കാപികോ കമ്പനിയുടെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റണം: സുപ്രീം കോടതി
പരിസ്ഥിതി, ഉപജീവന സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിജയം
പി. എന്‍. ബാബു
ആലപ്പുഴ ജില്ലയിൽ പാണാവള്ളി പഞ്ചായത്തിലെ വിസ്തൃതമായ വേമ്പനാട്ട് കായലിന്റെ ഒത്ത നടുവില്‍ നല്ല നീരൊഴുക്കുള്ള സ്ഥലത്ത് ഏഴ് തുരുത്തുകളുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന നെടിയ തുരുത്തില്‍ 'കാപികോ റിസോര്‍ട്ട് ' എന്ന കമ്പനിക്കാർ അനധികൃതമായി പണിതുയര്‍ത്തിയ അമ്പത്തിനാല് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ 2020 ജനുവരി 10 ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജസ്റ്റീസുമായ ആര്‍.എഫ്. നരിമാന്‍, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട പണമിടപാടു സ്ഥാപനങ്ങളിലൊന്നായ 'മുത്തൂറ്റ് ഗ്രൂപ്പി'ന്റെ ഉടമസ്ഥതയിലുളള സ്ഥാപനമാണ് കാപികോ. മുത്തൂറ്റ് എം. ജോര്‍ജ്ജ് മാനേജിംഗ് ഡയറക്ടറും മിനി മുത്തൂറ്റ് ഉടമസ്ഥന്‍ റോയ് മാത്യു, രത്‌ന ഈശ്വരന്‍ എന്നിവര്‍ ഡയറക്ടര്‍മാരുമായുമുള്ള സ്ഥാപനമാണ് കാപികോ. കാപികോയുടെ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ടിലെ കെട്ടിട സമുച്ചയങ്ങളും വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറെ കൈവഴിയില്‍ എരമല്ലൂരിനടുത്ത് വെറ്റിലതുരുത്തില്‍ ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട് പണി കഴിപ്പിച്ച വാമിക എന്ന കെട്ടിട സമുച്ചയങ്ങളും പൊളിച്ചു കളയാന്‍ 2013 ജൂലൈ 25 ന് കേരള ഹൈക്കോടതിയിലെ ജ: കെ. എം. ജോസഫും കെ. ഹരിലാലുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. 2013 ഒക്‌ടോബര്‍ 25-നകം ഇവ പൊളിച്ചു മാറ്റാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഉത്തരവിനെതിരെ വാമിക ഐലന്റ് വെറ്റിലതുരുത്ത്, ഉടമസ്ഥര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി നടപ്പാക്കാന്‍ 2013 ആഗസ്റ്റ് 8 ന് ജസ്റ്റീസുമാരായ കെ.എസ്. രാധാകൃഷ്ണനും എ. കെ. സിക്രിയും ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ലഗൂണ്‍ അവരുടെ ചില കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്‌ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പൊളിക്കാന്‍ എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാക്കിയുള്ളത് പൊളിച്ചില്ല. കാപ്പികോയാകട്ടെ ഇനിയും ഉത്തരവ് നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ സ്വാധീനങ്ങളുപയോഗിച്ചും നിയമത്തിലെ പഴുതുകള്‍ മുതലെടുത്തും നിയമത്തെ തന്നെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. സ്‌പെഷ്യല്‍ ലീവ് പെറ്റീഷനിലൂടെ പൊളിക്കല്‍ നടപടിക്ക് അവര്‍ താല്‍ക്കാലിക സ്റ്റേ വാങ്ങി. ഈ സ്റ്റേ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് 2020 ജനുവരി 10 ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കുമ്പോള്‍ ഒരു സെന്റ് വീതം വിസ്തൃതിയുള്ള 53 ചെറിയ വില്ലകളും തുരുത്തിന്റെ ഒത്ത നടുവില്‍ പണികഴിപ്പിച്ചിട്ടുള്ള 8017 സ്‌ക്വയര്‍ മീറ്ററിലുള്ള മെയിന്‍ ബ്ലോക്കും പൊളിച്ചുമാറ്റപ്പെടും. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരടിലെ കെട്ടിടസമുച്ചയങ്ങള്‍ പൊളിച്ചു മാറ്റപ്പെടുന്നതിന്റെ തൊട്ടു മുമ്പുള്ള ദിവസമാണ്, മറ്റൊരു ബെഞ്ചില്‍ നിന്നും ഇത്തരമൊരു ഉത്തരവുണ്ടായതെന്നത് ശ്രദ്ധേയമാണ്.
''ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലാണ് വേമ്പനാട്ട് കായല്‍. ഇതിന്റെ സാമൂഹിക - സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്ത് കായലിനെ ഒരു അതീവലോല പരിസ്ഥിതി മേഖലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരേ കായലില്‍പ്പെട്ട ഒരു തുരുത്തില്‍ മാത്രം നിയമവാഴ്ച ബാധകമാക്കുകയും കാപ്പികോയ്ക്ക് അത് ബാധകമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല'' എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേമ്പനാട്ടു കായലിന്റെ ഭാഗമായ ജലാശയത്തോട് ചേർന്നു കിടക്കുന്നതാണ് മരട് കെട്ടിടങ്ങൾ നിലനിന്നിരുന്ന സ്ഥലം എന്നതും ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്.
എല്ലാ എതിര്‍പ്പുകളേയും മറി കടന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടേയും കേസില്‍ ഉറച്ചു നിന്ന ഇതര സംഘടന കളുടേയും മത്സ്യത്തൊഴിലാളികളുടേയും നിലപാടുകളുടേയും പ്രവര്‍ത്തനത്തിന്റേയും ഫലമാണ് ഈ കേസും അതിലെ വിജയവും.
നെടിയതുരുത്തിന്റെ ഭൂമി കാപികോ ഐലന്റ് എന്ന പേരില്‍ 625/07 എന്ന ആധാര പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 2007 ലാണ്. 9.5 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന ആള്‍പാർപ്പില്ലാത്ത ഒരു തുരുത്തായിരുന്നു ഇത്. പൊക്കാളികൃഷിയും ചെമ്മീന്‍ വാറ്റും നടത്തിയിരുന്ന ഈ പ്രദേശത്ത് നികന്ന സ്ഥലം തുലോം വിരളമായിരുന്നു. വേമ്പനാട് കായലിൽ ഡ്രഡ്ജര്‍ ഉപയോഗിച്ചു ഖനനം ചെയ്യുന്നതിനെതിരെ, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്ത വിജയകരമായ ഒരു പ്രക്ഷോഭം കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തില്‍ 2005ല്‍ നടക്കുകയുണ്ടായി. പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തപ്പെട്ട കണ്‍വെന്‍ഷന്‍ ആള്‍പാര്‍പ്പില്ലാത്ത ഈ തുരുത്തിലായിരുന്നു. ഉച്ചസമയത്തുള്ള കാറ്റിലും കോളിലും ഉലഞ്ഞ് കൊതുമ്പു വള്ളങ്ങളില്‍ കയറി പേടിച്ചരണ്ട മുഖങ്ങളോടെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലേയും മത്സ്യഗവേഷണ കേന്ദ്രങ്ങളിലേയും ശാസ്ത്രജ്ഞര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആവേശം പകര്‍ന്ന ഒരു കാഴ്ചയായിരുന്നു.
