സ്വർണ്ണക്കള്ളക്കടത്തിന്റെ കാണാക്കയങ്ങൾ
പി. സി. ഉണ്ണിച്ചെക്കൻ
Muruntau gold mine, Uzbekistan. Image: Navoi Mining |
''കൊള്ളക്കാർ കാലത്തിനൊത്ത് മാറിയില്ലായിരുന്നു എങ്കിൽ പൂട്ടുകളുടെ സാങ്കേതികവിദ്യ പ്രാകൃതമായി തന്നെ തുടരുമായിരുന്നു'' എന്ന് മാർക്സ് എഴുതിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണ്ണ കള്ളക്കടത്തിന്റെ നൂതന വഴികൾ കാണുമ്പോൾ മാർക്സിന്റെ ഈ നിരീക്ഷണമാണ് ഓർമ വരുന്നത്. UAE കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ കേസാണിപ്പോൾ സജീവ ചർച്ചയായിരിക്കുന്നത്. ഇന്ത്യക്കാരുടെ മഞ്ഞലോഹത്തോടുള്ള അഭിനിവേശത്തെ കുറിച്ച് 200 വർഷം മുൻപു തന്നെ മാർക്സ് പരാമർശിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ മഞ്ഞലോഹം കാട്ടി പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യുന്നതിനെ കുറിച്ചാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ കുറിച്ച് എഴുതിയപ്പോൾ അദ്ദേഹം പരാമർശിച്ചത്.
സ്വർണ്ണം മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒരു ലോഹമാണ്. പക്ഷേ, ഇരുമ്പ്, പിച്ചള, അലുമിനിയം, ചെമ്പ് എന്നീ ലോഹങ്ങളെ പോലെ മനുഷ്യർക്ക് മറ്റ് പ്രയോജനങ്ങളുള്ള ഒന്നല്ല ഇത്. എങ്കിലും ഇന്ന് ഈ മഞ്ഞലോഹത്തിന് പിന്നാലെയാണ് മനുഷ്യസമൂഹം. സ്പെയിൻകാർ മെക്സിക്കോ പിടിച്ചടക്കിയപ്പോൾ സ്വർണ്ണത്തിനോടുള്ള ആർത്തി കണ്ട് തദ്ദേശവാസികൾ അത്ഭുതപ്പെട്ടു. വെട്ടിപ്പിടുത്തക്കാർ അവരോട് പറഞ്ഞത്, ''എനിക്കും എന്റെ കൂട്ടാളികൾക്കും ഹൃദയത്തിന് രോഗം ബാധിച്ചിരിക്കുന്നു. അത് ഭേദമകണമെങ്കിൽ സ്വർണം വേണം'' എന്നാണ്. (Sapiens - യുവാൽ നോവ ഹരാരി). സോഫോക്ലിസിന്റെ നാടകത്തിൽ നിന്നും പണത്തെക്കുറിച്ചുള്ള പരാമർശത്തെ ഉദ്ധരിച്ചതിനു ശേഷം മാർക്സ് എഴുതി: "പെറ്റുവീണ ഉടനെ തന്നെ ഭൂമിയുടെ അന്തരാളത്തിൽ നിന്ന് പാതാളദേവന്റെ മുടിയിൽ പിടിച്ച് പുറത്തു കൊണ്ടുവന്ന സമൂഹം. അതിനെ ജീവിത പ്രയാണത്തിൽ ഉജ്ജ്വല അവതാരം എന്ന നിലയിൽ പരിശുദ്ധ താലമായി സ്വർണ്ണത്തെ സ്വീകരിക്കുന്നു." 'ടൈമൺ ഓഫ് ആതൻസി'ൽ സ്വർണ്ണത്തെ കുറിച്ചും അത് സൃഷ്ടിക്കുന്ന അവസ്ഥയെ കുറിച്ചും ഷേക്സ്പിയർ വിശദമായി എഴുതിയിട്ടുണ്ട്. "ഇവിടെ എന്താണിത്, സ്വർണ്ണം? തിളങ്ങുന്ന, അമൂല്യ മഞ്ഞ സ്വർണ്ണം?... ...പരിശുദ്ധമായ സ്വർഗ്ഗമേ! ഇത്രയും ഇതുണ്ടെങ്കിൽ കറുത്തത് വെളുപ്പിക്കും കെട്ടത് സുന്ദരമാക്കും തെറ്റ് ശരിയാക്കും നീചമായതിനെ ശ്രേഷ്ഠമാക്കും വൃദ്ധനെ യുവാവാക്കും ഭീരുവിനെ ധീരനാക്കും പതിതരെ അനുഗ്രഹിക്കും മോഷ്ടാക്കൾക്ക് തൊഴിൽ നൽകും അവർക്ക് പദവിയും ആദരവും സെനറ്റ് അംഗങ്ങൾക്കൊപ്പം സ്ഥാനമാനങ്ങളും നൽകും..."
