കോവിഡ് മഹാമാരിയും മോഡി ഭരണവും
by പി.സി. ഉണ്ണിച്ചെക്കൻ
ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്നുകൊണ്ടിരിക്കുക തന്നെയാണ്. ഇന്ത്യ അഞ്ചാം ലോക്ക് ഡൗണിന്റെ പ്രധാന ഭാഗം പിന്നിട്ടു കഴിഞ്ഞു. എന്നല്ല, ഒന്നാം അൺലോക്കിലേക്ക്, അതായത് ഷോപ്പിംഗ് മാളുകൾക്കും റെസ്റ്റോറൻറുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും രോഗം മൂലമുള്ള മരണങ്ങളോടൊപ്പം പട്ടിണിയും തൊഴിലില്ലായ്മയും കൂട്ട പലായനവും നിത്യ വാർത്തകളായി തുടരുകയാണ്. അടച്ചു പൂട്ടൽ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. രോഗപ്രതിരോധത്തിന് അടച്ചുപൂട്ടൽ അനിവാര്യമാണ്. പക്ഷേ, അതുകൊണ്ടു മാത്രം രോഗത്തെ തടയാനാവില്ല എന്ന് ലോകാരോഗ്യസംഘടന (WHO) നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.ഈ മഹാമാരിയെ തടയാൻ അവർ നൽകിയ നിർദ്ദേശങ്ങൾ നാം എത്രകണ്ട് പാലിച്ചു? രോഗവും മരണവും ക്രമാതീതമായി വർദ്ധിക്കുന്ന ഈ കാലയളവിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ തീർച്ചയായും ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ്.
മുന്നൊരുക്കമില്ലാത്ത അടച്ചു പൂട്ടൽ
വെറും നാലു മണിക്കൂർ സമയം നല്കിയാണ് പ്രധാനമന്ത്രി ഒന്നാമത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരു പാതിരാത്രിക്ക് നോട്ടു നിരോധനവും ജി എസ് ടി യും പ്രഖ്യാപിച്ചതു പോലെ മറ്റൊരു മിന്നൽ പ്രഖ്യാപനമാണ് ലോക്ക് ഡൗൺ കാര്യത്തിലും മോഡി നടത്തിയത്. ഒരു പ്രധാന ദൗത്യത്തിനു കരസേനയെ വിടുന്നതിനു പോലും നാലു മണിക്കൂറിലധികം നോട്ടീസ് നല്കും. മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എം ജി ദേവസഹായത്തിന്റെ വാക്കുകളാണിത്. അപ്പോഴാണ് നൂറ്റിമുപ്പത് കോടിയിൽപ്പരം ജനങ്ങളുടെ ജീവിതം അടച്ചുപൂട്ടാൻ വെറും നാലു മണിക്കൂർ നൽകിയത്. മാർച്ച് 24 ന് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ ആകെ കോവിഡ് രോഗികൾ 556 പേരും മരണം 10 ഉം ആയിരുന്നു. ഇത് എഴുതുമ്പോൾ (ജൂൺ 11 ) രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തോടടുക്കുകയാണ്. മരണം എണ്ണായിരത്തി അഞ്ഞൂറിനടുത്തെത്തി.
ലോക്ക് ഡൗണിന്റെ ഓരോ ഘട്ടത്തിലും രോഗികളുടെ എണ്ണവും മരണസംഖ്യയും വർദ്ധിക്കുകയാണ്.
മാർച്ച് 24- മുതൽ ഏപ്രിൽ 14 വരെ 10492 രോഗികൾ പുതിയതായി ഉണ്ടായി. മരണം 346 ഉം ആയി. ആകെ രോഗികളുടെ എണ്ണം 11056 ആയിരുന്ന സമയത്താണ് ഏപ്രിൽ 15 ന് രണ്ടാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. മെയ് 3 വരെയാണ് അന്ന് ലോക്ക് ഡൗൺ നീട്ടിയത്.
രോഗപ്രതിരോധത്തിന് കേന്ദ്ര സർക്കാർ എടുത്ത നടപടികൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നു വന്നത് . പകർച്ചവ്യാധി പ്രതിരോധ രംഗത്ത് ഒരു പരിചയവും ഇല്ലാത്തവരുടെ ഉപദേശം മാത്രം കേട്ടാണ് കേന്ദ്ര സർക്കാർ നടപടികൾ എടുക്കുന്നത് എന്നാണ് ആരോഗ്യരംഗത്തെ പ്രമുഖ സംഘടനകളുടേയും വ്യക്തികളുടേയും വിമർശനം.
