ഓർഹാൻ പാമുഖ്- മഹാമാരികളുടെ കഥകൾ നമ്മെ എന്താണു പഠിപ്പിക്കുന്നത്


മഹാമാരികളുടെ കഥകൾ നമ്മെ എന്താണു പഠിപ്പിക്കുന്നത് ?


                           
               ഓർഹാൻ പാമുഖ്

കഴിഞ്ഞ 4 വർഷമായി ഞാനൊരു ചരിത്ര നോവലിന്റെ രചനയിലാണ്. 1901 ൽ ഒരു പകർച്ചാവ്യാധിയായി പടർന്നു പിടിച്ച മൂന്നാം പ്ലേഗ് ബാധയുടെ പശ്ചാത്തലത്തിൽ ഉള്ളതാണു നോവൽ. ബൂബോണിക് പ്ലേഗിന്റെ ഈ മൂന്നാം പൊട്ടിപ്പുറപ്പെടൽ യൂറോപ്പിൽ കാര്യമായ വിനാശമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഏഷ്യയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് അതു കാരണമായി. കഴിഞ്ഞ രണ്ടു മാസമായി, എഴുതിക്കൊണ്ടിരിക്കുന്ന എന്റെ നോവലിന്റെ പ്രമേയത്തെക്കുറിച്ചറിയാവുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും എഡിറ്റർമാരും പത്രലേഖകരുമെല്ലാം മഹാമാരികളെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങളുമായി എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോൾ ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസെന്ന പകർച്ചവ്യാധിയും പ്ലേഗും കോളറയും പോലെ ചരിത്രത്തിൽ പലപ്പോഴും വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കിയിട്ടുള്ള രോഗങ്ങളും തമ്മിലുള്ള സമാനതകൾ അറിയാനുള്ള ഉത്ക്കണ്ഠകളാണ് അവയിലേറെയും. വാസ്തവത്തിൽ സമാനതകൾ ഒട്ടനവധിയാണ്. മനുഷ്യന്റേയും സാഹിത്യത്തിന്റേയും ചരിത്രത്തിലുടനീളം മഹാമാരികളും അവയെപ്പറ്റിയുള്ള എഴുത്തുകളുമുണ്ട്. ഈ മഹാമാരികളുടെ സമാനത അവക്കു കാരണമാവുന്ന സൂക്ഷ്മജീവികൾക്കോ വൈറസുകൾക്കോ ഉള്ള പൊതുസവിശേഷതകളല്ല; മറിച്ച് എക്കാലത്തും അവയോടുള്ള മനുഷ്യന്റെ ആദ്യ പ്രതികരണം ഒരേ തരത്തിലുള്ളതു തന്നെ ആണ് എന്നതാണ്.

മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടാൽ അവയോടുള്ള ആദ്യ പ്രതികരണം എന്നും നിഷേധത്തിന്റേതായിരുന്നു. ദേശീയ സർക്കാരും പ്രാദേശിക സർക്കാരുകളും എപ്പോഴും പ്രതികരിക്കാൻ വൈകും. രോഗം പൊട്ടിപ്പുറപ്പെട്ടു എന്നതിനെ നിഷേധിക്കാനായി വസ്തുതകളെ വളച്ചൊടിക്കുകയും കണക്കുകളിൽ തിരിമറി നടത്തുകയും ചെയ്യും.

പകർച്ചാ വ്യാധികളേയും മനുഷ്യ സ്വഭാവത്തേയും പറ്റി എഴുതപ്പെട്ടിട്ടുള്ള എക്കാലത്തേയും ഏറ്റവും മികച്ച രചനയെന്നു ഞാൻ കരുതുന്ന 'എ ജേണൽ ഓഫ് ദി പ്ലേഗ് ഇയർ' (A Journal of the Plague year) എന്ന കൃതിയിൽ ഡാനിയേൽ ഡിഫോ (Daniel Defoe) എഴുതുന്നത്, 1664 ൽ ലണ്ടൻ നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ പ്രാദേശിക അധികാരികൾ പ്ലേഗു മരണങ്ങളുടെ സംഖ്യ കുറച്ചു കാണിക്കാൻ മന: പൂർവ്വം ശ്രമിച്ചിരുന്നു എന്നാണ്. മരണ കാരണം മറ്റേതെങ്കിലും രോഗമാണെന്നു എഴുതിച്ചേർത്താണ് അവർ രേഖകളിൽ കൃത്രിമ കണക്കുകൾ ഉണ്ടാക്കിയിരുന്നതത്രേ!



