വാർത്തകൾ



സ. എം. എം. ഗോപാലന് ആദരാഞ്ജലികൾ.


by കോമ്രേഡ് ടീം



1970 മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു ഇന്ന് (2020 ജൂൺ 17) ഉച്ചയോടെ അന്തരിച്ച സ. എം. എം. ഗോപാലൻ. ആലപ്പുഴ ജില്ലയിൽ ചേർത്തലക്കടുത്ത് വെട്ടക്കൽ സ്വദേശിയായ സഖാവ് എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് നക്സൽബാരി കർഷകകലാപത്തിന്റെ രാഷ്ട്രീയം ഉൾക്കൊള്ളുകയും വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ചെയ്യുന്നത്. അതിനു മുമ്പ് ഇന്നത്തെ SFI യുടെ ആദ്യ രൂപമായിരുന്ന KSF ലും CPI(M) ന്റെ യുവജന സംഘടനയായ KSYF ലും സ. ഗോപാലൻ പ്രവർത്തിച്ചിരുന്നു.
CPI (ML) പാർട്ടിയുമായി ബന്ധപ്പെട്ടതിനു ശേഷം സംഘടനയുടെ പ്രവർത്തനങ്ങളിലെല്ലാം സജീവമായി പ്രവർത്തിച്ചിരുന്ന സഖാവ് 1975 ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് ആഭ്യന്തര സുരക്ഷാ പരിപാലന നിയമ (MISA) പ്രകാരം തടവിലാക്കപ്പെട്ടു. ആലപ്പുഴയിലെ 'കൗസ്തുഭം' കോൺസൻട്രേഷൻ ക്യാമ്പിലും എറണാകുളത്തെ ഇടപ്പള്ളി ക്യാമ്പിലും കടുത്ത പീഡനങ്ങൾക്ക് വിധേയനാക്കപ്പെട്ട സഖാവിനെ പിന്നീട് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാണു പാർപ്പിച്ചത്.
അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷം ജയിൽ മോചിതനായ സ. ഗോപാലൻ പിന്നീട് CRC CPI (ML)ന്റെ സജീവ പ്രവർത്തകനായി. ആലപ്പുഴ, കോട്ടയം ജില്ലകളിലായിരുന്നു ആദ്യ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. എറണാകുളം ഫോർട്ട് കൊച്ചിയിലെ താര മഹാവീർ തേയില കമ്പനിയിലെ സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ നടന്ന സമരത്തിൽ മറ്റു സഖാക്കൾക്കൊപ്പം സ. ഗോപാലനും സജീവമായി രംഗത്തുണ്ടായിരുന്നു. ഫോർട്ടു കൊച്ചിയിലെ പുരോഗമന, വിപ്ലവ സാംസ്കാരിക പ്രവർത്തനങ്ങളിലും അക്കാലത്ത് അദ്ദേഹം സജീവമായിരുന്നു. 1983 ലെ വൈപ്പിൻ വിഷമദ്യ ദുരന്തത്തെ തുടർന്ന് മദ്യ മാഫിയക്കും അവരെ പിന്തുണക്കുന്ന സർക്കാരിനുമെതിരെ നടന്ന സമരത്തിലും സ. ഗോപാലൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ആലപ്പുഴയിൽ മത്സ്യ സംസ്ക്കരണ, വിപണന മേഖലകളിലെ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും സ. ഗോപാൽജി (അങ്ങനെയാണ് സഖാക്കൾ അദ്ദേഹത്തെ വിളിച്ചിരുന്നത്) മുൻകൈയെടുത്തു.
1987 ലെ മാവൂർ ഗ്വാളിയോർ റയോൺസ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ആലപ്പുഴയിൽ നടന്ന സമരത്തിൽ ദിവസങ്ങളോളം നീണ്ട നിരാഹാരം അനുഷ്ഠിച്ചത് സ. ഗോപാലനായിരുന്നു. ഈ സമര കാലത്താണ് ചെല്ലാനം സ്വദേശിയായ രാജി മോളെ സ: ഗോപാലൻ വിവാഹം കഴിക്കുന്നത്. മതപരമോ ആചാരപരമോ ആയ ചടങ്ങുകളൊന്നുമില്ലാതെ നടന്ന ഈ കമ്യൂണിസ്റ്റ് വിവാഹവും തുടർന്ന് നവദമ്പതികൾ ഒരുമിച്ച് സമരപ്പന്തലിലെത്തി സമരം തുടർന്നത് അന്ന് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