ഇന്ത്യൻ പബ്ലിക്ക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമോളജിസ്റ്റ് എന്നീ സംഘടനകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് - 19 കർമ്മസമിതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നിയമിച്ച എപ്പിഡമോളജി ആന്റ് സർവയ്ലൻസ് റിസർച്ച് ഗ്രൂപ്പ് തലവനും ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ മുൻ പ്രഫസറായ ഡോ. സി. സി. എസ്. റെഡ്ഡിയും കത്തയച്ചവരുടെ കൂട്ടത്തിൽ ഉണ്ട്.
ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണ സംവിധാനങ്ങളൊന്നും സർക്കാർ ശരിയായ രീതിയിലല്ല നടപ്പാക്കിയതെന്നും ഈ നയമില്ലായ്മയുടെ ഫലമാണ് രോഗവ്യാപനത്തിന് കാരണമായതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിലെ സമയം ഉപയോഗിച്ച് ചികിത്സയും പരിശോധനയും നടത്താനുള്ള സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം പോലും കേന്ദ്ര സർക്കാർ അവഗണിച്ചു.
പാത്രം കൊട്ടലും വിളക്കണച്ച് മെഴുകുതിരി കത്തിക്കലും പുഷ്പ വൃഷ്ടിയുമൊക്കെ പ്രധാനമന്ത്രി പ്രചരിപ്പിച്ചപ്പോൾ ഗംഗാജലവും ഗോമൂത്രവും പഞ്ചഗവ്യവും പ്രചരിപ്പിക്കുന്ന തിരിക്കലായിരുന്നു അനുയായികൾ. തബ് ലീഗ് കോവിഡ് എന്നു നാമകരണം ചെയ്ത് മുസ്ലീം വിഭാഗങ്ങളിൽ പെട്ടവരാണ് രോഗം പടർത്തുന്നത് എന്ന വർഗ്ഗീയ കുപ്രചരണം അഴിച്ചുവിട്ടു. രോഗം പടരുമ്പോഴും പാർലമെന്റ് സമ്മേളനം തുടർന്നു. മദ്ധ്യപ്രദേശിലെ കോൺഗ്രസ്സ് മന്ത്രിസഭയെ അട്ടിമറിച്ച് ബി.ജെ.പി മുഖ്യമന്ത്രിയെ വാഴിക്കുന്ന തിരക്കിലായിരുന്നു സർക്കാരും ഭരിക്കുന്ന കക്ഷിയുടെ നേതാക്കളും.
കേന്ദ്ര പാക്കേജ് എന്ന തട്ടിപ്പ്
പ്രതിപക്ഷ പാർട്ടികളുടേയും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരുടേയും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് 1.76 ലക്ഷം കോടിയുടേയും പിന്നീട് 20 ലക്ഷം കോടിയുടെയും കേന്ദ്ര പാക്കേജുകൾ പ്രഖ്യാപിച്ച് മാധ്യമങ്ങളുടെ തലക്കെട്ട് നിറച്ചു.
ജി ഡി പി (GDP - Gross Domestic Product- മൊത്തം ആഭ്യന്തര ഉല്പാദനം) യുടെ പത്തു
ശതമാനം വരും ഈ പാക്കേജ് എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച 1.76 ലക്ഷം കോടിയും RBI ബാങ്കുകൾക്ക് നൽകിയ 8.02 ലക്ഷം കോടിയും ഈ 20 ലക്ഷം കോടിയുടെ പാക്കേജിൽ പെട്ടതായിരുന്നു.
