ജനാധിപത്യവും മനുഷ്യാവകാശങ്ങളും പാഠപുസ്തകങ്ങളിൽ വേണ്ടെന്ന് കേന്ദ്ര സർക്കാർ


ജനാധിപത്യവും മനുഷ്യാവകാശങ്ങളും പാഠപുസ്തകങ്ങളിൽ വേണ്ടെന്ന് കേന്ദ്ര സർക്കാർ    

പി.കെ. വേണുഗോപാലൻ


Img courtesy: The Indian Express

കോവിഡ് 19 സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യാവുന്ന പാതകങ്ങളൊക്കെ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ചെയ്തു കൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജന വിരുദ്ധ ഭരണകൂടങ്ങൾ. അടച്ചു പൂട്ടലുകളും ശാരീരിക (സാമൂഹ്യ ?) അകലം പാലിക്കലും ഒത്തുചേരാനും പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾ പരിമിതപ്പെട്ടതുമൊക്കെ  ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ജനവിരുദ്ധമായ ഒട്ടേറെ നടപടികളും നയപരിപാടികളും സർക്കാർ നടപ്പാക്കുന്നത്. തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നതും തൊഴിൽ സമയം വർദ്ധിപ്പിക്കുന്നതും വിമർശനമുയർത്തുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലാക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതും തുടങ്ങി ഒട്ടേറെ രാഷ്ട്രീയ, സാമ്പത്തിക ദുർന്നയങ്ങൾ നടപ്പാക്കാൻ ഇന്ത്യ ഭരിക്കുന്ന ബി ജെ പി സർക്കാർ കോവിഡ് കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഈ നിരയിലെ ഏറ്റവും പുതിയ നടപടിയാണ് സിബിഎസ്ഇ (CBSE - Central Board of Secondary Education) വിദ്യാർത്ഥികളുടെ പഠന വിഷയങ്ങളിൽ നിന്നും ജനാധിപത്യവും മതനിരപേക്ഷതയും മനുഷ്യാവകാശങ്ങളുമൊക്കെ എടുത്തു മാറ്റാനുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ തീരുമാനം.  കോവിഡ് മഹാമാരി മൂലം വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ള തടസ്സങ്ങൾ പരിഗണിച്ചു കൊണ്ട് 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സിലബസ്സിൽ 30% കുറവു വരുത്തുകയാണെന്ന് വിദ്യാഭ്യാസം കൂടി ഉൾപ്പെടുന്ന മാനവ വിഭവ ശേഷി വികസന വകുപ്പിന്റെ മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് തന്നെയാണ് പറയുന്നത്. 
ഇങ്ങനെ ഒഴിവാക്കപ്പെടുന്ന പാഠഭാഗങ്ങളുടെ വിശദാംശങ്ങൾ CBSE യുടെ വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുമുണ്ട്.

11-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും ഇന്ത്യൻ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച പഠഭാഗങ്ങളും പൗരത്വം, മതനിരപേക്ഷത, ദേശീയത എന്നീ രാഷ്ട്രീയ സിദ്ധാന്തങ്ങളെ സംബന്ധിച്ച ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
12-ാം ക്ലാസ്സിലെ പാഠഭാഗങ്ങളിൽ നിന്നും ഇന്ത്യയും അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളേയും സാമൂഹ്യ പ്രസ്ഥാനങ്ങളേയും വിവിധ മേഖലകളിലെ പ്രാദേശിക ജനതകളുടെ അഭിലാഷങ്ങളേയും സംബന്ധിച്ചുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വികാസത്തിലുണ്ടായിട്ടുള്ള മാറ്റത്തിന്റെ സ്വഭാവങ്ങളേയും പ്ലാനിംഗ് കമ്മീഷനേയും സംബന്ധിച്ച പാഠഭാഗങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ബിസിനസ്സ് സ്റ്റഡീസ് പഠിക്കുന്ന വിദ്യാർത്ഥികളെ ഡീമോണിറ്റൈസേഷൻ (Demonetization - നോട്ട് അസാധുവാക്കൽ), ചരക്കു സേവന നികുതി ( GST- Goods and Service Tax), ഉദാരവത്ക്കരണം (Liberalization), സ്വകാര്യവത്ക്കരണം (Privatization), ആഗോളീകരണം (Globalization) തുടങ്ങിയ സർക്കാർ നയങ്ങൾ ഇന്ത്യൻ ബിസിനസ്സ് മേഖലയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കേണ്ടതില്ല എന്നാണു തീരുമാനിച്ചിട്ടുള്ളത്. ചരിത്ര വിദ്യാർത്ഥികളെ ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലവും കർഷകരും സമീന്ദാർമാരും ഭരണകൂടവും തമ്മിലുള്ള പരസ്പര ബന്ധവുമൊന്നും പഠിപ്പിക്കേണ്ടതില്ല. പത്രാധിപർക്കു കത്തെഴുതുക, ഉദ്യോഗത്തിന് അപേക്ഷ അയക്കുക തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട എന്നും നിശ്ചയിച്ചിട്ടുണ്ട്.

പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ സിലബസിൽ നിന്നും ഒഴിവാക്കിയ പാഠഭാഗങ്ങളിൽ ജനാധിപത്യം, രാജ്യത്തിന്റെ വൈവിദ്ധ്യ പൂർണ്ണത, ലിംഗസമത്വം, മതം, ജാതി, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, വനം, വന്യജീവികൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ശാസ്ത്ര വിദ്യാർത്ഥികൾ പരീക്ഷണശാലകളിൽ ചെയ്തു പോന്നിരുന്ന ഒട്ടേറെ പ്രായോഗിക പരീക്ഷണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളിൽ പരിണാമത്തിന്റെ അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ച പാഠം കൂടി ഉൾപ്പെടുന്നു.

കോവിഡ് കാലത്തെ പ്രയാസങ്ങൾ പരിഗണിച്ചു കൊണ്ട് പാഠ്യവിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ബന്ധപ്പെട്ടവരിൽ നിന്നും നിർദ്ദേശങ്ങളും ശുപാർശകളും ശേഖരിച്ച ശേഷം അതനുസരിച്ചാണ് ഈ സിലബസ്സ് ലഘൂകരണം നടത്തിയിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ആരൊക്കെയാണ് ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചതെന്നോ എന്തൊക്കെ സങ്കല്പനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവർ ശുപാർശകൾ മുന്നോട്ടു വച്ചതെന്നോ വെളിപ്പെടുത്തിയതായി കാണുന്നില്ല. എങ്കിലും ഒഴിവാക്കപ്പെട്ട വിഷയങ്ങൾ  പരിശോധിക്കുമ്പോൾ സൂക്ഷ്മമായ ഒരു വിവേചന ബോധത്തോടെ തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതെന്നു കാണാം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിലുള്ള വിദ്യാർത്ഥികൾക്ക്, സമൂഹത്തേയും രാഷ്ട്രത്തേയും അവയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന വിവിധങ്ങളായ ചിന്താപദ്ധതികളേയും സംബന്ധിച്ച അടിസ്ഥാന ധാരണകൾ സ്വരൂപിക്കാൻ   സഹായകരമാവേണ്ട പാഠഭാഗങ്ങളാണ് എടുത്തു മാറ്റപ്പെട്ടിരിക്കുന്നത്. 

