വംശീയ വിരുദ്ധ പ്രക്ഷോഭം വെല്ലുവിളിക്കുന്നത് അമേരിക്കൻ അധികാര വ്യവസ്ഥയെ തന്നെ.
by പി.കെ. വേണുഗോപാലൻ
"എല്ലാ മനുഷ്യരും സമന്മാരായി സൃഷ്ടിക്കപ്പെട്ടവരാണെ"ന്ന വിഖ്യാതമായ നിരീക്ഷണം അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രണ്ടാം വാചകത്തിന്റെ ഭാഗമാണ്. ഏതാണ്ട് രണ്ടര നൂറ്റാണ്ടു മുമ്പ് (1776 ജൂലൈ 4) അമേരിക്കൻ കോൺഗ്രസ്സ് ഔപചാരികമായി അംഗീകരിച്ച ഈ പ്രഖ്യാപനം അമേരിക്ക ഒരിക്കലും പാലിച്ചില്ലെന്നതാണു വാസ്തവം. പിൽക്കാല ലോക ചരിത്രത്തിൽ ജനാധിപത്യത്തിന്റേയും സമത്വബോധത്തിന്റേയും വികാസത്തിൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പങ്കു ചെറുതായിരുന്നില്ല എങ്കിൽ പോലും അമേരിക്കയിൽ ഇപ്പോഴും അതിന്റെ അടിസ്ഥാന തത്വങ്ങൾ നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന് നു എന്നാണ് കഴിഞ്ഞ മെയ് 25 ന് അതിക്രൂരമായി കൊല ചെയ്യപ്പെട്ട മിന്നിയപോളിസിലെ ജോർജ്ജ് ഫ്ലോയ്ഡിന്റെ അനുഭവം കാണിക്കുന്നത്.
മിന്നസോട്ടയിലെ പ്രധാന നഗരമായ മിന്നിയപോളിസിൽ വച്ചാണ് 46 വയസ്സുകാരനും ആഫ്രിക്കൻ - അമേരിക്കൻ വംശജനും കറുത്തവനുമായ ജോർജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. ഒരു ഭക്ഷണശാലയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഫ്ലോയ്ഡ്. കോവിഡ് - 19 മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന പലവിധ നിയന്ത്രണങ്ങളും സാമ്പത്തിക നടപടികളും മൂലം തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. മിന്നിയപോളിസിലെ തെരുവോരത്ത് ഒരു കടയിൽ നിന്നും വാങ്ങിയ സിഗരറ്റിന്റെ വിലയായി ജോർജ്ജ് ഫ്ലോയ്ഡ് നൽകിയ 20 ഡോളറിന്റെ നോട്ട് വ്യാജമാണോ എന്ന സംശയത്തിന്റെ പേരിൽ കടക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഫ്ലോയ്ഡിനെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസിനു വഴങ്ങാൻ വിസമ്മതിച്ച ഫ്ലോയ്ഡിനെ റോഡിൽ തള്ളിയിട്ട വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഏതാണ്ട് 9 മിനിട്ടു നേരമാണ് ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടിനു കീഴിൽ ഫ്ലോയിഡിന്റെ കഴുത്ത് ഞെരിഞ്ഞമർന്നത്. ഇതിനിടയിൽ ഫ്ലോയിഡ് അമ്മയെ വിളിച്ചു കരയുകയും തനിക്കു ശ്വാസം മുട്ടുന്നുവെന്ന് ആവർത്തിക്കുകയും പ്ലീസ്, പ്ലീസ് എന്നു കെഞ്ചുകയും ചെയ്തിരുന്നു. ഡെറെക് ഷോവിനോ ഫ്ലോയ്ഡിനെ കീഴ്പ്പെടുത്താൻ കൂട്ടു നിന്ന മറ്റു മൂന്നു പോലീസ് ഉദ്യോഗസ്ഥരോ അയാളുടെ ദയനീയമായ അപേക്ഷകൾക്കു ചെവി കൊടുത്തില്ല. അയാളെ ശ്വാസം മുട്ടിക്കരുതെന്നു വിളിച്ചു പറഞ്ഞ തെരുവിലെ മറ്റു മനുഷ്യരുടെ വാക്കുകളും പോലീസ് പരിഗണിച്ചില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കം ഫ്ലോയ്ഡ് മരിച്ചു കഴിഞ്ഞിരുന്നു.