സ്വർഗ്ഗവാതിൽ പോലും തുറന്നുകൊടുക്കുന്ന മഞ്ഞലോഹത്തിന്റെ കള്ളക്കടത്ത് ഹബ് ആണ് ഇന്ത്യ. ലോകത്ത് സ്വർണ ഉപയോഗത്തിന്റെ മൂന്നിലൊന്നും ഇന്ത്യയിലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യ സ്വർണ്ണ കള്ളക്കടത്തിന്റെ ഹബ് ആയി മാറിയത്?
UAE-ഇന്ത്യ സ്വർണ്ണക്കടത്ത്
UAE (ഐക്യ അറബി എമിറേറ്റ്സ്) യുടെ തിരുവനന്തപുരത്തുള്ള കോൺസുലേറ്റിലേക്കാണ് ഡിപ്പൊമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത്. കോൺസുലേറ്റിലെ അറ്റാഷെയുടെ അഡ്രസ്സിലാണ് ഇത് വന്നത്. നയതന്ത്ര കാര്യാലയത്തിലെ ഭരണപരമായ ജോലികൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥനാണ് അറ്റാഷെ. കേസന്വേഷണം നടക്കുന്നതിനിടക്ക് അദ്ദേഹം ഇന്ത്യ വിട്ടു. 1962- ലെ വിയന്ന സമ്മേളന നടപടികൾ അനുസരിച്ച് നയതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനേകം പരിരക്ഷകൾ ഉണ്ട്.
സ്വർണ്ണക്കള്ളക്കടത്തിന്റെ കാണാക്കയങ്ങളെ കുറിച്ച് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'Impact' ഗവേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ലോകത്തെമ്പാടും ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിന്റെ നല്ലൊരു പങ്കും എത്തിച്ചേരുന്നത് UAE-യിലാണത്രേ! ആഫ്രിക്കയിലെ Great Lake റീജിയൺ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ സ്ഥലങ്ങളിൽ നിന്ന് സംസ്കരിക്കാത്ത സ്വർണ്ണം UAE-യിൽ എത്തിയ ശേഷം അത് ഇന്ത്യയിൽ എത്തിച്ച് വ്യാപാരം നടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ സ്വർണ്ണ കള്ളക്കടത്തിന്റെ ഹബ്!
1960-ലെ സ്വർണ്ണ നിയന്ത്രണ നിയമം നിലവിൽ വന്നതോടെയാണ് കള്ളക്കടത്തുകാരുടെ കണ്ണ് ഇന്ത്യയിൽ പതിഞ്ഞത്. ഇതോടെ കള്ളക്കടത്ത് സംഘങ്ങൾ പെരുകി. വിമാനത്തവളങ്ങളും തുറമുഖങ്ങളും ഇവരുടെ കേളീരംഗങ്ങളായി മാറി.
