Rajeeve:-കേന്ദ്ര സാമ്പത്തിക സർവ്വേ റിപ്പോർട്ട് -വ്യക്തമായ സോഷ്യലിസ്റ്റ് വിരുദ്ധ പ്രഖ്യാപനം


                                 യൂണിയൻ ബഡ്ജറ്റിന്റെ ആമുഖമെന്ന് പറയാവുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് വ്യക്തമായ സോഷ്യലിസ്റ്റ് വിരുദ്ധ പ്രഖ്യാപനമായിരുന്നു. ഇൻഡ്യയുടെ ഭൂതകാലം ധനസ്രഷ്ടാക്കളുടേതായിരുന്നുവെന്നും ആ പാരമ്പര്യത്തെ നിഷേധിച്ച സ്വാതന്ത്ര്യാനന്തര കാലം സോഷ്യലിസവുമായി വഴി പിഴച്ച ശൃഗാരത്തിലായിരുന്നുവെന്നും ആ ' ആഭിമുഖ്യം ഇൻഡ്യയുടെ അഭിമാനമായിരുന്ന കമ്പോള സമ്പദ്ഘടനയെ തകർത്തുവെന്നും സർവ്വേ റിപ്പോര്ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യം ധനം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അതിനു ശേഷം താഴേക്ക് വിതരണം ചെയ്യാമെന്നും പ്രഖ്യാപിക്കുന്നു. അതായത് മുതലാളിയുടെ ദയാദാക്ഷിണ്യം --ധനസൃഷ്ടിയുടെ പിന്നിലെ അദൃശ്യകരങ്ങളെ അംഗീകരിക്കണമെന്നും അവർക്ക് അനുകൂലമായ കച്ചവട ലാഭ അന്തരീക്ഷം ഒരുക്കുക മാത്രമാണ് സർക്കാരിന്റെ കടമയെന്നും സൂചിപ്പിക്കുന്നു. അതിനായി കൗടില്യന്റ അർത്ഥശാസ്ത്രവും, തിരുക്കുറളും നിരവധി തവണ ആവർത്തിക്കുന്നു ഭൂതകാല ഇൻഡ്യയിലെ ക്ഷേത്ര ബാങ്കുകളും, കച്ചവട സംഘങ്ങളും ഇൻഡ്യയെ ലോകത്തിലെ മുൻനിരയിൽ എത്തിച്ചുവെന്നും അതിനു സമാനമായി വർത്തമാനകാല കോർപ്പറേറ്റുകളെ അംഗീകരിക്കണമെന്നും സർവ്വേ സൂചിപ്പിക്കുന്നു.തൊണ്ണൂറുകൾ മുതൽ ഇൻഡ്യ സോഷ്യലിസ്റ്റ് സങ്കൽപത്തോടു വിടപറഞ്ഞുവെന്നും അതിന്റെ ഫലമായി വൻമുന്നേറ്റം ഉണ്ടായെന്നും അവകാശപ്പെടുന്നു പൊതു മേഖലകൾ ബാങ്കുകൾ അടക്കം സ്വകാര്യവൽക്കരിക്കുന്നതിലൂടെ ഇൻഡ്യയുടെ ധനസ്രഷ്ടാക്കളുടെ കച്ചവട പാരമ്പര്യം തിരിച്ചു പിടിക്കുകയാണു പോലും.സർക്കാർ എല്ലാ മേഖലയിൽ നിന്നും പിൻമാറി കമ്പോള ശക്തികളുടെ വളർച്ചയ്ക്ക് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നും സർവ്വേ നയപ്രഖ്യാപനം നടത്തി.അതോടൊപ്പം ധനസ്രഷ്ടാക്കൾ ( മുതലാളി കോർപ്പറേറ്റ് ശക്തികൾ ) കൗടില്യ ശാസത്ര ധാർമികത പുലർത്തണമെന്നും ഉപദേശിക്കുന്നു. 

                                 ഈ സർവ്വേ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണ്. നിയോലിബറൽ നയങ്ങളുടെ തുടർച്ചയ്ക്കായുള്ള ന്യായികരണമാണ്. ഒപ്പം ഇൻഡ്യയുടെ ചരിത്രത്തെ കൗടില്യ വൽക്കരിച്ച് കാവി വൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.സമത്വം അവകാശമാകുന്ന സമ്പത്തിന്റെ യഥാർത്ഥ സ്രഷ്ടാവ് തൊഴിലാളിയാകുന്ന സോഷ്യലിസ്റ്റ് ആധുനിക ജനാധിപത്യ സങ്കൽപത്തെ ബോധപൂർവ്വം തമസ്ക്കരിക്കലാണ്.പൊതുമേഖലകളെ സോഷ്യലിസ്റ്റ് അടയാളമായി അവർ ഭയപ്പെടുന്നു.' ബഡ്ജറ്റ് ആ ലക്ഷ്യത്തിന്റെ പ്രഖ്യാപനം തന്നെയായി മാറി. സോഷ്യലിസ്റ്റ് ശക്തികളുടെ ബദൽ പരിപാടിയിൽ അധിഷ്ഠിതമായ ഐക്യം അനിവാര്യമാവുകയാണ്.
                                           -- രാജീവ് പുരുഷോത്തമന്‍