TUCI :-മെയ് ദിന സന്ദേശം-ജനറല്‍ സെക്രട്ടറി-ചാള്‍സ് ജോര്‍ജ്ജ്



"കൊറോണ വ്യാപനം തടയുക;

തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വ ദേശീയത ഉയര്‍ത്തിപ്പിടിക്കുക."

                              മെയ്ദിന സന്ദേശം

ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്

ട്രേഡ് യൂണിയന്‍ സെന്‍റര്‍ ഓഫ് ഇന്ത്യയുടെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകവും ചരിത്രവും സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരവും വിനാശകരവുമായ കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് രണ്ടുലക്ഷത്തോളം പേരുടെ ജീവന്‍ ഇതെഴുതുമ്പോള്‍ അപഹരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം ജീവിതത്തെതന്നെ പണയപ്പെടുത്തി ഈ മഹാമാരിയോട് പൊരുതുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരേയും, ശുചീകരണ തൊഴിലാളികളെയും, സുരക്ഷാ പ്രവര്‍ത്തകരേയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. പൊതുജന ആരോഗ്യമേഖലകളെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുകയും, എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളേയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടികളുടെ പ്രതിഫലനം കൂടിയാണ് കൊറോണ വ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ നിര്‍ണ്ണയിക്കുകയും ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഏറ്റവും വലിയ പ്രായോജകരും ലോകത്തെ ഏറ്റവും വികസിതമായ രാഷ്ട്രമാണ് തങ്ങളുടേതെന്ന് അഭിമാനിക്കുകയും ചെയ്യുന്ന അമേരിക്കയിലാണ് മരണവും രോഗവ്യാപനവും ഏറ്റവും കൂടുതലെന്നത് ശ്രദ്ധേയമാണ്. ചൈനീസ് വൈറസ് എന്ന് കുറ്റപ്പെടുത്തിയും സ്വന്തം രാജ്യത്തെ ഗവര്‍ണര്‍മാരുടേതാണ് കുറ്റം എന്നു പറയുകയും രോഗവ്യാപനത്തെ തടയാന്‍ ചൈന സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച ലോകാരോഗ്യസംഘടനയ്ക്കുള്ള വിഹിതം ഈ നിര്‍ണ്ണായകഘട്ടത്തില്‍ വെട്ടിക്കുറക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അപഹാസ്യനായിരിക്കുകയാണ്. ലോകമൊട്ടാകെ രോഗത്തോട് പോരാടുമ്പോഴും രോഗ വ്യാപനം കൂടുതലുള്ള ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേലുള്ള ഉപരോധം അവര്‍ തുടരുകയുമാണ്. സാമ്രാജ്യത്വം ലോകജനതയുടെ ശത്രുവാണെന്നും ലോകജനതയ്ക്ക് ഗുണകരമായ യാതൊന്നും ചെയ്യാനവയ്ക്കാവില്ലെന്നും സോഷ്യലിസം മാത്രമാണ് ഏക പോംവഴിയുമെന്ന് ജനതയും രാജ്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കും, ഭീഷണിക്കും ഇടയില്‍ ജീവിക്കുന്ന ക്യൂബ, 14 രാഷ്ട്രങ്ങളിലേക്ക് ഡോക്ടര്‍മാരേയും മരുന്നുകളും എത്തിക്കുന്നതും ഈ ദിശയിലെ മാതൃകാപരമായ പ്രവര്‍ത്തനമാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ മൂന്നാമത്തെ പൊതുകുഴപ്പത്തിനും, സാമ്പത്തിക മാന്ദ്യത്തിനും ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ്-19 വന്നു ഭവിച്ചിരിക്കുന്നത്. മുതലാളിത്തത്തിനു സഹജമായ ചാക്രിക കുഴപ്പവും പുനഃസംഘാടനവും എന്ന നിലവിട്ട് നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. ലോകത്തെ മൊത്ത വരുമാന സൂചിക ഇന്നുള്ള നാലുശതമാന വര്‍ധനയില്‍ നിന്നും താഴ്ന്ന് മൈനസ് മൂന്നുശതമാനം വരെയാകുമെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ജപ്പാന്‍റെയും ജര്‍മ്മനിയുടേയും പ്രതിവര്‍ഷ വരുമാനത്തിന്‍റെ ആകെ തുക വരുന്ന 9 ട്രില്യണ്‍ ഡോളറിന്‍റെ നഷ്ടം കോവിഡിനെ തുടര്‍ന്നുണ്ടാകുമെന്നും അവര്‍ പറയുന്നു. തൊഴിലില്ലായ്മയും, തൊഴിലവകാശ നിഷേധവും, കുടിയേറ്റ, അഭയാര്‍ത്ഥി തൊഴിലാളികളുടെ കുടിയിറക്കും ഒരുമിച്ചു സംഭവിക്കുന്ന ഈ സാഹചര്യത്തെ യൂറോപ്പിലെയും അമേരിക്കയിലേയും ട്രേഡ് യൂണിയന്‍ സംഘടനകള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. പുരോഗമനപരമായ ഒരു കാഴ്ചപ്പാടോടെ ഈ സാഹചര്യത്തെ വിലയിരുത്തി മുന്നോട്ടുപോകണമെന്ന് പോരാടുന്ന സംഘടനയായ ലോക തൊഴിലാളി പ്രസ്ഥാനം (ണഎഠഡ) വും ആഹ്വാനം ചെയ്തിട്ടുണ്ട്.

