മാർക്സിസവും ജ്ഞാന സമ്പദ് ക്രമവും - അശോകൻ ഞാറക്കൽ

മാർക്സിസവും ജ്ഞാന സമ്പദ് ക്രമവും

അശോകൻ ഞാറക്കൽ

സാങ്കേതികവിദ്യയിൽ സംഭവിക്കുന്ന  വിപ്ലവത്തിന് അതിവേഗത കൈവരുന്നതിന്റെ ഫലമായി വർഗ്ഗസമരത്തിന്റെ രംഗത്തുണ്ടാവുന്ന സമീപന വ്യതിയാനങ്ങളെപ്പറ്റി ഒരു വൈരുദ്ധ്യാധിഷ്ഠിത വിശകലനം

Image courtesy: Linkedin.com
Image courtesy: www.linkedin.com


എഴുത്തുകാരനും ഇലക്ട്രോണിക്സ് എഞ്ചിനീയറുമായ ലേഖകൻ 2007 ൽ ഇംഗ്ലീഷിൽ എഴുതിയ Marxism and Knowledge Economy എന്ന ലേഖനത്തിന്റെ വിവർത്തനമാണിത്. മറ്റെവിടെയും മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ ലേഖനം പുതുക്കി എഴുതുകയോ update ചെയ്യുകയോ ഉണ്ടായിട്ടില്ല - എഡിറ്റർ

എല്ലായിടത്തും "ഇ''പ്രളയം തന്നെ 


ആഗോള ജനസംഖ്യയിൽ വലിയൊരു വിഭാഗം പേർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇ- സമ്പദ്ക്രമവുമായി ഇടപാടിൽ ഏർപ്പെടാൻ നിർബ്ബന്ധിതരായിരിക്കുന്നു. സാമാന്യേന വളരെ പൊടുന്നനവേയാണ് അതു സംഭവിച്ചത്. ഇപ്പോൾ മിക്കവാറും ആളുകൾ ഇ-മെയിലിനേയും ഇ-ഹോമിനേയും ഇ-ഷോപ്പിംഗിനേയും ഇ-കാഷിനേയും ഇ-പേമെന്റിനേയും ഇ-ബാങ്കിംഗിനേയും ഇ-ഫിനാൻസിനേയും ഇ-പ്രൊക്യുർമെന്റിനേയും ഇ-എജ്യുക്കേഷനേയും ഇ-ഓഫീസിനേയും ഇ-ഗവേണൻസിനേയും ഇ-കൊമേഴ്സിനേയും ഇ-പ്രോജക്റ്റിനേയും ഇ-സെക്സിനേയും ഇ-പേഴ്സനേയും ഇ-ഫ്രോഡിനേയും ഇ-ലോയേയും ഇ-ഫേമിനേയും ഇ-പൊളിറ്റിക്സിനേയും ഇ-മീഡിയയേയും ഇ-ചർച്ചിനേയും ഇ-പ്രൊട്ടെസ്റ്റിനേയും ഇ-ഫ്രീഡത്തേയും ഇ-ഗോഡിനേയും അതുപോലെ മറ്റു പലതിനേയും പറ്റി കേൾക്കുന്നുണ്ട്. നിങ്ങൾക്കു തന്നെ ഇതുപോലെ 'ഇ' ചേർത്ത നിരവധി ഇ-വാക്കുകൾ ഉണ്ടാക്കാം.

എങ്കിലും 'ഇ'യോടു കാണിക്കുന്ന ഈ ഭ്രമം എളുപ്പത്തിൽ ഇല്ലാതാവാൻ പോകുന്ന ഒരു വെറും കമ്പമാണെന്ന് എഴുതിത്തള്ളാനാവില്ല. യഥാർത്ഥ ലോകത്തിനെ ഗൗരവപൂർണ്ണമായ പല രീതികളിൽ അത് ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. യഥാർത്ഥ ലോകത്ത്‌ എമ്പാടുമുള്ള യഥാർത്ഥ ഇ- പ്രോജക്റ്റുകൾ പലതിലും യഥാർത്ഥ പണവും (ഇ-മണി അല്ല) യഥാർത്ഥ വിഭവങ്ങളും (ഇ-റിസോഴ്സസ് അല്ല) വൻതോതിൽ എത്തിച്ചേരുന്നുണ്ട്. ഇ-ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന യഥാർത്ഥ കുത്തകകൾ വിവിധ മേഖലകളിൽ നിന്നും വലിയ തോതിൽ യഥാർത്ഥ പണം ചോർത്തി കൊണ്ടു പോകുന്നുണ്ട്. വിവിധ ഇ-പ്രോജക്റ്റുകളുടെ കണക്കു പരിശോധന (auditing) കളും ആദായ വിശകലനങ്ങളും (cost benefit analysis) നടത്തേണ്ട സമയം വൈകിയിരിക്കുന്നു.

ഇ-ലോകത്തിന്റെ ഓഡിറ്റിംഗും സൂക്ഷ്മനിരീക്ഷണവും വൈകിയിരിക്കുന്നു


ഏതൊരു സാങ്കേതിക വിദ്യയുടേയും വില ഉപയോഗിക്കുന്നയാളുടെ വിവരക്കുറവിന് ആനുപാതികമായിരിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു മാനേജുമെന്റ് തത്വമാണ്. ലോകത്തെങ്ങും ഇ-ബാങ്കിംഗ്, ഇ-ഗവേണൻസ്, ഇ-കോമേഴ്സ് പദ്ധതികൾക്കു വേണ്ടി ഭീമമായ തുക ചെലവാക്കുന്നുണ്ട് എന്ന വസ്തുത ഇതിനെ ഉറപ്പിക്കുന്നു. ഉദാഹരണത്തിന് 2008 ആകുമ്പോഴേക്ക് ഇ-പ്രോജക്റ്റുകളുടെ ലോകതലത്തിലുള്ള വിപണി 1000 ബില്യൺ അമേരിക്കൻ ഡോളറിന്റേതായി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ 26%, അതായത്, 260 ബില്യൺ ഡോളർ (BFSI - ബാങ്കിംഗ്, ഫിനാൻഷ്യൽ സർവ്വീസുകൾ, ഇൻഷ്വറൻസ') മേഖലയുടെ സംഭാവനയായിരിക്കും.

പ്രതിരോധം, ചാരപ്രവർത്തന ഏജൻസികൾ, ദേശീയ സുരക്ഷ, സർവ്വകലാശാലകൾ, ഗവേഷണവും മറ്റുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തുടങ്ങിയവ തങ്ങളുടെ ആഭ്യന്തര പദ്ധതികൾക്കു വേണ്ടി ചെലവിടുന്ന അതി ഭീമമായ വിഭവങ്ങളുടെ കണക്കുകൾ കൂടി ഇതിനൊപ്പം ചേർക്കുക. ഇനി ചെറുകിട ബിസിനസ്സുകളും വ്യക്തികളും ചെലവാക്കുന്ന വിഭവങ്ങളുണ്ട്. ഇതെല്ലാം കൂടി ചേരുമ്പോൾ ആഗോള വരുമാനത്തിന്റെ നല്ലൊരു ശതമാനം വരും അത്. ഇ-ബിസിനസ്സ് ഒരു വില കുറഞ്ഞ പരിപാടിയല്ല. സോഫ്റ്റ് വേർ രംഗത്ത് വൻതോതിലുള്ള ധനമാണ് ഉണ്ടാക്കപ്പെടുന്നത്.

നാം കാണുന്നത് മഞ്ഞുമലയുടെ വെള്ളത്തിനു മുകളിൽ പൊങ്ങി നില്ക്കുന്ന മുകളറ്റം മാത്രമാണ്. ഇനിയും പുറത്തു വരാനും വെളിപ്പെടാനും വളരെയേറെ കാര്യങ്ങളുണ്ട്. വിവര സാങ്കേതിക വിദ്യ ഇപ്പോഴും ശൈശവ ഘട്ടത്തിലാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ നോക്കുമ്പോൾ ആഗോള ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമേ ഇ-ലോകവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നുള്ളൂ. ഡിജിറ്റൽ വേർതിരിവ് വളരെ വലുതാണ്. യഥാർത്ഥ ലോകത്തുള്ള എല്ലാവരേയും ഇ-ലോകവുമായുള്ള കുരുക്കിൽ ബന്ധിപ്പിക്കുക എന്നതാണ് ഇ-ബിസിനസ്സിന്റെ ലക്ഷ്യം.

അതിന്റെ സാധ്യതകൾ ആഡംബരപൂർണ്ണവും ഗംഭീരവുമാണെന്നതു തീർച്ച. ഇപ്പോഴത്തെ സ്ഥിതിയിൽ ചെറിയൊരു നഗര രാഷ്ട്രമായ സിംഗപ്പൂർ മാത്രമാണ് വൻതോതിലുള്ള ഇ-ഗവേണൻസ് നടപ്പാക്കിയിട്ടുള്ളത്. എണ്ണപ്പണം കൊണ്ട് സമ്പന്നരായ ഷേയ്ഖുമാർ ഭരിക്കുന്ന ചില അറബി രാജ്യങ്ങൾ ചില വലിയ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ, വെനസ്വേല, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ, യൂറോപ്യൻ യൂണിയനിലെ അംഗ രാഷ്ട്രങ്ങൾ,  യു.കെ.അഥവാ യുണൈറ്റഡ് കിങ്ഡം, യു.എസ്.എ. തുടങ്ങിയവർക്കൊക്കെ വലിയ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശമുണ്ട്. പല ദരിദ്ര രാജ്യങ്ങൾ പോലും ഈ 'ഇ-ഭ്രമ'ത്തിൽ പങ്കു ചേർന്നിട്ടുണ്ട്. "കാര്യമുള്ളവരാ''ണെന്നു കരുതപ്പെടുന്ന എല്ലാവരും തന്നെ 'ഇ' കൂടി ഉൾപ്പെട്ട പദ്ധതികളിൽ കമ്പമുള്ളവരാണ്. 'ഇ' ഉൾപ്പെട്ട വാക്കുകൾ രാഷ്ട്രീയമായി ശരി തന്നെയാന്നെന്ന് വന്നു കഴിഞ്ഞിരിക്കുന്നു.

ഇ-മുന്നണിയിലെ ഈ സംഭവ വികാസങ്ങൾ സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച നമ്മുടെ അടിസ്ഥാന സങ്കല്പനങ്ങളോട് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. തുടർന്നുകൊണ്ടിരിക്കുന്ന വർഗ്ഗസമരത്തോടും സോഷ്യലിസത്തിന്റെ ഭാവിയെ അതെങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത് എന്നതിനോടും ഇപ്പറഞ്ഞ ഇ-പ്രതിഭാസം ഏതു തരത്തിലാണ് പ്രതിപ്രവർത്തിക്കുന്നതെന്ന് നാം വിശകലനം ചെയ്യേണ്ടതുണ്ട്. അത് ഇനി നമുക്ക് നീട്ടിക്കൊണ്ടു പോകാനാവില്ല. ഇപ്പോൾ തന്നെ സമയം വൈകിയിരിക്കുന്നു.

 ഇ-പ്രളയത്തിനിടയിലും വർഗ്ഗസമരം രൂക്ഷമാവുകയാണ്.


മാർക്സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ യുടെ ആദ്യ ഖണ്ഡിക അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''മർദ്ദകനും മർദ്ദിതനും എന്നും എതിരിട്ടുകൊണ്ടു തന്നെ നിന്നു. ചിലപ്പോൾ രഹസ്യമായും ചിലപ്പോൾ പരസ്യമായും നിരന്തരം പോരടിച്ചു. ഈ പോരാട്ടം സമൂഹത്തെയാകമാനം വിപ്ലവകരമാം വിധം പുന:സംഘടിപ്പിക്കുന്നതിലോ, പോരടിച്ച വർഗ്ഗങ്ങളുടെ പൊതു നാശത്തിലോ ആണ് എല്ലാ സന്ദർഭങ്ങളിലും അവസാനിച്ചത്.''