ഇറ്റാലിയൻ എഴുത്തുകാരനായ അലെസ്സാൻഡ്രോ മൻസോനി (Alessandro Manzoni) യുടെ 'ദി ബെട്രോത്ഡ്' (The Betrothed) എന്ന, 1827 ൽ എഴുതപ്പെട്ട നോവൽ ഒരു പക്ഷേ, പ്ലേഗുബാധയെ സംബന്ധിച്ച് എഴുതപ്പെട്ട എക്കാലത്തേയും ഏറ്റവും യഥാതഥമായ (realist) നോവലായിരിക്കാം. 1630 ൽ മിലാനിലുണ്ടായ പ്ലേഗു ബാധയോട് അധികാരികൾ സ്വീകരിച്ച സമീപനത്തോട് പ്രാദേശിക ജനത പ്രകടിപ്പിച്ച രോഷത്തെ മൻസോനി തന്റെ എഴുത്തിലൂടെ വിശദമാക്കുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. പ്ലേഗു ബാധ തെളിഞ്ഞിട്ടു പോലും ആ രോഗത്തിന്റെ ആപൽസാധ്യതകളെ അവഗണിക്കുകയാണു മിലാനിലെ ഗവർണ്ണർ ചെയ്തത്. അവിടത്തെ ഒരു രാജകുമാരന്റെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കാൻ പോലും അയാൾ തയ്യാറായില്ല. ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപര്യാപ്തമായിരുന്നതുകൊണ്ടും അതു നടപ്പാക്കുന്നതിൽ തന്നെ അധികാരികൾ അലംഭാവം കാണിച്ചതുകൊണ്ടും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ അനുസരിക്കാൻ മറ്റു പൗരന്മാർ തയ്യാറാവാതിരുന്നതു കൊണ്ടും പ്ലേഗ് അതിവേഗം പടർന്നു പിടിച്ചു.

പ്ലേഗിനേയും ഇതര പകർച്ചാവ്യാധികളേയും പറ്റി എഴുതപ്പെട്ടിട്ടുള്ള ഒട്ടേറെ സാഹിത്യ കൃതികളിൽ, ബഹുജനങ്ങളുടെ രോഷത്തിന്റെ ഏകമാത്ര കാരണം അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയില്ലായ്മയും കഴിവുകേടും സ്വാർത്ഥതയുമാണെന്ന് തുറന്നെഴുതുന്നുണ്ട്. എന്നാൽ, ഡിഫോയേയും കാമ്യുവിനേയും പോലെ യുള്ള ഏറ്റവും മികച്ച എഴുത്തുകാർ, ജനകീയ രോഷത്തിന്റെ അലമാലകൾക്കു താഴെ വർത്തിക്കുന്ന രാഷ്ട്രീയേതരമായ ചില കാര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്താൻ തന്റെ വായനക്കാരെ അനുവദിക്കാറുണ്ട്. അവയാവട്ടെ മനുഷ്യാവസ്ഥയോട് ഒരു സഹജസ്വഭാവം പോലെ ഉൾച്ചേർന്നു നില്ക്കുന്നവയാവാം.

അന്തമില്ലാത്ത പ്രതിഷേധങ്ങൾക്കും അതിർത്തികളില്ലാത്ത രോഷത്തിനും പിന്നിൽ വിധിയോടും ഈ മരണങ്ങൾക്കും മനുഷ്യ ദുരിതങ്ങൾക്കുമൊക്കെ നിശ്ശബ്ദ സാക്ഷി മാത്രമായിരിക്കുകയോ, ഒരു പക്ഷേ അതിനൊക്കെ അനുമതി നൽകുകയോ ചെയ്യുന്ന ദൈവനിശ്ചയങ്ങളോടുമുള്ള അമർഷവും ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉറപ്പില്ലാത്ത സംഘടിത മതസ്ഥാപനങ്ങളോടുള്ള വെറുപ്പും കൂടിയുണ്ടെന്ന് ഡിഫോയുടെ നോവലുകൾ കാണിച്ചു തരുന്നുണ്ട്.

മഹാമാരികളോടു പ്രതികരിക്കുമ്പോൾ, മനുഷ്യവംശം സാർവ്വത്രികമായും പര പ്രേരണ കൂടാതെ എന്ന തോന്നലുണ്ടാക്കിക്കൊണ്ടും ചെയ്യുന്ന ഒരു കാര്യം കിംവദന്തികൾ സൃഷ്ടിക്കുകയും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്. പോയ കാലത്തെ മഹാമാരികളുടെ സന്ദർഭങ്ങളിലൊക്കെ കിംവദന്തികൾക്ക് ഊർജ്ജം പകർന്നത് തെറ്റായ വിവരങ്ങളും കാര്യങ്ങളുടെ ഒരു പൂർണ്ണ ചിത്രം ലഭിക്കുന്നത് അസാധ്യമാക്കുന്ന സാഹചര്യങ്ങളുമായിരുന്നു.

