വേതനത്തിൻ്റെ തുടർച്ചയായ പെൻഷൻ അവകാശം സംരക്ഷിക്കുക. ഇതര സാമൂഹ്യക്ഷേമ ധനസഹായങ്ങൾക്കായി ഒന്നിച്ചു പൊരുതുക


വേതനത്തിൻ്റെ തുടർച്ചയായ പെൻഷൻ അവകാശം സംരക്ഷിക്കുക. ഇതര സാമൂഹ്യക്ഷേമ ധനസഹായങ്ങൾക്കായി ഒന്നിച്ചു പൊരുതുക

            ഫ്രഡി കെ. താഴത്ത്



മാറ്റിവെയ്ക്കപ്പെട്ട വേതനമാണ് പെൻഷൻ. അങ്ങിനെയാണ്, അങ്ങിനെ മാത്രമാണ്, പെൻഷൻ അവകാശമായി മാറുന്നത് അതാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ്റെ അടിത്തറ. എന്നാൽ, പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനമല്ല, മറിച്ച് സാർവത്രിക സാമൂഹ്യനീതിയുടെ പ്രശ്നമാണ് എന്ന് ഒരു കൂട്ടർ ഇന്ന് വാദിക്കുന്നു. സർക്കാർ ജീവനക്കാർ എന്ന ഒരു 'ന്യൂനപക്ഷം' മാത്രം 'തടിച്ച' പെൻഷൻ വാങ്ങുകയും കർഷകരും കൈവേലക്കാരുമായ മറ്റ് അദ്ധ്വാനിക്കുന്ന ജനകോടികളാകെ യാതൊരു പെൻഷനുമില്ലാതെ വാർദ്ധക്യത്തിൽ പട്ടിണിപ്പടുതിയിലടിഞ്ഞു മുടിയുകയും ചെയ്യുന്നു. ഈ കൊടിയ സാമൂഹ്യ അനീതി ഉടൻ പരിഹരിക്കണം. അതിന് നിലവിലുള്ള എല്ലാ പെൻഷനും ഏകീകരിച്ച് 10000/- രൂപ സാർവ്വത്രിക പെൻഷനാക്കി മാറ്റി എല്ലാ മുതിർന്ന പൗരൻമാർക്കും ഒരു നിശ്ചിത പ്രായപരിധി വച്ച് നൽകുന്ന സമ്പ്രദായം വേണം' എന്നതാണ് അവരുടെ വാദം. ഇതിൻ്റെ പേരാണ് 'വൺ ഇന്ത്യ വൺ പെൻഷൻ '.


പെൻഷൻ വേതനത്തിൻ്റെ ഭാഗം

അപ്പോൾ, ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യം ഉയരുന്നു. മാറ്റിവെയ്ക്കപ്പെട്ട വേതനമല്ല പെൻഷൻ എങ്കിൽ പിന്നെ എന്തടിസ്ഥാനത്തിലാണ് പെൻഷൻ അവകാശമാകുന്നത്? മാറ്റിവെയ്ക്കപ്പെട്ട വേതനമല്ല പെൻഷൻ എങ്കിൽ പെൻഷൻ നൽകുന്നതിൻ്റെ സമ്പദ് ശാസ്ത്രപരമായ യുക്തി അഥവാ ഇക്കണോമിക് റീസണിങ്ങ് എന്താണ്? തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നവന് നൽകുന്ന നഷ്ടപരിഹാരം എന്ന യുക്തി മാത്രമാണ് പിന്നെ പെൻഷനെ സംബന്ധിച്ച സാമ്പത്തികശാസ്ത്ര യുക്തി അഥവാ ഇക്കണോമിക് റീസണിങ്ങ്.
അതായത്, 'മാർക്കറ്റിൽ അദ്ധ്വാനം വിൽക്കുന്നതിനുള്ള അവസരം (ഓപ്പർച്യൂണിറ്റി) നഷടപ്പെടുന്നതിന് നൽകാവുന്ന "പ്രതിമാസ നഷ്ടപരിഹാരം" (ഡെഫേർഡ് മന്ത്ലി കോമ്പൻസേഷൻ) ആണ് പെൻഷൻ' എന്ന ബൂർഷ്വാ കാഴ്ച്ചപ്പാട് മാത്രമാണ് അത്. മറിച്ച്, മാറ്റിവെയ്ക്കപ്പെട്ട വേതന ഭാഗമാണ് പെൻഷൻ എന്നതാകട്ടെ, മിച്ചമൂല്യ സിദ്ധാന്തം അംഗീകരിക്കുന്ന കാഴ്ചപ്പാടിലധിഷ്ഠിതമായ തൊഴിലാളിവർഗ്ഗ സാമ്പത്തികശാസ്ത്ര യുക്തിയാണ്.

