P.C UNNICHEKKAN- പ്രസ്ഥാവന- മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുക .

സി.പി.ഐ(എം.എല്‍)റെഡ് ഫ്ലാഗ്
                                                   കേരള സംസ്ഥാന കമ്മിറ്റി
A/102,Sree Rangom Lane,Sasthamangalam P.O,THIRUVANANTHAPURAM,,PIN 695010
                                                                                                        തീയതി-6-3-2019
                                                                പ്രസ്ഥാവന


ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ നിരോധിച്ചതിൽ പ്രതിഷേധിക്കുക.

മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി  ശബ്ദമുയർത്തുക .


ദൽഹി വർഗ്ഗീയ കലാപത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ 'ഏഷ്യാനെറ്റ് ന്യൂസ്' ,'മീഡിയ വൺ' എന്നീ മലയാളം ന്യൂസ് ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വസ്തുതകളെ പുറത്തു കൊണ്ടുവരിക എന്ന പ്രാഥമികമായ മാധ്യമ ധർമ്മത്തെയാണ് കേന്ദ്ര സർക്കാർ ഈ നടപടിയിലൂടെ നിരോധിച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ ക്കാലത്ത് മാധ്യമങ്ങൾക്കു മേൽ ചുമത്തിയിരുന്ന സെൻസറിംഗിനേക്കാൾ ക്രൂരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണിത്.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ദൽഹിയിലെ ജനങ്ങൾക്കെതിരെ സംഘപരിവാൻ ശക്തികൾ മനഃപൂർവ്വം കെട്ടഴിച്ചുവിട്ട അതിക്രമങ്ങളാണ് വടക്കുകിഴക്കൻ ദൽഹിയിൽ അമ്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കലാപമായി പടർന്നത്. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്ക് ഈ കലാപവും അതിക്രമങ്ങളും കെട്ടഴിച്ചുവിട്ടതിലുള്ള പങ്ക് സ്വതന്ത്രമായി ഇതേപ്പറ്റി അന്വേഷിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അർത്ഥശങ്കക്കിടയില്ലാതെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സത്യസന്ധമായ വാർത്തകൾ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് ഇപ്പോൾ 'ഏഷ്യാനെറ്റ് ന്യൂസ്', 'മീഡിയ വൺ' എന്നീ ചാനലുകൾക്ക് നിരോധനം നേരിടേണ്ടി വന്നിരിക്കുന്നത്.

സത്യം പുറത്തു വരുന്നതിനെ ഭരണകൂട അധികാരം ഉപയോഗിച്ച് തടയുന്ന മോദി സർക്കാറിന്റെ ഈ നടപടി നഗ്നമായ ഫാസിസമല്ലാതെ മറ്റൊന്നുമല്ല. ദൽഹി കലാപത്തേയും അതിക്രമങ്ങളേയും സംബന്ധിച്ച് തങ്ങൾക്കു ഹിതകരമായ വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന മുന്നറിയിപ്പ് എല്ലാ മാധ്യമങ്ങൾക്കും നൽകുകയാണ് ഈ നിരോധനത്തിലൂടെ മോദി സർക്കാർ ചെയ്യുന്നത്. തങ്ങളുടെ ആജ്ഞാനുവർത്തികൾ മാത്രമായ പോലീസിനെ നിശ്ശബ്ദ സാക്ഷികളോ സഹകാരികളോ ആക്കി മാറ്റി നിർത്തിക്കൊണ്ട് CAA ക്കെതിരെ സമരം ചെയ്യുന്നവർക്കും ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർക്കും നേരെ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു എന്ന സത്യം നിരോധിക്കപ്പെട്ട വാർത്താ മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2002 ൽ ഗുജറാത്തിൽ നടന്നത് ഇതേ തരം അക്രമങ്ങളും കൂട്ടക്കൊലകളുമായിരുന്നു. അടുത്തയിടെ ജെ.എൻ.യുവിലും ഇത്തരം കടന്നാക്രമണം തന്നെയാണ് ഭരണ കക്ഷിക്കാരും അവരുടെ വിവിധ സംഘടനക്കാരും ചെയ്തത്.

സത്യം പുറത്തു കൊണ്ടുവരിക എന്ന പ്രാഥമിക മാധ്യമ ധർമ്മം വിട്ടുവീഴ്ച കൂടാതെ പാലിക്കാൻ ധീരമായ നിലപാടെടുത്ത എല്ലാ മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടും ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങളെ നിരോധനത്തിലൂടെ നിശ്ശബ്ദരാക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികളും രംഗത്തു വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്കു വിലക്കേർപ്പെടുത്തിയ ഭരണഘടനാവിരുദ്ധവും ഭീരുത്വം നിറഞ്ഞതുമായ നടപടികൾ പിൻവലിക്കണമെന്ന് ഞങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. 


                                                                                                പി.സി. ഉണ്ണിച്ചെക്കൻ
                                                                                                സംസ്ഥാന സെക്രട്ടറി,


Comments