ബിജെപിയുടെ "ആത്മനിർഭര ഭാരതം", ''പൂർണ്ണ സ്വരാജി''ൻറെ കേവല നിഷേധം തന്നെ. by പി.എസ്.രാജഗോപാലൻ




ബിജെപിയുടെ "ആത്മനിർഭര ഭാരതം", ''പൂർണ്ണ സ്വരാജി''ൻറെ കേവല നിഷേധം തന്നെ.

by പി.എസ്.രാജഗോപാലൻ



28/5/2020-ൻറെ 'മാതൃഭൂമി' പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കൊറോണ പാക്കേജിനെക്കുറിച്ച് ബി ജെ പി നേതാവ് എ. എൻ. രാധാകൃഷ്ണന്റെ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ രാധാകൃഷ്ണൻ പ്രതിപാദിക്കുന്ന വിതണ്ഡവാദങ്ങളും പത്രത്തിന്റെ ഇതേ പേജിൽത്തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന, കൊറോണക്കെതിരെ അശാസ്ത്രീയ നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന ബ്രസീലടക്കമുള്ള രാജ്യങ്ങളുടെ പ്രവൃത്തികളും എങ്ങിനെ പരസ്പരം ഇഴ ചേരുന്നു എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അതോടൊപ്പം ഇതേ പത്രത്തിന്റെ ആറാം പേജിലെ രണ്ടു വാർത്തകളുടെ ഉള്ളടക്കത്തേയും ഇതോടൊപ്പം വിലയിരുത്താൻ ശ്രമിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ കൊറോണ പാക്കേജിനെ അനുമോദിച്ചുകൊണ്ടുള്ള രാധാകൃഷ്ണന്റെ കുറിപ്പ് ആരംഭിക്കുന്നതു തന്നെ ചരിത്ര വിരുദ്ധമായ ഒരു നുണ പറഞ്ഞു കൊണ്ടാണ്. "ആത്മ നിർഭർ ഭാരത് '' എന്ന സങ്കല്പത്തിന്റെ ആത്മാവ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വല ആശയമായ 'പൂർണ്ണ സ്വരാജ്'ന്റെ പിൻതുടർച്ചയാണെന്നാണു രാധാകൃഷ്ണൻ പറയുന്നത്. ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന 'പൂർണ്ണ സ്വരാജി'ന്റെ ലക്ഷ്യം നേടാൻ ശ്രമിക്കുമ്പോൾ ഇന്ന് ബഹുരാഷ്ട്ര കമ്പനികളുടെ യൂണിറ്റുകളും വേണ്ടി വരുമെന്ന് വളരെ ലാഘവത്തോടെ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയാണ് രാധാകൃഷ്ണൻ. 'പൂർണ്ണ സ്വരാജി'ന്റെ പിൻതുടർച്ചയാണ് 'ആത്മനിർഭർ ഭാരത്' എന്നത് ഒരു പച്ചക്കള്ളവും ബഹുരാഷ്ട്ര കുത്തകകളെ ഒഴിവാക്കാനാവില്ലെന്ന പ്രസ്താവം തികഞ്ഞ രാജ്യദ്രോഹ പ്രഖ്യാപനവുമാണ്. 'പൂർണ്ണ സ്വരാജ്' ആണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് ഗാന്ധിജിയാണ് എന്നത് തന്റെ കുറിപ്പിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയിരിക്കുന്നു രാധാകൃഷ്ണൻ. കാരണം, ഗാന്ധിജി പ്രഖ്യാപിച്ച 'പൂർണ്ണ സ്വരാജ്'  സാമ്രാജ്യത്വ മേധാവിയായ ബ്രിട്ടന്റെ ഒരംശവും - ഒരു നിഴൽ പോലും അവശേഷിപ്പിക്കാത്ത ഇന്ത്യ എന്ന പ്രഖ്യാപനമായിരുന്നു. ഇവിടെ രാധാകൃഷ്ണൻ പൂർണ്ണ സ്വരാജിനോടൊപ്പം സാമ്രാജ്യത്വത്തിന്റേയും ഫിനാൻസ് മ്യധനത്തിന്റേയും പ്രത്യക്ഷ രൂപങ്ങൾ എന്നു തന്നെ പറയാവുന്ന ബഹുരാഷ്ട്രകുത്തക കളുടെ സേവനത്തേയും കൂട്ടിക്കെട്ടിക്കൊണ്ട് തികഞ്ഞ ഒരു വഞ്ചകന്റെ ദുഷ്ട ബുദ്ധിയാണ് പ്രയോഗിക്കുന്നത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘട്ടത്തിലും അതിനോട് സഹകരിക്കാതെ, ഒരു വേള - ഫലത്തിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ തന്നെ എതിർത്തുകൊണ്ടിരുന്നവരാണ് അന്നത്തെ ഹിന്ദു മതമൗലികവാദ സംഘടനളൊക്കെത്തന്നെ.ബ്രിട്ടനെതിരെ സമരം ചെയ്ത് നാം നമ്മുടെ ശക്തി ക്ഷയിപ്പിക്കരുത് എന്നും ഇന്ത്യയിലേക്ക് ആദ്യമെത്തിയ ശത്രുക്കൾ മുസ്ലീമുകളാണ് - അതിനാൽ അവർക്കെതിരെയാണ് നാം സമരം ചെയ്യേണ്ടതെന്നുമായിരുന്നു അക്കാലത്തെ ഹിന്ദു സംഘടനകളുടെ പ്രചാരണം. സാമ്രാജ്യത്വത്തെ സേവിക്കുന്ന ഈ ആശയത്തിന്റെ കരുത്ത് കൂട്ടിക്കൊണ്ടാണ് ഗോൾവാൾക്കർ ഹൈന്ദവ മതമൗലികവാദ സംഘടനകളുടെ ആശയ ആവിഷ്കാര രേഖകളിലൊന്നായ 'വിചാരധാര' എന്ന തന്റെ കൃതിയിൽ ഇന്ത്യയുടെ ശത്രുക്കളായി മുസ്ലീമുകളേയും  ക്രിസ്ത്യാനികളേയും  കമ്യൂണിസ്റ്റുകളേയും എണ്ണിയെടുത്തത്. ഇവിടെ ഇതിന് സമാന്തരമായി വരുന്ന സവർക്കർ ചരിതമൊക്കെ നിരവധി ഘട്ടങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ഈ കുറിപ്പിൽ അത് ഒഴിവാക്കുന്നു. അങ്ങനെ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭ ഘട്ടങ്ങളിലെല്ലാം തന്നെ ബ്രിട്ടനെതിരെ പോരാടുന്നതിൽ നിന്നും ഇന്ത്യൻ ജനതയെ പിൻതിരിപ്പിക്കുകയായിരുന്നു അക്കാലത്തെ ഹൈന്ദവ മത നേതൃത്വവും അവരുടെ ആശയപ്രകാശന ഗ്രന്ഥമായ 'വിചാരധാര'യും. ആ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഉയർന്ന ഘട്ടത്തിലാണ് ഗാന്ധിജി ഇന്ത്യയുടെ ലക്ഷ്യം ബ്രിട്ടന്റേയോ മറ്റ് ഏതെങ്കിലും സാമ്രാജ്യത്വ മേൽകോയ്മയുടേയോ ആധിപത്യം അംഗീകരിക്കാത്ത ഒരു പൂർണ്ണ സ്വരാജ് ആണ് എന്ന് പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനത്തേയും അതിന്റെ ചുവടു പിടിച്ചു കൊണ്ട് ദേശീയ പ്രസ്ഥാനം നടത്തിയ പ്രക്ഷോഭങ്ങളേയുമൊക്കെയാണ് 'വിചാരധാര'യെ പ്രമാണ ഗ്രന്ഥമായി കാണുന്ന ബി ജെ പി നേതാവ്  രാധാകൃഷ്ണൻ ഇവിടെ അപമാനിക്കുന്നത്.

