സ: വരവര റാവു ഉൾപ്പെടെ അന്യായമായി ജയിലിലടച്ച എല്ലാ മനുഷ്യാവകാശ പ്രവർത്തകരേയും മോചിപ്പിക്കുക.


സ: വരവര റാവു ഉൾപ്പെടെ അന്യായമായി ജയിലിലടച്ച എല്ലാ മനുഷ്യാവകാശ പ്രവർത്തകരേയും മോചിപ്പിക്കുക. 





തെലുഗു വിപ്ലവ കവിയും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ സ. വരവരറാവുവിന്റെ ആരോഗ്യനില അത്യന്തം മോശമായതിനു ശേഷവും തലോജ സെൻട്രൽ ജയിലിൽ നിന്നും അദ്ദേഹത്തെ ചികിത്സക്കു വേണ്ടി  മുംബൈ ജെ ജെ ആശുപത്രിയിലേക്കു മാറ്റാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രാജ്യത്തെ പ്രമുഖരായ ബുദ്ധിജീവികൾക്കും സാമൂഹ്യ പ്രവർത്തകർക്കും വലിയ സമ്മർദ്ദം ചെലുത്തേണ്ടി വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണ് സ. വരവരറാവുവിന് കോവിഡ് 19 രോഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയത്. 81 വയസ്സുകാരനായ വരവരറാവു കഴിഞ്ഞ രണ്ടു വർഷമായി വിചാരണ കൂടാതെ തടവിൽ തുടരുകയാണ്. ഇന്ത്യൻ ജയിലുകളിലെ തടവുകാർക്ക് കോവിഡ് ബാധയുണ്ടാകുന്ന സാഹചര്യത്തിൽ,  വിചാരണ തടവുകാരേയും  ഏഴു വർഷം വരെയുള്ള തടവു ശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളികളേയും പരോളിൽ വിട്ടയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി തന്നെ കഴിഞ്ഞ മാർച്ച് 24 ന് സർക്കാരുകൾക്ക് നിർദ്ദേശം നൽകിയതാണ്. എങ്കിലും വരവരറാവുവിനേയും ആനന്ദ് തെൽതുംബ്ഡെയേയും പ്രൊ. ഷോമ സെന്നിനേയും ഗൗതം നവ് ലാഖയേയും പോലെ രാഷ്ട്രീയ കാരണങ്ങളാൽ കള്ളക്കേസുകളിൽ കുടുക്കി തടവിലാക്കപ്പെട്ടവർക്ക് ജാമ്യം നൽകാനോ അവരെ വിട്ടയക്കാനോ സർക്കാരുകൾ തയ്യാറായിട്ടില്ല.

ഭീമ കൊറിഗാവ് (Bhima - Koregaon) കേസെന്നും എൽഗാർ പരിഷത് (Elgar Parishad) കേസെന്നും അറിയപ്പെടുന്ന കെട്ടിച്ചമക്കപ്പെട്ട കള്ളക്കേസിൽ പ്രതി ചേർക്കപ്പെട്ടാണ് വരവരറാവുവും മേൽ പറഞ്ഞവരും ഉൾപ്പെടെ ഭരണകൂടത്തിന്റെ രാഷ്ട്രീയ നയങ്ങളെ വിമർശിക്കുന്ന എഴുത്തുകാരും പൗരാവകാശ പ്രവർത്തകരും ആക്റ്റിവിസ്റ്റുകളുമായ ബുദ്ധിജീവികളെ തടവിലാക്കിയിരിക്കുന്നത്. അവരിൽ പലരും പ്രായം ചെന്നവരും പലതരം രോഗപീഡകളും അനാരോഗ്യസ്ഥിതിയും നേരിടുന്നവരുമാണ്. അവർക്കാർക്കും തന്നെ വേണ്ട തരത്തിലുള്ള വൈദ്യസഹായം ലഭിക്കുന്നില്ല.