ഫ്ലോയ്ഡിന്റെ കൊലപാതകം, അമേരിക്കൻ ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും നിശ്ശബ്ദമായും അല്ലാതെയും (എങ്കിലും തീവ്രതയോടെ തന്നെ) നിലനില്ക്കുന്ന വംശീയ വിവേചനത്തിന്റെ വിധ്വംസകമായ പ്രകാശനമായിട്ടാണ് തിരിച്ചറിയപ്പെട്ടത്. സംശയത്തെ തുടർന്ന് പോലീസ് പിടിയിലായ ഒരു പ്രതി മൂന്നാം മുറ പ്രയോഗത്തിനിടയിൽ കൊല്ലപ്പെട്ട ഒരു സാധാരണ സംഭവമല്ല ഇതെന്നും മറിച്ച്, കറുത്തവർക്കെതിരായി വെള്ളക്കാർ നടത്തുന്ന വംശീയമായ കടന്നാക്രമണത്തിന്റെ ഇരയാണ് ജോർജ്ജ് ഫ്ലോയ്ഡെന്നും അമേരിക്കയിലെ വർണ്ണ/ വംശ വിവേചനത്തെ കുറിച്ച് അറിയാവുന്നവരും അതനുഭവിക്കുന്നവരും കൃത്യമായി തിരിച്ചറിഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന അപ്പാർത്തീഡിനു (വർണ്ണവിവേചനം) സമാനമായ സ്ഥിതി ഏറ്റക്കുറച്ചിലുകളോടെ അമേരിക്കയിൽ നിലനിൽക്കുന്നുണ്ടെന്നും ഫ്ലോയ്ഡിന്റെ കൊലക്കു പിന്നിലെ പ്രേരക ഘടകമായി അതു കൂടി പ്രവർത്തിച്ചിട്ടുണ്ടെന്നു മുള്ള തിരിച്ചറിവാണ് അമേരിക്കൻ ഭരണകൂടത്തേയും അതിന്റെ വംശീയ നിലപാടുകളേയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വർണ്ണവെറിയൻ രാഷ്ട്രീയത്തേയും വെല്ലു വിളിച്ചുകൊണ്ട് തെരുവിലിറങ്ങാനും പ്രക്ഷോഭം നടത്താനും അമേരിക്കയിലെ ജനാധിപത്യ വാദികളെ പ്രേരിപ്പിച്ചത്.
ഫ്ലോയ്ഡിന്റെ കൊലപാതകം സൃഷ്ടിച്ച നടുക്കവും രോഷവും അതിനോടുള്ള പ്രതിഷേധവും പ്രകടിപ്പിച്ചു കൊണ്ട് ആയിരങ്ങളാണു തെരുവിലിറങ്ങിയത്. നിരവധി നഗരങ്ങളിൽ
പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ന്യൂയോർക്കും
ഫിലാഡെൽഫിയയും കൊളംബിയയും അറ്റ്ലാന്റയും ചിക്കാഗോയും ഡെൻവെറും മയാമിയും മിൽവാക്വീയും പോലുള്ള നഗരങ്ങളിൽ നിശാനിയമം പ്രഖ്യാപിച്ചു. കാലിഫോർണിയ പോലുള്ള വൻ നഗരങ്ങളിൽ ചിലയിടത്തെങ്കിലും പ്രക്ഷോഭകാരികളെ നേരിടാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പെപ്പർ സ്പ്രേയും റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും മാത്രമല്ല കടുത്ത ശാരീരിക പീഡനങ്ങളും കൂടി ഉപയോഗിച്ചുകൊണ്ടാണ് വംശീയവാദി കൂടിയായ ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പ്രക്ഷോഭകാരികളെ നേരിട്ടത്. പക്ഷേ, നിശാനിയമത്തിന്റെ കർക്കശ വ്യവസ്ഥകളേയും കോവിഡ് രോഗത്തെ ചെറുക്കാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളേയും ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. അമേരിക്കയിലെ 140 - ഓളം നഗരങ്ങളിലേക്ക് വംശീയ വിരുദ്ധ പ്രക്ഷോഭം പടർന്നു.