കൊറോണാനന്തര രാജ്യത്തിന്റെ പുനർ സൃഷ്ടിക്കായി ബഹുരാഷ്ട്ര കമ്പനികളുടെ നിർമ്മാണ യൂണിറ്റുകളും വേണ്ടിവരുമെന്ന രാധകൃഷ്ണവാദം നോക്കാം. കൊറോണ ബാധയെ തുടർന്ന് ദുരിതത്തിലായവർക്ക് സഹായമെത്തിക്കാൻ എന്ന പേരിൽ കേന്ദ്ര ധനകാര്യ മന്ത്രി പല ദിവസങ്ങളെടുത്തു പ്രഖ്യാപിച്ച തുടരൻ പാക്കേജ് പ്രകാരം ISRO എന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും പ്രതിരോധ മേഖലയുമടക്കം രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളെ വരെ ആഗോള മൂലധന കുത്തകകൾക്ക് തുറന്നു കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതായത്, ഫലത്തിൽ രാജ്യത്തിന്റെ പ്രതിരോധ സംവിധാനമടക്കം പൊതുമേഖലയുടെ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണത്തിലെ ഒരു സുപ്രധാന ഘട്ടം പൂർത്തിയാക്കുകയാണ് മോദി സംഘം. മോദി - ഷാ സഖ്യം നടപ്പാക്കാൻ തുടങ്ങിയ പൗരത്വ നിയമ ഭേതഗതിയുടേയും NRC യുടേയുമൊക്കെ സാഹചര്യത്തെ ഇതുമായി കൂട്ടി വായിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം നമുക്ക് മനസ്സിലാകും. പ്രതിരോധ മേഖലയെ സ്വകാര്യവൽക്കരിക്കുന്നവർ വരും നാളുകളിൽ ബ്രഹ്മർഷി, രാജർഷി പോലുള്ള സവർണ്ണ സ്വകാര്യ സേനകളേക്കൂടി പ്രതിരോധ സേനകളിലേക്ക് ഉൾപ്പെടുത്തിയേക്കാം. 