മുമ്പേ തന്നെ ഹൃദ്രോഗബാധിതനായ വരവരറാവുവിന് ഉചിതമായ ചികിത്സ നൽകണമെന്നും അദ്ദേഹത്തെ വേണ്ടത്ര സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു നീക്കണമെന്നും 14 പ്രതിപക്ഷ എം.പിമാർ കഴിഞ്ഞ ജൂൺ 19 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോട് അഭ്യർത്ഥിച്ചിരുന്നു. പൂണെ ജയിലിൽ കഴിയുമ്പോൾ അടിയന്തിരമായി നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച കൊളണോസ്കോപ്പി ഉൾപ്പെടെയുള്ള പരിശോധനകൾ ആറു മാസത്തിനു ശേഷവും നടത്തിയിട്ടില്ലെന്ന് പാർലമെന്റ് അംഗങ്ങളുടെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ. വരവരറാവുവിന്റെ അനാരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് സഖാവിന്റെ ഭാര്യ ഹേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ജൂലൈ 12-ാം തിയതി ഹൈദ്രാബാദിൽ നടത്തിയ പത്ര സമ്മേളനത്തിൽ വച്ച് മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. വരവരറാവുവിന് തന്റെ ദൈനംദിന കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനോ, കാര്യങ്ങളെ പരസ്പര ബന്ധത്തോടെ തിരിച്ചറിഞ്ഞ് ഓർത്തെടുക്കുന്നതിനോ ഉള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഫോണിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കേട്ട തങ്ങൾ ഭയപ്പെടുന്നതായി അവർ പറഞ്ഞു. സഹ തടവുകാരനായ വെർനോൺ ഗോൺസാൽവസും ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിനു മേൽ ചുമത്തപ്പെട്ട കള്ളക്കേസോ, അദ്ദേഹത്തിനു ജാമ്യം നിഷേധിക്കുന്നതോ അല്ല: മറിച്ച്, വേണ്ടത്ര ചികിത്സ കിട്ടാതെ അദ്ദേഹം ജയിലിൽ വച്ച് മരണപ്പെടുമോ എന്നതാണ് തങ്ങളെ ഉത്ക്കണ്ഠപ്പെടുത്തുന്നതെന്നു് അവർ പറഞ്ഞു. കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡിയോടും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനോടും നടത്തിയ അഭ്യർത്ഥനകൾക്ക് യാതൊരു ഫലവുമുണ്ടായില്ലെന്ന് ശ്രീമതി ഹേമലത വെളിപ്പെടുത്തി.

സ. വരവരറാവുവിന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പ്രസിദ്ധ ചരിത്രകാരി റൊമീല ഥാപ്പറും മറ്റു പ്രമുഖ വ്യക്തികളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സർക്കാരിനെ നിർബ്ബന്ധിതമാക്കി. റൊമീല ഥാപ്പറിനു പുറമെ സാമ്പത്തിക വിദഗ്ദ്ധരായ പ്രഭാത് പട്നായിക്, ദേവകി ജെയിൻ, സോഷ്യോളജിസ്റ്റായ സതീഷ് ദേശ്പാണ്ഡെ, മനുഷ്യാവകാശ പ്രവർത്തക മാജ ദാരുവാല തുടങ്ങിയവരും ഈ അഭ്യർത്ഥനയിൽ ഒപ്പു വച്ചിരുന്നു. കഴിഞ്ഞ 22 മാസങ്ങളായി എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുന്ന വരവരറാവുവിന്റെ അനാരോഗ്യസ്ഥിതി പരിഗണിക്കാതിരിക്കാൻ യാതൊരു കാരണവുമില്ലെന്ന് മഹാരാഷ്ട്ര സർക്കാരിനും ദേശീയ അന്വേഷണ ഏജൻസിക്കും (NIA) അയച്ച കത്തിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു. വരവരറാവുവിന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പൗരാവകാശ പ്രവർത്തകരുടേയും മനുഷ്യ സ്നേഹികളുടേയും ഇടതുപക്ഷ, പുരോഗമന ശക്തികളുടേയും സംഘടിതവും അസംഘടിതവുമായ ശബ്ദം ഉയർന്നു വന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം മുംബൈ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റപ്പെടുന്നത്‌.