പ്ലേഗു ബാധയുടെ കാലത്ത് തെരുവിൽ കണ്ടുമുട്ടുന്ന മനുഷ്യർ പരസ്പരം അകലം പാലിക്കുന്നതിനെ കുറിച്ച് ഡിഫോയും മൻസോനിയും എഴുതുന്നുണ്ട്. അപ്പോഴും അവരവരുടെ സ്വദേശങ്ങളിലും അയൽപ്രദേശങ്ങളിലും നിന്നുള്ള വാർത്തകളും കഥകളും അവർ അന്വേഷിക്കുന്നുണ്ട്. അത്തരം വിവരങ്ങൾ ചേർത്തുവച്ചു കൊണ്ടാണ് രോഗബാധയെക്കുറിച്ചുള്ള കുറേക്കൂടി വിശദമായ ഒരു ചിത്രം അവർ നിർമ്മിക്കുന്നത്. കൂടുതൽ വിശാലമായ അത്തരമൊരു കാഴ്ചയിൽ മാത്രമേ മരണത്തിൽ നിന്നും രക്ഷ നേടാനും കുറേക്കൂടി സുരക്ഷിതമായ ഒരു അഭയസ്ഥാനം കണ്ടെത്താനും അവർക്കാവൂ.





വർത്തമാന പത്രങ്ങളും റേഡിയോയും ടെലിവിഷനും ഇന്റർനെറ്റുമൊന്നും ഇല്ലാതിരുന്ന ഒരു ലോകത്ത്, അപകടം എവിടെയാണെന്നും അതെത്രത്തോളം ഗുരുതരമാണെന്നും അതുമൂലം ഉണ്ടാവാൻ പോകുന്ന ദുരിതത്തിന്റേയും വേദനയുടേയും വ്യാപ്തി എത്രയാണെന്നും അളന്നറിയാൻ നിരക്ഷര ഭൂരിപക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന ഉപാധി അവരുടെ ഭാവന മാത്രമായിരുന്നു. ഈ ഭാവനയിൽ അവരർപ്പിച്ചിരുന്ന വിശ്വാസം ഓരോ വ്യക്തിയുടേയും ഭയത്തിന് അതിനു മാത്രം സ്വന്തമായ സ്വരമഹിമയും പ്രദേശികവും ആത്മീയവും നിഗൂഢവുമായ ഒരു കാവ്യ സൗകുമാര്യവും നൽകി.

പ്ലേഗ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പ്രചരിച്ചിരുന്ന ഏറ്റവും സാധാരണമായ കിംവദന്തി ആര്, എവിടെ നിന്ന് ആ രോഗം കൊണ്ടുവന്നു എന്നതിനെ സംബന്ധിച്ചുള്ളതായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിന്റെ മദ്ധ്യത്തിൽ, തുർക്കിയിലെങ്ങും ഭയവും ഭീതിയും പരന്നു കൊണ്ടിരിക്കുമ്പോൾ, ഇസ്താംബൂളിലെ എന്റെ താമസസ്ഥലത്തിനടുത്ത് സിഹാംഗീറിലെ എന്റെ ബാങ്കിന്റെ മാനേജർ, കാര്യങ്ങളെ പറ്റി അറിവുള്ള ഒരാളെന്ന ഭാവത്തിൽ എന്നോടു പറഞ്ഞത്, "ഈ സാധനം'' അമേരിക്കക്കും ബാക്കി ലോകത്തിനുമെതിരെ ചൈന നടത്തുന്ന ഒരു സാമ്പത്തിക പ്രതിക്രിയയാണ് എന്നായിരുന്നു.

എല്ലാ തിന്മകളേയും പോലെ തന്നെ പ്ലേഗും പുറത്തു നിന്നും വന്ന ഒന്നായിട്ടാണ് എപ്പോഴും ചിത്രീകരിക്കപ്പെടാറുള്ളത്. മുമ്പ് അത് മറ്റെവിടെയോ വന്നിട്ടുണ്ടായിരുന്നു എന്നും അന്ന് അതിനെ കീഴ്പ്പെടുത്താനും അടക്കി നിർത്താനും ആവശ്യമായ കാര്യങ്ങൾ വേണ്ട രീതിയിൽ ചെയ്തിരുന്നില്ല എന്നും പ്രചരിപ്പിക്കപ്പെടും. ഏതൻസിൽ പ്ലേഗ് പടർന്നു പിടിച്ചതിനെ പറ്റി എഴുമ്പോൾ തുസ്സിഡിഡീസ് (Thucydides - ബി.സി. 460 - 400 കാലത്തു ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരൻ) തന്റെ കുറിപ്പ് ആരംഭിക്കുന്നത് രോഗം പൊട്ടിപ്പുറപ്പെട്ടത് അങ്ങു ദൂരെ എത്യോപ്യയിലും ഈജിപ്തിലും ആയിരുന്നു എന്നു പറഞ്ഞു കൊണ്ടാണ്.

രോഗം വിദേശിയാണ്; അതു പുറത്തു നിന്നും വന്നതാണ്; ദുരുദ്ദേശത്തോടെ കൊണ്ടുവന്നതാണ് അതിനെ. രോഗം കടത്തിക്കൊണ്ടു വന്ന ആദ്യത്തെ രോഗവാഹകരുടെ സവിശേഷതകളെക്കുറിച്ചുള്ളവയാണ് ഏറ്റവും എളുപ്പം പരക്കുന്ന, ഏറ്റവും ജനപ്രിയമായ കിംവദന്തികൾ.