വീണ്ടുമൊരിക്കൽ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അമേരിക്ക കത്തിയെരിയുകയാണെന്ന് പത്രങ്ങൾ എഴുതി. പ്രക്ഷോഭത്തിനിടയിൽ പോലീസ് വാഹനങ്ങളും കടകളും ഓഫീസുകളും കത്തിയെരിയുകയും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. കറുത്തവരും ആഫ്രിക്കൻ അമേരിക്കൻ വംശജരുമാണു പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ ഉണ്ടായിരുന്നതെങ്കിലും വെള്ളക്കാരായ യുവാക്കളും യുവതികളും വൻതോതിൽ പങ്കെടുത്ത പ്രക്ഷോഭങ്ങളായിരുന്നു എങ്ങും.
അമേരിക്കയെ പിടിച്ചുലച്ച ഈ പ്രക്ഷോഭ പരമ്പരകൾ ഒരാളുടെ കൊലക്കെതിരെ നടന്ന സാധാരണ പ്രതിഷേധം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന വംശീയമായ അടിച്ചമർത്തലിനും അവമതിക്കുമെതിരെ അമേരിക്കയിലെ കറുത്തവരും ആഫ്രോ- അമേരിക്കൻ വംശജരും ഏതാണ്ട് സ്വയോത്ഭവമായിട്ടെന്ന വണ്ണം സമര രംഗത്ത് ഇറങ്ങുകയായിരുന്നു. ജനാധിപത്യത്തിന്റേയും സമത്വബോധത്തിന്റേയും രാഷ്ട്രീയം അംഗീകരിക്കുന്ന യുവാക്കളും ബഹുജനങ്ങളും വംശവ്യത്യാസങ്ങൾ മറി കടന്നു കൊണ്ട് പ്രക്ഷോഭത്തിൽ അണി ചേർന്നു. വംശീയവാദ നിലപാടുകൾ താലോലിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ സമരക്കാരെ പ്രകോപിപ്പിക്കാൻ മാത്രമേ ഉതകിയുള്ളു. (പ്രക്ഷോഭകരെ 'തഗ്ഗുകളെ'ന്നു വിളിച്ച് ആക്ഷേപിക്കുകയും അവരെ വെടിവച്ചു കൊല്ലണമെന്ന് ആക്രോശിക്കുകയുമാണ് ട്രംപ് ചെയ്തത്. പ്രക്ഷോഭകർ വൈറ്റ് ഹൗസിനു മുന്നിലെത്തിയപ്പോഴാകട്ടെ അയാൾ സുരക്ഷ തേടി നിലവറയിലേക്ക് പിൻ വാങ്ങുകയും ചെയ്തു.) കോവിഡ് രോഗബാധയെ നേരിടാനായി നടപ്പാക്കപ്പെട്ട പരിപാടികളുടേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും അനന്തര ഫലമെന്ന നിലയിൽ ജനങ്ങൾക്കു നേരിടേണ്ടി വന്ന തൊഴിൽ നഷ്ടവും ദാരിദ്ര്യവും മറ്റു ദുരിതങ്ങളുമൊക്കെ സർക്കാരിനെതിരായ ജന രോഷത്തെ കൂടുതൽ ശക്തമാക്കി.
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ "എല്ലാ മനുഷ്യരും സമന്മാരായി സൃഷ്ടിക്കപ്പെട്ടവരാണെ"ന്ന നിരീക്ഷണം അമേരിക്കയിലെ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നില്ല എന്നതാണു സത്യം. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കരടു തയ്യാറാക്കിയ തോമസ് ജെഫേഴ്സൺ (പിന്നീട് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റുമായി) വിർജീനിയയിലെ ഏറ്റവും വലിയ അടിമ ഉടമകളിൽ ഒരാളായിരുന്നു. മൃഗങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്ന നൂറിലേറെ അടിമകളുടെ ഉടമസ്ഥൻ. പ്രഖ്യാപനത്തിൽ ഒപ്പു വച്ച 56 പേരിൽ 41 പേരും സ്വന്തമായി അടിമകൾ ഉള്ളവരായിരുന്നു. ആഫ്രിക്കൻ അമേരിക്കൻ വംശജരോ, റെഡ് ഇന്ത്യക്കാർ എന്നു വിളിക്കപ്പെടുന്ന തദ്ദേശീയ രോ, സ്ത്രീകളോ ആയ ആരും ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പു വച്ചവരുടെ പട്ടികയിൽ ഇല്ലായിരുന്നു. അന്നും അടിമത്തം നിയമ വിധേയമായിരുന്നു. അമേരിക്കൻ ഭരണഘടന രൂപം കൊണ്ടപ്പോഴും (1789) ഏതാണ്ട് 20 ശതമാനത്തോളം വരുന്ന കറുത്ത വംശക്കാർക്ക് തുല്യരെന്ന പരിഗണനയോ പൗരത്വമോ ഉണ്ടായിരുന്നില്ല. അവരിൽ ഏറെപ്പേരും അടിമകളായിരുന്നു. മൃഗങ്ങളേയോ വസ്തു വകകളേയോ പോലെ കൈമാറ്റം ചെയ്യപ്പെടുന്നവർ. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം പുറത്തു വന്നു പിന്നെയും 90 വർഷം കഴിഞ്ഞ് 1865 ലാണ് അടിമത്തം അവസാനിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിയുണ്ടാവുന്നത്. ആറു ലക്ഷത്തോളം ആളുകൾ മരണമടഞ്ഞ ആഭ്യന്തര യുദ്ധം അതിനു നൽകേണ്ടി വന്ന വിലയായിരുന്നു.