പ്രതിവർഷം 1000 ടൺ സ്വർണ്ണമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിൽ 200-250 ടൺ കള്ളക്കടത്ത് ആയാണ് എത്തുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യാ റീജിയണൽ മാനേജിങ് ഡയറക്ടർ പി.ആർ. സോമസുന്ദരം ഒരു സാമ്പത്തിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കള്ളക്കടത്തുകാർക്കുള്ള പ്രചോദന(ഇൻസന്റീവ്) മായി എന്നാണ്. ഓൾ ഇന്ത്യാ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ.അനന്തപത്മനാഭന്റെ അഭിപ്രായത്തിൽ ഇന്ത്യ തീരുവ വർധിപ്പിച്ചതിനു ശേഷം കള്ളക്കടത്ത് കൂടി. 'Impact'-ന്റെ പഠനവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
2012-ൽ അന്നത്തെ ധനമന്ത്രി പി. ചിദംബരം സ്വർണ്ണത്തിനുള്ള തീരുവ 4 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി വർദ്ധിപ്പിച്ചു. 2013-ൽ 3 തവണയാണ് തീരുവ വർദ്ധിപ്പിച്ചത്. 2014-ൽ 8 ശതമാനമായിരുന്ന തീരുവ 10 ശതമാനമാക്കി ഉയർത്തി. നിർമ്മല സീതാരാമൻ 2020-ലെ ബജറ്റിൽ തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കി വർദ്ധിപ്പിച്ചു. 3 ശതമാനം GST കൂടി കൂട്ടിയാൽ 15.5 ശതമാനമാവും നികുതി. 'Impact' പഠനം അനുസരിച്ച് കേന്ദ്ര നയങ്ങളാണ് സ്വർണ്ണ കള്ളക്കടത്തിന് പ്രചോദകമായി മാറിയത്. 2012-ൽ 23 ടൺ സ്വർണ്ണമാണ് ഇന്ത്യയിൽ എത്തിയതെങ്കിൽ 2019-ൽ അത് 245 ടണ്ണായി വർദ്ധിച്ചു. ഒരു കിലോഗ്രാം സ്വർണം ദുബായിൽ നിന്ന് കള്ളക്കടത്തായി ഇന്ത്യയിൽ എത്തിയാൽ 6 ലക്ഷം മുതൽ 15 ലക്ഷം വരെ രൂപയെങ്കിലും ലാഭമുണ്ടാവും.
GST നിയമവും സ്വർണ്ണക്കടത്തും
50000 രൂപ വിലയുള്ള ഏത് ചരക്കു നീക്കത്തിനും ഈവേ ബില്ല് വേണം. എവിടെ നിന്ന് വാങ്ങി, എങ്ങോട്ട് കൊണ്ടുപോവുന്നു, നികുതി അടച്ചോ എന്നീ കാര്യങ്ങൾ ഈവേ ബില്ലിൽ വ്യക്തമാക്കിയിരിക്കണം. എന്നാൽ സ്വർണ്ണത്തിന് ഇതൊന്നും വേണ്ട. വ്യക്തികളേയോ ഒരു സ്ഥാപനത്തേയോ കാണിക്കാൻ കൊണ്ടുപോകുന്നു എന്നു സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. കള്ളക്കടത്ത് സ്വർണ്ണം പിടിച്ചാൽ നികുതിയും അതിന്റെ ഇരട്ടി തുകയും അടച്ചാൽ 129 ആം വകുപ്പ് പ്രകാരം സ്വർണ്ണം വിട്ടുകൊടുക്കണം. 130-ആം വകുപ്പ് പ്രകാരം പിടിച്ചെടുത്ത സ്വർണ്ണം കണ്ടുകെട്ടാൻ അവകാശമുണ്ട്. എന്നാൽ 129-ആം വകുപ്പ് പ്രകാരം നികുതിയും പിഴയും അടച്ചില്ലെങ്കിൽ മാത്രമേ കണ്ടുകെട്ടാവൂ എന്ന് കേരളാ ഹൈക്കോടതിയുടെ വിധിയുണ്ട്.
