കോവിഡ്- 19 വെളിപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ ആത്മഹത്യാ പ്രവണതയെ : നോം ചോംസ്കി
ലോകത്തെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാണ് യു.എസ്. എന്നറിയപ്പെടുന്ന അമേരിക്കൻ ഐക്യനാടുകൾ. എങ്കിലും നോവൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിൽ അവർ പരാജയപ്പെട്ടു. അത് അവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ തോൽവിയാണോ? അതോ, അതൊരു വ്യവസ്ഥയുടെ പരാജയമാണോ? കോവിഡ്- 19 സൃഷ്ടിച്ച പ്രതിസന്ധി അതി രൂക്ഷമായിരുന്നിട്ടു പോലും മാർച്ചു മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപിന്തുണ യഥാർത്ഥത്തിൽ കൂടുകയായിരുന്നു . വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇത് വലിയ സ്വാധീനം ഉണ്ടാക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഉത്തരം : ഈ മഹാമാരിയുടെ അടിവേരുകൾ എന്താണെന്ന് ഒന്നു മാറി നിന്നു നോക്കുന്നതു നന്നായിരിക്കും. അത് പൂർണ്ണമായും അപ്രതീക്ഷിതമാണെന്നു പറയാനാവില്ല. 2003 ലെ സാർസ് (SARS) പകർച്ചാവ്യാധിക്കു ശേഷം മറ്റൊരു മഹാമാരിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും മിക്കവാറും സാർസ് കൊറോണ വൈറസിന്റെ മറ്റൊരു ഇനത്തിൽ വരുന്ന വൈറസുകളാവാം അതിനു കാരണമാവുക എന്നും ശാസ്ത്രജ്ഞർ കണക്കു കൂട്ടിയിരുന്നു. പക്ഷേ, അങ്ങനെ ഒരു അറിവു മാത്രം പോരല്ലോ. അതു സംബന്ധിച്ച് ആരെങ്കിലും എന്തെങ്കിലും പ്രവർത്തിക്കുക കൂടി വേണമല്ലോ. മരുന്നു കമ്പനികൾക്ക് ഈ കാര്യത്തിൽ താല്പര്യമില്ല. അവർ കാത്തിരിക്കുന്നത് വിപണിയിൽ നിന്നുള്ള സൂചനകളേയും മറ്റെവിടേയോ കിടക്കുന്ന ലാഭത്തേയുമാണ്. സർക്കാരുകൾക്ക് ഈ പ്രശ്നം ഏറ്റെടുക്കാം, പക്ഷേ നവ ഉദാരീകരണത്തിന്റെ താല്പര്യങ്ങളും പ്രമാണങ്ങളും അതിനെ തടയുകയാണ്.
രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനു മുള്ള സർക്കാർ കേന്ദ്രങ്ങൾക്ക് (Centres for Disease Control) പ്രവർത്തിക്കാനാവശ്യമായ ഫണ്ടിൽ തുടർച്ചയായി വെട്ടിക്കുറവു വരുത്തിക്കൊണ്ട് ട്രംപ് കാര്യങ്ങളെ കൂടുതൽ വഷളാക്കി. രോഗങ്ങളെ സംബന്ധിച്ച് മുൻകൂട്ടി വിവരം നൽകാൻ ശേഷിയുണ്ടായിരുന്ന സംവിധാനങ്ങൾ ഇങ്ങനെ ദുർബ്ബലമാക്കപ്പെട്ടു. അങ്ങനെ രോഗബാധയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ അമേരിക്കക്ക് ഇല്ലാതെ പോയി. അസുഖത്തിനു കാരണമായ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞർ പെട്ടെന്നു തന്നെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിരുന്നു. അവയുടെ ജനിതക ഘടനയും അവർ രേഖപ്പെടുത്തി. 2020 ജനുവരി 10-ാം തിയതിയോടെ പ്രസക്തമായ എല്ലാ കാര്യങ്ങും പരസ്യമാക്കപ്പെട്ടിരുന്നു.
