ജനാധിപത്യത്തെ ഭരണകൂടം 'ലോക്ക് ഡൗൺ' ചെയ്യുന്നു. പത്രപ്രവർത്തകരെ സർക്കാർ 'രാജ്യദ്രോഹി'കളും 'കുറ്റവാളി'കളുമാക്കുന്നു. by രമേശൻ




ജനാധിപത്യത്തെ ഭരണകൂടം 'ലോക്ക് ഡൗൺ' ചെയ്യുന്നു.
പത്രപ്രവർത്തകരെ സർക്കാർ 'രാജ്യദ്രോഹി'കളും 'കുറ്റവാളി'കളുമാക്കുന്നു.

by രമേശൻ 

Pic Courtesy: The Indian Express
Illustration: Suvajit Dey



'മഹാമാരി'യായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് 19 ന്റെ വ്യാപനം തടയാൻ അടച്ചു പൂട്ടൽ (lock down) അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന നിലപാടാണ് ഭരണകൂടങ്ങൾക്ക്. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈന മാസങ്ങളോളം നീണ്ടു നിന്ന അടച്ചു പൂട്ടലിലൂടെയാണു രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടു വന്നത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ അടച്ചുപൂട്ടലിനു തയ്യാറാവാതിരുന്ന യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയും ബ്രിട്ടനും സ്പെയിനും വൻ ശക്തിയായ അമേരിക്കയുമൊക്കെ വലിയ ആൾനാശത്തിന്റെ വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ് ഇപ്പോഴും.

രോഗത്തെ നിയന്ത്രിക്കാനോ, ചെറുത്തു തോല്പിക്കാനോ ഈ അടച്ചുപൂട്ടൽ പര്യാപ്തമാണെന്ന് ആരും ഖണ്ഡിതമായി പറയുന്നില്ല. പത്രപ്രവർത്തകനായ കരൺ ഥാപ്പർ പറഞ്ഞതുപോലെ ലോക് ഡൗൺ എന്നത് കൊറോണയെ മുഖാമുഖം നേരിടുന്നതിനു പകരം വൈറസിന്റെ ആക്രമണം ഒഴിവാക്കാൻ വേണ്ടിയുള്ള ഒളിച്ചിരിക്കൽ മാത്രമാണ്. ഒളിവിൽ നിന്നു പുറത്തു വന്നാൽ വൈറസിന്റെ ആക്രമണം നേരിടേണ്ടി വരുമെന്ന ഭയം സമൂഹങ്ങളിൽ പ്രകടമാണ്.

