കോവിഡിനെ നേരിടാനെന്ന പേരിൽ സുതാര്യമല്ലാത്ത മറ്റൊരു നിധിശേഖരണം by റോബിൻസൺ




കോവിഡിനെ നേരിടാനെന്ന പേരിൽ സുതാര്യമല്ലാത്ത മറ്റൊരു നിധിശേഖരണം

 by റോബിൻസൺ 



2020 മാർച്ച് 28 നാണ് ജന സേവനത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക സഹായ നിധി രൂപം കൊണ്ടത്. പി എം കെയേർസ് ഫണ്ട് (PM CARES Fund) എന്നു ചുരുക്കപ്പേര്. (ജനങ്ങളോട് ) കരുതലോ, ശ്രദ്ധയോ, പരിഗണനയോ കാണിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക നിധിയാണിതെന്ന് ഈ ചുരുക്കപ്പേര് കേട്ടാൽ തോന്നും. നിധിയുടെ മുഴുവൻ പേര്, 'അടിയന്തിര സാഹചര്യങ്ങളിൽ പൗരന്മാർക്ക് സഹായവും സമാശ്വാസവും നൽകാൻ വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ നിധി' (Prime Minister's Citizen Assistance and Relief in Emergency Situations Fund) എന്നാണ്. നോവൽ കൊറോണ വൈറസിനെ നേരിടുന്നതിനു വേണ്ടി നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരമാണ് പുതിയ നിധി സ്വരൂപിക്കുന്നതെന്ന് അറിയിച്ച പ്രധാനമന്ത്രി അതിലേക്കു സംഭാവന നൽകാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കോവിഡ് 19 നെതിരെ ഇന്ത്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തിക സഹായം നൽകാൻ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർ മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരുടെ ആവേശത്തെ മാനിച്ചാണ് പുതിയ നിധി രൂപീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പേരിലുള്ള ഈ നിധിയിലേക്ക് വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ സംഭാവനകൾ നൽകാമെന്നാണു വ്യവസ്ഥ. ബജറ്റിൽ ഇതിലേക്കു തുക മാറ്റി വക്കുന്നതല്ല. പി. എം. കെയേർസ് ഫണ്ടിലേക്ക്  
നൽകപ്പെടുന്ന തുക നികുതി വിമുക്തമായിരിക്കും. വിദേശത്തു നിന്നു സംഭാവനകൾ സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നു മാത്രമല്ല, അത്തരം സംഭാവനകളെ  '2010 ലെ വിദേശ സംഭാവന (ക്രമീകരണ) നിയമ'ത്തിന്റെ വ്യവസ്ഥകളിൽ (Foreign Contribution ( Regulation) Act, 2010) നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. (2018 ലെ പ്രളയത്തെ തുടർന്ന് തകർന്നു പോയ കേരളത്തിന്റെ ദുരിതാശ്വാസത്തിനു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ നിന്നും വാഗ്ദാനം ലഭിച്ച സംഭാവനകളെ ഒന്നാം മോദി സർക്കാർ വിലക്കുകയായിരുന്നു എന്നോർക്കുക.) വിദേശത്തു നിന്നു കൂടി സംഭാവനകൾ വാങ്ങി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ മോദി സർക്കാരിനെ വിമർശിക്കുന്നവയാണ് എങ്കിൽ അവയെ അടച്ചു പൂട്ടിക്കാനും അവയുടെ പ്രവർത്തകരെ ജയിലിലടക്കാനും സർക്കാർ ഉപയോഗപ്പെടുത്താറുള്ളത് മേൽപ്പറഞ്ഞ ഫോറിൻ കോൺട്രിബ്യൂഷൻ ആക്റ്റാണ്. എങ്കിലും P M Cares Fund ലേക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാൻ ഇതൊന്നും തടസ്സമായില്ല. ഇന്ത്യയുമായി വൻതോതിൽ ആയുധക്കച്ചവടം നടത്തുന്ന റഷ്യൻ കമ്പനി റോസോബൊറോണെക്സ്പോർട്ട് (Rosoboronexport) 2 മില്യൺ ഡോളറിനു തുല്യമായ തുക (15.3 കോടി രൂപ) യാണ് ഇതിലേക്കു സംഭാവന ചെയ്തത്. ഒരു മഹാമാരി മൂലമുണ്ടായ ദുരിതങ്ങൾക്കു പരിഹാരമുണ്ടാക്കാനായി സ്വരൂപിക്കുന്ന ഒരു നിധിയിലേക്ക്, ഇന്ത്യയിൽ ബിസിനസ്സ് താല്പര്യമുള്ള ഒരു വിദേശ കമ്പനിയിൽ നിന്നും സംഭാവന സ്വീകരിക്കാൻ തീരുമാനിക്കുമ്പോൾ അത് സർക്കാരിന്റെ നയത്തെപ്പറ്റി സംശയമുണ്ടാക്കുന്നത് സ്വാഭാവികം മാത്രം. 