ഭീമ കൊറിഗാവ് കേസ് 



 ഭീമ കൊറിഗാവ് പോരാട്ടത്തിന്റെ 200-ാം വാർഷിക ദിനമായ 2018 ജനുവരി ഒന്നാം തിയതിയുടെ തലേന്നാൾ, അതായത് 2017 ഡിസംബർ 31 ന് 'എൽഗാർ പരിഷത് ' എന്ന സംഘടന പൂണെയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നിരോധിക്കപ്പെട്ട നക്സലൈറ്റ് സംഘടനകളിൽ പെട്ടവർ പങ്കെടുത്തു എന്നാരോപിച്ചു കൊണ്ട് പൂണെ പോലീസ് റജിസ്റ്റർ ചെയ്ത കേസാണ് 'എൽഗാർ പരിഷത്' കേസ് അഥവാ 'ഭീമ കൊറിഗാവ്' കേസ്. പിറ്റേ ദിവസം സംഘപരിവാർ പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്ക് കാരണമായത് എൽഗാർ പരിഷത് സമ്മേളനത്തിലെ പ്രസംഗങ്ങളായിരുന്നു എന്ന് പോലീസ് ആരോപിക്കുന്നു. വിവിധ ഹിന്ദുത്വവാദി ഗ്രൂപ്പുകൾ ചേർന്നു നടത്തിയ ജനുവരി ഒന്നാം തിയതിയിലെ അതിക്രമങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അതിക്രമങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടവരൊക്കെ ജാമ്യം ലഭിച്ചു പുറത്തു വന്നെങ്കിലും ഡിസംബർ 31 ലെ സമ്മേളനത്തിൽ പങ്കെടുക്കുകയോ അതിനു പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തതിന്റെ പേരിൽ UAPA ചുമത്തപ്പെട്ട് തടവറയിലായ എഴുത്തുകാരും കവികളും പൗരാവകാശ പ്രവർത്തകരും അദ്ധ്യാപകരുമൊക്കെ ഇപ്പോഴും ജയിലിൽ തുടരുകയാണ്.

പൂണെയിലെ ശനിവാർവാഡ കോട്ടയിലാണ് ഡിസംബർ 31 ന്റെ സമ്മേളനം നടക്കുന്നത്. ചിത്പവൻ ബ്രാഹ്മണരായ പേഷ്വാമാർ മറാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായിരുന്ന കാലത്ത് അവരുടെ അധികാരസ്ഥാനമായിരുന്നു ശനിവാർവാഡ കോട്ട. 1817 ൽ ദളിതരായ മഹർ ജാതിക്കാർക്കു ഭൂരിപക്ഷമുണ്ടായിരുന്ന, ബ്രിട്ടീഷ് സൈന്യത്തിന്റെ മഹർ റജിമെന്റ് പേഷ്വാമാരുടെ സേനയെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ വാർഷികമാണ് എല്ലാ വർഷവും ഭീമ കൊറിഗാവ് ദിനമായി ആഘോഷിക്കപ്പെടാറുള്ളത്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിട്ടാണെങ്കിൽ പോലും ജാതീയമർദ്ദകരായ പേഷ്വാമാരെ തോല്പിച്ചോടിക്കാൻ സാധിച്ചത് ദളിതരായ മഹർ ജാതിക്കാർ വലിയൊരു വിജയമായാണ് കണ്ടത്.  ബ്രാഹ്മണിക് അധികാരത്തിന്റെ ഭാഗത്തു നിന്നും തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന മഹാപീഡനങ്ങൾക്കു പകരം ചെയ്യാനായതിന്റെ തൃപ്തി അവർക്ക് ഉണ്ടായിട്ടുണ്ടാവണം. (ആനന്ദ് തെൽടുംബ്ഡെയെ പോലുള്ളവർ ഈ നിലപാടിനോടു യോജിച്ചിരുന്നില്ല. ഭീമ കൊറിഗാവ് യുദ്ധത്തെ പേഷ്വാ ഭരണത്തിൻ കീഴിലെ ജാതീയ മർദ്ദനത്തിനെതിരെ മഹർ ദളിതുകൾ നടത്തിയ യുദ്ധമായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.)