ഈവേ ബില്ല് വന്നതുകൊണ്ടു മാത്രം സ്വർണ്ണ കള്ളക്കടത്ത് നിയന്ത്രിക്കാനാവില്ല. GST നിയമത്തിലെ 60 മുതൽ 64 വരെയുള്ള വകുപ്പുകൾ കേന്ദ്ര-സംസ്ഥാന GST വകുപ്പുകൾക്ക് സ്വർണ്ണത്തെ കുറിച്ച് അന്വേഷിക്കാനും പിടിച്ചെടുക്കാനും അധികാരം നൽകുന്നുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. പ്രതിവർഷം 30000 മുതൽ 40000 വരെ കോടി രൂപയുടെ സ്വർണ്ണ വ്യാപാരമാണ് കേരളത്തിൽ നടക്കുന്നത്. 12000-ത്തോളം സ്വർണ്ണ വ്യാപാരികളുണ്ട്. ഇതിൽ പകുതിയോളം പേർക്ക് GST രജിസ്ട്രേഷൻ ഇല്ല. 20 ലക്ഷം രൂപയിൽ കുറവാണ് ടേണോവർ എന്നുള്ളതുകൊണ്ടാണത്രേ ഇത്. പ്രതിമാസം മലയാളികൾ സ്വർണ്ണം വാങ്ങാൻ ആളോഹരി 208 രൂപയാണ് ചിലവഴിക്കുന്നത്. രണ്ടാം സ്ഥാനമുള്ള ഗോവയിൽ ഇത് 34 രൂപ മാത്രമാണ്. സ്വർണ്ണവ്യാപാരം പൊടി പൊടിക്കുമ്പോഴും അതിനനുസരിച്ചുള്ള നികുതി വരുമാനം കേരളത്തിന് ലഭിക്കുന്നില്ല. GST നടപ്പിലാക്കുന്നതിന് മുൻപ് VAT ആണ് നിലവിലുണ്ടായിരുന്നത്. അന്ന് 780 കോടി രൂപയോളം നികുതിയിനത്തിൽ സംസ്ഥാനത്തിനു ലഭിച്ചിരുന്നു. കോമ്പൗണ്ടിങ് സമ്പ്രദായം നില നിന്നപ്പോൾ 1.2 ശതമാനമായിരുന്നു നികുതി. GST വന്നപ്പോൾ 3 ശതമാനമായി. കഴിഞ്ഞ വർഷം വെറും 300 കോടി രൂപ മാത്രമാണ് നികുതിയിനത്തിൽ ലഭിച്ചത്. സ്വർണ്ണ വിലയാകട്ടെ 50 മുതൽ 60 ശതമാനം വരെയാണ് വർദ്ധിച്ചിരിക്കുന്നത്. ഇത്തരം കള്ളക്കടത്തുകൾ വർദ്ധിക്കുന്നതോടെ സമാന്തരമായി ഒരു അധോലോകം കൂടിയാണ് ശക്തിപ്പെടുന്നത്.
'മേക്ക് ഇൻ ഇന്ത്യ' പരിപാടി പ്രഖ്യാപിച്ചപ്പോൾ വിദേശ റിഫൈനറികളും പ്രത്യേകിച്ച് UAE യും ഈ അവസരം മുതലാക്കി. ഉത്തരാഖണ്ഡിലെ
നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഇത്തരം പല റിഫൈനറികളും പ്രവർത്തിക്കുന്നുണ്ടത്രേ.
2013-നും 2020-നും ഇടക്കുള്ള സ്വർണ്ണ കള്ളക്കടത്ത് കേസുകളുടെ വിവരങ്ങൾ NIA-ക്ക് കൈമാറിയതായാണ് ഡി ജി പി വ്യക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്തായി വരുന്ന സ്വർണ്ണത്തിന്റെ 2 ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. ഭൂരിപക്ഷം കേസുകളും ശിക്ഷിക്കപ്പെടാറുമില്ല.