തുടർന്നുകൊണ്ടിരിക്കുന്ന ആഗോള വർഗ്ഗസമരം രൂക്ഷമാവുകയാണെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും സംശയമില്ല. അപ്രതീക്ഷിതമായ സ്ഥലങ്ങളിലും അപ്രതീക്ഷിതമായ രൂപങ്ങളിലും അപ്രതീക്ഷിതമായ നിഷ്ഠൂരതയോടെയും അത് ഇടക്കിടെ പൊട്ടിപ്പുറപ്പെടുകയാണ്. യുദ്ധത്തിനും ആഗോളീകരണത്തിനും പാരിസ്ഥിതിക തകർച്ചക്കുമൊക്കെ എതിരായി നടക്കുന്ന വമ്പിച്ച പ്രതിഷേധങ്ങളും സാമൂഹ്യ സുരക്ഷയും വിദ്യാഭ്യാസ സൗകര്യങ്ങളും അന്തസ്സുള്ള തൊഴിലും ഉറപ്പാക്കുന്നതിനു വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളും വ്യത്യസ്ത രൂപങ്ങളിൽ പ്രകടമാവുന്ന വർഗ്ഗസമരമാണ്. കോർപ്പറേറ്റ് തട്ടിപ്പുകൾക്കും പേറ്റൻറുകളുടെ കുത്തകവത്ക്കരണത്തിനും ഉന്നത സ്ഥാനങ്ങളിലെ അഴിമതിക്കും എതിരായും കോർപ്പറേറ്റ് കണക്കുകൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മറ്റും നടക്കുന്ന കാമ്പയിനുകളും അതേ വർഗ്ഗസമരം തന്നെ.

തടസ്സങ്ങളൊന്നും നേരിടേണ്ടതില്ലാത്ത മുതലാളിത്തത്തേയും വർഗ്ഗസമരം അവസാനിക്കുന്നതിനേയും "ചരിത്രത്തിന്റെ അന്ത്യ"ത്തേയും പറ്റിയൊക്കെ സ്വപ്നം കണ്ടവർ നിരാശയിലായി എന്നത് തീർച്ചയാണ്. മുതലാളിത്തത്തിന്റെ പ്രധാനപ്പെട്ട തിന്മകളെയൊക്കെ വിവര സാങ്കേതിക വിദ്യകൊണ്ട് ചികിത്സിച്ചു ഭേദമാക്കാമെന്ന അവരുടെ ഉട്ടോപ്യൻ സ്വപ്നങ്ങളെല്ലാം പുളിച്ചു പോയി. "ചിമ്മിനികളുള്ള സോഷ്യലിസമല്ല, കമ്പ്യൂട്ടർ അധിഷ്ഠിത മുതലാളിത്തമാണ് ക്വാണ്ടം കുതിപ്പു നടത്തിയതെ''ന്ന് അവകാശപ്പെട്ടവർ ഒളിവിൽ പോയി.

സാങ്കേതിക പുരോഗതി വൈരുദ്ധ്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നു. 


സമ്പദ്ഘടനയുടെ ഓരോ മേഖലയിലും ഭീമൻ കുത്തകകളുടേയും കുത്തക സംഘങ്ങളുടേയും വളർച്ചക്ക് സാങ്കേതിക വിദ്യയുടെ രംഗത്തുണ്ടാകുന്ന വിപ്ലവം സഹായിക്കുന്നുണ്ട്. വിപണിയുടെ അദൃശ്യ ഹസ്തം എന്നു വിളിക്കപ്പെടുന്ന ആ പ്രതിഭാസത്തിനൊപ്പം സോഫ്റ്റ് വേർ, മാസ്സ് മീഡിയ, വാർത്താ വിനിമയം, ചില്ലറ വില്പന, ഊർജ്ജം, ഭക്ഷ്യ ഉല്പന്നങ്ങൾ, ഓട്ടോമൊബൈൽസ്, ഉരുക്ക്, ബാങ്കിംഗ് ആന്റ് ഫിനാൻസ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ ആഗോള ദൃഢീകരണത്തേയും അതു സഹായിക്കുന്നുണ്ട്.

പലർക്കും അനുഭവപ്പെടുന്നത് ഒരു തരം നിസ്സഹായതയാണ്. മദ്ധ്യവർഗ്ഗക്കാർക്കിടയിൽ നിന്നു പോലും കൊട്ടിഘോഷിക്കപ്പെട്ട ആ ഉടമാവകാശബോധം ആവിയായി പോകുന്നു. സമൃദ്ധിയുടേതും സംതൃപ്തിയുടേതുമായ ആ വാഗ്ദത്ത ഭൂമി വഴി മാറുകയും ആ സ്ഥാനത്ത് ദുരിതവും ഭയവും നിറഞ്ഞ മറ്റൊന്നു പ്രത്യക്ഷമാവുകയും ചെയ്യുന്നു. ആഗോള ഗ്രാമത്തിനു പകരം ആഗോള അരാജകത്വം നിലവിൽ വരുന്നു. നിയമവാഴ്ച മണ്ണടിയുകയും ബലപ്രയോഗത്തിലൂടെയുള്ള അധികാര വാഴ്ച പകരമെത്തുകയും ചെയ്യുന്നു. തെമ്മാടിത്തം പ്രവർത്തന ശൈലിയായി സ്വീകരിച്ച ബഹുരാഷ്ട്ര കോർപ്പറേഷനുകൾ (MNCs) തങ്ങളോടു മത്സരിക്കുന്നവരെ തുടച്ചു നീക്കുന്നതു പോലെ മുഠാളത്തം നടത്തുന്ന രാഷ്ട്രങ്ങൾ നിസ്സഹായരായ മൂന്നാം ലോക രാഷ്ട്രങ്ങൾക്കു മേൽ അവരുടെ താല്പര്യങ്ങൾ അടിച്ചേല്പിക്കുന്നു. യുദ്ധവും കൊലയും മയക്കുമരുന്നും മാഫിയകളും ബലാത്സംഗവും മാനഭംഗവുമെല്ലാം ഇതുവരേക്കും "അപരിഷ്കൃത"മായിരുന്ന ഗ്രാമങ്ങളിലേക്കു വരെ കടന്നു കയറിയിരിക്കുന്നു. അവസരങ്ങളോടു കൂടിയ വളർച്ചയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതെങ്കിലും തൊഴിലവസരങ്ങളെ തിന്നുതീർക്കുന്ന തരം വളർച്ചയോടൊപ്പം ജീവിക്കാൻ നിർബ്ബന്ധിതരായതിൽ തൊഴിലെടുക്കുന്നവർ ദു:ഖിതരാണ്. സ്വകാര്യതയുടെ മരണം അസ്വാസ്ഥ്യകരമായ ഒരു വസ്തുതയായിരിക്കുന്നു.  സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഏറ്റവും കുറവു മാത്രം നടത്തുന്ന സർക്കാരിനെപ്പറ്റിയുള്ള മാതൃകാ സങ്കല്പത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഉള്ളത് 'വല്യേട്ടനാ'ണ്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളുടെ മഹാ ശൃംഖലകൾ വഴി, പൗരന്മാർ ചെയ്യുന്ന എല്ലാറ്റിനും മേൽ പുതിയ സർക്കാരുകൾ എപ്പോഴും ഒരു നോട്ടം നില നിർത്തുന്നു. ഉദ്യോഗസ്ഥ മേധാവിത്തം കൂടുതൽ വളർന്നു വലുതാവുകയും കൂടുതൽ അധികാരം ആർജ്ജിക്കുകയും ചെയ്തിരിക്കുന്നു.

 മുതലാളിത്തം നേരിടുന്ന വൈരുദ്ധ്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നുവെന്ന് ബിസിനസ്സ് ധാർമ്മികത ചൂണ്ടിക്കാട്ടുന്നു.


ബിസിനസ്സുകളുടെ കടിഞ്ഞാണില്ലാത്ത ലാഭാന്വേഷണ ത്വരയെ നയിക്കാൻ ഏതെങ്കിലും ധാർമ്മികതക്കു കഴിയുമോ? "ബിസിനസ്സിന് ഒരേയൊരു സാമൂഹ്യ ഉത്തരവാദിത്തമേയുള്ളു; അതിന്റെ ലാഭവർദ്ധനക്കു വേണ്ടി നിശ്ചയിച്ചിട്ടുള്ള രീതിയിൽ വിഭവങ്ങൾ വിനിയോഗിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക." സ്വതന്ത്ര വിപണിയുടെ ഗുരുവായ പ്രൊ. മിൽട്ടൺ ഫ്രീഡ്മാൻ (Prof. Milton Friedman ) ഇങ്ങനെ പറഞ്ഞിട്ട് അധികം കാലമായിട്ടില്ല.

എന്നാൽ എൻറോൺ (ENRON), വേൾഡ്കോം (WORLDCOM) സംഭവങ്ങൾക്കും അതുപോലുള്ള മറ്റു സംഭവങ്ങൾക്കും ശേഷം സ്വതന്ത്ര വിപണിയുടെ സുവിശേഷകരാരും തങ്ങളുടെ വിശ്വാസങ്ങളെപ്പറ്റി പരസ്യമായി പറയാൻ ധൈര്യപ്പെടുന്നില്ല. പകരമായി ഒരു തരം ഇരട്ട വർത്തമാനം പറയാൻ തുടങ്ങിയിരിക്കയാണവർ.ഇപ്പോൾ ബിസിനസ്സിന്റെ ധാർമ്മികതയേയും കോർപ്പറേറ്റുകളുടെ സാമൂഹ്യ ബാധ്യതയേയും (CSR - Corporate Social Responsibility) പറ്റിയാണ് അവർ വാചാലരാവുന്നത്. അധികഭാരം വഹിക്കുന്ന സർക്കാരിന്റെ ചില ചുമതലകൾ സമ്പന്നരായ കുത്തകകളും വ്യക്തികളും ഏറ്റെടുക്കേണ്ടതിന്റേയും  സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റേയും ആവശ്യകതയെ പറ്റിയാണ് ഇപ്പോൾ അവർ വാചാലരാവുന്നത്. ബിസിനസ്സ് സ്കൂളുകളുടെ പാഠ്യപദ്ധതികളിൽ ബിസിനസ്സ് ധാർമ്മികത കൂടി ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. പ്രസിദ്ധരായ ചില സിഇഒ (CEO) മാർ കഴുത്തറുപ്പൻ മത്സരത്തിന്റെ ലോകത്തു നിന്നും വിരമിക്കാനും തങ്ങളുടെ മുഴുവൻ ഊർജ്ജവും ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾക്കായി ചെലവിടാനും തീരുമാനിച്ചിരിക്കുന്നു.