ഇന്ത്യൻ രാഷ്ട്ര വ്യവസ്ഥയുടേയും അതിനാധാരമായ ഭരണഘടനയുടേയും അടിസ്ഥാന മൂല്യങ്ങൾ എന്നു തന്നെ പറയാവുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം തുടങ്ങിയവയൊന്നും 9-12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പഠിക്കേണ്ടതില്ല എന്നു പറയുന്നതിന്റെ കാരണം എന്തായാലും കോവിഡ്- 19 മൂലമുണ്ടായ പ്രയാസങ്ങളാണെന്നു പറയാനാവില്ല. 'ഹിന്ദുത്വ രാഷ്ട്രീയ'ത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള ബി ജെ പിയും കൂട്ടാളികളും ഭരണാധികാരം ഏറ്റെടുത്ത നാൾ മുതൽ വിദ്യാഭ്യാസ രംഗത്തു പടിപടിയായി നടപ്പാക്കിപ്പോരുന്ന പരിഷ്കാരങ്ങൾ മേൽ പറഞ്ഞ അടിസ്ഥാന മൂല്യങ്ങളെ ദുർബ്ബലപ്പെടുത്താൻ ലക്ഷ്യം വച്ചു കൊണ്ടുള്ളവയാണ്. ദീനനാഥ് ബാത്രയെ പോലുള്ള സങ്കുചിത ബുദ്ധികളെ വിദ്യാഭ്യാസ ഉപദേഷ്ടാക്കളാക്കുകയും ചരിത്രപഠനത്തിന്റേയും ഗവേഷണത്തിന്റേയുമൊക്കെ ഉന്നതതലങ്ങളിൽ സംഘപരിവാരക്കാരെ അവരോധിക്കുകയും ചെയ്തു കൊണ്ട് വർഷങ്ങൾക്കു മുമ്പേ തുടങ്ങിയ പദ്ധതികളിൽ ചിലത് കോവിഡിന്റെ മറവിൽ നടപ്പാക്കാൻ വേണ്ടിയാണ് ഈ സിലബസ് വെട്ടിച്ചുരുക്കൽ.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഈ രാജ്യത്തെ ജനങ്ങൾ കൊളോണിയലിസത്തിനും നാടുവാഴിത്തത്തിനുമെതിരെ നടത്തിയ സുദീർഘസമരങ്ങളിലൂടെ വളർത്തിയെടുത്ത മൂല്യങ്ങൾ തന്നെയാണ്. ആധുനിക കാലത്തെ ജനാധിപത്യ റിപ്പബ്ലിക്കൻ മൂല്യങ്ങളാണവ. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും മനുഷ്യാവകാശങ്ങളുമൊക്കെ അതിന്റെ കാതൽ തന്നെയാണ്. ഈ മൂല്യങ്ങളെക്കുറിച്ചും അവയുടെ സാക്ഷാത്ക്കാരത്തിനു വേണ്ടി സമൂഹങ്ങൾ നടത്തിയ സമരങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ പഠിക്കേണ്ടതില്ല എന്നു കല്പിക്കുന്ന ഇന്ത്യൻ ഭരണകൂടം ഉയർത്തിപ്പിടിക്കുന്നത് രാജ്യത്തെ ഭരണഘടനയുടെ മൂല്യങ്ങളല്ല. പുരോഗമനപരമായ മാനവികതയെപ്പറ്റി പഠിക്കുന്നതിന് അവസരം നിഷേധിക്കുകയോ അധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് അതു തടയുകയോ ചെയ്യുന്നവർ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര താല്പര്യങ്ങളനുസരിച്ച് പാഠ്യപദ്ധതികളെ തിരുത്തിയെഴുതുകയാണ് ചെയ്യുന്നത്. 

