അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ - പി. സി. ഉണ്ണിച്ചെക്കൻ

 അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ 

പി. സി. ഉണ്ണിച്ചെക്കൻ
 


കോവിഡ് മഹാമാരി രാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുമ്പോഴാണ് 2020 ഓഗസ്റ്റ് 5-ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തിയത്‌. കർണ്ണാടകയിലെ വിജയേന്ദ്ര ശർമ്മ എന്ന പൂജാരി കുറിച്ചയച്ച മൂന്നു ദിവസങ്ങളിൽ ഒന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശമായി ഭരണഘടനയിൽ ഉൾക്കൊള്ളിച്ച 370-ാം വകുപ്പ് റദ്ദാക്കിയ ഓഗസ്റ്റ് 5-നു തന്നെ തറക്കല്ലിടാൻ ആണ് മോദി സർക്കാർ തീരുമാനിച്ചത്. ''ഇന്ത്യയുടെ മഹനീയ ചരിത്രത്തിൽ ദീർഘകാലം സ്മരിക്കപ്പെടേണ്ട ചരിത്ര പ്രധാനമായ ദിവസമാണ് ഓഗസ്റ്റ് 5'' എന്നാണ് RSS തലവൻ മോഹൻ ഭാഗവത് തറക്കല്ലിടൽ വേളയിൽ പറഞ്ഞത്. തറക്കല്ലിടൽ കർമ്മത്തിന്റെ യജമാനനായി മോദിയെ ക്ഷണിച്ചുകൊണ്ട് മുഖ്യപൂജാരി നടത്തിയ ക്ഷണം, ശ്രീരാമനെ മാത്രമല്ല, മുഴുവൻ ഹിന്ദു ദൈവങ്ങളേയും രാഷ്ട്രീയ ആയുധമാക്കാം എന്ന് ധ്വനിപ്പിക്കുന്ന ഒന്നായിരുന്നു: "ഇത് നമ്മുടെ ദൈവങ്ങളുടെ കരുണാർദ്രതയാണ്. ഈ ദിവസം സമാഗതമാവാൻ നൂറ്റാണ്ടുകളായി വിശ്വാസികൾ കാത്തിരിക്കുകയായിരുന്നു. പക്ഷേ രാമമന്ദിരം പണിയുന്ന ഈ കർമ്മം നിറവേറ്റുന്നതിന് തന്റെ ഇഷ്ടസന്താനമായ താങ്കൾ തന്നെ വേണമെന്നാണ് ഭാരത മാതാവ് ആഗ്രഹിച്ചത്."

ബാബറി മസ്ജിദിനുള്ളിൽ രാമക്ഷേത്രം പണിയണമെന്ന ആവശ്യം ഉയർന്നിട്ട് ഏതാണ്ട് 35 വർഷത്തോളമേ ആയിട്ടുള്ളു. ഇതിനെയാണ് നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് എന്നു വിശേഷിപ്പിക്കുന്നത്. 

'' I, Narendra Modi, on behalf of the people of India'' എന്നു പറഞ്ഞുകൊണ്ടാണ് മോഡി ശിലാന്യാസ പ്രതിജ്ഞ തുടങ്ങിയതു തന്നെ.  ഈ കല്ലിടൽ കർമ്മത്തെ പുതിയ രാഷ്ട്രത്തിന്റെ തുടക്കം എന്നും പള്ളി പൊളിച്ചവരെ സ്വാതന്ത്ര്യ സമര സേനനികൾ എന്നും വിശേഷിപ്പിച്ചാണ് മോഡി പ്രസംഗിച്ചത്. അധികാരാരോഹണ വേളയിൽ എടുത്ത "ഭരണഘടനയോട് നിർവ്യാജമായ വിശ്വാസ്യതയും കൂറും പുലർത്തുമെന്നും പക്ഷപാതമോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്നു"മുള്ള സത്യപ്രതിജ്ഞയുടെ ലംഘനമാണ് മോഡി നടത്തിയിരിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയ നിർമ്മാണത്തിന് ഭരണകർത്താക്കൾ തന്നെ കാർമ്മികത്വം വഹിച്ചിരിക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ട കോടതികൾ പോലും അതിന്റെ കർത്തവ്യം മറന്ന കാലത്താണ് നാം ജീവിക്കുന്നത്. 

ഭരണകൂടത്തെ നിയന്ത്രിക്കാനുള്ള അധികാരം ഹിന്ദുക്കൾക്ക് ആയിരിക്കണം എന്നു പറഞ്ഞതിന്റെ പ്രാധാന്യമാണ് അയോധ്യയിലെ ശിലാസ്ഥാപനം പഠിപ്പിക്കുന്നത് എന്ന് ബി.ജെ.പി എം.പി. തേജസ്വി സൂര്യയുടെ പ്രസ്താവനയും RSS സ്വപ്നം കണ്ട ദിനവും പുതിയ ഇന്ത്യയുടെ തുടക്കവുമാണ് ഇതെന്നുമുള്ള മോഹൻ ഭഗവതിന്റെ പ്രസ്താവനയും അവരുടെ ഗൂഢലക്ഷ്യം എന്താണെന്നു വ്യക്തമാക്കുന്നുണ്ട്. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യവും ക്രൂരവുമായ നടപടി ആയിരുന്നു ഗാന്ധിജിയുടെ വധവും 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത സംഭവവും. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം രാജ്യത്ത് ചോരപ്പുഴകൾ ഒഴുകിയത് സംഘപരിവാർ ആസൂത്രണം ചെയ്ത വർഗ്ഗീയ കലാപങ്ങളുടെ ഫലമായിട്ടാണ്. ഭരണഘടനയെ വെറുമൊരു പുസ്തകമാക്കി ന്യൂനീകരിക്കുകയും അതിന്റെ അന്ത:സത്തയെ തകർത്തെറിയുകയും ചെയ്ത ദിനമാണ് ഓഗസ്റ്റ് 5. 