ഒട്ടേറെ രാജ്യങ്ങൾ ഉടൻ തന്നെ ഈ കാര്യങ്ങളോടു പ്രതികരിച്ചു. അതിൽ വലിയൊരു പങ്കു രാജ്യങ്ങൾക്കും പ്രശ്നങ്ങളെ നിയന്ത്രിച്ചു നിർത്താനായി. യു.എസ് രഹസ്യാന്വേഷണ വിഭാഗവും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ചിട്ടയായി നൽകിപ്പോന്ന ഉത്തരവുകളെ ട്രംപ് നിരന്തരം അവഗണിച്ചു. അതൊരു വെറും പനി (flu) മാത്രമാണെന്നും അതു പൊയ്ക്കൊള്ളും എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. അവസാനം, മാർച്ചു മാസത്തിൽ അദ്ദേഹം അതു ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാകട്ടെ, വളരെ വൈകിപ്പോയിരുന്നു. പതിനായിരക്കണക്കിനു അമേരിക്കക്കാർ മരിച്ചു കഴിഞ്ഞിരുന്നു, മഹാമാരി എല്ലാ നിയന്ത്രണങ്ങൾക്കും അപ്പുറത്ത് എത്തിയിരുന്നു.
അതായത്, അമേരിക്കക്ക് മൂന്നു പ്രഹരങ്ങൾ ഒരുമിച്ച് ഏൽക്കേണ്ടി വന്നു. മുതലാളിത്ത യുക്തിയും മുതലാളിത്തത്തിന്റെ കിരാത രൂപമായ നവ ഉദാരീകരണവും ജനങ്ങളെ സംബന്ധിച്ച് യാതൊരു തരം ഉത്ക്കണ്ഠയും കരുതലുമില്ലാത്ത ഒരു സർക്കാരും ഏൽപ്പിച്ച പ്രഹരങ്ങളായിരുന്നു അവ.
ഒരു പ്രസിഡന്റ് ഒരു നിലപാടെടുക്കുമ്പോൾ, ആ അംഗീകാരത്തിൽ നിന്നും കൈവരുന്ന ഒരു നേട്ടമുണ്ട്. എന്നാൽ, ട്രംപിന്റെ കാര്യത്തിൽ ആ നേട്ടം അതിവേഗം അപ്രത്യക്ഷമാകുന്നു. അദ്ദേഹത്തിന്റെ കഴിവുകേടും കുറ്റവാസനയും രണ്ടാമതൊരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെ ദുർബ്ബലപ്പെടുത്തിയേക്കും. എങ്കിലും നവംബറിനു മുമ്പ് പലതും സംഭവിച്ചേക്കാം.
ഈ മഹാമാരിയെ നിരീക്ഷിക്കാനും അതിനോടു പൊരുതാനും ഡിജിറ്റൽ സാങ്കേതിക വിദ്യയും ഭരണകൂട നിയന്ത്രണവും നിരവധി രാജ്യങ്ങളെ സഹായിക്കുന്നുണ്ട്.എന്നാൽ ഇത് അമിതാധികാരശക്തികളുടെ നിയന്ത്രണവും ഭരണകൂടത്തിന്റെ കാവലും വർദ്ധിപ്പിക്കുമെന്ന ഉത്ക്കണ്ഠ പല വിദഗ്ദ്ധരും പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. താങ്കൾ അതിനോടു യോജിക്കുന്നുണ്ടോ?
പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യുന്ന ശക്തികളുണ്ട്. ബിസിനസ്സ് ലോകവും അതിനോട് കൈ കോർക്കുന്ന പിന്തിരിപ്പൻ ഭരണകൂട വാദികളും (മുമ്പു വന്നിട്ടുള്ള) ചില കാര്യങ്ങളെ കൂടുതൽ അമിതാധികാര നിയന്ത്രണങ്ങളോടെ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. ജനകീയ ശക്തികൾ ആഗ്രഹിക്കുന്നത് കൂടുതൽ നീതിപൂർവ്വവും സ്വതന്ത്രവുമായ ഒരു ലോകം ഉണ്ടാവണം എന്നാണ്. (അന്തിമമായി) സംഭവിക്കാൻ പോകുന്നത് എന്തായിരുന്നാലും അത് ഈ ശക്തികളുടെ പരസ്പര പ്രവർത്തനങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുക.
*ചോദ്യം* : _വർത്തമാന സന്ദർഭത്തിൽ ദരിദ്ര ജനങ്ങൾ നേരിടുന്ന ദുരിതാവസ്ഥയെ ലഘൂകരിക്കാൻ_ _എന്തൊക്കെ സാമ്പത്തിക നടപടികളാണ് ആവശ്യമായിട്ടുള്ളത്? ഒരു പുതിയ സോഷ്യൽ ഡെമോക്രാറ്റിക് സമീപനത്തിനോ, കുറേക്കൂടി ചെലവു_ _ചുരുക്കുന്നതും സമ്പന്നരെ കരകയറ്റുന്നതു (bail out) മായ സർക്കാർ നടപടികൾക്കോ;_ _ഏതിനാണ് താങ്കൾ കൂടുതൽ സാധ്യത കാണുന്നത്?_
*ഉത്തരം* : ഏതു തരത്തിലുള്ള സാമ്പത്തിക നടപടികളാണ് ആവശ്യം എന്നു നമുക്കറിയാം. എങ്കിലും ഇന്നത്തെ പ്രതിസന്ധിയിൽ നിന്നും എന്താണ് ഉയർന്നു വരാൻ പോകുന്നതെന്നു നമുക്കറിയില്ല. കഴിഞ്ഞ 40 വർഷമായി തുടരുന്ന നവ ഉദാരീകരണമെന്ന (neoliberalism) കിരാത മുതലാളിത്തത്തിന്റെ ഗുണഭോക്താക്കൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നത്, തങ്ങളുടെ സ്വന്തം ആദായത്തിനു വേണ്ടി അവർ നിർമ്മിച്ച അതേ വ്യവസ്ഥയുടെ കുറേക്കൂടി പരുഷമായ മറ്റൊരു പതിപ്പാണ് ഉയർന്നു വരുന്നതെന്ന് ഉറപ്പാക്കാനാണ്. ഇന്ന് ലോകം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയുടേയും മറ്റു പലതിന്റെയും മുഖ്യ ഉത്തരവാദിത്തം അവർക്കു കൂടിയാണ്. അവരെ ചെറുക്കാൻ കരുത്തുറ്റ എതിർ ശക്തികളില്ലെങ്കിൽ അവരാവും വിജയിക്കുക. പക്ഷേ, അങ്ങനെ മുൻകൂറായി വിധി പറയാനൊന്നും പറ്റില്ല.