എങ്കിലും മുതലാളിത്തത്തെ സംബന്ധിച്ചേടത്തോളം ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ ശ്രമങ്ങൾ കൊണ്ടൊന്നും വർഗ്ഗസമൂഹത്തിലെ സഹജമായ മനുഷ്യത്വ വിരുദ്ധതയെ മറച്ചു വക്കാനാവില്ല. വർഗ്ഗസമരത്തെ ഒരു ആഗ്രഹചിന്ത കൊണ്ട് നിങ്ങൾക്കു തള്ളിക്കളയാനാവില്ല. എന്തുകൊണ്ടെന്നാൽ, പരിഷ്കൃതിയുടെ വളർച്ചയെ തുടർന്ന് കൈവരിച്ച സമൃദ്ധിയുടെ ചിത്രങ്ങൾ ഓരോ വീടുകളിലുമെത്തിക്കാൻ ആഗോള മാദ്ധ്യമങ്ങളെ സഹായിക്കുന്നത് സാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവമാണ്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഈ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ, കോർപ്പറേറ്റ്, രാഷ്ട്രീയ രംഗങ്ങളിലെ വരേണ്യരും ഉന്നതസ്ഥാനീയരുമായവർ ഉൾപ്പെട്ടിരിക്കുന്ന അഴിമതിയുടേയും തട്ടിപ്പിന്റേയും ധാർമ്മിക ച്യുതിയുടേയും പാതകങ്ങളുടേയും കഥകൾ കൂടി മാദ്ധ്യമങ്ങൾ വീട്ടിലെത്തിക്കുന്നുണ്ട്. ഓരോ വ്യക്തിക്കും ഓരോ ദിവസവും ഇങ്ങനെ വീട്ടിലെത്തിച്ചു കിട്ടുന്ന വൈരുദ്ധ്യങ്ങളുടെ ഈ മിശ്രിതമാണ് വർഗ്ഗസമരത്തിന്റെ ജ്വാലകളെ ആളിക്കത്തിക്കുന്നത്. മുതലാളിത്തം അതിന്റെ സ്വന്തം മരണം ത്വരിതഗതിയിലാക്കുകയാണ്.

ബദലില്ലെന്ന (TINA) വാദത്തെ നമുക്കു മറികടക്കേണ്ടതുണ്ട്.


ഐക്യരാഷ്ട്ര സംഘടന (UN)യുടെ ഏജൻസികളും ലോക ബാങ്കും (WB) ഐ.എം.എഫും (IMF) ഡബ്ല്യു.ടി.ഒയും (WTO) മറ്റു നിരവധി സംഘടനകളും വ്യക്തികളുമെല്ലാം ലോക സമ്പദ്ഘടന നേരിടുന്ന, വർദ്ധിച്ചു കൊണ്ടിരിക്കുന്ന അസ്ഥിരതയിൽ ആശങ്കാകുലരാണ്. ക്രൂഡ് ഓയിൽ വില ഇനിയും വർദ്ധിക്കുന്നതിനെപ്പറ്റിയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ കുമിള പൊട്ടുന്നതിനെ പറ്റിയും ഓഹരി വിപണികളിൽ തകർച്ചയുണ്ടാക്കിക്കൊണ്ട് ''കരടിയോട്ട''ങ്ങൾ (bear runs) ഉണ്ടാകുന്നതിനെ പറ്റിയും പണപ്പെരുപ്പം, സ്റ്റാഗ്ഫ്ലേഷൻ, തൊഴിലില്ലായ്മ, ഭീകരപ്രവർത്തനം തുടങ്ങിയവയെ പറ്റിയുമെല്ലാം ഭയം നില നിൽക്കുന്നുണ്ട്. ഇതിനൊപ്പം തന്നെയാണ് ആഗോള താപനത്തേയും ഓസോൺ പാളിയിലെ വിള്ളലിനേയും പകർച്ചാവ്യാധികളേയും ആയുധപ്പെരുപ്പത്തേയും മറ്റു വിപത്തുകളേയും സംബന്ധിച്ച ഭയങ്ങൾ.

ഇതിനിടക്കു തന്നെ എല്ലായിടത്തും സാധാരണ ജനങ്ങൾ അസ്വസ്ഥരായിക്കൊണ്ടിരിക്കുന്നു. സർക്കാരുകളെ മാറ്റാൻ വേണ്ടി അവർ വോട്ടു ചെയ്യുന്നു, പ്രതിഷേധറാലികളിൽ പങ്കെടുക്കുന്നു, വിവിധ വിഷയങ്ങളെ സംബന്ധിച്ച നയം മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഇന്റർനെറ്റ് മുഖേനയും അല്ലാതെയും നടക്കുന്ന കാമ്പയിനുകളിൽ പങ്കാളികളാവുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റൊരു ബദലില്ല (TINA - There Is No Alternative) എന്ന വിശ്വാസം വളരെ ശക്തമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ച, 'ടിന' എന്ന ബദലില്ലാ വിശ്വാസത്തെ വലിയ തോതിൽ ബലപ്പെടുത്തി. വിവര സാങ്കേതികവിദ്യ (IT) യുടെ വളർച്ച എല്ലാത്തരം കേന്ദ്രീകൃത സർക്കാർ ഘടനകളുടേയും നിലനില്പ് അസാധ്യമാക്കുമെന്ന അവകാശവാദം മുന്നോട്ടു വച്ച സൈബർ അരാജകവാദികളും (Cyber Anarchists) 'ടിന' സംഘത്തിനൊപ്പം ചേർന്നു. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ സോവിയറ്റ് യൂണിയനു സംഭവിച്ച പരാജയത്തിൽ അസംതൃപ്തരായ പരിസ്ഥിതിവാദികളും അരാജകവാദികൾക്കൊപ്പം ചേർന്നു. വ്യത്യസ്ത ധാരകളിൽ നിന്നു വന്ന ഇവരെല്ലാം 'ടിന'യുടെ ബദലില്ലാ വാദത്തെ ശക്തിപ്പെടുത്തുകയാണ്. ഈ വാദങ്ങളെയൊക്കെ എതിർത്തു തോല്പിക്കാൻ കരുത്തുള്ള ഒരു ബദൽ മുന്നോട്ടു വച്ചുകൊണ്ടു മാത്രമേ ഈ 'ടിന' വൈകല്യത്തെ നമുക്കു മറി കടക്കാനാവൂ.

പ്രയോഗത്തിന്റേയും സിദ്ധാന്തത്തിന്റേയും ശരിയായ സമന്വയം


ഭൗതിക പ്രകൃതിയാണ് പ്രാഥമികം എന്നാണ് ശാസ്ത്രം കണക്കാക്കുന്നത്. സൈദ്ധാന്തിക വിശദീകരണങ്ങൾ, നിരീക്ഷിക്കപ്പെട്ട എല്ലാ വസ്തുതകളേയും സാധ്യമാവുന്നതിന്റെ പരമാവധിയിൽ വിശദമാക്കുന്നതായിരിക്കണം. അതു വരേക്കും ശാസ്ത്ര സമൂഹം ആ സിദ്ധാന്തത്തെ അംഗീകരിക്കില്ല.  പരീക്ഷണ സിദ്ധമായ പുതിയ നിരീക്ഷണങ്ങൾ പെരുകുകയും നിലവിലുള്ള ഒരു സിദ്ധാന്തം കൊണ്ട് അവയെ വിശദീകരിക്കാനാവാതെ വരികയും ചെയ്യുമ്പോൾ ആ സിദ്ധാന്തം പരിഷ്ക്കരിക്കുകയോ അറിഞ്ഞ വസ്തുതകൾക്ക് അനുയോജ്യമായ വിധം സിദ്ധാന്തത്തെ മൊത്തത്തിൽ തിരുത്തിയെഴുതുകയോ ചെയ്യുന്നു. ശാസ്ത്രീയമായ ഈ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ്, ന്യൂട്ടോണിയൻ ബലതന്ത്രത്തിലെ ലക്ഷണ യുക്തമായ അടിസ്ഥാന പ്രമാണത്തെ പോലും, പുതുതായി കണ്ടെത്തിയ ചില വസ്തുതകളെ വിശദീകരിക്കാൻ അതിനാവില്ല എന്നു തെളിയിക്കപ്പെട്ടപ്പോൾ, പരിഷ്ക്കരണ വിധേയമാക്കിയത്. ആപേക്ഷികതാ സിദ്ധാന്തവും (Relativity theory) ക്വാണ്ടം ബലതന്ത്രവും (Quantum Mechanics) പിറന്നത് അങ്ങനെയാണ്.

ഒരു ശാസ്ത്രമെന്ന നിലയിൽ, മാർക്സിയൻ വൈരുദ്ധ്യവാദവും ഇതിൽ നിന്നു വ്യത്യസ്തമല്ല. സിദ്ധാന്തം പ്രയോഗവുമായി പൊരുത്തപ്പെടുന്നതാവണം. മാർക്സും എംഗൽസും എപ്പോഴും ഇത് ഊന്നിപ്പറഞ്ഞിട്ടുണ്ട്. "ഞാനൊരു മാർക്സിസ്റ്റല്ല " എന്ന് ഒരിക്കൽ മാർക്സിനു പറയേണ്ടി വന്നിട്ടു പോലുമുണ്ട്.   പ്രമാണ മാത്രവാദികളെ (dogmatists)പോലെ എഴുതപ്പെട്ട സിദ്ധാന്തത്തെ മാത്രം ആശ്രയിച്ചു നിന്ന തന്റെ ചില സഖാക്കളെ വിമർശിക്കുകയായിരുന്നു അദ്ദേഹം. അവരുടെ സൈദ്ധാന്തിക ആവിഷ്ക്കാരങ്ങളിൽ ചിലത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന മാർക്സിന്റെ വാദത്തെ അംഗീകരിക്കാൻ പ്രമാണ മാത്രവാദികൾ തയ്യാറായിരുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ യുടെ ജർമ്മൻ പതിപ്പിന്റെ (1872) മുഖവുരയിൽ എംഗൽസ് ഇതു വിശദീകരിക്കുന്നുണ്ട്. "ചില വിശദാംശങ്ങളുടെ കാര്യത്തിൽ ഈ പരിപാടിക്ക് പഴക്കം ചെന്നിട്ടുണ്ട്. ഒരു കാര്യം കമ്യൂൺ പ്രത്യേകം തന്നെ തെളിയിച്ചിട്ടുണ്ട്; അതായത്, തൊഴിലാളി വർഗ്ഗത്തിന് നിലവിലുള്ള ഭരണകൂടത്തെ അതേപടി പിടിച്ചെടുത്ത് സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാനാവില്ല."

പാരീസ് കമ്യൂണിന്റേത് ഉൾപ്പെടെയുള്ള അനുഭവങ്ങളൂടെ അടിസ്ഥാനത്തിൽ, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്ന വിപ്ലവാനന്തര ഭരണകൂടത്തെ സംബന്ധിച്ച പരികല്പന ആവിഷ്ക്കരിക്കുന്നത് മാർക്സും എംഗൽസും ലെനിനുമാണ്. "ഭരണകൂടവും വിപ്ലവവും'' എന്ന തന്റെ പ്രസിദ്ധമായ ക്ലാസ്സിക് കൃതിയിൽ ലെനിൻ വിശദീകരിക്കുന്നു: "തൊഴിലാളി വർഗ്ഗത്തിന് ഭരണകൂടം ആവശ്യമുണ്ട് -  എല്ലാ അവസരവാദികളും സാമൂഹ്യ-സങ്കുചിത വാദികളും കൗട്സ്കിയൈറ്റുകളും ഇത് ആവർത്തിക്കുന്നു; ഇതാണ് മാർക്സ് പഠിപ്പിച്ചതെന്ന് അവർ ഉറപ്പു പറയുന്നു. മാർക്സ് പറയുന്നതനുസരിച്ച് തൊഴിലാളി വർഗ്ഗത്തിനു വേണ്ടത് കൊഴിഞ്ഞു പോകുന്ന ഒരു ഭരണകൂടം മാത്രമാണെന്ന കാര്യം കൂട്ടിച്ചേർക്കാൻ അവർ ഒന്നാമതായി ''മറന്നു പോകുന്നു''. ഉടനെ തന്നെ കൊഴിഞ്ഞു പോകാൻ തുടങ്ങുമെന്ന നിലയിൽ സംഘടിപ്പിക്കപ്പെടുന്നതും കൊഴിഞ്ഞു പോവുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റാത്തതുമായ ഒരു ഭരണകൂടമാണത്. രണ്ടാമതായി, തൊഴിലെടുക്കുന്ന ജനങ്ങൾക്ക് ഒരു ഭരണകൂടം ആവശ്യമുണ്ട്; അതായത് തൊഴിലാളി വർഗ്ഗം ഒരു ഭരണവർഗ്ഗമായി സംഘടിപ്പിക്കപ്പെടുന്നു.'' ഈ നിരീക്ഷണങ്ങളും വിശദീകരണങ്ങളും സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിൽ നമുക്ക് വളരെ പ്രധാനപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്.