മദ്ധ്യകാലഘട്ടം മുതൽ പ്ലേഗു ബാധയുണ്ടാവുന്ന എല്ലാ കാലത്തും ജനപ്രിയ ഭാവനയുടെ ഇളക്കം തട്ടാത്ത സ്ഥിര ഭാഗമായി തുടരുന്ന ഒരു രൂപത്തെ പറ്റി മൻസോനി തന്റെ "ബെട്രോത്ഡ്'' എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്. വാതിൽ പിടികളിലും വെള്ളമെടുക്കുന്ന ഇടങ്ങളിലും പ്ലേഗിന്റെ വിഷബീജങ്ങൾ നിറഞ്ഞ വെള്ളം തളിച്ചു കൊണ്ട് ഇരുളിൽ സഞ്ചരിക്കുന്ന ഒരു രൂപത്തിന്റെ ഹീനവും പൈശാചികവുമായ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള കിംവദന്തികൾ എല്ലാ ദിവസവും ഉണ്ടാവും. അല്ലെങ്കിൽ, ഒരു പക്ഷേ, വിശ്രമിക്കാനായി പള്ളിയിലെ വെറും നിലത്ത് ഇരുന്ന ക്ഷീണിതനായ ഒരു വൃദ്ധൻ, അടുത്തു കൂടി നടന്നു പോയ ഒരു സ്ത്രീക്ക് രോഗം വരുത്താനായി അവരുടെ മേൽ തന്റെ ഉടുപ്പ് ഉരസി എന്ന് ആരെങ്കിലും കുറ്റപ്പെടുത്താം. അയാളെ അടിച്ചു കൊല്ലാനായി ഒരു ആൾക്കൂട്ടം ചുറ്റും കൂടാൻ അധിക സമയം വേണ്ടി വരില്ല.

അക്രമത്തിന്റേയും അപവാദ പ്രചരണത്തിന്റേയും ഭീതിയുടേയും കലാപത്തിന്റേയുമൊക്കെ അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഇത്തരം പൊട്ടിത്തെറികൾ, നവോത്ഥാന കാലം മുതലുള്ള പ്ലേഗിനെ സംബന്ധിച്ച, വിവരണങ്ങളിൽ സാധാരണമാണ്. റോമൻ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി നടത്തപ്പെട്ട അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ച റോമ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികളെ "അന്റോനൈൻ സ്മോൾപോക്സ് പ്ലേഗി''ന്റെ പേരിൽ (AD ഒന്നാം നൂറ്റാണ്ടിൽ റോമ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച ഒരു പകർച്ചവ്യാധി) ചക്രവർത്തിയായ മാർക്യൂസ് ഔറേലിയൂസ് കുറ്റപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള കാലത്ത്, ഓട്ടോമൻ സാമ്രാജ്യത്തിലും ക്രിസ്ത്യൻ യൂറോപ്പിലും പ്ലേഗ് കാലത്ത് കിണറുകളിൽ വിഷം കലക്കിയെന്ന് ജൂതന്മാർ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.

പ്ലേഗിന്റെ ചരിത്രവും അതു സംബന്ധിച്ച സാഹിത്യവും കാണിക്കുന്നത്, രോഗബാധക്കിരയായ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന്റെ തീവ്രതയും മരണഭയവും അതീന്ദ്രിയ ഭീതിയും അരക്ഷിതത്വവുമൊക്കെയാണ് അവരുടെ രോഷത്തിന്റേയും രാഷ്ട്രീയ അസംതൃപ്തിയുടേയും ആഴത്തെ നിശ്ചയിക്കുന്ന ഒരു ഘടകം എന്നാണ്.

പഴയ കാലത്തെ പ്ലേഗ് മഹാമാരികളുമായി ബന്ധപ്പെട്ടിട്ടെന്ന പോലെ ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ സന്ദർഭത്തിലും ഉരുത്തിരിഞ്ഞു വരുന്ന സംഭവങ്ങളെ സ്വാധീനിക്കുന്നതിൽ ദേശീയ, മത, വംശീയ, പ്രാദേശിക സ്വത്വങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന അടിസ്ഥാന രഹിതമായ കിംവദന്തികൾക്കും കുറ്റാരോപണങ്ങൾക്കും ഒരു പങ്കുണ്ട്. നുണകളെ പെരുപ്പിച്ചു പ്രചരിപ്പിക്കാൻ സാമൂഹ്യ മാധ്യമങ്ങളും വലതുപക്ഷ ജനപ്രിയ മാധ്യമങ്ങളും കാട്ടുന്ന അതിതാല്പര്യവും ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ട്.