തികച്ചും വ്യത്യസ്തവും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു ലോകം സൃഷ്ടിക്കാൻ ശേഷിയുള്ള ജനകീയ ശക്തികൾ രൂപമെടുക്കുന്നുണ്ട്. സാർവ്വദേശീയ തലത്തിലും അതു സംഭവിക്കുന്നുണ്ട്. അമേരിക്കയിലെ ബേണി സാന്റേഴ്സിന്റേയും (Bernie Sanders - അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നയാൾ) യൂറോപ്പിലെ യാനിസ് വരൗഫാക്കിസിന്റേയും (Yanis Varoufakis - ഗ്രീസിലെ 'സിരിസ' മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം) മുൻകൈയിൽ രൂപം കൊണ്ട സാർവ്വദേശീയ പുരോഗമന (Progressive International) പ്രസ്ഥാനം ഇതാണു കാണിക്കുന്നത്. ഇപ്പോൾ ആഗോള ദക്ഷിണം (Global South - 'മൂന്നാം ലോകം' - Third world - എന്ന പഴയ വാക്കു ,കൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്ന രാജ്യങ്ങൾ) എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഈ പ്രതിസന്ധി അതീവ ഗുരുതരമായിരിക്കുമ്പോൾ തന്നെ, കൂടുതൽ മോശപ്പെട്ട ഒന്ന് വന്നുകൊണ്ടിരിക്കുകയാണ്. വലിയ വില കൊടുത്തുകൊണ്ടാണെങ്കിൽ പോലും ഈ മഹാമാരിയിൽ നിന്നും വിടുതൽ നേടാൻ കഴിയും. എന്നാൽ ധ്രുവ പ്രദേശങ്ങളിലെ മഞ്ഞു പാളികളും ഹിമാലയത്തിലെ ഹിമാനികളും ഉരുകിയൊലിക്കുന്ന, രൂക്ഷമായ മറ്റു പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ആഗോളതാപനത്തിൽ നിന്നും വിടുതൽ ഇല്ല തന്നെ. ലോകം അതിന്റെ ഇന്നത്തെ രീതികൾ തന്നെ പിന്തുടരുകയാണെങ്കിൽ, അനതിവിദൂര ഭാവിയിൽ തന്നെ ദക്ഷിണേഷ്യയുടെ ഗണ്യമായൊരു ഭാഗം മനുഷ്യവാസ യോഗ്യമല്ലാതായിത്തീരും. ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ കണക്കു കൂട്ടുന്നത്, ഇപ്പോഴത്തെ രീതികൾ തുടർന്നു പോകുന്ന പക്ഷം 50 വർഷം കൊണ്ട് ലോകം ആ സ്ഥിതിയിൽ എത്തും.
ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മുതലാളിത്ത യുക്തി വന്യജീവിതങ്ങളുടെ പരിസ്ഥിതിക വ്യവസ്ഥയെ കടന്നാക്രമിക്കുന്നതിനെ പറ്റി റോബ് വാലസിനെ (Rob Wallace) പോലുള്ള സാംക്രമിക രോഗവിദഗ്ദ്ധർ (epidemiologist) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യനും വന്യജീവിതവും തമ്മിലുള്ള സംഘർഷം കൂടി വരുന്നതായും വൈറസുകൾ മനുഷ്യരിലേക്ക് സംക്രമിക്കാൻ ഇത് അവസരമൊരുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് മുതലാളിത്തത്തിന്റെ പ്രതിസന്ധി ഒരു ആരോഗ്യ പ്രതിസന്ധിയുടെ രൂപത്തിൽ വെളിപ്പെട്ടിരിക്കുകയാണ്; സാധാരണ സ്ഥിതിയിലേക്ക് (normal) തിരിച്ചുപോകാൻ മനുഷ്യർക്കാവുന്നില്ല. താങ്കൾ ഇതേപ്പറ്റി എങ്ങനെ ചിന്തിക്കുന്നു?
അദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ആവാസ മേഖലകൾ നശിപ്പിച്ചതും വിനാശകരമായ ഭൂവിനിയോഗവും അത്തരം വൈറസ് വ്യാപനത്തിന്റെ ഭീഷണി വർദ്ധിപ്പിച്ചിട്ടുണ്ട്. (പുതിയ കൊറോണ വൈറസിന്റെ കാര്യത്തിലും) ഇതു തന്നെയാണു സംഭവിച്ചതെന്ന് വ്യക്തമായി കാണാനാവും. കടിഞ്ഞാണില്ലാതെ പായുന്ന മുതലാളിത്തത്തിന്റെ ആത്മഹത്യാ പ്രവണതകൾ ഈ ആരോഗ്യ പ്രതിസന്ധി പല തരത്തിൽ വെളിപ്പെടുത്തുന്നുണ്ട്.2003 ലെ സാർസ് പകർച്ചാവ്യാധി വന്നതിന്റെ പുറകെ, കൊറോണ വൈറസു മൂലമുള്ള മറ്റൊരു പകർച്ചാവ്യാധി കൂടി വരാനിടയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു തന്നിരുന്നു. അതിനെ നേരിടാനുള്ള തയ്യാറെടുപ്പുണ്ടാകണമെന്നും അവർ പറഞ്ഞിരുന്നു. ആരാണതു ചെയ്യേണ്ടിയിരുന്നത്?