പലരുടേയും കൈവശത്തിലായിരുന്ന ഈ തുരുത്ത് എറണാകുളത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ഈശ്വരന്‍ ആന്റ് കമ്പനി നിസ്സാര വിലയ്ക്ക് കൈവശപ്പെടുത്തിയ ശേഷം 2007 ല്‍ കാപികോയ്ക്ക് കൈമാറുകയായിരുന്നു. ഇവിടെ ഒരു സപ്തനക്ഷത്ര റിസോര്‍ട്ട് പണി കഴിപ്പിച്ച്, പ്രക്ഷോഭങ്ങളും കേസുകളും ഒഴിയുന്ന മുറയ്ക്ക്, ഗള്‍ഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബനിയന്‍ ട്രീ (Banyan Tree) എന്ന ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറാനായിരുന്നു പദ്ധതി.
നെടിയതുരുത്തില്‍ പതിനൊന്നു സര്‍വ്വെ നമ്പറുകളിലായി 9.5 ഏക്കര്‍ സ്ഥലമാണ് ഉണ്ടായിരുന്നത്. എന്നാല്‍ രജിസ്‌ട്രേഷൻ രേഖകളില്‍ അത് 11.5 ഏക്കറായാണ് കാണിച്ചിരിക്കുന്നത്. അനധികൃത ഭൂമിയുടെ അടക്കം പോക്കുവരവ് നടത്തി കരം അടയ്ക്കാന്‍ വില്ലേജ്-റവന്യൂ അധികാരികളും കൂട്ടുനിന്നു. ഈ സ്ഥലത്ത് 60 കെട്ടിടങ്ങൾ ഉൾപ്പെട്ട റിസോർട്ട് സമുച്ചയത്തിനു വേണ്ടി 2007 ഒക്‌ടോബര്‍ 5 ന് കമ്പനി പാണാവള്ളി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു. റിസോര്‍ട്ടുകളെല്ലാം തീര പരിപാലന നിയമം ലംഘിച്ചുളളതായതിനാല്‍ അനുവാദം നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി വിസമ്മതിച്ചു. വൈകീട്ട് ഏഴു മണി വരെ അയാളെ മുറിക്കകത്തിട്ടു പൂട്ടി ഭീഷണിപ്പെടുത്തിയാണ് അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള ആളുകൾ റിസോർട്ട് നിർമ്മാണത്തിന് അംഗീകാരം വാങ്ങിച്ചെടുത്തത്. അപേക്ഷിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അനുവാദം സംഘടിപ്പിച്ചെടുക്കുന്നതിൽ വിജയിച്ച റിസോര്‍ട്ട് സംഘം തുടര്‍ന്നങ്ങോട്ട് നിയലംഘനങ്ങളുടെ ഒരു പെരുമഴ തന്നെയാണ് നടത്തിയത്.
രജിസ്‌ട്രേഷന്‍ കഴിഞ്ഞയുടനെ കമ്പനി ചെയ്തത് തകൃതിയായ കായല്‍ നികത്തലായിരുന്നു. ആയിരക്കണക്കിനു ലോഡ് മണലും ഗ്രാവലും ലോറിയില്‍ കൊണ്ടുവന്ന് കായല്‍ നിറച്ചു. ഇതിനു വേണ്ടി ജങ്കാറുകള്‍ അടുപ്പിക്കാനായി ദ്വീപില്‍ ഒരു ജെട്ടി നിര്‍മ്മിച്ചു. ഇതിന് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങിയില്ല. ആദ്യം ദ്വീപിനകത്തെ നെല്‍വയലുകള്‍ മുഴുവന്‍ മണ്ണിട്ടുമൂടി. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമവും ഭൂവിനിയോഗനിയമവും ഇവിടെ നോക്കുകുത്തിയായി. പിന്നീട് തുരുത്തിനു ചുറ്റും മണ്ണിട്ടു നികത്തി കരഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിച്ചു. ഈ പരശുരാമ പ്രവര്‍ത്തനത്തിലൂടെ 9.5 ഏക്കറുണ്ടായിരുന്ന തുരുത്തിന്റെ വിസ്തീർണ്ണം 20 ഏക്കറിന് മുകളിലേക്കു വർദ്ധിച്ചു. ഈ വികസനത്തിന്റെ ഫലമായി തുരുത്തിനടുത്ത് നല്ല ആഴമുള്ള ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പതിമൂന്നു ഊന്നിവലകളുടെ കുറ്റികളും പിഴുതു മാറ്റി. രാജവാഴ്ചയുടെ കാലത്തു തന്നെ പട്ട കിട്ടുകയും തുടര്‍ച്ചയായി കരം അടക്കുകയും ചെയ്തു പോന്ന ഊന്നി (stake net) കുറ്റികളായിരുന്നു അവ. ഇതിനു പുറമെ ദേശീയ ജലപാത-3 ന്റെ (National waterway -3 കൊല്ലം മുതൽ കോട്ടപ്പുറം വരെ 168 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഈ ജലപാതയെ 1993 ലാണ് ദേശീയ ജലപാതയായി പ്രഖ്യാപിച്ചത് ) പ്രയാണമാർഗ്ഗത്തിനു തന്നെ ഉന്നതരെ സ്വാധീനിച്ച് മാറ്റമുണ്ടാക്കാൻ അവർക്കു സാധിച്ചു. കായല്‍ നികത്തിയ ശേഷം തുരുത്തിനു വെളിയിലായി ഒരു വലിയ ഭിത്തിയും (retaining wall) പണിതു. ''സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങാതെ പൊതുജലാശയം നികത്താനോ രൂപഭേദം വരുത്താനോ പാടുള്ളതല്ല'' എന്ന 'ഉള്‍നാടന്‍ ഫിഷറി നിയമം' പരസ്യമായി ലംഘിക്കുന്നതിന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. വിസ്തൃതമായ കായലിന്റെ നടുവിലുള്ള ഈ തുരുത്തിനു ചുറ്റും ശക്തമായ നീരൊഴുക്കുണ്ട്. ആഗോള താപനത്തിന്റേയും കായല്‍ ചുരുങ്ങിയതിന്റേയും ഫലമായി വേലിയേറ്റത്തിനും വേലിയിറക്കത്തിനും ശക്തി കൂടുകയുമാണ്. ഇത് തുരുത്തിനെ ബാധിക്കാതിരിക്കാനായി ആരുടേയും അനുവാദം വാങ്ങാതെ തന്നെ കായലിലേക്ക് അഞ്ച് പുലിമുട്ടുകളും (break waters) കമ്പനി നിര്‍മ്മിച്ചു.
ഒരു കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തുള്ള മെയിന്‍ ലാന്റില്‍ നിന്നും കായലിനടിയിലൂടെ വൈദ്യുതി കേബിള്‍ വലിക്കാന്‍ ശ്രമിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ അതിനെ തടയാന്‍ ശ്രമിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളേയും പോലീസിനേയും സ്വാധീനിച്ച് കമ്പനി അവരെ കൈകാര്യം ചെയ്തു. ''മുത്തൂറ്റിനോട് എതിരിടാന്‍ നീയൊക്കെ വളര്‍ന്നോടാ'' എന്ന് ആക്രോശിച്ചായിരുന്നു കമ്പനിക്കു വേണ്ടി രംഗത്തിറങ്ങിയ തൊഴിലാളികള്‍ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികളെ കായികമായി നേരിട്ടത്. പോലീസെത്തി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സന്ധ്യ വരെ സ്റ്റേഷനില്‍ നിര്‍ത്തി. 'ഇനി ആ ഭാഗത്തേക്ക് പോകരുത്' എന്ന് 'സ്‌നേഹപൂര്‍വ്വം' ഉപദേശിച്ച് അവരെ വിട്ടയിച്ചു. ആ വര്‍ഷം മധ്യവേനലവധിക്ക് കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ ഈ കേബിള്‍ കുഴിയില്‍ വീണ് മുങ്ങി മരണമടഞ്ഞു.
തുരുത്തിന്റെ വടക്ക് മുക്കാല്‍ കിലോമീറ്റര്‍ മാറിയാണ് പെരുമ്പളം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ജനനിബിഡമായ ഈ പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കാൻ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ടാങ്ക് പണിതിട്ടുണ്ട്. ഈ ടാങ്കില്‍ നിന്നും കായലിനടിയിലെ കുഴലിലൂടെ റിസോർട്ടു പണിത തുരുത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകാനുള്ള കാപികോയുടെ ശ്രമം ചില മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. കമ്പനിയുടെ വടിവാള്‍ സംഘം അവരെ ആട്ടിയോടിക്കുകയായിരുന്നു.
2007 ജൂണ്‍ 6 ന് പുറത്തിറങ്ങിയ കേരള കെട്ടിട നിര്‍മ്മാണ ചട്ടം (ബില്‍ഡിംഗ് റൂള്‍) പ്രകാരം, 1991- ല്‍ പുറത്തിറങ്ങിയ തീരദേശ പരിപാലന വിജ്ഞാപനത്തിനു വിധേയമായി മാത്രമേ തുരുത്തുകളിലെ നിര്‍മ്മാണത്തിന് അനുമതി നല്‍കാവൂ. തീരം വിട്ട് 50 മീറ്റര്‍ അകലെയായും കെട്ടിടങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ വിട്ടും പരമാവധി 9 മീറ്റര്‍ പൊക്കമുള്ളതും രണ്ടു നിലയില്‍ അധികരിക്കാത്തതുമായ കെട്ടിടങ്ങള്‍ക്കു മാത്രമേ സൈറ്റ് പ്ലാന്‍ അംഗീകരിച്ച് അനുമതി നല്‍കാവൂ എന്നാണ് കെട്ടിട നിര്‍മ്മാണ ചട്ടം അനുശാസിക്കുന്നത്. 6000 സ്‌ക്വയര്‍ മീറ്ററിനു മേലുള്ള സൈറ്റ് പ്ലാനിന് സംസ്ഥാന ചീഫ് ടൗണ്‍ പ്ലാനറുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. തുരുത്തിലെ 54 നിര്‍മ്മിതികളുടെ വിസ്തൃതി 13,351 സ്‌ക്വയര്‍ മീറ്റര്‍ വരും. നിയമ വ്യവസ്ഥകൾ ലംഘിച്ച് പണിത വില്ലകള്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുമതി നല്‍കിയതും വിവാദമായിരുന്നു.
തീരദേശപരിപാലന വിജ്ഞാപനത്തിന്റെ ലംഘനമാണ് ഏറ്റവും പ്രധാനമായത്. 1991-ലാണ് വിജ്ഞാപനം ആദ്യം പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട തീരദേശ മാപ്പിംഗും പ്ലാനും 1996-ല്‍ തന്നെ പൂര്‍ത്തിയാവുകയും സംസ്ഥാന തീരപരിപാലന അതോറിറ്റി രൂപീകരിക്കപ്പെടുകയും ചെയ്തതാണ്. അന്നത്തെ നിയമ പ്രകാരം മൂന്നാം മേഖലയില്‍ (CRZ-III) പെടുന്ന സ്ഥലമാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. യഥാര്‍ത്ഥത്തില്‍ കായല്‍ നിലങ്ങളും പൊക്കാളി നിലങ്ങളും ഒന്നാം മേഖലയില്‍ (CRZ-I) പ്പെടുന്നവയാണ്. ഇതു പ്രകാരം ഈ മേഖലയില്‍ ഒരു നിര്‍മ്മാണവും അനുവദനീയമല്ല. കേരള ഹൈക്കോടതി വിധിയില്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നാം സോണിലാണെന്ന റിസോര്‍ട്ടുടമകളുടെ വാദം അംഗീകരിച്ചാല്‍ തന്നെ കായലില്‍ നിന്നും 50 മീറ്റര്‍ അകലെയായി വേണം നിര്‍മ്മാണം നടത്താന്‍. എന്നാല്‍ അവിടെ പണിത 57 വില്ലകള്‍ക്കും കായലില്‍ നിന്നും 10-15 മീറ്റര്‍ അകലം മാത്രമാണുള്ളത്. 2019-ല്‍ തീരപരിപാലന നിയമം കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. തുരുത്തുകളില്‍ നിര്‍മ്മിതിയുടെ അകലം 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്. അതുപ്രകാരം പോലും കമ്പനി നടത്തിയിരിക്കുന്നത് നഗ്നമായ നിയമലംഘനമാണ്.