ഔപചാരികമായ വോട്ടവകാശവും പൗരത്വവും ലഭിച്ചുവെങ്കിലും അമേരിക്കയിലെ കറുത്ത വംശക്കാരെ തുല്യരായി അംഗീകരിക്കാൻ വെള്ള മേധാവിത്തത്തിന്റെ വംശീയബോധത്തെ ആത്മാവിൽ ഉൾക്കൊണ്ട അമേരിക്കൻ അധികാര വ്യവസ്ഥ തയ്യാറായിരുന്നില്ല. അതായത്, എല്ലാവരും സമന്മാരായാണു സൃഷ്ടിക്കപ്പെട്ടതെന്നു പ്രഖ്യാപിക്കുമ്പോഴും അടിമകളും കറുത്തവരും മനുഷ്യരാണെന്നു പരിഗണിക്കാൻ വിസമ്മതിക്കുന്ന ഒരു ലോകവീക്ഷണത്തിനാണ് അവിടെ ആധിപത്യം ഉണ്ടായിരുന്നത്. അടിമത്തത്തിൽ നിന്നു രക്ഷ നേടാനായി ഒളിച്ചോടുന്നവരും വെള്ള മേധാവിത്തത്തെ അലോസരപ്പെടുത്തിയതിനു കുറ്റം ആരോപിക്കപ്പെട്ടവരും ഉൾപ്പെടെയുള്ള കറുത്തവരെ പരസ്യമായി തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന സമ്പ്രദായം (ലിഞ്ചിംഗ്- Lynching) ഈ ലോകവീക്ഷണത്തിന്റെ ഉല്പന്നമായിരുന്നു. (ഇന്ത്യയിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ആൾക്കൂട്ടക്കൊലകൾ സമാനമായ ലോകവീക്ഷണത്തിന്റേയും രാഷ്ട്രീയ പ്രയോഗത്തിന്റേയും ഭാഗം തന്നെയാണ്.) കറുത്തവർക്കെതിരെ നടത്തപ്പെട്ട ഇത്തരം ആൾക്കൂട്ടക്കൊലകളെ അപലപിച്ചു കൊണ്ടാണ് എഴുത്തുകാരനായ മാർക്ക് ട്വൈൻ അമേരിക്കയെ "ആൾക്കൂട്ടക്കൊലയുടെ ഐക്യനാടുകൾ" (United States of Lyncherdom) ആക്കരുതെന്ന് എഴുതിയത്.
പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 1950 കളിലും 60 കളിലുമാണ് വംശീയ അസമത്വങ്ങളിൽ പലതും നിയമപരമായി നീക്കം ചെയ്യപ്പെട്ടത്. എങ്കിലും കറുത്തവരും വെളുത്തവരും തമ്മിലുള്ള സാമ്പത്തികവും അധികാരപരവുമായ അന്തരത്തിനും അസമത്വത്തിനും കാര്യമായ വ്യത്യാസമൊന്നും വന്നില്ല. ഇപ്പോഴും കറുത്തവർ നേരിടുന്ന വംശീയ വിവേചനത്തിനും ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥക്കു മൊന്നും വലിയ വ്യത്യാസങ്ങൾ സംഭവിച്ചിട്ടുമില്ല.