കമ്പനികളും കോർപ്പറേറ്റുകളും 'പി.എം. കെയേഴ്സ് നിധി'യിലേക്ക് പണം സംഭാവന ചെയ്താൽ, ആ തുക കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായി നിയമപരമായി ചെലവിടേണ്ട തുകയായി കണക്കാക്കുകയും അതനുസരിച്ചുള്ള നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അവരെ അർഹരാക്കുകയും ചെയ്യുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമ്പനികളും കോർപ്പറേറ്റ് സ്ഥാപനങ്ങളുമൊക്കെ അവയുടെ ലാഭത്തിന്റെ ഒരു വിഹിതം സാമൂഹ്യ ഉത്തരവാദിത്തം (CSR - Corporate Social Responsibility) നിർവ്വഹിക്കാനായി ചെലവിടണമെന്ന ഒരു ധാരണ മുമ്പു മുതലേ ഉണ്ട്. കമ്പനികളുടെ ധാർമ്മികവും സേവനപരവുമായ ഉത്തരവാദിത്തമായിട്ടാണ് അതു കണക്കാക്കപ്പെടുന്നത്.2013 ൽ ഇന്ത്യയിലെ കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതിയെ തുടർന്ന് ഇന്ത്യയിലെ കമ്പനികളും CSR വ്യവസ്ഥ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. 5 കോടി രൂപയിൽ കൂടുതൽ വാർഷിക അറ്റാദായമുള്ള കമ്പനികൾ ആദായത്തിന്റെ 2% വരുന്ന തുക ഇതിനായി ചെലവിടണം. എന്നാൽ ഒരു കമ്പനി CSR ഇനത്തിൽ ചെലവിടേണ്ട തുകയുടെ ഒരു ഭാഗം ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താൽ അതു നികുതിയിളവിനു യോഗ്യമല്ലെന്നും ആ സംഭാവന CSR വ്യവസ്ഥ പ്രകാരം ചെലവിട്ടതാണെന്നു പരിഗണിക്കുകയില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. മറിച്ച് PM CARES Fund ലേക്ക് പണം സംഭാവന ചെയ്താൽ അത് CSR പ്രകാരം ലഭിക്കേണ്ട ഇളവുകൾക്ക് അർഹമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. കോർപ്പറേറ്റുകളിൽ നിന്നും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്താതിരിക്കാനും എന്നാൽ PM CARES Fund ൽ അതെത്തിച്ചേരുമെന്നു ഉറപ്പു വരുത്താനും ബോധപൂർവ്വം ഉൾപ്പെടുത്തിയ വ്യവസ്ഥകളാണ് അതിനുള്ളത്.