മൂല്യങ്ങൾ ഉണ്ടാക്കുന്നത് തൊഴിലാളി ചെലുത്തിയ അദ്ധ്വാനം

മൂല്യങ്ങൾ ഉത്ഭവിക്കുന്നത് ഉത്പാദനത്തിൽ ചെലുത്തപ്പെടുന്ന അദ്ധ്വാനത്തിൽ നിന്നു മാത്രമാണ് അല്ലാതെ ചരക്കുകളുടെ, അതുവഴി അവയിലുള്ളടങ്ങിയ മൂല്യങ്ങളുടെ, വിനിമയങ്ങളിൽ നിന്നല്ല എന്നതാണ് തൊഴിലാളിവർഗ്ഗ കാഴ്ച്ചപ്പാട്. തൊഴിലാളി വർഗ്ഗം മാത്രമല്ല റിക്കാർഡോവിനെപ്പോലെ പല ബൂർഷ്വാ സമ്പദ് ശാസ്ത്രജ്ഞരും അത് അംഗീകരിച്ചിട്ടുണ്ട്; മിച്ചമൂല്യ സിദ്ധാന്തം അക്കൂട്ടർ അംഗീകരിച്ചില്ലെങ്കിലും. എന്നാൽ, നിയോക്ലാസ്സിക്കൽ സമ്പദ്ശാസ്ത്ര വീക്ഷണം പേറുന്നവർ അദ്ധ്വാനത്തിൽ നിന്നാണ് മൂല്യമുണ്ടാകുന്നത് എന്ന് (ലേബർ തിയറി ഓഫ് വാല്യൂ ) അംഗീകരിക്കുന്നില്ല. മാർക്കറ്റിലെ ഡിമാൻ്റ് ആണ് മൂല്യം സൃഷ്ടിക്കുന്നത് എന്നാണ് അക്കൂട്ടരുടെ വാദം. നിയോക്ലാസ്സിക്കൽ സമ്പദ്ശാസ്ത്ര വീക്ഷണം പേറുന്ന ഇക്കൂട്ടരാണ് അദ്ധ്വാനത്തിൻ്റെ വിലയായ കൂലിയുടെ ഭാഗമല്ല ബോണസും പെൻഷനും ഗ്രാറ്റ്വിറ്റിയുമൊന്നും എന്ന് വാദിക്കുന്നത്. അവരാണ് 'പെൻഷൻ ഒരു നഷ്ടപരിഹാരത്തുക മാത്രമാണ്, അല്ലെങ്കിൽ, അവശത പരിഹരിക്കാനുള്ള സാമ്പത്തിക ആശ്വാസം മാത്രമാണ് ' എന്ന് വിളിച്ചോതുന്നത്. 'ഗ്രാറ്റ്വിറ്റി' എന്ന പദം തന്നെ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ 'ടിപ്പ്' എന്ന അർത്ഥത്തിലാണ് മനസ്സിലാക്കുന്നത് ! ബോണസ്സ് എന്നത് ബിസിനസ്സിൽ കൂടുതൽ കിട്ടുന്ന ധനം എന്ന രീതിയിലാണ് മുതലാളിത്തം മനസ്സിലാക്കുന്നത് ! അല്ലാതെ, തൊഴിലാളിയുടെ വേതനത്തിലെ മാറ്റിവെയ്ക്കപ്പെട്ട ഭാഗം എന്ന നിലയിലല്ല. ' അദ്ധ്വാനമെന്ന ചരക്കിൻ്റെ വിലയാണ് കൂലി. തൊഴിലെടുക്കുന്ന സമയത്ത് കൂലി നൽകിയതോടെ തൊഴിലാളിയുമായുള്ള കടപ്പാട് തീർന്നു. ജോലിയിൽ നിന്ന് പിരിച്ചയച്ചാൽ പിന്നെ തൊഴിലാളി എങ്ങിനെ ജീവിക്കുന്നു എന്നത് തൊഴിലുടമ അറിയേണ്ടതില്ല' എന്ന കാഴ്ചപ്പാടിൻ്റെ അടിത്തറ മേൽപ്പറഞ്ഞ വിനിമയമൂല്യവാദമാണ്.