ബ്രിട്ടീഷുകാർ നട്ട വിഷവിത്ത് 

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പ്രകടമായിരുന്ന ഹിന്ദു-മുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണാധികാരികൾ, റോമാക്കാരുടെ പഴയ രാഷ്ട്രതന്ത്രമായ 'Divide et impera' - ഭിന്നിപ്പിച്ചു ഭരിക്കുക - എന്ന തന്ത്രം പ്രയോഗിച്ചു തുടങ്ങി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആചാര്യനായ വി.ഡി. സവർക്കർ ഒരു പൂർണ്ണ വർഗ്ഗീയവാദിയാകുന്നതിനു മുൻപ് 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ  ഉദ്ധരിച്ച് ചേർത്ത ചാൾസ് ബാളിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'അത്ര അപ്രതീക്ഷിതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തിൽ തന്നെ വിരളമാണ്'. ജോർജ് W. ഫോറസ്റ്ററും ഇങ്ങനെ വിലയിരുത്തി: 'ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവം ഉണ്ടാക്കുന്നതിന് സാധ്യത ഉണ്ടെന്നതിൽ കവിഞ്ഞ് ഇന്ത്യൻ വിപ്ലവം നൽകുന്ന മറ്റൊരു മുന്നറിയിപ്പില്ല'. ഇത്തരമൊരു ഐക്യം ഉണ്ടാവുന്നതിനെ തടയാൻ ബ്രിട്ടീഷുകാർ മുൻപേ കരുക്കൾ നീക്കിയിരുന്നു. 1843-ൽ ഗവർണർ ജനറൽ ആയിരുന്ന എല്ലെൻ ബറോ പ്രഭു വെല്ലിങ്ടൺ പ്രഭുവിന് ഇങ്ങനെ എഴുതി: 'മുഹമ്മദീയർ അടിസ്ഥാനപരമായി ബ്രിട്ടീഷുകാർക്കും അവരുടെ നയങ്ങൾക്കും എതിരാണ്. അതിനാൽ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിൽ ആവുന്നതായിരിക്കണം.' ഹിന്ദുക്കളേയും മുസ്ലീങ്ങളേയും സാഹചര്യങ്ങൾക്ക് അനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾക്കുള്ളത്. 

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ രണോജ്വലമായ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് അയോദ്ധ്യയിലേത്. ഹിന്ദുവും മുസൽമാനും തോളോടു തോൾ ചേർന്ന് ബ്രിട്ടീഷ് ഭരണത്തെ എതിർത്തു. ജനങ്ങൾ ബ്രിട്ടനെതിരെ പട നയിച്ചപ്പോൾ ഹിന്ദു മത പുരോഹിതരായ മഹന്തുക്കളിൽ ഭൂരിപക്ഷവും ബ്രിട്ടീഷ് പാദസേവയുടെ ദൗത്യമാണ് നിർവ്വഹിച്ചത്. ഇതിന് പാരിതോഷികമായി ബാബറി മസ്ജിദിനു മുന്നിലുള്ള ഭൂമി മഹന്തുക്കൾക്ക് നൽകി. 1859-ൽ ബ്രിട്ടീഷ് റസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കേ ഗോപുരം വഴി ആക്കണം എന്ന ഉത്തരവും ഇറക്കി. ഫൈസാബാദിലെ അന്നത്തെ മൗലവി അമീർ അലിയും മഹന്ത് രാംചരൺദാസും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കലിനെതിരെ ഒന്നിച്ചുനിന്നു. ഇതിൽ വിറളി പൂണ്ട ബ്രിട്ടീഷുകാർ പ്രതികാര ബുദ്ധിയോടെ 1858 മാർച്ച് 10-ന് ഈ രണ്ടു നേതാക്കളേയും പരസ്യമായി തൂക്കിക്കൊന്നു. അവരെ തൂക്കിലേറ്റിയ ആൽമരത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങിയപ്പോൾ അതും മുറിച്ചു മാറ്റി. തോക്കുകൊണ്ടു മാത്രം ഭരണം നിർവ്വഹിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെ വ്യാജ ചരിത്ര നിർമ്മിതിക്ക് അവർ തുടക്കം കുറിച്ചു. ജെയിംസ് മിൽ, ക്രിസ്ത്യൻ ലാസർ തുടങ്ങി ഒട്ടേറെ പേർ ഈ സാമ്രാജ്യത്വ ദൗത്യം നടത്താൻ രംഗത്തിറങ്ങി. ഇന്ത്യാ ചരിത്രത്തെ ഹിന്ദു, മുസ്ലീം, യൂറോപ്യൻ എന്നിങ്ങനെ വർഗ്ഗീയവും വംശീയവുമായ വ്യത്യസ്ത ഘട്ടങ്ങളായി തരം തിരിച്ചു. 

1813-ൽ 'ബാബർ നാമ'-യുടെ പരിഭാഷ ജോൺ ലേയ്ഡൻ നിർവഹിച്ചതും ഇത്തരമൊരു ദുഷ്ടലാക്കോടെ ആയിരുന്നു. പട്ടാണികൾക്ക് എതിരായ പടനീക്കത്തിനിടയിൽ 1528 മാർച്ചിൽ ബാബർ അയോദ്ധ്യയിലൂടെ കടന്നുപോയി എന്ന് ജോൺ ലേയ്ഡൻ വാദിച്ചു. ഈ വാക്കിനെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇതുമായി ബന്ധപ്പെട്ട കെട്ടുകഥകൾ മെനഞ്ഞുണ്ടാക്കിയത്. ലഖ്നൗവിലെ റസിഡന്റ് ആയിരുന്ന കർണൽ സ്ലീമാനാണ് രാമജന്മഭൂമി പ്രശ്നം ഊതിക്കത്തിച്ചവരിൽ പ്രമുഖൻ. 1867-ൽ അയോദ്ധ്യ ഉൾപ്പെടുന്ന താലൂക്കായ ഫൈസാബാദിൽ സെറ്റിൽമെന്റ് ഓഫീസർ ആയിരുന്ന കർണാൽജി ഫൈസാബാദിന്റെ ഒരു ചരിത്രം തയ്യാറാക്കി. 'അയോദ്ധ്യയിലെ ശ്രീരാമ ജന്മസ്ഥാനത്ത് നല്ലൊരു ക്ഷേത്രം ഉണ്ടായിരുന്നിരിക്കണം' എന്നും '1528-ൽ ബാബർ അയോദ്ധ്യ സന്ദർശിച്ചിട്ടുണ്ട് ' എന്നും 'അദ്ദേഹത്തിന്റെ കല്പന പ്രകാരം ഈ പുരാതന ക്ഷേത്രം നശിപ്പിച്ചിട്ടുണ്ട് എന്നു തോന്നുന്നു' എന്നും അദ്ദേഹം സങ്കല്പിച്ചു.1813-ൽ ജോൺ ലേയ്ഡൻ പറഞ്ഞത് "ബാബർ അയോധ്യയിൽ വന്നിട്ടുണ്ടാകാം" എന്നാണ്. 1861-ൽ കർണാൽജി പറഞ്ഞത് "രാമജന്മസ്ഥാനത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നിരിക്കാം" എന്നാണ്. ഇങ്ങനെ ബ്രിട്ടീഷുകാരുടെ തോന്നലുകളാലും ഊഹോപോഹങ്ങളാലുമാണ് രാമജന്മ ഭൂമി പ്രശ്നത്തിന് മജ്ജയും മാംസവും രൂപപ്പെടുന്നത്. (രാമജന്മഭൂമി, ചരിത്രവും ഭൂമിശാസ്ത്രവും - ടി.വി. അച്യുതവാര്യർ). ബ്രിട്ടീഷുകാരിൽ നിന്ന് അധികാരം കൈമാറിക്കിട്ടിയ കോൺഗ്രസ്സുകാരും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം തന്നെയാണ് പിന്തുടർന്നത്.