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഫിനാൻസ് മൂലധനത്തിന്റെ പ്രത്യക്ഷ രൂപമായ ബഹുരാഷ്ട്ര കുത്തക കമ്പനികൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ കൂടി ഹനിക്കുന്നവയാണ് എന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. സ്വാതന്ത്ര്യവും സ്വരാജുമല്ല, മറിച്ച് പാരതന്ത്ര്യവും പരാശ്രിതത്വവുമാണ് അവയുടെ സംഭാവന. ഭോപ്പാലിൽ മഹാദുരന്തം വിതച്ച യൂണിയൻ കാർബൈഡു പോലുള്ള കുത്തകകൾ ഫിനാൻസ് മൂലധനത്തിന്റെ നിർമ്മാനുഷികത വെളിപ്പെടുത്തുന്ന മാതൃകകളാണ്. ആ യൂണിയൻ കാർബൈഡ് കമ്പനിയുടെ മേധാവികളിൽ ഒരാൾക്കു പോലും നേരിട്ട് കേസിനെ അഭിമുഖീകരിക്കേണ്ടി വന്നില്ല. മരിച്ചവരുടെ കുടുംബങ്ങൾക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കോടതി വിധിച്ച നഷ്ടപരിഹാരം തുലോം തുച്ഛമായിരുന്നു എന്നതും നാമോർക്കണം.