നമ്മുടെ രാജ്യത്താകട്ടെ കോവിഡ്-19ന്‍റെ വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 24ന് ആരംഭിച്ച അടച്ചിടല്‍ ഏപ്രില്‍ 14 വരെ ഒന്നാം ഘട്ടമായും തുടര്‍ന്ന് മെയ് 3 വരെ രണ്ടാം ഘട്ടമായും തുടരുകയാണ്. തെലുങ്കാനയടക്കമുള്ള ചില സംസ്ഥാനങ്ങള്‍ മെയ് 9 വരെയായി അത് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മുംബൈയിലെ ധാരാവിയടക്കമുള്ള ചേരികളിലും, ഇന്‍ഡോറിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടല്‍ ഒരുമാസം കൂടി നീട്ടേണ്ടതായി വന്നേക്കാം എന്നും ചില പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

സമ്പദ്ഘടനയില്‍ പ്രതിദിനം 32,000 കോടിരൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന്

ഇതിനകം തന്നെ അത് 8.5 ലക്ഷം കോടി രൂപയായി എന്നും ചില ധനകാര്യ വിശകലന സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വ്യവസായ ശാലകളുടെ ഉല്പാദനത്തില്‍ 53%

ഇടിവുണ്ടായിക്കഴിഞ്ഞിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍റസ്ട്രി രണ്ട്ലക്ഷം കോടി രൂപയെങ്കിലും അടിയന്തിര രക്ഷാപാക്കേജായി അനുവദിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ സംഘടിത-അസംഘടിത മേഖലകളിലായി തൊഴിലെടുക്കുന്ന 48.76 കോടി തൊഴിലാളികള്‍ ഒന്നൊഴിയാതെ ദുരിതത്തിലാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രം ശമ്പളത്തോടുകൂടിയ അവധി ഏപ്രില്‍ 30 വരെ നല്‍കണമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നു. സംഘടിത വ്യവസായ സ്ഥാപനങ്ങളിലെയും സ്ഥിരം തൊഴിലാളികള്‍ക്കും കോണ്‍ട്രാക്ട്, കാഷ്വല്‍, ബദലി വിഭാഗങ്ങള്‍ക്കും പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് നല്‍കണമെന്ന് ടി.യു.സി.ഐ. കേന്ദ്ര തൊഴില്‍ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസംഘടിത മേഖലയിലെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ചുരുങ്ങിയത് പ്രതിമാസം 5000 രൂപവീതം മൂന്നുമാസത്തേക്ക് നല്‍കണമെന്നും കുടിയേറ്റ തൊഴിലാളികള്‍ക്കും ഗ്രാമീണ തൊഴിലുറപ്പു വിഭാഗത്തിനും ഇത് ലഭ്യമാക്കണമെന്നും ടി.യു.സി.ഐ.യുടെ ഡിമാന്‍റ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിളഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ കൊയ്തെടുത്ത് സംഭരിക്കണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ആവശ്യമായതിന്‍റെ ഇരട്ടി സംഭരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കു വിതരണം ചെയ്യണമെന്നും ടി.യു.സി.ഐ. ആവശ്യപ്പെടുന്നു.