കേന്ദ്ര ധനമന്ത്രിയുടെ ഒന്നാം ദിന പ്രഖ്യാപനത്തിൽ കേന്ദ്ര മുതൽ മുടക്ക് 25500 കോടിയാണ്. രണ്ടാം ദിനത്തിൽ 5000 കോടിയും മൂന്നാം ദിനത്തിൽ 30000 കോടി യും നാലാം ദിനത്തിൽ 5000 കോടിയും അഞ്ചാം ദിനത്തിൽ തൊഴിൽ ഉറപ്പിനായി നീക്കിവച്ച 40000 കോടിയും മാത്രമാണ് നേരിട്ടുള്ള മുതൽമുടക്ക്. ഈ കേന്ദ്ര പാക്കേജിൽ ആരോഗ്യമേഖലയ്ക്ക് വെറും 15000 കോടി രൂപ മാത്രമാണ് നീക്കി വച്ചത്. ജിഡിപിയുടെ ഒരു ശതമാനം പോലും ഈ ഘട്ടത്തിലും നീക്കിവച്ചില്ല എന്നതാണ് വസ്തുത.
കേന്ദ്ര പാക്കേജിൽ വായ്പകളാണ് ഭൂരിപക്ഷവും. കേന്ദ്ര പാക്കേജിനു മുമ്പ് റിസർവ്വ് ബാങ്ക് 8.02 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് നല്കിയിരുന്നു. 5.5 ശതമാനം പലിശക്കു ലഭിച്ച ഈ പണം വായ്പയായി ഗുണഭോക്താക്കൾക്കു നല്കാതെ മൂന്നര ശതമാനം പലിശയ്ക്ക് റിസർവ്വ് ബാങ്കിൽ തന്നെ (RBI) തിരിച്ചടക്കുകയാണ് ബാങ്കുകൾ ചെയ്തത്. ചെറുകിട സംരംഭകർക്ക് നാലു ലക്ഷം കോടിയും കാർഷിക മേഖലയ്ക്ക് 3 ലക്ഷം കോടിയും എല്ലാം എഖ്യാപിച്ചത് വായ്പയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.
കോവിഡിന്റെ മറവിൽ സമ്പൂർണ്ണ സ്വകാര്യവല്ക്കരണം
കോവിഡിന്റെ മറവിൽ പ്രഖ്യാപിച്ച കേന്ദ്ര പാക്കേജിൽ 80 ശതമാനവും അതുമായി ബന്ധമില്ലാത്തവയായിരുന്നു - മണ്ണും വിണ്ണും വരെ വില്‌പനയക്കു വയ്ക്കുന്ന നയപ്രഖ്യാപനമായിരുന്നു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. ഭൂമിക്കടിയിൽ കിടക്കുന്ന ധാതു-ഖനിജ സമ്പത്തു മുതൽ പ്രതിരോധവും ആണവമേഖലയും ISRO യും വരെ വില്പനയ്ക്ക് വച്ചു. ഡോ. ഹോമി ഭാഭ യും വിക്രം സാരാഭായിയും അടക്കമുള്ള ശാസ്ത്രജ്ഞർ ജീവൻ കൊടുത്ത് സ്വാശ്രയത്വത്തിൽ ഊന്നി പടുത്തുയുർത്തിയതാണ് ഇന്ത്യൻ ആണവ മേഖലയും ISRO യും പോലെയുള്ള സ്ഥാപനങ്ങൾ. ISRO നാളിതു വരെ വിക്ഷേപിച്ച 422 ഉപണങ്ങളിൽ 319 എണ്ണവും വിദേശികളുടേതാണ് എന്നറിയുമ്പോഴാണ് അതിന്റെ മഹത്വം അറിയുക.
പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം 49 ശതമാനത്തിൽ നിന്ന് 74 ശതമാനമാക്കിയാണ് ഉയർത്തിയത്. ഓർഡനൻസ് ഫാക്ടറി (ആയുധ നിർമ്മാണ ശാല) സ്വകാര്യവല്ക്കരണത്തിനെതിരെ ട്രേഡ് യൂണിയനുകൾ സമരം ചെയ്ത് സർക്കാർ നീക്കത്തെ തടഞ്ഞിരുന്നു. രാജ്യത്തെ 41 ആയുധ നിർമ്മാണ ഫാക്ടറികളുടെ ചുമതല രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറി ബോർഡിനാണ്. ഇതിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു 'രാജ്യരക്ഷ'യെ അപകടപ്പെടുത്തുന്ന നീക്കമാണിത്.