എന്നാൽ ഇന്നു നാം കടന്നു പോവുന്ന ഈ മഹാമാരിക്കാലത്തെ കുറിച്ച് വിശ്വസനീയമായ ഒട്ടേറെ വിവരങ്ങൾ നമുക്കു തന്നെ ലഭ്യമാണ്. മുമ്പൊരിക്കലും മഹാമാരികളെ നേരിടേണ്ടി വന്നിട്ടുള്ള ആളുകൾക്ക് അതേപ്പറ്റി ഇത്രക്കു വിവരങ്ങൾ ലഭ്യമാകുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് നമുക്കെല്ലാം അനുഭവപ്പെടുന്ന ശക്തവും നീതീകരിക്കാവുന്നതുമായ ഭയം മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും അതുകൊണ്ടാണ്. നാം അനുഭവിക്കുന്ന ഭീകരത കിംവദന്തികളാൽ ബലപ്പെടുത്തപ്പെട്ടതല്ല; മറിച്ച്, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.

നമ്മുടെ രാജ്യങ്ങളുടേയും ലോകത്തിന്റേയും ഭൂപടങ്ങളിലെ ചുവന്ന കുത്തുകളുടെ എണ്ണം പെരുകുന്നതു കാണുമ്പോൾ രക്ഷപ്പെടാൻ ഒരു സ്ഥലവും അവശേഷിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കുന്നു. ഏറ്റവും മോശപ്പെട്ട ഒന്നിനെ ഭയക്കാൻ തുടങ്ങാൻ നമുക്കു നമ്മുടെ ഭാവന പോലും ആവശ്യമില്ല. ഇറ്റലിയിലെ ചെറു നഗരങ്ങളിൽ നിന്നും ശവശരീരങ്ങൾ കയറ്റി അടുത്തുള്ള ശ്മശാനങ്ങളിലേക്കു നീങ്ങുന്ന കറുത്ത, വലിയ പട്ടാള ട്രക്കുകളുടെ നീണ്ട നിര വീഡിയോയിൽ നാം കാണുന്നത് നമ്മുടെ തന്നെ ശവഘോഷയാത്ര കാണുന്നതു പോലെയാണ്.

എങ്ങനെയായാലും നാം അനുഭവിക്കുന്ന ഭീകരതയിൽ ഭാവനക്കോ സ്വകാര്യ വ്യക്തിത്വത്തിനോ യാതൊരിടവുമില്ല. അതു വെളിപ്പെടുത്തുന്നത് എളുപ്പത്തിൽ ഉടയുന്ന നമ്മുടെ ജീവിതങ്ങളും നാം പങ്കിടുന്ന മനുഷ്യാവസ്ഥയും അപ്രതീക്ഷിതമായ വിധം എത്ര മാത്രം സമാനമാണെന്നാണ്. മരണ ചിന്തയെപ്പോലെ, ഭയവും നമ്മെ ഏകാകിയാക്കുന്നു. എന്നാൽ, നാമെല്ലാവരും അനുഭവിക്കുന്നത് സമാനമായ ഉത്ക്കണ്ഠ തന്നെയാണെന്നുള്ള തിരിച്ചറിവ് ഈ ഏകാന്തതയിൽ നിന്നും നമ്മെ പുറത്തു കടത്തുന്നു.

തായ്ലൻറ് മുതൽ ന്യൂയോർക്ക് വരെയുള്ള മുഴുവൻ മനുഷ്യവംശവും, എങ്ങനെയാണ് അഥവാ എവിടെയാണ് മാസ്ക് ധരിക്കേണ്ടതെന്നും പലചരക്കു കടക്കാരന്റെ പക്കൽ നിന്നും വാങ്ങിയ ഭക്ഷണ സാധനങ്ങൾ എങ്ങനെയാണു ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കുക എന്നും സ്വയം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടോ എന്നുമൊക്കെയുള്ള ഉത്ക്കണ്ഠകൾ പങ്കു വക്കുന്നുണ്ട് എന്ന അറിവ്, നാം ഒറ്റയ്ക്കല്ല എന്നു നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിൽ നിന്നുണ്ടാവുന്നത് ഐക്യത്തിന്റെ ഒരു ദൃഢബോധമാണ്. ഭയം നമ്മെ അവമാനിക്കുകയോ കീഴ്പെടുത്തുകയോ ചെയ്യുന്നില്ല. പരസ്പര ധാരണകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിനീതത്വമാണ് നാമതിൽ കണ്ടെത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ ആശുപത്രികൾക്കു മുന്നിൽ ആളുകൾ കാത്തുനിൽക്കുന്നത് ടെലവിഷനിൽ കാണുമ്പോൾ മനുഷ്യവംശമപ്പാടെ എന്റെ ഭീതി പങ്കു വക്കുന്നതാണു ഞാൻ കാണുന്നത്. ഞാൻ ഒറ്റക്കാണെന്നു എനിക്കു തോന്നുന്നതേയില്ല. എന്റെ ഭയത്തെ ഓർത്ത് മുൻപ് എനിക്കുണ്ടായിരുന്നത്രയും ലജ്ജ ഇപ്പോഴില്ല. എന്റേത് തികഞ്ഞ യുക്തിബോധമുള്ള ഒരു പ്രതികരണമായിരുന്നു എന്ന് എനിക്കു കൂടുതൽ നന്നായി മനസ്സിലാവുന്നു. മഹാമാരികളേയും പ്ലേഗിനേയും സംബന്ധിച്ച ആ പഴമൊഴി വീണ്ടും ഓർമ്മയിലെത്തുന്നു; ഭയപ്പെടുന്നവർ കൂടുതൽ കാലം ജീവിക്കും.