തൊഴിൽ വിഭജനം ഇല്ലായ്മ ചെയ്യുക എന്നതാണ് താക്കോൽ


പ്രാകൃത കമ്യൂണിസത്തിന്റെ ഗർഭപാത്രത്തിൽ നിന്നും വർഗ്ഗസമൂഹം പിറവിയെടുത്ത കാലം മുതൽ തന്നെ, ഏതൊരിടത്തുമുള്ള മനുഷ്യസമൂഹത്തിനും ഒരു സവിശേഷതയായി തൊഴിൽ വിഭജനം ഒപ്പമുണ്ടായിരുന്നു. അദ്ധ്വാനം, ഭൗതികവും മാനസികവുമായ ചുമതലകളായി വിഭജിക്കപ്പെട്ടത് വളരെ നിർണ്ണായകമായ ഒരു ചുവടുവയ്പായിരുന്നു എന്നും അതാണ് ഒരു വർഗ്ഗസമൂഹം എന്നതിലേക്കുള്ള പില്ക്കാല വളർച്ചക്കു വഴിയൊരുക്കിയതെന്നും മാർക്സിസം തിരിച്ചറിയുന്നു. "തൊഴിൽ വിഭജനം പൂർണ്ണമായ അർത്ഥത്തിൽ അതായി തീരുന്നത് ഭൗതിക അദ്ധാനവും മാനസിക അദ്ധാനവും തമ്മിലുള്ള വേർതിരിവ് പ്രത്യക്ഷപ്പെടുന്ന നിമിഷം മുതലാണ്.'' (Marx - Engels, German Ideology. അദ്ധ്യായം 1). ഭരണ നിർവ്വഹണം പോലെ, ഒന്നാമതായും മാനസികമായ അദ്ധ്വാനം നിർവ്വഹിക്കുന്നവർ ഒന്നു ചേർന്ന് ഒരു ഭരണ വർഗ്ഗം രൂപപ്പെട്ടപ്പോൾ, മുഖ്യമായും ഭൗതിക ചുമതലകൾ നിർവ്വഹിച്ചിരുന്ന അദ്ധ്വാനിക്കുന്ന ബഹുജനങ്ങൾ ഭരിക്കപ്പെടുന്ന വർഗ്ഗമായി. തീർച്ചയായും മറ്റു വിഭജനങ്ങളും ഉപവിഭജനങ്ങളും ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ഭരിക്കപ്പെടുന്ന വർഗ്ഗങ്ങളുടെ മുഖ്യ സവിശേഷത ഭരണനിർവ്വഹണം പോലുള്ള മാനസിക ചുമതലകളിൽ നിന്നുമുള്ള അവരുടെ അന്യവത്ക്കരണമാണെന്ന് മാർക്സിസം തിരിച്ചറിയുന്നു.

അതുകൊണ്ട് ഒരു വർഗ്ഗ രഹിത സമൂഹം സ്ഥാപിക്കുക എന്നു പറയുമ്പോൾ, സമൂഹത്തിലെ എല്ലാ അംഗങ്ങളും, ചുരുങ്ങിയത് അതിലെ മഹാഭൂരിപക്ഷവും വ്യത്യസ്ത തരം മാനസിക ചുമതലകൾ നിർവ്വഹിക്കാൻ വേണ്ട ശേഷിയുള്ളവരാവുക എന്നാണ് അർത്ഥമാക്കുന്നത്. തീർച്ചയായും ഇതിന്റെ അർത്ഥം, ഭൗതിക അദ്ധ്വാനത്തിന്റെ ഉല്പാദനക്ഷമത വളരെ ഉയർന്ന വിതാനത്തിലേക്ക് ഉയരുക എന്നും അങ്ങനെ ഓരോ തൊഴിലാളിക്കും മാനസിക ചുമതലകൾ നിർവ്വഹിക്കാനാവും വിധം അവന്റെ/അവളുടെ ശേഷികളെ വികസിപ്പിക്കാൻ ആവശ്യമായ ഒഴിവു സമയവും വിഭവങ്ങളും ലഭ്യമാവുക എന്നുമാണ്. ആലങ്കാരികമായി പറഞ്ഞാൽ, ഒരു പാചക തൊഴിലാളിക്കു പോലും ഭരണചക്രം തിരിക്കാനും മാനേജുമെന്റ് ചുമതലകൾ വഹിക്കാനുമുള്ള പ്രാപ്തിയുണ്ടാവണം. എന്നാൽ, ഇതു പ്രായോഗികമാവണം എങ്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു പോലെ പാചകം വൻതോതിൽ ഓട്ടോമേഷന് (സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങളാൽ നടത്തപ്പെടുന്നത് ) വിധേയമാവണം. വർദ്ധിതമായ ഓട്ടോമേഷനിലൂടെ മാത്രമേ സ്ത്രീകൾ ഉൾപ്പെടെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം ആളുകളേയും വയലിലേയും യന്ത്രശാലയിലേയും കുടുംബത്തിനുള്ളിലേയും അങ്ങേയറ്റത്തെ ശാരീരിക അദ്ധ്വാനത്തിൽ നിന്നും വിമുക്തരാക്കാനാവൂ. അതിലൂടെ മാത്രമേ ഭൗതികമായ ചുമതലകളും മാനസികമായ ചുമതലകളും നിർവ്വഹിക്കുന്നവർക്കിടയിൽ പുതിയതും സ്ഥിരവുമായ ഒരു തൊഴിൽ വിഭജനം രൂപമെടുക്കുന്നതിനെ തടഞ്ഞു നിർത്താനാവൂ. ലെനിൻ പറയുന്നതു പോലെ, "സമൂഹത്തിലെ എല്ലാ അംഗങ്ങളും അല്ലെങ്കിൽ ചുരുങ്ങിയത് അതിലെ മഹാഭൂരിപക്ഷം എങ്കിലും ഭരണകൂടത്തിന്റെ നടത്തിപ്പു പോലുള്ള കാര്യങ്ങൾ സ്വയമേവ നിർവ്വഹിക്കാൻ പഠിച്ചു കഴിയുന്ന നിമിഷം മുതൽ ഏതു തരത്തിലും പെട്ട ഒരു ഭരണകൂടത്തിന്റെ ആവശ്യകത മൊത്തത്തിൽ തന്നെ അപ്രത്യക്ഷമാവാൻ തുടങ്ങുന്നു. ജനാധിപത്യം എത്രത്തോളം പൂർണ്ണതയോട്‌ അടുക്കുന്നുവോ, അത് അനാവശ്യമായി തീരുന്ന നിമിഷം അത്രത്തോളം അടുത്തെത്തുന്നു."             (ലെനിൻ: ഭരണകൂടവും വിപ്ലവവും) ലെനിന്റെ കാലത്തെ റഷ്യൻ സമ്പദ്ഘടനയുടെ, അല്ലെങ്കിൽ, ജർമ്മനിയിലേയോ, ഇംഗ്ലണ്ടിലേയോ, യു.എസ്.എ.യിലേയോ സമ്പദ്ഘടനകളുടെ അല്പവികസിതാവസ്ഥ കണക്കിലെടുക്കുമ്പോൾ ഇതു വളരെ ദീർഘവും നീണ്ടു നില്ക്കുന്നതുമായ ഒരു പ്രക്രിയ തന്നെ ആയിരിക്കുമെന്നത് സ്പഷ്ടമാണ്.

ധീരമായ ശ്രമങ്ങൾ കൊണ്ടു പോലും തൊഴിൽ വിഭജനത്തിനു അറുതി വരുത്താനായില്ല


ദേശസാത്ക്കരണം അഥവാ ബിസിനസ്സ് സംരംഭങ്ങളെ ഭരണകൂടത്തിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്ന പ്രക്രിയ തീർച്ചയായും സോഷ്യലിസത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പാണ്. (സമ്പത്തിനു മേലുള്ള) ഭരണകൂടത്തിന്റെ ഉടമസ്ഥതയും ആസൂത്രണവും സോഷ്യലിസത്തിന്റെ അനിവാര്യമായ ഒരു ഉപാധിയാണെങ്കിലും അതുകൊണ്ടു മാത്രം സോഷ്യലിസം കൈവരുമെന്നു മാർക്സിസം കരുതുന്നില്ല. ദേശസാത്ക്കരണം സ്വതവേ നയിക്കുന്നത് വൻതോതിൽ കേന്ദ്രീകരിക്കപ്പെട്ട ഒരു കമാന്റ് സമ്പദ് ക്രമത്തി (Command Economy) ലേക്കാണ്; അവിടെ എല്ലാത്തരം ആസൂത്രണ, മാനേജുമെന്റ് ധർമ്മങ്ങളും നിർവ്വഹിക്കുന്നത് വരേണ്യരുടേതായ ഒരു സംഘമായിരിക്കും. ഭൗതിക അദ്ധ്വാനവും മാനസിക അദ്ധ്വാനവും നിർവ്വഹിക്കുന്നവർക്കിടയിൽ അയവില്ലാത്തതും കർക്കശവുമായ ഒരു പ്രവൃത്തി വിഭജനം കൊണ്ടുവരുന്നതിലേക്കാണ് അതു നയിക്കുക. റഷ്യയിൽ ഭരണകൂട മുതലാളിത്തം (State Capitalism) സ്ഥാപിക്കാൻ സാധിച്ചതാണ് 1917 ലെ ബോൾഷെവിക് വിപ്ലവത്തിന്റെ മുഖ്യനേട്ടം എന്ന് ലെനിൻ ശരിയായി ചൂണ്ടിക്കാട്ടുകയുണ്ടായി. ഭരണകൂട മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള മാർഗ്ഗം സുദീർഘവും ദുഷ്ക്കരവും ആയിരിക്കുമെന്നു കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ബിസിനസ്സ് സംരംഭങ്ങളുടേയും സമ്പദ്ഘടനയുടെ ആകെത്തന്നെയുമുള്ള ആസൂത്രണത്തിലും അക്കൗണ്ടിംഗിലും മാനേജുമെന്റിലും തൊഴിലെടുക്കുന്ന ബഹുജനങ്ങളുടെ ഗണ്യമായൊരു വിഭാഗത്തിന്റെ (പിന്നീട് ഭൂരിപക്ഷത്തിന്റെ തന്നെ) പങ്കാളിത്തമുണ്ടാവുകയും ആ പങ്കാളിത്തം പിന്നീട് വിപുലമാവുകയും ചെയ്യും.