ഈ അടച്ചുപൂട്ടൽ സാമൂഹിക വ്യവഹാരത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾക്കു വഴി വച്ചിട്ടുണ്ട്. അഭിവാദ്യങ്ങളിലും ആശയ വിനിമയ രീതികളിലും മാത്രമല്ല, ഭക്ഷണ ശീലത്തിലും ഭരണ രീതികളിലും വരെ അതു മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങളൊക്കെ സമൂഹം ഇഷ്ടപ്പെട്ടു കൊണ്ടു സംഭവിക്കുന്നതല്ലെങ്കിലും 'മഹാമാരി'യെ നേരിടാനുള്ള അവശ്യം ആവശ്യമായ നടപടികളെന്ന നിലയിൽ സമൂഹത്തിലെ ഭൂരിഭാഗവും ഈ നടപടികളെ എതിർക്കാതിരിക്കുകയാണ്. പക്ഷേ, കൊറോണയുടെ വ്യാപനത്തെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടി അനിവാര്യമെന്ന നിലയിൽ നടപ്പാക്കുന്ന അടച്ചുപൂട്ടലും പുതിയ നിയമനിർമ്മാണങ്ങൾ ഉൾപ്പെടെയുള്ള അനന്തര നടപടികളും ഭരണകൂടങ്ങൾക്ക് അമിതമായ, പലപ്പോഴും ഭരണഘടനാവിരുദ്ധം പോലുമായ അധികാരങ്ങൾ നൽകുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സമൂഹത്തിന്റെ മുഴുവൻ ആരോഗ്യം കാക്കാനെന്ന പേരിൽ നടപ്പാക്കുന്ന അടച്ചുപൂട്ടൽ ഇന്ത്യയെ സംബന്ധിച്ചേടത്തോളം, തൊഴിലെടുക്കാനും യാത്ര ചെയ്യാനും മറ്റു മനഷ്യരുമായി ഇടപഴകാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമൊക്കെയുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ സ്വേച്ഛാപരമായി തടയാൻ ഭരണകൂടത്തിന് അധികാരം നൽകുന്നു. അടച്ചു പൂട്ടൽ പ്രഖ്യാപിക്കും മുമ്പ്  പ്രയോഗിക്കാനാവുമായിരുന്നില്ലാത്ത അധികാരങ്ങൾ പലതും ഇന്നു ഭരണകൂടം പ്രയോഗിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ഈ ലോക്ക് ഡൗൺ കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള അവകാശം ഭരണകൂടത്തിനു മാത്രമാണുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ കമ്മിറ്റികളോ, യോഗങ്ങളോ, സമ്മേളനങ്ങളോ ഇല്ല. തൊഴിലില്ലാത്തതു പോലെ തൊഴിലാളി സംഘടനകളില്ല; ട്രേഡ് യൂണിയൻ പ്രവർത്തനമില്ല. സംഘടിതമായ വിലപേശൽ പോയിട്ട്, സംഘം ചേർന്നുള്ള മുദ്രാവാക്യം വിളി പോലുമില്ല. കോവിഡ് 19 ന്റെ പേരിൽ ഭരണകൂട നടപടികളിൽ തങ്ങൾക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാവാത്ത ജനങ്ങൾ നിശ്ശബ്ദത പാലിക്കാൻ നിർബ്ബന്ധിതരാണ്. വലിയൊരു വിഭാഗം ജനങ്ങൾ നിശ്ശബ്ദരായിരിക്കാൻ സന്നദ്ധരാണു താനും. ഈ സാഹചര്യത്തിൽ അധികതരമായ അധികാരം ഭരണകൂടത്തിൽ കേന്ദ്രീകരിക്കുകയും തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിൽ അതു പ്രയോഗിക്കപ്പെടുകയും ചെയ്യും.  കൊറോണയുടെ പേരിൽ കൈയാളുന്ന അമിതാധികാരം ഉപയോഗിച്ച്, ഭരണകൂടത്തിന് അസുഖകരമായ ചോദ്യങ്ങളുയർത്തുന്ന പത്രപ്രവർത്തകരേയും മാധ്യമങ്ങളേയും നിശ്ശബ്ദരാക്കാനും തടവറയിലടക്കാനുമുള്ള ശ്രമങ്ങളിലാണ് ഇന്ത്യയിലെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും. രാജ്യത്തെയാകമാനം ബാധിക്കുന്ന ഒരു മഹാമാരിക്കെതിരെ സമൂഹത്തെ മുഴുവൻ ഐക്യപ്പെടുത്തി മുന്നോട്ടു പോകുന്നു എന്നവകാശപ്പെടുമ്പോഴും ഭരണകൂടം അതിന്റെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്; അതിന്റെ സാമ്പത്തിക നയങ്ങളാണ് നടപ്പാക്കുന്നത്; അതിന്റെ ജനാധിപത്യ വിരുദ്ധതയാണ് പ്രയോഗത്തിൽ വരുത്തുന്നത്. കോവിഡ്- 19 ന്റെ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ നിയമങ്ങളും ചട്ടങ്ങളും പോലും സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നതാണു യാഥാർത്ഥ്യം.