പെരുകുന്ന മാഫിയകൾ
2006 ഓഗസ്റ്റ് 14. കേരളത്തിലെ അന്നത്തെ ഇന്റലിജൻസ് മേധാവി ആയിരുന്ന അഡീഷണൽ ഡി.ജി.പി ജേക്കബ് പുന്നൂസ് പത്രസമ്മേളനം നടത്തി 50,000 കോടി രൂപയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന മാഫിയാ സംഘങ്ങളെ കുറിച്ച് വിശദീകരിക്കുകയുണ്ടായി. വണ്ടിപിടിത്ത മാഫിയ - 12,000 കോടി, ഹവാല - 10,000 കോടി, ബിൽഡർ മാഫിയ - 10,000 കോടി, മദ്യമാഫിയ - 9,500 കോടി, പെൺവാണിഭം - 4,000 കോടി, വനം ചന്ദനം - 1,500 കോടി, മയക്കുമരുന്ന് - 800 കോടി, മണൽ കടത്ത് - 800 കോടി എന്നിങ്ങനെയുള്ള കണക്കുകളാണ് അദ്ദേഹം പത്രസമ്മേളനത്തിൽ പുറത്തു വിട്ടത്. അദ്ദേഹം പിന്നീട് ഡി.ജി.പി ആയി. 14 വർഷം കഴിയുമ്പോൾ ഇത്തരക്കാരുടെ ശക്തി സ്വാഭാവികമായി തന്നെ വർദ്ധിച്ചു കാണും. എന്തുകൊണ്ട് ഇത്തരക്കാരെ നിലക്കു നിർത്താൻ കഴിയാതെ പോയി എന്നത് ഗൗരവമായി ഉയരേണ്ട ഒരു ചോദ്യമാണ്.
അഴിമതിയും നെക്‌സസ് ക്രൈമും
1993 ജൂലൈ 9-ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന എൻ.എൻ. വോറ അധ്യക്ഷനായി ഒരു അഞ്ചംഗ സമിതിയെ നിയമിക്കുകയുണ്ടായി. 1993-ന്റെ ആദ്യ മാസങ്ങളിൽ രാജ്യത്തുണ്ടായ ബോംബ് സ്ഫോടനങ്ങളുടെ പരമ്പരയെ തുടർന്നാണ് ഇത്തരമൊരു കമ്മിറ്റിയെ നിയമിച്ചത്. രാഷ്ട്രീയക്കാരും അധോലോകവും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ ഉയർന്നു വരികയുണ്ടായി. 3 മാസത്തെ സമയമാണ് കമ്മിറ്റിക്ക് നൽകിയത്. കാലപരിധി തീരും മുമ്പു തന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ അതിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ല. 1995 ജൂലൈ 2- ന് നയനാ സ്വാഹിനിയുടെ അരുംകൊലയെ തുടർന്ന് വോറാ കമ്മിറ്റി റിപ്പോർട്ടിന് എന്തു പറ്റിയെന്ന ചോദ്യങ്ങൾ ഉയർന്നു. ഒടുവിൽ 1995 ഓഗസ്റ്റ് ഒന്നിന് റിപ്പോർട്ട് മേശപ്പുറത്ത് വക്കേണ്ടി വന്നു. അതിലിങ്ങനെ ചൂണ്ടിക്കാട്ടിയിരുന്നു: "കുറ്റവാളി സംഘങ്ങളുടെ സംവിധാന ശൃംഖല നിയമാധിഷ്ഠിത ഭരണകൂടത്തെ അപ്രസക്തമാക്കിക്കൊണ്ട് സമാന്തര ഭരണം തന്നെ നടത്തുന്നു." കുറ്റവാളി സംഘങ്ങളുടെ സ്വാധീനത്തെ കുറിച്ചും രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും റിപ്പോർട്ടിൽ അനേകം വിവരങ്ങളുണ്ട്. മധ്യപ്രദേശിലെ ബി.ജെ.പി. മുഖ്യമന്ത്രി ആയിരുന്ന സുന്ദർലാൽ പട് വ അടിയന്തരാവസ്ഥയിൽ ജയിലിൽ ആയിരുന്നപ്പോൾ കറുപ്പ് കള്ളക്കടത്തുകാരനായ മുഹമ്മദ് ഷാഫിയുമായി സൗഹൃദത്തിലായി. 1992- ൽ അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ ഷാഫിയുടെ ഇളയ സഹോദരനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. FIR പോലും കാണാതാവുകയും അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം 1993-ൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ 3 കാര്യങ്ങൾ വളരെ ഗൗരവമുള്ളവയായിരുന്നു.