പ്രവർത്തനം തുടങ്ങി രണ്ടു കൊല്ലത്തിനകം ഒരു താലൂക്കിലെ മുഴുവൻ ജനങ്ങളുടേയും കുടിവെള്ളം മുട്ടിച്ച, ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് പാലക്കാട്ടെ പ്ലാച്ചിമടയിൽ നിന്ന് പ്രവർത്തനം നിർത്തി പോകേണ്ടി വന്ന കൊക്കാ കോളയാണ് മറ്റൊരു ഉദാഹരണം. കമ്പനി പൂട്ടിയ ശേഷം നടന്ന, നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട കേസും തുടർ നടപടികളും മാറി മാറി വരുന്ന സർക്കാരുകളുടെ ഗൗരവപൂർവ്വമായ ഇടപെടലുകളുടെ അഭാവത്താൽ കൂടി ഇപ്പോഴും ഒരു പരിഹാരത്തിലെത്താതെ നീണ്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന പെപ്സി കോള കമ്പനിയുടെ അനിയന്ത്രിതവും - തി കച്ചും അശാസ്ത്രീയവുമായ ശുദ്ധജലമൂറ്റലിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നുവന്നു കൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെയങ്ങിനെ ഇനിയും എത്രയോ ജനദ്രോഹ - ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ള ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് നമുക്ക് കണ്ടെത്താനാവും. ഇത്തരം ജനദ്രോഹ ശക്തികളായ ബഹുരാഷ്ട്ര കമ്പനികളെയാണ് രാധാകൃഷ്ണനും സംഘവും കൊറോണാനന്തര ഇന്ത്യയുടെ വികസനത്തിനായി അരുമയോടെ താരാട്ടുമായി ഇങ്ങോട് കൊണ്ടുവരാൻ പോകുന്നത്.ഇത് ദേശവിരുദ്ധതയാണ്. ഉത്തരം ദേശവിരുദ്ധ തകൾ മാത്രം ഉൾക്കൊള്ളുന്ന "ആത്മ നിർഭർ ഭാരത് " എന്ന ഈ സാമ്രാജ്യത്വാശ്രിത പദ്ധതിയെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യ ഏടായി ഉയർന്നു നിൽക്കുന്ന 'പൂർണ്ണ സ്വരാജ്'ന്റെ പിൻതുടർച്ചയായി ഘോഷിച്ച് സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ - ആ പ്രക്ഷോഭങ്ങളിൽ വീരമൃത്യു വരിച്ച പേരറിയുന്നവും പേരറിയാത്തവരുമായ പതിനായിരക്കണക്കിന് രക്തസാക്ഷികളെ അപമാനിക്കുക തന്നെയാണ് രാധാ കൃഷ്ണൻ. രാധാകൃഷ്ണന്റെ ഈ കുറിപ്പ് മാതൃഭൂമി പോലൊരു പത്രം - അതും എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കരുതായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തെ സഹായിക്കാനായിക്കൊണ്ടു കൂടിയാണ് കെ.കേളപ്പനും അബ്ദുൾ റഹ്മാൻ സാഹിബു മൊക്കെയടങ്ങുന്ന മലയാളത്തിലെ പ്രസ്ഥാന നേതാക്കൾ കർഷകരിൽ നിന്ന്, കർഷക തൊഴിലാളികളിൽ നിന്ന്,അന്നത്തെ ഇതര അദ്ധ്വാന വിഭാഗങ്ങളിൽ നിന്ന് കുമ്പിളിൽ പരിച്ചെടുത്ത വിയർപ്പിന്റെ മണമുള്ള ചില്ലറ തുട്ടുകൾ ചിലവഴിച്ച് ഉണ്ടാക്കിയെടുത്തതാണ് മാതൃഭൂമി എന്ന ഈ പത്രം. ആ പത്രത്തിന്റെ താളുകളെത്തന്നെ ദേശീയ പ്രസ്ഥാനത്തെ അപമാനിക്കാൻ വേണ്ടി വിട്ടുകൊടുത്തത് ചരിത്രത്തോട് തന്നെയുള്ള കുറ്റമാണ് എന്ന് പറയാനെ തരമില്ല.



അടുത്തത് ഈ "ആത്മ നിർഭർഭാരത്''കാരുടെ  ഗുജറാത്ത് - 'പഞ്ചഗവ്യം' എന്ന പശു രസായനത്തെ കൊറോണക്കുള്ള മരുന്നായി പരീക്ഷിക്കാൻ തീരുമാനിച്ചു എന്ന വാർത്തയാണ്. പാത്രമടിച്ച്, പന്തം കൊളുത്തി, പുഷ്പവൃഷ്ടി നടത്തി,പൊങ്കാലയടുപ്പിൽ തീയിട്ട് ചൂട് കൂട്ടി, ചാണകവും ഗോമൂത്രവും  കഴിച്ച്, ഗംഗാജലത്തിൽ നിന്ന് മരുന്നുണ്ടാക്കാൻ ശ്രമിച്ച് അങ്ങിനെ അങ്ങിനെ ഒരു പാട് ക്രിയകൾ കൊറോണ വൈറസിനെതിരെ പരീക്ഷിച്ച് പരാജയമടഞ്ഞ ശേഷമാണ് ഇപ്പോൾ ഈ സംഘം പഞ്ചഗവ്യവുമായി ഇറങ്ങിയിരിക്കുന്നത്. പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ കൂട്ടി കലക്കിയതിനെയാണ് പഞ്ചഗവ്യം എന്ന് പറയുന്നത്. രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പതിനഞ്ച് ദിവസം ഈ പഞ്ചഗവ്യ പരീക്ഷണം നടത്താണത്രേ തീരുമാനം. കഷ്ടം. ഇത്തരം ജന്മങ്ങളാണല്ലോ ഈ ആധുനിക കാലത്ത് നമ്മെ നയിക്കുന്നത് എന്നോർത്ത് ലജ്ജിക്കുകയല്ലാതെ തൽക്കാലം മറ്റു മാർഗങ്ങളൊന്നുമില്ല തന്നെ.