ബാബറി മസ്ജിദും കോൺഗ്രസ്സും 

കോൺഗ്രസ്സിലെ ഒരു വിഭാഗം എല്ലാക്കാലത്തും പരസ്യവും രഹസ്യവുമായി ഹിന്ദു വർഗ്ഗീയവാദികളുമായി ബന്ധം പുലർത്തി പോന്നിട്ടുണ്ട്. കോൺഗ്രസ്സിന്റെ രാഷ്ട്രീയ ശക്തിയും RSS-ന്റെ സാംസ്കാരിക ശക്തിയും (സംഘടനാ ശക്തി) ഒന്നിച്ചു ചേരണമെന്ന ഗോൾവാൾക്കറുടെ സ്വപ്നം കോൺഗ്രസ്സിലെ ഒരു വിഭാഗം എന്നും പങ്കിട്ടിട്ടുണ്ട്. ഇന്നും അതു തുടരുന്നു. ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം ഒരു വർഷക്കാലം മാത്രമാണ് RSS-നെ നിരോധിച്ചത്. നെഹ്റു വിദേശത്ത് ആയിരുന്ന തക്കം നോക്കി RSS-കാർക്ക് കോൺഗ്രസ്സിൽ അംഗത്വം നൽകാൻ വർക്കിങ് കമ്മിറ്റി തീരുമാനിച്ചു. നെഹ്രുവിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് 1949 നവംബറിലാണ് ആ തീരുമാനം പിൻവലിച്ചത്. ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം ഒളിച്ചു കടത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചതും ഈ കൂട്ടുകെട്ടായിരുന്നു.

കോൺഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന ആചാര്യ നരേന്ദ്ര ദേവ് കോൺഗ്രസ്സിൽ നിന്ന് രാജി വച്ചതോടൊപ്പം ഫൈസാബാദിലെ എം.പി. സ്ഥാനവും ഉപേക്ഷിച്ചു. ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ബാബാ രാഘവദാസ് എന്നൊരു സന്യാസിയെയാണ് കോൺഗ്രസ്സ് നേതൃത്വം കണ്ടെത്തിയത്. ഹിന്ദുമഹാസഭാ നേതാവ് ദിഗ്‌വിജയ നാഥ്, സ്വാമി കർപദ്നി തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ 9 ദിവസം നീണ്ടുനിന്ന അഖണ്ഡനാമ പരിപാടി സംഘടിപ്പിച്ചു. 1949 ഡിസംബർ 22-ന് അർദ്ധരാത്രി അധിറാം ദാസിന്റെ നേതൃത്വത്തിൽ അറുപതംഗ സംഘം പള്ളിയിൽ അതിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ. നായരാണ് ഇതിനു ചുക്കാൻ പിടിച്ചത്. അന്നത്തെ UP മുഖ്യമന്ത്രി ഗോവിന്ദ വല്ലഭായ് പന്തിന്റെ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു. വിഗ്രഹം സരയൂ നദിയിലേക്ക് എടുത്തെറിയാൻ പറഞ്ഞ നെഹ്രുവിന്റെ വാക്ക് ഇവരാരും കേട്ടില്ല. ശ്രീരാമ വിഗ്രഹം സ്വയംഭൂ ആയി പ്രത്യക്ഷപ്പെട്ട വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സർക്കാർ ചെലവിൽ പൂജയും ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പിൽ ആചാര്യ നരേന്ദ്ര ദേവ് പരാജയപ്പെടുകയും ബാബാ രാഘവദാസ് എം.പി. ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അടുത്ത തെരെഞ്ഞെടുപ്പിൽ കെ.കെ. നായർ ജോലി രാജി വച്ച് MLA ആയി. പിന്നീട് ജനസംഘം എം.പി-യുമായി. രാജി വയ്ക്കുന്നതിനു മുൻപ് ബാബറി മസ്ജിദ് പൂട്ടാനും ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാദേവി പിന്നീട് ജനസംഘം MP-യുമായി. 

1949 ഡിസംബർ 23-ന് അയോദ്ധ്യ പോലീസ് സ്റ്റേഷനിൽ മാതാ പ്രസാദ് എന്ന പോലീസുകാരൻ എസ്. ഐ. രാം ധൂപെയുടെ മുൻപാകെ ഹാജരാക്കിയ FIR-ൽ ഈ സംഭവത്തെ കുറിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്: "തലേന്നു രാത്രി ബാബറി മസ്ജിദിന്റെ പൂട്ട് കുത്തിത്തുറന്ന് ഒരു സംഘം ആളുകൾ മസ്ജിദിനകത്ത് പ്രവേശിച്ചു. അവിടെ ശ്രീരാമചന്ദ്രന്റെ പ്രതിമ സ്ഥാപിച്ചു. അവർ പള്ളിക്കകത്ത് ബലാൽക്കാരമായി പ്രവേശിക്കുകയും പരിശുദ്ധി നശിപ്പിക്കുകയും ചെയ്തു." 1950 ഏപ്രിൽ 24-ന് ഫൈസാബാദ് ഡെപ്യൂട്ടി കമ്മീഷണർ ജെ.എൻ. അഗർവാൾ മുൻപാകെ ഹാജരാക്കിയ തെളിവുകൾ ആരാണ് കുറ്റവാളികൾ എന്നു വ്യക്തമാക്കിയിരുന്നു. 

കോൺഗ്രസ്സിനുള്ളിൽ നിന്നു തന്നെ ഈ ഹീന നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. വിഗ്രഹം സരയൂവിലേക്ക് വലിച്ചെറിയാൻ നെഹ്റു ആവശ്യപ്പെട്ടെങ്കിലും UP മുഖ്യമന്ത്രി പാന്ത് അത് ചെവിക്കൊണ്ടില്ല. ഫൈസാബാദിലെ DCC സെക്രട്ടറി ആയിരുന്ന അക്ഷയ് ബ്രഹ്മചാരി ഈ കള്ളക്കളിക്കെതിരെ രംഗത്തെത്തി. കോൺഗ്രസ്സ് തുടങ്ങിവച്ച ഈ കളി രാജ്യത്തെ ഭസ്മമാക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ വർഗ്ഗീയത കലർത്തുന്നതിനെതിരെ അദ്ദേഹം നിരാഹാരം ആരംഭിച്ചു. അദ്ദേഹത്തിന്റെ നിരാഹാര പന്തലും ആശ്രമവും തീ വച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ലഖ്‌നൗലിലേക്ക് ഓടിപ്പോകേണ്ടി വന്നു.