ലോക്ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയിലെ 14 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികള്‍ ദുരിതക്കയത്തില്‍ നീന്തുകയാണ്. തൊഴില്‍ നഷ്ടപ്പെടുകയും, വാടക വീടുകളില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ഇവരുടെ തലസ്ഥാന നഗരിയില്‍ നിന്നുള്ള കൂട്ടപ്പാലായനം വാര്‍ത്തയായി. സൂററ്റില്‍ അവരെ മൃഗീയമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ബറേലിയില്‍ രാസവസ്തു തളിച്ച് അവരെ ഡിസിന്‍ഫെസ്റ്റ് ചെയ്തു. ഈ പ്രാകൃത നടപടികള്‍ വാര്‍ത്തയായതോടെ 21,000 ക്യാമ്പുകള്‍ അവര്‍ക്കായി തുറക്കാനും അതില്‍ 6,60,880 പേരെ മാത്രം പാര്‍പ്പിക്കാനും ധാരണയായി. ഇപ്പോള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളുമായി ഇവരില്‍ 75 ലക്ഷം പേര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. ഈ രംഗത്തെ ഇരുപതിലൊരാള്‍ക്കുപോലും ഇപ്പോഴും ഈ ആനുകൂല്യം ലഭിക്കുന്നില്ല.

ഇന്ത്യയിലെ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്കാണെന്നാണ് ഐ.എല്‍.ഒ. റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിലെ 90 ശതമാനം വരുന്ന അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷത്തിനും എപ്പോള്‍വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെടാവുന്ന സാഹചര്യമാണുള്ളതെന്ന് ഐ.എല്‍.ഒ. ഡയറക്ടര്‍ ജനറല്‍ ഗൈറൈഡര്‍ പറയുന്നു. 1952-ലെ ഐ.എല്‍.ഒ. കണ്‍വെന്‍ഷന്‍ 102 പ്രകാരമുള്ള സാമൂഹ്യ സുരക്ഷാ നടപടികളും, ആരോഗ്യതൊഴില്‍ സംരക്ഷണ നടപടികളും ഇത്തരം ഘട്ടത്തില്‍ എടുക്കണമെന്നും അംഗരാജ്യങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ 'അടിയന്തിര സാഹചര്യത്തിലെ അടിയന്തിര നടപടി' എന്ന നിലയില്‍ 1948-ലെ ഫാക്ടറി ആക്ട് ഭേദഗതി ചെയ്തുകൊണ്ട് തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കാനും പ്രതിവാര തൊഴില്‍ സമയം 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറാക്കാനും തീരുമാനിക്കുകയാണ്. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിലെയും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലേയും തുക വകമാറ്റാനും നീക്കം നടത്തുകയുമാണ്. തൊഴില്‍, വരുമാന നഷ്ടത്തിന്‍റെ സമീപഭാവിയില്‍ ഇത് ഏറ്റവും ഗുരുതരമായ പ്രത്യാഘാതമാണുണ്ടാക്കുക. ഒരു വര്‍ഷത്തേക്ക് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള

അവകാശം നിഷേധിക്കണമെന്ന് ഗുജറാത്ത് ചേമ്പര്‍ ഓഫ് കൊമേഴ്സ് (ഏഇഇക) ഈ തക്കം നോക്കി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയുമാണ്. ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പാണിത്. ജോബ്ലെസ് വളര്‍ച്ചയുടെ കൊറോണ പൂര്‍വ്വകാലത്തുനിന്നും ജോബ് ലോസ് വിളര്‍ച്ചയുടെ കൊറോണാനന്തരകാലത്തേക്ക് നാം പ്രവേശിക്കുകയാണ്.