അതിസമ്പന്നരായ വൻകിട മരുന്നു കമ്പനികൾക്ക് അതിനുള്ള വിഭവശേഷി ഉണ്ടായിരുന്നു. എന്നാൽ അവരെ തടഞ്ഞു നിർത്തിയത് സാധാരണ മുതലാളിത്ത യുക്തിയായിരുന്നു. അതു ലാഭകരമല്ല. സർക്കാരിന് മുന്നോട്ടു വരികയും ആ ചുമതല ഏറ്റെടുക്കുകയും ചെയ്യാമായിരുന്നു. അതിനു തടസ്സമായത് നവ ഉദാരീകരണത്തിന്റെ മഹാവ്യാധിയായിരുന്നു. നിയോലിബറൽ പ്ലേഗ്. സ്വകാര്യ സ്വത്തിന്റെ കരുത്തിനാൽ നിയന്ത്രിക്കപ്പെടുന്ന ലോകത്ത്, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു പോലെ, സമ്പന്നരും കോർപ്പറേറ്റ് മേഖലയും സ്വയം സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽ നിന്നും അവരെ മോചിപ്പിക്കാൻ വേണ്ടിയല്ലാതെ, മറ്റൊന്നിനും സർക്കാരുകൾ ഇടപെടാൻ പാടില്ലെന്നാണ് നവ ഉദാരീകരണ ശക്തികൾ ആവശ്യപ്പെടുന്നത്.
വരാനിരിക്കുന്ന മറ്റൊരു മഹാമാരിയെക്കുറിച്ചും പ്രവചനങ്ങളുണ്ട്. ഇപ്പോഴത്തേതിനേക്കാൾ ഗുരുതരമായിരിക്കുമത്രേ അത്. ആഗോള താപനം കൂടിയെത്തുമ്പോൾ അതു കൂടുതൽ രൂക്ഷമാവും. എന്തൊക്കെ തയാറെടുപ്പു കളാണു വേണ്ടതെന്നു ശാസ്ത്രജ്ഞർക്ക് അറിയാം. എങ്കിലും പ്രവർത്തിക്കാൻ ചിലർ ഉണ്ടായേ പറ്റൂ. നമ്മുടെ കൺമുന്നിലുള്ള പാഠങ്ങൾ പഠിക്കേണ്ടതില്ലെന്നു നാം തന്നെ തീരുമാനിച്ചാൽ പ്രത്യാഘാതങ്ങൾ വളരെ രൂക്ഷമായിരിക്കും.
വൻകിട മരുന്നു കമ്പനികളോ, സർക്കാരുകളോ മാത്രമേ നമുക്കു തെരഞ്ഞെടുക്കാനുള്ളു എന്നു നാം കരുതേണ്ടതില്ല. പൊതു സമൂഹത്തിൽ നിന്നും വമ്പിച്ച ഇളവുകൾ കൈപ്പറ്റുന്ന ഇത്തരം വൻകിട മരുന്നു കമ്പനികൾ ആവശ്യമുണ്ടോ എന്ന ചോദ്യം പോലും പ്രസക്തവും ന്യായയുക്തവുമാണ്. എന്തുകൊണ്ട് അവയെ സാമൂഹ്യവത്ക്കരിച്ചുകൂടാ? കേന്ദ്രീകൃത സമ്പത്തിന്റേയും സ്വകാര്യ അധികാരത്തിന്റേയും താല്പര്യങ്ങൾ നിറവേറ്റുന്നതിനു പകരം മനുഷ്യ സമൂഹത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി സ്വയം സമർപ്പിക്കുന്ന, തൊഴിലാളികളുടേയും സമൂഹത്തിന്റേയും നിയന്ത്രണത്തിൻ കീഴിലുള്ള ഒന്നായി എന്തുകൊണ്ട് അതിനെ മാറ്റിക്കൂടാ?