സോവിയറ്റ് യൂണിയനിലെ സംരംഭങ്ങളുടേയും സമ്പദ്ഘടനയുടേയും ആസൂത്രണത്തിലും ദൈനംദിന മാനേജ്മെന്റിലുമുള്ള കർഷകരുടേയും തൊഴിലാളികളുടേയും സൈനികരുടേയും പങ്കാളിത്തത്തെ വികസിപ്പിക്കാനുള്ള ധീരമായ ഒരു സമരത്തിന് ലെനിൻ നേതൃത്വം നൽകുക തന്നെ ചെയ്തു. പുതിയ സാമ്പത്തിക നയത്തിന് (NEP - New Economic Policy) തുടക്കം ' കുറിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച "നികുതി സാധനങ്ങളായി" (Tax in Kind) എന്ന ലഘുലേഖയിൽ അദ്ദേഹം പറയുന്നു: ''ഒരു വ്യത്യസ്ത രൂപത്തിലാണെങ്കിൽ പോലും സൈനിക വിദഗ്ദ്ധരിൽ നിന്നും നാം പഠിച്ചതു പോലെ, വ്യാപാരികളും ചെറുകിട മുതലാളിത്ത സഹകാരികളും മുതലാളിമാരും ഉൾപ്പെടെയുള്ള ബൂർഷ്വാ വിദഗ്ദ്ധരിൽ നിന്നും കമ്യൂണിസ്റ്റുകാർ കാര്യങ്ങൾ "പഠിക്കുന്നതിൽ'' നാം തെല്ലും ഭയപ്പെടേണ്ടതില്ല. പ്രായോഗിക അനുഭവങ്ങളിലൂടെയും നിങ്ങൾക്കൊപ്പമുള്ള ബൂർഷ്വാ വിദഗ്ദ്ധരേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യുന്നതിലൂടെയും മാത്രമേ "പഠിച്ചതിന്റെ" ഫലങ്ങൾ പരിശോധിക്കാനാവൂ. അവർക്ക് " ട്യൂഷൻ ഫീസ്'' നൽകേണ്ടി വന്നതിൽ വിരോധം തോന്നേണ്ടതില്ല. നാം എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കിൽ കൊടുത്ത ഫീസ് ഒട്ടും അധികമാവുന്നില്ല.

തൊഴിലെടുക്കുന്ന ബഹുജനങ്ങളെ, അവരോടു കൂടുതൽ അടുക്കാനും അവരുടെ അണികളിൽ നിന്നും സാമ്പത്തിക ഭരണനിർവ്വഹണത്തിന്റെ ജോലികൾ ചെയ്യാൻ പ്രാപ്തിയുള്ള ലക്ഷക്കണക്കിനാളുകളെ വളർത്തിയെടുക്കാനും സാധ്യമായ രീതിയിലെല്ലാം സഹായിക്കുക." (Lenin, Tax in Kind, May 1921)

അത് ചരിത്രമാണ്. ധീരമായ എല്ലാ ശ്രമങ്ങളുമുണ്ടായിട്ടും സംരംഭങ്ങളുടേയും സമ്പദ്ഘടനയുടേയും ദൈനംദിന ഭരണനിർവ്വഹണത്തിലെ ബഹുജന പങ്കാളിത്തം അതിവേഗം ക്ഷയിച്ചു.

കാർക്കശ്യം ശക്തിപ്പെട്ടത് ഒരു വ്യതിചലനമായിരുന്നു.


സോവിയറ്റ് യൂണിയനിൽ ഭൗതിക അദ്ധ്വാനത്തിൽ ഏർപ്പെടുന്നവർക്കും ആസൂത്രണവും മാനേജുമെൻറും പോലെയുള്ള മാനസിക അദ്ധ്വാനത്തിൽ ഏർപ്പെടുന്നവർക്കും ഇടയിലുള്ള തൊഴിൽ വിഭജനം പില്ക്കാലത്ത് കൂടുതൽ ശക്തമായി. ശത്രു ശക്തികളുടെ ചുറ്റി വളയലിനെ നേരിടേണ്ടി വന്ന സാഹചര്യത്തിൽ, സൈനിക പ്രാധാന്യമുള്ള മേഖലകളിലെ ഉല്പാദനം വർദ്ധിപ്പിക്കാനുള്ള സമ്മർദ്ദമുണ്ടായത് ഇതിന്റെ കാരണങ്ങളിൽ ഒന്നാണ്. _ഇതിന്റെ ഫലമായി, ഉടനെ തന്നെ കൊഴിഞ്ഞു പോകാൻ തുടങ്ങുമെന്ന നിലയിൽ സംഘടിപ്പിക്കപ്പെടുന്നതും കൊഴിഞ്ഞു പോവുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റാത്തതുമായ ഒരു ഭരണകൂടമെന്ന സവിശേഷത സോവിയറ്റ് ഭരണകൂടത്തിനു നഷ്ടമായി._ _പങ്കാളിത്ത മാനേജ്മെന്റിനു പകരം സംരംഭങ്ങളും സ്ഥാപനങ്ങളും സമ്പദ്ഘടനയുമെല്ലാം മുകളിൽ നിന്നും താഴേക്കു വരുന്ന ആജ്ഞകളേയും ഉത്തരവുകളേയും ലക്ഷ്യ നിർണ്ണയങ്ങളേയും അധികമധികം  ആശ്രയിക്കാൻ തുടങ്ങി. അതൊരു ഉദ്യോഗസ്ഥ മേധാവിത്തപരമായ ഘടനയായി മാറി. പതിയെ അതൊരു ശിലാരൂപം പോലെ കഠിനമാവുകയും മാനേജ്‌മെന്റ് സംവിധാനത്തിലെ അനിവാര്യമായ മാറ്റങ്ങളെപ്പോലും അനുവദിക്കാത്ത വിധം കല്ലിക്കുകയും ചെയ്തു. അതിനിടയിൽ അധികാരം കൈയാളിയിരുന്ന വരേണ്യരിൽ ഒരു വിഭാഗം സമ്പൂർണ്ണ മുതലാളിത്തത്തിലേക്കുള്ള മാറ്റത്തെ പിന്തുണക്കുകയും ചെയ്തു._ ഈ സാഹചര്യത്തിലാണ് മിഖായേൽ ഗോർബച്ചേവ് അധികാരത്തിലേക്കു വരുന്നത്. വഴി പിഴപ്പിക്കുന്നതും സന്ദർഭോചിതമല്ലാത്തതുമായ പരിഷ്കാരങ്ങളുടെ ഒരു പരമ്പര തന്നെ അദ്ദേഹം നടപ്പിലാക്കിയെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ആ പരിഷ്ക്കാരങ്ങൾ അന്തിമമായി ഒരു രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമാവുകയും അതിന്റെ ഫലമായി മുതലാളിത്ത പുനഃസ്ഥാപനം സംഭവിക്കുകയും ചെയ്തു. സാമ്രാജ്യത്വ ഇടപെടലുകളും മറ്റു ഘടകങ്ങളും ആ പതനത്തെ ത്വരിതഗതിയിലാക്കി.

'ടിന'യെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച 'ബദലില്ലാ' വാദക്കാർ അവകാശപ്പെടുന്നത് സോഷ്യലിസം ഒരു ഉട്ടോപ്യൻ ആശയമാണെന്നും ആരംഭത്തിൽ തന്നെ വിനാശത്തെ നേരിടേണ്ടി വന്ന ഒന്നാണതെന്നും ആണു്. ഒരു ബദലുമില്ല എന്ന തങ്ങളുടെ വാദത്തെ ശരി വച്ചു കൊണ്ടാണ് സോവിയറ്റ് യൂണിയൻ ശിഥിലീകരിക്കപ്പെട്ടതെന്ന് അവർ ആഹ്ളാദിക്കുന്നു. എന്നാൽ, ശൈശവ കാലത്തു തന്നെ, വിദേശ ശക്തികളുടെ വമ്പിച്ച തോതിലുള്ള സായുധ ഇടപെടലുകളെ അതിജീവിച്ചു കൊണ്ട് സംഭവബഹുലമായ ഏഴു ദശകക്കാലം അത്തരമൊരു വ്യവസ്ഥ നിലനിന്നുപോന്നത് എങ്ങനെയാണെന്നു വിശദീകരിക്കാൻ അവർക്കാവുന്നില്ല. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയനും വൻതോതിലുള്ള ദുരിതങ്ങൾ നേരിട്ടിട്ടുണ്ട്. എങ്കിലും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ട് അതൊരു വൻശക്തിയാവുക തന്നെ ചെയ്തു.

 _ഭൗതികവും മാനസികവുമായ ചുമതലകൾ നിർവ്വഹിക്കുന്നവർക്കിടയിൽ നില നിൽക്കുന്ന തൊഴിൽ വിഭജനം ദീർഘകാലമെടുത്തു കൊണ്ട് ഇല്ലാതാക്കാൻ സാധിക്കുമെന്ന മാർക്സിയൻ വീക്ഷണത്തേയും എതിർക്കുന്നവരാണ് എല്ലാ തരത്തിലും പെട്ട മുതലാളിത്ത ചിന്തകർ. ഭൗതികാദ്ധ്വാനവും മാനസികാദ്ധ്വാനവും ചെയ്യുന്നവർക്കിടയിലെ തൊഴിൽ വിഭജനം എക്കാലവും നില നിൽക്കുമെന്നാണ് അവർ വാദിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ രൂപത്തിലുള്ള സമൂഹം എക്കാലവും നില നിൽക്കും. അതിനു ബദലായി യാതൊന്നുമില്ലെന്ന് അവർ അവകാശപ്പെടുന്നു_ .

എന്നാൽ, സാങ്കേതിക വിദ്യയുടെ വളർച്ചയെ തുടർന്ന്, ഭൗതികവും മാനസികവുമായ ജോലികൾ നിർവ്വഹിക്കുന്നവർക്കിടയിൽ നില നിൽക്കുന്ന തൊഴിൽ വിഭജനം ഇല്ലായ്മ ചെയ്യുന്നതിന് അനിവാര്യവും പര്യാപ്തവുമായ സാഹചര്യങ്ങൾ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

"കൊഴിഞ്ഞു പോകുന്ന ഒരു ഭരണകൂടം" ഇപ്പോൾ സാധ്യമാണ്.


തൊഴിൽരഹിതമോ തൊഴിലവസരങ്ങളെ തിന്നു തീർക്കുന്നതോ ആയ വളർച്ച ഇന്ന് ഒരു വസ്തുതയാണ്. വലിയ ശമ്പളം കിട്ടുന്ന ഒട്ടേറെ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അവയൊന്നും സ്വീകരിക്കാൻ ആളില്ലെന്നുമുള്ള ഒരു പ്രതിവാദവും ഉയരുന്നുണ്ട്.

ഈ രണ്ടു കാര്യങ്ങളും വിരൽ ചൂണ്ടുന്നത് ആഗോള സമ്പദ്ക്രമത്തിലെ അഗാധതയാർജ്ജിക്കുന്ന ഓട്ടേമേഷനിലേക്കാണ്. എങ്കിലും കുഴപ്പം പിടിച്ച ഒരു രീതിയിലാണ് അതു സംഭവിക്കുന്നത്. ഭൗതിക അദ്ധ്വാനത്തിൽ ഏറെയും യന്ത്രമനുഷ്യർ എന്നറിയപ്പെടുന്ന റോബോട്ടുകൾ (Robots) ഏറ്റെടുക്കുകയാണ്. സ്വയം പ്രവർത്തന ശേഷിയുള്ള യന്ത്രങ്ങൾ (അഥവാ ഓട്ടോമേഷൻ) കാര്യങ്ങളെ ഏറ്റെടുക്കുന്ന പ്രക്രിയ തുടരുകയാണ്.(നഴ്സുമാരുടെ ജോലി ചെയ്യുന്ന റോബോട്ടുകൾ പോലും ഉണ്ടത്രേ!) തികച്ചും ഭൗതികമായ പ്രവൃത്തികൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അതിനു കിട്ടുന്ന ശമ്പളവും അതിന്റെ മാന്യതയും മാനസികമായ ജോലികൾക്കു കിട്ടുന്നതിനേക്കാൾ കുറവായിരിക്കും. 