"1. കുറ്റവാളി സംഘങ്ങളും പോലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള ഗൂഢ ബന്ധം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മറ നീക്കി പുറത്തു വന്നു കഴിഞ്ഞു. വ്യക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ നേരിടുകയെന്ന ലക്ഷ്യം വച്ച് രൂപപ്പെടുത്തിയ ഇന്നത്തെ നീതിന്യായ വ്യവസ്ഥ മാഫിയകളുടെ പ്രവർത്തനങ്ങളെ നേരിടാൻ പര്യാപ്തമല്ല. സാമ്പത്തിക കുറ്റങ്ങൾ നേരിടാൻ തികച്ചും ദുർബലമാണ് അത്.
2. സാമ്പത്തിക ശേഷിയും കൈക്കരുത്തും സാമൂഹ്യ പദവിയും നേടിയെടുക്കുന്നതിൽ വിജയിച്ച ഈ ഗൂഢസംഘങ്ങൾക്ക് ഭരണാധികാരത്തിന്റെ എല്ലാ തലങ്ങളിലും ശക്തമായ സ്വാധീനമുണ്ട്. ഇതുവച്ച് കേസന്വേഷണവും നിയമ നടപടികളും ദുർബ്ബലമാക്കാൻ അവർക്കു കഴിയുന്നു. ഇവരുടെ നീരാളിപ്പിടിത്തത്തിൽ നിന്നു രക്ഷപ്പെടാൻ നീതിന്യായ വ്യവസ്ഥയിലെ അംഗങ്ങൾക്കു പോലും കഴിയുന്നില്ല.
3. ബീഹാർ, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവർ എല്ലാ പാർട്ടികളിലും പെട്ട രാഷ്ട്രീയക്കാരുടെ പരിപോഷണവും ഭരണചക്രത്തിന്റെ സംരക്ഷണവും നേടിയെടുക്കുന്നു. ചില രാഷ്ട്രീയക്കാർ തന്നെ ഇത്തരം അക്രമി സംഘങ്ങളുടെ തലവന്മാരാകുന്നു. കാലക്രമേണ നിയമസഭയിലും പാർലമെന്റിലും വരെ എത്തുന്നു."
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തരക്കാർ പൊതുവെ കുറവാണെങ്കിലും മാഫിയ സംഘങ്ങളെ നിലക്കു നിർത്തുന്നതിൽ സർക്കാരുകൾ വിജയിച്ചിട്ടില്ല എന്നു വേണം കാണാൻ. 1993-നു ശേഷം ഇത്തരക്കാരുടെ എണ്ണം അഖിലേന്ത്യാ തലത്തിൽ വർദ്ധിച്ചതായാണ് കാണാൻ കഴിയുക. പാർലമെന്റിലും നിയമസഭകളിലും എത്തുന്ന നല്ലൊരു ശതമാനം ജനപ്രതിനിധികളും ക്രിമിനൽ കേസുകളിൽ പ്രതികളായവർ ആണെന്ന് ADR(Association for Democratic Reforms) പോലുള്ള സംഘടനകളുടെ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
വോൾഗ കുസറോവയും കസ്റ്റംസും
വിവിധതരം കള്ളക്കടത്തുകൾ ഇന്ത്യയിൽ നിത്യ സംഭവങ്ങളാണ്. ഇവയിൽ ചിലതു മാത്രം വാർത്താ പ്രാധാന്യം നേടുന്നു. എന്നാൽ ഇത്തരം കേസുകൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ആരും അന്വേഷിക്കാറുമില്ല. ഉസ്ബെക്കിസ്ഥാൻകാരി വോൾഗാ കുസറോവയെ 2000 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തപ്പോൾ ആ സംഭവത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചു. 1999 ഒക്ടോബർ മുതൽ 2000 ഓഗസ്റ്റ് വരെ 10 മാസത്തിനിടയിൽ 68 പ്രാവശ്യമാണവർ ഗ്രീൻ ചാനലിലൂടെ ചൈനീസ് പട്ട് കടത്തിയത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളെല്ലാം പ്രവർത്തനരഹിതമായിരുന്നു എന്നും പിന്നീട് അന്വേഷണത്തിൽ 'കണ്ടെത്തി. കസ്റ്റംസ് അടക്കമുള്ളവരുടെ സഹായം ലഭിക്കാതെ ഇത് സാധ്യമാകുമായിരുന്നില്ല. കേരളത്തിലെ സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിലെ ചില ഉന്നതർ ഇപ്പോഴും സസ്പെന്ഷനിലാണ്. ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്മാർക്കിടയിൽ ഇത്തരത്തിലുളള പുഴുക്കുത്തുകളെയും കാണാം. മാഫിയാ സംഘങ്ങളുടെ വലക്കണ്ണികളുടെ വിസ്തൃതി എത്രയാണെന്ന് കണ്ടെത്താൻ ആരും ശ്രമിക്കാറില്ല. കാരിയർമാർ മാത്രമാണ് പലപ്പോഴും പിടിക്കപ്പെടുന്നത്. ഭീമന്മാർ കാണാമറയത്തിരുന്ന് അടുത്ത പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടാവും. താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇത്തരം കേസുകൾ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ നാളിതു വരെ കേരളത്തിലേക്ക് എത്തിയ ടൺ കണക്കിനു സ്വർണ്ണം എവിടെപ്പോയി എന്നത് ആരും അന്വേഷിക്കാറുമില്ല.
സ്വർണ്ണ കള്ളക്കടത്തും രാഷ്ട്രീയ വിവാദങ്ങളും
മുമ്പെങ്ങും ഇല്ലാത്ത വിധം തിരുവനന്തപുരത്തെ സ്വർണ്ണ കള്ളക്കടത്തു കേസ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനുമായി ബന്ധപ്പെടുത്തി ബി ജെ പിയും കോൺഗ്രസ്സും മുഖ്യമന്ത്രിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി മുരളീധരൻ കള്ളക്കടത്തു പിടിച്ച ഉടനെ നയതന്ത്ര ബാഗേജിലല്ല കള്ളക്കടത്തു നടന്നത് എന്നു പ്രഖ്യാപിക്കുകയുണ്ടായി. എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു എന്ന് ഇതു വരെ വിശദീകരിച്ചിട്ടില്ല. ഇതിനു മുൻപും ഈ നയതന്ത്ര കാര്യാലയം വഴി 27 തവണ എങ്കിലും സ്വർണ്ണം കടത്തിയിട്ടുണ്ടാകാം എന്നാണ് കേൾക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിദേശകാര്യ വകുപ്പിന് ഒഴിഞ്ഞുമാറാനാവില്ല. ബി ജെ പിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി. നദ്ദ കേരളത്തിലെ കള്ളക്കടത്തു സ്വർണ്ണത്തിന്റെ നിറം ചുമപ്പാണ് എന്ന് പറയുകയുണ്ടായി. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കള്ളക്കടത്തു സ്വർണ്ണത്തിന്റെ നിറം കാവിയും പച്ചയും ആണെന്ന് തിരിച്ചടിച്ചു. ഇപ്പോൾ കോൺസുലേറ്റിലെ ഗൺമാനായി ജയഘോഷിനെ നിയമിച്ച നടപടിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഇത്തരം വീഴ്ചകളെ അവസരമാക്കി ബി ജെ പിയും കോൺഗ്രസ്സും പടക്കളത്തിലാണ്. ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദും കേസിൽ അകപ്പെട്ട റമീസും സന്ദീപ് നായരും അടക്കമുള്ളവരുടെ രാഷ്ട്രീയ ബന്ധം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ ഇവർ കടത്തിയ സ്വർണ്ണത്തിന്റെ ചെറിയൊരംശം മാത്രമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് ഏത് കാണാമറയാത്താണ് പോയ് മറഞ്ഞത്? അടുത്ത തെരഞ്ഞെടുപ്പിന്റെ വിജയത്തെ മാത്രം ലക്ഷ്യമാക്കി ഇത്തരം കേസുകളെ ഉപയോഗിക്കാൻ ശ്രമിക്കുന്നവർ മറന്നു പോവുന്നത് രാജ്യരക്ഷയുടെ പ്രശ്നമാണ്. പൗരന്മാരുടെ ചിന്തകളെയും അഭിരുചികളെയും വരെ കണ്ടെത്താൻ ശ്രമിക്കുന്ന ചാരവലയങ്ങൾ ശക്തമായിരിക്കുന്ന ഒരു നാട്ടിൽ ഈ വല പൊട്ടിച്ച് കടക്കാൻ സാധാരണക്കാർക്ക് ആവില്ലല്ലോ.
കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേരളം കാഴ്ച വെച്ച ജാഗ്രത ആദ്യഘട്ടത്തിൽ ലോകപ്രശസ്തി നേടുകയുണ്ടായി. എന്നാൽ ഈ നേട്ടങ്ങൾക്ക് മങ്ങലേൽക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. സ്വപ്ന സുരേഷിന്റെ നിയമനങ്ങൾക്ക് കാരണമായ കൺസൾട്ടൻസികളുടെ പ്രവർത്തനമടക്കം പരിശോധിക്കേണ്ടതുണ്ട്. ഒരുദ്യോഗസ്ഥനെ മാറ്റി നിർത്തിയതുകൊണ്ട് മാത്രം തീരുന്ന ഒന്നല്ല, ഇത്തരക്കാർ ഉയർന്ന പദവിയിൽ നിയമിക്കപ്പെട്ടത്തിന്റെ കാര്യങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. ആഗോളവൽക്കരണ നയങ്ങളുടെ അവിഭാജ്യ ഭാഗമാണ് കൺസൾട്ടൻസികൾ. വേൾഡ് ബാങ്ക്, I.M.F, A.D.B. തുടങ്ങിയ അന്താരാഷ്ട്ര ധന ഏജൻസികൾ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുമ്പോൾ കൺസൾട്ടൻസികളെ കൂടി അവർ നിർദ്ദേശിക്കും. ഫിനാൻസ് മൂലധനത്തിന്റെ ഇച്ഛക്കനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവർ വലിയ പങ്കാണ് നിർവ്വഹിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ, മേക് ഇൻ ഇന്ത്യ, RBI ഓഡിറ്റ്, രാമക്ഷേത്ര നിർമ്മാണം എന്നിവയിലെ മുഖ്യ പങ്കാളിയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ്. ഡൽഹി ജലബോർഡിന് സാമ്പത്തിക സഹായം ചെയ്യാൻ PWC-യെ നിർദ്ദേശിക്കുകയുണ്ടായി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ PWC-യിലാണ് മുൻപ് പ്രവർത്തിച്ചിരുന്നത്.
UPA-യും NDA-യും പ്രാദേശിക ഭരണവർഗ്ഗ പാർട്ടികളുമെല്ലാം ഇത്തരം കൺസൾട്ടൻസികളെ ആശ്രയിക്കുന്നുണ്ട്. അതിന്റെ പേരിൽ ഇടതുപക്ഷ ഭരണവും അതേ മാതൃക പിന്തുടരേണ്ടതുണ്ടോ? ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ പടുത്തുയർത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇത്തരം പ്രഖ്യാപിത നയങ്ങളിൽ നിന്നുളള ഏത് വ്യതിചലനവും ഇടതുപക്ഷത്തെ ശക്തിപ്പെടാനല്ല ദുർബ്ബലപ്പെടുത്താനേ ഉപകരിക്കൂ. മോഡി സർക്കാരിന്റെ ജനവിരുദ്ധവും ദേശദ്രോഹപരവുമായ നയങ്ങൾക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട കടമയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ളത്. ആഗോളവൽക്കരണത്തിന്റെ അവിഭാജ്യ ഭാഗമായ കൺസൽട്ടൻസികളെ ആശ്രയിച്ചാണോ ഇടതുപക്ഷ ഭരണം മുന്നോട്ടു കൊണ്ടുപോവേണ്ടത് എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ലോബിയിസ്റ്റുകളുടെയും കൺസൾട്ടൻസികളുടെയും സ്വാധീനത്തിൽ കുടുങ്ങിയ നയങ്ങളെയാണ് തിരുത്തേണ്ടത്. ഇതിനുള്ള രാഷ്ട്രീയ ആർജ്ജവമാണ് ഉണ്ടാകേണ്ടത്