ചൂഷണത്തിനെതിരായ സ്റ്റാറ്റ്യൂട്ടറി പെൻഷനും വിനിമയ അസമത്വത്തിനെതിരായ ആശ്വാസപെൻഷനും
ആയതു കൊണ്ട്, വേതനത്തിൻ്റെ ഭാഗമായി പെൻഷനെ കാണുന്നില്ലെങ്കിൽ പിന്നെ പെൻഷൻ എന്നത് ചെലുത്തിയ അദ്ധ്വാനത്തിൻ്റെ അവകാശമാകുന്നില്ല; അദ്ധ്വാനശക്തി ചെലുത്താനാകാത്തതിനുള്ള നഷ്ടപരിഹാരം മാത്രമേ ആകുന്നുള്ളൂ. 'അസമമായ വിനിമയ അവകാശങ്ങൾ അവസരസമത്വം നിഷേധിക്കുന്നു; അതു കൊണ്ട് വിനിമയ അവകാശങ്ങളിലെ അസമത്വത്തിന് ആശ്വാസം വേണം' എന്ന സാമൂഹ്യനീതിയുടെ കാഴ്ച്ചപ്പാട് മാത്രമായി അത് മാറുന്നു. ചൂഷണവ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായി പരിക്കേൽക്കാത്ത തരത്തിൽ സമഭാവനയ്ക്കും സമത്വത്തിനും വേണ്ടിയുള്ള, വിനിമയമൂല്യത്തിലധിഷ്ഠിതമായ, ഈ വ്യസനം അടിസ്ഥാനപരമായി എല്ലാ മാർഗ്ഗ-മതങ്ങളുടേയും കാഴ്ച്ചപ്പാടുകളിൽ കാണാം. അത്തരം 'നല്ലശമരിയാക്കാരൻ' കാഴ്ച്ചപ്പാടുകൾ മൂലധന ചൂഷണം ആവിർഭവിച്ചശേഷമുണ്ടായ, മൂലധന-ചൂഷണത്തിലധിഷ്ഠിതമായ, സാമൂഹ്യാസമത്വം പരിഹരിക്കുന്നതിന് പ്രാപ്തമല്ലാതായി മാറി. പക്ഷെ, മുതലാളിത്തം ഈ മതപരമായ 'വ്യസന'ത്തെ കടമെടുത്തു. വിപണി അവസരങ്ങൾ നഷ്ടപ്പെടുന്നവർക്കായി മുതലക്കണ്ണീരൊഴുക്കാനാണ് മുതലാളിത്തം അതുപയോഗിച്ചത്. അങ്ങനെയാണ് 'ആശ്വാസപെൻഷൻ ' ഫണ്ടുകൾ 'കണ്ടെത്താൻ' അമേരിക്കയും ക്യാനഡയും പല ഇതര മുതലാളിത്തരാജ്യങ്ങളും തുനിഞ്ഞത്. അതുപോലും സർക്കാർ ഖജനാവിന് ഭാരമുണ്ടാക്കാതെ കോൺട്രിബ്യൂട്ടറി ഫണ്ടുകളും സോഷ്യൽ ചാരിറ്റി ഫണ്ടുകളുമായാണ് മിക്കവാറും സൃഷ്ടിച്ചിട്ടുള്ളത്.