പി.എം. കെയേഴ്സ് ഫണ്ട് രൂപം കൊണ്ടിട്ട് രണ്ടു മാസം തികഞ്ഞിട്ടില്ലെങ്കിൽ പോലും ആയിരക്കണക്കിനു കോടി രൂപ അതിൽ കുമിഞ്ഞു കൂടിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഈ കരുതൽ നിധിയിലേക്കു പണം നിക്ഷേപിക്കാൻ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ക്യൂ നിൽക്കുകയാണെന്നു പറഞ്ഞാൽ തെറ്റില്ല. മാർച്ച് 28 നു ഈ പ്രത്യേക നിധിയുടെ രൂപീകരണം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശം പുറത്തു വന്ന് അര മണിക്കൂറിനകം ഐ എ എസ് ഓഫീസർമാരുടെ സംഘടന 21 ലക്ഷം രൂപയും ഹിന്ദി സിനിമാ നടൻ അക്ഷയ് കുമാർ 25 കോടി രൂപയും നിധിയിലേക്കു സംഭാവന ചെയതു. ആദ്യത്തെ ഒറ്റ ആഴ്ചക്കകം പരസ്യമായി പ്രഖ്യാപിച്ചു കൊണ്ട് നിധിയിലേക്കു സംഭാവന ചെയ്യപ്പെട്ട തുക മാത്രം 6500 കോടി രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. പരസ്യ പ്രഖ്യാപനങ്ങളുടെ അകമ്പടി കൂടാതെ വന്നു ചേർന്ന തുക വേറെ. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഓരോ ദിവസത്തെ ശമ്പളം നിധിയിലേക്കു സംഭാവന ചെയ്യപ്പെട്ടു. തൊഴിലാളികളുടേയും ജീവനക്കാരുടേയും അറിവും സമ്മതവും കൂടാതെ പിടിച്ചെടുക്കുകയായിരുന്നു ആ തുക എന്നും സംസാരമുണ്ട്. പ്രതിരോധ മന്ത്രാലയത്തിലും കര, നാവിക, വ്യോമ സേനകളിലും പ്രതിരോധ രംഗത്തെ പൊതുമേഖല വ്യവസായങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും 500 കോടി രൂപയാണത്രേ സംഭാവന ലഭിച്ചത്. ടാറ്റ ഗ്രൂപ്പും റിലയൻസ് വ്യവസായ ഗ്രൂപ്പും 500 കോടി രൂപ വീതം നൽകി. സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ സ്വന്തം തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കുന്ന റിലയൻസ്, 'പി.എം. കെയേഴ്സി'ലേക്ക് വൻ തുക സംഭാവന ചെയ്തതിൽ അവിടത്തെ തൊഴിലാളികൾ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി എന്നാണു റിപ്പോർട്ട്. സമാനമാണു റെയിൽവേയുടെ സ്ഥിതിയും. ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും ഇല്ലാതെയായ അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ അധികചാർജ് ഈടാക്കുന്ന റെയിൽവേ 151 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ഈ പുതിയ നിധിയിലേക്ക് സംഭാവന ചെയ്തത്.

പി.എം.കെയേഴ്സ് ഫണ്ടിന്റെ പ്രവർത്തനം സംബന്ധിച്ച വ്യവസ്ഥകളോ നിയമാവലികളോ ഒന്നും ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല. അതിൽ എത്ര പണം സംഭാവനയായി ലഭിച്ചുവെന്നോ, ആരൊക്കെയാണ് സംഭാവനകൾ നൽകിയതെന്നോ ലഭിച്ചതിൽ എത്ര പണം എങ്ങനെ ചെലവഴിച്ചെന്നോ ഒന്നും അതിന്റെ വെബ് പേജിൽ പരസ്യപ്പെടുത്തിയിട്ടില്ല. ഈ നിധിയുടെ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ വരുമോ ഇല്ലയോ എന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറലിന്റെ (C&AG) പരിശോധനക്ക് ഇതിന്റെ കണക്കുകൾ വിധേയമാക്കപ്പെടുമോ എന്നും തീർച്ചയില്ല. പി. എം. കെയേഴ്സിനെ സംബന്ധിച്ച ചില വിവരങ്ങൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വിക്രാന്ത് തോങ്ങാട് എന്നൊരാൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിവരാവകാശ നിയമ പ്രകാരം അയച്ച കത്തിന് അവർ മറുപടി നിഷേധിക്കുകയായിരുന്നു. "വിവരാവകാശ നിയമ പ്രകാരം എല്ലാ ലൊട്ടു ലൊടുക്കു കാര്യങ്ങളുടേയും വിശദാംശങ്ങൾക്കു വേണ്ടി വിവേചന രഹിതവും അപ്രായോഗികവുമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത് പ്രതികൂല ഫലങ്ങൾ മാത്രമേ ഉണ്ടാക്കൂ'' എന്ന് മുമ്പൊരിക്കൽ സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായെന്നു പറഞ്ഞു കൊണ്ടാണ് അവർ മറുപടി നിഷേധിച്ചത്. വിവരാവകാശ നിയമമനുസരിച്ച് സമർപ്പിക്കപ്പെട്ട മറ്റു ചോദ്യങ്ങൾക്കൊന്നും 30 ദിവസത്തെ സമയ പരിധി കഴിഞ്ഞതിനു ശേഷവും അവർ മറുപടിയൊന്നും നൽകുകയുണ്ടായില്ല. ചുരുക്കത്തിൽ ഒരു സർക്കാർ സംവിധാനം സുതാര്യമായ രീതിയിലാണു പ്രവർത്തിക്കേണ്ടത് എന്ന സാമാന്യ തത്വത്തിനു നിരക്കാത്ത വിധം ഒരു തരം അതാര്യതയും (opeque) നിഗൂഢതയും പി.എം.കെയേഴ്സിനെ ചൂഴ്ന്നു നിൽക്കുന്നുണ്ട് എന്നതാണു സത്യം.