1975-ലെ അടിയന്തിരാവസ്ഥക്കു ശേഷം കോൺഗ്രസ് ഒരിക്കൽ കൂടി ഹിന്ദു കാർഡ് കളിച്ചു. 1983-ൽ ഹരിദ്വാറിലെ ഏകാത്മ യജ്ഞത്തിൽ ഇന്ദിരാഗാന്ധി പങ്കെടുത്തത് തന്റെ നിലപാട് വെളിപ്പെടുത്താൻ കൂടിയാണ്. ആ വർഷം ജമ്മു കാശ്മീരിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി-യെ തഴഞ്ഞ് RSS കോൺഗ്രസ്സിനെ പിന്തുണച്ചു. 1984-ലെ വിജയദശമി ദിനത്തിൽ RSS മേധാവി ദേവരശ് കോൺഗ്രസ്സിനോട് വിരോധമില്ലെന്നു പ്രഖ്യാപിച്ചതോടെ ഈ ബന്ധം പരസ്യമായി. 1984-ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി അയോധ്യയിൽ നിന്നാണ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. 

1986 ഫെബ്രുവരി 1-ന് ഹിന്ദുക്കളുടെ ആരാധനക്കായി ബാബറി മസ്ജിദിന്റെ കവാടം തുറന്നുകൊടുത്തു. ഷാ ബാനു കേസിലെ കോടതി വിധിയെ മറികടക്കാനായി നിയമനിർമ്മാണം നടത്തിക്കൊണ്ട് മുസ്ലീം വർഗ്ഗീയവാദികളെ പ്രീണിപ്പിച്ചു. തർക്കഭൂമി എന്ന് അലഹബാദ് ഹൈക്കോടതി വിധിച്ച സ്ഥലത്ത് 1989 നവംബർ 9-ന് ശിലാന്യാസത്തിന് അനുമതി നൽകി. പ്രമുഖ മാധ്യമ പ്രവർത്തകനായ ദിനേശ് നാരായണൻ രചിച്ച The RSS and the making of the deep nation എന്ന കൃതിയിൽ രാജീവ് ഗാന്ധി RSS-ന് നൽകിയ സഹായങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 92 നവംബർ 23-ന് അയോദ്ധ്യ പ്രശ്‌നത്തിൽ സാമുദായിക സൗഹാർദ്ദവും നിയമവാഴ്ചയും ഭരണഘടനയും ഉയർത്തിപ്പിടിച്ചുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശീയോദ്ഗ്രഥന സമിതി യോഗം പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്ന് 1992 നവംബർ 25-ന് സുപ്രീം കോടതി വിധിച്ചു. പക്ഷേ റാവു ഭരണകൂടം രാജ്യത്തേയും ഭരണഘടനയേയും മതേതരത്വത്തേയും നിയമവാഴ്ചയേയും സംരക്ഷിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. രാജ്യത്തെമ്പാടും വർഗ്ഗീയ കലാപങ്ങൾ പടർന്നു പിടിച്ചപ്പോഴും കേന്ദ്രമന്ത്രിസഭാ യോഗം പോലും വിളിച്ചു ചേർത്തില്ല. ഡിസംബർ 12-നാണ് റാവു മൗനം ഭഞ്ജിച്ചത്. ബി.ജെ.പിക്കാർ തന്നെ പറ്റിച്ചു എന്നായിരുന്നു ആ തിരുമൊഴി. 

സുപ്രീം കോടതിക്കും കേന്ദ്രസർക്കാരിനും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച UP-യിലെ കല്യാൺ സിംഗ് സർക്കാരിനെതിരെ നടപടി എടുക്കാത്തതിനും പട്ടാളത്തെ 10 കിലോമീറ്റർ അകലെ നിർത്തിയതിനും പറഞ്ഞ ന്യായങ്ങൾ അവരുടെ കാപട്യത്തെ വിളിച്ചോതിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് അനുവദിക്കാത്തതാണ് പട്ടാളത്തെ അകറ്റി നിർത്താനുള്ള കാരണമായി പറഞ്ഞത്.  ആഭ്യന്തര കുഴപ്പങ്ങളിൽ പെട്ടുഴലുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന്‌ അനുവാദം നൽകുന്നതാണ് 355-ാം വകുപ്പ്.  യൂണിയൻ ലിസ്റ്റ് 2A പ്രകാരം കേന്ദ്രത്തിന് എവിടെ വേണമെങ്കിലും പട്ടാളത്തെ അയക്കാം. അതിനൊരു ജില്ലാ മജിസ്ട്രേറ്റിന്റേയും അനുവാദം ആവശ്യമില്ല. 

1992 ഡിസംബർ 6-ന് അയോദ്ധ്യയിലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഡി. ബി. റായ്, മസ്ജിദ് തുറന്നു കൊടുക്കാൻ ഉത്തരവിട്ട മജിസ്‌ട്രേറ്റ് കെ.എൻ. പാണ്ഡേ, ഇതിന്മേലുള്ള അപ്പീൽ പരിഗണിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി അഗർവാൾ തുടങ്ങിയവർ എല്ലാം VHP യുടേയും BJP യുടേയും നേതാക്കൾ ആവുകയും പിന്നീട് എം.പി മാർ ആവുകയും ചെയ്തു. ഇവരുടെ ഗൂഢപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ അവർക്കൊപ്പം നിൽക്കുകയോ ആയിരുന്നു, കേന്ദ്ര സർക്കാർ. 

1992 ഡിസംബർ 12-ന്, "ബിജെപിക്കാർ തന്നെ വഞ്ചിച്ചു" എന്നു പറഞ്ഞ റാവു ഒരു ധവളപത്രം ഇറക്കുമെന്നു കൂടി പ്രഖ്യാപിച്ചിരുന്നു. 1993 ജനുവരി 4-ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി എം.എം. ജേക്കബ് ഒരു ധവളപത്രം തയ്യാറാക്കി മന്ത്രിമാർക്ക് വിതരണം ചെയ്തു. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നപ്പോൾ അതു പിൻവലിച്ച് മറ്റൊന്നു തയ്യാറാക്കി. അതിനെതിരേയും വിമർശനം ഉയർന്നപ്പോൾ ഒരു കാബിനറ്റ് കമ്മിറ്റിക്ക് അതിന്റെ ഉത്തരവാദിത്തം വിട്ടുകൊടുക്കാൻ തീരുമാനിച്ചു. അന്ന് കേന്ദ്ര മന്ത്രിസഭയിൽ ഇല്ലാതിരുന്ന ദിനേശ് സിംഗിനേയും പ്രണബ് മുഖർജിയേയുമാണ് ഇതിനായി നിയോഗിച്ചത്. മന്ത്രിസഭയുടെ  ഉള്ളിൽ നടക്കുന്ന കാര്യങ്ങളെ പൂർണ്ണരൂപത്തിൽ ജനങ്ങളെ അറിയിക്കുന്നതിനെയാണ് ധവളപത്രം എന്നു പറയുന്നത്. 