ബൂർഷ്വാസിയുടെ പെൻഷൻ കാഴ്ച്ചപ്പാടും 'വൺ ഇന്ത്യ വൺ പെൻഷൻ' ഗൂഢപദ്ധതിയും

ബൂർഷ്വാ രാജ്യങ്ങളിൽ സർക്കാർ പെൻഷൻ കൊടുക്കുന്നത് പട്ടാളക്കാർക്ക് മാത്രം. മറ്റെല്ലാവർക്കും പലതരം പെൻഷൻഫണ്ടുകളിൽ നിന്നുള്ള 'ക്ഷേമ / ആശ്വാസ പെൻഷനുകൾ. ഈ ക്ഷേമ / ആശ്വാസ പെൻഷനുകളെത്തന്നെ രണ്ടായി തരം തിരിക്കാം: 1) എംപ്ലോയേഴ്സ് പെൻഷൻ 2) സാമൂഹ്യ പെൻഷൻ. എംപ്ലോയേഴ്സ് പെൻഷൻ അഥവാ തൊഴിൽദായകൻ്റെ പെൻഷൻ എന്നത് പൂർണ്ണമായും മുതലാളിയുടെ വകയാണെന്ന് തെറ്റിദ്ധരിക്കരുത്. തൊഴിലാളി തൻ്റെ കൂലിയിൽ നിന്ന് തിരിച്ച് നിക്ഷേപിച്ചുണ്ടാക്കുന്ന കോൺട്രിബ്യൂട്ടറി ഫണ്ട് സ്കീമിൽ നിന്നാണ് എംപ്ലോയേഴ്സ് പെൻഷൻ നൽകുന്നത്; സാമൂഹ്യ പെൻഷൻ ചാരിറ്റി / സോഷ്യൽ ഫണ്ടുകളിൽ നിന്നും. ഇവ രണ്ടും പെൻഷൻഫണ്ടുകളുടെ കനമനുസരിച്ച് ഏറും കുറയും. അപ്പോൾ പിന്നെ പെൻഷൻഫണ്ടുകൾ ഉയർത്തി നിർത്താൻ അവയെടുത്ത് സ്റ്റോക്ക് മാർക്കറ്റിൽ ചൂതുകളിക്കുക (സ്പെക്യുലേറ്റിവ് ബിസിനസ്സ്) എന്നതാണ് മുതലാളിത്തത്തിലെ ഒരേ ഒരു പോംവഴി. ഇതിനോടകം, തൊഴിലാളി തന്നെ നിക്ഷേപിക്കുന്ന ഫണ്ടിൽ നിന്ന് തൊഴിലാളി തന്നെ അവസാനം തിരിച്ചെടുത്തുപയോഗിക്കുന്ന ഒരു 'കാശുകുടുക്കപ്പദ്ധതി'യായ കോമാളിയാക്കി പെൻഷനെ മുതലാളിത്തം മാറ്റിക്കഴിഞ്ഞിരിക്കുന്നത് എല്ലാവർക്കും അനുഭവമുള്ള കാര്യമാണ്. 'ഇനി എല്ലാവർക്കും 10,000/- രൂപ' എന്ന് കൈകൊട്ടി കൂവിവിളിച്ച് ആ ഫണ്ട് വലുതാക്കി, സ്റ്റോക്ക് മാർക്കറ്റിൽ ചൂതുകളിക്കാനുള്ള കൂടുതൽ വലിയ ധനസമുച്ചയമാണ് മുതലാളിത്തം (കൃത്യമായി പറഞ്ഞാൽ ഫിനാൻസ് മൂലധന - കുത്തക മൂലധന കൂട്ടുകെട്ട് ) മേൽകൊണ്ട് ലക്ഷ്യമാക്കുന്നത്. അല്ലാതെ, പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ്റെ മട്ടിൽ ഖജനാവിൽ നിന്ന് എല്ലാ വൃദ്ധർക്കും 10,000/- രൂപ പെൻഷനായി നൽകാനല്ല. നവക്ലാസ്സിക്കൽ സമ്പദ്ശാസ്ത്ര പ്രമാണിമാർ നയിക്കുന്ന ചെലവുചുരുക്കൽ പദ്ധതി അതു മാത്രമാണ് ലക്ഷ്യമാക്കുക എന്നത് എത് കൊച്ചു കുട്ടിക്കും അറിയാം. ഇക്കാര്യം തിരിച്ചറിയാത്ത അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിലെ കൂടുതൽ മർദ്ദിതരും അവശരുമായ വിഭാഗങ്ങളെ ഇന്ന് പെൻഷൻ വാങ്ങുന്നവർക്കെതിരെ ഇളക്കിവിടുന്ന ഗൂഢപദ്ധതിയാണ് ' വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി'. തൊഴിലാളികളെയും ജീവനക്കാരെയും ജോലിയിൽ നിന്ന് പിരിഞ്ഞാൽ പിന്നെ സംരക്ഷിക്കാൻ തൊഴിൽദായകന് ബാധ്യതയില്ല എന്ന ബൂർഷ്വാസിയുടെ ഏറ്റവും പിന്തിരിപ്പനായ വിഭാഗത്തിൻ്റെ ആശയമാണ് ഇതിൻ്റെ അടിസ്ഥാന യുക്തി. ഇതാകട്ടെ പുതിയതല്ല; പണ്ടേ ഉള്ളതാണ്‌. അപ്പോൾ പിന്നെ, എന്താണ് ഇപ്പോൾ ബൂർഷ്വാസി ഈ ആശയം പൂർവ്വാധികം ശക്തമായി ഉയർത്തിക്കൊണ്ടുവരാനും പ്രചരിപ്പിക്കാനും കാരണം?