ഭയം എന്നിൽ, ഒരു പക്ഷേ, നാമെല്ലാവരിലും രണ്ടു വ്യത്യസ്ത പ്രതികരണങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവസാനം ഞാൻ തിരിച്ചറിയുന്നു. ചിലപ്പോൾ എന്നിലേക്കു തന്നെ, എന്റെ ഏകാന്തതയിലേക്കും മൗനത്തിലേക്കും ഉൾവലിയാൻ അതെന്നെ പ്രേരിപ്പിക്കുന്നു. മറ്റു സമയങ്ങളിലാവട്ടെ, അതെന്നെ കൂടുതൽ വിനീതനാവാനും മറ്റുള്ളവരുമായി ഐക്യം പുലർത്താനും പഠിപ്പിക്കുന്നു.

30 വർഷങ്ങൾക്കു മുമ്പാണ് പ്ലേഗിനെ പറ്റി ഒരു നോവൽ എഴുതണമെന്ന് ഞാൻ ആദ്യമായി സ്വപ്നം കാണാൻ തുടങ്ങുന്നത്. ആ തുടക്കക്കാലത്തു പോലും എന്റെ ഊന്നൽ മരണത്തോടുള്ള ഭയത്തിൽ ആയിരുന്നു. 1561ൽ എഴുത്തുകാരനായ ഒഗീർ ഘിസെലിൻ ഡി ബുസ്ബെക് (Ogier Ghiselin de Busbecq) ഇസ്താംബൂളിൽ നിന്നും അകലെ പ്രിൻകിപോ (Prinkipo) ദ്വീപിൽ പോയി താമസിച്ചാണ് പ്ലേഗിൽ നിന്നും രക്ഷ നേടിയത്. ആസ്ട്രിയയിലെ ഹാപ്സ്ബർഗ്ഗ് സാമ്രാജ്യം ഓട്ടോമൻ സാമ്രാജ്യത്തിലേക്ക് അയച്ച അംബാസഡറായിരുന്നു അദ്ദേഹം. ഇസ്താംബൂളിലെ ക്വാറന്റൈൻ നിയമങ്ങൾക്ക് വേണ്ടത്ര കാർക്കശ്യമില്ലെന്നും തുർക്കികൾ തങ്ങളുടെ മതമായ ഇസ്ലാമിന്റെ സ്വാധീനത്താൽ "വിധി വിശ്വാസികൾ" ആയിരിക്കുന്നുവെന്നും ഒഗീർ ഘിസെലിൻ എഴുതിയിട്ടുണ്ട്.

ഏതാണ്ട് ഒന്നര നൂറ്റാണ്ടു കഴിഞ്ഞ്, പണ്ഡിതനായ ഡിഫോ, ലണ്ടൻ പ്ലേഗിനെപ്പറ്റിയുള്ള തന്റെ നോവലിൽ എഴുതിയത് തുർക്കികളും മൊഹമ്മദൻമാരും "പ്രവചനങ്ങളിലും പൂർവ്വ നിശ്ചിതമായ സങ്കല്പങ്ങളിലും വിശ്വസിക്കുന്നവരാണെന്നും ഏതൊരു മനുഷ്യന്റേയും അന്ത്യം മുമ്പേ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നതായി അവർ കരുതുന്നു'' എന്നുമാണ്. മതനിരപേക്ഷതയുടേയും ആധുനികതയുടേയും പശ്ചാത്തലത്തിൽ മുസ്ലീങ്ങളുടെ 'വിധിവാദ'ത്തെപ്പറ്റി ചിന്തിക്കാൻ എന്റെ പ്ലേഗ് നോവൽ സഹായകമാവും.