മിലിട്ടറി ഇൻറലിജൻസ് റിപ്പോർട്ടു പ്രകാരം, മരണപ്പെടുന്ന ഇന്ത്യൻ സൈനികരുടെ എണ്ണം കഴിഞ്ഞ 30 വർഷങ്ങളിലെ ഉയർന്ന നിരക്കാണ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രതിരോധ രഹസ്യ രേഖകൾ മോഷ്ടിക്കപ്പെട്ടത് മോഡി ഭരണകാലത്തു തന്നെയാണ്. ഈ സമയത്താണ് പ്രതിരോധ മേഖലയിലെ സ്വകാര്യവത്ക്കരണം 74 ശതമാനമായി വർദ്ധിപ്പിക്കുന്നത്. ഇത് രാജ്യസുരക്ഷ അപകടപ്പെടുത്തും.
മോഡിയുടെ 'സ്വയം പര്യാപ്തത' എന്ന മുദ്രാവാക്യം ജനവഞ്ചനയുടെ മറ്റൊരു മുഖം
.
സാമ്രാജ്യത്വ സേവയും കുത്തക മൂലധന പ്രീണനവും ജന്മമുദ്രയായി കൊണ്ടു നടക്കുന്ന ബി.ജെ.പിയ്ക്ക് എങ്ങനെയാണ് സ്വയം പര്യാപ്ത രാഷ്ട്രത്തിനായി പരിശ്രമിക്കാൻ ആവുക? ആർ.എസ്സ്.എസ്സിന്റെ രാഷ്ട്രീയ ശാഖയായ ബി.ജെ.പിയ്ക്ക് അതിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ കയ്യൊഴിയാതെ ഇത് സാധ്യമല്ല. ആസൂത്രണ കമ്മീഷൻ വരെ പിരിച്ചുവിട്ടവരാണ് 'സ്വയം പര്യാപ്ത'തയെ കുറിച്ച് പുലമ്പുന്നത്!
വാജ്പേയ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് RSS ന്റെ കീഴിലുള്ള 'സ്വദേശി ജാഗരൺ മഞ്ച് ' സ്വദേശി ഉല്പന്നങ്ങൾ ഉപയോഗിക്കുവാൻ ഒരു കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വാജ്പേയി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാൻ ഒരു മന്ത്രിയെ തന്നെ നിയമിച്ചു. സ്വദേശി മുദ്രാവാക്യം സാമ്രാജ്യത്വ മേലാളന്മാർക്ക് ആശങ്കയുണ്ടാക്കാതിരിക്കുവാൻ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിങ്ങിനെ അമേരിക്കയിലേക്ക് പറഞ്ഞു വിട്ടു.1998 ഏപ്രിൽ 14 ന് ന്യൂയോർക്കിലെ ഹാർവാർഡ് ക്ലബ്ബിൽ 350 അമേരിക്കൻ കുത്തകകളുടെ യോഗത്തിൽ വച്ച് സ്വദേശി എന്നുള്ളത് എന്താണ് എന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശി എന്നത് ഒരു മനോനിലയാണെന്നും അത് ആഗോളവല്ക്കരണത്തിന് അനുകൂലമാണെന്നും കുത്തക മൂലധനത്തിന് എതിരല്ലെന്നും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സ്വാശ്രയത്വ സമ്പദ് ഘടന കെട്ടിപ്പടുക്കണമെങ്കിൽ സാമ്രാജ്യത്വ വിരുദ്ധമായ ഒരു സമീപനം ഉണ്ടാകണം. ബി.ജെ.പിയ്ക്ക് ഇല്ലാത്തതും അതാണ്.
അട്ടിമറിക്കുന്ന തൊഴിൽ നിയമങ്ങൾ
അസാധാരണ സാഹചര്യത്തിൽ അസാധാരണമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നത്. പല സംസ്ഥാനങ്ങളിലും പ്രവൃത്തി സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറാക്കി വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. കോവിഡിന് മുമ്പ് ഇന്ത്യയിലെ തൊഴിലില്ലായ്മ, കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. കോവിഡിന് ശേഷം 14 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു.2017-18 പീരിയോഡിക്ക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ശരാശരി മാസ വരുമാനം 10,000 രൂപയിൽ താഴെയാണ്. വ്യക്തിഗത ശരാശരി മാസവരുമാനം വെറും 3300 രൂപ മാത്രമാണ്.