1992 ഡിസംബർ 27-ന് തർക്ക പ്രദേശങ്ങൾ ഏറ്റെടുക്കാനും മന്ദിറും മസ്ജിദും പണിയാനും 2 ഓർഡിനൻസുകൾ ഇറക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 1993 ജനുവരി 7-ന് പള്ളിയും അമ്പലവും പണിയാൻ 2 ട്രസ്റ്റുകൾ രൂപീകരിക്കാനുള്ള ഓർഡിനൻസും ഇറക്കിയിരുന്നു. പള്ളി പൊളിക്കാൻ നേതൃത്വം കൊടുത്ത അദ്വാനി ആകട്ടെ, രാജ്യത്തോട് ക്ഷമായാചനം നടത്തുകയും ചെയ്തു. 1528-ൽ മസ്ജിദു പണിയുമ്പോൾ അവിടെ അമ്പലം നിലനിന്നിരുന്നോ എന്നു പരിശോധിക്കാൻ ഭരണഘടനയുടെ 143-ാം വകുപ്പു പ്രകാരം സുപ്രീം കോടതിക്ക് റഫർ ചെയ്തു. ഈ പ്രഖ്യാപനം നടത്തിയ അതേ ദിവസം തന്നെ രാമവിഗ്രഹ ദർശനം നടത്താൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ഡിസംബർ 28-നു തന്നെ സന്യാസിമാർ അടങ്ങുന്ന ഒരു സംഘത്തിന് ദർശനാനുവാദം നൽകിക്കൊണ്ടും തർക്ക സ്ഥലത്തെ ആരാധനക്കുള്ള ക്ഷേത്രമായി അംഗീകരിച്ചു കൊണ്ടും ഡിസംബർ 6-ന്റെ നശീകരണ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുകയാണ് റാവു സർക്കാർ ചെയ്തത്.  

1980-കളുടെ ആദ്യം അമേരിക്കയിൽ വച്ചാണ് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. അവിടെ വച്ചാണ് മൂവായിരത്തോളം ആരാധനാലയങ്ങളുടെ കാര്യത്തിൽ തർക്കമുന്നയിക്കാൻ തീരുമാനിച്ചത്. അമ്പലങ്ങൾ പൊളിച്ചു മാറ്റിയ ശേഷം അവക്കു മേൽ പണിത പള്ളികളാണെന്ന് അവർ തീരുമാനിച്ച 144 പള്ളികൾ തിരിച്ചുപിടിക്കുന്നതിനായി 'ധർമ്മസ്ഥാൻ മുക്തി യജ്ഞ സമിതി'ക്ക് രൂപം കൊടുക്കുകയും ബാബറി മസ്ജിദ് ആദ്യ ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ രാമജന്മഭൂമി മുക്തി യജ്ഞസമിതിക്കും രൂപം നൽകി. 1986 മാർച്ച് 9-ന് രാമജന്മഭൂമിയുടെ വിമോചനദിനമായി ആചരിച്ച് VHP പ്രക്ഷോഭമാരംഭിച്ചു. മുസ്ലീം സംഘടനകൾ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്കും രൂപം നൽകി. 1986 ജനുവരി 25-ന് ഒരു ഹിന്ദു അഭിഭാഷകൻ, തനിക്കും മറ്റു ഹിന്ദുക്കൾക്കും രാമക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം നൽകണം എന്നാവശ്യപ്പെട്ട് ഹർജി നൽകി. ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന ജില്ലാ മജിസ്ട്രേറ്റിന്റേയും പോലീസ് സൂപ്രണ്ടിന്റേയും സത്യവാങ്മൂലത്തെ തുടർന്ന് 1986 ഫെബ്രുവരി 1-ന് ഹിന്ദുക്കളുടെ ആരാധനക്കു വേണ്ടി ബാബറി മസ്ജിദിന്റെ കവാടം സർക്കാർ തുറന്നു കൊടുത്തു.

സംഘപരിവാർ വാദങ്ങൾ 

അയോദ്ധ്യയിൽ പണ്ടുണ്ടായിരുന്ന രാമക്ഷേത്രം നാലാം നൂറ്റാണ്ടിൽ വിക്രമാദിത്യൻ പുതുക്കി പണിതെന്നും ബാബറുടെ ഗവർണ്ണർ ആയ മിർ ബാക്വി അത് നശിപ്പിച്ചാണ് ബാബറി മസ്ജിദ് പണിതത് എന്നുമാണ് സംഘ പരിവാർ ശക്തികളുടെ അവകാശവാദം. രാമജന്മഭൂമി പ്രചാരണ കാലത്ത് ചരിത്രമെന്ന മട്ടിൽ ഒട്ടേറെ പുസ്തകങ്ങളും ലഘുലേഖകളും അവർ പ്രസിദ്ധീകരിച്ചു. മതഗ്രന്ഥങ്ങളുടെ രീതിയിൽ വിവരിക്കപ്പെട്ട അയോധ്യയുടെ 'ചരിത്ര'മടങ്ങുന്ന ലഘുലേഖകൾ തീർത്ഥാടന കേന്ദ്രങ്ങളിലും മതസ്ഥാപനങ്ങളിലും വ്യാപകമായി വിതരണം ചെയ്തു. ശ്രീരാമ ജന്മഭൂമിയുടെ രോമാഞ്ചജനകമായ ചരിത്രം', 'ശ്രീരാമ ജന്മഭൂമിയുടെ രക്താഞ്ചിതമായ ചരിത്രം', തുടങ്ങിയവയിലെല്ലാം രാമൻ ജനിച്ചത് ബാബറി മസ്ജിദ് നിലനില്ക്കുന്ന സ്ഥലപരിധിക്കുള്ളിൽ തന്നെയാണെന്ന് സമർത്ഥിച്ചു. രാമജന്മഭൂമി ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞുകൊണ്ട് തെളിവിന്റെ പ്രശ്നത്തെ അവർ മറികടന്നു. വിശ്വാസ സംരക്ഷണത്തിനായി ഹിന്ദുക്കൾ ധീരോദാത്തം പോരാടിയിട്ടുണ്ടെന്നും മുഗൾ സൈന്യത്തോട് ഏറ്റുമുട്ടി 174,000 പേർ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും ക്ഷേത്രം മോചിപ്പിക്കാനായി 77 യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെന്നും മൂന്നര ലക്ഷം പേർ വീരചരമം അടഞ്ഞിട്ടുണ്ടെന്നും അവരുടെ ലഘുലേഖകളും 'ചരിത്രങ്ങളും' അവകാശപ്പെടുന്നുണ്ട്.  'വർത്തമാനകാല തെറ്റിദ്ധാരണകൾ, ഭൂതകാലത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ അനിവാര്യ ഫലമായിരിക്കും' എന്ന ഫ്രഞ്ച് ചരിത്രകാരനായ മൊറോ ഫ്‌ളാഷിന്റെ  നിരീക്ഷണം സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ശരിയാവുകയാണ്. 