കേരളത്തിന്റെ തീരക്കടലിൽ മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മത്സ്യതൊഴിലാളി സംഘടനകൾ നടത്തിപ്പോന്ന സമരങ്ങൾക്ക് വിജയകരമായ പരിസമാപ്തിയുണ്ടാവുന്നത് സ: ഗോപാൽജിയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളി ഐക്യവേദി കൂടി സമര രംഗത്തു വന്ന സന്ദർഭത്തിലായിരുന്നു.
1987 ൽ CPI (ML) റെഡ് ഫ്ലാഗ് രൂപം കൊണ്ടപ്പോൾ മുതൽ ദീർഘകാലമായി പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു സ. എം.എം. ഗോപാലൻ.
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI) യുടെ സംസ്ഥാന സെക്രട്ടറി കൂടിയായ സ. ഗോപാലൻ പാർട്ടിയുടേയും
വർഗ്ഗ - ബഹുജന സംഘടനകളുടേയും പ്രവർത്തനങ്ങൾക്കും സമര പ്രക്ഷോഭങ്ങൾക്കും മികച്ച രീതിയിൽ നേതൃത്വം നൽകി. വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപിനടുത്ത് നെടിയതുരുത്തിൽ എല്ലാ പരിസ്ഥിതി നിയമങ്ങളേയും കാറ്റിൽ പറത്തിക്കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പുകാർ പണിതുയർത്തിയ കാപ്പിക്കോ റിസോർട്ടുകൾ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യതൊഴിലാളികളും ബഹുജനങ്ങളും നടത്തിയ സുദീർഘമായ സമരത്തിന്റേയും നിയമയുദ്ധത്തിന്റേയും മുൻനിരയിൽ സ. ഗോപാൽജിയും പ്രമുഖ സ്ഥാനത്തുണ്ടായിരുന്നു. റിസോർട്ടുകൾ പൊളിച്ചു മാറ്റണമെന്ന കോടതി വിധി നടപ്പാക്കണമെന്ന് അധികാരികളുടെ മുന്നിൽ ഒരിക്കൽക്കൂടി ആവശ്യപ്പെടുന്ന പ്രവർത്തനം നടക്കുന്നതിനിടയിലാണ് സ: ഗോപാലന് ഹൃദയാഘാതമുണ്ടാവുന്നത്. അടിയന്തിരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി നടത്തിപ്പോരുന്ന സമരങ്ങളിൽ സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡൻറ് എന്ന നിലയിൽ പ്രധാനപ്പെട്ട പങ്കാണ് അദ്ദേഹം വഹിച്ചു പോന്നിരുന്നത്.
ഏതു പ്രതിസന്ധി ഘട്ടത്തിലും പാർട്ടി നിലപാടുകൾ ഉയർത്തി പിടിച്ചുകൊണ്ട് പോരാടുകയും മറ്റു സഖാക്കളെ അതു ബോധ്യപ്പെടുത്തി കൂടെ നിർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്തു സ. ഗോപാലൻ. സ. ഗോപാലന്റെ താല്പര്യമനുസരിച്ച് അദ്ദേഹത്തിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിനു വിട്ടു നൽകും.
അന്തരിക്കുമ്പോൾ സ: ഗോപാലന് 74 വയസ്സായിരുന്നു. സഖാവിന്റെ ഭാര്യ രാജി മോളും മക്കളായ സെൻകുമാറും ശ്യാംകുമാറും സഖാവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു.
വിപ്ലവ രാഷ്ട്രീയത്തിനു വേണ്ടി സ്വജീവിതം പൂർണ്ണമായിത്തന്നെ നീക്കിവച്ച സ: എം.എം. ഗോപാലന്റെ വിയോഗം അക്ഷരാർത്ഥത്തിൽ തന്നെ വലിയൊരു നഷ്ടമാണെന്നു സി.പി.ഐ (എം എൽ) റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി സ: പി. സി. ഉണ്ണിച്ചെക്കൻ പറഞ്ഞു.