2019 -20 സാമ്പത്തിക സർവ്വേയിൽ വ്യവസായ വളർച്ചയ്ക്ക് തടസ്സമായി നില്ക്കുന്നത് നിലവിലുള്ള തൊഴിൽ നിയമങ്ങളാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.2014-ൽ മോഡി പ്രധാനമന്ത്രി ആയ ഉടനെ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മുതലാളിമാർക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ മാറ്റുകയും ഇതു മൂലം വ്യാവസായികമായി ആ സംസ്ഥാനങ്ങൾ മുന്നേറിയെന്നു പ്രചരണം കെട്ടഴിച്ചുവിടുകയും ചെയ്തിരുന്നു. കേരളം, ആസാം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ വ്യാവസായികമായി പിന്നിലായതിനു കാരണം തൊഴിൽ നിയമങ്ങളാണെന്ന് അവർ പ്രചരിപ്പിച്ചു. ഇവ വസ്തുതയ്ക്ക് നിരക്കാത്തതായിരുന്നു. കോവിഡിന്റെ മറവിൽ കുത്തക മൂലധന പ്രീണനത്തിനായാണ് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നത്.
വൈദ്യുതി നയം പൊളിച്ചെഴുതുന്നു
'വൈദ്യുതി നിയമം 2003 ഭേദഗതി 2020 ബിൽ' കേന്ദ്രം അവതരിപ്പിച്ചു കഴിഞ്ഞു. ജൂൺ 5 ന് മുമ്പ് അഭിപ്രായങ്ങൾ അറിയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.2003-ലെ നിയമത്തിൽ കുത്തക താല്പര്യത്തിന് എതിരായി ഉണ്ടായിരുന്ന വകുപ്പുകൾ പൂർണമായി ഒഴിവാക്കാനാണ് പുതിയ ഭേദഗതി. (2003 ലെ നിയമം തന്നെ ജനവിരുദ്ധമായ രൂപത്തിലാണ് ഭേദദഗതി ചെയ്തിരുന്നത്) വൈദ്യുത മേഖലയിൽ പൊതു താല്പര്യത്തിനു പകരം വാണിജ്യ താല്പര്യങ്ങൾക്ക് മുൻഗണന നൽകലാണ് ലക്ഷ്യം. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന വൈദ്യുത ബോർഡുകൾക്ക് ഇപ്പോഴുള്ള അധികാരങ്ങൾ പോലും നഷ്ടപ്പെടും. വൈദ്യുതി വകുപ്പ് നിലവിലുള്ള പെട്രോളിയം ഗ്യാസ് മന്ത്രാലയത്തിനു ,കീഴിലാവും. കേന്ദ്ര റെഗുലേറ്ററി കമ്മീഷനാണ് ലൈസൻസ് നൽകുക. സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ കേന്ദ്ര കമ്മീഷനു കീഴിലാകും. സംസ്ഥാനങ്ങളിൽ ആര് എവിടെ വൈദ്യുതി വിതരണം നടത്തണം എന്ന് കേന്ദ്ര റെഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുന്നത്. എല്ലാ സബ്സിഡികളും നിർത്തലാക്കും. തർക്കങ്ങൾ പരിഹരിക്കാനുള്ള അവസാന വാക്കായി ഇലക്ട്രിസിറ്റി കോൺട്രാക്ട് എൻഫോഴ്സ്മെന്റ് അതോറിറ്റി എന്നൊരു പുതിയ സ്ഥാപനം രൂപീകരിയ്ക്കും. കേരളത്തിൽ ആതുരാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കു വൈദ്യുതി സബ്സിഡിയുണ്ട്. ഇതെല്ലാം ഇല്ലാതാകും. സംസ്ഥാന ലിസ്റ്റിലും കൺകറൻറ് ലിസ്റ്റിലും ഉള്ള അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണ്.
വിറ്റു തുലയ്ക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ
പൊതുമേഖല സ്ഥാപനങ്ങളെ പൂർണ്ണമായി കൈയൊഴിയുന്ന സമീപനമാണ് മോഡി സർക്കാരിന് ഉള്ളത്. വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പൊതുമേഖല വിറ്റഴിക്കാനായി ഒരു മന്ത്രിപദം തന്നെ സൃഷ്ടിച്ചിരുന്നു. 1951 ൽ നെഹ്റു സർക്കാർ പൊതുമേഖലക്ക് അസ്ഥിവാരം ഇടുമ്പോൾ 29 കോടി ആസ്തിയുള്ള അഞ്ചു പൊതുമേഖല സ്ഥാപനങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇന്ന് നൂറുകണക്കിന് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട്. 1991 മുതൽ ആരംഭിച്ച പൊതുമേഖല വിൽപ്പന മോഡിയുടെ ഭരണത്തിൽ പൊതുമേഖലയെ തന്നെ ഇല്ലാതാക്കുന്നതിൽ എത്തിച്ചേർന്നിരിക്കുകയാണ്. ആകെ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്നാണ് കേന്ദ്രസർക്കാർ നിലപാട്.2018 ലെ സിഎജി റിപ്പോർട്ട് പ്രകാരം 142 കമ്പനി കോർപ്പറേഷനുകളിലായി കേന്ദ്ര നിക്ഷേപം 357064 കോടി രൂപയാണ്. ഇതിൽ ലിസ്റ്റ് ചെയ്യപ്പെട്ട 42 കമ്പനികളിലെ സർക്കാർ ഓഹരികളുടെ വിപണിമൂല്യം 1363194 കോടി രൂപയാണ്. 2019 ലെ സിഎജി റിപ്പോർട്ട് പ്രകാരം 31635 കോടി രൂപയാണ് പൊതുമേഖലയുടെ നഷ്ടം. ഇതിൽ 84 ശതമാനവും ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ എന്നിവയുടേതാണ്. ഈ നഷ്ടത്തിന് കാരണം കേന്ദ്ര സർക്കാരാണ്. ഈ കാലയളവിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 71916 കോടി രൂപ ലാഭവിഹിതം ആയി കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്. രാഷ്ട്രത്തെ പടുത്തുയർത്താനുള്ള ഈ പൊതു സമ്പത്താണ് കുത്തകകൾക്ക് കൈമാറുന്നത്.
വിലക്കയറ്റം സൃഷ്ടിക്കുന്ന വികല നയങ്ങൾ
ലോക്ക് ഡൌൺ കാലത്തും വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഇടയ്ക്കിടെ വില വർധിപ്പിക്കുന്നത്. 2014 നും 2017 നും ഇടയ്ക്ക് തീരുവ വർദ്ധിപ്പിച്ച് 5.5 ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തു. 2020 മാർച്ചിൽ തീരുവ വർദ്ധിപ്പിച്ചതിലൂടെ മുപ്പതിനായിരം കോടി രൂപ സമാഹരിച്ചിരുന്നു. ഇപ്പോൾ പാചക വാതക വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. ഡീസലിന്റേയും പെട്രോളിന്റേയും വില കഴിഞ്ഞ അഞ്ചു ദിവസമായി ദിനേന വർദ്ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ കുറവു വന്നപ്പോൾ ഒരു പൈസയുടെ കുറവു പോലും വരുത്തിയിട്ടില്ലാത്ത കമ്പനികൾക്ക് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ നേരിയൊരു വർദ്ധനയുണ്ടായതിന്റെ പേരിൽ വില വർദ്ധനവിന് അനുമതി നൽകിയിരിക്കുന്നു സർക്കാർ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന് ഇതിനെ കുറിച്ച് പഠനം നടത്തിയ Mike Clare മുൻപു തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കുത്തകകളുടെ താൽപര്യം മാത്രം സംരക്ഷിക്കുന്ന തിരക്കിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന ജനങ്ങളെ കുറിച്ച് മോഡി സർക്കാർ ചിന്തിക്കുന്നതു പോലുമില്ല.
ലക്ഷ്യം മറക്കുന്ന ഭക്ഷ്യ സ്വയം പര്യാപ്തത
ആഗോള പട്ടിണി സൂചികയിൽ 117 രാജ്യങ്ങളിൽ 102 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പട്ടിണിക്കെതിരായ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നു എന്ന് മുമ്പ് ഈ സംഘടന വിലയിരുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ മൂലം ജനങ്ങൾ പട്ടിണികൊണ്ട് പൊറുതി മുട്ടുമ്പോൾ എഫ് സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടില്ല. പകരം സ്പിരിറ്റ് നിർമ്മാണത്തിന് വിട്ടുകൊടുക്കാനാണ് തീരുമാനിച്ചത്. ദേശീയ ജൈവ ഇന്ധന ഏകോപന സമിതി (എൻ.ബി.സി.ഡി) എടുത്ത തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് വെളിപ്പെടുത്തിയത്. സ്പിരിറ്റ് നിർമ്മിച്ച് ഹാന്റ് സാനിറ്റൈസറും ജൈവ ഇന്ധനവും നിർമ്മിക്കാനാണ് പദ്ധതി. സ്പിരിറ്റിന്റെ ദൗർലഭ്യം ഇന്ത്യയിൽ ഇല്ല. സംഭരിക്കാൻ ഇടമില്ലാത്തതിനാൽ സ്വകാര്യ കമ്പനികൾ നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്..
ഇതു കൂടാതെ 1955 ലെ അവശ്യസാധന നിയന്ത്രണ നിയമം എടുത്തു മാറ്റുന്നു. പരിപ്പ്, പയറു വർഗ്ഗങ്ങൾ, ധാന്യങ്ങൾ, എണ്ണക്കരുക്കൾ, ഉരുളക്കിഴങ്ങ്, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്കുണ്ടായിരുന്ന സംഭരണ നിയന്ത്രണം എടുത്തു കളയുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയനാണ് ഈ നിയമം കൊണ്ടുവന്നത്. വിളവിറക്കുന്നതിനു മുമ്പ് വില നിശ്ചയിക്കുന്ന അവധി വ്യാപാരം നടപ്പിലാക്കുന്നു. കൃത്രിമമായി വിലക്കയറ്റം സൃഷ്ടിച്ചതിനാൽ അവധി വ്യാപാരം നിയമ വിരുദ്ധമാക്കിയതാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ചില മുൻകരുതലുകൾ എടുത്തിരുന്നു.
- കാർഷിക ഉല്പന്നങ്ങളുടെ വ്യാപാരത്തിലുള്ള നിയന്ത്രണം.
- ഉടമകൾക്ക് തങ്ങളുടെ ഭൂമി ഉപയോഗിക്കുന്നതിനു ള്ള നിയന്ത്രണം.
- വായ്പ, സബ്സിഡി തുടങ്ങിയ സഹായങ്ങൾ 4) ഭക്ഷ്യ സംഭരണവും പൊതു വിതരണവും ഉറപ്പാക്കൽ. ഇതെല്ലാം അട്ടിമറിയ്ക്കപ്പെടുകയാണ്.
മാറ്റിമറിക്കുന്ന പരിസ്ഥിതി നിയമങ്ങൾ
പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും മോശമായ രാജ്യമാണ് ഇന്ത്യ എന്ന് EPI 2018 റിപ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ, കേന്ദ്രം പരിസ്ഥിതി നിയമങ്ങളെ ദുർബ്ബലപ്പെടുത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം (ElA വിജ്ഞാപനം 2020) അനുസരിച്ചു വ്യവസായികവും അല്ലാത്തതുമായ പദ്ധതികൾക്ക് അനുമതി കൊടുക്കും മുമ്പ് വിശദമായ പരിസ്ഥിതി ആഘാത പഠനം നിർബ്ബന്ധമാക്കുന്ന നിബന്ധനകൾ ദുർബ്ബലപ്പെടുത്തുന്നു. ഒന്നാം മോഡി സർക്കാർ ഒന്നര ലക്ഷം ചതുരശ്രമീറ്റർ വരെയുള്ള നിർമ്മാണങ്ങൾക്ക് പരിസ്ഥിതി അനുമതിയിൽ ഇളവു നല്കി. 2006-ലെ നിയമത്തിന് വിരുദ്ധമായതിനാൽ ദേശീയ ഹരിത ട്രിബൂണൽ ഈ വിജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രിബൂണലിന്റേയും വിവിധ കോടതികളുടേയും വിധികൾ മറികടക്കാനാണ് പുതിയ വിജ്ഞാപനം കൊണ്ടു വന്നിരിക്കുന്നത് .ദേശീയ പാർക്ക്, വന്യ ജീവി കേന്ദ്രം പരിസ്ഥിതി ദുർബ്ബല പ്രദേശം എന്നിവിടങ്ങളിലെ ഖനന - നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇളവ് നല്കുന്നു. കൃഷിഭൂമി നിയന്ത്രണമില്ലാതെ വൻകിട വ്യവസായങ്ങൾക്ക് ഏറ്റെടുക്കാൻ സഹായിക്കുന്ന വിജ്ഞാപനം മാർച്ച് 12ന് പുറപ്പെടുവിച്ചു.
ഡിവൈഡർ- ഇൻ-ചീഫ് എന്ന് വിശേഷിപ്പിച്ചു കൊണ്ട് ടൈം വാരിക കവർ സ്‌റ്റോറി ആക്കിയ മോഡിയുടെ ഭരണത്തിൻ കീഴിൽ രാജ്യതാല്പര്യങ്ങൾ ബലി കഴിയ്ക്കപ്പെടുകയാണ്. ജനങ്ങൾ പട്ടിണി കിടന്നു മരിയ്ക്കുമ്പോൾ എഫ് സി ഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം സ്പിരിറ്റ് നിർമ്മാണത്തിന് കൊടുക്കാനാണ് മോഡി സർക്കാർ ശ്രമിച്ചത്. അമേരിക്കയുമായി ആയുധ കച്ചവടം ഉറപ്പി ക്കുന്നതിന് കോവിഡ് തടസ്സമായില്ല. അടച്ചുപൂട്ടലിനെ തുടർന്ന് തൊഴിലിൽ നിന്നും വലിച്ചെറിയപ്പെട്ട ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ നഗ്നപാദരായി നടന്ന് പുതിയ ഭാരതത്തിന്റെ ഭൂപടം നിർമ്മിച്ചു കൊണ്ടിരിക്കുമ്പോഴും സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ തുഷാർ മേത്ത ആരും റോഡിലില്ല എന്നാണ് സത്യവാങ്മൂലം നൽകിയത്. രാജ്യവും ജനങ്ങളും എന്തെന്ന് അറിയാത്ത ഭരണാധികാരിയിൽ നിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനാവില്ല.
ഏറ്റവും മോശപ്പെട്ട സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ പോലും മൂലധന താല്പര്യത്തിന് എങ്ങനെ ഉപയോഗിക്കാമെന്നാണ് മിൽട്ടൺ ഫ്രീഡ്മാനെപ്പോലുള്ള നിയോലിബറൽ സാമ്പത്തിക വിദഗ്ദ്ധർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. മോഡിയും ട്രംപുമെല്ലാം ഈ സിദ്ധാന്തം പിൻ പറ്റുന്നവരാണ്. ആപത്തിനെ അവസരമാക്കി മാറ്റുക എന്ന് മോഡി പറയുകയുണ്ടായി. ഈ മഹാമാരിയുടെ കാലത്ത് അദ്ദേഹം അവസരം ഉണ്ടാക്കിക്കൊടുക്കുന്നത് സാമ്രാജ്യത്വ മൂലധനത്തിനും കുത്തകകൾക്കുമാണ്. തന്നെ എതിർക്കുന്ന ആനന്ദ് തെൽതുംബ്ഡെ പോലുള്ള ബുദ്ധിജീവികളെ യു.എ.പി.എ ചുമത്തി ജയലിലടച്ചു. സർക്കാരുകളെ വിമർശിക്കുന്ന ജഡ്ജിമാരെ മാറ്റുന്നത് നിത്യസംഭവങ്ങളായിക്കഴിഞ്ഞു - എൻ.ആർ.സി ക്കും എൻ പി ആർ - നുമെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ വരെ തടവിലാക്കി. ഗർഭിണികളോടു പോലും കരുണ കാണിച്ചില്ല. ഭരണകൂടത്തിന്റേയും കുത്തകകളുടേയും താല്പര്യങ്ങൾ ഒന്നായി മാറുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് സഖാവ്. ദിമിത്രോവ് വിശേഷിപ്പിച്ചത്. മോഡി ഭരണം അതിന് ഉത്തമ ഉദാഹരണമാണ്. ഈ ഫാസിസ്റ്റ് തേർവാഴ്ച്ചക്കെതിരെ വിശാല ഐക്യനിര വളർത്തിയെടുക്കേണ്ടത് അടിയന്തിര കർത്തവ്യമാണ്.