ഭീമ കൊറിഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷ പരിപാടികൾ നടന്നത് 'എൽഗാർ പരിഷത്ത്' എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു. സേവനത്തിൽ നിന്നും വിരമിച്ച രണ്ടു ജഡ്ജിമാരായിരുന്നു അതിന്റെ സംഘാടകർ. ബോംബെ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ബി.ജി.കോൾസെ പാട്ടീലും സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് പി.ബി. സാവന്തും. അവരുടെ മുൻകൈയിൽ വിളിച്ചു ചേർക്കപ്പെട്ട എൽഗാർ പരിഷത്ത് സമ്മേളനത്തിൽ 35000 ത്തോളം ആളുകൾ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. "എൽഗാർ'' എന്നാൽ ഉച്ചത്തിലുള്ള ആഹ്വാനമെന്നോ പ്രഖ്യാപനമെന്നോ ആണ് അർത്ഥം.

പൗരാവകാശ പ്രവർത്തകരെ തടവിലാക്കുന്നു. 


2017 ഡിസംബർ 31 നു നടന്ന സമ്മേളനത്തിൽ ഗുജറാത്തിൽ നിന്നുള്ള എം.എൽ.എ. ജിഗ്‌നേഷ് മേവാനി, ആത്മഹത്യ ചെയ്ത രോഹിത് വേമുലയുടെ അമ്മ രാധിക വേമുല, ദളിത് നേതാവ് പ്രകാശ് അംബേദ്ക്കർ, ആദിവാസി ആക്റ്റിവിസ്റ്റ് സോണി സോറി, 'ഭീം ആർമി' പ്രസിഡന്റ് വിനയ് രത്തൻ സിംഗ്, ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രസംഗങ്ങൾക്കു പുറമെ ജാതി വിരുദ്ധവും വർണ്ണ വ്യവസ്ഥയെ എതിർക്കുന്നതുമായ നിരവധി കലാപരിപാടികളും അവിടെ അവതരിപ്പിക്കപ്പെട്ടു. തുക്കാറാമിനേയും ജ്യോതിബാ ഫൂലേയേയും ശിവജിയേയും സാഹു മഹാരാജിനേയും പ്രകീർത്തിക്കുന്നവയായിരുന്നു അവതരിപ്പിക്കപ്പെട്ട കലാരൂപങ്ങൾ.

അനിഷ്ട സംഭവങ്ങളൊന്നും കാടാതെ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിന്റെ പിറ്റേന്നാളാണു് സംഘപരിവാർ ശക്തികൾ അക്രമം അഴിച്ചുവിട്ടത്. അതും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് സമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ സുരേന്ദ്ര ഗാഡ്ലിങ് (നാഗ്പൂർ), രാഷ്ട്രീയ തടവുകാരുടെ വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന റോണ വിൽസൺ, ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന മഹേഷ് റൗട്ട്, നടനും ആക്റ്റിവിസ്റ്റുമായ സുധീർ ധാവലെ, ജനാധിപത്യാവകാശ പ്രവർത്തകയും നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയുമായ പ്രൊഫ. ഷോമ സെൻ എന്നിവരെ പൂണെ പോലീസ് അറസ്റ്റു ചെയ്യുന്നത്. എൽഗാർ പരിഷത്തിന്റെ സമ്മേളനം മാവോയിസ്റ്റുകൾ സംഘടിപ്പിച്ചതാണെന്ന് ആരോപിച്ച പോലീസ് അറസ്റ്റു ചെയ്തവർക്കു മേൽ UAPA എന്ന കരിനിയമം ചുമത്തി തടവിലാക്കി.