തീരപരിപാലന നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമെന്ന് കാണിച്ച് 1998 ജൂണ്‍ 17-നു തന്നെ പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ഈ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് കാണിച്ച് 2008 ജൂണ്‍ 17 ന് കോസ്റ്റല്‍ മാനേജ്‌മെന്റ് അതോറിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപേക്ഷിച്ച് അഞ്ചു ദിവസത്തിനകം കമ്പനിക്ക് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്കിയത്.
നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളും ജനങ്ങളും നൽകിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യം പരിശോധിക്കാനായി പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറെ അങ്ങോട്ടയച്ചു. ''കായലിന്റെ നടുവിലുള്ള ഒരു ദ്വീപ് ആയതിനാലും വാഹന സൗകര്യമില്ലാത്തതിനാലും അവിടെ പോയി പരിശോധിക്കാനായില്ല'' എന്നദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചട്ട ലംഘനമാണെന്നും കമ്പനി നടത്തുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണെന്നും ഓഡിറ്റ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഇതുവരെയായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് ഇതുവരെ 370 കോടി രൂപ ചെലവായെന്ന് കമ്പനി കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്രയും ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതും പൊതുജനാഭിപ്രായം കേള്‍ക്കേണ്ടതുമാണെന്ന് ചട്ടം അനുശാസിക്കുന്നുണ്ട്. ഇതും കമ്പനി പാലിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി ഐക്യവേദിയടക്കമുള്ള സംഘടനകളുടേയും വ്യക്തികളുടേയും നിരവധി പരാതികള്‍ക്കൊടുവില്‍ കായല്‍ കൈയ്യേറ്റം തടയാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അന്വേഷണത്തിനെത്തിയ ആര്‍.ഡി.ഒ.യേയും സംഘത്തിനേയും കാപികോയുടെ ജീവനക്കാര്‍ തടഞ്ഞുവെച്ച് പറഞ്ഞയച്ചു. കൈയ്യേറ്റം ബോദ്ധ്യപ്പെട്ടെങ്കിലും അതിനനുസരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ഡി.ഒ.യും തയ്യാറായില്ല. തുടര്‍ന്നും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രണ്ട് താലൂക്ക് സര്‍വ്വെയര്‍മാര്‍ കമ്പനിയുടെ ബോട്ടിലെത്തി ടോട്ടല്‍ സര്‍വ്വെ എന്ന പ്രഹസനം നടത്തി. വസ്തുവിന്റെ യഥാര്‍ത്ഥ വിസ്തൃതി എന്ത് എന്നതിനെക്കുറിച്ചോ എത്ര സ്ഥലം കൈയ്യേറി എന്നതിനേക്കുറിച്ചോ അവര്‍ക്കും വ്യക്തതയുണ്ടായില്ല. റിസോര്‍ട്ടിന്റെ നടുവിലുളള വിസ്തൃതമായ രണ്ട് വെള്ളക്കെട്ടുകള്‍ - സ്വിമ്മിംഗ് പൂള്‍ - പുറമ്പോക്കായി കണക്കാക്കി ഒഴിവാക്കിയാണ് അളന്നത്. ഫലത്തില്‍ അത് കാപിക്കോയുടെ ഉടമസ്ഥതയിലായി. പരമാവധി ഒഴിവാക്കൽ നടത്തിയിട്ടും 240 സെന്റ് സ്ഥലം കൈയ്യേറിയതായി 2012 ല്‍ അവര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പുലിമുട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയില്ല എന്നും കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന കോസ്റ്റല്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് നല്‍കിയ പരാതികളെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ''വ്യവസ്ഥകള്‍ പാലിക്കാതെയാണ് കാപികോ കമ്പനി ജലപ്രവാഹത്തെ തടസ്സപ്പെടുത്തിയ''തെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തീരപരിപാലന നിയമം ലംഘിച്ചാണ് കമ്പനി റിസോര്‍ട്ട് പണിതതെന്നും അതോറിറ്റി കണ്ടെത്തി. എന്നാല്‍ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ഒരു സ്ഥാപനവും അവരോട് നിര്‍ദ്ദേശിക്കുകയുണ്ടായില്ല എന്നത് വിചിത്രമാണ്. നെടിയതുരുത്ത് മുത്തൂറ്റിന്റെ സ്വന്തം സാമ്രാജ്യമാണെന്നും അവിടെ അവരുടെ നിയമങ്ങളേ നടക്കു എന്നുമുള്ള ബോദ്ധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നിരിക്കണം.
