമ്പന്നമായിക്കൊണ്ടിരിക്കുകയാണെന്നു ചരണ്‍സിംഗ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് പുതിയ സാമ്പത്തിക ആസൂത്രണത്തിലൂടെ രാജ്യത്തെ പുനര്‍നിര്‍മ്മിക്കണമെന്നും ചരണ്‍സിംഗ് പറഞ്ഞു. അത്തരം കാഴ്ചപ്പാടനുസരിച്ച് തൻ്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥരചന നടത്തുകയും ചെയ്തു.


ഭൂപരിഷ്‌ക്കരണം നടന്നതോടെ പഴയ ഫ്യൂഡല്‍ ബന്ധങ്ങള്‍ ഇല്ലാതായി എന്നും എല്ലാവരും കര്‍ഷകരായി മാറിക്കഴിഞ്ഞുവെന്നും അവരെ നഗരങ്ങളിലെ അതിസമ്പന്നർ കൊള്ളയടിക്കുകയാണെന്നുമാണ് പുതിയ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ പൊതുവില്‍ പറഞ്ഞിരുന്നത്. ഇവ കൂടാതെ, കാര്‍ഷികോല്പത്തികള്‍ക്ക് ന്യായവില ലഭിക്കണം എന്ന മുദ്രാവാക്യം കർഷക പ്രസ്ഥാനം മുന്നോട്ടുവച്ചു. ഈ മുദ്രാവാക്യം കര്‍ഷക ജനസാമാന്യങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കി. ഇതുകൂടാതെ, കര്‍ഷകരുടെ ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചില മുദ്രാവാക്യങ്ങളും ഇത്തരം സംഘടനകള്‍ മുന്നോട്ടുവച്ചു.


ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഹരിയാനയിലും മറ്റും ചരണ്‍സിംഗിന്റെ അടുത്ത അനുയായിയായിരുന്ന മഹീന്ദ്രടിക്കായത്തും അദ്ദേഹത്തിന്റെ ഭാരതീയ കിസാന്‍ യൂണിയനു (BKU) മാണ് വടക്കേ ഇന്ത്യയിലെ പ്രധാന കര്‍ഷക സംഘടനയായി വളര്‍ന്നത്. BKU തങ്ങളുടെ ഡിമാന്റുകള്‍ വച്ച് ജനലക്ഷങ്ങളെ അണിനിരത്തി ഡല്‍ഹിയില്‍ കൂറ്റന്‍ റാലി നടത്തി. തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സും കര്‍ഷകരുടെ ഇതേ രീതിയിലുള്ള റാലികളും മറ്റും നടത്തി. ഭൂപരിഷ്‌ക്കരണങ്ങള്‍ക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ ഇന്ത്യാ കിസാന്‍ സഭയിൽ നിന്നും ഇടതുപക്ഷത്തിന്റെ മറ്റ് കര്‍ഷക സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ധനിക-കര്‍ഷകരുടെ നേതൃത്വത്തില്‍ ഒരു ധാര രൂപപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇതെല്ലാം കാണിക്കുന്നത്.


മഹാരാഷ്ട്രയില്‍ ശരത് ജോഷിയും കര്‍ണ്ണാടകയില്‍ രുദ്രപ്പയും തുടര്‍ന്ന് നഞ്ചുണ്ടസ്വാമിയും ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലാകട്ടെ, നാരായണസ്വാമി നായിഡുവും ശിവസ്വാമിയുമായിരുന്നു ധനികകര്‍ഷക സംഘടനകളുടെ നേതാക്കള്‍. ഇവര്‍ക്കെല്ലാം തന്നെ സ്വന്തം പ്രദേശത്ത് സാമാന്യം ജനപിന്തുണ ആര്‍ജ്ജിക്കാനായി. ആഗോളവല്‍ക്കരണത്തിന്റെ ആദ്യനാളുകളില്‍ മേല്‍പ്പറഞ്ഞ ധനിക-കര്‍ഷക വിഭാഗങ്ങള്‍ക്ക് പൊതുവില്‍ വളര്‍ച്ചയും നേട്ടങ്ങളും ഉണ്ടായെങ്കില്‍ അത് അധികകാലം നിലനിന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടമായപ്പോള്‍ ഇടത്തരം ധനികകര്‍ഷകരടക്കം വമ്പിച്ച പ്രതിസന്ധിയെ നേരിട്ടു. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും സബ്‌സിഡികള്‍ പടിപടിയായി വെട്ടിക്കുറച്ചതും കര്‍ഷകരുടെ കടപ്രതിസന്ധി രൂക്ഷമാക്കി. കര്‍ഷകരുടെ ആത്മഹത്യ നിത്യസംഭവമായി മാറി. ഈ ഘട്ടത്തില്‍ ബി.കെ.യു. നിരവധി പിളര്‍പ്പുകളെ നേരിട്ടു. ആഗോളവല്‍ക്കരണത്തിന്റെ മൂന്ന് പതിറ്റാണ്ട് കാലത്തിനുശേഷം വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. അതായത്, ബികെ.യു. വിന്റെ സ്ഥാപകനേതാവായിരുന്ന സീനിയര്‍ ടിക്കായത്തില്‍നിന്നും ഇപ്പോള്‍ ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പ്രമുഖനേതാക്കളിലൊരാളായ ജൂനിയര്‍ ടിക്കായത്തിലെത്തുമ്പോള്‍, പ്രസ്ഥാനത്തിന്റെ രൂപഭാവങ്ങളില്‍ ഗുണാത്മകമായ ഒരു മാറ്റം കൃത്യമായി കാണാവുന്നതാണ്. ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള മുഖ്യഇടതുപക്ഷവിഭാഗമടക്കം എല്ലാ ഇടതുപക്ഷധാരകളുമായി യോജിച്ചുകൊണ്ടാണ് ഇന്ന് ഇന്ത്യയിലെ സംഘടിത കര്‍ഷകപ്രസ്ഥാനം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. എഴുപതുകളുടെ അവസാനം രൂപംകൊണ്ട ധനിക കര്‍ഷക സംഘടനകള്‍, 'നഗരങ്ങള്‍ ഗ്രാമങ്ങളെ കൊള്ളയടിക്കുന്നു' എന്നു തുടങ്ങിയ അവ്യക്തവും അരാഷ്ട്രീയവുമായ മുദ്രാവാക്യങ്ങളാണ് ഉന്നയിച്ചതെങ്കില്‍ ഇന്ന് അതിൽ നിന്നും ഗുണപരമായി വ്യത്യസ്ഥമായ രീതിയിൽ ഇന്ത്യന്‍ കര്‍ഷകപ്രസ്ഥാനം കരുത്തും പക്വതയും ആര്‍ജ്ജിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്.


മോദി സർക്കാർ തീവ്രതയോടെ നടപ്പാക്കുന്ന സാമ്രാജ്യത്വ ആഗോളവൽക്കരണ നയ നടത്തിപ്പിനെതിരായ ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഉയർന്നു വരുന്ന സംഘടിത തൊഴിലാളിവർഗ്ഗ ശക്തിയുമായി എത്രമേൽ ഐക്യപ്പെട്ട് ഇന്ത്യൻ കർഷകപ്രസ്ഥാനത്തിന് മുന്നേറാനാകും എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഈ രണ്ട് വർഗ്ഗശക്തികളേയും ഐക്യപ്പെടുത്തേണ്ടതായ കടമ നിർവ്വഹിച്ചുകൊണ്ട് അതിനുത്തരം നൽകേണ്ടത് രാജ്യത്തെ ഇടതുപക്ഷ ശക്തികളാണ്.