ജൂൺ മാസത്തിൽ നടത്തിയ ആദ്യവട്ടം അറസ്റ്റുകൾക്കു ശേഷം രണ്ടു മാസം കഴിഞ്ഞ് ആഗസ്റ്റ് 28 നാണ് വരവരറാവുവിനേയും അഭിഭാഷകയും ട്രേഡ് യൂണിയൻ പ്രവർത്തകയുമായ സുധ ഭരദ്വാജിനേയും അഭിഭാഷകനും എഴുത്തുകാരനുമായ അരുൺ ഫെറെയ്രയേയും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ വെർനോൺ ഗോൺസാൽവസിനേയും  അറസ്റ്റു ചെയ്യുന്നത്. പൗരാവകാശ പ്രവർത്തകനും 'ഇക്കണോമിക്കൽ ആന്റ് പൊളിറ്റിക്കൽ വീക്ക്ലി' (epw) യുടെ എഡിറ്റോറിയൽ കൺസൽറ്റന്റുമായ ഗൗതം നവ് ലാഖയേയും അതേ ദിവസം തന്നെ അറസ്റ്റു ചെയ്തുവെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് അധികം താമസിയാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു. പിന്നീട് വൈരനിര്യാതന ബോധത്തോടെ അദ്ദേഹത്തെ കേസിൽ കുടുക്കാൻ ശ്രമിച്ച പോലീസും ഗൗതം നവ് ലാഖയെ ജയിലിലടക്കുന്നതിൽ വിജയിച്ചു. ഇതോടൊപ്പം തന്നെയാണ് എഴുത്തുകാരനും അദ്ധ്യാപകനും മാനേജുമെന്റ് വിദഗ്ദ്ധനുമായ ഡോ. ആനന്ദ് തെൽടുംബ്ഡെയും തടവിലാക്കപ്പെടുന്നത്.

അറസ്റ്റുകൾ സംഘപരിവാർ താല്പര്യപ്രകാരമോ?


ഭീമ കൊറിഗാവ് വാർഷികാഘോഷങ്ങൾ എല്ലാ വർഷവും ദളിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കാറുള്ളതാണെങ്കിലും അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിന്റെ വിമർശകരായ ആക്റ്റിവിസ്റ്റുകളേയും എഴുത്തുകാരേയും തടവിലാക്കാൻ സർക്കാരുകൾ ശ്രമിച്ച അനുഭവം ഇതാദ്യമാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയുടെ കാലത്താണ് ഭീമ കൊറിഗാവ് വാർഷിക ആഘോഷത്തിന്റെ പേരിൽ കേസെടുക്കുകയും വരവരറാവു ഉൾപ്പെടെയുള്ള ആളുകളെ തടവിലാക്കുകയും ചെയ്തത്. എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്യാത്തവരാണ് അറസ്റ്റു ചെയ്യപ്പെട്ടവരിൽ അധികവും. സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസം അക്രമ സംഭവങ്ങൾ കെട്ടഴിച്ചുവിടുകയും ഒരാളെ കൊലപ്പെടുത്തുകയും നിരവധി ആളുകളെ പരിക്കേല്പിക്കുകയും ചെയ്ത സംഘപരിവാര പ്രവർത്തകരെ അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ സർക്കാർ യാതൊരു താല്പര്യവും കാണിച്ചിരുന്നില്ല. അക്രമങ്ങൾക്കു പ്രത്യക്ഷമായി തന്നെ നേതൃത്വം നൽകിയ മിലിന്ദ് എക്ബോട്ടെ, മനോഹർ  'സംഭാജി' ഭിഡെ തുടങ്ങിയവർക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അക്രമങ്ങൾ ഇളക്കി വിടുകയും അതിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്ത ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിഭാഗം ജനങ്ങൾ മുന്നോട്ടു വന്നതിനു ശേഷമാണ് എക്ബോട്ടെയേയും മറ്റു ചിലരേയും അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറായത്. ഇക്കാര്യത്തിൽ പോലീസ് വരുത്തിയ കൃത്യവിലോപത്തെ സുപ്രീം കോടതി ശക്തമായി വിമർശിച്ചപ്പോൾ മാത്രമാണ് എന്തെങ്കിലും ചെയ്യാൻ അവർ നിർബ്ബന്ധിതരായത്. മാർച്ചു മാസത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അവരെല്ലാം അടുത്ത മാസം തന്നെ ജാമ്യത്തിൽ പുറത്തിറങ്ങി. എക്ബോട്ടെയെപ്പോലെ തന്നെ അക്രമത്തിൽ തുല്യ പങ്കാളിത്തമുള്ള ഭിഡെക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. അറസ്റ്റു ചെയ്യപ്പെട്ടവർക്കെതിരെ യാതൊരു തെളിവുമില്ലെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് പരസ്യമായി തന്നെ പ്രസ്താവിക്കുകയും ചെയ്തു.