അയോദ്ധ്യ നൂറ്റാണ്ടുകളിലൂടെ 

വാത്മീകിരാമായണത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന സരയൂവിന്റെ തെക്കേ അറ്റത്താണ് ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യ. ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്ന ഫൈസാബാദിലെ അയോധ്യയാകട്ടെ, കിഴക്കോട്ടൊഴുകുന്ന സരയൂവിന്റെ വടക്കേ അറ്റത്തുമാണ്. ആർക്കിയോളജിക്കൽ ഉത്ഖനനത്തിൽ കണ്ടെത്തിയിരിക്കുന്നത് 2686 വർഷത്തെ ചരിത്രം മാത്രമേ ഫൈസാബാദിലെ അയോധ്യക്കുള്ളൂ എന്നാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലക്ഷ്മീധർ ശ്രീരാമ ജന്മസ്ഥലത്തെ കുറിച്ച് പരാമർശിക്കുന്നതു പോലുമില്ല. AD 529 നും 624 നുമിടക്ക് ചൈനീസ് സഞ്ചാരി ഹുയാൻ സാങ് സാകേതം (അയോദ്ധ്യ) സന്ദർശിക്കുന്നുണ്ട്. അവിടെ നൂറിലേറെ ബുദ്ധ വിഹാരങ്ങളും മൂവായിരത്തോളം പുരോഹിതന്മാരും അനേകം ക്ഷേത്രങ്ങളും കാണാൻ കഴിഞ്ഞു എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാമന്റെ ജന്മസ്ഥലത്തെ കുറിച്ച് ഹുയാൻ സാങ് പരാമർശിക്കുന്നതേയില്ല. നാലാം നൂറ്റാണ്ടിൽ ശ്രീരാമൻ അവതാര പുരുഷനായി പരിഗണിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ട കൃതിയാണ് തുളസീദാസന്റെ രാമചരിത മാനസം. 1528 ൽ ബാബറി മസ്ജിദ് നിർമ്മിക്കുമ്പോൾ 30 വയസ്സുള്ള തുളസീദാസൻ ജനിച്ചതും ജീവിച്ചതും അവിടെത്തന്നെ ആണ്. ആ സമയത്ത് രാമക്ഷേത്രം തകർത്തിരുന്നു എങ്കിൽ അദ്ദേഹം അത് രേഖപ്പെടുത്തുമായിരുന്നു. അയോദ്ധ്യയിൽ തന്നെ അനേകം ശ്രീരാമ ക്ഷേത്രങ്ങളുണ്ട്. അതിൽ ഓരോന്നും അവകാശപ്പെടുന്നത് "ഇവിടെയാണ് രാമൻ ജനിച്ചത് " എന്നാണ് . 


രാമജന്മഭൂമിയും കേസുകളും 

1885 ജനുവരി 19-ന് ജന്മസ്ഥാൻ പൂജാരിയാണെന്ന് അവകാശപ്പെട്ട് രഘുവരദാസ് എന്നൊരാൾ ഫൈസാബാദ് കോടതിയിൽ, ബാബറി മസ്ജിദിന് അടുത്തുള്ള ചബൂത്രയിൽ ക്ഷേത്രം പണിയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹർജ്ജി നൽകി. പതിനാറാം നൂറ്റാണ്ടിൽ അക്ബറുടെ ഭരണകാലത്ത് ബാബറി മസ്ജിദിന് അടുത്ത് ഒരു മണ്ഡപം പണിതിരുന്നു. രാമന്റെ ജന്മസ്ഥലം ഇവിടെ ആണെന്നാണ് വിശ്വാസം. ഹിന്ദുക്കൾ ആരാധിച്ചിരുന്ന ഈ മണ്ഡപത്തിന് ശ്രീകോവിൽ പണിയാനാണ് ഹർജ്ജി കൊടുത്തത്. ആദ്യം കൊടുത്ത കേസുകളിൽ എല്ലാം ചബൂത്രയിൽ ക്ഷേത്രം പണിയണം എന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. ബാബറി മസ്ജിദിന് ഉള്ളിലാണ് ജന്മസ്ഥാൻ എന്ന് ആരും അവകാശപ്പെട്ടിരുന്നില്ല. 

വിശ്വഹിന്ദു പരിഷത്ത് അവകാശവാദം ഉന്നയിച്ച് മുന്നോട്ടു വന്നപ്പോൾ കോടതികളിൽ ആധികാരിക രേഖകൾ ഒന്നും തന്നെ ഹാജരാക്കിയിരുന്നില്ല. സ്കന്ദപുരാണത്തിലെ അയോദ്ധ്യാ മാഹാത്മ്യം മാത്രമാണ് തെളിവായി  ഹാജരാക്കിയത്. ഇതനുസരിച്ച് സരയൂ നദീതീരത്തെ ബ്രഹ്മകുഞ്ജത്തിനും ഘൃണമോചനഘട്ടിനും ഇടക്കാണ് ഈ സ്ഥലം. സ്കന്ദഗുപ്ത വിക്രമാദിത്യൻ തന്റെ ഭിത്രി ശിലാരേഖയിൽ ഒരു ശാർങ്ഗധര ക്ഷേത്രം പണിയിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഭിത്രി അയോദ്ധ്യയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ്. 