ഒരു വംശവിഭാഗമെന്ന നിലയിൽ അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ വംശജർ നേരിടുന്ന വിവേചനത്തേയും മർദ്ദിതാവസ്ഥയേയും വെളിപ്പെടുത്തുന്ന നിരവധി കണക്കുകളുണ്ട്. ഒരു കുറ്റകൃത്യം നടന്നാൽ പോലീസ് കുറ്റവാളികളെ ആദ്യം തിരയുന്നത് കറുത്തവർക്കിടയിലാണ്. പോലീസിന്റെ മർദ്ദനമേൽക്കേണ്ടി വരുന്നതും അവർക്കു തന്നെ. അമേരിക്കൻ ജനതയിൽ 12 ശതമാനം മാത്രമേ കറുത്തവർ ഉള്ളുവെങ്കിൽ പോലും തടവറയിൽ കഴിയുന്ന അമേരിക്കക്കാരിൽ 38 ശ തമാനവും കറുത്തവരാണ്. മാറാരോഗങ്ങളും കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും ബാധിക്കുന്നവരിൽ കറുത്തവരാണ് (ജനസംഖ്യാനുപാതികമായി) കൂടുതൽ. ശിശു മരണനിരക്കും അവർക്കിടയിലാണ് അധികം. കറുത്ത വംശക്കാരുടെ ശരാശരി കുടുംബവരുമാനം വെളുത്തവരുടെ ശരാശരിയുടെ പത്തിലൊന്നേ വരൂ. കറുത്തവരായ ആയിരം പുരുഷന്മാരിൽ ഒരാൾ പോലീസിനാൽ കൊല്ലപ്പെടാനുള്ള സാധ്യത നില നില്ക്കുമ്പോൾ വെളുത്തവരായ പുരുഷന്മാരുടേതിനേക്കാൾ 2.5 ഇരട്ടി കൂടുതലാണിത്. (Andrew Gawthorpe - The Guardian 2nd June 2020)
ജീവിച്ചിരിക്കുന്ന അമേരിക്കക്കാരാരും ഇന്നത്തേതു പോലുള്ള ഒരു സാമ്പത്തിക തകർച്ചയുടെ അനുഭവം ഓർമ്മിക്കുന്നുണ്ടാവില്ല. അതിനിടയിലാണ് മാരകമായ ഒരു പകർച്ചാവ്യാധി രാജ്യത്തു പടർന്നു പിടിക്കുന്നത്. മരണസംഖ്യ അതിവേഗം ഉയരുമ്പോൾ ഈ മഹാമാരിയുടെ പിടിയിൽ നിന്നും തങ്ങളെ സംരക്ഷിക്കാർ നിലവിലുള്ള അധികാരഘടന അപ്രാപ്തമാണെന്ന് സാധാരണക്കാർ തിരിച്ചറിയുന്നു. ഇതിനോടുള്ള പ്രതിഷേധം കൂടിയാണ് അമേരിക്കൻ തെരുവുകളെ ശബ്ദമുഖരിതമാക്കുന്നത്.
മാലിന്യശേഖരണത്തിനുപയോഗിക്കുന് ന ഗാർബേജു ബിന്നുകളുടെ അകം പാളിയായി ഉപയോഗിക്കുന്ന നേർത്ത തുണിയും പഴകിയ മഴക്കോട്ടുകളും ഉപയോഗിച്ച് സ്വയം തയ്യാറാക്കുന്ന മാസ്ക്കുകൾ കൊണ്ട് മുഖം മറച്ച് കോവിഡ് രോഗികളെ പരിചരിക്കാൻ നിർബ്ബന്ധിതരാവുന്ന അമേരിക്കയിലെ നഴ്സുമാരെക്കുറിച്ച് അടുത്തയിടെ അരുന്ധതി റോയി ഒരു ലേഖനത്തിൽ എഴുതിയിരുന്നു. ഈ ദുരിതങ്ങളൊക്കെ അമേരിക്കയിലെ ദരിദ്രരെയെല്ലാം ബാധിക്കുന്നതാണെങ്കിലും കറുത്ത വംശക്കാരിൽ എത്തുമ്പോൾ അനുപാതങ്ങളെ മറി കടന്ന് അതു പെരുകുന്നു. വംശീയ മർദ്ദനവും അതു സൃഷ്ടിക്കുന്ന വിഭജനങ്ങളും അസമത്വങ്ങളും മുഴച്ചു നിൽക്കുന്നു. കൊറോണ വൈറസു ബാധിച്ചു മരിക്കുന്ന അമേരിക്കക്കാരിൽ കറുത്തവരുടെ എണ്ണം വെളുത്തവരുടേതിനേക്കാൾ മൂന്നു മടങ്ങാണെന്ന് 'ദി ഗാർഡിയൻ' ചൂണ്ടിക്കാട്ടുന്നു. വംശീയമായ വിവേചനങ്ങൾക്കും മർദ്ദനങ്ങൾക്കുമൊപ്പം വർഗ്ഗപരമായ ചൂഷണത്തിനു കൂടി ഇരയാക്കപ്പെട്ട മനുഷ്യരുടെ പ്രതിഷേധമാണ് ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് മിന്നസോട്ടയിലെ തെരുവുകളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടത്.