ഗുജറാത്തിൽ നിന്ന് 'ശ്രമിക്' തീവണ്ടിയിൽ ബീഹാറിലെ കത്തി ഹാറിലേക്ക് യാത്ര തിരിച്ച ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ മാതാവായ ഇരുപത്തിമൂന്നുകാരിഭക്ഷണം കിട്ടാതെ - വെള്ളം പോലും കിട്ടാതെ നിർജ്ജലീകരണത്താൽ വണ്ടിക്കകത്ത് മരിച്ചുവീണ വാർത്തയും ഇതോടൊപ്പമുണ്ട്. ഈ മൃതദേഹവുമായി ആ കുടുംബത്തെ റെയിൽവെ അധികൃതർ മുസഫർപൂർ സ്റ്റേഷനിൽ ഇറക്കിവിട്ടു എന്നാണ് ആ വാർത്ത. മുസഫർപൂർ റെയിൽവെ സ്റ്റേഷനിൽ പുതപ്പ് കൊണ്ട് മൂടി കിടത്തിയിരിക്കുന്ന മൃതദേഹത്തെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ചിത്രം ഇന്ന് എല്ലാ വർത്താ മാധ്യമങ്ങളിലുമുണ്ട്. മോദിയുടെ 'ആത്മനിർഭർ ഭാരത'ത്തിലാണ് ഇത് നടന്നത് എന്ന് മറക്കരുത്. ഈ മാസം തന്നെയാണ് മോദി നിൽക്കാൻ പറഞ്ഞിടത്ത് നിന്ന് ഭക്ഷണമോ കുടിവെള്ളം പോലുമോ കിട്ടാതെ നരകിച്ചപ്പോൾ സ്വന്തം ഗ്രാമത്തിൽ കിടന്ന് മരിക്കുകയെങ്കിലും ചെയ്യാമല്ലോ എന്ന പ്രതീക്ഷയുമായി 300 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് നടന്നു തുടങ്ങിയ ഗർഭിണിയായ സ്ത്രീക്കാണ് എകദേശം 200 കിലോമീറ്റർ എത്തിയപ്പോൾ വഴിയരികിൽ കിടന്നു പ്രസവിക്കേണ്ടി വന്നത്. ചോരക്കുഞ്ഞിനെ തുടച്ചെടുത്ത ആ സ്ത്രീ ഒന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷം ബാക്കി 100 കിലോമീറ്റർ താണ്ടാനുള്ള നടപ്പ് തുടർന്നു എന്നായിരുന്നു വാർത്ത. ഈ വാർത്തയൊക്കെ കണ്ട് ആഹ്ളാദ ചിത്തനായ ഒരു യഥാർത്ഥ മലയാളി സംഘ പുത്രൻ മോഹനദാസൻ പറഞ്ഞത് നടപ്പ് ഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്നും ഇവരൊക്കെ നടക്കുന്നത് ഭക്ഷണമോ വാഹനമോ കിട്ടാത്തതിനാലല്ല; മറിച്ച് ആ പഴയ മഹത്തായ സാംസ്ക്കാരിക പരമ്പര്യം ഉൾക്കൊണ്ടു കൊണ്ടാണ് എന്നുമായിരുന്നു. പെരുവഴിയിൽ പ്രസവിക്കുന്നതും ഇവരുടെയൊക്കെ സവർണ്ണ - ബ്രാഹ്മണ്യ - ആർഷഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്ന് എന്തുകൊണ്ടോ മോഹനദാസൻ മൊഴിഞ്ഞില്ല....അത്രയെങ്കിലും ഭാഗ്യം....

ഇതൊക്കെയാണ് 'ആത്മനിർഭർ ഭാരതി'ന്റെ ആരംഭത്തിലെ കാഴ്ചകൾ. ഇനി ഇതിന്റെ മുന്നോട്ടുള്ള പ്രയാണം ഇതിലേറെ ബീഭത്സമായിരിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. കോവിഡ് - 19 മഹാമാരിയുടെ ഈ കാലത്ത് ഇത്തരം ജനവിരുദ്ധ - ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് ലോകത്ത് മോദി - ഷാ സംഘം നയിക്കുന്ന സംഘ പരിവാര ഭരണമോ അവരുടെ അനുയായികളായ രാധാകൃഷ്ണന്മാരോ മാത്രമല്ല. മോദിയുടെ അടുത്ത സുഹൃത്തുക്കളായ ട്രംപും ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയും മറ്റും ഇത്തരം പ്രവർത്തനങ്ങളിൽ മോദിക്ക് വെല്ലുവിളി സൃഷ്ടിച്ച് മുന്നേരക തന്നെയാണ്. കൊറോണ വൈറസിനെ നശിപ്പിക്കാൻ രോഗിയുടെ ശരീരത്തിൽ കീടനാശിനികൾ അടിച്ചു നോക്കാവുന്നതാണ് എന്നും, വേണമെങ്കിൽ കുടിച്ചു നോക്കാമെന്നു പോലും പറഞ്ഞു ട്രംപ്. മാത്രമല്ല ആൾട്രാ വൈലറ്റ് രശ്മികൾ വരെ വൈറസിനെതിരെ രോഗികളിൽ പ്രയോഗിച്ചു നോക്കാമെന്നും അഭിപ്രായപ്പെട്ടു ആ മഹാപ്രതിഭ! ഗോമൂത്രവാദിയായ മോദിയുടെ യഥാർത്ഥ സുഹൃത്തു തന്നെ ട്രംപ്.