ഊന്നിക്കുറ്റികള്‍ പറിച്ചു മാറ്റപ്പെട്ട കെ.ആര്‍. രതീഷും സൈലനും കുടുംബവും സഹികെട്ട് ഒടുവില്‍ നിയമത്തിന്റെ വഴി തേടി. ചേര്‍ത്തല മുന്‍സിപ്പല്‍ കോടതി, സബ് കോടതി, ഹൈക്കോടതി എന്നീ കോടതികളിലേക്ക് ഈ വ്യവഹാരങ്ങള്‍ നീണ്ടു. പറിച്ചു കളഞ്ഞ 13 ഊന്നിക്കുറ്റികള്‍ക്ക് പകരമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നീങ്ങിയ ഈ കേസുകള്‍ ഇന്നത്തെ ഒരു തലത്തിലെത്താന്‍ കഴിഞ്ഞത് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ ഇടപെടലോടെയാണ്. ജനസമ്പര്‍ക്കസമിതിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സും കെ.ആര്‍. രതീഷും നല്‍കിയ കേസില്‍ ഐക്യവേദിയും കക്ഷി ചേര്‍ന്നു. തുടര്‍ച്ചയായ ക്യാമ്പയിന്‍ സംഘടന നടത്തി. പാണാവള്ളിയിലും പെരുമ്പളത്തുമായി മൂന്നു കണ്‍വെന്‍ഷനുകള്‍ നടത്തപ്പെട്ടു. സംസ്ഥാനത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളും ഈ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. എന്നാല്‍ പ്രാദേശിക ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സമുദായ സംഘടനകളും ഈ കണ്‍വെന്‍ഷനുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തു. കേരള ഹൈക്കോടതിയില്‍ കേസിന്റെ വാദം പതിവില്‍ നിന്നും വ്യത്യസ്തമായാണ് നടന്നത്. ജസ്റ്റീസ് കെ. എം. ജോസഫും, കെ. ഹരിലാലും അടങ്ങുന്ന ബെഞ്ച് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഭൗമപഠനകേന്ദ്ര (സെസ്സ് CESS - Centre for Earth Science Studies) ത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്ന ഡോ. കെ. വി. തോമസിനെ തുടര്‍ച്ചയായി 12 ദിവസം വിസ്തരിച്ചു. വിശദമായ പഠനത്തിനും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ 2013 ജൂലൈ 25 ന് ഈ കെട്ടിട സമുച്ചയങ്ങളും വാമിക തുരുത്തിലെ കെട്ടിടങ്ങളും മൂന്നു മാസത്തിനകം പൊളിച്ചുകളയാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ വാമിക ഐലന്റ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2013 ആഗസ്റ്റ് 2 ന് ജസ്റ്റീസ് കെ. എസ്. രാധാകൃഷ്ണന്റെ ബെഞ്ച് ഹൈക്കോടതി വിധി ശരി വെക്കുകയാണുണ്ടായത്. എന്നാല്‍ തങ്ങളെ കേട്ടില്ല എന്നു വാദിച്ച് കാപികോ കമ്പനി ഒരു ഇടക്കാല കോടതി സ്റ്റേ വാങ്ങിയെങ്കിലും 6 വര്‍ഷത്തിനു ശേഷം ഈ ജനുവരി 10 ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഹൈക്കോടതി വിധി ശരി വെച്ചിരിക്കുകയാണ്.
മരടിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്നല്ല ഈ വിധിയുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മരടിലെ അനധികൃത നിര്‍മ്മിതികളെ സംബന്ധിച്ച കാര്യങ്ങള്‍ നെടിയ തുരുത്തിനും ബാധകമാണ്. രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ വഴിവിട്ട ഇടപെടലുകളിലൂടെയാണ് മരട് നിര്‍മ്മാതാക്കള്‍ക്ക് കെട്ടിട സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കാനായത്. നെടിയതുരുത്തിലും തുടക്കം മുതല്‍ ഈ ഇടപെടല്‍ കാണാനാവും. ദ്വീപിലെ കെട്ടിടങ്ങള്‍ പൊളിച്ചുകളയാന്‍ 2013 ആഗസ്റ്റ് 8 ന് സുപ്രീം കോടതി ഉത്തരവിട്ട ശേഷമുണ്ടായ സംഭവങ്ങള്‍ കേരള രാഷ്ട്രീയത്തിലെ ജീര്‍ണ്ണതയുടെ കൂടി പ്രതിഫലനമാണ്. സുപ്രീം കോടതി വിധി കേരളത്തില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമുഖരുള്‍പ്പെടെ പല ശക്തികളും രംഗത്തിറങ്ങി. പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള എം.എൽ.എമാരും പുരോഹിത പ്രമാണിമാരും ഉൾപ്പെടെ ഇരുപതു പേർ ഒപ്പിട്ട ഒരു നിവേദനം അവര്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു. പള്ളികളുടെ ഉടമസ്ഥതയേയും ആരാധന നടത്താനുള്ള അവകാശത്തേയും സംബന്ധിച്ച് തെരുവില്‍ യുദ്ധം ചെയ്യുന്ന ബാവ-മെത്രാന്‍ വിഭാഗങ്ങളിലെ മെത്രാപോലീത്തമാരും മാര്‍ത്തോമാ സഭയുടെ മേലധികാരിയും നിവേദനത്തില്‍ ഒപ്പിട്ടു. പാര്‍ട്ടി - ഗ്രൂപ്പ് വ്യത്യാസം മറന്ന്, ഫിഷറീസ് വകുപ്പു ഭരിച്ച രണ്ടു മുന്‍മന്ത്രിമാരടക്കം രണ്ടു മുന്നണിയിലും പെട്ട എം.എല്‍.എ. മാരും ഈ സംഘത്തിലുണ്ട്. ഇവര്‍ക്കെല്ലാമുള്ള മുഖമടച്ച അടിയാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഐക്യവേദി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കായല്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രില്‍ 19 ന് പാണാവള്ളിയില്‍ കണ്‍വെന്‍ഷൻ നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിൽ അതു മാറ്റി വച്ചിരിക്കുകയാണ്. അധികാരസ്ഥാനങ്ങളിലുള്ള സ്വാധീനവും ധനശേഷിയും കൊണ്ട് നാനാതരം നിയമങ്ങളെ ലംഘിച്ച് കെട്ടിപ്പൊക്കുന്ന നിർമ്മിതികൾക്ക് നിലനിൽക്കാൻ അവകാശമില്ലെന്നു പ്രഖ്യാപിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കിയെടുക്കാൻ തന്നെ കൂടുതൽ പ്രക്ഷോഭങ്ങൾ വേണ്ടി വന്നേക്കാം.