കോവിഡ് മഹാമാരി വ്യാപിക്കുന്നതിനു തൊട്ടു മുമ്പുള്ള മാസങ്ങളിൽ രാജ്യത്തെമ്പാടും ആഞ്ഞടിച്ച പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനും ജനസംഖ്യാ റജിസ്റ്ററിനുമെതിരായ ജനകീയ സമരങ്ങളുടെ ആധാര രേഖ ഇന്ത്യൻ ഭരണഘടനയും അതിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യത്തോടും ഫെഡറലിസത്തോടും മതനിരപേക്ഷതയോടും ലിംഗസമത്വത്തോടുമുള്ള പ്രതിജ്ഞാബദ്ധതയുമായിരുന്നു. കേന്ദ്രസർക്കാരിനും അതിനു നേതൃത്വം നൽകുന്ന പാർട്ടിക്കും കൂട്ടാളികൾക്കും നേരിടേണ്ടി വന്ന ഏറ്റവും വലിയ വിമർശനം ഭരണഘടനയേയും മേൽ പറഞ്ഞ ഭരണഘടനാ മൂല്യങ്ങളേയും അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത് എന്നതായിരുന്നു. ഭരണഘടനാ മൂല്യങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം, പ്രത്യേകിച്ചും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമുള്ള വിശ്വാസം തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പദ്ധതികൾ നടപ്പാക്കുന്നതിനു വലിയ തടസ്സം സൃഷ്ടിക്കുന്നു എന്നൊരു സ്ഥിതിയെ കേന്ദ്ര സർക്കാരിനു നേരിടേണ്ടി വന്നു. അതു കൊണ്ടു തന്നെയാണ് ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും നിന്ന് ഒഴിവാക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഒരു രാഷ്ട്രീയ പരിപാടി തന്നെയാവുന്നത്. സ്ക്കൂൾ സിലബസിൽ നിന്നും തെരഞ്ഞെടുത്ത് ഒഴിവാക്കുന്ന വിഷയങ്ങൾ ഏതൊക്കെയാണെന്നു കാണുമ്പോൾ തന്നെ അത് കോവിഡ് മൂലമുണ്ടായ പ്രയാസങ്ങൾക്കു പരിഹാരം കാണാനല്ലെന്നും മറിച്ച് ജനങ്ങളിൽ നിന്നും ഉയർന്നു വരാനിടയുള്ള അസുഖകരമായ ചോദ്യങ്ങളെ അവയുടെ ഉത്ഭവസ്ഥാനത്തു തന്നെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കാണാം. പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പ്രചരണത്തിന് ഉതകുന്നതാകണമെന്നും ജനാധിപത്യമോ, മതനിരപേക്ഷതയോ, ശാസ്ത്രീയതയോ പോലുള്ള രാഷ്ട്രീയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത അതിനു കടകവിരുദ്ധമാകുമെന്നും അതിന്റെ വക്താക്കൾക്കു നന്നായറിയാം. 2013 ൽ രാജസ്ഥാനിൽ അധികാരത്തിൽ വന്ന ബി.ജെ.പി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവ് ദേവ്നാനി ആ സംസ്ഥാനത്തെ സ്ക്കൂൾ പാഠപുസ്തകങ്ങളപ്പാടെ മാറ്റിയെഴുതിക്കുകയുണ്ടായി. ഗണിതമുൾപ്പെടെ എല്ലാ വിഷയങ്ങളുടേയും പാഠപുസ്തകങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താല്പര്യങ്ങൾക്കും മോഡി സർക്കാരിന്റെ പ്രകീർത്തനങ്ങൾക്കും അനുസൃതമായ വിധം മാറ്റിയെഴുതിയതിനെ ന്യായീകരിച്ചു കൊണ്ട് 2016 മാർച്ചു മാസത്തിൽ രാജസ്ഥാൻ നിയമസഭയിൽ  നടത്തിയ പ്രസംഗത്തിൽ ദേവ്നാനി പറഞ്ഞത്, "ഈ സംസ്ഥാനത്ത് കനയ്യ കുമാറിനെപ്പോലുള്ളവർ പിറക്കാതിരിക്കാൻ വേണ്ടിയാണ് പാഠ പുസ്തകങ്ങൾ തിരുത്തിയെഴുതിക്കുന്നത്" എന്നാണ്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാറിനെ തന്നെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. സമാനമായ വിധത്തിൽ ഇടതുപക്ഷത്തിന്റെയെന്നല്ല, ജനാധിപത്യത്തിന്റെ പോലും അടിസ്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ തലമുറ രാജ്യത്തുണ്ടാവുന്നത് തടയാൻ വേണ്ടിയാവണം  തെരഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങളെ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കാൻ ബി ജെ പി സർക്കാരിന്റെ എച്ച് ആർ ഡി (HRD) മന്ത്രാലയം ഒരുമ്പെട്ടിരിക്കുന്നത്.