കോവിഡ് - 19 പോലെ അപ്രതീക്ഷിതമായുണ്ടാവുന്ന ദുരന്ത സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ ധനം സ്വരൂപിക്കാൻ മുമ്പും ഇന്ത്യയിൽ പ്രത്യേക നിധികൾ രൂപീകരിച്ചിട്ടുണ്ട്. 1948 ജനുവരിയിലാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (Prime Minister's National Relief Fund - PMNRF) രൂപീകരിക്കപ്പെട്ടത്. വിഭജനത്തെ തുടർന്ന് രാജ്യത്തെത്തിയ അഭയാർത്ഥികൾക്ക് സഹായവും ദുരിതാശ്വാസവും നൽകാൻ സംഭാവനകളിലൂടെ പണം സംഭരിക്കാൻ വേണ്ടിയാണ് ആ നിധി രൂപീകരിക്കപ്പെട്ടത്. അത് ഇപ്പോഴും നിലനിൽക്കുന്നു.  പ്രകൃതി ദുരന്തങ്ങളിലും വലിയ അപകടങ്ങളിലും കലാപങ്ങളിലും ലഹളകളിലും മരണമടയുകയോ ഇരകളാക്കപ്പെടുകയോ ചെയ്യുന്നവരുടെ ബന്ധുക്കൾക്ക് അടിയന്തിര സഹായം എത്തിക്കാനും ആസിഡ് ആക്രമണങ്ങൾക്ക് ഇരയാവുന്നവർക്കും മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും ചികിത്സാ സഹായമെത്തിക്കാനും മറ്റുമാണ് ഈ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കുന്നത്. തുടക്കത്തിൽ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും കോൺഗ്രസ്സ് പ്രസിഡന്റും ടാറ്റ ട്രസ്റ്റീസിന്റേയും വ്യവസായങ്ങളുടേയും ഓരോ പ്രതിനിധികളും ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റിയാണ് ഈ നിധിയുടെ മേൽനോട്ടം നിർവ്വഹിച്ചു പോന്നിരുന്നത്. എന്നാൽ, 1985 ൽ PMNRF ഫണ്ട് കൈകാര്യം ചെയ്യുന്ന ചുമതല പൂർണ്ണമായും പ്രധാനമന്ത്രിക്ക് കൈമാറുകയാണ് സമിതി ചെയ്തത്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജോയിന്റ് സെക്രട്ടറിയാണ് ഈ നിധി കൈകാര്യം ചെയ്യുന്നത്. 2019 ഡിസംബറിലെ കണക്കു പ്രകാരം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ 3800 കോടി രൂപയുടെ നീക്കിയിരിപ്പുണ്ടായിരുന്നു.സുതാര്യതയുടെ കാര്യത്തിൽ ഈ PMNRF നും PM CARES നേക്കാൾ ഉയർന്ന യാതൊന്നും അവകാശപ്പെടാനില്ല.
സംസ്ഥാനങ്ങളിലാവട്ടെ, മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികൾ പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സമാനമായ പുതിയൊരു നിധിക്ക് രൂപം നൽകിയതിന്റെ സാംഗത്യം ഒട്ടേറെപ്പേർ  ചോദ്യം ചെയ്തിരുന്നു.

ഓരോ പാർലമെന്റ് അംഗത്തിനും തങ്ങളുടെ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിനു വേണ്ടി അനുവദിച്ചു കിട്ടുന്ന, എം.പി. ഫണ്ട് എന്നറിയപ്പെടുന്ന MPLAD (Membr of Parliament Local Area Development) ഫണ്ട് തുക പി.എം. കെയേഴ്സ് ഫണ്ടിലേക്കു സംഭാവന ചെയ്യാൻ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു തന്നെ അംഗങ്ങളോട് അഭ്യർത്ഥിക്കുകയുണ്ടായി. ഈ ആവശ്യം നിരസിച്ച ഇടതുപക്ഷ എം.പിമാർ, സമാനമായ മറ്റൊരു നിധി (PMNRF) നില നില്ക്കുമ്പോൾ മറ്റൊരുപുതിയ ഫണ്ട് (PM CARES Fund) ആരംഭിക്കുന്നതിന് പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിക്കു പുറമെ മൂന്നു കാബിനറ്റു മന്ത്രിമാർ കൂടി അംഗങ്ങളായിട്ടുള്ള പ്രസ്തുത നിധിയുടെ ട്രസ്റ്റിമാരിൽ പ്രതിപക്ഷത്തിന്റേയോ പൊതുസമൂഹത്തിന്റേയോ പ്രതിനിധികളായി ആരേയും ഉൾപ്പെടുത്താതിരിക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയും അവർ ചൂണ്ടിക്കാട്ടി.