ഈ സാഹചര്യമാണ് "എല്ലാവർക്കും അന്തസ്സുള്ള ജോലി'' എന്ന മുദ്രാവാക്യമുയർത്താൻ സാർവ്വദേശീയ തൊഴിൽ സംഘടനയേയും (ILO- International Labour Organisation) ട്രേഡ് യൂണിയനുകളേയും നിർബ്ബന്ധിതരാക്കിയത്. ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് വൻതോതിലുള്ള പൊതുനിക്ഷേപം ആവശ്യമാക്കിത്തീർക്കുന്ന ഒരു സാഹചര്യമാണിത്. വരും കാലത്തെ അതിവിപുലമായ വിദ്യാഭ്യാസ വ്യവസ്ഥ, സ്വയം മാനേജുമെന്റ് (Self management) ഉൾപ്പെടെയുള്ള ഒട്ടേറെ പ്രാഥമിക മാനസിക ചുമതലകൾ ഏറ്റെടുക്കാൻ പ്രാപ്തരായ നിരവധി ബിരുദധാരികളെ പുറത്തിറക്കിവിടും. അവർക്ക് വിവിധങ്ങളായ ശേഷികളുണ്ടായിരിക്കും. ഭാവിയിലെ ജനസംഖ്യയുടെ മഹാ ഭൂരിപക്ഷവും അവരായിരിക്കും. പല രാഷ്ട്രങ്ങളും ഈ അരങ്ങ് എങ്ങനെയായിരിക്കുമെന്ന് ഭാവനയിൽ കാണുകയും അനുമാനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

അപ്പോൾ, "കൊഴിഞ്ഞു പോകുന്ന ഒരു ഭരണകൂടം'' സ്ഥാപിക്കുന്നതിനും ഇതാവശ്യമാണ്. ലെനിൻ പറയുന്നതുപോലെ, "സമൂഹത്തിലെ മുഴുവൻ അംഗങ്ങളും അല്ലെങ്കിൽ, ഏറ്റവും ചുരുങ്ങിയത് അതിലെ മഹാഭൂരിപക്ഷമെങ്കിലും ഭരണകൂടത്തെ സ്വയം പ്രവർത്തിപ്പിക്കാൻ പഠിച്ചു കഴിയുന്ന ആ നിമിഷം മുതൽ... ആ നിമിഷം മുതൽ ഏതു തരത്തിലുള്ള സർക്കാരിന്റേയും ആവശ്യകത അപ്രത്യക്ഷമാകുന്നു." ഭരണത്തിന്റേയും മാനേജ്മെന്റിന്റേയും ധർമ്മങ്ങളും പ്രവർത്തനങ്ങളും ജനങ്ങൾ ഒന്നാകെ ഏറ്റെടുക്കുമെന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. കുറേക്കഴിയുമ്പോൾ ഉദ്യോഗസ്ഥ സംവിധാനം മാത്രമായി പ്രവർത്തിക്കേണ്ട ഒരു ബ്യൂറോക്രസിയുടെ ആവശ്യകത തന്നെ ഇല്ലാതാവും.

തൊഴിലിന്റേയും വിദ്യാഭ്യാസത്തിന്റേയും മേഖലകളിൽ സംഭവിക്കുന്ന ഗൗരവപൂർണ്ണമായ ഈ മാറ്റങ്ങൾ മുതലാളിത്തത്തെ ശവക്കല്ലറയിൽ അടക്കുന്നതിനുള്ള വാദമുഖങ്ങളെ ശക്തിപ്പെടുത്തും. കൂടുതൽ ലാഭത്തിനും കൂടുതൽ വിപണികൾക്കും വേണ്ടി നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുക എന്ന മുതലാളിത്ത യുക്തി തന്നെയാണ് മേൽപറഞ്ഞ മാറ്റങ്ങൾക്ക് മറ്റൊരു തരത്തിൽ പ്രേരകമായത്. ബൂർഷ്വാസി സ്വന്തം ശവക്കുഴി തന്നെയാണു കുഴിക്കുന്നത്. അതിന്റെ പതനവും ''കോഗ്നിറ്റേറിയറ്റി''ന്റെ വിജയവും സമാനമായ വിധത്തിൽ അനിവാര്യമാണ്. 'കോഗ്നിറ്റേറിയറ്റ് ' എന്നത് ഉപജീവനത്തിനു വേണ്ടി ഭൗതികവും മാനസികവുമായ ജോലികൾ ചെയ്യേണ്ടി വരുന്ന ആധുനിക തൊഴിലാളി വർഗ്ഗമാണ്. അവരുടെ സംഖ്യ അനുദിനം വർദ്ധിച്ചു വരികയാണ്.

നാടുവാഴിത്തത്തിന്റെ പരിവർത്തനം ഒരു സൂചകമാണ്.


ബഹുജന മാദ്ധ്യമങ്ങളുടേയും ഇന്റർനെറ്റിന്റേയും വളർച്ചയും അന്വേഷണാത്മക റിപ്പോർട്ടുകൾക്കു ലഭിച്ച പ്രചാരവും കോർപ്പറേറ്റ് അതിക്രമങ്ങളെ പൊതു ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്. എൻറോണിന്റെ കാര്യത്തിൽ തുടങ്ങി, അടുത്ത കാലത്ത് കോർപ്പറേറ്റുകൾക്കു നേരിട്ട പ്രതിസന്ധികളുടെ പരമ്പര വൻകിട ബിസിനസ്സുകളെ ഒരു തരം പൊതു വിചാരണക്കു വിധേയമാക്കുന്നതിലേക്കു വളർന്നിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് കുറേക്കൂടി സാമൂഹ്യ ഉത്തരവാദിത്തം ഉണ്ടാവണമെന്നും കോർപ്പറേറ്റ് കണക്കുകൾക്കും അവരുടെ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾക്കും പൂർണ്ണമായ സുതാര്യതയുണ്ടാവണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്. സമ്പദ്ഘടനയിൽ അടുത്ത കാലത്തു പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രവണതകൾ ഈ ആവശ്യങ്ങളെ ഇനിയും ശക്തിപ്പെടുത്തും. നികുതി ഘടന കൂടുതൽ നീതിപൂർവ്വമാക്കണമെന്ന് ആവശ്യപ്പെടുന്ന ടാക്സ് ജസ്റ്റിസ് നെറ്റ് വർക്കിന്റേയും ഓഹരിയുടമകൾക്ക് ജനാധിപത്യപരമായ പരിഗണന വേണമെന്ന് ആവശ്യപ്പെടുന്നവരുടേയും കാമ്പയിനുകളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുമെല്ലാം ഫലപ്രദമായ രീതിയിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടുകയാണ്. ഈ ശക്തികളുടെ പ്രവർത്തനം മുതലാളിത്ത വ്യവസ്ഥക്കു മേൽ ഏല്പിക്കുന്ന സമ്മർദ്ദം അതിന്റെ പരിധിയോളം എത്തിയിരിക്കുന്നു.

സാങ്കേതിക വിദ്യയുടെ മേഖലയിൽ ഉണ്ടായിട്ടുള്ള പുരോഗതിയെ തുടർന്ന് സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ള, അതിശക്തവും അന്ധവുമായ സാമൂഹ്യശക്തികൾ നിലവിലുള്ള സമൂഹത്തിന്റെ ഉപരിഘടനയെ ഇന്നല്ലെങ്കിൽ നാളെ മാറ്റുക തന്നെ ചെയ്യുമെന്ന നിഗമനം നാടുവാഴിത്ത ഘടനകൾക്കുണ്ടായ മാറ്റത്തിന്റെ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ്.

ലോകത്തെങ്ങും ദീർഘകാലം നിലനിന്ന നാടുവാഴിത്ത കാലഘട്ടത്തിൽ, കൃഷിയായിരുന്നു പ്രധാനപ്പെട്ട സാമ്പത്തിക പ്രവർത്തനം. അക്ഷരങ്ങളോ അക്കങ്ങളോ കൈകാര്യം ചെയ്യേണ്ട ആവശ്യകത സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം തുലോം കുറവായിരുന്നു. നിരക്ഷരരും കണക്കുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമായ ബഹുജനങ്ങൾക്ക് അവരുടെ യജമാനന്മാരുടെ സ്വേച്ഛാപൂർണ്ണവും നാടുവാഴിത്തപരവുമായ പ്രവർത്തന രീതികളെ ചോദ്യം ചെയ്യാനുള്ള കഴിവോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല. പ്രയോഗക്ഷമമായ ഒരു ജനാധിപത്യത്തിന് നിലനിൽക്കാനുള്ള യാതൊരു സാധ്യതയും അന്നുണ്ടായിരുന്നില്ല. ഒരു നാടുവാഴി പ്രഭുവിനു പകരം മറ്റൊരാൾ വന്നാൽ പോലും പുതിയ ആൾ പഴയ ആളെപ്പോലെ തന്നെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും മാറ്റങ്ങൾക്കുള്ള സാധ്യത വിരളമായിരുന്നു.

വ്യാവസായിക വിപ്ലവവും വാണിജ്യം വിപുലമായതും നിലനിന്നിരുന്ന സ്ഥിതിയിൽ പതുക്കെയാണെങ്കിലും ഉറപ്പായ മാറ്റങ്ങളുണ്ടാക്കി. മുതലാളിത്തം അതിന്റെ വിപ്ലവപരമായ ശേഷിയെ കെട്ടഴിച്ചുവിടാൻ തുടങ്ങി. സാധാരണ ജനങ്ങളുടെ നിത്യ ജീവിതത്തിലേക്ക് പണത്തിന്റെ ഉപയോഗം കടന്നു വന്നു. സാങ്കേതിക വിദ്യ കൂടുതൽ കൂടുതലായി പ്രയോഗത്തിൽ വന്നു. പണവും സാങ്കേതിക വിദ്യയും കൈകാര്യം ചെയ്യണമെങ്കിൽ ആളുകൾക്ക് അക്ഷരജ്ഞാനവും കണക്കു കൂട്ടാനുള്ള അറിവും വേണമെന്നായി. സാക്ഷരതയും പല തരം ശേഷികളും വ്യാപകമായി. വിദ്യാഭ്യാസം ഒരിക്കൽ വ്യാപകമായിക്കഴിഞ്ഞാൽ ജനാധിപത്യത്തിനു വേണ്ടി ഉയർന്നു വരുന്ന ആവശ്യങ്ങളെ പിന്നെ അധികകാലം തടഞ്ഞു നിർത്താനാവില്ല. ജനാധിപത്യം വ്യാപകമായതോടെ മാറ്റങ്ങളുടെ ഗതിവേഗം വർദ്ധിച്ചു. അതോടെ നാടുവാഴിത്തത്തിന്റെ അവശിഷ്ട ഘടകങ്ങൾ കൂടി അന്ത്യശ്വാസം വലിക്കാനാരംഭിച്ചു.

മാറ്റത്തിന്റെ അത്തരം കരുത്തുറ്റ ശക്തികൾ ആധുനിക മുതലാളിത്തത്തിന്റെ ഗർഭപാത്രത്തിൽ പൂർണ്ണവളർച്ച നേടിക്കൊണ്ടിരിക്കുകയാണെന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ മുതലാളിത്തത്തിന്റെ കീഴടങ്ങലിന് ഇനി അധികകാലമില്ല. അതിനിടെ ഈ പരിവർത്തനം ആസന്നമായ ഒരു അനിവാര്യതയാക്കി മാറ്റുന്ന മറ്റു ചില പുതിയ ഘടകങ്ങൾ കൂടിയുണ്ട്. അവയിൽ ഏറ്റവും പ്രധാനമായത് "സ്വകാര്യതയുടെ മരണ'' (Death of Privacy) മാണ്.