സ്കന്ദപുരാണത്തിലെ 21, 24 ശ്ലോകങ്ങളിൽ ലൗമേശിൽ നിന്ന് പടിഞ്ഞാറ് 500 ധനുസ് (910 മീറ്റർ) മാറിയും വിഘ്‌നേശ്വരത്തു നിന്ന് 1009 ധനുസ് (1835 മീറ്റർ) കിഴക്കോട്ട് മാറിയുമാണ് ജന്മസ്ഥാൻ. ലൗമേശ് എന്ന് തദ്ദേശീയർ വിശ്വസിക്കുന്നത് ഘൃണമോചനഘട്ടാണ്. ഇത് പ്രകാരം കുറേക്കൂടി പടിഞ്ഞാറോട്ട് മാറിയായിരിക്കണം ജന്മസ്ഥാൻ. ഇവിടെ നിന്ന് 700 ധനുസ് (1274 മീറ്റർ) വടക്കുകിഴക്കോട്ട് സഞ്ചരിച്ചാലാണ് ലൗമേശിൽ എത്തിച്ചേരുക. ജന്മസ്ഥാൻ ക്ഷേത്രം ഇന്നത്തെ രാം ലല്ലാ ക്ഷേത്രത്തിൽ നിന്ന് 500 ധനുസ് അകലെയാണെന്നും കൈകേകീ ഭവനം 90 ധനുസ് അകലെ ആണെന്നും സുമിത്രാ ഭവനം 30 ധനുസ് അകലെ ആണെന്നും സീതാകൂപം 20 ധനുസ് അകലെയാണെന്നും പറയുന്നു. ദിശകളും വ്യക്തമാക്കിയിട്ടുണ്ട്. ഏത് സ്റ്റാൻഡേർഡ് വച്ചളന്നാലും ബാബറി മസ്ജിദിന്റെ അടുത്തു വരെ മാത്രമേ ഇതെത്തുമായിരുന്നുള്ളൂ. 


അയോദ്ധ്യ വിധിയും സുപ്രീം കോടതിയും 

2019 നവംബർ 9 നാണ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ബഞ്ച് അയോദ്ധ്യ കേസിൽ വിധി പറഞ്ഞത്. 1949 ഡിസംബർ 22 ന്റെ അർദ്ധരാത്രിയിൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം കടത്തിവച്ചതും 1992 ഡിസംബർ 6 ന് പള്ളി ആക്രമിച്ചു പൊളിച്ചതും ക്രിമിനൽ കുറ്റമാണെന്ന് വിധിച്ച കോടതി പക്ഷേ, ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം പണിയാൻ അനുമതി നൽകുകയാണുണ്ടായത്. നീതിന്യായത്തിന് പകരം ഭൂരിപക്ഷ ഹിതമനുസരിച്ചാണ് വിധി ഉണ്ടായത് എന്ന വിമർശനം പരക്കെ ഉയർന്നു. ഭൂതകാലത്തേക്ക് പോയി മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ അവകാശം ഉന്നയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതി വ്യവഹാരമുണ്ടാവുകയും ചെയ്യുന്നത് ആധുനിക സമൂഹത്തിന് ഭൂഷണമായ ഒന്നല്ല. മുൻ സുപ്രീം കോടതി ജഡ്ജി എ.കെ. ഗാംഗുലി ഈ വിധിയിൽ ഉള്ളടങ്ങിയിരിക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ച് വിശദമായി പറയുകയുണ്ടായി. ഒരു ഭരണഘടനാ വിദ്യാർത്ഥി എന്ന നിലക്ക് ഈ വിധി തന്നെ അസ്വസ്ഥനാക്കുന്നു എന്നു പറഞ്ഞ അദ്ദേഹം 1992 ഡിസംബർ 6 ന് പള്ളി പൊളിച്ചില്ലായിരുന്നു എങ്കിൽ ഈ കേസിന്റെ വിധി ഏന്താകുമായിരുന്നു എന്നു ചോദിക്കുകയും ചെയ്തു. ചരിത്രത്തെ റദ്ദ് ചെയ്ത് വിശ്വാസത്തെ അവലംബമാക്കി ഉണ്ടാക്കിയതാണ് ഈ വിധിയെന്നു പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ നിരീക്ഷിച്ചു.


ഭരണഘടനയെ അട്ടിമറിച്ച ഈ വിധിപ്രസ്താവത്തിന് നേതൃത്വം കൊടുത്ത ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് റിട്ടയർ ചെയ്ത ഉടനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ ലൈംഗിക പീഡനത്തിന്റെ ആരോപണം ഉന്നയിച്ച കോടതി ജീവനക്കാരിയേയും ഭർത്താവിനേയും വൈകാതെ തന്നെ സർവ്വീസിൽ തിരിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ 'ബലാൽക്കാരേണ' നേടിയെടുത്ത വിധിയുടെ പിൻബലത്തിലാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാൻ പോകുന്നത്. 2020 ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ആണ് നടന്നതെങ്കിലും അക്ഷരാർത്ഥത്തിൽ ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ ശിലാസ്ഥാപനമാണ് സംഭവിച്ചത്. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഇരു ഇലക്ഷൻ, ഒരു രാജ്യം ഒരു ഭാഷ ഒരു വിദ്യാഭ്യാസം, ഒരു സംസ്കാരം എന്നിങ്ങനെ മോഡി സർക്കാർ നടപ്പാക്കുന്ന നയങ്ങളിൽ നിന്ന് ഇതിനെ വേർപെടുത്തി കാണാനാവില്ല. 370-ാം വകുപ്പ് റദ്ദാക്കൽ, രാമക്ഷേത്ര നിർമ്മാണം, ഏകീകൃത സിവിൽ കോഡ് എന്നിവയിൽ രണ്ടു വാഗ്ദാനങ്ങളും അവർ നടപ്പാക്കിക്കഴിഞ്ഞു. വാത്മീകിയുടെ രാമനെ രാഷ്ട്രീയ ബിംബമാക്കി 1980 കൾ മുതൽ ആരംഭിച്ച ശ്രമമാണ് 2020 ഓഗസ്റ്റ് 5 ൽ എത്തിനിൽക്കുന്നത്. ബാബറി മസ്ജിദ് തകർത്തിനു ശേഷം, ആ പള്ളിക്കു ചുറ്റുമായി നിലനിന്നിരുന്നതും  രാമന്റെ യഥാർത്ഥ ജന്മസ്ഥലമാണെന്ന് ഓരോരുത്തരും അവകാശപ്പെടുകയും വിശ്വസിക്കുകയും ചെയ്തിരുന്നതുമായ അനേകം ക്ഷേത്രങ്ങളെ തകർത്തുകളഞ്ഞു. താൽക്കാലിക രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ലാൽ ദാസിനെ 1992-ൽ തന്നെ കല്യാൺ സിംഗ് മന്ത്രിസഭ പിരിച്ചുവിട്ടിരുന്നു. 1993-ൽ അജ്ഞാതർ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയും ചെയ്തു. ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി പിരിച്ച 1400 കോടിയോളം രൂപ സംഘപരിവാർ സംഘടനകൾ തട്ടിയെടുത്തു എന്ന ആരോപണം ഉയർന്നിരിക്കുകയാണ്. ഹിന്ദുമഹാസഭ നേതാവ് ദേവേന്ദ്ര പാണ്ഡേ ഈ തട്ടിപ്പിനെ കുറിച്ച് പറയുന്ന വീഡിയോ പ്രശാന്ത് ഭൂഷൻ ട്വിറ്ററിലൂടെ പുറത്തു വിടുകയുണ്ടായി. ഈ വിഷയം ഉന്നയിച്ച ഹിന്ദു മഹാസഭാ നേതാവ് കലേഷ് ത്രിപാഠിയെ വെടി വച്ചു കൊന്നു എന്നും പ്രവീൺ തൊഗാഡിയയെ പീഡിപ്പിച്ചു എന്നുമുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. രാമഭക്തിയൊന്നും ആയിരുന്നില്ല സംഘപരിവാറിന്റേയും ബി ജെ പിയുടേയും ലക്ഷ്യം. അധികാരം പിടിച്ചെടുക്കാനുള്ള ഒരു കുറുക്കുവഴി മാത്രമായിരുന്നു അത്. 