വൈറസിനെതിരായ പോരാട്ടം കൂടുതൽ നന്നായി നടത്താൻ രാഷ്ട്രങ്ങൾക്കിടയിൽ ഐക്യമുണ്ടാവണം. പക്ഷേ, വംശീയവും അന്യദേശവിരുദ്ധവുമായ കുറ്റപ്പെടുത്തലുകളും പഴിചാരലുമാണ് നാം കാണുന്നത്. ചൈനയെ ഭീഷണിപ്പെടുത്തുന്നു, ലോകാരോഗ്യ സംഘടനക്ക് (WHO) നൽകേണ്ട പണം കൊടുക്കാതിരിക്കുന്നു, ഇറാനും വെനസ്വേലക്കുമെതിരെ കൂടുതൽ കഠിനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു, വൈദ്യശാസ്ത്ര ഉപകരണങ്ങൾക്കു വേണ്ടി മത്സരിക്കുന്നു തുടങ്ങി പലതും. പാട്രിക് കോക്ക്ബേൺ (Patrick Cockburn - എഴുത്തുകാരനും പത്രപ്രവർത്തകനും) പറയുന്നത് ഇത് അമേരിക്കൻ മേധാവിത്തത്തിന്റെ പതനമാണെന്നാണ്. താങ്കൾ യോജിക്കുന്നുണ്ടോ?
ഇതിൽ ഏറെയും ട്രംപ് ഭരണത്തിന്റേയും അസാധാരണമായ വിധം ദുർവൃത്തമായ അവരുടെ സാമ്രാജ്യത്വ സ്വരൂപത്തിന്റേയും വൃത്തിഹീനമായ മുഖമാണ്. അതിൽ കൂടുതലായ ചിലതുണ്ട്; അത് സ്വയം വെളിപ്പെടുത്തുന്നതുമാണ്. യൂറോപ്യൻ യൂണിയന്റെ കാര്യമെടുക്കുക. ശ്രദ്ധിക്കണം, അതൊരു _യൂണിയനാണ്_. അതിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യം ജർമ്മനിയാണ്. അവർ സാമാന്യേന നല്ല നിലയിലാണ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നത്. അവരുടെ തെക്കു ഭാഗത്ത് വളരെയൊന്നും അകലെയല്ലാത്ത ഒരിടത്താണ് ഈ മഹാമാരിയുടെ ഏറ്റവും കടുത്ത ദുരിതങ്ങൾ നേരിടുന്ന ഒരു രാജ്യമുള്ളത്; ഇറ്റലി. ജർമ്മനി ഇറ്റലിക്ക് എന്തെങ്കിലും വൈദ്യശാസ്ത്ര സേവനങ്ങൾ നൽകുന്നുണ്ടോ? ഇതു വരേയും അത്തരം റിപ്പോർട്ടുകളില്ല. ഭാഗ്യവശാൽ ഇറ്റലിക്ക് ചൈനയിൽ നിന്നും ഗണ്യമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്. യഥാർത്ഥ സാർവ്വദേശീയതയുടെ ഉദാഹരണമാണിത്. തീർച്ചയായും ഇത് ആദ്യത്തെ ഉദാഹരണമല്ല. അനിവാര്യമായ സാർവ്വദേശീയതയുടേയും നമ്മെയെല്ലാം വിനാശത്തിലേക്കു നയിച്ചേക്കാവുന്ന സ്വാർത്ഥതയുടേയും ഇത്തരം ഉദാഹരണങ്ങൾ സാഹചര്യങ്ങളുടെ സൃഷ്ടികളാണ്.