തികച്ചും വന്യവും, സങ്കുചിതവും അങ്ങേയറ്റം വൈകാരികവുമായ ദേശീയ വികാരം മാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നും കുത്തകകളുടെ സഹായത്തോടെയുമാണ് പൊതു തെരഞ്ഞെടുപ്പിലൂടെ രണ്ടാംവട്ടവും മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. അതിനുശേഷം കഴിഞ്ഞ ജൂലൈയില്‍ തന്‍റെ ഒന്നാം ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ച് വര്‍ഷംകൊണ്ട് 5 ട്രില്യണ്‍ ഡോളര്‍ പ്രതിശീര്‍ഷവരുമാനമുള്ളതാക്കി മാറ്റും എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ രണ്ടുമാസത്തിനകം 5 രൂപയ്ക്ക് വില്‍ക്കുന്ന പാര്‍ലെ ബിസ്ക്കറ്റ് കമ്പനിപോലും അടച്ചുപൂട്ടി. കഴിഞ്ഞ 77 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് ഇന്ത്യ കടന്നിരിക്കുന്നുവെന്ന് പറഞ്ഞത് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും രാജ്യം നേരിടുകയാണ്. കാര്‍ഷിക വളര്‍ച്ച പൂജ്യത്തില്‍ താഴെയാവുകയും, നിര്‍മ്മാണ മേഖല 12% കണ്ട് ഇടിയുകയും ഉപഭോഗ വിപണി 7.3% ത്തില്‍ നിന്നും 3.1% മായി കുറയുകയും ചെയ്തു. കയറ്റുമതിയില്‍ 2018 ല്‍ത്തന്നെ 9.7% ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. ഇങ്ങനെ കാര്‍ഷിക, വ്യവസായ, സേവന മേഖലകളൊക്കെ തകരുമ്പോഴും ദേശീയ വരുമാനത്തിന്‍റെ സിംഹഭാഗവും തട്ടിയെടുക്കാന്‍, പരാന്നഭോജികളായ കോര്‍പ്പറേറ്റ് വര്‍ഗ്ഗത്തിന് ഭരണകൂടവുമായുള്ള ചങ്ങാത്തത്തിലൂടെ കഴിയുകയായിരുന്നു. മന്‍മോഹന്‍സിംഗിന്‍റെ ഭരണം അവസാനിച്ച 2014-ല്‍ ഏറ്റവും മുകള്‍തട്ടിലുള്ള ഒരു ശതമാനം രാജ്യത്തുല്പാദിപ്പിക്കുന്ന സമ്പത്തിന്‍റെ 45% ആണ് കൈവശപ്പെടുത്തിയിരുന്നതെങ്കില്‍ മോദി ഭരണകാലത്ത് അത് 80% ആയി ഉയര്‍ന്നു. അംബാനിയും അദാനിയും ഈ ചങ്ങാത്തമുതലാളിത്തത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളുമാണ്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഉല്പാദനത്തില്‍ തൊഴിലാളിയുടെ വിഹിതം 35% ആയിരുന്നത് ഇപ്പോള്‍ കേവലം 9% മാത്രമായി ഇടിഞ്ഞത് ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

കഴിഞ്ഞ ആറുവര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണ, വര്‍ഗ്ഗീയ ഫാസിസ്റ്റ് നടപടികളിലൂടെ രാജ്യത്തിന്‍റെ അസ്ഥിവാരം തന്നെ ഇളക്കിമാറ്റപ്പെടുകയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ തുച്ഛവിലയ്ക്ക് സ്വകാര്യകുത്തകള്‍ക്ക് കൈമാറുകയാണ്. ബാങ്കുകളുടെ സംയോജനത്തിലൂടെ നാട്ടിന്‍പുറത്തുള്ള ബഹുഭൂരിപക്ഷം ശാഖകളും അടച്ചുപൂട്ടപ്പെടുകയാണ്. പെട്രോളിയം, ധാതു, ഖനിജ മേഖലകളിലും, രാജ്യരക്ഷാ മേഖലയില്‍പ്പോലും സ്വകാര്യവല്‍ക്കരണം വ്യാപകമായിരിക്കുന്നു. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഭരണഘടനയെത്തന്നെ അട്ടിമറിച്ച് കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി അതിനെ മാറ്റി. ഇന്‍റര്‍നെറ്റ് സൗകര്യംപോലും നിഷേധിക്കപ്പെട്ട കാശ്മീരികളുടെ 200 ദിവസത്തെ ജീവിതം എന്ത് എന്ന് കോവിഡ്-19 അനുഭവത്തിലൂടെ