ബ്രസീൽ പ്രസിഡന്റ് ബൊൽസൊനാരോ യാകട്ടെ ഒട്ടും കുറച്ചില്ല. എന്തിനാണ് ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കുന്നത്? എല്ലാവരും ഒരു ദിവസം മരിക്കാനുള്ളതാണ്. ഇതാണു പോലും ബൊൽസൊനാരോ ബ്രസീലിയൻ ജനതയോട് സ്നേഹപൂർവ്വം മൊഴിഞ്ഞത്. ബ്രസീലുകാർ പ്രതിരോധ ശക്തി കൂടിയവരാണ്. അവരെ കൊറോണ വൈറസ് ബാധിക്കില്ല എന്നും അദ്ദേഹം ബോധവത്ക്കരിച്ചു. മാസ്ക് ധരിക്കാതെ ജനങ്ങളെ കൂട്ടം കൂടാൻ നേതൃത്വം കൊടുത്ത് അവരോടൊപ്പം റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ച് അങ്ങനെ തന്നാലാവുന്ന തരത്തിലൊക്കെ വൈറസിനെ വെല്ലുവിളിച്ചു ആ പ്രസിഡന്റ്. അഭിപ്രായ വ്യത്യാസം പറഞ്ഞ ആരോഗ്യ മന്ത്രിയെ പുറത്താക്കി മറ്റൊരാളെ നിയമിച്ചു. പ്രസിഡന്റിന്റെ മണ്ടത്തരങ്ങൾ സഹിക്കാതെ അയാൾ തൽസ്ഥാനം രാജി വച്ച് ഒഴിഞ്ഞുപോയി. ഇപ്പോൾ ബ്രസീലിൽ ഒരു ആരോഗ്യ മന്ത്രി ഇല്ല. മോദിക്കും ട്രമ്പിനും ഒത്ത സുഹൃത്ത് തന്നെയാണ് ഈ ബൊൽസൊനാരോ എന്നതിൽ യാതൊരു തർക്കത്തിനും സാംഗത്യമില്ല. (കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് വംശീയവാദിയും വലതുപക്ഷക്കാരനും ആയ ഈ ബൊൽസനാരോയെയാണ് മോദി സർക്കാർ വിശിഷ്ടാതിഥിയായി ക്ഷണിച്ചു വരുത്തി ആദരിച്ചത്.) എന്നാൽ ഈ തല തിരിഞ്ഞ മണ്ടൻ തീരുമാനത്തിനെതിരെ സാവോ പോളോ ഗവർണർ ജൊവോറോഡിയ,റിയോ ഡി ജനീറോ ഗവർണർ വിൽസൺ വിറ്റ്സൽ എന്നിവർ പരസ്യമായിത്തന്നെ രംഗത്തുവന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും,സിനിമാശാലകളും മാളുകളും ഡാൻസ് ബാറുകളും തങ്ങളുടെ അധികാര മേഖലകളിൽ ആ ഗവർണർമാർ അടച്ചു പൂട്ടി. പക്ഷെ, ആദ്യ ഘട്ടത്തിലെ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലായ്മയാൽ സംഭവിച്ച പാളിച്ചകളാൽ ബ്രസീലിൽ രോഗികളുടേയും മരണമടയുന്നവരുടേയും എണ്ണം കുതിച്ചുയരുക തന്നെയാണ്.