ബൂർഷ്യാസി നേരിടുന്ന, നാൾക്കുനാൾ തീവ്രതയേറുന്ന, ഫിനാൻസ് ക്യാപ്പിറ്റലിസ്റ്റ് പ്രതിസന്ധിയാണ് ഇതിനു കാരണം. ക്യാപ്പിറ്റലിസത്തിന് പ്രതിസന്ധി നേരിടുന്നത് ആദ്യമായല്ലെങ്കിലും നാളിതുവരെ ഉണ്ടായവയിൽ വച്ച് തീവ്രതരമായ ക്യാപ്പിറ്റലിസ്റ്റ് പ്രതിസന്ധിയാണ് ഇന്ന് ഉരുണ്ടുകൂടിയിരിക്കുന്നത് എന്നതാണ് ഇന്നത്തെ സാഹചര്യത്തിൻ്റെ സവിശേഷത. അതായത്, മുരടിപ്പ് കേന്ദ്രസ്വഭാവമാക്കി മാറ്റിയിരിക്കുന്ന ഫിനാൻസ് മൂലധനത്തിൻ്റെ ഇന്നത്തെ പ്രതിസന്ധി മുൻപത്തെ ബൂർഷ്വാപ്രതിസന്ധികളേക്കാൾ ഗുരുതരവും ആഴവും പരപ്പുമേറിയതുമായിത്തീർന്നിരിക്കുന്നു. ഇതിൻ്റെ ഫലമായി, മൊത്തം മൂലധന വ്യവസ്ഥയുടെ ഗുരുത്വകേന്ദ്രമായി വർത്തിക്കുന്ന ധനമൂലധനവും ധനവ്യാപാരവും ഗുരുതരമായ പ്രതിസന്ധിയിൽ വീണിരിക്കുന്നതിനാൽ ഫിനാൻസ് മൂലധനത്തിൻ്റെ ഒരോ രാജ്യത്തെയും പ്രതിനിധിയായ കുത്തക ബൂർഷ്വാസി ജനക്ഷേമത്തിനും വേതന വ്യവസ്ഥയ്ക്കും വേണ്ടി ധനവിനിയോഗം നടത്തുന്നത് വെട്ടിക്കുറയ്ക്കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു. അതേ സമയം ജനക്ഷേമവ്യവസ്ഥ പാടെ തകർച്ച നേരിട്ടാൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ അപ്പാടെ ബൂർഷ്വാ വ്യവസ്ഥയ്ക്ക് എതിരായിത്തീരുമെന്ന് ഫിനാൻസ് മൂലധനശക്തികൾക്കറിയാം. ആയതിനാൽ, എല്ലാവർക്കും ജനക്ഷേമം നടപ്പാക്കാനായി സംഘടിത-ആധുനികതൊഴിലാളിവർഗ്ഗത്തിൻ്റെ വേതനവും ജീവനവ്യവസ്ഥയും വെട്ടിച്ചെറുതാക്കുക അനിവാര്യമാണെന്ന ശക്തമായ പ്രചാരണവും നയനടത്തിപ്പുമാണ് മൂലധനശക്തികൾ അഴിച്ചുവിടുന്നത്. ഇതിനെതിരെ സംഘടിത-ആധുനികതൊഴിലാളിവർഗ്ഗം സമരം ചെയ്താൽ ആ സമരത്തിനെതിരെ ഇതര അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടക്കം തിരിച്ചുവിട്ട് അതിനെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന കുടിലമായ അടവാണ് ഫിനാൻസ് മൂലധനശക്തികൾ ഇന്ന് സ്വീകരിച്ചിരിക്കുന്നത്‌. ഇതാകട്ടെ ചരിത്രത്തിൽ ആദ്യമായുണ്ടാവുന്ന ഒന്നല്ല.

ഫിനാൻസ് മൂലധന പ്രതിസന്ധിയും ഫാഷിസ്റ്റ് അടവും
ഫിനാൻസ് മൂലധനത്തിൻ്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായ രണ്ടാം മഹാമാന്ദ്യത്തെ തുടർന്ന് രൂപം കൊണ്ട ഫാഷിസത്തിൻ്റെ പ്രധാന അടവ് ഇതായിരുന്നു. ഇറ്റലിയിലും ജർമ്മനിയിലും ഫാഷിസ്റ്റുകളും നാസികളും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ആക്രമിച്ച് തകർത്തത് ഈ അടവ് ഉപയോഗിച്ചു കൊണ്ടാണ്. പെറ്റി ബൂർഷ്വാ - കർഷക മനോഭാവത്തിൻ്റെ 'നീതിബോധ'മാണ് ഈ ആശയപ്രചാരണം പെറ്റുപെരുകുന്ന രാഷ്ട്രീയ ചതുപ്പുനിലമായത്.

ഫാഷിസ്റ്റ്-വിരുദ്ധ വിജയവും സോഷ്യലിസ്റ്റ് മുന്നേറ്റവും വേതന -ജീവന അവകാശങ്ങളും

രണ്ടാം ലോകയുദ്ധത്തിൻ്റെ അന്ത്യത്തിൽ ഫാഷിസത്തിനെതിരെ വിജയം വരിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ചേരി മുന്നോട്ടു പോയതും തുടർന്ന് പുതിയതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളെ ഈ മാറ്റം ആകർഷിച്ചതുമാണ് തുല്യ ജോലിക്ക് (പുരുഷൻമാർക്കും സ്ത്രീകൾക്കും) തുല്യവേതനമുൾപ്പെടെയുള്ള വേതനവ്യവസ്ഥയും അതിൻ്റെ ഭാഗമായ പ്രസവാവധിയും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമെല്ലാം പുതിയ സ്വതന്ത്ര രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിലും ഇടം പിടിക്കാനിടയാക്കിയ ഒരു പ്രധാന കാരണം. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിച്ച മേൽകൈ, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ കെട്ടുറപ്പ് , ഉശിരാർന്ന സമരങ്ങൾ, കർഷകരും കൈവേലക്കാരും അതിനോട് ഐക്യപ്പെട്ടത്, പൊതു സാമ്രാജ്യത്വ വിരുദ്ധ - ഫാഷിസ്റ്റ് വിരുദ്ധ വികാരം എന്നിവയാണ് ഇതിന് വഴിതെളിച്ചത്. ആയതിനാൽ, ' കൂലിയും പെൻഷനും ഇതര ജീവനാനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുക ' എന്ന ഫിനാൻസ് മൂലധന - ഫാഷിസ്റ്റ് നയം തൽക്കാലത്തേക്ക് ചുരുട്ടി വയ്ക്കാൻ ഫിനാൻസ് മൂലധനശക്തികളും ഓരോ രാജ്യത്തേയും അതിൻ്റെ പ്രതിനിധികളും അന്ന് നിർബ്ബന്ധിതമായി.

വീണ്ടും ഫിനാൻസ്മൂലധന പ്രതിസന്ധിയും പൊടിതട്ടിയെടുത്ത ഫാഷിസ്റ്റ് അടവും

എന്നാൽ, സോഷ്യലിസത്തിനേറ്റ തിരിച്ചടി, സാമ്രാജ്യത്വ ആഗോളവൽക്കരണ നയ നടത്തിപ്പിൻ്റെ ആരംഭം എന്നീ നിഷേധാത്മക സംഭവവികാസങ്ങളും തുടർന്ന് തീവ്രതരമായ ഫിനാൻസ്മൂലധന പ്രതിസന്ധിയും മൂലം ലോകമെങ്ങും തൊഴിൽ സമയം വർദ്ധിപ്പിക്കൽ,വേതനം, പെൻഷൻ, ഇതര ജീവന ആനുകൂല്യങ്ങൾ എന്നിവ വെട്ടിക്കുറയ്ക്കൽ എന്നിങ്ങനെ സംഘടിത-ആധുനികതൊഴിലാളി വർഗ്ഗത്തിന് എതിരായ ഫിനാൻസ്മൂലധനശക്തികളുടെ ചൂഷണ-മർദ്ദന നയങ്ങൾക്ക് ശക്തി പകർന്നു. തുടർന്ന്, ' കൂലിയും പെൻഷനും ഇതര ജീവനാനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുക ' എന്ന ഫിനാൻസ് മൂലധന - ഫാഷിസ്റ്റ് നയം അവർ സാമ്രാജ്യത്വ ആഗോളവൽക്കരണ പദ്ധതിയുടെ ഭാഗമാക്കി മാറ്റിക്കൊണ്ട് പൊടി തട്ടിയെടുത്ത് പടിപടിയായി നടപ്പാക്കാനും തുടങ്ങി. ഇപ്പോൾ അതിനായി കർഷകർ, കൈവേലക്കാർ, പെറ്റി ബൂർഷ്വാസി, കർഷകത്തൊഴിലാളികൾ, ലുംപൻ തൊഴിലാളികൾ എന്നിവരെ സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിന് എതിരായി അണിനിരത്താനുള്ള 'ഭിന്നിപ്പിച്ച് ഭരിക്കൽ അടവ്' പ്രയോഗിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. 'തൊഴിലാളി ക്ഷേമത്തിനെതിരെ ജനക്ഷേമത്തിൻ്റെ പ്രശ്നത്തെ പ്രതിഷ്ഠിക്കുക' എന്ന കുറുക്കൻ ബുദ്ധിയാണ് അതിൻ്റെ മർമ്മം. 21-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ഉരുണ്ടുകൂടിയ, 2008 ലെ തകർച്ചയോടെ പ്രകടമായ, കോവിഡ് 19 മഹാമാരിയോടെ മൂർച്ഛിക്കാനാരംഭിച്ച മൂന്നാം മഹാമാന്ദ്യത്തോടെ ഈ പ്രക്രിയ ഫാഷിസ്റ്റ് സ്വഭാവമാർജ്ജിച്ചുകൊണ്ടിരിക്കുന്നു.