കടന്നുപോന്ന നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മതേതര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ പൗരത്വ നിയമം പാസ്സാക്കുകയും അതിനെതിരായി രാജ്യമെമ്പാടും വിദ്യാര്‍ത്ഥികളുടേയും, മതേതര ശക്തികളുടേയും യോജിച്ച പ്രക്ഷോഭം വളര്‍ന്നുവരികയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് കോവിഡ്-19 കടന്നുവന്നിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പങ്കാളികളായ ജനുവരി 8, 9 ദേശീയ പൊതുപണിമുടക്കിനെത്തുടര്‍ന്ന് തൊഴിലാളി കര്‍ഷക ഐക്യം ഊട്ടിഉറപ്പിക്കപ്പെടുന്ന സാഹചര്യവും ഉരുത്തിരിഞ്ഞുവന്നിരിക്കുകയാണ്. ഈ ഐക്യം ശക്തിപ്പെടുത്തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആണ്ടിറങ്ങുകയും അതോടൊപ്പം വരാനിരിക്കുന്ന ഇരുണ്ട സാമ്പത്തിക കുഴപ്പത്തെ മറികടക്കാനുള്ളപോലെ തൊഴിലാളി പോരാട്ടത്തിനു തയ്യാറെടുക്കുകയും ചെയ്യുക എന്നതാണ് 1886-ലെ മഹത്തായ ചിക്കാഗോ പോരാട്ടവും രക്തസാക്ഷിത്വവും ഇന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ആഗോളവല്‍ക്കരണ നയങ്ങളും വര്‍ഗ്ഗീയ ഫാസിസവും ഇഴചേര്‍ന്നുനില്‍ക്കുന്ന ഈ ദുരന്തകാലത്ത്, ഈ മെയ്ദിനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നാം ആവശ്യപ്പെടുന്നു.

പൊതുജനാരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുക. ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണം തടയുക.

സുരക്ഷിതവും സൗജന്യവുമായ ആരോഗ്യപരിപാലനം ഉറപ്പുവരുത്തുക.

 പിരിച്ചുവിടലുകളും, ലോക്കൗട്ടുകളും തടയുക.

സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഉറപ്പുവരുത്തുക.

സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലേയും മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയും സേവന, വേതന ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക.

 പെട്രോളിയം, ഖനിജ, ധാതു മേഖലകളേയും പ്രതിരോധ മേഖലകളേയും ദേശസാല്‍ക്കരിക്കുക.

സ്വകാര്യവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക.

തൊഴില്‍ നിയമഭേദഗതി നീക്കം ഉപേക്ഷിക്കുക.

 പൗരത്വ നിയമം പിന്‍വലിക്കുക.

മെയ്ദിന മുദ്രാവാക്യം

കൊറോണ വ്യാപനത്തിന്‍റെ കെടുതികളില്‍ നിന്നും തൊഴിലാളികളേയും ബഹുജനങ്ങളേയും സംരക്ഷിക്കുക.

ആഗോളവല്‍ക്കരണത്തേയും വര്‍ഗ്ഗീയ ഫാസിസത്തേയും ചെറുക്കുക.

മുതലാളിത്തത്തിനെതിരേ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കുക.

ലോകതൊഴിലാളി വര്‍ഗ്ഗം ഒന്നിക്കുക. ചുകപ്പന്‍ മെയ്ദിനം നീളാള്‍ വാഴട്ടെ.