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, വംശീയ - സ്ത്രീവിരുദ്ധ പരാമർശങ്ങൾ എന്നിവയിലൂടെയൊക്കെ കുപ്രസിദ്ധനായ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് കോവിഡ്- 19 ന്റെ ആദ്യഘട്ടം ഒരു നിയന്ത്രണവും വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു. പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് കണ്ടപ്പോൾ നിലപാട് തിരുത്തിക്കൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാത്രമല്ല, നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലാൻ പോലീസിനും സൈന്യത്തിനും നിർദ്ദേശവും നൽകി. 'ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് ' എന്ന നമ്മുടെ - മലയാളികളുടെ പഴമൊഴി ഫിലിപ്പീൻസ് പ്രസിഡന്റ് വരെ അന്വർത്ഥമാക്കുന്ന കാലമാണ് ഈ കൊറോണ കാലം. മോദിയുടെ പ്രധാന കൂട്ടുകാരനാവാൻ എന്തുകൊണ്ടും യോഗ്യൻ തന്നെ ഈ ഫിലിപ്പിൻസ് പ്രസിഡൻറ്.

പള്ളികൾ തുറന്ന് പ്രാർത്ഥിച്ചാൽ സാത്താനയച്ച വൈറസ് നശിക്കുമെന്നാണ് ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുലി പറയുന്നത്. ഇഞ്ചിയും നാരങ്ങയും ചേർന്ന മിത്രം തന്റെ മകന്റെ കൊറോണ മാറ്റി എന്നും ജോൺ മഗുഫുലി പറയുന്നു. മോദി സംഘത്തിൽ കൂട്ടാൻ പറ്റിയ ആൾ തന്നെ എന്ന് ഉറപ്പ്.

കൊറോണ വ്യാപനം മറച്ചുവെച്ചു കൊണ്ട് ജനങ്ങളെ പറ്റിച്ച ശേഷം പ്രാർത്ഥിച്ച് കൊറോണയെ മാറ്റാമെന്നും, ചൂടു കൂടുതലായതിനാൽ ഇന്തോനേഷ്യയെ കൊറോണ ബാധിക്കില്ല എന്നും പ്രഖ്യാപിച്ച (പൊങ്കാല അടുപ്പിൽ നിന്നും ഉയരുന്ന ചൂട് ചൈനയിലെ കൊറോണ വൈറസിനെ വരെ ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ച BJP യുടെ രാജ്യസഭാ അംഗം സുരേഷ് ഗോപിയെ ഓർക്കാം.) ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും മോദി സംലത്തിൽ അംഗമാവാൻ സർവ്വഥാ യോഗ്യൻ തന്നെ.

നിരന്തരം റാലികൾ സംഘടിപ്പിച്ച്, അണികൾക്ക് കൈകൊടുത്ത്, അണികളെ ചുംബിച്ച് ആഘോഷമായി ജീവിക്കൂ എന്ന് ആഹ്വാനം ചെയ്തു കൊണ്ട്, അങ്ങിനെ ചെയ്ത് കാണിച്ചു കൊണ്ട് മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രദോർ. ഫെബ്രുവരിയിൽ ട്റംപിനെ ഗുജറാത്തിലും ഡെൽഹിയിലുമൊക്കെ കൊണ്ടു നടന്ന് റാലി നടത്തി, കെട്ടിപ്പിടിച്ച മോദി ഇതൊക്കെ നേരത്തെ തെളിയിച്ചു കഴിഞ്ഞതാണ് എന്ന് നാമോർക്കണം. അങ്ങിനെ ഈ കൊറോണ വൈറസ് ലോകത്ത് നിലവിൽ ഉള്ള മറ്റ് മോദി പാരമ്പര്യക്കാരെ തിരിച്ചറിയാനും അവരെയൊക്കെ ഒരേ ചരടിൽ കോർത്തിണക്കാനും സഹായകരമായി എന്നർത്ഥം....

സാഹചര്യം ഇങ്ങനെ വികസിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് രാധാകൃഷ്ണൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെത്തന്നെ അവഹേളിച്ചു കൊണ്ട് ആദ്യം പറഞ്ഞ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇവിടെ വിശദീകരിച്ചതു പോലുള്ള ജനവിരുദ്ധ - ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഇത്തരം മോദിമാരുടെ വിശ്വസ്ത അനുയായിയായ രാധാകൃഷ്ണനേപ്പോലുള്ള ജന്മങ്ങൾ ഇത്തരം വൈകൃതങ്ങൾ പടച്ചു വിട്ടില്ല എങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ....