ഡോ: ടി. കെ. രാമചന്ദ്രനെ അനുസ്മരിച്ചു കൊണ്ട് വെബിനാർ


ഡോ: ടി. കെ. രാമചന്ദ്രനെ അനുസ്മരിച്ചു കൊണ്ട് വെബിനാർ 

Dr. T.K. Ramachandran


ഇടതുപക്ഷ ചിന്തകനും മാർക്സിസ്റ്റ് സാംസ്കാരിക വിമർശകനും അദ്ധ്യാപകനും ആക്റ്റിവിസ്റ്റുമായിരുന്ന ഡോ: ടി.കെ.രാമചന്ദ്രന്റെ ചരമവാർഷിക ദിനമായ ജൂലൈ 21-ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് വെബിനാർ നടന്നു. സഖാവ് ടി.കെ. രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വെബിനാറിൽ 'കേന്ദ്രസർക്കാരിന്റെ സിലബസ് പരിഷ്‌കാരം ഉയർത്തുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച.

കോഴിക്കോട് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസർ ഡോ: എം.വി. നാരായണൻ വെബിനാറിൽ വിഷയം അവതരിപ്പിച്ചു കൊണ്ടു സംസാരിച്ചു. കോർപ്പറേറ്റുകളുടേയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും താല്പര്യങ്ങൾക്ക് അനുസൃതമായ കാര്യങ്ങൾ മാത്രം പഠിക്കുന്ന, അനുസരണയുള്ള ഒരു ജനതതിയെ സൃഷ്ടിച്ചെടുക്കുക എന്ന താല്പര്യമാണ് ഭരണഘടനാ മൂല്യങ്ങളെ പോലും നിരാകരിക്കുന്ന ഒരു സിലബസ് പരിഷക്കാരം നടപ്പാക്കുമ്പോൾ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി ടി. കെ. മീരാബായ്, സ: എം. എം. ലോറൻസ്, പ്രൊ. കെ. അരവിന്ദാക്ഷൻ, കെ. എസ്. ടി. എ. സംസ്ഥാന പ്രസിഡന്റ് കെ. ജെ. ഹരികുമാർ, പി.കെ. വേണുഗോപാലൻ എന്നിവർ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചു. 

ജനകീയ കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് കെ. എ. മോഹൻ ദാസ് വെബിനാറിൽ മോഡറേറ്ററായിരുന്നു. അനുസ്മരണ സമിതി കൺവീനർ ചാൾസ് ജോർജ്ജ് സ്വാഗതം ആശംസിക്കുകയും ടി.ബി. മിനി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.