ഗുജറാത്തിലെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി വിജയ് രൂപാണിയെ തൽസ്ഥാനത്തു നിന്നു മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു റിപ്പോർട്ടു ചെയ്തതിനാണ് ഗുജറാത്തിലെ ഒരു ഓൺലൈൻ പത്രമായ 'ഫേസ് ഓഫ് ദി നേഷൻ' (Face of the Nation)ന്റെ പത്രാധിപർ ധവൽ പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയത്. കഴിഞ്ഞ മെയ് 11നായിരുന്നു അറസ്റ്റ്. കേന്ദ്ര സർക്കാരിലെ ഷിപ്പിംഗ് വകുപ്പു മന്ത്രിയായ മൻസുഖ് മാണ്ഡ്വിയ ആണ് പുതിയ മുഖ്യമന്ത്രിയായി വരാൻ പോകുന്നതെന്നും ധവൽ പട്ടേലിന്റെ ലേഖനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്- 19 രോഗബാധയും കോവിഡ് മരണങ്ങളും ഉണ്ടായിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമായ ഗുജറാത്തിൽ, കോവിഡിനെ നേരിടുന്നതിൽ വരുത്തിയ പിഴവിന്റെയോ വീഴ്ചകളുടേയോ പേരിലാണത്രേ രൂപാണിയെ മാറ്റാൻ പോകുന്നത്. സാധാരണ ഗതിയിൽ ഭരണകക്ഷിയിലെ എതിർപക്ഷക്കാർ ചോർത്തിക്കൊടുക്കുമ്പോഴാണ് ഇത്തരം വാർത്തകൾ പുറം ലോകത്തെത്താറുള്ളത്. ഈ വാർത്ത അസത്യമോ അടിസ്ഥാന രഹിതമോ ആയാൽ പോലും ''രാജ്യദ്രോഹ"ക്കുറ്റമാരോപിക്കാൻ മാത്രം എന്താണ് ഇത്തരമൊരു ലേഖനത്തിൽ ഉണ്ടാവുക എന്ന് ആരും അതിശയിച്ചു പോകും. പക്ഷേ, മുഖ്യമന്ത്രിയെ മാറ്റാൻ പാർട്ടിക്കകത്ത് ആലോചന നടക്കുന്നുണ്ടെന്നു എഴുതിയ ലേഖകന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 'രാജ്യദ്രോഹി'യെന്ന കുറ്റാരോപണം നേരിടേണ്ടി വന്നു. സംസ്ഥാന സർക്കാർ കോവിഡ്- 19 മഹാമാരിക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് ധവൽ പട്ടേലിനെതിരായ കുറ്റാരോപണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC)124 A (രാജ്യദ്രോഹം) വകുപ്പിനു പുറമെ 2005 ലെ ഡിസാസ്റ്റർ മാനേജുമെന്റ് ആക്റ്റിലെ 45-ാം വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ സ്വദേശത്തേക്കു പോകാൻ യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസ്വസ്ഥരായ അന്യ സംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടിയതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ കേസെടുത്തത് രണ്ടു പത്രപ്രവർത്തകർക്ക് എതിരെയാണ്. അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ സർക്കാർ യാത്രാ സൗകര്യം ഒരുക്കണമെന്ന് 'ഫേസ് ബുക്കി'ൽ എഴുതിയ വിനയ് ദുബെയും ഒരു മറാത്തി ടെലിവിഷൻ ചാനലിലെ പത്രപ്രവർത്തകൻ രാഹുൽ കുൽക്കർണിയുമാണ് അറസ്റ്റിലായത്. 