"സ്വകാര്യതയുടെ മരണം" വൈരുദ്ധ്യങ്ങളെ കൂടുതൽ മൂർച്ഛിപ്പിക്കുന്നു.


സ്വകാര്യതയും സ്വകാര്യ സ്വത്തും പരസ്പരം കൈ കോർത്തു പിടിച്ചാണ് പോകുന്നത്.  ചെറുകിട ഉടമകളായ നിരവധി ആളുകളുടെ സ്വത്തു സംബന്ധമായ വിശദാംശങ്ങളുടെ സ്വകാര്യതക്കു കല്പിച്ചു നൽകുന്ന പവിത്രതയെ വൻകിട മുതലാളിത്ത സ്വത്തുടമകളുടെ സ്വകാര്യതയുമായി സമീകരിച്ചു കൊണ്ട് മുതലാളിത്ത സ്വത്തുടമസ്ഥതക്ക് അവ നിയമപരമായ സാധൂകരണം നൽകുന്നു. അതുകൊണ്ട്, ഉദ്യോഗസ്ഥ മേധാവിത്തത്തിന്റേയും രാഷ്ട്രീയക്കാരുടേയും സ്വേച്ഛാപരമായ പ്രവർത്തനങ്ങളിൽ നിന്നും മുതലാളിത്ത സ്വത്തിനെ സംരക്ഷിക്കാൻ ശേഷിയുള്ള സുപ്രധാന ഉത്തോലകങ്ങളാണ് (key levers) അവ. (ഈ സ്വേച്ഛാപരത രൂപം കൊള്ളുന്നത് ഉടമകൾക്ക് മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ് ).

അതുകൊണ്ട്, പഴയ സോവിയറ്റ് യൂണിയനെതിരായി നടന്ന ശീതയുദ്ധത്തിൽ 'വല്യേട്ടൻ' (Big Brother) എന്നത് ഒരു സുപ്രധാന പ്രത്യയശാസ്ത്ര പ്രമേയമായിരുന്നു എന്നതിൽ അതിശയിക്കേണ്ടതില്ല. സ്വന്തം പൗരന്മാരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുകയും  ഓരോരുത്തരേയും പറ്റി രഹസ്യ വിവരങ്ങളുടെ കനപ്പെട്ട കേസുകെട്ടുകൾ ഉണ്ടാക്കി ശേഖരിക്കുകയും ചെയ്യുന്നു എന്ന് സോവിയറ്റ് യൂണിയനെതിരെ കുറ്റാരോപണങ്ങൾ ഉണ്ടായി. തിന്മകളുടെ സാമ്രാജ്യം (Evil Empire) എന്ന പ്രമേയം  പിറവി കൊണ്ടു. ( _1982 ൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ പ്രസംഗിക്കുമ്പോഴാണ് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ സോവിയറ്റ് യൂണിയനെ പരാമർശിക്കാൻ Evil Empire എന്ന പദം ഉപയോഗിക്കുന്നത്. 1983 ൽ അമേരിക്കയിലെ  ഫ്ളോറിഡയിൽ നടത്തിയ ഒരു പ്രസംഗത്തിലും റീഗൻ ഇതാവർത്തിച്ചിരുന്നു)_

ഇന്ന് സാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട പുതിയ വല്ല്യേട്ടൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വല്യേട്ടൻമാരൊക്കെ വെറും പിഗ്മികളായിരുന്നു എന്നു കാണാം. വലതുപക്ഷക്കാരായ സ്വകാര്യതാവാദികളും ആംനെസ്റ്റിയും മറ്റു മനുഷ്യാവകാശ സംഘടനകളുമൊക്കെ വൻ വിവര സഞ്ചയങ്ങൾക്കും (Big Databases) അപമര്യാദയായി നുഴഞ്ഞു കടക്കുന്ന സാങ്കേതികവിദ്യക്കും എതിരായി കാമ്പയിനുകൾ നടത്തിയിട്ടുണ്ടെന്നത് സത്യമാണ്. ഒരു സമയത്ത് അവരുടെ വാദമുഖങ്ങൾക്ക് വലിയ പിന്തുണയുമുണ്ടായിരുന്നു.

എന്നാൽ, സാങ്കേതിക വിദ്യ കെട്ടഴിച്ചുവിട്ട ശക്തികൾ കരുത്തരും അതേ സമയം തന്നെ അന്ധരുമായിരുന്നു. സാങ്കേതിക വിദ്യ വില്ക്കുന്നവരുടെ ലാഭാർത്തിയാവട്ടെ, യാതൊരു മന:സാക്ഷിയുമില്ലാത്ത ഓപ്പറേറ്റർമാരുടേയും മാഫിയാകളുടേയും കൈകളിലേക്കാണ് അവയെ എത്തിച്ചത്. പണം കൊടുക്കാൻ തയ്യാറായ സാധാരണ പൗരന്മാർക്കു പോലും ഈ സാങ്കേതിക വിദ്യ കരഗതമായി. ഈ സാങ്കേതിക വിദ്യകൾക്കെതിരെ സ്വകാര്യതാവാദികളും ആംനെസ്റ്റിയുമൊക്കെ ഉയർത്തിയ തടസ്സവാദങ്ങൾക്ക് ബഹുജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരുന്ന പിന്തുണ ദുർബ്ബലമായി എന്നതായിരുന്നു ഇതിന്റെ ഫലം. "സ്വകാര്യതയുടെ മരണം'' എന്നത് വസ്തുതാപരമായ യാഥാർത്ഥ്യമായി ബഹുജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

നിയമപരമായി കാര്യമായ ഉത്തരവാദിത്തമൊന്നും ഇല്ലാതെ തന്നെ പൗരന്മാരെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും എന്ന വലിയ സമ്പത്ത് സ്വരുക്കൂട്ടിയിട്ടുള്ള ?നിരവധി വൻകിട സ്വകാര്യ ഡാറ്റാബേസുകളുണ്ട്.  രഹസ്യ നിരീക്ഷണത്തിനുതകുന്ന (surveillance) വ്യത്യസ്തങ്ങളായ ഒട്ടനവധി സാങ്കേതിക വിദ്യകൾ പരസ്യ വിപണിയിൽ ലഭ്യമാണ്. മൊബൈൽ ഫോൺ സംഭാഷണങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെടുക്കാൻ വേണ്ടിയുള്ളതു മുതൽ അടഞ്ഞ മുറികളിലെ കാര്യങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനും അവിടെ നടക്കുന്ന സംഭാഷണങ്ങൾ റെക്കോഡു ചെയ്യാനും വരെയുള്ള ഉപകരണങ്ങൾ ഇതിൽ പെടുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ ഉപകരണങ്ങളുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറിലെ മുഴുവൻ വിവരങ്ങളൂം ഒന്നാകെ പകർത്തി ഇന്റർനെറ്റിലൂടെ കൊണ്ടു പോകുന്നതിനുള്ള സോഫ്റ്റ് വേർ ഉപകരണങ്ങളും ഇന്നു ലഭ്യമാണ്. നിങ്ങളെ കുടുക്കുകയും നിങ്ങളുടെ ക്രെഡിറ്റ്, ഐ.ഡി വിശദ വിവരങ്ങൾ നിങ്ങളെക്കൊണ്ടു തന്നെ പറയിക്കുകയും അതു വഴി നിങ്ങൾക്കു ധനനഷ്ടം വരുത്തുകയും ചെയ്യുന്ന ടെക്നിക്കുകളും ഇന്നുണ്ട്. ഇത്തരം സംഭവ വികാസങ്ങളൊക്കെ നമ്മെ നയിക്കുന്നത് "സ്വകാര്യതയുടെ മരണം'' ഇന്നൊരു വസ്തുതയായി കഴിഞ്ഞിരിക്കുന്നു എന്നും അതിൽ നിന്നും നമുക്കു രക്ഷപ്പെടാനാവില്ല എന്നുമുള്ള ഒരു തിരിച്ചറിവിലേക്കാണ്.

ഇന്ന്, നിയമാനുസൃതമായ യാതൊരു തരം ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ കുത്തകകൾക്കും മാഫിയാ സംഘങ്ങൾക്കും  പൗരന്മാരുടെ അതീവ സ്വകാര്യങ്ങളായ വിവരങ്ങൾ പോലും ശേഖരിക്കാൻ കഴിയുമെങ്കിൽ, നിയമപ്രകാരമുള്ള ഒരു സർക്കാർ, ഉത്തമ വിശ്വാസത്തോടെ അത്തരം വിവരങ്ങൾ സമാഹരിക്കുന്നതിനെ എതിർക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. (എന്നാലും ഈ യുക്തി കൊണ്ട്, അമേരിക്കൻ സർക്കാർ ലോകമെമ്പാടും  നിന്ന് അത്തരം വിവരങ്ങൾ ശേഖരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ഒരു ലോക സർക്കാരിനു മാത്രമേ അങ്ങനെ ചെയ്യാനുള്ള നിയമപരമായ അവകാശം ഉണ്ടാവുകയുള്ളു.)

നിയമാനുസൃതമായും അല്ലാതെയും വമ്പൻ വിവര സഞ്ചയങ്ങളുടേയും (database) വിവിധങ്ങളായ മറ്റു രഹസ്യ നിരീക്ഷണ  സംവിധാനങ്ങളുടേയും (surveillance mechanisms) നിർമ്മാണത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഭരണകൂട ഏജൻസികളും ടെക്നോളജി കച്ചവടക്കാരും ഈ വസ്തുതയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഭീകരതക്കെതിരായ യുദ്ധമെന്ന പേരിൽ നടത്തപ്പെടുന്നത് പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭയത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് അത്തരം നടപടികൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ്. അരാജകവാദികളും ഭീകരവാദികളുമാകട്ടെ യുക്തിരഹിതമായ ഈ കളിയിലെ കരുക്കളാവുകയും ഭരണകൂട അധികാരം വിപുലപ്പെടുത്താനുള്ള വാദങ്ങൾക്കു ശക്തി പകരുകയും ചെയ്യുന്നു. ഭീകരവാദവും അരാജകവാദവും ഭരണകൂട ഭീകരതയെ ഊട്ടി വളർത്തുകയാണ് ചെയ്യുന്നത്. അമേരിക്ക നടത്തുന്ന ഭരണകൂട ഭീകരതക്കു മുന്നിൽ അന്തർദ്ദേശീയ ക്രിമിനൽ കോടതി (International Criminal Court) ദുർബ്ബലമായിരിക്കുവാൻ കാരണം ആ കോടതിയുടെ അധികാര പരിധി അംഗീകരിക്കാൻ അമേരിക്കൻ സർക്കാർ കൂട്ടാക്കാത്തതാണ്. അമേരിക്കൻ സുപ്രീം കോടതിയുടെ ഇടപെടൽ സഹായകമായേക്കാമെങ്കിലും അത് ഒരു പരിധി വരെ മാത്രമേ സാധ്യമാവൂ.

രൂക്ഷമാവുന്ന വൈരുദ്ധ്യങ്ങൾ "കൊഴിഞ്ഞു പോവുന്ന ഭരണകൂട"ത്തെ തികച്ചും അനിവാര്യമാക്കും.