സഖാവ് പ്രകാശ് ബൻസോടെക്ക് ബാഷ്പാജ്ഞലികൾ



തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കത്തിനെതിരെ TUCI മെയ് 19-ന് അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു


കോവിഡ് 19 പ്രതിസന്ധിയുടെ മറവിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ മാറ്റിയെഴുതാനുള്ള നീക്കത്തിനെതിരെ TUCI മെയ് 19-ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനമായി ആചരിച്ചു. ചിത്രങ്ങൾ:
കോവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ TUCI നടത്തിയ പ്രതിഷേധ ദിനത്തിൽ രാജ്യത്ത് വിവിധയിടങ്ങളിൽ നിന്ന് TUCI പ്രവർത്തകർ പങ്കെടുക്കുന്നു.


മെയ് 22 : സംയുക്ത ട്രേഡ് യൂണിയൻ അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു.

മെയ് 22 കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കുമെതിരായി അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കാനുള്ള സംയുക്ത ട്രേഡ് യൂണിയൻ  സമിതിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളിലെ തൊഴിലാളികൾ പ്രതിഷേധിച്ചു.

ചിത്രങ്ങൾ :

May 22nd Protest day against anti labour laws amendments - led by Joint Trade Union. Com. Prasad Babu - TUCI Andhra Pradesh State president participated in the JCTU protest.
മെയ് 22 ദേശീയ പ്രക്ഷോഭ ദിനം: പത്തനംതിട്ടയിൽ TUCI-യുടെ സഖാവ് കെ.ഐ.ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.

തൊഴിൽ നിയമ അട്ടിമറി നീക്കത്തിനെതിരെയുള്ള സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പ്രക്ഷോഭം: ആലപ്പുഴയിൽ നടന്ന നില്പ് സമരത്തിൽ TUCI-ക്ക് വേണ്ടി സ. കെ.വി. ഉദയഭാനു സംസാരിച്ചു.
May 22: Protest Day: TUCI Central Committee member Com. Badri Mishra from Madhya Pradesh

May 22 Protest Day: Comrade Santosh Sable from Ahmadnagar district - MH,  for TUCI along with agriculture workers.




കർഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം മെയ് 27-ന് നടന്നു.


കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ കർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ചും വിളകൾക്ക് ന്യായവില ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും ദേശീയ കർഷക സംഘടനകൾ മെയ് 27-ന് പ്രതിഷേധ ദിനമായി ആചരിച്ചു.

കോട്ടയം ഹെഡ് പേസ്റ്റോഫിസിനു മുൻവശം സംയുക്ത കർഷക സമിതി സമരം കർഷക സംഘം സംസ്ഥാന വൈ.പ്രസി. പ്രൊഫ. M.T ജോസഫ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭാ നേതാവ് സ. ചിത്രഭാനു , KSKS സംസ്ഥാന സെക്രട്ടറി എം.കെ ദിലീപ് പ്രസംഗിച്ചു.
കോട്ടയം ഹെഡ് പേസ്റ്റോഫിസിനു മുൻവശം സംയുക്ത കർഷക സമിതി സമരം കർഷക സംഘം സംസ്ഥാന വൈ.പ്രസി. പ്രൊഫ. M.T ജോസഫ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭാ നേതാവ് സ. ചിത്രഭാനു , KSKS സംസ്ഥാന സെക്രട്ടറി എം.കെ ദിലീപ് പ്രസംഗിച്ചു.
Com Shankar Badade the state convenor of Shekari Shetmajur Sanghatana participated from Mokhada, Palghar district.




പ്രസ്താവന

ജീവശ്വാസത്തിനു വേണ്ടി പൊരുതുന്ന അമേരിക്കൻ ജനതയെ പിന്തുണക്കുക: CPI-ML റെഡ് ഫ്ലാഗ് കേന്ദ്രക്കമ്മിറ്റി 