വിധി വാദികളാണെങ്കിലും അല്ലെങ്കിലും ഒരു മഹാമാരിക്കാലത്ത് ക്വാറന്റൈൻ ചട്ടങ്ങൾ അനുവർത്തിക്കണമെന്ന് മുസ്ലീങ്ങളെ, പ്രത്യേകിച്ചും ഓട്ടോമൻ സാമ്രാജ്യത്തിലെ മുസ്ലീങ്ങളെ ബോധ്യപ്പെടുത്തുന്നത് ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുന്നതിനേക്കാൾ പ്രയാസകരമായിരുന്നുവെന്നാണ് ചരിത്രം കാണിച്ചുതരുന്നത്. ക്വാറന്റൈൻ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധിക്കാൻ സാമ്പത്തിക കാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് കച്ചവടക്കാരേയും എല്ലാ വിശ്വാസങ്ങളിലും പെട്ട ഗ്രാമീണരേയും അവർ പ്രേരിപ്പിച്ചു. മുസ്ലീം സമുദായങ്ങൾക്കിടയിലാണെങ്കിൽ സ്ത്രീകളുടെ മാനത്തിന്റേയും ഗാർഹികമായ സ്വകാര്യതയുടേയും മറ്റും പ്രശ്നങ്ങളുയർത്തി അവർ എതിർപ്പുണ്ടാക്കി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഓട്ടോമൻ സാമ്രാജ്യത്തിൽ പോലും കൂടുതൽ ഡോക്ടർമാരും ക്രിസ്ത്യാനികളായിരുന്നപ്പോൾ മുസ്ലീം സമുദായങ്ങളിൽ പെട്ടവർ "മുസ്ലീം ഡോക്ടർമാർ" വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

1850 കൾ മുതൽ നീരാവി കൊണ്ടു പ്രവർത്തിക്കുന്ന സ്റ്റീം ബോട്ടുകൾ ചെലവു കുറഞ്ഞ യാത്രാ വാഹനമായപ്പോൾ മുസ്ലീങ്ങളുടെ വിശുദ്ധ സ്ഥലങ്ങളായ മെക്കയിലേക്കും മദീനയിലേക്കും നിരവധി തീർത്ഥാടകരെത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ആ സ്ഥലങ്ങൾ ഏറ്റവുമധികം പകർച്ചാവ്യാധികളെ പടർത്തുന്ന സ്ഥലങ്ങളുമായി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മെക്കയിലേക്കും മദീനയിലേക്കും അവിടങ്ങളിൽ നിന്നും തിരിച്ചു സ്വന്തം രാജ്യങ്ങളിലേക്കുമുള്ള തീർത്ഥാടകരുടെ പ്രവാഹം നിയന്ത്രിക്കാനാണ് ഈജിപ്തിലെ അലക്സാൺഡ്രിയയിൽ, ബ്രിട്ടീഷുകാർ, ലോകത്തെ ആദ്യത്തെ ക്വാറന്റൈൻ ഓഫീസുകളിൽ ഒന്ന് സ്ഥാപിച്ചത്.

ചരിത്രപരമായ ഈ സംഭവ വികാസങ്ങളാണ് മുസ്ലീങ്ങളുടെ 'വിധി വാദ'ത്തെപ്പറ്റിയുള്ള സ്ഥിരസങ്കല്പം പ്രചരിപ്പിക്കുന്നതിന് ആധാരമായത്. എന്നു മാത്രവുമല്ല, അവരും ഏഷ്യയിൽ നിന്നുള്ള മറ്റു ജനതകളുമാണ് പകർച്ചാവ്യാധികളുടെ ജനയിതാക്കളും ഏകമാത്ര വാഹകരുമെന്ന ഒരു മുൻവിധി രൂപപ്പെടാനും അതു കാരണമായി.

ഫൊയദോർ ദോസ്തോയേവ്സ്കിയുടെ (Fyodor Dostoyevsky) 'കുറ്റവും ശിക്ഷയു'മെന്ന നോവലിന്റെ അവസാനത്തിൽ, മുഖ്യ കഥാപാത്രമായ റാസ്ക്കോൽ നിക്കോഫ് പ്ലേഗിനെ പറ്റി സ്വപ്നം കാണുന്നുണ്ട്. മുൻപു പറഞ്ഞ അതേ സാഹിത്യ പാരമ്പര്യത്തെ പിന്തുടർന്നു കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. "ഏഷ്യയുടെ ഉൾത്തടങ്ങളിൽ നിന്നും യൂറോപ്പിലേക്കു വരുന്ന ഭീകരവും വിചിത്രവുമായ ഒരു പുതിയ പ്ലേഗ് രോഗത്താൽ മുഴുവൻ ലോകവും ശപിക്കപ്പെട്ടിരിക്കുന്നതായി അവൻ സ്വപ്നം കണ്ടു''.

17 ഉം 18 ഉം നൂറ്റാണ്ടുകളിലെ ഭൂപടങ്ങളിൽ, പടിഞ്ഞാറിനും അപ്പുറത്തുള്ള ലോകത്തിന്റെ ആരംഭ രേഖയായി കണക്കാക്കപ്പെട്ടിരുന്ന, ഓട്ടോമൻ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ അതിർത്തിയെ അടയാളപ്പെടുത്തിയത് ഡാന്യൂബ് നദിയായിരുന്നു. എന്നാൽ ഈ രണ്ടു ലോകങ്ങൾക്കുമിടയിലുള്ള സാംസ്ക്കാരികവും നരവംശശാസ്ത്രപരവുമായ അതിർത്തി നിശ്ചയിച്ചത് പ്ലേഗ് ആയിരുന്നു; പ്ലേഗ് ബാധിക്കാനുള്ള സാധ്യത കൂടുതലായിരുന്നത് ഡാന്യൂബിനു കിഴക്കുമായിരുന്നു. പൂർവ്വ ദേശങ്ങളിലേയും ഏഷ്യയിലേയും സംസ്കൃതികൾക്ക് പലപ്പോഴും കൽപ്പിച്ചു നൽകാറുള്ള സഹജമായ വിധി വാദം എന്ന ആശയത്തെ ശക്തിപ്പെടുത്തുക മാത്രമല്ല ഇതു ചെയ്തത്; പ്ലേഗും മറ്റു പകർച്ചാവ്യാധികളും എപ്പോഴും പിറവി കൊള്ളുന്നത് കിഴക്കിന്റെ അന്ധകാരാവൃതമായ ഗഹ്വരങ്ങളിൽ നിന്നാണെന്ന മുൻവിധികളേയും അതു ശക്തിപ്പെടുത്തി.