പെറ്റിബൂർഷ്വാസിയേയും ചെറുകിട-ഇടത്തരം കർഷകരേയും തൊഴിലാളിവർഗ്ഗത്തിലെത്തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളേയും കൈവേലക്കാരെയും ലുംപൻ തൊഴിലാളികളേയും ലിബറൽ ജനാധിപത്യവാദികളേയും വർഗ്ഗനിരപേക്ഷതാ-വാദികളായ ബുദ്ധിജീവികളേയുമെല്ലാം ഫാഷിസ്റ്റ് പോപ്പുലിസത്തിൻ്റെ 'നാഷണൽ സോഷ്യലിസ' ( നാസിസം ) ത്തിന് പിന്നിൽ അണിനിരത്താനും ആധുനിക വ്യവസായ തൊഴിലാളിവർഗ്ഗത്തിന് എതിരാക്കി മാറ്റാനുമുള്ള കുടില പദ്ധതിയാണ് ഇത്. 'വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി' ക്കായുള്ള മുറവിളിയിലൂടെ നാം കേൾക്കുന്നത് ഈ വീക്ഷണമാണ് എന്നത് വ്യക്തമാണ്.

വേതനത്തിൻ്റെ തുടർച്ചയായ പെൻഷൻ അവകാശം സംരക്ഷിക്കുക, സാമൂഹ്യക്ഷേമങ്ങൾ നേടാൻ ഒന്നിച്ചു പൊരുതുക

ഇതിനെ തിരിച്ചറിഞ്ഞ് പൊരുതിത്തോൽപ്പിക്കുകയും തൊഴിലാളി വർഗ്ഗ-കർഷക സഖ്യത്തിലൂന്നിക്കൊണ്ട് എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ഐക്യപ്പെടുത്തി ജനാധിപത്യ മതേതര ശക്തികളുടെ പിന്തുണ നേടിക്കൊണ്ട് മാന്യമായ തൊഴിൽ, മതിയായ ജീവന-വേതന വ്യവസ്ഥ, പോഷകാഹാരമടങ്ങിയ ഭക്ഷണം, ആധുനിക ആരോഗ്യപാലന വ്യവസ്ഥ, ഗാർഹിക വ്യവസ്ഥയുൾപ്പെടെയുള്ള മതേതര ജനാധിപത്യ ആവാസ അവകാശം, സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണാവകാശം, ലിംഗ-ദേശ-ഭാഷാ സമത്വാവകശാങ്ങൾ എന്നിവക്കെല്ലാം വേണ്ടി പിണപറയാത്ത ഐക്യമാണ് വർഗ്ഗീയഫാഷിസ്റ്റ് ശക്തികളുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യയിൽ നടമാടുന്ന തൊഴിലാളി വിരുദ്ധ ജന വിരുദ്ധഭരണ നയ നടത്തിപ്പിനെതിരെ ശക്തമായ കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ടത്. ആ കൊടുങ്കാറ്റു ശക്തിയെ ശിഥിലീകരിക്കാനായി മേൽപ്പറഞ്ഞ ചൂഷകവർഗ്ഗങ്ങൾ കളത്തിലിറക്കിയിട്ടുള്ള ' വൺ ഇന്ത്യ വൺ പെൻഷൻ ' പോലുള്ള സങ്കുചിത പിന്തിരിപ്പൻ മുദ്രാവാക്യങ്ങളേയും കുറുമുന്നണി അടവുകളേയും നാം തുറന്നു കാട്ടി പരാജയപ്പെടുത്തിയേ പറ്റൂ.