ബാബറി മസ്ജിദ് തകർത്തപ്പോഴും അതിനു മുൻപും അതിനെ തുടർന്നും ഉണ്ടായ വർഗ്ഗീയ കലാപങ്ങളും ഇന്ത്യയുടെ രാഷ്ട്ര ശരീരത്തിൽ കനത്ത മുറിവുകളാണ് സൃഷ്ടിച്ചത്. ഇന്ത്യയുടെ മതേതരത്വത്തേയും ഫെഡറലിസത്തേയും ഒരിക്കലും അംഗീകരിക്കാത്ത സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ആദ്യത്തെ രക്തസാക്ഷി ആയിരുന്നു ഗാന്ധിജി. മതേതരത്വത്തിന് കനത്ത ആഘാതമേല്പിച്ച മറ്റൊരു സംഭവമായിരുന്നു ബാബറി മസ്ജിദിന്റെ പൊളിച്ചുമാറ്റൽ. ഡിസംബർ 6-നു ശേഷം വ്യത്യസ്ത വർഗ്ഗീയ ശക്തികൾ തങ്ങളുടെ ശക്തി സമാഹരിക്കുകയും ഇന്ത്യയുടെ മതേതര ഘടനയേയും രാജ്യത്തിന്റെ നിലനിൽപ്പിനേയും അപകടപ്പെടുത്തുന്ന നീക്കങ്ങളിൽ ഏർപ്പെടുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് Frontline എഴുതിയത് ഇന്ത്യ ഇനി ഒരിക്കലും പഴയത് പോലെ ആവില്ല എന്നാണ് (India will never be the same again). 1992 ഡിസംബർ 21-ന് ലണ്ടൻ ടൈംസ് എഴുതി, "മതാത്മക ദേശീയത ഉയർത്തിവിട്ട രോഷം കാരണം, 464 വർഷം പഴക്കമുള്ള ബാബറി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങളെ പോലെ തന്നെ, ദേശരാഷ്ട്രത്തിന്റെ മൂന്നു നെടും തൂണുകളായ ജനാധിപത്യം, മതേതരത്വം, നിയമവാഴ്ച്ച എന്നിവയും അപകടത്തിലാവുകയാണ്" എന്നാണ്. ഇതിന്റെ പൂർത്തീകരണമാണ് ഓഗസ്റ്റ് 5 ന് നടന്നത്. 1992 ഡിസംബർ 23 ന് ന്യൂയോർക് ടൈംസിൽ എഡ്വാർഡ് ഗാർഗൻ, സ്റ്റീവ് കോൾ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ ബാബറി മസ്ജിദിന്റെ തകർച്ച ഇന്ത്യയുടെ ശിഥിലീകരണത്തിലേക്ക് നയിക്കും എന്നാണ് നിരീക്ഷിച്ചത്. ജർമ്മൻ രാഷ്ട്ര മീമാംസകനായ ജോൺ ലിസ്‌കിൻ നടത്തിയ മറ്റൊരു നിരീക്ഷണം ഏറെ ഗൗരവമുള്ളതാണ്. ഭാവിയിൽ ബിജെപി ഇന്ത്യയിൽ ഭരണത്തിലേറുകയും ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുകയും ചെയ്താൽ ഇന്ത്യ കുറഞ്ഞത് അറുപതോ എഴുപതോ കഷണങ്ങളായി ശിഥിലമാകാം എന്നതായിരുന്നു അത്.

ജീവിതകാലം മുഴുവൻ ഇന്ത്യാ പഠനത്തിനായി നീക്കിവച്ച അമേരിക്കൻ പണ്ഡിതനായ പോൾ ബ്രാസ്സും തത്തുല്യമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. ''മിഥ്യാ ബോധത്തിന്റേയും വിചിത്ര ഭാവനയുടേയും ലോകത്ത് തളച്ചിട്ട അവസരവാദികളായ മതനിരപേക്ഷതാ വാദികളും സങ്കുചിത മനസ്കരായ ദേശീയതാവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ ഭരണവ്യവസ്ഥ തന്നെ ശിഥിലമായേക്കാം" എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ ആപത്തിനെ മുനമ്പിലാണ് ഇന്ത്യ ഇന്ന്. ത്രേതായുഗ കാലത്ത് ജനിച്ചു എന്ന് വിശ്വസിക്കുന്ന രാമന്റെ ജന്മസ്ഥലം കൃത്യമായി ചൂണ്ടിക്കാണിച്ചു കൊടുക്കുകയും അവിടെത്തന്നെയാണത് എന്നു കോടതിയും നിശ്ചയിക്കുകയും ചെയ്യുന്ന ദുരന്തകാലത്താണ് നാം ജീവിക്കുന്നത്. ചരിത്രത്തിലൂടെ പുറകോട്ട് പോയാൽ നാം ജീവിക്കുന്ന ഇടങ്ങളെല്ലാം ആരുടേതായിരുന്നു? പാട്രിക് സസ്‌കിന്റ് തന്റെ 'പെർഫ്യൂം' എന്ന നോവലിൽ, പാരീസ് നഗരം ദശലക്ഷക്കണക്കിന് അസ്ഥികൂടങ്ങൾക്കും തലയോട്ടികൾക്കും മേലെയാണ് പടുത്തുയർത്തപ്പെട്ടതെന്ന് എഴുതിയത് കാണാം. വാൻ ലൂണിന്റെ 'ഹോമോസ് മർക്കന്റൈൻ' എന്ന ഗ്രന്ഥത്തിൽ  ഭൂമിശാസ്ത്രപരമായ ഇന്നത്തെ അതിരുകളുടെ അർത്ഥവും അർത്ഥ ശൂന്യതയും വിവരിക്കുന്നുണ്ട്. സ്വതന്ത്ര സോഷ്യലിസ്റ്റ് മതേതര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ആയ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള തീവ്രശ്രമങ്ങൾ അരങ്ങേറുന്ന ഈ വേളയിൽ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി പൊരുതുക എന്നതാണ് ഓരോ യഥാർത്ഥ ഇന്ത്യാക്കാരന്റെയും കടമ.