പ്രാദേശിക ചരിത്രങ്ങളുടെ അസംഖ്യം നുറുങ്ങുകളെ ഒരുമിച്ചു കൂട്ടി നാം രൂപപ്പെടുത്തുന്ന ചിത്രം നമ്മുടെ മുന്നിൽ വെളിപ്പെടുത്തുന്നത് പ്ലേഗു ബാധയുടെ വലിയ മഹാമാരികൾ വീശിയടിക്കുമ്പോഴും ഇസ്താംബൂളിലെ മോസ്ക്കുകളിൽ കബറടക്കങ്ങൾ നടന്നിരുന്നു എന്നാണ്; പ്രിയപ്പെട്ടവരുടെ മരണത്തിൽ അനുശോചിക്കുന്നവർ പരസ്പരം സന്ദർശിക്കുകയും കണ്ണീരോടെ പരസ്പരം ആശ്ലേഷിക്കുകയും ചെയ്തിരുന്നു എന്നാണ്. രോഗം ഉറവെടുത്തത് എവിടെയാണെന്നോ, എവിടെ നിന്നാണു വന്നതെന്നോ, എങ്ങനെയാണു പടർന്നു പിടിക്കുന്നതെന്നോ ഓർത്ത് അവർ വ്യാകുലപ്പെട്ടില്ല. ആളുകൾ കൂടുതൽ ഉത്ക്കണ്ഠപ്പെട്ടത് അടുത്ത ശവസംസ്കാരത്തിനു വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ടോ എന്നതിനെ പറ്റിയായിരുന്നു.

എങ്കിലും ഇപ്പോഴത്തെ കൊറോണ വൈറസ് മഹാമാരിയുടെ കാലത്ത് തുർക്കി സർക്കാർ കൈക്കൊണ്ടിരിക്കുന്നത് ഒരു സെക്യുലർ സമീപനമാണ്. കൊറോണ ബാധിച്ചു മരിച്ചവർക്ക് സാധാരണ പോലുള്ള ശവസംസ്കാരവും ചടങ്ങുകളും നിരോധിച്ചിരിക്കുന്നു. ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന എന്ന നിലയിൽ സാധാരണ ഗതിയിൽ വൻതോതിൽ ഭക്തർ തടിച്ചു കൂടാൻ ഇടയുള്ള വെള്ളിയാഴ്ച പ്രാർത്ഥനയുടെ സമയത്ത് മോസ്ക്കുകൾ അടച്ചിടാൻ സംശയങ്ങൾക്കിടയില്ലാത്ത വിധമുള്ള ഉത്തരവു പുറപ്പെടുവിച്ചു. തുർക്കി ജനത ഈ നടപടികളെ എതിർത്തില്ല. നമ്മുടെ ഭയം വലുതാണെന്നതു പോലെ തന്നെ, കാര്യങ്ങളെ സംയമന ബോധത്തോടെ സമീപിക്കാനുള്ള ബുദ്ധിയും വലിയതു തന്നെയാണ്.

ഈ മഹാമാരിക്കു ശേഷം ഉയർന്നു വരുന്ന ലോകം കുറേക്കൂടി മെച്ചപ്പെട്ടതായിരിക്കണമെങ്കിൽ, ഈ വർത്തമാന നിമിഷം ആവശ്യപ്പെടുന്ന വിനീതത്വത്തിന്റേയും ഐക്യദാർഢ്യത്തിന്റേയും
വൈകാരിക ഭാവങ്ങളെ നാം ആശ്ലേഷിക്കുകയും

പരിപോഷിപ്പിക്കുകയും ചെയ്തേ മതിയാവൂ.

(2006 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ തുർക്കി എഴുത്തുകാരനാണ് ഓർഹാൻ പാമുഖ്. 2020 ഏപ്രിൽ 23 ന് 'ദി ന്യൂ യോർക്ക് ടൈംസ്' ഓൺ ലൈനിൽ പ്രസിദ്ധീകിച്ച അദ്ദേഹത്തിന്റെ ലേഖനത്തിന്റെ വിവർത്തനമാണിത് )
പരിഭാഷ:-പി.കെ വേണുഗോപാലന്‍