തമിഴ് നാട് സർക്കാരിന്റെ ആരോഗ്യ വകുപ്പിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കു പലർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നു വിമർശിക്കുന്നതും ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നുവെന്ന് ആരോപിക്കുന്നതുമായ രണ്ടു റിപ്പോർട്ടുകൾ കൊടുത്തതിനാണ് കോയമ്പത്തൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'സിംപ്ളിസിറ്റി' (SimpliCity) എന്ന ഓൺലൈൻ വാർത്താപത്രികയുടെ പത്രാധിപർ ആൻഡ്രു സാം രാജ പാണ്ഡ്യനെ കോയമ്പത്തൂർ പോലീസ് അറസ്റ്റു ചെയ്തത്. ഈ റിപ്പോർട്ടുകൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും പൊതു വിതരണ സംവിധാനത്തിലെ ഉദ്യോഗസ്ഥരേയും സർക്കാരിനെതിരെ തിരിയാൻ പ്രേരിപ്പിക്കുകയും "കൊറോണ വൈറസിനെതിരായ പോരാട്ടത്തെ വഴി തെറ്റിക്കുക"യും ചെയ്യുമെന്നാണ് ആരോപണം. അതുകൊണ്ട് ഐപിസിയിലെ വകുപ്പുകൾ മാത്രമല്ല, എപ്പിഡെമിക് ഡിസീസസ് ആക്റ്റിലെ വകുപ്പുകൾ കൂടി ചേർത്താണ് 'സിംപ്ലിസിറ്റി' പത്രാധിപർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർക്ക് ഭക്ഷണം നൽകുന്നതിൽ ബന്ധപ്പെട്ടവർ വരുത്തിയ വീഴ്ച ഡോക്ടർമാരുടെ പ്രതിഷേധത്തിനു വഴി വച്ചതുമായി ബന്ധപ്പെട്ടതായിരുന്നു ആദ്യത്തെ റിപ്പോർട്ട്. പാവപ്പെട്ടവർക്കു വിതരണം ചെയ്യാനായി റേഷൻ കടകളിൽ എത്തുന്ന ഭക്ഷ്യധാന്യം ഉദ്യോഗസ്ഥരും കട നടത്തിപ്പുകാരും ചേർന്ന് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. രണ്ടും സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടുന്നതും അവരെ അലോസരപ്പെടുത്തുന്നതും തന്നെ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനേക്കാൾ സർക്കാർ താല്പര്യപ്പെട്ടത്, വീഴ്ചകൾ തുറന്നു കാട്ടിയ പത്രപ്രവർത്തകനെ, എപ്പിഡെമിക് ഡിസീസസ് ആക്റ്റിലൂടെ കൈവന്ന അധിക അധികാരം ഉപയോഗിച്ച് കേസെടുത്ത് ജയിലിലാക്കാനായിരുന്നു.

ഫ്രീലാൻസ് പത്രപ്രവർത്തകനായ സുബൈർ അഹമ്മദിനെതിരെ ആൻഡമാൻ നിക്കോബർ സർക്കാർ കൈക്കൊണ്ടത് തികച്ചും വിചിത്രമായ നടപടിയായിരുന്നു. പരിശോധനയിൽ കൊറോണ പോസിറ്റീവ് ആണെന്നു കണ്ട ബന്ധുവിനോട് മൊബൈൽ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ റഹ് മാനേയും അയാളുടെ കുടുംബത്തിലെ മറ്റു മൂന്നു പേരേയും ക്വാറെന്റയിനിലാക്കിയ സർക്കാർ നടപടി ശരിയായ ഒന്നാണോ എന്ന് ട്വിറ്ററിൽ ഒരു ചോദ്യം പോസ്റ്റു ചെയ്തതിനാണ് സുബൈർ അഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. റഹ് മാനേയും കുടുംബത്തേയും ക്വാറന്റൈനിലാക്കിയ വാർത്ത വന്നത് ഏപ്രിൽ 26 ന്റെ 'ആൻറമാൻ ക്രോണിക്കിളി'ലായിരുന്നു. അതു നൽകിയത് സുബൈർ ആയിരുന്നുമില്ല. "കോവിഡ് രോഗികളോട് ഫോണിൽ സംസാരിച്ച കുടുംബങ്ങളെ ക്വാറന്റൈനിൽ വച്ചത് എന്തുകൊണ്ടാണെന്ന് ആർക്കെങ്കിലും വിശദീകരിക്കാമോ" എന്ന് ട്വിറ്ററിൽ ഒരു ചോദ്യം പോസ്റ്റു ചെയ്യുക മാത്രമേ അദ്ദേഹം ചെയ്തുള്ളു. എങ്കിലും പോലീസ് ആരോപിച്ചത്, "ദ്വീപിൽ കോവിഡ് ബാധ പരക്കുന്നതു നിയന്ത്രിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുക"യാണ് സുബൈർ എന്നായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട സുബൈറിന് കോടതിയിൽ നിന്നും ജാമ്യം നേടിയിട്ടേ പുറത്തു വരാനായുള്ളൂ.

'ദി ഇന്ത്യൻ എക്സ്പ്രസ്സി'ന്റെ ഡൽഹി സിറ്റി എഡീഷനിലെ ചീഫ് റിപ്പോർട്ടറോട് അവർ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ഉറവിടം വെളിപ്പെടുത്താനും പോലീസ് അന്വേഷണത്തിൽ സഹായിക്കാനും ആവശ്യപ്പെട്ടുകൊണ്ടും ഇല്ലെങ്കിൽ വരും വരായ്കകൾ നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടും ഡൽഹി പോലീസ് സന്ദേശമയച്ചത് മെയ് 10 നാണ്. നിയമവിരുദ്ധമായ നടപടിയായിരുന്നു പോലീസിന്റേത്. ഒരു വാർത്തയുടെ ഉറവിടം പോലീസിനു മുന്നിൽ വെളിപ്പെടുത്താൻ പത്രപ്രവർത്തകന് യാതൊരു ബാധ്യതയുമില്ലാത്തതുപോലെ അങ്ങനെ ആവശ്യപ്പെടാൻ പോലീസിന് യാതൊരു തരം അധികാരങ്ങളുമില്ല. മാർച്ച് മദ്ധ്യത്തിൽ ഡൽഹിയിലെ മർക്കസ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗി ജമാ അത്ത് സമ്മേളനത്തെ സംബന്ധിച്ച് പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ മർക്കസ് തലവൻ മൗലാന സാദ് കന്ധാൽവിയുടെ ശബ്ദരേഖയെന്ന പേരിൽ ചിലത് ഉൾപ്പെടുത്തിയിരുന്നു. കോവിഡ് - 19 നെ തടയാനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സാമൂഹ്യ മായ അകലം പാലിക്കൽ വ്യവസ്ഥയും നിരോധനാജ്ഞയും ലംഘിക്കണമെന്ന് മൗലാന സാദ് തന്റെ അനുയായികളോടു പറയുന്നതായിട്ടാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ശബ്ദരേഖ വ്യാജമാണെന്നും പല ഓഡിയോ ക്ലിപ്പുകളിൽ നിന്നും മുറിച്ചെടുത്തും ഒട്ടിച്ചു ചേർത്തും കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമായിരുന്നു 'ദി ഇന്ത്യൻ എക്സ്പ്രസ്സി'ലെ റിപ്പോർട്ട്.

മർക്കസ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗി ജമാ അത്ത് സമ്മേളനം കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. കോവിഡ് ബാധയെ മതാടിസ്ഥാനത്തിൽ പ്രത്യേക നിറം നൽകി പ്രചരിപ്പിക്കാനും അതിലൂടെ വർഗ്ഗീയ രാഷ്ട്രീയം ശക്തിപ്പെടുത്താനും ഈ സമ്മേളനത്തെ സംബന്ധിച്ച വാർത്തകളെ ചിലർ ഉപയോഗപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ മോദി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ വരുന്ന ഡൽഹി പോലീസ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നതിന് സാധാരണയിൽ കവിഞ്ഞ അർത്ഥമുണ്ട്.

കോവിഡ് ഭീഷണിയെ നേരിടുന്നതിന്റെ പേരിൽ അസാധാരണ അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടം ക്രിമിനൽ നിയമങ്ങളെ ദുർവ്വിനിയോഗം ചെയ്തു കൊണ്ട് പത്രപ്രവർത്തകരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൽ ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ 'ദി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ' (The Editors Guild of India) ഉത്ക്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. പത്രപ്രവർത്തകരുടേയോ, പത്രാധിപന്മാരുടേയോ പ്രശ്നമെന്നതിലപ്പുറം സത്യം പറയാനും അറിയാനുമുള്ള ജനാധിപത്യ അവകാശങ്ങളെ നിയന്ത്രിച്ചു നിർത്താനും തടയാനുമുള്ള ഭരണകൂട ശ്രമമായി തന്നെ വേണം ഇതിനെ കാണാൻ. മഹാമാരികളെ നേരിടാനെന്ന പേരിൽ ഭരണകൂടം സ്വായത്തമാക്കുന്ന അമിതാധികാരങ്ങൾ ഏതു ദിശയിലേക്കാണു നീങ്ങുന്നതെന്നു കൂടി ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.