ട്രംപ് അമേരിക്കയോടു ചെയ്യുന്നത് ഗുരുതരമായ ദ്രോഹമാണെന്നതിൽ സംശയമില്ല. എങ്കിലും ഞാൻ സംശയിക്കുന്നത്, അമേരിക്കയുടെ മേധാവിത്തത്തിനു കാര്യമായ കോട്ടം വരുത്താൻ അദ്ദേഹത്തിനു പോലും കഴിഞ്ഞേക്കില്ല എന്നാണ്. അമേരിക്കൻ അധികാരം ഇപ്പോഴും എല്ലാറ്റിനും മുകളിൽ തന്നെയായി തുടരുന്നു. സൈനിക മേഖലയിൽ അവർ താരതമ്യങ്ങൾക്കപ്പുറത്താണ്. കർക്കശമായ വ്യവസ്ഥകളോടു കൂടിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ - തങ്ങളുടെ താല്പര്യങ്ങൾക്കെതിരായാൽ പോലും മൂന്നാം കക്ഷികളായ രാജ്യങ്ങൾ അനുസരിക്കാൻ നിർബ്ബന്ധിതരാവുന്ന തരം ഉപരോധങ്ങൾ - അടിച്ചേല്പിക്കാൻ കരുത്തുള്ള ഒരേയൊരു രാജ്യം അമേരിക്കയാണ്. അമേരിക്ക, ഇസ്രയേൽ - പാലസ്തീൻ വിഷയത്തിൽ തങ്ങളുടെ "നൂറ്റാണ്ടിന്റെ കരാർ'' (Deal of the Century - ഇസ്രയേൽ പാലസ്തീൻ പ്രശ്നം പരിഹരിക്കാനായി അമേരിക്ക മുന്നോട്ടു വച്ച നിർദ്ദേശങ്ങളാണിത്. 2020 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിദ്ധ്യത്തിൽ ഇതു പുറത്തിറക്കി. പാലസ്തീൻ നേതൃത്വവുമായി ഈ കാര്യത്തിൽ കൂടിയാലോചന പോലും നടത്തുകയുണ്ടായില്ല.) പുറത്തിറക്കുമ്പോൾ മറ്റു രാജ്യങ്ങൾ ആധാരമായി എടുക്കേണ്ട ചട്ടക്കൂടായി അതു സ്വീകരിക്കപ്പെടുന്നു. മറ്റേതെങ്കിലും രാജ്യമാണ് അതു ചെയ്തിരുന്നത് എങ്കിൽ, അവരോടുള്ള പ്രതികരണം തികഞ്ഞ പരിഹാസത്തിന്റേത് ആകുമായാരുന്നു. അത്തരം ഒരു രേഖ ആരെങ്കിലും പരിഗണിച്ചിരുന്നെങ്കിലും പ്രതികരണം ഇതു തന്നെ ആകുമായിരുന്നു. അമേരിക്കയിൽ ആസ്ഥാനമുറപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര കമ്പനികളാണ് ലോകത്തെ സമ്പത്തിന്റെ പകുതിയും നിയന്ത്രിക്കുന്നത്. എല്ലാ സാമ്പത്തിക ഗണങ്ങളിലും അവർ ഒന്നാം സ്ഥാനത്തോ ചിലപ്പോൾ രണ്ടാം സ്ഥാനത്തോ ആണ്.
അമേരിക്കയോടുള്ള മറ്റുള്ളവരുടെ അനിഷ്ടം അധികമധികമായിക്കൊണ്ടിരിക്കുന്നു ; അല്ലെങ്കിൽ കൂടുതൽ മോശമാകുന്നു. പക്ഷേ, അവർക്ക് അമേരിക്കയെ ഭയമാണ്. അത് ശരിയുമാണ്. ലോക രംഗത്ത് അവർക്ക് നേരിടാൻ ഗൗരവമുള്ള പ്രതിയോഗികളില്ല.