അമേരിക്കയുടെ സമകാലീന ചരിത്രത്തിലെ അപൂർവ്വ സംഭവമായിരുന്നില്ല ഫ്ലോയിഡിന്റെ കൊലപാതകം. അടിമത്തത്തിനെതിരായ പ്രതിഷേധങ്ങൾ ഉടലെടുത്ത കാലത്തു തന്നെ രൂപം കൊണ്ട കു ക്ലക്സ് ക്ലാൻ (Ku KIux KIan - KKK) പോലുള്ള വംശീയ ഭീകര പ്രസ്ഥാനങ്ങൾ ദുർബ്ബലമാണെങ്കിലും ഹിംസാത്മകത നഷ്ടപ്പെടുത്താതെ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ആഫ്രിക്കൻ - അമേരിക്കക്കാർക്കും കുടിയേറ്റക്കാർക്കും കത്തോലിക്കർക്കുമെതിരെ ഭയം വിതച്ചുകൊണ്ടും കറുത്തവരുടെ സ്ക്കൂളുകൾ തകർത്തു കൊണ്ടും പ്രവർത്തിച്ചു പോന്നിരുന്ന കെ കെ കെ ക്ക് ഇപ്പോഴും അമേരിക്കൻ വംശീയവാദികൾക്കിടയിൽ അനുയായികളുണ്ട്. 2014 നു ശേഷമുള്ള ആറു വർഷക്കാലത്തിനിടക്ക് ചുരുങ്ങിയത് 100 ആഫ്രിക്കൻ അമേരിക്കൻ വംശജരെങ്കിലും പോലീസിന്റെ പീഡനമോ വെടിയോ ഏറ്റു മരിച്ചിട്ടുണ്ടെന്നാണ് കറുത്തവരുടെ സംഘടനകളും പ്രസ്ഥാനങ്ങളും പറയുന്നത്. അങ്ങനെ കൊല്ലപ്പെട്ട ട്രയോൺ മാർട്ടിൻ, മൈക്കേൽ ബ്രൌൺ, സാന്ദ്ര ബ്ലാന്റ്, എറിക് ഗാർണർ തുടങ്ങി പലരുടേയും മരണം വലിയ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴി വച്ചിട്ടുമുണ്ട്. കറുത്ത വംശക്കാരനും തൊഴിലാളിയുമായ റോഡ്നി കിങ്ങിനെ അതികഠിനമായി പീഡിപ്പിച്ച വെള്ളക്കാരായ നാലു പോലീസ് ഉദ്യോഗസ്ഥരേയും വെറുതെ വിട്ട 1992 ലെ കോടതി വിധിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ലോസ് ഏഞ്ജലസ് കലാപം ആറു ദിവസമാണ് നീണ്ടുനിന്നത്. 63 പേർ കൊല്ലപ്പെടുകയും 2383 പേർക്ക് പരിക്കു പറ്റുകയും ചെയ്ത ആ കലാപത്തെ അടിച്ചമർത്താൻ അമേരിക്കൻ കരസേനയും നാവിക സേനയും രംഗത്തു വരേണ്ടി വന്നു. അതിക്രൂരവും കഠിനവുമായ വിധത്തിൽ പീഡിപ്പിച്ച ശേഷം ലോസ് ഏഞ്ജലസ് പോലീസ് കസ്റ്റഡിയിലെടുത്ത റോഡ്നി കിങ് പോലീസിനെതിരെ കൊടുത്ത കേസാണ് തെളിവില്ലെന്നു പറഞ്ഞ് കോടതി തള്ളിക്കളഞ്ഞത്. കിങ്ങിനെ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വിശദമായ വീഡിയോ ദൃശ്യങ്ങൾ ലോകമാസകലം പ്രചരിക്കുകയും അതൊരു തെളിവായി കോടതിയിൽ ഹാജരാക്കപ്പെടുകയും ചെയ്തതിനു ശേഷമായിരുന്നു ആ വിധി. അകാരണമായി പീഡിപ്പിക്കപ്പെടുന്ന കറുത്തവനെതിരെ അക്രമിയായ വെളുത്ത പോലീസുമായി കൈകോർക്കുന്ന കോടതി വംശീയപക്ഷപാതിത്വമാണു കാട്ടുന്നത് എന്നതായിരുന്നു കലാപത്തിനു തിരി കൊള്ളുത്തിയത്. ഏതായാലും കലാപത്തിനു ശേഷം 1993 ൽ മേൽക്കോടതി കേസു പുന:പരിശോധിക്കുകയും രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും അടിച്ചേല്പിച്ച ദുരിതങ്ങൾക്കു പുറമെ ജനജീവിതത്തെപ്പറ്റി തെല്ലും ഉത്ക്കണ്ഠപ്പെടാത്ത ഭരണകൂടത്തോടുള്ള രോഷവും വംശീയവാദികളായ പോലീസ് നടത്തിയ അരും കൊലക്കെതിരായ പ്രതിഷേധവും ഒത്തുചേർന്നപ്പോളാണ് മിന്നസോട്ടയിൽ നിന്നാരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെമ്പാടും വ്യാപിച്ചത്. അമേരിക്കക്ക് പുറത്ത് യൂറോപ്യൻ രാജ്യ തലസ്ഥാനങ്ങളിലും ഇതര ലോക നഗരങ്ങളിലും ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനും ട്രംപ് ഭരണകൂടത്തിന്റെ തിന്മകൾക്കുമെതിരെ വമ്പിച്ച പ്രതിഷേധങ്ങൾ ഉണ്ടായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലനിന്നിരുന്ന നിയന്ത്രണങ്ങളെയൊക്കെ തള്ളിക്കളഞ്ഞു കൊണ്ടാണ് ലോകം അനീതിയെ ചോദ്യം ചെയ്യാനിറങ്ങിയത്. അമേരിക്കൻ അധികാര വ്യവസ്ഥയോട് അടുപ്പം പുലർത്തുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണും കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ജർമ്മൻ ചാൻസലർ ഏഞ്ജലാ മെർക്കലും അമേരിക്കയെ വിമർശിക്കാൻ മടി കാട്ടാത്ത ചൈനീസ് നേതാക്കളും വെനസ്വേല ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ നേതാക്കളുമൊക്കെ അമേരിക്കൻ വ്യവസ്ഥയ്ക്കത്തെ വംശീയ സ്വാധീനത്തേയും മനുഷ്യാവകാശ നിഷേധത്തേയും എടുത്തു പറഞ്ഞു കൊണ്ടു തന്നെ അഭിപ്രായപ്രകടനങ്ങൾ നടത്തുകയുണ്ടായി. അപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മോദിയെപ്പോലുള്ളവർ ട്രംപിന്റെ രാഷ്ട്രീയത്തെ മൗനം കൊണ്ട് പിന്തുണക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയായാലും മഹാമാരി സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിസന്ധിയായാലും അതിന്റെയൊക്കെ ദുരിതഭാരങ്ങൾ സാധാരണ ജനങ്ങളുടെ ചുമലിൽ കെട്ടിവക്കുന്ന അതേ രീതിയാണ് എല്ലാ ജനവിരുദ്ധ ഭരണകൂടങ്ങളേയും പോലെ അമേരിക്കയിലെ സാമ്രാജ്യത്വ ഭരണകൂടവും അവലംബിച്ചത്. അതിനെതിരായി അമേരിക്കൻ ജനതയുടെ ഭാഗത്തു നിന്നും അനിവാര്യമായും ഉയർന്നു വരേണ്ട പ്രതിഷേധമാണ് ഒരു വംശീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന് ഊറ്റം കൊള്ളുമ്പോഴും സ്വന്തം ജനതയെ വംശീയ വിവേചനത്തിന്റെ പ്രാകൃത നീതിക്കു വിധേയമാക്കി നിർത്തുന്ന മൂലധന വാഴ്ച ലോകത്തിന്റെ ശാപമാണെന്ന് അമേരിക്കയിൽ അലയടിക്കുന്ന വംശീയ വിരുദ്ധ ജനാധിപത്യ പ്രക്ഷോഭങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.