ജനുവരി 9 ന് പൂണെയിലെ ഒരു ബിസിനസ്സുകാരനായ തുഷാർ ദാംഗുഡെയാണ് എൽഗാർ പരിഷത്ത് സമ്മേളനത്തിൽ അക്രമങ്ങൾക്കു പ്രേരണ നൽകുന്ന പ്രസംഗങ്ങൾ നടന്നുവെന്നു പരാതിപ്പെട്ടുകൊണ്ട് പോലീസിനെ സമീപിക്കുന്നത്. ഭീമ കൊറിഗാവ് അക്രമങ്ങൾക്കു നേതൃത്വം നൽകിയ സംഭാജി ഭിഡെയുടെ ഒരു അനുയായിയാണ് ഇയാൾ. ഈ പരാതിയുടെ പേരിൽ ഗൂഢാലോചനാപരമായി കെട്ടിച്ചമച്ച കേസിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരവരറാവു മുതൽ ആനന്ദ് തെൽടുംബ്ഡെ വരെയുള്ളവരെ തടവിലാക്കുന്നത്.

അതിനിടെ അറസ്റ്റിലായ പൗരാവകാശ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന മറ്റൊരു ആരോപണം കൂടി പോലീസ് കെട്ടിച്ചമച്ചു.  ജയിലിൽ കഴിയുന്ന റോണ വിൽസന്റെ കമ്പ്യൂട്ടറിൽ നിന്നും ഒരു രഹസ്യ കത്തു കണ്ടെടുത്തുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഈ പുതിയ ആരോപണം. ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ആയുധങ്ങൾ സംഭരിച്ച് ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യയിലെ മാവോയിസ്റ്റുകൾ പാരീസിൽ വച്ച് ഗൂഢാലോചന നടത്തിയെന്നു പത്ര സമ്മേളനം നടത്തി പ്രഖ്യാപിക്കാനുള്ള 'ഭാവനാശേഷി'യും 'ധീരത 'യും വരെ പൂണെ പോലീസ് കാണിക്കുകയുണ്ടായി. എന്നാൽ എഫ് ഐ ആറിലോ കോടതിക്കു മുന്നിൽ ഹാജരാക്കിയ രേഖകളിലോ ഒന്നും ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും അവർ കാണിച്ചിരുന്നു. യഥാർത്ഥത്തിൽ അക്രമം നടത്തിയ ഹിന്ദുത്വ രാഷ്ട്രീയക്കാരെ സംരക്ഷിക്കുവാനും ഭരണകൂടത്തേയും ബി.ജെ.പി സർക്കാരുകളേയും വിമർശിക്കുന്ന പൗരാവകാശ പ്രവർത്തകരെ എക്കാലവും തടവറയിൽ അടക്കാനുമുള്ള ഒരു സംഘപരിവാർ പദ്ധതിയാണ് അരങ്ങേറുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പുതിയ ആരോപണങ്ങൾ.

എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നതിൽ ഗൂഢാലോചന?


അതു വരേക്കും പൂണെ പോലീസ് അന്വേഷിച്ചു പോന്നിരുന്ന എൽഗാർ പരിഷത്ത് കേസ് തികച്ചും അപ്രതീക്ഷിതമായിട്ടാണ് 2020 ജനുവരി 24 ന് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസിയായ എൻ.ഐ.എ (NIA - National Investigation Agency)  ഏറ്റെടുക്കുന്നത്. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിനും അതിനു പിന്നാലെ അരങ്ങേറിയ നാടകീയ സംഭവ വികാസങ്ങൾക്കും ശേഷം ബി ജെ പി യെ പിന്തള്ളി അധികാരത്തിൽ വന്ന ശിവസേന - കോൺഗ്രസ്സ് സഖ്യ സർക്കാർ ഈ കേസ് പുന:പരിശോധിക്കാനുള്ള സാധ്യത തടയുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന അനഭിലഷണീയമായ ഇടപെടലിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു അത്. അക്രമങ്ങൾക്കു പ്രേരണ നൽകുന്ന പ്രസംഗങ്ങൾ നടത്തിയെന്ന  കുറ്റാരോപണത്തോടെ ആരംഭിച്ച കേസ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ മാവോയിസ്റ്റ് പദ്ധതിയുടേയും പ്രധാന മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്റേയും കേസാക്കി പൂണെ പോലീസ് തന്നെ പെരുപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്റെ പേരിൽ തടവിലാക്കപ്പെട്ടു കഴിഞ്ഞിരുന്ന മനുഷ്യാവകാശ പ്രവർത്തകരെ ഒരിക്കലും ജയിലിനു പുറത്തു വരാൻ അനുവദിച്ചുകൂടാ എന്ന ഉദ്ദേശത്തോടെ തന്നെയായിരിക്കണം എൻഐഎ രംഗപ്രവേശം ചെയ്തത്. എക്സിക്യൂട്ടീവിന്റെ അഭിപ്രായങ്ങളോടു യോജിക്കുന്ന കോടതി നിലപാടുകളും അവർക്കു സഹായകമായി.  മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനായി നിരന്തരം പോരാടുന്ന ഈ ആളുകൾക്കു നേരെ നടക്കുന്ന വേട്ട, യഥാർത്ഥത്തിൽ, വിയോജിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് ചൂണ്ടിക്കാട്ടിയ പണ്ഡിതരായ റൊമീല ഥാപ്പറിന്റേയും പ്രഭാത് പട്നായിക്കിന്റേയും അഭിപ്രായങ്ങളെ സുപ്രീം കോടതി പരിഗണിച്ചില്ല.

സ. വരവരറാവു ഉൾപ്പെടെ ഈ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന പൗരാവകാശ പ്രവർത്തകരും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളുമായ ആർക്കും എതിരെ യാതൊരു തരം തെളിവുകളുമില്ലെന്ന് പോലീസിനും എൻ ഐ എ ക്കും നന്നായറിയാം. ഏതെങ്കിലും തരം കുറ്റകൃത്യങ്ങളിൽ ഒരിക്കലെങ്കിലും ഉൾപ്പെട്ടവരല്ല അവരാരും. പക്ഷേ, അവരുടെ വാക്കുകളും എഴുത്തും പ്രവർത്തനവുമെല്ലാം ഭരണകൂടത്തേയും അതിനെ നയിക്കുന്ന രാഷ്ട്രീയ സാമ്പത്തിക ശക്തികളേയും നിരന്തരം വിമർശിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ സാധ്യമായത്രയും കാലം അവരെ തടവിൽ കിടത്തുക എന്നതു തന്നെയാണു സർക്കാരിന്റെ ലക്ഷ്യം.