അപ്പോൾ വല്യേട്ടൻ ഇവിടെയുണ്ടെന്നു മാത്രമല്ല, അയാൾ പ്രവർത്തിക്കുകയുമാണ്. നിങ്ങളുടെ ഫോൺ സംഭാഷണങ്ങൾ അയാൾ ഒളിഞ്ഞു നിന്നു കേൾക്കുന്നുണ്ട്. നിങ്ങളുടെ ഇ മെയിലുകളും അയാൾ പരിശോധിക്കുന്നുണ്ട്. നിങ്ങൾ ഇൻറർനെറ്റിൽ എന്താണ് തിരയുന്നത് എന്നതിന്റെ വിശദാംശങ്ങളും അയാൾ ശേഖരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ വിശദ വിവരങ്ങളും അയാൾക്കു കിട്ടുന്നു. നിങ്ങൾ വാങ്ങിയ സാധനങ്ങളുടെ വിശദാംശങ്ങൾ അയാൾക്കു സംഘടിപ്പിക്കാൻ സാധിക്കും. നിങ്ങൾ റാലികളിൽ പങ്കെടുത്തതിന്റെ മാത്രമല്ല, അസാധാരണമായ സ്ഥലങ്ങളിൽ എത്തിയതിന്റെ ചിത്രങ്ങൾ പോലും അയാൾക്കു കിട്ടും. നിങ്ങളുടെ ദൈനംദിന ചലനങ്ങളെ നിരീക്ഷിക്കാൻ അയാൾ ഇതിനെയൊക്കെ ഉപയോഗിക്കും. എങ്കിലും നിങ്ങൾ യാതൊന്നും ചെയ്യാൻ കഴിയാത്ത വിധം നിസ്സഹായനാണ്; എന്തെന്നാൽ, "ഭീകരതക്കെതിരായ യുദ്ധ"ത്തിന് ഇതൊക്കെ ആവശ്യമാണ്.

എങ്കിലും ഭീകരതക്കെതിരായ യുദ്ധം ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ല. വാസ്തവത്തിൽ എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത് അതു കറേക്കൂടി തീവ്രമാകാൻ പോകുന്നു എന്നതിലേക്കാണ്. അതായത്, വല്യേട്ടൻ നിങ്ങളുടെ ജീവിതങ്ങളിലെ ഒരു സ്ഥിരം ഘടകമാവാൻ പോവുകയാണ് '

ഇത് തികച്ചും പുതിയൊരു സാഹചര്യമാണ്. സർക്കാരുകളും ബ്യൂറോക്രസിയും വേണ്ടത്ര കാര്യപ്രാപ്തിയും മുൻകരുതലും കാണിക്കുമെന്ന് ആർക്കും പ്രതീക്ഷിക്കാനാവില്ല. തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പാക്കാൻ വേണ്ടി എത്ര ദൂരം വരെ പോകാനും അവർക്കു സാധിക്കും. തങ്ങൾ എത്രത്തോളം കഴിവു കെട്ടവരും അഴിമതിക്കാരുമാണെന്ന് അവരിൽ ഒട്ടേറെ പേർ സ്വയം കാട്ടിത്തന്നിട്ടുമുണ്ട്. (എല്ലാവരേയും ക്രമപ്പെടുത്താൻ കരുത്തുള്ള സർവ്വശക്തനായ ഒരു അതികായൻ ഉണ്ടാവുകയെന്നത് ഒരു പരിഹാരമേയല്ല; ആ അതികായനെ ആരാണ് ക്രമപ്പെടുത്തുക?)

വ്യക്തിനിരപേക്ഷവും ഫലപ്രദവുമായ ഒരു ഭരണ സംവിധാനം സൃഷ്ടിക്കുക എന്നതു മാത്രമാണ് ഇതിനു പരിഹാരം. ഭരണയന്ത്രം പൂർണ്ണമായും സുതാര്യമാക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളും സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടേയും മാനേജ്മെൻറ് കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിലേക്ക് കൂടുതൽ കൂടുതൽ ആളുകളേയും പിന്നീട് ഭൂരിപക്ഷം ജനങ്ങളേയും കൊണ്ടുവരികയുമാണ് നമുക്കു വേണ്ടത്. ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും ഇടയിൽ ഇന്നു നിലവിലുള്ള പ്രവൃത്തി വിഭജനം അവസാനിക്കണം. അതായിരിക്കും "കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടം"; എന്തെന്നാൽ, അവിടെ സമൂഹം അപ്പാടെയോ, അല്ലെങ്കിൽ സാമൂഹ്യവത്ക്കരിക്കപ്പെട്ട മനുഷ്യവംശമോ ഭരണകൂടത്തിന്റെ ചുമതലകൾ ഏറ്റെടുക്കും. ഏതായാലും സുദീർഘമായ ഒരു സമരത്തിലൂടെയല്ലാതെ ഈ പരിവർത്തനം ഉണ്ടാവാൻ പോകുന്നില്ല.

"കൊഴിഞ്ഞു പോകുന്ന ഒരു ഭരണകൂടം" സ്വാഭാവികമായി* *ഉണ്ടാകുന്നില്ല; അതിന് വർഗ്ഗസമരം കൂടുതൽ തീവ്രമാകണം.


ഭരണനിർവ്വഹണം പൂർണ്ണമായും സുതാര്യമാക്കുന്നതിന് നീണ്ടു നിൽക്കുന്ന സമരം ആവശ്യമായി വരും. വിവര സാങ്കേതിക വ്യവസായം (IT industry) വികസിപ്പിച്ചെടുക്കുന്ന നിരവധി ഉപകരണങ്ങൾ ഈ സമരത്തിൽ പ്രയോജനപ്പെടും. ഓരോ പൗരനും നൽകുന്ന സവിശേഷ തിരിച്ചറിയൽ കാർഡ് (Unique ID Card) എല്ലാ ഇടപാടുകളുമായി ബന്ധിപ്പിക്കണമെന്നത് നിർബ്ബന്ധമാക്കേണ്ടതും എല്ലാത്തരം ഇടപാടുകളും ഉൾക്കൊള്ളുന്ന ഒരു സംയോജിത വിവര സഞ്ചയത്തിന് (integrated database) രൂപം നൽകേണ്ടതും അത് ആർക്കും പരിശോധിക്കാനുള്ള അവകാശം നൽകേണ്ടതുമാണ്. പ്രധാനപ്പെട്ട യാതൊന്നും പൊതുജന ദൃഷ്ടിയിൽ നിന്നും മറച്ചു വച്ചുകൂടാ. സാധാരണ പൗരന്മാർക്ക് ഇപ്പോൾ തന്നെ സ്വകാര്യത എന്നൊന്നില്ല. അവനോ അവൾക്കോ ചങ്ങലകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല.

ഭരണ വർഗ്ഗങ്ങളുടെ സുതാര്യതാ നാട്യം എത്ര മാത്രം കപടമാണെന്ന് തുറന്നു കാട്ടേണ്ടതാണ്. ശരിയായ സുതാര്യത അഴിമതിക്കും കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ഭീകരതക്കു ധനസഹായം നൽകുന്നതിനുമെതിരായ യുദ്ധത്തെ ശക്തിപ്പെടുത്തുകയാണു ചെയ്യുക. അങ്ങനെ സമാഹരിക്കുന്ന വമ്പിച്ച ധനം വിദ്യാഭ്യാസത്തിന്റേയും ഇതര പൊതുജന സേവനങ്ങളുടേയും വികസനത്തിനു വേണ്ടി വിനിയോഗിക്കണം.

സമ്പൂർണ്ണ സുതാര്യതക്കു വേണ്ടിയുള്ള ആവശ്യം ബിസിനസ്സ് കോർപ്പറേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കണം. അവരുടെ കണക്കു പുസ്തകങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടണം. കോർപ്പറേറ്റ് മേധാവികളും എക്സിക്യൂട്ടീവുകളും കൈയാളുന്ന സ്വേച്ഛാധികാരങ്ങളേയും അവർ കൈപ്പറ്റുന്ന അമിത വേതനത്തേയും ചോദ്യം ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം. വാസ്തവത്തിൽ, ഈ പൊതു വിചാരണക്ക് സ്വകാര്യ, പൊതു മണ്ഡലങ്ങളിലെ, തീരുമാനമെടുക്കാൻ അധികാരമുള്ള എല്ലാവരേയും വിധേയരാക്കണം. പൊതു, സ്വകാര്യ മേഖലകളിലെ വൻകിട ബിസിനസ്സ്, കുത്തക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിലേക്ക് ഇത് വ്യാപിപ്പിക്കണം. നീതിന്യായ മേഖലയിലെ ഉദ്യോഗസ്ഥരിലേക്കും വിവിധ തരം ക്രമീകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിലേക്കും നിയമാനുസൃതം ഏർപ്പെടുത്തപ്പെട്ട സ്ഥാപനങ്ങളിലേയും സിവിൽ സർവ്വീസിലേയും സൈനിക, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളിലേയും രാഷ്ട്രീയ വിഭാഗത്തിലേയും ഉദ്യോഗസ്ഥരിലേക്കും ലോകകപ്പ് ഫുട്ബോളിലെ ഫിഫ (FIFA) റെഫറിമാരെ പോലെയുള്ളവരിലേക്കു പോലും ഇതു വ്യാപിപ്പിക്കണം. ഈ കാര്യങ്ങളിലെല്ലാം വളരെ ഉയർന്ന വേതനം നൽകുന്നതിനുള്ള ന്യായീകരണം, അധികാരമുള്ള ആളുകളുടെ അത്യാർത്തി ശമിപ്പിക്കാൻ അവർക്ക് മെച്ചപ്പെട്ട പ്രതിഫലം നൽകുന്നതു മാത്രമാണ് വഴി എന്നതാണ്. എന്നാൽ, യഥാർത്ഥത്തിലുള്ള അനുഭവം കാണിക്കുന്നത്, അധികശമ്പളം ലഭിക്കുന്നവരിൽ പണത്തിനോടും അധികാരത്തോടുമുള്ള അത്യാർത്തി പെരുകുന്നതായിട്ടാണ്. ഈ ദുഷിത വലയത്തെ മാറ്റിത്തീർക്കാൻ പൊതുജനങ്ങളുടെ മേൽനോട്ടത്തിനു മാത്രമേ കഴിയൂ. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മുന്നണികളിലും വർഗ്ഗസമരം കൂടുതൽ തീവ്രതയാർജ്ജിക്കണം.

എല്ലാറ്റിനുമുപരി ആശയങ്ങളൂടെ മണ്ഡലത്തിലെ സമരവും ശക്തിപ്പെടണം. സാങ്കേതിക വിദ്യയുടെ വെള്ളി വെളിച്ചത്തിൽ കണ്ണഞ്ചിപ്പോവുകയും വർഗ്ഗസമരത്തെ കൈയൊഴിയുകയും ചെയ്തവരെ തുറന്നു കാട്ടുകയും തിരുത്തുകയും ചെയ്യണം. യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയും സാങ്കേതികവിദ്യയുടെ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ തടഞ്ഞു നിർത്തുകയോ പിൻതിരിപ്പിക്കുക പോലുമോ ചെയ്യാമെന്നു വിശ്വസിക്കുകയും ചെയ്യുന്ന പ്രമാണമാത്ര വാദികളെ മിഥ്യാധാരണകളുടെ ഉയരങ്ങളിൽ നിന്നും ' താഴെയെത്തിക്കാനും യാഥാർത്ഥ്യത്തെ കണ്ണു തുറന്നു കാണാനും സഹായിക്കണം. കമ്പ്യൂട്ടറുകൾ കമ്യൂണിസത്തെ അപ്രസക്തമാക്കിയെന്നു ഇപ്പോഴും വാദിച്ചു കൊണ്ടേയിരിക്കുന്ന മുതലാളിത്തത്തിന്റെ മാപ്പുസാക്ഷികളെ ചെറുത്തു തോല്പിക്കണം.

എല്ലാറ്റിനുമപ്പുറം, പുതിയ യാഥാർത്ഥ്യങ്ങളെ ഭൗതികവാദപരമായ വൈരുദ്ധ്യാത്മകതയുടെ നിയമങ്ങൾ ഉപയോഗിച്ച് നാം വിലയിരുത്തണം.