പാർലമെന്റിലെ പ്രതിപക്ഷ അംഗങ്ങളിൽ നിന്നു മാത്രമല്ല പൊതു സമൂഹത്തിൽ നിന്നും ഈ പുതിയ നിധി കടുത്ത വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ചരിത്രകാരനായ രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടിയ പോലെ, "ഒരു ദുരന്തകാലത്തെ നേരിടാനെന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു ഫണ്ടിന്, പ്രധാനമന്ത്രിയുടെ വ്യക്തിപരമായ കരുതലാണെന്നു തെറ്റിദ്ധരിപ്പിക്കാനായി PM CARES എന്നു പേരിടുന്നതിൽ സ്വന്തം വ്യക്തിപ്രഭാവം പെരുപ്പിച്ചു കാട്ടാനുള്ള" അശ്ലീലമായ ഒരു ത്വര ഒളിഞ്ഞിരിപ്പുണ്ട്.

ഒരു പക്ഷേ, ഇതുമായി ബന്ധപ്പെട്ട ഏറ്റവും കൗതുകകരമായ കാര്യം കോവിഡ്- 19 മഹാമാരിയെ നേരിടാൻ പി.എം. കെയേഴ്സ് ഫണ്ട് എന്ന പുതിയ നിധി രൂപീകരിക്കാനുള്ള തീരുമാനം റദ്ദാക്കാൻ ഉത്തരവുണ്ടാകണമെന്ന് അപേക്ഷിച്ചു കൊണ്ട് സമർപ്പിക്കപ്പെട്ട കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്. അഭിഭാഷകനായ എം. എൽ. ശർമ്മ സമർപ്പിച്ച പൊതു താല്പര്യ ഹർജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് "ദുരുദ്ദേശപര" (misconceived) മെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് തള്ളിക്കളഞ്ഞത്. ഇന്ത്യൻ ഭരണഘടനയുടെ 266, 267 അനുച്ഛേദങ്ങൾ നിഷ്ക്കർഷിക്കുന്ന (കണ്ടിജൻസി, കൺസോളിഡേറ്റഡ് ഫണ്ടുകൾ സംബന്ധിച്ച) വ്യവസ്ഥകൾ പാലിക്കാതെയാണ് ഈ നിധി രൂപീകരിച്ചതെന്ന വാദം ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് നാഗേശ്വരറാവുവും ജസ്റ്റിസ് ശാന്തനഗൗഡരും ഉൾപ്പെട്ട ബഞ്ച് അംഗീകരിച്ചില്ല.

സുപ്രീം കോടതി വിധി അങ്ങനെയായിരിക്കുമ്പോൾ പോലും നിഗൂഢത ചൂഴ്ന്നു നില്ക്കുന്ന ഈ നിധിയുടെ രൂപീകരണവും നടത്തിപ്പും ധനസമാഹരണവുമെല്ലാം ജനാധിപത്യ വിരുദ്ധമാണെന്നതിനു സംശയമില്ല. പ്രവർത്തനത്തെ സംബന്ധിച്ച വ്യവസ്ഥകൾ രഹസ്യമാക്കി വക്കുകയും കോർപ്പറേറ്റുകളുമായി സംശയാസ്പദമെന്ന വിളിക്കാവുന്ന ഇടപാടുകൾ നടത്തുകയും പ്രതിപക്ഷത്തെ ഒഴിവാക്കി നിർത്തുകയും ഫെഡറലിസത്തെ നിരാകരിക്കുകയുമൊക്കെ ചെയ്യുന്ന പി.എം. കെയേഴ്സ് നിധി കരുതൽ കാട്ടുന്നത് ജനാധിപത്യത്തിനോടോ ജനങ്ങളോടോ അല്ലെന്നതിൽ തർക്കമില്ല. അവസാന വിധി എക്സിക്യൂട്ടീവിന്റെ താല്പര്യമനുസരിച്ചാവുന്ന ഒരു വർത്തമാന സ്ഥിതിയിൽ പി.എം. കെയേഴ്സിന്റെ കാര്യത്തിലാണെങ്കിൽ പോലും അതു തിരുത്താൻ ജനങ്ങളുടെ ശബ്ദം തന്നെ ഉയർന്നു വരേണ്ടി വരും.