കൊച്ചി, 2020 മെയ് 31

അമേരിക്കയിൽ ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയ പോലീസിനെതിരെ ദേശീയ തലത്തിൽ തന്നെ പ്രതിഷേധം ഇരമ്പുകയാണ്. ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കോവിഡ് - 19 മഹാമാരി മൂലം നിർബ്ബന്ധിക്കപ്പെട്ട നിയന്ത്രണ നിബന്ധനകളെ മറികടന്നാണ് ഈ പ്രതിഷേധം. കൊല്ലപ്പെട്ടയാൾക്ക് നീതി നിഷേധിച്ചതാണ് പ്രതിഷേധത്തിനു തിരി കൊളുത്തിയത്. അതിനും പുറമെ, മഹാമാരിയുടെ മാരകപ്രഹരത്തെ തുടർന്നുണ്ടായ യാതനയും ദുരിതവും ഭീമമായ തൊഴിലില്ലായ്മയുടെ കെടുതികളും പരിഹരിക്കാനായി ശരിയായ നിവാരണനടപടികൾ ഒന്നും തന്നെ ഭരണകൂടം കൈക്കൊണ്ടിട്ടില്ല. ഈ അവഗണനക്കെതിരായ ജനകീയ രോഷം പ്രതിഷേധാഗ്നിക്ക് എണ്ണ പകർന്നു. ദേശീയ തലസ്ഥാനം ഉൾപ്പെടെയുള്ള നഗരങ്ങളിൽ തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിനു ജനങ്ങൾ ആർത്തു വിളിക്കുന്നത്, "എനിക്കു ശ്വാസം മുട്ടുന്നു" എന്നാണ്. കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയ്ഡിന്റെ അവസാനത്തെ കരച്ചിലായിരുന്നു അത്. വർണ്ണ വ്യത്യാസവും തൊഴിൽ ഭിന്നതകളും മറികടന്ന് എല്ലാ വിഭാഗങ്ങളിലും പെട്ട ബഹുജനങ്ങളുടെ നൈസർഗ്ഗികമായ ഐക്യദാർഢ്യ പ്രഖ്യാപനത്തിൻ്റെ പ്രകടനമാണ് ഈ പ്രക്ഷോഭം . വർണ്ണവിവേചനത്തിന് (അപ്പാർഥീഡ്) എതിരെ വിശാല മുന്നണികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.
കഴിഞ്ഞ മെയ് 25 നാണ് ആഫ്രിക്കൻ - അമേരിക്കൻ വംശജനും കറുത്തവനുമായ 46 വയസ്സുകാരൻ ജോർജ്ജ് ഫ്ലോയ്ഡിനെ ഡെറെക് ഷോവിൻ എന്ന വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ കരുതിക്കൂട്ടി കൊലപ്പെടുത്തിയത്. ഫ്ലോയ്ഡിനെ കൈകൾ വിലങ്ങിട്ടു പൂട്ടി റോഡിൽ തള്ളിയിട്ട് കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. മിന്നസോട്ടയിലെ മിന്നെപ്പോലിസിലെ ഒരു കടയ്ക്കു പുറത്തുനിന്നും അറസ്റ്റു ചെയ്യപ്പെട്ട ഫ്ലോയ്ഡ് അര മണിക്കൂറിനകം കൊല്ലപ്പെട്ടു. മഹാമാരിയെ തുടർന്ന് തീവ്രമായ പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട ഫ്ലോയ്ഡ്, സിഗററ്റ് വാങ്ങാൻ കടയിൽ കൊടുത്ത 20 ഡോളറിന്റെ നോട്ട് വ്യാജമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്. "എനിക്കു ശ്വാസം മുട്ടുന്നു ...... ദയവായി .... സഹായിക്കണം ... " എന്നു പറഞ്ഞു കൊണ്ട് അടുത്തുണ്ടായിരുന്ന മൂന്നു പോലീസുകാരോട് ഫ്ലോയ്ഡ് സഹായം അഭ്യർത്ഥിച്ചെങ്കിലും അവർ സഹായിക്കാൻ കൂട്ടാക്കിയില്ല. കൊലപാതകത്തിന് ഒത്താശ ചെയ്ത അവർ ഇപ്പോഴും അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല.
നീതി നടപ്പാക്കുന്നത് വേഗത്തിലാക്കുന്നതിനു പകരം പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരെ "കൊള്ളക്കാരെ"ന്നു വിളിച്ച് ആക്ഷേപിക്കുകയും അവർക്കു നേരെ വെടി വക്കാൻ നാഷണൽ ഗാർഡുകളോട് ആഹ്വാനം ചെയ്യുകയുമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ സർക്കാർ ട്വിറ്ററും മറ്റു സാമൂഹ്യ മാധ്യമങ്ങളും നിരോധിക്കാൻ പോവുകയാണ് . അതേ സമയം, ശാന്തസമുദ്രത്തിനുമപ്പുറത്ത്, ഹോങ്കോങ്ങിലെ പോലീസ് നടപടികളിലും സാമൂഹ്യ മാധ്യമങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയതിലും അദ്ദേഹം അതീവ ദു:ഖിതനാണ്. അതു പരിശോധിക്കുകയും അതിൽ പരാതിപ്പെടുകയും ചെയ്യുന്നതിന്റെ തിരക്കിലുമാണ്, അദ്ദേഹം!!
ഇന്ത്യക്കും ചൈനക്കുമിടയിൽ "രൂക്ഷമായിക്കൊണ്ടിരിക്കുന്ന അതിർത്തി തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനോ കൂടിയാലോചന നടത്താനോ പ്രാപ്തനും സന്നദ്ധനുമാണെ"ന്നു പറഞ്ഞു കൊണ്ട് ഇന്ത്യാ-ചൈന തർക്കങ്ങളിൽ ഇട പെടാനും "സഹായിക്കാ''നും അദ്ദേഹം കാണിക്കുന്ന അമിതമായ ഉത്ക്കണ്ഠ കൗതുകമുണ്ടാക്കുന്നതാണ്. സ്വന്തം വീട് കത്തിയെരിയുമ്പോൾ പോലും തങ്ങൾക്കിടയിലുള്ള അതിർത്തി തർക്കങ്ങളിൽ "മധ്യസ്ഥത വഹിക്കാനോ, കൂടിയാലോചന നടത്താനോ'' സന്നദ്ധത കാട്ടുന്ന ട്രംപിന്റെ "മഹാമനസ്കത" യെ ഇന്ത്യയും ചൈനയും നിരാകരിച്ചിട്ടുണ്ട്. ഈ മഹാമാരിക്കിടയിലും സാമ്രാജ്യത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം ദുഷ്പ്രേരണകൾക്കെതിരായ ജാഗ്രതക്കും കരുതലിനും ഒരു കാരണവശാലും കുറവു വരുത്തിക്കൂടാ എന്നാണിതു കാണിക്കുന്നത്.

ഈ സന്ദർഭത്തിൽ, കറുത്ത വംശക്കാർക്കു നേരെ നടക്കുന്ന വർണ്ണ വെറിയന്മാരുടേയും വെള്ള വംശീയ വാദികളുടേയും കടന്നാക്രമണങ്ങൾക്കെതിരെ പൊതുന്ന അമേരിക്കയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ജോർജ്ജ് ഫ്ലോയ്ഡിനു നീതി ലഭിക്കാൻ വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കുകയും ചെയ്യേണ്ടത് സാമ്രാജ്യത്വ വിരുദ്ധ, ജനാ
ധിപത്യ ശക്തികളുടേയും യഥാർത്ഥ ദേശാഭിമാന ശക്തികളുടേയും മുഖ്യ കടമയാണ്. അയൽ രാജ്യങ്ങളുമായി നമുക്കുള്ള ബന്ധങ്ങളെ വഷളാക്കാൻ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന ദുഷ്പ്രേരണകൾക്കെതിരെ ജാഗ്രത പുലർത്തുന്നതിൽ സാമ്രാജ്യത്വ വിരുദ്ധ, ജനാധിപത്യ ശക്തികളും യഥാർത്ഥ ദേശാഭിമാന ശക്തികളും പരമാവധി ഐക്യം പുലർത്തണം എന്നു കൂടി ഈ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.


എം.എസ്. ജയകുമാർ
ജനറൽ സെക്രട്ടറി

ജൂൺ 4 : ഐക്യദാർഢ്യ ദിനമായി ആചരിച്ചു 

വംശീയതക്കും ദുരിതങ്ങൾക്കുമെതിരെ പൊരുതുന്ന അമേരിക്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് CPI-ML  റെഡ് ഫ്ലാഗ് ജൂൺ 4 ഐക്യദാർഢ്യ ദിനമായി ആചരിച്ചു. പോലീസിന്റെ വംശീയ കൊലപാതകത്തിന് ഇരയായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രവർത്തകർ അണിനിരന്നു. 

Central Committee member and Madhyapradesh State secretary, Badri Mishra and other comrades from Madhya Pradesh

June 4th solidarity day. Solidarity to people's protest against Racism and Distress in USA. Down with imperialism.Observed by MGNREGA workers at Kalmangi village in Sindhanur taluka ( Raichur dist) led by comrade S.K.Durugesh dist committee of Red flag.

സാമ്രാജ്യത്വത്തിനും വംശവെറിക്കുമെതിരെ സമരം ചെയ്യുന്ന അമേരിക്കൻ ജനതക്ക് എറണാകുളത്ത് ജൂൺ 4 ന്റെ ഐക്യദാർഢ്യ ദിനാചരണം - ഉദ്ഘാടനം സ.ചാൾസ് ജോർജ് , Adv. ടി.ബി മിനി പങ്കെടുത്തു.

June 4: Solidarity day. Solidarity with the American people's struggle against racism and distress. Karnataka State Secretary Basavalingappa and comrades.



ജൂൺ 4 ഐക്യദാർഢ്യ ദിനം: ഐക്യദാർഢ്യ യോഗം CPI-ML റെഡ് ഫ്ലാഗ് കേന്ദ്രക്കമ്മിറ്റി അംഗം സ. എം.കെ. തങ്കപ്പൻ തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുന്നു.
June 4: Solidarity day. CPI-ML Red Flag Central committee member Com. Azaad Rakesh and other comrades from Punjab

ജൂൺ 4: ഐക്യദാർഢ്യ ദിനം. കേന്ദ്രകമ്മിറ്റി അംഗം സ. ടി.വി. വിജയൻ മറ്റു സഖാക്കൾക്കൊപ്പം വംശീയതക്കും ദുരിതത്തിനുമെതിരെ പോരാടുന്ന അമേരിക്കൻ ജനതക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.

പ്രസ്താവന 

അതിരപ്പിള്ളി പദ്ധതിക്കു നൽകിയ NOC പിൻവലിക്കുക.പദ്ധതി അന്തിമമായി ഉപേക്ഷിക്കുക : CPI-ML റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി 

തീയതി : 2020 ജൂൺ 10



അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ വീണ്ടുമൊരിക്കൽ കൂടി അനുമതി നൽകാൻ കേരള സർക്കാർ തയ്യാറായിരിക്കുന്നത് അത്യന്തം അപലപനീയമാണ്. പരിസ്ഥിതി പ്രവർത്തകരും ആദിവാസികളും ഇടതു മുന്നണിയിലെ ചില ഘടകകക്ഷികളും ശക്തമായി എതിർക്കുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിൻവാങ്ങുന്നതായി ഇപ്പോഴത്തെ വിദ്യുച്ഛക്തി വകുപ്പു മന്ത്രി തന്നെ കേരളീയ സമൂഹത്തോടു പറഞ്ഞിരുന്നതാണ്. ആ സാഹചര്യത്തിനു എന്തു മാറ്റമുണ്ടായിട്ടാണ് ഇപ്പോൾ വീണ്ടും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നു വ്യക്തമല്ല.
വനനശീകരണത്തിനും പാരിസ്ഥിതിക വ്യവസ്ഥയുടെ തകർച്ചക്കും ചലക്കുടിപ്പുഴയുടെ വിനാശത്തിനുമൊക്കെ വഴി വക്കുന്ന അതിരപ്പിള്ളി പദ്ധതി അവിടത്തെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനു കൂടി ഭീഷണിയാണെന്നതിനാലാണ് പരിസ്ഥിതി പ്രവർത്തകരും ഇടതുപക്ഷ ശക്തികളും ഉൾപ്പെടുന്ന പൊതുസമൂഹം പദ്ധതി നടപ്പാക്കുന്നതിനെ എതിർത്തത്. ആ സാഹചര്യങ്ങളിലൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. നേരെ മറിച്ച്, 2018 ലും 2019 ലും കേരളം നേരിടേണ്ടി വന്ന മഹാപ്രളയങ്ങൾ ഇത്തരം പദ്ധതികൾ എത്ര മാത്രം വിനാശകരമായേക്കാമെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
പാരിസ്ഥിതിക നാശത്തിനു കാരണമാകുന്ന ജലവൈദ്യുത പദ്ധതികളും ഫോസിൽ ഇന്ധന നിലയങ്ങളും ആണവ നിലയങ്ങളുമുപേക്ഷിച്ച് പാരമ്പര്യേതര ഊർജ്ജോല്പാദനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണു ലോകം. ഈ വസ്തുതകളൊന്നും പരിഗണിക്കാതെ 163 മെഗാവാട്ട് വൈദ്യുതിയുടെ അയഥാർത്ഥ ലക്ഷ്യവും പറഞ്ഞു കൊണ്ട് വില മതിക്കാനോ, പുന:സൃഷ്ടിക്കാനോ കഴിയാത്ത അതിരപ്പിള്ളിയിലെ പാരിസ്ഥിതിക സമ്പത്തിനെ നശിപ്പിക്കാനായി സർക്കാർ ഇറങ്ങിപ്പുറപ്പെടുന്നത് അംഗീകരിക്കാവുന്നതല്ല.
രണ്ടു പ്രളയങ്ങളുടെ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാൻ തയ്യാറാവാത്ത സർക്കാർ ഊർജ്ജോല്പാദന രംഗത്തെ നവീന ചലനങ്ങളൊന്നും ശ്രദ്ധിക്കാൻ മെനക്കെടാതെ ഈ കൊറോണക്കാലത്ത് അതിരപ്പിള്ളിക്കു നേരെ മഴുവുമായി ഇറങ്ങിത്തിരിക്കുന്നത് അപലപനീയമാണ്. 2018 ലെ പ്രളയം കഴിഞ്ഞപ്പോൾ ഇനി കേരളത്തെ പുനർ നിർമ്മിക്കുന്നത് പരിസ്ഥിതിസുരക്ഷ കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പു നൽകിയതാണ്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ വീണ്ടും ശ്രമമാരംഭിക്കുമ്പോൾ കേരളീയ സമൂഹത്തിനു മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെടുകയാണ്.
അതിരപ്പളളി പദ്ധതിക്കു വേണ്ടി നൽകിയ നിരാക്ഷേപ പത്രം (NOC) പിൻവലിക്കണമെന്നും അതു നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്നും അന്തിമമായി പിൻമാറണമെന്നും ഞങ്ങൾ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
പി.സി. ഉണ്ണിച്ചെക്കൻ
സംസ്ഥാന സെക്രട്ടറി




പ്രസ്താവന 

ജനങ്ങളുടെ നടുവൊടിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കുക. പെട്രോളിയം മേഖല ദേശസാത്ക്കരിക്കുക: സി.പി.ഐ(എം.എല്‍)റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി


തീയതി : 16/06/2020

കോവിഡ് വ്യാപനവും അതേ തുടർന്ന് നടപ്പാക്കിയ ലോക്ക് ഡൗണും മൂലം ജീവിതം ദുരിതപൂർണ്ണമായിരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിൽ എല്ലാ ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. പത്തു ദിവസം തുടർച്ചയായി പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരനുഭവം രാജ്യത്ത് ഇതാദ്യമാണ്. മഹാഭൂരിപക്ഷം ജനങ്ങളും തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുമ്പോൾ കേന്ദ്ര സർക്കാരും അതിന്റെ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികളും അമിതലാഭം ലക്ഷ്യമിട്ട് കെട്ടിയേല്പിക്കുന്ന ഈ വില വർദ്ധന ഇന്ത്യൻ ജനതയെ തുടർച്ചയായി വെല്ലു വിളിക്കുന്നതിനു തുല്യമാണ്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഈ നയത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ രാജ്യത്തെ ചങ്ങാത്ത മുതലാളിത്ത ശക്തികളും അവരുടെ സഹകാരികളായ കോർപ്പറേറ്റുകളുമാണ്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമാവുകയും ജീവിത ചെലവു വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ വിലക്കയറ്റ പരമ്പര അവസാനിപ്പിക്കണമെന്നും വിലവർദ്ധന അടിയന്തിരമായി പിൻവലിക്കണമെന്നും ഞങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര കമ്പോളത്തിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡോയിൽ) വില താഴുമ്പോഴും സർക്കാർ മത്സര ബുദ്ധിയോടെ ഐക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നതും കമ്പനികൾ യഥേഷ്ടം വില വർദ്ധിപ്പിക്കുന്നതുമാണ് ഇന്ത്യയിൽ നാം കാണുന്നത്. കഴിഞ്ഞ മാസം തന്നെ പെട്രോൾ എക്സൈസ് ഡ്യൂട്ടിയിൽ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർദ്ധിപ്പിച്ചത്.
കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് 80 ഓളം ദിവസം വില വർദ്ധിപ്പിക്കാൻ സൗകര്യം കിട്ടാതെ പോയതിന്റെ പക തീർക്കുന്നതു പോലെയാണ് എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും ജൂൺ 7 മുതൽ വില വർദ്ധന പുനരാരംഭിക്കുന്നത്. പത്തു ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 5.47 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയോളവും വില കൂട്ടിക്കഴിഞ്ഞു. രാജ്യത്തെ വൻ നഗരങ്ങളിലെ കോവിഡ് ബാധിതരുടെ സംഖ്യയിൽ ഓരോ ദിവസം സംഭവിക്കുന്ന വർദ്ധനവിന്റെ സമാനമായ നിരക്കിലാണ് സർക്കാർ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്.
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത് രാജ്യത്ത് കക്കൂസ് പണിയാനുള്ള പണമുണ്ടാക്കാൻ വേണ്ടിയാണെന്ന് കേന്ദ്ര മന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം പറഞ്ഞതു പോലുള്ള പരിഹാസ്യമായ പൊള്ളത്തരങ്ങളാണ് ഇപ്പോഴത്തെ വില വർദ്ധനവിനെ ന്യായീകരിക്കാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വക്താക്കൾ പറയുന്നത്. കൊറോണ മൂലം ദുരിതമനുഭവിക്കുന്നവർക്ക് സമാശ്വാസം എത്തിക്കാനുള്ള ധനസമാഹരണമാണ് ഈ വില വർദ്ധനവെന്ന് അവർ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കോവിഡ് പാക്കേജ് എന്ന പേരിൽ കേന്ദ്ര ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങളിൽ വലിയ പങ്കും കോർപ്പറേറ്റുകൾക്ക് ആദായമുണ്ടാക്കാനാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കോർപ്പറേറ്റ് നികുതി വെട്ടിക്കുറക്കുകയും അതിസമ്പന്നർക്കു മേൽ അധിക നികുതി ചുമത്താൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ തന്നെ സാധാരണക്കാരെ ബാധിക്കുന്ന വിധം പെട്രോൾ - ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ തങ്ങളുടെ പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ ചുമലിൽ കെട്ടിവക്കാനാണു ശ്രമിക്കുന്നത്.
പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികൾക്കു വിട്ടുകൊടുത്ത കേന്ദ്ര സർക്കാർ നടപടിയാണ് ഓരോ ദിവസവും യഥേഷ്ടം വില വർദ്ധിപ്പിക്കാൻ അവർക്ക് അവസരമൊരുക്കിയത്. 2014 നു മുമ്പ് രാജ്യം ഭരിച്ച മൻമോഹൻ സിംഗ് സർക്കാർ പെടോൾ വില നിശ്ചയിക്കാനുള്ള അധികാരമാണ് വിട്ടുകൊടുത്തതെങ്കിൽ ഡീസൽ വില നിശ്ചയിക്കാൻ അവർക്ക് അധികാരം നൽകിയത് മോദി സർക്കാരാണ്. കേവലം ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം എന്നതിനുപരി നിയോ ലിബറൽ നയങ്ങളെ ആശ്ലേഷിക്കുന്ന ഭരണകൂടനയത്തിന്റെ ഭാഗം തന്നെയാണ് അത്. ഈ നയങ്ങളെ തിരുത്താനുള്ള ശക്തമായ പ്രക്ഷോഭം വളർത്തിക്കൊണ്ടു വരേണ്ട സന്ദർഭമാണിത്.
ഈ സാഹചര്യത്തിൽ പത്തു ദിവസമായി തുടരുന്ന പെടോൾ, ഡീസൽ വില വർദ്ധന യജ്ഞം അവസാനിപ്പിക്കണമെന്നും വില വർദ്ധന പിൻവലിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികളിൽ നിന്നും സർക്കാർ തിരിച്ചെടുക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
പെട്രോളിയം ഉൾപ്പെടെയുള്ള എല്ലാ കോർ സെക്റ്ററുകളും പൊതുമേഖലയിൽ നിലനിർത്താനാവും വിധം ദേശസാത്കരിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചു കൊണ്ട് പ്രക്ഷോഭരംഗത്തെത്താൻ എല്ലാ ജനാധിപത്യ ശക്തികളും സന്നദ്ധരാവണമെന്നു കൂടി ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
പി.സി. ഉണ്ണിച്ചെക്കൻ
സംസ്ഥാന സെക്രട്ടറി