പ്രൊഫ. ഷോമ സെന്നിനു വേണ്ടി ഹാജരായ വക്കീൽ രാഹുൽ ദേശ്മുഖ് ചൂണ്ടിക്കാട്ടിയതു പോലെ ഈ പൗരാവകാശ പ്രവർത്തകരൊക്കെ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത് അതിനിസ്സാരങ്ങളോ അടിസ്ഥാന രഹിതങ്ങളോ ആയ കാര്യങ്ങളുടെ പേരിലാണ്. പലതും അഭ്യൂഹങ്ങൾ മാത്രം. 

സമകാലീന ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നീതിരഹിതമായ അധികാരപ്രയോഗത്തിന്റെ ഒരു മാതൃകയാണ് ഭീമ കൊറിഗാവ് കേസിന്റെ കാര്യത്തിൽ കാണാനാവുന്നത്. 2018 ജനുവരി ഒന്നിന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തികൾ ദളിത് വിഭാഗങ്ങൾക്കെതിരായി നടത്തിയ അക്രമങ്ങൾ ആസൂത്രിതം തന്നെയായിരുന്നുവെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 2018 ജനുവരിയിൽ പൂണെ റൂറൽ പോലീസിന്റെ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട വസ്തുതാന്വേഷണ സമിതി പത്തു ദിവസമെടുത്തു കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ഈ അക്രമങ്ങൾ ആസൂത്രിതമാണെന്ന കണ്ടെത്തലുള്ളത്. പൂണെ നഗരസഭയുടെ ഡെപ്യൂട്ടി മേയർ സിദ്ധാർത്ഥ് ധെൻഡെയുടെ നേതൃത്വത്തിലാണ് സമിതി അന്വേഷണം നടത്തിയത്. (CARAVAN 9 Sept. 1918) അതു സംബന്ധിച്ച റിപ്പോർട്ടുകൾ പൂഴ്ത്തിവച്ചു കൊണ്ടാണ് സുരേന്ദ്ര ഗാഡ്ലിങ് മുതൽ ആനന്ദ് തെൽടുംബ്ഡെ വരെയുള്ള ആദരണീയരായ ആളുകളെ പോലീസും എൻ ഐ എ യും ചേർന്ന് കരിനിയമങ്ങളും കള്ളക്കേസുകളും ചുമത്തി തടവിലാക്കിയിരിക്കുന്നത്. വിചാരണ കൂടാതെ അനിശ്ചിതമായി തടവിൽ കഴിയുന്ന അവരിൽ പലരും രോഗികളും അവശരുമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് മറ്റു തടവുകാരോടു കാട്ടുന്ന പരിഗണന പോലും അപരാധികളല്ലാത്ത ഈ മനുഷ്യ സ്നേഹികളോടു കാണിക്കാൻ കോടതികൾ പോലും തയ്യാറാവുന്നില്ല. നീതിയും നിയമവാഴ്ചയും ഉറപ്പാക്കാൻ വേണ്ടി കോടതികൾ ഉൾപ്പെടെയുള്ള ഭരണകൂട സംവിധാനങ്ങൾക്കു മേൽ സമൂഹത്തിന്റെ സമ്മർദ്ദം ഉണ്ടാവേണ്ടിയിരിക്കുന്നു.  സ: വരവരറാവു ഉൾപ്പെടെ, യാതൊരു വിധ തെളിവുകളുടേയും പിൻബലമില്ലാതെ, കെട്ടിച്ചമക്കപ്പെട്ട കേസുകളുടെ പേരിൽ അനിശ്ചിതമായി തടവിൽ കഴിയുന്ന ഈ മനുഷ്യരുടെ വിമോചനം ആവശ്യപ്പെടാൻ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണവർ എന്നതുകൊണ്ടു തന്നെ അത്തരമൊരു ശ്രമം ജനാധിപത്യത്തെ നിലനിർത്താനും കാത്തു സൂക്ഷിക്കാനുള്ള വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കും.